Sunday, July 27, 2008

എങ്ങനെ??


എങ്ങനെ പ്രതികരിക്കണം എന്നറിയില്ല... (Terrorism)

അകെക്കൂടെ മനസ്സില്‍ വന്ന ആശയം ഇതാണു്‌...
അതിനെ ക്യാന്‍വാസിലാക്കി...  (പെയിന്റ് ശരിക്കും ഉണങ്ങിയിട്ടില്ല -- ക്ഷമിക്കുക)

മതത്തിന്റെ കറുത്ത കയ്യും ... തീവ്രവാദത്തിന്റെ നിണമണിഞ്ഞ കയ്യും ...

മതത്തിന്റെ കറുത്ത കൈയ്യും...; തീവ്രവാദത്തിന്റെ, നിണമണിഞ്ഞ കൈയ്യും...
ഈ രണ്ടു കൈകളും ചേര്‍ന്നു നമ്മുടെ സമാധാനത്തെ പിച്ചിച്ചീന്തുന്നു.

ഞാന്‍ കമ്മ്യൂണിസ്റ്റല്ല... എന്നാലും, മാര്‍ക്സിന്റെ "മതം മനുഷ്യനെ മയക്കുന്ന കറുപ്പാണു്‌ [opium]" എന്ന വാചകം ഓര്‍ത്തു പോകുന്നു. എന്റെ കണ്ണില്‍ എല്ലാ മതങ്ങളും ഒന്നു തന്നെ - The very same wine in different bottles.

നമുക്കെന്തു ചെയ്യാന്‍ സാധിക്കും?

ഒരുപാടു്‌ കാര്യങ്ങള്‍ സാധിക്കും.. അണ്ണാറക്കണ്ണനെ ഓര്‍ക്കുക..

Action is powerful than words - അതുകൊണ്ടു തന്നെ ഞാന്‍ ഒന്നും എഴുതുന്നില്ല. എന്നാലാവുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ ഞാന്‍ ചെയ്തോളാം.

സുഹൃത്തുക്കളേ.., ആരും ആര്‍ക്കും വാക്കു കൊടുക്കുകയൊന്നും വേണ്ട.. എന്നാലും മനസ്സില്‍ ഒരു തീരുമാനം എടുത്തേക്കൂ.. തന്നാലാവുന്നതു ചെയ്യും എന്നു്‌... ചെയ്യാന്‍ ശ്രമിക്കുകയും വേണം.

നമുക്കും ശ്രമിക്കാം... നമ്മുടെ ലോകത്തെ നന്നാക്കാന്‍.  Ready?

സ്നേഹാദരങ്ങളോടെ,
-- കരിങ്കല്ല്.

Thursday, July 24, 2008

സൂചിക്കുഴയും ഒട്ടകവും...


തലക്കെട്ടു തന്നെ മതിയല്ലോ അല്ലേ? ഞാനിനി കൂടുതല്‍ എഴുതണോ??

പരോപകാരമേ പുണ്യം...
പാപമേ പരപീഢനം ....

എന്നല്ലേ? ആവുന്നതും മറ്റുള്ളവരെ സഹായിക്കാന്‍ ഞാന്‍ എന്നാലാവുന്ന വിധം ശ്രമിക്കാറുണ്ട്. പലപ്പോഴും സഹായം ആവശ്യമുള്ളവരെ സ്വയം കണ്ടുപിടിച്ചു സഹായിക്കാന്‍ സാധിച്ചെന്നു് വരില്ല. എന്നാലും ആരെങ്കിലും എന്തെങ്കിലും ഹെല്പ് വേണമെന്നു് പറഞ്ഞാല്‍ ഞാന്‍ ഒരിക്കലും ഒഴിഞ്ഞു മാറിയിട്ടില്ല.

ഒരു സാധാരണക്കാരന്റെ മിനിമം കടമയാണു് അതെന്നും ഞാന്‍ വിശ്വസിക്കുന്നു.

എന്നാല്‍... ഇങ്ങനെയുള്ള എന്റെ ഈ വീക്ക്നെസ്സിനെ ചിലര്‍‌ ചൂഷണം ചെയ്യാന്‍ തുടങ്ങിയാലോ?

പി.എച്.ഡി, ജര്‍മ്മന്‍ പഠനം, വായനശാലയിലെ ജോലി, സമ്മര്‍‌സ്കൂളിലെ സഹായം, പിന്നെ എന്റെ പേഴ്സണല്‍ കാര്യങ്ങള്‍ ... ഇതെല്ലാം ഞാന്‍ തന്നെ ചെയ്യണ്ടേ? ഒരു വിധം തരക്കേടില്ലാതെ ചെയ്യുന്നുമുണ്ട് എന്നാണെന്റെ ധാരണ.

ഇതിന്റെ കൂടെ മറ്റൊരുവന്റെ വിഴുപ്പും കൂടെ ചുമക്കാന്‍ വയ്യ. എന്നാല്‍ ഒരു പരസ്പര ധാരണയില്‍, പരസ്പര സഹായത്തിലൊക്കെയാണെങ്കില്‍ പോട്ടെ എന്നു വെക്കാം. തൂമ്പയുടെ [കൈക്കോട്ട്] സ്വഭാവമാണെങ്കിലോ ഈ പറഞ്ഞ പുള്ളിക്കു്?

ഞാന്‍ മനുഷ്യബന്ധങ്ങളെ മെറ്റീരിയലൈസ് ചെയ്യാന്‍ ശ്രമിക്കുകയല്ല ... എന്നാലും, എന്നും എന്നെ ആശ്രയിക്കുക മാ‍ത്രം ചെയ്യുന്ന, സ്വന്തം കാര്യം പോലും വൃത്തിയായി ഒരിക്കലും ചെയ്യാത്ത ഒരാളെ ഞാന്  (ഞങ്ങള്‍ 2 പേര്‍‌) എത്രകാലം ചുമക്കും.

ഒരു മലയാളിയല്ലേ... നാട്ടുകാരനല്ലേ.. പാവമല്ലേ എന്നൊക്കെ കുറേ വിചാരിച്ചു. ഞാന്‍ എന്റെ ക്ഷമയുടെ നെല്ലിപ്പടിയോളം എത്തിയിരിക്കുന്നു. ചെറിയ ചെറിയ കാര്യങ്ങളില്‍ സഹായിച്ചതിന്റെ പ്രതിഫലമായിരിക്കണം... അവന്റെ എല്ലാക്കാര്യങ്ങളും ചെയ്തുകൊടുക്കാനുള്ള ക്വട്ടേഷന്‍ കിട്ടിയിരിക്കുന്നു. അതു തന്നെ സൂചിക്കുഴയും ഒട്ടകവും! :)

എന്റെ ജീവിതത്തില്‍ ഞാന്‍ ആരുമായും വഴക്കു കൂടിയിട്ടില്ല. പൊതുവേ സമാധാനപ്രിയനാണു്... എന്നാ‍ല്‍ ..... ഇതിപ്പോള്‍ എന്തെങ്കിലും സം‌ഭവിക്കും എന്ന അവസ്ഥയിലെത്തുന്നു.  എത്തിയിരിക്കുന്നു...

അമ്മൂമ്മ പറയാറുണ്ട് - “ഒരരിശത്തിന്നു് കിണറ്റില്‍ ചാടാം... എന്നാല്‍ പത്തരിശമുണ്ടാ‍യാലും കയറിപ്പോരാന്‍ പറ്റില്ല” എന്നു.

അതൊരൊറ്റക്കാരണത്താല്‍ ഞാന്‍ എല്ലാം ഒരു ബ്രേക്കിട്ട് നിര്‍ത്തിയിരിക്കുന്നു. എന്നെ ദേഷ്യം പിടിപ്പിക്കല്ലേ...  നനഞ്ഞിറങ്ങിയാല്‍ പിന്നെ ഞാന്‍ ശരിക്കും കുളം തോണ്ടിയിട്ടേ കയറി വരൂ... ;)

അല്ല.. ഈ ദേഷ്യം മുഴുവന്‍ ഇവിടെ എഴുതിപ്പിടിപ്പിച്ചിട്ടെന്തു കാര്യം? അവനോടല്ലേ സൂചിപ്പിക്കേണ്ടതു്?

ഒരായിരം പ്രാവശ്യം സൂചിപ്പിച്ചതാണു്... മനസ്സിലാവില്ലെന്നു വെച്ചാല്‍‌?

എന്തായാലും കുറേയൊക്കെ നിങ്ങളോടു പറഞ്ഞു് കഴിഞ്ഞപ്പോള്‍ എനിക്കും ഒരിത്തിരി സമാധാനം.

പിന്നെ ഇങ്ങനത്തെ കുറേ കൊച്ചുകൊച്ചു പ്രശ്നങ്ങളല്ലേ ജീവിതത്തിന്റെ ഒരു ബ്യൂട്ടി? അല്ലേ? :) ഇങ്ങനെയൊക്കെയല്ലേ ഈ ലോകം നമ്മളെ നാളേക്കു് വേണ്ടി ഒരുക്കുന്നതു്? :)

സ്നേഹാദരങ്ങളോടെ,
കരിങ്കല്ല്.

Thursday, July 17, 2008

ചിത്രശിലാ പാളികള്‍


അതേയ്.., ഇന്നു ലേശം തിരക്കിലാ.. അതു കൊണ്ടു തന്നെ .. ഒരു ചിത്രപ്പോസ്റ്റ് ആക്കിക്കളയാം എന്നു തീരുമാനിച്ചു..

പലപ്പോഴായി എന്റെ ഏതെങ്കിലും ക്യാമറയില്‍ പതിഞ്ഞതു്‌...

എന്തായാലും ചിത്രങ്ങള്‍ കാണുന്ന നേരം കൊണ്ട് ഇതാ ചിത്രശിലാ പാളികള്‍ എന്ന പാട്ടു കൂടി കേട്ടോളൂ...

പണ്ടൊരിക്കല്‍ ഞാന്‍ എന്റെ വീടിനടുത്തുള്ള വയലുകളെ കുറിച്ചെഴുതിയിരുന്നു... അവിടെ ഇപ്പോള്‍ ഗോതമ്പു്‌ വിളഞ്ഞ് കിടക്കുന്നു....

എന്റെ ബാല്ക്കണിയില്‍ നിന്ന് വീണ്ടുമൊരു സൂര്യാസ്തമയം

സിറ്റിയില്‍ ഒരിക്കല്‍ പോയപ്പോള്‍ എടുത്തതു്‌..

എന്റെ കമ്പ്യൂട്ടര്‍ കോര്‍ണര്‍ ...

ഒരു ദിവസം അതിരാവിലെ യൂണിവേഴ്‌സിറ്റിയില്‍ വന്നപ്പോള്... ജന്നലിന്നപ്പുറം നല്ല മൂടല്‍മഞ്ഞാണു്‌.. അതാണിങ്ങനെ വെളുത്തിരിക്കുന്നതു്‌... :)

ഒരു ജീവന്റെ വില...

എന്റെ ഇപ്പോഴത്തെ ഡെസ്ക്‌ടോപ്പ് ചിത്രം....

ബോറടിച്ചില്ലല്ലോ...?
ഇനി ഇതാ ഈ പാട്ടു കേട്ടോളൂട്ടോ.. :)

എന്നാല്‍ ഇനി പിന്നെക്കാണാം..
സ്നേഹാദരങ്ങളോടെ... ഞാന്‍.

Friday, July 11, 2008

പൈങ്കിളി സാഹിത്യം...


ഞാന്‍ പൈങ്കിളിക്കാര്യങ്ങളാണു്‌ ഈയടുത്തായി കൂടുതല്‍ എഴുതുന്നതു്‌ എന്ന് അമ്മ പരാതിപ്പെടുന്നു.


പ്രത്യേകിച്ചു്‌ ഇന്നലത്തെ പോസ്റ്റ്.. :(


ഇനിയപ്പൊ പൈങ്കിളിക്കഥകള്‍ ഇത്തിരി കുറയുംട്ടോ.. 


സസ്നേഹം, ഞാന്‍.

Wednesday, July 09, 2008

ജെനുവിന്‍ ഡൌട്ട്..

മാംസനിബദ്ധമല്ല രാഗം??
അതോ ആണോ????

മാംസനിബദ്ധമാണെന്നു കരുതുന്നതില്‍ തെറ്റുണ്ടോ?
തെറ്റില്ലെന്നു തോന്നുന്നു.

എനിക്കു്‌ തോന്നുന്നത്...
മാംസനിബദ്ധം തന്നെയാണെന്നാണു്‌.

അല്ല എന്ന് പറയുന്നവര്‍ക്കു്‌ ആണെന്നു പറയുന്നവരോടെന്തു തോന്നും? നിലവാരമില്ലത്തവര്‍ എന്നു തോന്നുമോ?

തോന്നിയാല്‍ എനിക്കു്‌ പ്രശ്നമുണ്ടായിട്ടല്ല...  എന്നാലും അറിഞ്ഞിരിക്കാല്ലോ! ;)
ഉപകാരപ്പെട്ടേക്കാം.. ;)

~ കരിങ്കല്ല്.

Tuesday, July 01, 2008

ഉള്ളിന്റെയുള്ളിലെ കുട്ടി... :)


എല്ലാ ചൊവ്വാഴ്ചയും വ്യാഴാഴ്ചയും എനിക്കു്‌ ജര്‍മ്മന്‍ ക്ളാസ്സുണ്ട്. ഒന്നര മണിക്കൂര്‍ ക്ളാസ്സ് കഴിയുമ്പോള്‍ ഒരു കുട്ടി ഇടവേള ഉണ്ടാകും. അപ്പോഴാണു്‌ പൊതുവേ ഞങ്ങള്‍ അടുത്തുള്ള കടകളില്‍ പോയി ചെറിയ ഷോപ്പിംഗ് ഒക്കെ നടത്തുന്നതു്‌.

ഞാനും പോകും.. എല്ലാരില്‍ നിന്നും ഒരിത്തിരി വ്യത്യസ്തനായി, ഞാന്‍ ഒരു സ്പെഷ്യല്‍ സാധനം വാങ്ങും. ഇവിടെ അതിനെ "കിന്‍ഡര്‍ യൂബറാഷുങ്ങ് ഐയര്‍ " - കുട്ടികളുടെ അത്ഭുത മുട്ട എന്നു പറയും.

ഞാന്‍ സാധാരണയായി ഈ അത്ഭുത മുട്ടയാണു്‌ വാങ്ങാറു്‌. ഈ മുട്ടയുടെ പ്രത്യേകത  എന്താണു്‌? അതു സാധാരണ മുട്ടയല്ല... ചോക്കലേറ്റ് മുട്ടയാണു്‌. ചോക്കലേറ്റു്‌ കൊണ്ടുള്ള മുട്ടത്തോടു്‌ പൊട്ടിച്ചു കഴിഞ്ഞാല്‍ ഉള്ളില്‍ ഒരു മഞ്ഞ കൂട് (ഒരു ചെറിയ മുട്ട പോലെ) കാണാം.

ചോക്കലേറ്റ് മുട്ടയാണു്‌

അതിനുള്ളില്‍ എന്തെങ്കിലും ഒരു കൊച്ചു കളിപ്പാട്ടം ഉണ്ടാകും..  ചെറുതെന്നു പറഞ്ഞാല്‍ വളരേ ചെറുതു... കളിക്കാനൊന്നും പറ്റില്ല. എന്നലും എടുത്തു വെക്കാനൊക്കെ നല്ല ഭംഗിയാണു്‌ :)

കുറച്ചു കാലമായി ഇതു സ്ഥിരം ചെയ്യുന്ന കാരണം.. ദാ എന്റെ കയ്യില്‍ വളരേ ചെറുതല്ലാത്ത ഒരു കളക്ഷന്‍ ഉണ്ടു്‌.. :)

കളക്ഷന്‍

ഇപ്പൊ ഇതെഴുതാന്‍ എന്താ കാരണം..?

എന്റെ ജര്‍മ്മന്‍ ക്ലാസ്സു്‌ തീരുന്നു.....

ഏകദേശം 2 വര്‍ഷത്തോളമായി എന്നെ പഠിപ്പിക്കുന്ന ആ ടീച്ചറുടെ ക്ലാസ്സു്‌ ഇനിയില്ല... എന്തോ ഒരു കുഞ്ഞു വിഷമം. കോളേജില്‍ നിന്നോ, IIT-ല്‍ നിന്നോ, Microsoft-ല്‍ നിന്നോ വിട്ടു പോന്നപ്പോള്‍ എനിക്കിങ്ങനെ ഒരു നഷ്ടപ്പെടുന്ന തോന്നല്‍ ഉണ്ടായിട്ടില്ല...

ഒരു പക്ഷേ ..... അവിടെയുണ്ടായിരുന്നവരുടെയും എന്റെയും വഴികള്‍ ഏതാണ്ടൊരേ പോലെയാണെന്നും, അവരെയൊക്കെ ഇനിയും കാണാന്‍ കഴിയും എന്ന തോന്നല്‍ ആയിരുന്നിരിക്കാം.. എന്നാല്‍ ഈ ടീച്ചറുടെ കാര്യത്തില്‍ അങ്ങനെയല്ലല്ലോ...  വല്ലപ്പോഴും ഒരിക്കല്‍ കാണുമായിരിക്കും.. എന്നാലും ഞങ്ങള്‍ ഇനിയങ്ങനെ കാണില്ലാ... :(

വാസുദേവന്‍ മാഷുടെ മലയാളം ക്ലാസ്സിനേക്കാളും നല്ലതായിരുന്നു ഡാനിയേലയുടെ ക്ലാസ്സു്‌ - അത്രക്കു നല്ല ക്ലാസ്സുകള്‍‌‌‌ !!

അവസാന ക്ലാസ്സു കഴിഞ്ഞു്‌ ടീച്ചറും ഞാനും  ഒരു സഹപാഠിയും കൂടി കുറച്ച് ദൂരം നടക്കാനിറങ്ങി.. എന്നിട്ട് അവസാനം ട്രെയിന്‍ കയറിപ്പോരുന്നതിന്നു്‌ മുമ്പ്, She hugged me.. That hug really showed the warmth between us... it showed.. how much she liked me.. it told me that she is going to miss me too....  It really touched me!

എനിക്കും അതേ തോന്നല്‍ തന്നെയായിരുന്നു. ഒരു അദ്ധ്യാപികയോടുള്ള ബഹുമാനവും, ഒരു സുഹൃത്തിനോടുള്ള സ്നേഹവും ഒക്കെ ചേര്‍ന്നുള്ള വികാരം..

മ്യൂണിക്കിലെ വിദ്യാര്‍ത്ഥികളില്‍ വെച്ച്..., ഞാനായിരുന്നു ടീച്ചറുടെ ഏറ്റവും പ്രിയപ്പെട്ട ശിഷ്യന്‍ എന്നതില്‍ എനിക്കു ഭയങ്കര അഭിമാനവും തോന്നി!! :)

കൂട്ടുകാരേ.. അപ്പൊ സെന്റി ഒക്കെ കളയാനായിട്ടു ദാ വീണ്ടും ഒരിത്തിരി കളിപ്പാട്ടങ്ങള്‍ ! :)

വീണ്ടും ഒരിത്തിരി കളിപ്പാട്ടങ്ങള്‍

കരിങ്കല്ല്.