Sunday, April 19, 2009

പിങ്ക് നിറത്തിലുള്ള .. … .. (അയ്യേ നാണമാകുന്നു)


മജീഷ്യന്‍ പല ട്രിക്കുകളും കാണുച്ചു. തൂവാലയെ മന്ത്രവടിയാക്കി മാറ്റി... കെട്ടിട്ടുവെച്ച ഉറുമാലുകളെ മാ‍ന്ത്രികവിദ്യയാല്‍ സ്വതന്ത്രരാക്കി... അങ്ങനെ പലതും...

പിന്നെ മിഠായിത്തൊലിയെ മിഠായി ആക്കി മാറ്റി..

എന്നിട്ടു ഒരു ട്രിക്കിനു അദ്ദേഹം വിളിച്ചു പറഞ്ഞു... എനിക്കൊരു സഹായിയെ വേണം... സന്ദീപിനു വിരോധമില്ലെങ്കില്‍ സ്റ്റേജിലേക്കു വരൂ എന്നു്...

ഞാന്‍ കയറിച്ചെന്നു... ഒരു മാന്ത്രിക കൊട്ട പോലൊരു സംഭവം എടുത്തിട്ടു് അദ്ദേഹം എല്ലാവര്‍ക്കും കാണിച്ചു കൊടുത്തു... ശൂന്യമായ ഒരു കൊട്ട... എനിക്കും കാണിച്ചു തന്നു... തീര്‍ത്തും ശൂന്യം.

അതിന്റെ വശത്തു കൈ വെച്ചു് എന്തെങ്കിലും ആഗ്രഹിക്കാന്‍ പറഞ്ഞു എന്നോടു്.

ഞാന്‍ കണ്ണടച്ചു... സത്യം പറഞ്ഞാല്‍ ഞാനൊന്നും തന്നെ ആഗ്രഹിച്ചില്ല...

ഒരു നിമിഷം കഴിഞ്ഞു കണ്ണുതുറന്ന എന്നോടു് കൊട്ടക്കുള്ളില്‍ കൈയ്യിട്ടു് ആഗ്രഹിച്ച സാധനം എടുത്തോളാന്‍ പറഞ്ഞു...

ഞാന്‍ കയ്യിട്ടപ്പോഴോ!! ഒരു പിങ്ക് ബ്രേസിയര്‍ :(

ആകെക്കൂടെ ഇത്തിരി മാനമേ ബാക്കിയുണ്ടായിരുന്നുള്ളൂ... ഞാനൊരു പഞ്ചാരയാണെന്നും വായ്‌നോക്കി ആണെന്നും പരക്കെ ഒരു തെറ്റിദ്ധാരണയുണ്ട്.. ഇതിപ്പൊ ഞാന്‍ ഒന്നും ആഗ്രഹിച്ചില്ല എന്നു പറഞ്ഞാല്‍ പോലും അരും വിശ്വസിക്കില്ല...

ഇനി ഒരു രഹസ്യം ... പരിപാടിക്കൊരു 10-15 മിനിട്ടു് മുമ്പ് മജീഷ്യന്‍ എന്നോടു പറഞ്ഞിരുന്നു... ഇതാണു് സംഭവം എന്നു്. കാണികളില്‍ പുള്ളിക്കു് പിടിച്ചതു് എന്നെയായിരിക്കണം ... അത്യാവശ്യം നല്ല തൊലിക്കട്ടി ഉള്ള ആളെയല്ലേ കളിയാക്കാന്‍ പറ്റുള്ളൂ.. അതാണു് സംഭവം.. എന്തായാലും കലക്കി.

ജര്‍മ്മനില്‍ ഒരു പഴമൊഴി ഉണ്ട്... "Was sich neckt, das liebt sich" - എന്നു്.. അര്‍ത്ഥം എന്തെന്നാല്‍.. നിങ്ങള്‍ എന്തിനെയെങ്കിലും കളിയാക്കുന്നുണ്ടെങ്കില്‍... അതിനെ ഇഷ്ടമുള്ളതു കൊണ്ടാണു് കളിയാക്കുന്നതു് എന്നു്… അതു കൊണ്ടുതന്നെ ചെറിയ കളിയാക്കലുകളെ ഒക്കെ ഞാന്‍ നല്ല തമാശ ആയിട്ടേ എടുക്കാറുള്ളൂ.

ഇന്നെന്റെ ദിവസമായിരുന്നു - മ്യൂണിക് കേരളസമാജം വക വിഷു ഈസ്റ്റര്‍ ആഘോഷങ്ങളുടെ ദിവസമായിരുന്നു ഇന്നു്.

എന്തൊക്കെ പറയണം എന്നറിയില്ല...  എന്നാലും ഒരു രണ്ടു വാക്കു പറയാതെ പോകാന്‍ വയ്യ. എന്റെ വായനക്കാരില്‍ അധികവും പ്രവാസികള്‍ ആണെങ്കിലും ഇത്രയും നല്ലൊരു ആഘോഷം നിങ്ങള്‍ക്കുണ്ടായിക്കാണില്ല.. ഇനി പ്രവാസികളല്ലാത്തവര്‍ക്കും അറിയണ്ടേ എന്താണു് നടക്കുന്നതു് എന്നു്.

ഞങ്ങള്‍ എല്ലാരും രാവിലെ ഒരു പതിനൊന്നു പന്ത്രണ്ടോടെ ഒത്തുചേര്‍ന്നു. ആദ്യം ഭക്ഷണം തന്നെ  ആയിരുന്നു പരിപാടി.

എന്നും അതിന്റെ ചുമതല ജോണിച്ചേട്ടനും ബേബിച്ചേച്ചിക്കും തന്നെ... ഇങ്ങനെയുള്ള പരിപാടികള്‍ക്കു ഭക്ഷണം ശരിപ്പെടുത്തുന്നവരെ സമ്മതിക്കുക തന്നെ വേണം .... ഡസന്‍ കണക്കിനു ആള്‍ക്കാര്‍ വരും ഭക്ഷണം കഴിക്കാനും വെറുതെ ഇരുന്നു കുറ്റം പറയാനും... ഇതൊക്കെ ഒരുക്കുന്നവര്‍ക്കോ ഒരു പ്രശസ്തിയും ഇല്ല... ആരും തന്നെ അവരെ അറിയുന്നും ഇല്ല. നല്ല സന്മനസ്സും ക്ഷമയും ഉള്ളവര്‍ക്കേ ഇതൊക്കെ പറഞ്ഞിട്ടുള്ളൂ...

പിന്നെ ഒരു കുറുബാന... (പള്ളിയിലല്ലേ പരിപാടി) :)

പിന്നെയാണു് കലാപരിപാടികള്‍... ഇന്നത്തെ ഒരു അവതാരകന്‍ ഞാനായിരുന്നു. വലിയ തരക്കേടില്ലാതെ ചെയ്തെന്നു തോന്നുന്നു. കൂട്ടത്തില്‍ ഞാനൊന്നു രണ്ടു പാട്ടും പാടി... ഒരു പാട്ടിനു ചുവടും വെച്ചു.... (ചുവടൊന്നും അല്ല.. മോഹന്‍ലാലായി അഭിനയിക്കല്‍ ആയിരുന്നു എന്റെ ചുമതല..) നന്നായിരുന്നു എന്നാണു് തോന്നുന്നതു്. എന്തായാലും പാട്ടിനു ചുവടു വെച്ച എന്റെ സുഹൃത്തു് 'മണി' കലകലക്കി. :) )

ഓമലാളെക്കണ്ടു എന്ന പാട്ടും, ഇന്ദുലേഖ കണ്‍‌തുറന്നു എന്ന പാട്ടും ആണു് ഞാന്‍ പാടിയതു്.. കരോക്കെ ഒക്കെ വെച്ചായിരുന്നു. അത്ര നന്നായി എന്ന അഭിപ്രായം എനിക്കില്ല.. തരക്കേടില്ലായിരുന്നു എന്നു് തോന്നുന്നു.. എന്നാലും സഭാകമ്പം, നാണം എന്നീ സല്‍ഗുണങ്ങള്‍ ഇല്ലാത്തതിനാല്‍ എനിക്കൊരു പ്രശ്നവും ഇല്ല...

എന്തിനധികം പറയാന്‍ ഈ രണ്ടു പാട്ടും പാടിയതിന്റെ പേരില്‍ അമ്മുഓപ്പോളുടെ കളിയാക്കലിനും ഇരയായി ഞാന്‍. പിന്നെ മുകളില്‍ പറഞ്ഞ പോലെ... എന്നെ ഇഷ്ടമുള്ളതു കൊണ്ടല്ലേ കളിയാക്കുന്നതു്... അതു തന്നെ ഒരു സന്തോഷമല്ലേ?

ഇവിടെ മ്യൂണിക്കില്‍ വന്നു പരിചയപ്പെട്ട ആളുകളില്‍ ഒന്നാം നിരയില്‍ നില്‍ക്കുന്നവരാണ്‍  അമ്മുച്ചേച്ചിയും കുഞ്ഞന്‍‌ചേട്ടനും..  എന്റെ ഭാഷയില്‍ പറഞ്ഞാല്‍ നല്ല ചക്കര മനുഷ്യര്‍ (അവര്‍ക്കു ആകെ ഒരു കുറവുള്ളതു് ഈ ബ്ലോഗ്ഗ് വായിക്കുന്നു എന്നതാണു്.)

ആള്‍ക്കാ‍രെക്കൊണ്ടു് കലാപരിപാടികള്‍ ചെയ്യിപ്പിക്കുക എന്നതു് എളുപ്പമുള്ള പണിയല്ല. അതാണീ അമ്മു കുഞ്ഞന്‍ ദമ്പതികളുടെ പണി :) ആള്‍ക്കാരുടെ പിന്നാലെ നടക്കണം.. നല്ല എനര്‍ജിയും എന്തൂസിയാസവും വേണം. 

സ്റ്റേജില്‍ കയറി, കാണികളെ ഉപദ്രവിക്കുക എന്നതു് എനിക്കാണെങ്കില്‍ ഇഷ്ടമുള്ള പണിയും... :) അങ്ങനെയാണു് ഞാനിവരുടെ കയ്യില്‍ പെട്ടതു്.  :)

അതു പറഞ്ഞപ്പോഴല്ലേ ഓര്‍ത്തതു്.. ഇന്നൊരു നല്ല സുന്ദരിക്കുട്ടിയെ കണ്ടു. ഒരു നല്ല തിരുവനന്തപുരം മലയാളിപ്പെണ്‍കുട്ടി... സുന്ദരി, നല്ല വായനാശീലം, നല്ലകുട്ടി. നന്നായി പാടുകയും ചെയ്യും. (ആള്‍ക്കാരെ സ്റ്റേജില്‍ കയറ്റുന്ന കഴിവെനിക്കും ഉണ്ടെന്നാണു തോന്നുന്നതു് – ഞാനല്ലേ പറഞ്ഞു പാടിച്ചതു്)

ഇനിയല്ലേ സന്തോഷമുള്ള കാ‍ര്യം വരുന്നതു്. ഞങ്ങളുടെ കൂട്ടത്തിലെ സുന്ദരനെയും  സുന്ദരിയെയും കണ്ടുപിടിക്കാനുള്ള മത്സരം ഉണ്ടായിരുന്നു. അതില്‍ നമ്മുടെ ഈ സുന്ദരിക്കുട്ടി വോട്ടു് ചെയ്തതു് എനിക്കായിരുന്നു. (ഞാനും മറ്റൊരു 'സുന്ദരനും' ഒന്നാം സ്ഥാനം പങ്കിടുകയും ചെയ്തു!... ഞാനാണു് സുന്ദരനെങ്കില്‍ മറ്റുള്ളവരുടെ കാര്യം ആലോചിക്കണ്ടല്ലോ അല്ലേ!?) ;)

അപ്പൊ എല്ലാം കൊണ്ടും ഒരു നല്ല ദിവസം.. ഈ ദിവസത്തിന്,  ഞാന്‍ മുകളില്‍ പറഞ്ഞ ആള്‍ക്കാര്‍ക്കു നന്ദി പറഞ്ഞേ തീരൂ. ഈ ലോകത്തില്‍ അധികവും നല്ല ആള്‍ക്കാരാണു്.. എന്നാല്‍ വളരെ വളരെ വളരെ നല്ല ആള്‍ക്കാര്‍ കുറച്ചേ ഉള്ളൂ... അങ്ങനെയുള്ള കുറച്ചു സുഹൃത്തുക്കളെ കിട്ടാന്‍ ഭാഗ്യം തന്നെ ചെയ്യണം ... ഞാന്‍ ചെയ്തിട്ടുണ്ടെന്നു തോന്നുന്നു! :)

(ബോറടിച്ചോ? സാരല്ല്യ... ഇടക്കൊക്കെ രസിപ്പിച്ചിട്ടുള്ളതല്ലേ.. വല്ലപ്പോഴും ബോറടിപ്പിക്കേം ചെയ്യണ്ടേ?)

സ്നേഹാദരങ്ങളോടെ, ഞാന്‍, കരിങ്കല്ല്.

Saturday, April 11, 2009

സ്പ്രിങ്ങ് റോള്‍ ദുനിയ


വിയറ്റ്നാമില്‍ നിന്നുള്ള ഒരു പയ്യനാണ് തൊട്ടപ്പുറത്തെ മുറിയില്‍ താ‍മസിക്കുന്നത് … ഇടക്കൊക്കെ അവന്റെ ‘കൂട്ടുകാരിയും’ കൂടെ വന്നു താമസിക്കാറുണ്ട്.

രണ്ടു പേരും വളരെ നല്ലവര്‍. ചിലപ്പോഴൊക്കെ ഭയങ്കര പാചകപരിപാടികള്‍ ഉണ്ടാവാറുണ്ട്. ചില ദിവസങ്ങളില്‍ ധാരാളം വെളുത്തുള്ളി ഒക്കെ ചേര്‍ത്തുള്ള പരിപാടികള്‍ ആയിരിക്കും. അന്നു മാത്രം ഞാന്‍ ഒന്നും അവരുടെ കയ്യില്‍ നിന്നു കഴിക്കില്ല. (എനിക്കു വെളുത്തുള്ളി ഇഷ്ടമല്ല)

ഇന്നലെ രാവിലെ ഞാന്‍ അടുക്കളയില്‍ ഇരുന്നു എന്തോ വായിക്കുമ്പോള്‍ കഥാനായിക ഉറക്കചടവോടെ വന്നു. വന്നയുടനെ എന്തൊക്കെയോ പച്ചക്കറികള്‍ എടുത്തു നുറുക്കാനും മുറിക്കാനും അരിയാനും ഒക്കെ തുടങ്ങി. ആദ്യം ഞാ‍ന്‍ അത്ര ശ്രദ്ധിച്ചില്ല. പിന്നെ കുറച്ചു നേരം കഴിഞ്ഞപ്പോഴാണു് ഞാന്‍ ശ്രദ്ധിച്ചതു്.

(ബൈ ദ വേ.. ഞാന്‍ ഇപ്പൊഴും അടുക്കളയിലെ കൌച്ചിലിരുന്നു, ലാപ്പ്ടോപ്പ് മടിയില്‍ വെച്ചു, ചായയും കുടിച്ചു്, റിഷാ‍ര്‍ട്ട് ബേക്കറിയിലെ കേയ്ക്കും കഴിച്ചു... ജൂലൈ മലര്‍കളേ എന്ന പാട്ടും കേട്ടാണു് ബ്ലോഗ്ഗുന്നതു്... ഇവിടെ രാവിലത്തെ ഇളം വെയിലിലിരുന്നു, മുമ്പിലെ നഴ്സറിയിലെ കൊച്ചു കുട്ടികളുടെ കളിയും കണ്ടിരിക്കുന്നതു് ... അതൊരു സുഖം തന്നെയാണേ. :) )

അപ്പൊ പറഞ്ഞു വന്നതു് … ഒരു മല പോലെ കൂട്ടിയിട്ടിരിക്കുന്നു അരിഞ്ഞ പച്ചക്കറികള്‍.

ചോദിച്ചപ്പോഴല്ലേ പിടികിട്ടിയതു്. അവരൊരു പാര്‍ട്ടിക്കു് പോകുന്നു. അവിടേക്കുള്ള സ്പ്രിങ്ങ് റോളുകളുടെ മൊത്തക്കച്ചവടം ഇവര്‍ക്കാണത്രേ.

ഞാന്‍ പിന്നെ എന്റെ മുറിയിലേക്കു് പോയി.

കുറച്ചു് കഴിഞ്ഞു വന്നപ്പോള്‍ അടുക്കള ഒരു വിസ്മയലോകമായി മാറിയിരുന്നു. അവനും അവളും ഒരുമിച്ചു ജോലിയെടുക്കുന്നു.

അവള്‍ റോളുകള്‍ ഉണ്ടാക്കുന്നു.

P1000714

അവന്‍ വറുത്തെടുക്കുന്നു.

P1000716
ഞാന്‍ ഇടക്കൊക്കെ ഓരോന്നെടുത്തു തിന്നുന്നു ;)  (അതിന്റെ ഫോട്ടോ ഇല്ല ;) )

അപ്പോഴല്ലേ എനിക്കു തോന്നിയതു്. നിങ്ങളെയൊക്കെ ഒന്നു ചെറുതായി കൊതിപ്പിക്കാം എന്നു. :)

ഇതാ മറ്റൊരു ഫോട്ടോ കൂടി.

P1000712

ആ കുക്കറില്‍ എനിക്കുള്ള ബിരിയാണി .. ഇന്നലെ ബിരിയാണിയായിരുന്നു! :)

ഇനി എല്ലാര്‍ക്കും നല്ലൊരു വിഷു ആശംസിച്ചിട്ടു് ഞാന്‍ എന്റെ തിരക്കേറിയ ദിവസത്തിലേക്കു് കടക്കട്ടെ..

സസ്നേഹം, ഞാന്‍.