Wednesday, January 13, 2010

വിവാഹം കുളത്തിൽ


എന്റെ രണ്ടു സുഹൃത്തുക്കളുടെ വിവാഹബന്ധം എന്റെ കണ്മുന്നിൽ വെച്ച് തകർന്നു വീണുകൊണ്ടിരിക്കുന്നു. കണ്ടു നിൽക്കുന്ന എനിക്ക് വിഷമിക്കാൻ പോലുമാകുന്നില്ല.

വിവാഹം എന്നതു അതിഭയങ്കര പവിത്രമാവണമെന്നോ പതിറ്റാണ്ടുകളോളം നീണ്ടുനിൽക്കണം എന്നോ ഒന്നും ഞാൻ പറയുന്നില്ല. അതൊക്കെ വ്യക്തിപരമായ കാര്യങ്ങളല്ലേ?

എന്നിരുന്നാലും… എനിക്കു ഒന്നേയൊന്നു-കണ്ണേകണ്ണു് മതിയെന്നും, ആ ഒരേയൊരു പെൺകുട്ടി മാത്രം ജീവിതത്തിൽ 4-5 പതിട്ടാണ്ടുകളോളം സഖിയായിരുന്നാൽ മതിയെന്നും തോന്നുന്നു. തീർത്തും എന്റെ വ്യക്തിപരമായ കാര്യം. (4-5 പതിറ്റാണ്ടൊക്കെ എന്നെ സഹിക്കാൻ തയ്യാറാവുന്ന പെൺകുട്ടിയെ പൂവിട്ടു പൂജിക്കണം)

ഒരു ബ്രേയ്ക്കപ്പിന്റെ വേദന തന്നെ കടുപ്പം.. ഒരു ഡിവോഴ്സിന്റെ വേദനയൊന്നും താങ്ങാനുള്ള ആമ്പിയര്‍ എനിക്കില്ല. അതിന്റെ ആവശ്യവും ഇല്ല. നല്ല കെട്ടിയോന്‍ ആയി ഇരുന്നാല്‍ പോരേ? അതു ഞാന്‍ ചെയ്തോളാം! ;)

തിരിച്ചു ടോപിക്കിലേക്കു്.

തകർന്നു വീഴുന്ന ഒരു ബന്ധം നമ്മുടെ നാടൻ മലയാളികളുടേതാണു്  - കാരണമറിയണോ? സ്ത്രീധനത്തിൽ തുടങ്ങിയ അഭിപ്രായ വ്യത്യാസങ്ങൾ!

നിരക്ഷരകുക്ഷികളൊന്നുമല്ല... രണ്ടു പേരും ഇവിടെ വിദേശത്തു ഗവേഷകർ.

അവനെ വേണം ആദ്യം കുറ്റം പറയാൻ. അവന്റെ അച്ഛനമ്മമാരാണു് സ്ത്രീധനക്കാര്യത്തിന്റെ പ്രശ്നത്തിലെങ്കിൽ, ആണൊരുത്തനായി അവന്റെ ഭാര്യക്കു വേണ്ടി നിലകൊള്ളണ്ടേ അവൻ? അങ്ങനെയൊക്കെ ആണയിട്ടു കാണുമല്ലോ പള്ളിയിൽ – അവളെ പൊന്നു പോലെ നോക്കിക്കോളാം എന്നൊക്കെ. അതൊക്കെ കാറ്റത്തു പോയോ?

അവളും മോശക്കാരിയൊന്നുമല്ല. പ്രശ്നം തുടങ്ങിയ ഉടനേ പ്രതികാരദാഹിയായി മാറി അവൾ – അവനെ ആവുന്നതും ദേഷ്യം പിടിപ്പിക്കാൻ മനഃപൂർവ്വം ശ്രമിക്കാൻ തുടങ്ങി. സംസാരിച്ചൊരു പരിഹാരം കാണുന്നതല്ലേ ബുദ്ധി എന്നു ചോദിച്ച എന്നൊടു പറഞ്ഞു – “അവനെ ഒന്നു മെരുക്കിയെടുക്കണം.. ഒരു പാഠം പഠിപ്പിക്കട്ടെ” എന്നു്.

മൌനം തന്നെ ഭൂഷണം എന്നു മനസ്സിലായ ഒരു അവസരം… :)

തകര്‍ന്നു വീഴുന്ന മറ്റൊരു വിവാഹം യൂറോപ്യന്‍ ദമ്പതികളുടേതാണു്. ഒരു വര്‍ഷം മുമ്പ്, വിവാഹത്തിനു മുമ്പു അവള്‍ക്കു ഒരിത്തിരി സംശയം ഒക്കെ ഉണ്ടായതാണു്. അന്നു ഞാന്‍ പറഞ്ഞു … ഇത്ര പെട്ടെന്നു വേണ്ട…, നിങ്ങള്‍ രണ്ടു പേരും ഒരിത്തിരി കൂടി നന്നായി മനസ്സിലാക്കിയിട്ടു മതി എന്നു.

അവിടെയും പ്രശ്നം – രണ്ടു കൂട്ടരും ഒന്നു മനസ്സിലാക്കാനോ ഒന്നു താഴ്ന്നു കൊടുക്കാനോ തയാറല്ല.

ഈ രണ്ടു ബന്ധങ്ങളും നിയമപരമായി ഒഴിയാനുള്ള സമയം കൂടിയേ ആവശ്യമുള്ളൂ.. രണ്ടുകൂട്ടരും രണ്ടുവഴിക്കായിക്കഴിഞ്ഞു. :( … പിരിഞ്ഞു കഴിഞ്ഞു.

പരസ്പരം സ്നേഹിക്കാനും ഇത്തിരിയൊക്കെ മനസ്സിലാക്കി ജീവിക്കാനും ഇത്ര പാടാണോ? ചട്ടിയും കലവുമല്ലെ? തട്ടും മുട്ടുമൊക്കെ കാണും … ഒരിത്തിരിയൊക്കെ അഡ്ജസ്റ്റ് ചെയ്തൂടേ?

പറയുമ്പോള്‍ എല്ലാം പറയണമല്ലോ - “അവള്‍ വളരെ സില്ലി ആണു്” എന്നു ഒരു വിധം ആണുങ്ങളും പറയുന്നതായി കാണുന്നു. അത്ര സില്ലി കാര്യങ്ങളാണവള്‍ പറയുന്നതെങ്കില്‍ അതു മനസ്സിലാകാന്‍ അത്ര പാടൊന്നും കാണില്ലല്ലോ?

എന്റെ അഭിപ്രായത്തില്‍, അഡ്ജസ്റ്റ് ചെയ്യാന്‍ എളുപ്പം ആണുങ്ങള്‍ക്കാണു് – അവരാണു ഒട്ടും അഡ്ജസ്റ്റ് ചെയ്യാത്തതും… കൊച്ചു കൊച്ചു ആവശ്യങ്ങളേ പൊതുവേ പെണ്‍കുട്ടികള്‍ക്കുള്ളൂ… മാത്രവുമല്ല, പെണ്‍കുട്ടികളെ/പെണ്ണുങ്ങളെ ഹാപ്പിയാക്കാന്‍ എളുപ്പമല്ലേ? എന്തു തന്നെ വേണമെങ്കിലും ചെയ്യാന്‍ തയ്യാറായിരുന്നാല്‍ മതി (ചെയ്യണമെന്നില്ല).

ഉദാഹരണത്തിന്നു.. പാത്രം കഴുകാന്‍ സഹായിക്കണോ എന്നു ചോദിച്ചാല്‍ മതി, കഴുകണം എന്നില്ല. (എവിടുന്നൊക്കെയോ എനിക്ക് അടിവരുന്ന പോലെ തോന്നുന്നു.)

പുള്ളിക്കാരനു എന്റെ കാര്യത്തില്‍ ശ്രദ്ധയുണ്ട്.. മനസ്സില്‍ മുഴുവന്‍ ഞാനാണു് എന്നൊരു ഫീലിങ്ങ് കൊടുത്താല്‍ ഭാര്യമാര്‍ (ഗേള്‍ഫ്രണ്ട്സ്) ഒരു വലിയ അളവു് വരെ ഹാപ്പി.

പിന്നെ 100% സത്യസന്ധത – ഇതു തിര്‍ച്ചയായും വേണം - വിശ്വാസം അതല്ലേ എല്ലാം? :)

മുകളിലെ ഫീലിങ്ങ് കൊടുക്കലും, സത്യസന്ധതയും ചേരുമ്പോള്‍ മനസ്സിലായില്ലേ … സഹായിക്കണം എന്നുള്ള തോന്നലും, മനസ്സില്‍ അവള്‍ക്കു് സ്ഥാനം കൊടുക്കലും അഭിനയമായിരിക്കരുത് എന്നു – അവിടെയാണു കാര്യങ്ങള്‍ കുഴയുന്നതും.

ഇതൊക്കെ പറയാന്‍ ഞാനാരാ? അനുഭവസമ്പന്നനൊന്നും അല്ലല്ലോ … എന്നിരുന്നാലും പല അനുഭവസം`പന്നന്മാരും’ സം`പന്നകളും’ കാണിക്കുന്നതു കാണുമ്പോള്‍ പറയാതിരിക്കാന്‍ വയ്യ.

Getting a relationship going well takes hard work. But it pays off. And if you are not willing to put the effort, why invite the other person to trouble?

I don’t know, … may be I am just stupid, without any inkling about reality. But don’t think I am ignorant.

One doesn’t have to hang on to a relationship which won’t function.. or can’t keep you happy/safe/secure/important. Of course not. But before you write it off, why not throw your EGO away and think straight for a minute? Is it that hard?

സസ്നേഹം,
ഞാന്‍.