Tuesday, September 21, 2010

അച്ഛൻ..


എത്രയോ നാളായി ഇവിടെ എഴുതിയിട്ടു്.. എഴുതാൻ തോന്നാതെയല്ല.. എഴുതാനില്ലാതെയുമല്ല... പക്ഷേ, എന്തുകൊണ്ടൊ, സാധിക്കുന്നില്ലായിരുന്നു.

അച്ഛന്റെ വേർപാടിനു ശേഷം, ഒരു പാടു കാര്യങ്ങൾ മാറി.. പുറമേക്കു അധികം കാണില്ലായിരിക്കാം, എന്നാലും ഉള്ളിന്റെയുള്ളിൽ എല്ലാം കുഴഞ്ഞു മറിഞ്ഞു.

ഒരു സുപ്രഭാതത്തിൽ വീട്ടിൽ നിന്നൊരു ഫോൺ വന്നു.. അച്ഛനു അപകടം പറ്റിയെന്നു പറഞ്ഞു.. 20 മണിക്കൂറിനുള്ളിൽ പറന്നെത്താൻ കഴിഞ്ഞതു തന്നെ വലിയ കാര്യം...

എത്തിയിട്ടു് അച്ഛനു വേണ്ടി ഒന്നും ചെയ്യാനുണ്ടായിട്ടല്ല... - ഐസിയുവിലല്ലേ..! :(

എന്നാലും അമ്മക്കും അനിയത്തിക്കും ഒരു ആശ്വാ‍സം... ഒന്നുമില്ലെങ്കിലും ഞാൻ കരിങ്കല്ലല്ലേ... പെട്ടെന്നൊന്നും ഷോക്കാവാൻ പാടില്ലല്ലോ.

പിന്നെ ഒരാഴ്ച : പ്രതീക്ഷയും, അതിന്റെ തകർച്ചയും..

ഇവിടുന്നു നാട്ടിലേക്കുള്ള വിമാനത്തിൽ ഇരിക്കുമ്പോൾ വിചാരിച്ചിരുന്നു ... അച്ഛനെ തിരിച്ചു കിട്ടുന്നെങ്കിൽ മുഴുവനായും വേണം എന്നു്. അച്ഛനെ ഒരു പകുതി മനുഷ്യനായി കാണാൻ സാധിക്കില്ലായിരുന്നു.

ആശുപത്രിയിൽ വെച്ചു പലരും പറഞ്ഞു - ദൈവം സഹായിച്ചു്, ഇത്രക്കല്ലേ പറ്റിയുള്ളൂ എന്നു്. തലച്ചോറിനു ക്ഷതം സംഭവിച്ചതിനെയും “ഇത്രക്കല്ലേ പറ്റിയുള്ളൂ” എന്നു പറയുന്നതു കേട്ടപ്പോൾ - “ഈ സഹായിച്ച ദൈവത്തിനു ഒരു 5 മിനുട്ടു് നേരത്തെ സഹായിക്കാമായിരുന്നില്ലേ” എന്നു ചോദിക്കാൻ തോന്നി.

സഹായം പോലും!

അച്ഛൻ മരിച്ചപ്പോഴും അവരൊക്കെ പറഞ്ഞിരിക്കും - “കിടത്തി ബുദ്ധിമുട്ടിച്ചില്ലല്ലോ” എന്നു്. അതെ, പരമകാരുണ്യവാനായ ദൈവം.

എനിക്കു അച്ഛനെ നഷ്ടപ്പെട്ടതിനേക്കാൾ വിഷമം, അച്ഛനു ജീവിക്കാനാവുന്നില്ലല്ലോ എന്നാണു്. അന്നു രാവിലെ അച്ഛൻ എന്നെ വിളിച്ചു - “എടാ, എനിക്കു് മൊത്തത്തിൽ ബോറടിക്കുന്നു. ഞാൻ ഇനിയുള്ള കാലം മുഴുവൻ നിങ്ങളെയൊക്കെ വിട്ടു പിരിഞ്ഞു, വേറൊരു സ്ഥലത്തു പോയി ജീവിക്കാൻ പോണു”, എന്നു പറഞ്ഞിരുന്നെങ്കിൽ, ആവശ്യമുള്ള സാധനങ്ങളും എടുത്തു എവിടേക്കെങ്കിലും പോയിരുന്നെങ്കിൽ വിഷമമുണ്ടാവുമായിരുന്നു... എന്നാലും അച്ഛനിഷ്ടമുള്ള കാര്യത്തിനല്ലേ പോയിരിക്കുന്നതെന്നൊരു ആശ്വാസം ഉണ്ടാവുമായിരുന്നു.

ഇതിപ്പോ, അച്ഛന്റെ സ്വപ്നങ്ങൾ, ആഗ്രഹങ്ങൾ.. ഒന്നും ഇനി നടക്കില്ല. എത്രയോ പൂരങ്ങളും അഘോഷങ്ങളും വരും... അതിനൊന്നും പോവാൻ അച്ഛനു പറ്റില്ല.

അല്ല, ജീവിതം ഇങ്ങനെ തന്നെയാണു്.. അംഗീകരിച്ചേ കഴിയൂ.

(ഈശ്വരവിശ്വാസമുള്ളവർ അച്ഛൻ സ്വർഗ്ഗത്തിൽ പോയെന്നു കരുതി ആശ്വസിക്കുന്നു. ഈശ്വരനിലോ, സ്വർഗ്ഗത്തിലോ, ആത്മാവിലോ വിശ്വസിക്കാത്ത ഞാൻ അങ്ങനെ ആശ്വസിക്കാൻ നോക്കുന്നില്ല.. എസ്കേയ്പ്പിസം എനിക്കു വയ്യ)

അമ്മയേയും അനിയത്തിയേയും സമ്മതിക്കുക തന്നെ വേണം. ആർക്കും ചോദിക്കാനാവുന്നതിലും സ്ട്രോങ്ങായിരുന്നു രണ്ടു പേരും.

ആദ്യത്തെ 2-3 ആഴ്ചകളിൽ, വിഷമത്തേക്കാൾ കൂടുതൽ ദേഷ്യമായിരുന്നു ... അരോടെന്നില്ലാത്തെ ദേഷ്യം. ഇവിടെ തിരിച്ചു വന്നതിനു ശേഷമാണു് ഞാൻ ശരിക്കൊന്നു കരഞ്ഞതു തന്നെ.

നിരീശ്വരവാദിയായിരുന്ന അച്ഛനു് ചടങ്ങുകളൊന്നും ഇല്ലാതെ തന്നെ വിടപറഞ്ഞു. അമ്മയും അനിയത്തിയും അതേ അഭിപ്രായക്കാരായിരുന്നു.. പല ബന്ധുക്കൾക്കും ഇഷ്ടമായിക്കാണില്ല. ഞാൻ ശ്രദ്ധിക്കാൻ/വില-കല്പിക്കാൻ പോയില്ല.

എന്തായാലും ഞാൻ ബൂലോകത്തേക്കു തിരിച്ചു വരുന്നു... ഇനി മുതൽ ഇത്തിരികൂടി റെഗുലർ ആവാൻ നോക്കാം. :)

നൂറിൽ‌പ്പരം ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. ദ ഷോ മസ്റ്റ് ഗോ ഓൺ ... അല്ലേ?

സ്നേഹാദരങ്ങളോടെ, ഞാൻ.

വാൽ: എല്ലാം നല്ല പോലെ പോയാൽ അടുത്ത മാസം എനിക്കു ഡോക്ടറേറ്റു് കിട്ടും.. അച്ഛനുണ്ടായിരുന്നെങ്കിൽ...!!

Saturday, April 24, 2010

ഞാനെന്തു പറയാന്‍? ഒരു ഒരു.. ഇതു്.. ;)


ദാ.. ഇന്നു കേരളകൌമുദിയില്‍ കണ്ടതാ..

image

എനിക്കു് ഇംഗ്ലീഷിനോടൊരു വിരോധവും ഇല്ല… ഇംഗ്ലീഷ് നല്ലൊരു സുന്ദരക്കുട്ടപ്പന്‍ ഭാഷയും ആണു്. ചില നേരങ്ങളില്‍ എന്റെ പരിമിതമായ ഇംഗ്ലീഷ് പരിജ്ഞാനത്തില്‍ പുളകമണിയാറും ഉണ്ട്. (ഇവിടത്തുകാരുടെ ഭാഷ മോശമാണേ.. നമ്മുടെ അടുത്തല്ലേ സംശയം തീര്‍ക്കാന്‍ വരുന്നതു്… അപ്പൊ ഞാന്‍ ചുമ്മാ ഒരു “ഹൊററിനു” ഒരിത്തിരി പുളകം എടുത്തങ്ങട് അണിയും.. അത്രന്നെ)

എന്നാലും പത്രത്തില്‍, “നളിനി നെറ്റോയുടെ അങ്കിള്‍” എന്നു കാണുമ്പോള്‍ ഒരു ഒരു… ഒരു ഇതു്. അമ്മാവന്‍ എന്നോ ചെറിയച്ചന്‍ എന്നോ മറ്റോ ആവാമായിരുന്നു എന്നൊരു തോന്നല്‍.

അല്ല എന്തായാലെന്താ! അല്ലേ?

പിന്നെ, വസന്തം വന്നു കഴിഞ്ഞു…., പ്രണയിക്കാന്‍ തുടങ്ങുന്ന സമയം. ആറ്റിലേക്കങ്ങട് ചാടിയാലോ? ആറു കണ്ടുവെച്ചിട്ടുണ്ട്, ഇപ്രാവശ്യം അമ്മയുടെ അനുഗ്രഹവും ഉണ്ട്… എനിക്കൊരു ഒരു ഒരു ഇതു്. പ്രായം ആയിവരുന്നല്ലേയുള്ളൂ എനിക്കു്. കുറച്ചുകൂടി കഴിയണ്ടേ? നീന്തല്‍ പഠിച്ചിട്ടു് ചാടിയാല്‍ പോരേ? ;)

അപ്പൊ വിവരങ്ങള്‍ വഴിയേ അറിയിക്കാം.

സ്നേഹാദരങ്ങളോടെ, ഞാന്‍.

വാല്‍: പെണ്‍കുട്ടികളെ വളക്കുക എന്ന കലയില്‍, മുകേഷിനെ (സിനിമാനടന്‍) ധ്യാനിച്ചു് ഹരിശ്രീകുറിച്ചാലോ എന്നൊരാലോചന! ;)

Friday, April 16, 2010

ചുമ്മാ പരദൂഷണം :)

അതേയ്, എനിക്കു നല്ല ദേഷ്യം വരുന്നുണ്ട്.. അപ്പൊ അതങ്ങട് ആറിത്തണുക്കുമ്പോഴേക്കും എഴുതിത്തീർക്കാം.

മറുനാട്ടിൽ വന്നാലുള്ള ഒരു ഗുണം എന്താണെന്നു വെച്ചാൽ ആരുടെയൊക്കെ കൂടെ സമയം ചെലവഴിക്കണമെന്നതു തീരുമാനിക്കാൻ എളുപ്പമാണു്.

എന്നാൽ ബുദ്ധിമുട്ടു്, ചില മലയാളികളെ ഒഴിവാക്കാനാണു്. ഉള്ളതു പറയണമല്ലോ – അധികവും നല്ല നല്ല ആൾക്കാരാണു്ട്ടോ.. ഒന്നോ രണ്ടോ മാത്രമേ ഉള്ളൂ മനുഷ്യനെ വട്ടു പിടിപ്പിക്കുന്ന തരം. നമ്മളെ വട്ടു പിടിപ്പിക്കൽ മൌലികാവകാശമാണെന്ന തരം പെരുമാറ്റവും.

അതിലൊന്നിനെക്കുറിച്ചു പണ്ടൊരിക്കൽ എഴുതിയതാ! ഇപ്പൊ ദാ വേറൊരാൾ

അല്ല, എല്ലാർക്കും എല്ലാം അറിഞ്ഞോളണം എന്നൊന്നും ഇല്ല.. എന്നാലും അറിയാത്ത കാര്യത്തെക്കുറിച്ചു ഘോരഘോരം പ്രസംഗിക്ക്യാ എന്നൊക്കെ വന്നാൽ?

ഉമേഷിന്റെ പോസ്റ്റുകളൊക്കെ കണ്ടപ്പോൾ പ്രത്യേകം തോന്നിയതാ.. ഈ കക്ഷിയെക്കുറിച്ചെഴുതണമെന്നു്.

ചെയ്യുന്നതു് നിസ്സാര സംഭവം ഒന്നും അല്ല – ഗവേഷണം തന്നെ.. ചെറിയ കാര്യങ്ങൾ പോലും വൃത്തിയായി ചെയ്യാനറിയാത്ത, ഒന്നിനെ കുറിച്ചും ആഴത്തിൽ അറിയാൻ ആഗ്രഹം ഇല്ലാത്ത ഇത്തരം ആൾക്കാരൊക്കെ ഗവേഷണം ചെയ്തു എവിടെ എത്താനാണോ പിതാവേ!

പുസ്തകങ്ങളോ അങ്ങനെ വിവരം ഉള്ള കാര്യങ്ങളോ വായന നഹിം നഹിം. ഷോപ്പിങ്ങ് ആണു വിഷമം മാറാനായി ചെയ്യുന്ന ഹോബി.

സാമാന്യം നല്ല പോലെ അന്ധവിശ്വാസങ്ങൾ ഉണ്ട്. എന്നാലോ, തുറന്നൊട്ടു പറയില്ല.. അത് മോശമാണു്. എല്ലാത്തിനെക്കുറിച്ചും ഇത്തിരി അറിയാം, കൂടുതൽ ചോദിച്ചാൽ കള്ളി വെളിച്ചത്താവും.
എന്നാലോ എല്ലാ സംഭവങ്ങളെ കുറിച്ചും നല്ല ഗംഭിരൻ അഭിപ്രായങ്ങളും ഉണ്ട്. “അയ്യോ, അതിനെക്കുറിച്ചെനിക്കൊന്നും അറിയില്ല” – എന്നൊരു വാചകം ഒരിക്കലും കേൾക്കില്ല. അറിവില്ലായ്മ ഒരു കുറവൊന്നും അല്ല. മാർക് റ്റ്വെയിൻ പറഞ്ഞതാ ശരി – “It is better to keep your mouth shut and let others think that you are stupid, than to open it and prove it”. നല്ല ലിബർട്ടേറിയൻ ആണെന്നുള്ള ഭാവം ഉണ്ട്, എന്നാലോ, ഉള്ളിൽ പിന്തിരിപ്പൻ.

ഞാൻ ഒരിക്കൽ പറഞ്ഞു, കുറച്ചു കാലമൊക്കെ കഴിഞ്ഞു്, എനിക്കു് നാട്ടിലേക്കു് തന്നെ തിരിച്ചു പോണം എന്നു. അന്നെന്നോടു പുള്ളിക്കാരി പറഞ്ഞു - “നോ, ഐ ഡോണ്ട് തിങ്ക് ഐ ക്യാൻ ലിവ് ഇൻ ഇന്ത്യ. വൺ ഹാസ് നോ ഫ്രീഡം ദേറ്. ദേ ആർ ലിവിങ്ങ് ഇൻ സ്റ്റോൺ എയ്ജ്”.

ഞാൻ പറഞ്ഞു – ഇവിടുത്തെ പോലെ ഫ്രീഡം ഉണ്ടായിക്കൊള്ളണം എന്നില്ല. എന്നാൽ നാടിനു നാടിന്റെ ഗുണങ്ങളുണ്ട്. (അല്ല, ആ കുട്ടി പറയുന്നതിൽ കാര്യമുണ്ട്. വളരെ പ്രാക്ടിക്കൽ ഒക്കെ ആണു് ഇവിടുത്തെ ജീവിതം. എന്നു വെച്ചു നാടു് പെട്ടെന്നൊരു സുപ്രഭാതത്തിൽ ജീവിക്കാൻ കൊള്ളാത്തതായി മാറുമോ? ഇവിടെ എനിക്കും ഇഷ്ടാണു് .. എന്നാലോ കുറച്ചു പ്രായമാവുമ്പോൾ ഒരു ഇടവഴീക്കൂടെ ഒരു കള്ളിമുണ്ടും ഉടുത്തു നടക്കണമെന്നു തോന്നിയാൽ? ഒരു തട്ടുകടയിൽ പോയി രണ്ടു പൊറോട്ട കഴിക്കണമെന്നു തോന്നിയാൽ? നല്ല രണ്ടു ചെണ്ടമേളം കേൾക്കാൻ തോന്നിയാൽ? ..... അതാ പറഞ്ഞതു്... നാട്ടിൽ ആൾക്കാർ ഇത്തിരി സ്വാതന്ത്ര്യം കുറച്ചാലും അതിന്റെ ഗുണങ്ങളുണ്ട്. )

എന്നാൽ ദാ ഒരു മാസം മുമ്പ് പറയുന്നു... എനിക്കീ സ്ഥലം മടുത്തു.. ഗവേഷണം കഴിഞ്ഞാൽ നാട്ടിലേക്കു പോവാൻ പോണു് എന്നു്.

അതു കൊള്ളാം.. നാടിനെ തള്ളിപ്പറഞ്ഞിട്ടിപ്പൊ?

അല്ല, ഇവിടം ശരിയല്ല.. ഒന്നും ശരിയാവുന്നില്ല...

അതു ശരി.. അപ്പൊ നാടു നന്നായതല്ല.. ഇവിടം ചീത്തയായതാണു്.

“ചക്കരേ.. ആദ്യം സ്വന്തം ആറ്റിറ്റ്യൂഡ് നേരെയാക്കു് .. എന്നാൽ പിന്നെ മരുഭൂമിയിൽ കൊണ്ടിട്ടാലും നീ പച്ച പിടിക്കും” - എന്നു പറയാൻ തോന്നിയേ ഉള്ളൂ.. എന്തിനാ വെറുതെ പറഞ്ഞു സമയം കളയുന്നതു്.

നല്ല പുറം മോടി ആണു്, അവനവനു തന്നെ അവനവനെ അറിയില്ലെങ്കിൽ എന്തു ചെയ്യും!

~~~~~

അതു പറഞ്ഞപ്പോഴാ മറ്റൊരു കാര്യം ഓർത്തതു്.

രണ്ടു ദിവസം മുമ്പ് തീവണ്ടിയിൽ ഞാൻ ഒരു മലയാളി സഹോദരിയെ കണ്ടു.. കണ്ട ഉടനെ, വർത്തമാനവും തുടങ്ങി ഞങ്ങൾ.

എന്നെ പുള്ളിക്കാരിക്കു നന്നായി അറിയാം (പേരും ഊരും ഡീറ്റെയിത്സും ഒക്കെ)... എനിക്കു പുള്ളിക്കാരിയുടെ പേരു പോലും ഓർമ്മയില്ല.

സമാജം പരിപാടികളിൽ കണ്ടു സംസാരിക്കാറുണ്ട്, ഓർക്കുട്ടിൽ സൌഹൃദം ഉണ്ട്.. ആളെ ഒട്ടറിയുകയും ഇല്ല.. ഒരു 30 മിനുട്ട് സംസാരിച്ചു... എല്ലാമെല്ലാം പറഞ്ഞു.. പുള്ളിക്കാരിയുടെ നാണം കുണുങ്ങി മകളോടും സംസാരിച്ചു.. റ്റാറ്റ പറഞ്ഞു പിരിഞ്ഞു..

സമാജത്തിന്റെ വിഷുപ്പരിപാടിക്കു വരണം എന്നു പ്രത്യേകം ക്ഷണിക്ക്യേം ചെയ്തു ഞാൻ. ആരാ എന്നു ചോദിച്ചാൽ അറിയില്ലാന്നു മാത്രം.

മറ്റന്നാളാ പരിപാറ്റി... അമ്മ്വോപ്പോളോടു ചോദിക്കണം ഇതാരാ കക്ഷി എന്നു. :)

ഇവിടെ ചില മലയാളി സഹോദരികൾ ഉണ്ട്.. പ്രായം എന്റെ അത്രയേ വരൂ... എന്നെക്കാളും ഇളയവരും കാണുമായിരിക്കും.. (ചിലരൊക്കെ സുന്ദരികളാണെന്നു പറയണ്ടല്ലോ.. അല്ലേ?) ;)

അവർക്കൊക്കെ ഉണ്ട് 2-3-4 വയസ്സായ കുട്ടികൾ..

നല്ലകാലത്തു അവരെയെങ്ങാനും (നാട്ടിൽ വെച്ചു) പ്രേമിച്ചാൽ മതിയായിരുന്നു. ഈ കൊച്ചുങ്ങളുടെ അച്ചനാവാമായിരുന്നു.. ഇതിപ്പൊ “സന്ദീപ്മാമൻ” അല്ലേ?

എന്റെ ബ്ലോഗ് വായിക്കുന്ന മ്യൂണിക് നിവാസികൾ ഉണ്ടെങ്കിൽ, ആരും തന്നെ (with one or two exceptions) ഒന്നും ചോദിക്കണ്ട. എന്നെ തല്ലാനും വരണ്ട..

അപ്പൊ ഈയാഴ്ചത്തെ പരദൂഷണം കഴിഞ്ഞു. നല്ല സുന്ദരി മലയാളി അവിവാഹിത മങ്കകൾ മറ്റന്നാളത്തെ വിഷു ആഘോഷത്തിനു വരാനും, എന്നിൽ അനുരക്തരായി മാറാനും വേണ്ടി എല്ലാരും ഒന്നു ആഞ്ഞു പ്രാർത്ഥിക്കണേ.

സ്നേഹാദരങ്ങളോടെ, നിങ്ങളുടെ സ്വന്തം ഞാൻ.

വാൽ: മുകളിൽ പറഞ്ഞ ദേഷ്യം ഒക്കെ പോയി... ഇനി മറ്റന്നാളത്തെ പരിപാടിയെക്കുറിച്ചു ചിന്തിക്കട്ടെ. എന്നോടു പാട്ടു പാടണം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അതു ചിന്തിക്കണം. പിന്നെ എന്റെ 3-4 സുഹൃത്തുക്കളെ ക്ഷണിച്ചിട്ടുണ്ട്... ഒരു തമിഴത്തിക്കുട്ടി, 3 ജർമ്മൻ‌കാർ. അവരെ അറിയിക്കണം ഡീറ്റെയിത്സ്.

Wednesday, April 07, 2010

ഉള്ളിന്റെയുള്ളിലെ തീറ്ററപ്പായി..


ഒന്നരവർഷം മുമ്പാണ് എന്റെ ജീവിതത്തിലെ തന്നെ ഒരു നാഴികക്കല്ലായി മാറിയ, വഴിത്തിരിവായ ആ അപകടം നടന്നതു്.

അതിനു ശേഷം സൈക്കിൾ ചവിട്ടിയിട്ടില്ല… ഉണ്ടായിരുന്ന ഒരേയൊരു സൈക്കിളാണെങ്കിൽ തകർന്നും പോയില്ലേ..

ഇക്കൊലം മഞ്ഞു മാറുന്നതിനു മുമ്പേ ഞാൻ സൈക്കിളൊന്നു വാങ്ങി. റെയിൻ കാത്ത് വെയ്റ്റു ചെയ്യുന്ന വേഴാമ്പലിനെപ്പോലെ വസന്തം വരാൻ ഞാൻ കാത്തിരിന്നു…

വസന്തം വന്നു..

ആദ്യ ട്രിപ്പു തന്നെ യൂണിവേഴ്സിറ്റിയിലേക്കു വെച്ചടിച്ചു… ഇപ്പൊ ഞാൻ താമസിക്കുന്നിടത്തു് നിന്നു 15 കിലോമീറ്ററുണ്ടേ..

ആഞ്ഞാഞ്ഞു ചവിട്ടി… ഒരു 10 കി.മി സുന്ദരമായി പോയി, അവസാനപാദം ആയപ്പോഴേക്കും പാദമല്ല, മൊത്തം കാലു തന്നെ വേദനിക്കാൻ തുടങ്ങിയിരുന്നു.

യൂണിവേഴ്സിറ്റിയിലെത്തിയപ്പോൾ അപാര വിശപ്പു്.

ഉണ്ണാൻ സമയമായപ്പോൾ നേരെ വെച്ചടിച്ചു.. ക്യാന്റീനിലേക്കല്ല… മാക്സ്പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഭോജനശാലയിലേക്കു്. അവിടെ നല്ല കിടിലൻ ഭക്ഷണമാണേ…

ഒന്നല്ല, രണ്ടുപേർക്കുള്ള ലഞ്ച് തന്നെ എടുത്തു… പാസ്ത ഒരു പ്ലേയ്റ്റിൽ, പിന്നെ ഉരുളക്കിഴങ്ങ്, ചീര, ബീൻസ് മുതല്പേർ മറ്റൊരു തളികയിലും.

ഒന്നു ഒതുക്കാൻ ഒരരലിറ്റർ ജ്യൂസും

26032010293

 

ഒന്നു തൊട്ടുനക്കാൻ ഒരു സ്ട്രോബറി-ക്രീം സംഭവവും ;)

 

26032010294

സാധാരണ 4 യൂറോ പോലും ആവാറില്ല എന്റെ ലഞ്ച്… ഇതിപ്പൊ ഒരു 9-10 യൂറൊ (600 ഇന്ത്യൻ മണീസ്) ആയി. സൈക്കിൾ യാത്ര മുതലാവില്ല.

വൈകീട്ടു, വീട്ടിലേക്കു് തിരിച്ചു യാത്ര മറ്റൊരു 15 കി.മി സൈക്കിൾ ചവിട്ടൽ.

ഒന്നരക്കൊല്ലമായില്ലേ മേലനങ്ങിയിട്ടു്…  പിറ്റേന്നു് ചെറിയൊരു മേലുവേദന. ;‌‌) …. ആസനം ആണു കൂടുതൽ വേദനിക്കുന്നതു്. സീറ്റൊരു സുഖമില്ല.

സാരല്ല്യ, ഒരു 3-4 ദിവസം പോയിവരുമ്പോൾ എനിക്കും ആസനത്തിനും ഒക്കെ ശീലമായിക്കോളും.. അല്ലേ?

അപ്പൊ, എല്ലാം പറഞ്ഞ പോലെ,
ഞാൻ, കല്ല്, കരിങ്കല്ല്.

വാൽക്കഷണം: 45 മിനിട്ടു പോലും വേണ്ടിവരുന്നില്ല 15 കി.മി യാത്രക്കു്. അപ്പൊ എനിക്കു മണിക്കൂറിൽ 20 കി.മി സ്പീഡുണ്ട്‌! :)

മറ്റൊരു വാൽ: കമ്പ്യൂട്ടറിൽ നിന്നു് … ഒരു ഗാനം… ഏഴു സ്വരങ്ങളും തഴുകിവരുന്നൊരു ഗാനം! :)

Wednesday, March 24, 2010

പിറന്നാൾ സമ്മാനങ്ങൾ


അങ്ങനെ എനിക്കു 28 വയസ്സായി. കുട്ടിക്കളിയും, ടീനേജുകാരുടെ തോന്ന്യാസവും മാറിയിട്ടില്ലെന്നു മാത്രം.

ആഘോഷങ്ങൾ തകർത്തു.

യോഹാന്നസും, ലുഡ്മിലയും, മരീത്തയും, ദാനിയേലയും, ഐശ്വര്യയും ആയിരുന്നു വിശിഷ്ടാതിഥികൾ.. എല്ലാരും ഓരോരോ സമ്മാനവുമായി വന്നു. (പിന്നെ എന്റെ സഹമുറിയനും മുറിയത്തിയും)

ഒരുമിച്ചു കുക്കി, ഭക്ഷണം കഴിച്ചു, എൻ‌ജോയ് മാടി എന്നു പറഞ്ഞാൽ മതിയല്ലോ!

പിന്നെ നാലു ദിവസം ഒരു ചെറിയ യാത്രയും പോയി – ഒരു കുഞ്ഞു ട്രിപ്പ്.  (വിശേഷങ്ങൾ ആംഗലേയ ബ്ലോഗ്ഗിൽ)

ആകെ മൊത്തം ടോട്ടൽ ഹാപ്പി.

പ്രണയിക്കാനുള്ള അസ്സൽ മൂഡും…

അതിനിടയിൽ എനിക്കു കിട്ടിയ ഒരു സമ്മാനം കേൾക്കണോ? – കാസനോവയുടെ ജീവചരിത്രം. അതെ, അണ്ണാൻ കുഞ്ഞിനെ മരംകേറ്റം പഠിപ്പിക്കണമല്ലോ. എനിക്കൊക്കെ ഇനി പ്രണയിക്കാൻ പഠിച്ചിട്ടു വേണമല്ലോ.

എന്നാലും ഇനി അതു വായിച്ചു പഠിച്ചിട്ടു വേണം, ഒന്നു പ്രൊഫഷണലായി പ്രണയിക്കാൻ. :)

പിറന്നാൾ പ്രമാണിച്ചു, ഒരാഴ്ചക്കുള്ളിൽ 7 പുസ്തകങ്ങൾ കിട്ടി. ബാക്കി കുട്ടി സമ്മാനങ്ങൾ വേറെ! ഇനി അതൊക്കെ വായിച്ചു വരുമ്പോഴേക്കും 3 മാസം കഴിയും.

ഞാൻ ഉറങ്ങാൻ പോണൂട്ടോ… ഗുഡ്നൈറ്റ്.

കരിങ്കല്ല്.

Friday, March 12, 2010

ബിബിസിയില്‍ കേരളം

 

രാവിലെ ബിബിസി തുറന്നു നോക്കിയപ്പോള്‍ അതാ മോഹന്‍ലാലിന്റെ പടം.. ഹയ്യത്തട… മോഹന്‍ലാല്‍ അത്രക്കൊക്കെ വളര്‍ന്നോ? ;)

താഴെ നോക്കിയപ്പോഴല്ലേ മനസ്സിലായതു് – സംഭവം മദ്യമാണെന്നു്.

State of drinkers
Why Kerala has India's biggest alcohol problem?

ലിങ്കില്‍ ഞെക്കിയാല്‍ ബിബിസിയില്‍ വായിക്കാം..

പലപ്പോഴും ബിബിസിയിലും, TED-ലും, അങ്ങനെ പല പല നല്ലയിടങ്ങളിലും കേരളത്തെ പറ്റി നല്ലതു് വായിച്ചിട്ടുണ്ട്. ഇപ്പൊ ഇങ്ങനെയും ആയി.

ഞാന്‍ മദ്യപാനവിരോധിയൊന്നും അല്ല… ഒക്കെ പേഴ്സണല്‍ കാര്യങ്ങളല്ലേ… രണ്ടേ രണ്ടു കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നു മാത്രം..

  1. 1. എന്തായാലും അതു ചെയ്യുന്നതിന്റെ ഫലമായി ആര്‍ക്കും ഉപദ്രവം ഉണ്ടാവരുതു് (കുടിച്ചാല്‍ വയറ്റില്‍ കിടക്കണം എന്നു്)
  2. 2. ഭാവിയിലും ആര്‍ക്കും പ്രശ്നങ്ങള്‍ ഉണ്ടാവരുതു് (അതായതു, ഒരു കണ്ട്രോള്‍ ഒക്കെ വേണംന്നു… പിന്നീട് അസുഖം വരുമ്പോള്‍ വീട്ടുകാര്‍ക്കും നാട്ടുകാ‍ര്‍ക്കും അല്ലേ ബുദ്ധിമുട്ട്. അപ്പൊ അസുഖം ഒന്നും വരാത്ത രീതിയില്‍ കുടിക്കൂ)

ഈ രണ്ടു കാര്യവും പാലിച്ചു ആള്‍ക്കാര്‍ ജീവിതം ആര്‍മ്മദിക്കട്ടെ – നല്ലതല്ലേ? അതല്ലേ വ്യക്തിസ്വാതന്ത്ര്യം വ്യക്തിസ്വാതന്ത്ര്യം എന്നു പറയുന്നതു്?

മുകളില്‍ പറഞ്ഞതു് കുടിയുടെ കാര്യത്തില്‍ മാത്രല്ല.. എല്ലാത്തിലും ബാധകമാണു്. ഉദാ: പുകവലി ഈ രണ്ടും പാലിക്കുന്നില്ല, അതുകൊണ്ട് തന്നെ വളരെ മോശം.

അപ്പൊ ഞാന്‍ കോളേജില്‍ പോട്ടെ…

ഹേയ്… നിനച്ചിരിക്കാതെ, 2 ദിവസം മുമ്പ് വീണ്ടും മഞ്ഞു പെയ്തു… സുന്ദരമൊക്കെ ആണെങ്കിലും 3 മാസായില്ലേ… ബോറടിച്ചു തുടങ്ങി മഞ്ഞുകാലം.. ദാ ചില ചിത്രങ്ങള്‍.

11032010251 11032010252 11032010253 11032010254

ഇന്നലെ പോസ്റ്റോഫീസില്‍ പോയപ്പോല്‍ എടുത്തതാ പോട്ടംസ്… കയ്യ് ചെറുതായി വിറക്കുന്നുണ്ടായിരുന്നു.. അതാ ഒരു വ്യക്തതക്കുറവു്.

സ്നേഹാദരങ്ങളോടെ, ഞാന്‍.

Sunday, February 21, 2010

തീക്കളിയോ ഇതു്


ഞാന്‍ ചെറിയൊരു തീക്കളി കളിക്കുന്നോ എന്നൊരു സന്ദേഹം. ഒരു പക്ഷേ, ഞാന്‍ ചെയ്യുന്ന കാര്യങ്ങളുടെ അനന്തരഫലം എനിക്കറിയാന്‍ വയ്യാത്തതിനാലായിരിക്കാം.

ഒന്നും വിശദീകരിച്ചെഴുതാനും വയ്യ. അതുകൊണ്ട്,  വേറെ ഒരു കൊച്ചു തമാശക്കഥ പറഞ്ഞിട്ടു പോവാം.

എന്റെ അപാര്‍ട്ട്മെന്റില്‍ ഒരു പോളണ്ടുകാരി കുട്ടി താമസമുണ്ട് – നല്ല കുട്ടിയാട്ടോ. ഇടക്കു് ഞങ്ങള്‍ ഒരുമിച്ചു സിനിമയൊക്കെ കാണാറുണ്ട്. ഞങ്ങളും, ഒരു ഗ്രീക്കുകാരന്‍ പയ്യനും (മറ്റൊരു താമസക്കാരന്‍) രാവെളുക്കുവോളം സംസാരിച്ചിരിക്കാറുമൊക്കെ ഉണ്ട്.

3 ദിവസം മുമ്പൊരു രാത്രി, ഞാന്‍ വളരെ വൈകിയാണു വീട്ടിലെത്തിയതു്. എന്റെ റൂമില്‍ കയറി (വാതില്‍ ചാരി) ഞാന്‍ തോര്‍ത്തൊക്കെ എടുക്കുകയായിരുന്നു (മേലുകഴുകാതെ ഉറക്കം വരില്ല)– അപ്പോള്‍ ഇടനാഴിയില്‍ നിന്നു് എന്തോ ഒരു കുശുകുശുപ്പ് കേട്ടു.

ഞാന്‍ ഉടനെ കമ്പ്യൂട്ടറില്‍ പാട്ടു വെച്ചു. അതു കേട്ടാല്‍ മനസ്സിലാവുമല്ലേ ഞാന്‍ ഉറങ്ങിയിട്ടില്ല എന്നു്. ഞാന്‍ മുന്നില്‍ ചെന്നു ചാടുന്നതിലും നല്ലതല്ലേ ഒരു സിഗ്നല്‍ കൊടുക്കുന്നതു്. (എനിക്കെന്തൊരു ബുദ്ധി)

2 മിനുട്ട് കഴിഞ്ഞു ഞാന്‍ കുളിക്കാന്‍ പോയി.. എന്തിനോ ഞാന്‍ അടുക്കളയില്‍ പോയി തിരിച്ചു വരുമ്പോള്‍ അതാ ഒരു പയ്യന്‍ ടോയ്ലറ്റില്‍ നിന്നു ഇറങ്ങിവരുന്നു.

എന്നെ കണ്ട ഉടനെ അവന്‍ ഒരൊറ്റ ചാട്ടം – നല്ല കള്ള ലക്ഷണവും. അവന്‍ ഉടനെ തന്നെ പാഞ്ഞു അവളുടെ മുറിയിലേക്കു പോയി.

ലൈംഗിക സ്വാതന്ത്ര്യത്തിനൊക്കെ പ്രാധാന്യം കല്പിക്കുന്ന ആളാണു് ഞാന്‍. അവരു തമ്മില്‍ എന്തൊക്കെ തന്നെ ആയാലും എന്നെ ബാധിക്കുന്നുമില്ല. എന്നിരുന്നാലും പാതിരാത്രിക്കു് അങ്ങനെ ഒരുത്തന്‍ ഞെട്ടുന്നതു കണ്ടപ്പോള്‍ എനിക്കൊരിത്തിരി ചിരി വന്നു.

സംഭവം അവള്‍ക്കൊരു ബോയ്ഫ്രണ്ടുണ്ട് – അവന്‍ പോളണ്ടിലാണു്. അതുകൊണ്ടായിരിക്കാം ഒളിച്ചു കളിയും കുശുകുശുപ്പും ഞെട്ടലും ഒക്കെ. എന്തായാലും ഈ സംഭവത്തിനു ശേഷം ഞാന്‍ അടുക്കളയില്‍ ഉള്ളപ്പോള്‍ അവള്‍ വന്നിട്ടില്ല. സാധാരണ നിലയില്‍ ഒരു ആണ്‍കുട്ടിയേയും പെണ്‍കൂട്ടിയേയും ഒരുമിച്ചൊരുമുറിയില്‍ കണ്ടാലും എനിക്കൊന്നുമില്ല. എന്തു തന്നെയായാലും അവരുടെ സ്വകാര്യ ബിസിനസ്സ് – അത്രയേ എനിക്കു പറയാനുള്ളൂ…

എന്നാലും ഈ ഒളിച്ചുകളി കാണുമ്പോള്‍ ഒരു രസം. അല്ല ഉണ്ണിത്താന്‍-വധം-ആട്ടക്കഥ ആഘോഷിച്ച നാട്ടില്‍ നിന്നല്ലേ ഞാനും … അതിന്റെ ഒരു ഇതു് ഉണ്ടാവില്ലേ? ;)

എന്നാലും ഇത്രേം വ്യക്തി/ലൈംഗിക സ്വാതന്ത്ര്യമൊക്കെ ഉള്ള നാട്ടില്‍ ഇതിന്റെ ഒക്കെ ആവശ്യമുണ്ടോ? തലയുയർത്തി നടന്നൂടേ?

എല്ലാ നാട്ടിലും ഈ ഒളിപ്പിക്കലും ഒളിച്ചുകളിക്കലും ഉണ്ടെന്നേ..

അപ്പൊ, സ്നേഹാദരങ്ങളോടെ, കല്ല്… കരിങ്കല്ല്.

Monday, February 01, 2010

ആരുടെ സ്നേഹം?


ഇതാദ്യമായല്ല അവളുടെ വീട്ടിലേക്കു താൻ പോകുന്നതു്. എന്നാലും ബസ്സിലിരിക്കുമ്പോൾ ഗിരിക്കു  എന്തോ ഒരു ശരിയല്ലായ്മ തോന്നി..

ഒന്നു മയങ്ങിയെഴുന്നേറ്റപ്പോഴേക്കും ഇറങ്ങേണ്ട സ്റ്റോപ്പായിരുന്നു. ഇറങ്ങിയപ്പോൾ അതാ നിൽക്കുന്നു അനിത.

“എന്തിനാ അനൂ നീ ഇവിടെ വന്നതു്.. എനിക്കറിഞ്ഞൂടേ നിന്റെ വീട്ടിലേക്കുള്ള വഴി? അതും ഇരുട്ടിത്തുടങ്ങിയിരിക്കുന്നു”

“നിന്നെക്കാണാനല്ലേ വരാൻ പറഞ്ഞത്… നീ അവിടെ വരുന്നതു വരെ കാത്തിരിക്കാൻ വയ്യ”, എന്നും പറഞ്ഞ് അവൾ അവനെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചു.

“അനൂ… ആളുകൾ കാണുന്നു…”

“ഒന്നാമതു്, നീ തന്നെയല്ലേ പറഞ്ഞതു ഇരുട്ടിത്തുടങ്ങിയെന്നു? രണ്ടാമതു ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പുള്ളിക്കെന്നെ വിശ്വാസമാണു? ഇനി ഇതിനെല്ലാം പുറമേ… നിനക്കൊരുമ്മ തരുന്നതും തെറ്റാണോ?”

“അനൂ… നിനക്കെല്ലാം കളിയാണു. നിന്നോട് തർക്കിക്കാൻ ഞാനില്ല.”

അവർ അവളുടെ അപാർട്ട്മെന്റിലേക്കു നടന്നു. അവൾ ഒരുപാടൊരുപാടു സംസാരിച്ചുകൊണ്ടിരുന്നു… ഗിരി എത്രയൊക്കെ തന്നെ ശ്രമിച്ചിട്ടും, അകന്നു നടക്കാൻ നോക്കിയിട്ടും, അവരുടെ തോളുകൾ മുട്ടിയുരുമ്മുകയായിരുന്നു.

“ഒറ്റക്കു നടക്ക് അനൂ…”

“എത്ര ശ്രമിച്ചാലും ഞാൻ പതുക്കെ പതുക്കെ നിന്റെ അരികിലെത്തുന്നു”, അവൾ പറഞ്ഞു. കണ്ണുകളിൽ കുസൃതി തുളുമ്പി.

ഭാഗ്യം, വീട്ടിലെത്തിയല്ലോ… ഇവളുടെ തോന്ന്യാസങ്ങൾ ആരെങ്കിലും കാണുമെന്നിനി പേടിക്കണ്ടല്ലോ… ഗിരി സമാധാനിച്ചു.

“ഗിരീ… നമുക്കെന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കാം.. എന്നിട്ടു ഇരിക്കാം… പോരേ? … നീ എന്നെ ആദ്യം സഹായിക്കു്.”

അവളെ അടുക്കളയിൽ സഹായിക്കുന്ന അത്രയും സുഖവും, അതേ സമയം ബുദ്ധിമുട്ടുമുള്ള ഒരു കാര്യം ഗിരിക്കറിയില്ലായിരുന്നു.

അവളെ സഹായിക്കുക എന്നാൽ അടുക്കളയിലെ പ്രൊഫഷണലിസം കണ്ടാസ്വദിക്കുക – എത്ര സുഖകരമായ കാര്യം. എന്നാൽ അത്രയും അടുത്തു തട്ടിയും മുട്ടിയും ഒരുമിച്ചു കാര്യങ്ങൾ ചെയ്യുക എന്നാലോ? ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ ഇതിലും ബുദ്ധിമുട്ടുള്ള സമയമില്ല.

“ഞാൻ വൈൻ എടുക്കട്ടേ?”, അനിത ചോദിച്ചു.

വൈനും ഭക്ഷണവും വർത്തമാനവുമായി സമയം പോയതു രണ്ടുപേരുമറിഞ്ഞില്ല.

“എപ്പൊ വരും ശശാങ്കൻ?”, ഗിരി ചോദിച്ചു. ചോദിക്കേണ്ടിയിരുന്നില്ല എന്നു തോന്നി ഉടനെത്തന്നെ.

“രാത്രി പന്ത്രണ്ടാവും… ഒരു പതിനൊന്നരക്കു ഗിരി പൊക്കോളൂ..”

അവന്റെ കൈ അവൾ കയ്യിലെടുത്തു.. എന്നിട്ടു ശശാങ്കനെക്കുറിച്ചു പറയാൻ തുടങ്ങി. ഒരുപാടു കുറ്റങ്ങൾ… ശശാങ്കൻ അവളെ സ്നേഹിക്കുന്നില്ല… എന്ന പരാതികൾ.

“വല്ലപ്പോഴുമൊരിക്കൽ.. ഒരിക്കലെങ്കിലും എന്നെ കെട്ടിപ്പിടിച്ചാലെന്താ ശശിക്കു. ഒരിക്കലെങ്കിലും എന്നെ ഇഷ്ടമാണെന്നു പറഞ്ഞാലെന്താ?… ഇല്ല… ഞാൻ വേറൊരാളുടെ കൂടെ കിടന്നുറങ്ങിയെന്നു പറഞ്ഞാൽ പോലും ശശിക്കൊന്നുമില്ല”.

അവളെ വലിച്ചടുപ്പിക്കാനും, ഒരിക്കലും അവളെ ആർക്കും വിട്ടുകൊടുക്കാതിരിക്കാനും തോന്നി ഗിരിക്ക്.

നിയന്ത്രണം പോകുമെന്നു തോന്നിയ ആ നിമിഷത്തിൽ കോളിങ്ങ് ബെൽ ചിലച്ചു – ശശാങ്കൻ.

ശശാങ്കനു ഗിരിയെ കാണുന്നതു് ചതുർത്ഥികാണുന്ന പോലെയാണു്. ശശാങ്കൻ വന്നയുടനെ തന്നെ ഇറങ്ങിപ്പോകുന്നതു ശരിയല്ലല്ലോ എന്നു കരുതി ഗിരി ചെറിയ തോതിൽ കൊച്ചുവർത്തമാനമൊക്കെ പറയാൻ നോക്കി. ഇല്ല, ശശാങ്കൻ എന്തൊക്കെയോ പിറുപിറുക്കുന്നു.

പിന്നീടു കാണാം എന്നു പറഞ്ഞു ഗിരി പതുക്കെ പുറത്തേക്കിറങ്ങി. വാതിൽ തുറന്നു കൊടുക്കാൻ ചെന്ന അനിത, ശശിയുടെ കണ്ണു തെറ്റിയ നിമിഷത്തിൽ ഗിരിയെ ഒരിക്കൽ കൂടി ഉമ്മവെച്ചു. അടുത്ത ദിവസം കാണാമെന്നു പറഞ്ഞവർ പിരിഞ്ഞു.

തിരിച്ചു ബസ്‌സ്റ്റോപ്പിലേക്കു നടക്കുമ്പോൾ ഗിരി തന്നോടു തന്നെ ചോദിച്ചു… എന്താണവൾക്കു വേണ്ടതു്.. ശശാങ്കന്റെ സ്നേഹമോ? അതോ എന്റെയോ? അതോ എന്നിലൂടെ അവന്റെ സ്നേഹമോ?

കഴിഞ്ഞ 4 മണിക്കൂറ് അവളുടെ കൂടെയായിരുന്നപ്പോൾ കാണിച്ചതു് ആത്മനിയന്ത്രണമോ അതോ ഷണ്ഡത്വമോ എന്ന ചിന്ത നാമ്പുനീട്ടാൻ തുടങ്ങിയപ്പോൾ ഗിരി ബാഗിൽ നിന്നു ഒരു തടിയൻ പുസ്തകമെടുത്തു വായിക്കാൻ തുടങ്ങി….

--- എന്റെ ഒരു എളിയ ശ്രമം… കഥയെഴുതാൻ.
--- സ്നേഹാദരങ്ങളോടെ, കരിങ്കല്ല്.

Wednesday, January 13, 2010

വിവാഹം കുളത്തിൽ


എന്റെ രണ്ടു സുഹൃത്തുക്കളുടെ വിവാഹബന്ധം എന്റെ കണ്മുന്നിൽ വെച്ച് തകർന്നു വീണുകൊണ്ടിരിക്കുന്നു. കണ്ടു നിൽക്കുന്ന എനിക്ക് വിഷമിക്കാൻ പോലുമാകുന്നില്ല.

വിവാഹം എന്നതു അതിഭയങ്കര പവിത്രമാവണമെന്നോ പതിറ്റാണ്ടുകളോളം നീണ്ടുനിൽക്കണം എന്നോ ഒന്നും ഞാൻ പറയുന്നില്ല. അതൊക്കെ വ്യക്തിപരമായ കാര്യങ്ങളല്ലേ?

എന്നിരുന്നാലും… എനിക്കു ഒന്നേയൊന്നു-കണ്ണേകണ്ണു് മതിയെന്നും, ആ ഒരേയൊരു പെൺകുട്ടി മാത്രം ജീവിതത്തിൽ 4-5 പതിട്ടാണ്ടുകളോളം സഖിയായിരുന്നാൽ മതിയെന്നും തോന്നുന്നു. തീർത്തും എന്റെ വ്യക്തിപരമായ കാര്യം. (4-5 പതിറ്റാണ്ടൊക്കെ എന്നെ സഹിക്കാൻ തയ്യാറാവുന്ന പെൺകുട്ടിയെ പൂവിട്ടു പൂജിക്കണം)

ഒരു ബ്രേയ്ക്കപ്പിന്റെ വേദന തന്നെ കടുപ്പം.. ഒരു ഡിവോഴ്സിന്റെ വേദനയൊന്നും താങ്ങാനുള്ള ആമ്പിയര്‍ എനിക്കില്ല. അതിന്റെ ആവശ്യവും ഇല്ല. നല്ല കെട്ടിയോന്‍ ആയി ഇരുന്നാല്‍ പോരേ? അതു ഞാന്‍ ചെയ്തോളാം! ;)

തിരിച്ചു ടോപിക്കിലേക്കു്.

തകർന്നു വീഴുന്ന ഒരു ബന്ധം നമ്മുടെ നാടൻ മലയാളികളുടേതാണു്  - കാരണമറിയണോ? സ്ത്രീധനത്തിൽ തുടങ്ങിയ അഭിപ്രായ വ്യത്യാസങ്ങൾ!

നിരക്ഷരകുക്ഷികളൊന്നുമല്ല... രണ്ടു പേരും ഇവിടെ വിദേശത്തു ഗവേഷകർ.

അവനെ വേണം ആദ്യം കുറ്റം പറയാൻ. അവന്റെ അച്ഛനമ്മമാരാണു് സ്ത്രീധനക്കാര്യത്തിന്റെ പ്രശ്നത്തിലെങ്കിൽ, ആണൊരുത്തനായി അവന്റെ ഭാര്യക്കു വേണ്ടി നിലകൊള്ളണ്ടേ അവൻ? അങ്ങനെയൊക്കെ ആണയിട്ടു കാണുമല്ലോ പള്ളിയിൽ – അവളെ പൊന്നു പോലെ നോക്കിക്കോളാം എന്നൊക്കെ. അതൊക്കെ കാറ്റത്തു പോയോ?

അവളും മോശക്കാരിയൊന്നുമല്ല. പ്രശ്നം തുടങ്ങിയ ഉടനേ പ്രതികാരദാഹിയായി മാറി അവൾ – അവനെ ആവുന്നതും ദേഷ്യം പിടിപ്പിക്കാൻ മനഃപൂർവ്വം ശ്രമിക്കാൻ തുടങ്ങി. സംസാരിച്ചൊരു പരിഹാരം കാണുന്നതല്ലേ ബുദ്ധി എന്നു ചോദിച്ച എന്നൊടു പറഞ്ഞു – “അവനെ ഒന്നു മെരുക്കിയെടുക്കണം.. ഒരു പാഠം പഠിപ്പിക്കട്ടെ” എന്നു്.

മൌനം തന്നെ ഭൂഷണം എന്നു മനസ്സിലായ ഒരു അവസരം… :)

തകര്‍ന്നു വീഴുന്ന മറ്റൊരു വിവാഹം യൂറോപ്യന്‍ ദമ്പതികളുടേതാണു്. ഒരു വര്‍ഷം മുമ്പ്, വിവാഹത്തിനു മുമ്പു അവള്‍ക്കു ഒരിത്തിരി സംശയം ഒക്കെ ഉണ്ടായതാണു്. അന്നു ഞാന്‍ പറഞ്ഞു … ഇത്ര പെട്ടെന്നു വേണ്ട…, നിങ്ങള്‍ രണ്ടു പേരും ഒരിത്തിരി കൂടി നന്നായി മനസ്സിലാക്കിയിട്ടു മതി എന്നു.

അവിടെയും പ്രശ്നം – രണ്ടു കൂട്ടരും ഒന്നു മനസ്സിലാക്കാനോ ഒന്നു താഴ്ന്നു കൊടുക്കാനോ തയാറല്ല.

ഈ രണ്ടു ബന്ധങ്ങളും നിയമപരമായി ഒഴിയാനുള്ള സമയം കൂടിയേ ആവശ്യമുള്ളൂ.. രണ്ടുകൂട്ടരും രണ്ടുവഴിക്കായിക്കഴിഞ്ഞു. :( … പിരിഞ്ഞു കഴിഞ്ഞു.

പരസ്പരം സ്നേഹിക്കാനും ഇത്തിരിയൊക്കെ മനസ്സിലാക്കി ജീവിക്കാനും ഇത്ര പാടാണോ? ചട്ടിയും കലവുമല്ലെ? തട്ടും മുട്ടുമൊക്കെ കാണും … ഒരിത്തിരിയൊക്കെ അഡ്ജസ്റ്റ് ചെയ്തൂടേ?

പറയുമ്പോള്‍ എല്ലാം പറയണമല്ലോ - “അവള്‍ വളരെ സില്ലി ആണു്” എന്നു ഒരു വിധം ആണുങ്ങളും പറയുന്നതായി കാണുന്നു. അത്ര സില്ലി കാര്യങ്ങളാണവള്‍ പറയുന്നതെങ്കില്‍ അതു മനസ്സിലാകാന്‍ അത്ര പാടൊന്നും കാണില്ലല്ലോ?

എന്റെ അഭിപ്രായത്തില്‍, അഡ്ജസ്റ്റ് ചെയ്യാന്‍ എളുപ്പം ആണുങ്ങള്‍ക്കാണു് – അവരാണു ഒട്ടും അഡ്ജസ്റ്റ് ചെയ്യാത്തതും… കൊച്ചു കൊച്ചു ആവശ്യങ്ങളേ പൊതുവേ പെണ്‍കുട്ടികള്‍ക്കുള്ളൂ… മാത്രവുമല്ല, പെണ്‍കുട്ടികളെ/പെണ്ണുങ്ങളെ ഹാപ്പിയാക്കാന്‍ എളുപ്പമല്ലേ? എന്തു തന്നെ വേണമെങ്കിലും ചെയ്യാന്‍ തയ്യാറായിരുന്നാല്‍ മതി (ചെയ്യണമെന്നില്ല).

ഉദാഹരണത്തിന്നു.. പാത്രം കഴുകാന്‍ സഹായിക്കണോ എന്നു ചോദിച്ചാല്‍ മതി, കഴുകണം എന്നില്ല. (എവിടുന്നൊക്കെയോ എനിക്ക് അടിവരുന്ന പോലെ തോന്നുന്നു.)

പുള്ളിക്കാരനു എന്റെ കാര്യത്തില്‍ ശ്രദ്ധയുണ്ട്.. മനസ്സില്‍ മുഴുവന്‍ ഞാനാണു് എന്നൊരു ഫീലിങ്ങ് കൊടുത്താല്‍ ഭാര്യമാര്‍ (ഗേള്‍ഫ്രണ്ട്സ്) ഒരു വലിയ അളവു് വരെ ഹാപ്പി.

പിന്നെ 100% സത്യസന്ധത – ഇതു തിര്‍ച്ചയായും വേണം - വിശ്വാസം അതല്ലേ എല്ലാം? :)

മുകളിലെ ഫീലിങ്ങ് കൊടുക്കലും, സത്യസന്ധതയും ചേരുമ്പോള്‍ മനസ്സിലായില്ലേ … സഹായിക്കണം എന്നുള്ള തോന്നലും, മനസ്സില്‍ അവള്‍ക്കു് സ്ഥാനം കൊടുക്കലും അഭിനയമായിരിക്കരുത് എന്നു – അവിടെയാണു കാര്യങ്ങള്‍ കുഴയുന്നതും.

ഇതൊക്കെ പറയാന്‍ ഞാനാരാ? അനുഭവസമ്പന്നനൊന്നും അല്ലല്ലോ … എന്നിരുന്നാലും പല അനുഭവസം`പന്നന്മാരും’ സം`പന്നകളും’ കാണിക്കുന്നതു കാണുമ്പോള്‍ പറയാതിരിക്കാന്‍ വയ്യ.

Getting a relationship going well takes hard work. But it pays off. And if you are not willing to put the effort, why invite the other person to trouble?

I don’t know, … may be I am just stupid, without any inkling about reality. But don’t think I am ignorant.

One doesn’t have to hang on to a relationship which won’t function.. or can’t keep you happy/safe/secure/important. Of course not. But before you write it off, why not throw your EGO away and think straight for a minute? Is it that hard?

സസ്നേഹം,
ഞാന്‍.