Thursday, July 24, 2008

സൂചിക്കുഴയും ഒട്ടകവും...


തലക്കെട്ടു തന്നെ മതിയല്ലോ അല്ലേ? ഞാനിനി കൂടുതല്‍ എഴുതണോ??

പരോപകാരമേ പുണ്യം...
പാപമേ പരപീഢനം ....

എന്നല്ലേ? ആവുന്നതും മറ്റുള്ളവരെ സഹായിക്കാന്‍ ഞാന്‍ എന്നാലാവുന്ന വിധം ശ്രമിക്കാറുണ്ട്. പലപ്പോഴും സഹായം ആവശ്യമുള്ളവരെ സ്വയം കണ്ടുപിടിച്ചു സഹായിക്കാന്‍ സാധിച്ചെന്നു് വരില്ല. എന്നാലും ആരെങ്കിലും എന്തെങ്കിലും ഹെല്പ് വേണമെന്നു് പറഞ്ഞാല്‍ ഞാന്‍ ഒരിക്കലും ഒഴിഞ്ഞു മാറിയിട്ടില്ല.

ഒരു സാധാരണക്കാരന്റെ മിനിമം കടമയാണു് അതെന്നും ഞാന്‍ വിശ്വസിക്കുന്നു.

എന്നാല്‍... ഇങ്ങനെയുള്ള എന്റെ ഈ വീക്ക്നെസ്സിനെ ചിലര്‍‌ ചൂഷണം ചെയ്യാന്‍ തുടങ്ങിയാലോ?

പി.എച്.ഡി, ജര്‍മ്മന്‍ പഠനം, വായനശാലയിലെ ജോലി, സമ്മര്‍‌സ്കൂളിലെ സഹായം, പിന്നെ എന്റെ പേഴ്സണല്‍ കാര്യങ്ങള്‍ ... ഇതെല്ലാം ഞാന്‍ തന്നെ ചെയ്യണ്ടേ? ഒരു വിധം തരക്കേടില്ലാതെ ചെയ്യുന്നുമുണ്ട് എന്നാണെന്റെ ധാരണ.

ഇതിന്റെ കൂടെ മറ്റൊരുവന്റെ വിഴുപ്പും കൂടെ ചുമക്കാന്‍ വയ്യ. എന്നാല്‍ ഒരു പരസ്പര ധാരണയില്‍, പരസ്പര സഹായത്തിലൊക്കെയാണെങ്കില്‍ പോട്ടെ എന്നു വെക്കാം. തൂമ്പയുടെ [കൈക്കോട്ട്] സ്വഭാവമാണെങ്കിലോ ഈ പറഞ്ഞ പുള്ളിക്കു്?

ഞാന്‍ മനുഷ്യബന്ധങ്ങളെ മെറ്റീരിയലൈസ് ചെയ്യാന്‍ ശ്രമിക്കുകയല്ല ... എന്നാലും, എന്നും എന്നെ ആശ്രയിക്കുക മാ‍ത്രം ചെയ്യുന്ന, സ്വന്തം കാര്യം പോലും വൃത്തിയായി ഒരിക്കലും ചെയ്യാത്ത ഒരാളെ ഞാന്  (ഞങ്ങള്‍ 2 പേര്‍‌) എത്രകാലം ചുമക്കും.

ഒരു മലയാളിയല്ലേ... നാട്ടുകാരനല്ലേ.. പാവമല്ലേ എന്നൊക്കെ കുറേ വിചാരിച്ചു. ഞാന്‍ എന്റെ ക്ഷമയുടെ നെല്ലിപ്പടിയോളം എത്തിയിരിക്കുന്നു. ചെറിയ ചെറിയ കാര്യങ്ങളില്‍ സഹായിച്ചതിന്റെ പ്രതിഫലമായിരിക്കണം... അവന്റെ എല്ലാക്കാര്യങ്ങളും ചെയ്തുകൊടുക്കാനുള്ള ക്വട്ടേഷന്‍ കിട്ടിയിരിക്കുന്നു. അതു തന്നെ സൂചിക്കുഴയും ഒട്ടകവും! :)

എന്റെ ജീവിതത്തില്‍ ഞാന്‍ ആരുമായും വഴക്കു കൂടിയിട്ടില്ല. പൊതുവേ സമാധാനപ്രിയനാണു്... എന്നാ‍ല്‍ ..... ഇതിപ്പോള്‍ എന്തെങ്കിലും സം‌ഭവിക്കും എന്ന അവസ്ഥയിലെത്തുന്നു.  എത്തിയിരിക്കുന്നു...

അമ്മൂമ്മ പറയാറുണ്ട് - “ഒരരിശത്തിന്നു് കിണറ്റില്‍ ചാടാം... എന്നാല്‍ പത്തരിശമുണ്ടാ‍യാലും കയറിപ്പോരാന്‍ പറ്റില്ല” എന്നു.

അതൊരൊറ്റക്കാരണത്താല്‍ ഞാന്‍ എല്ലാം ഒരു ബ്രേക്കിട്ട് നിര്‍ത്തിയിരിക്കുന്നു. എന്നെ ദേഷ്യം പിടിപ്പിക്കല്ലേ...  നനഞ്ഞിറങ്ങിയാല്‍ പിന്നെ ഞാന്‍ ശരിക്കും കുളം തോണ്ടിയിട്ടേ കയറി വരൂ... ;)

അല്ല.. ഈ ദേഷ്യം മുഴുവന്‍ ഇവിടെ എഴുതിപ്പിടിപ്പിച്ചിട്ടെന്തു കാര്യം? അവനോടല്ലേ സൂചിപ്പിക്കേണ്ടതു്?

ഒരായിരം പ്രാവശ്യം സൂചിപ്പിച്ചതാണു്... മനസ്സിലാവില്ലെന്നു വെച്ചാല്‍‌?

എന്തായാലും കുറേയൊക്കെ നിങ്ങളോടു പറഞ്ഞു് കഴിഞ്ഞപ്പോള്‍ എനിക്കും ഒരിത്തിരി സമാധാനം.

പിന്നെ ഇങ്ങനത്തെ കുറേ കൊച്ചുകൊച്ചു പ്രശ്നങ്ങളല്ലേ ജീവിതത്തിന്റെ ഒരു ബ്യൂട്ടി? അല്ലേ? :) ഇങ്ങനെയൊക്കെയല്ലേ ഈ ലോകം നമ്മളെ നാളേക്കു് വേണ്ടി ഒരുക്കുന്നതു്? :)

സ്നേഹാദരങ്ങളോടെ,
കരിങ്കല്ല്.

15 comments:

Sands | കരിങ്കല്ല് said...

അതൊരൊറ്റക്കാരണത്താല്‍ ഞാന്‍ എല്ലാം ഒരു ബ്രേക്കിട്ട് നിര്‍ത്തിയിരിക്കുന്നു. എന്നെ ദേഷ്യം പിടിപ്പിക്കല്ലേ... നനഞ്ഞിറങ്ങിയാല്‍ പിന്നെ ഞാന്‍ ശരിക്കും കുളം തോണ്ടിയിട്ടേ കയറി വരൂ... ;)

ശ്രീ said...

ഇത്തരം ഏതു പ്രശ്നങ്ങളെയും ഒരു വെല്ലുവിളി ആയെടുക്കൂ സന്ദീപേ... ആ മാന്യദേഹത്തോട് വേണ്ട പോലെ കാര്യമായി (ചീത്ത പറയാനല്ല) ഒന്നു സംസാരിയ്ക്കൂ. പറയേണ്ട രീതിയില്‍ പറഞ്ഞാല്‍ ഒരുമാതിരിപ്പെട്ടവനൊക്കെ (സ്വബോധമുള്ളവരെ ആണ് ഉദ്ദേശ്ശിച്ചത്) മനസ്സിലാകുമെന്നേ...

“ആവുന്നതും മറ്റുള്ളവരെ സഹായിക്കാന്‍ ഞാന്‍ എന്നാലാവുന്ന വിധം ശ്രമിക്കാറുണ്ട്.”

ഈ മനസ്സിന് അഭിനന്ദനങ്ങള്‍...
:)

Rare Rose said...

സൂചിക്കുഴയിലൂടെ ഒട്ടകത്തെ കേറ്റിക്കളിക്കുന്ന ആ വിദ്വാന്‍ മലയാളിയാണല്ലേ.....വെറുതെയല്ല...:)
ഇത്രേം സഹായിച്ചിട്ടും തട്ടിക്കേറാതെ സംയമനം പാലിച്ചു നില്‍ക്കുന്ന കരിങ്കല്ലിന്റെ മനസ്സ് സമ്മതിക്കാതെ വയ്യ...ആ ഗുണം വിട്ടുകളയാതിരിക്കുക..പിന്നെ ആ ചങ്ങാതിയോട് ഒന്നു കൂടി കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കൂ.....

Anonymous said...

enthaayaalum njangalodithrayum paranjappol kurachu samadhanamaayi alle? Samadhanamaayeennu kettappol
njangalkkum samadhanamayitto!

കാന്താരിക്കുട്ടി said...

അല്ല കരിങ്കല്ലേ...ഈ കാര്യങ്ങള്‍ ഒക്കെ കൂട്ടുകാരനോട് സൌമ്യമായി ഒന്നു സംസാരിച്ചാല്‍ തീരാവുന്നതല്ലേ ഉള്ളൂ..കാര്യങ്ങള്‍ പറഞ്ഞു മനസ്സില്ലാക്കൂ.. ഉള്ള ബന്ധം കളയാന്‍ എളുപ്പമാ.. വായില്‍ നിന്നു വല്ലതും വീണാല്‍ തിരിച്ചെടുക്കാന്‍ പറ്റില്ലല്ലോ..

അമൃതാ വാര്യര്‍ said...

"താങ്കള്‍ പറഞ്ഞത്‌
സത്യമാണെങ്കില്‍...
ഇനിയങ്ങനെ ഒരാളുണ്ടെങ്കില്‍...
എനിക്ക്‌ ചെറിയൊരു
നിര്‍ദ്ദേശമുണ്ട്‌..മാഷേ...
കരിങ്കല്ല്‌ എന്ന
പേര്‌ മാറ്റാന്‍ സമയമായീന്നാ...
..നിക്ക്‌..തോന്നുന്നത്‌.:)"

Sands | കരിങ്കല്ല് said...

ശ്രീ...
പറയാതെ ആണോ?... എത്ര പ്രാവശ്യം പറഞ്ഞു...
നനഞ്ഞ് കിടക്കുന്ന മണ്ണല്ലേ ... നല്ല പോലെ കുഴിക്കുക തന്നെ.. !! :(

പനിനീര്‍പ്പൂവേ...
ഈ പോസ്റ്റ് എഴുതിയിട്ട് നേരെ പോയതു അവന്റെ അടുത്തേക്കാണു. ഇത്തിരി സംയമനത്തോടെ സംസാരിക്കാന്... സംസാരിച്ചു... (കണ്ടറിയാം )

അനോണീ...
:)

കാന്താരിച്ചേച്ചീ..
ചേച്ചി പറയുന്നതു കാര്യം ! അതു കൊണ്ടാണു ഞാന്‍ ഒന്നും ചെയ്യാത്തതും . വേറെ ഒരു കൂട്ടുകാരന്‍ കോലോടിച്ചു കഴിഞ്ഞു.. ഇനി ഞാനും കൂടി ചെയ്താല്‍ മോശമല്ലേ...

അമൃത...
കരിങ്കല്ലായതു കൊണ്ടാണിപ്പോഴും പിടിച്ചുനില്ക്കുന്നതു. ഈ പരിപാടി തുടങ്ങിയിട്ടു കുറച്ചു നാളായി.. മറ്റുള്ളവര്‍ ഒക്കെ ഉപേക്ഷിച്ചു പോയി. ഇനി ഞാന്‍ മാത്രമേ ഉള്ളൂ.. തളരാതെ... :( ;)

ശിവ said...

ഇതൊക്കെ ആ കൂട്ടുകാരനോട് സൌമ്യമായി പറഞ്ഞ് മനസ്സിലാക്കി അയാളെ നല്ലൊരു മനുഷ്യനാക്കാന്‍ ശ്രമിക്കാതെ ഇവിടെ ഇങ്ങനെ വിളിച്ചു കൂവിയിട്ട് എന്താ കാര്യം...

വലതു കൈ കൊണ്ടു കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്നല്ലേ പ്രമാണം...

ആരും ആരെയും ഒരുനാളും മനസ്സിലാക്കില്ല...

സസ്നേഹം,

ശിവ.

മലമൂട്ടില്‍ മത്തായി said...

ചാഞ്ഞു കിടക്കുന്ന തെങ്ങിലെ ഓടി കയറാന്‍ പറ്റൂ. നല്ലവണ്ണം ചാഞ്ഞാല്‍ നിരപ്പാക്കി തരും.

Sands | കരിങ്കല്ല് said...

ശിവ:
ആരും ആരെയും ഒരുനാളും മനസ്സിലാക്കില്ല... -- ശിവ എന്നെയും മനസ്സിലാക്കിയില്ല! :(

മത്തായിച്ചന്‍:
സത്യം ... ശരിക്കും സത്യം ... :)

വാല്‍മീകി said...

പിന്നെ ഇങ്ങനത്തെ കുറേ കൊച്ചുകൊച്ചു പ്രശ്നങ്ങളല്ലേ ജീവിതത്തിന്റെ ഒരു ബ്യൂട്ടി? അല്ലേ? :) ഇങ്ങനെയൊക്കെയല്ലേ ഈ ലോകം നമ്മളെ നാളേക്കു് വേണ്ടി ഒരുക്കുന്നതു്? :)

ദേ, അതാണണ്ണാ സ്പിരിറ്റ്.

ശിവ said...

അങ്ങനെയാണേല്‍ സോറി Sands | കരിങ്കല്ല് ...റിയലി സോറി...

ഹരിപ്പാട്ടുകാരന്‍ said...

കരിംകല്ലെന്നു പേരു..എന്നിട്ടു പറയുന്നതിങ്ങനേയും‌..അതെങ്ങനെ ശരിയാകും?

smitha adharsh said...

ചിലരങ്ങനെയാ...എപ്പോഴും മറ്റുള്ളവരെ ബുദ്ധിമുട്ടിച്ചു കൊണ്ടേ ഇരിക്കും.....വേറെ ചിലര്ക്ക് ഇങ്ങനെ ബുദ്ധിമുട്ടണം എന്നാവും തലയില്‍ വര...!!!
എന്ത് ചെയ്യാനാ കുറച്ചു കൂടി ക്ഷമിച്ചു,സഹിച്ചു നല്ല കുട്ടിയായി ജീവിതത്തെ ബ്യൂട്ടി ആക്കി വയ്ക്കൂ....ഒന്നും പറ്റിയില്ലേല്‍ "കടന്നു പോടാ ചെക്കാ" (അല്ല,ഈ പറഞ്ഞതു മലയാളി ചെക്കന്‍ തന്നെയല്ലേ?പെണ്‍ വര്‍ഗം അല്ലല്ലോ..?) എന്നും പറഞ്ഞു തിരിഞ്ഞു നടക്കുക..ഓക്കേ..

Sands | കരിങ്കല്ല് said...

വാല്‍മീകി : ഡാങ്ക്സ്.. ;)

ശിവ : സോറിയൊന്നും വേണ്ടാട്ടോ

ഹരിപ്പാട്ടുകാരന്‍ : ഈ പേരിന്റെ കണ്ഫ്യൂഷനെക്കുറിച്ചൊരിക്കല്‍ ഞാന്‍ എഴുതാം

കിനവിന്റെ ചിറകുള്ള സ്മിതേ: ഇതു തന്നെയാ ഞാനും വിചാരിച്ചിരിക്കുന്നത്. {ആണ്‍ വര്ഗ്ഗം തന്നെ}