Wednesday, April 30, 2008

നീ സൂര്യന്‍...., നാന്‍

നീ സൂര്യന്‍, നാന്‍ വെണ്ണിലാ ഉന്‍ ഒളിയാല്‍ താനേ വാഴ്കിറേന്‍
നീ സൂര്യന്‍, നാന്‍ താമരൈ നീ വന്താല്‍ താനേ മലര്‍കിറേന്‍
നീ സൂര്യന്‍, നാന്‍ വാന്മുകില്‍ നീ നടന്തിടും പാതൈ ആകിറേന്‍
നീ സൂര്യന്‍, നാന്‍ ആഴ്കടല്‍ എന്‍ മടിയില്‍ ഉന്നൈ ഏന്തിനേന്‍

 

എന്താ വരികളുടെ ഒരു ഇതു്‌ അല്ലേ? [ഇത്രക്കൊക്കെ തമിഴ്‌ എല്ലാര്‍ക്കും അറിയാം എന്നു ഞാന്‍ കരുതുന്നു]

മലയാളം പാട്ടുകളുടെ/വരികളുടെ ഒരു വലിയ ആരാധകന്‍ ആണു്‌ ഞാന്‍... എന്നാല്‍ ചില തമിഴ് പാട്ടുകള്‍ ......

ഈയടുത്തായി എന്റെ മനസ്സില്‍ പതിഞ്ഞ ഒരു പാട്ടാണു്‌ താഴെ...

മധുരൈക്കു പോകതെടീ.. അങ്കെ മല്ലിപ്പൂ കണ്ണൈവെക്കും
[നീ മധുരക്കു പോയാല്‍ മുല്ലപ്പൂ പോലും കണ്ണുവെക്കും]
തഞ്ചാവൂര്‍ പോകതെടീ.. തല അട്ടാമെ ബൊമ്മ നിക്കും
[തഞ്ചാവൂര്‍ പോയാലോ, തല എപ്പോഴും ആട്ടുന്ന ബൊമ്മ പോലും തല ആട്ടുന്നതു നിര്‍ത്തി നിന്നെ നോക്കി നില്ക്കും]
തൂത്തുകുടി പോനാല്‍ സില കപ്പല്‍ കര തട്ടും
[തൂത്തുകുടി പോയലോ, കപ്പലുകള്‍ വഴിതെറ്റി കരയില്‍ ഇടിക്കും]
കൊടൈക്കനാല്‍ പോനാല്‍ അങ്കെ മേഘം ഉന്നൈ സുത്തും
[കൊടൈക്കനാലില്‍ പോയാല്.. അവിടെ മേഘങ്ങള്‍ നിന്നെ ചുറ്റും]

ഇവിടെ തീരുന്നില്ല... ഇനിയും ഉണ്ടു്‌ ധാരാളം....

പിന്നെ, ഞാന്‍ നല്ല ഒരു റൊമാന്റിക് മൂഡില്‌ ആയതു കാരണമായിരിക്കും.... ഇപ്പോള്‍ ഈ പാട്ടുകള്‍ കൂടുതല്‍ ഇഷ്ടം..

എല്ലാ പാട്ടുകളും ഇഷ്ടം തന്നെ.

കരിങ്കല്ല്.

--

Monday, April 28, 2008

എന്താ ഒരു ബില്‍ഡ്-അപ്!

ആദ്യ ദിവസം... : കണ്ടപ്പോള്‍ വിചാരിചു... എന്തപ്പാ ഇതു്‌?

 

25th

അടുത്ത ദിവസം... : കൊള്ളാല്ലൊ വീഡിയോണ്‍... എന്നു തോന്നി...

 

26th

മൂന്നാം ദിവസം.... : ഇതു ഒരിക്കലും തീരില്ലേ എന്നായി എന്റെ ചിന്ത..

 

27th

അവസാനത്തെ ദിവസം... - ഇന്നു്‌!
അയ്യേ??? ഇതായിരുന്നൊ?? !! അറിയാതെ അങ്ങനെ ചിന്തിച്ചു... "പൗരുഷം"-കാര്‍ ക്ഷമിക്കണേ..!

 

28th

 

അതു പറഞ്ഞപ്പോഴാ ഓര്‍ത്തേ... ഈയടുത്തായി മമ്മുക്കേം, ലാലേട്ടനും വളരേയധികം പ്രാവശ്യം പത്രങ്ങളുടെ ആദ്യതാളില്‍ പ്രത്യക്ഷപ്പെടുന്നു...

ഇത്തിരി ആര്‍ഭാടമാകുന്നില്ലേ അതു്‌? പത്രക്കാര്‍ക്ക് വേറെ കനപ്പെട്ട വാര്‍ത്തകള്‍ ഒന്നുമില്ലേ?

 

മീണ്ടും സന്ധിക്കും വരൈ, കരിങ്കല്ല്‌.

~

Tuesday, April 22, 2008

പൊന്നുപോലെ നോക്കിക്കോളാം..

നമസ്കാരം സുഹൃത്തുക്കളേ...

കുറേക്കാലമായി ഈ വഴിക്കൊന്നും വരാറില്ല... നാട്ടിലായിരുന്നു. എന്റെ കഥ ഇതു വരെ.

ഇഷ്ടപ്പെട്ട പെണ്‍കുട്ടിക്കായി ഒരു ഭൂഖണ്ഡത്തില്‍ നിന്നു്‌ മറ്റൊന്നിലേക്കു... ഒരു 5000 മൈലുകള്‍ സഞ്ചരിച്ചു.

എന്നെ ഒരുപാടു സ്നേഹിക്കുന്നെങ്കിലും മറ്റു പലതും അവളെ ചങ്ങലക്കിട്ടിരിക്കുന്നു എന്നു മനസ്സിലാക്കിയപ്പോള്‍ പറഞ്ഞു - "സമയം തെറ്റി വന്ന സുവര്‍ണ്ണാവസരം ആണു്‌ ഞാന്‍ എന്നൊരിക്കല്‍ നീ പറഞ്ഞു, ചിലപ്പോള്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്താതിരിക്കാന്‍ പല ചങ്ങലക്കണ്ണികളും പൊട്ടിച്ചെറിയേണ്ടി വരും.... എന്നാലാവുന്ന തരത്തിലൊക്കെ ഞാന്‍ നിന്നെ സഹായിക്കാം..."

10 ദിവസം കഴിഞ്ഞാല്‍ 5000 മൈലുകള്‍ക്കകലെ പോകുന്നവന്‍ എങ്ങനെ സഹായിക്കാന്‍.. അല്ലേ???

വഞ്ചി പിന്നെയും തിരുനക്കരെ തന്നെ നിന്നു.

പിന്നെ ഞാന്‍ കരുതി... എന്റെ കൂടെയല്ലെങ്കിലും അവള്‍ സന്തോഷവതിയായിരിക്കും... എന്റെ കൂടെ ആണെങ്കില്‍ ഏറ്റവും സന്തോഷവതിയായിരിക്കും എന്നു മാത്രം.... സാരമില്ല...

ഒരു വര്‍ഷത്തെ കഷ്ടപ്പാടു്‌ ഒരു ജീവിതകാലത്തെ മുഴുവന്‍ സന്തോഷത്തിനു്‌ വേണ്ടിയാണെന്നു ഉള്‍ക്കൊള്ളാന്‍ എല്ലാവര്‍ക്കും സാധിക്കണമെന്നില്ലല്ലോ... അല്ലേ?

വിഷുവിനു രണ്ട് ദിവസം മുമ്പ് അവളോടു്‌ പറഞ്ഞു - "മോളൂ.... തീ തിന്നാന്‍ ഒരു സുഖവും ഉണ്ടാവില്ല... നീ വീട്ടുകാരുടെയും എല്ലാരുടെയും ഇഷ്ടം പോലെ യാതൊരു ബന്ധനങ്ങളെയും പൊട്ടിച്ചെറിയാതെ ജീവിക്കൂ..."

തിരിച്ചു വരുന്നതിന്നു്‌ മുന്‍പ് അവളെയും അവളുടെ ഭാവിവരനേയും കണ്ടു്‌, ആശംസകള്‍ നേര്‍ന്നു. നല്ല തങ്കം പോലൊരു മനുഷ്യന്‍. എന്റെ അത്ര ക്രൂരനൊന്നുമല്ല... ഒരു പാവം. ഞാന്‍ അവളോടു്‌ പറയാറുള്ള പോലെ അയാള്‍ അവളെ "പൊന്നു പോലെ നോക്കിക്കോളും" എന്നു ഞാന്‍ പ്രതീക്ഷിക്കുന്നു...., ആഗ്രഹിക്കുന്നു... [അയാളോടു മാപ്പു്‌ ചോദിക്കണം എന്നുണ്ടായിരുന്നു എനിക്കു്‌ - കുറച്ചു കാലത്തേക്കു്‌ ഡെമോക്ലസിന്റെ വാള്‍ അയാളുടെ തലക്കു്‌ മുകളില്‍ കെട്ടിത്തൂക്കിയതിനു്‌ - പിന്നെ മാപ്പു്‌ ചോദിക്കലൊക്കെ ആര്‍ഭാടമാവില്ലേ..., ഒഴിവാക്കി]

സന്തോഷം അര്‍ഹിക്കുന്ന ഒരു പെണ്‍കുട്ടിയാണവള്‍... അവള്‍ക്കതു്‌ കിട്ടണം - എന്നില്‍ നിന്നല്ലെങ്കില്‍ പോലും.

കരിങ്കല്ലിന്റെ ഉറപ്പു്‌ പരീക്ഷിച്ച ഒരുവള്‍ ആയിരുന്നു അവള്‍. ഒരു നിമിഷത്തില്‍ ഒന്നു്‌ ഇടറിയില്ല എന്നു പറയുന്നില്ല... എന്നാലും ഞാന്‍ കരുതിയതിലും ഉറച്ച കരിങ്കല്ലാണു്‌ എന്റെ ഹൃദയം...

ഇതു വായിക്കുന്നവരേ.... ഇഷ്ടപ്പെടുന്നവര്‍ക്കു വേണ്ടി ഏതറ്റം വരെയും പോകാന്‍ തയ്യാറുള്ളവനാണു്‌ ഞാന്‍ എന്നു എനിക്കു്‌ തന്നെ മനസ്സിലാക്കിത്തന്ന, കുറേ കാലങ്ങളായി ചിന്തിക്കാത്ത കാര്യങ്ങള്‍ ചിന്തിപ്പിച്ച, എനിക്കായി ജനിച്ചതെന്നു്‌ തോന്നിയ ആ പെണ്‍കുട്ടിക്കാവട്ടെ ഇന്നത്തെ ഈ പോസ്റ്റു്‌. അല്ലേ?

മറ്റു സുന്ദരിക്കുട്ടികളേ, I am again available, ക്യൂ പാലിക്കുക. ;‌) [എന്തൊരു അഹങ്കാരം]

-- കരിങ്കല്ല്.

PS: മാനസമൈനേ പാടുക, താടി വളര്‍ത്തുക -- ഈ വകയൊന്നും എനിക്ക്‌ വയ്യ. അവളുടെ കൈത്തണ്ടയില്‍ ഞാനുണ്ടാക്കിയ നഖക്ഷതങ്ങളുടെ അത്രക്കൊന്നും വേഗം മായില്ലെങ്കിലും... പതുക്കെ പതുക്കെ എല്ലാം മാഞ്ഞു പോകും...

PS: ഇവിടെ പരസ്യം ചെയ്യാമോ എന്നറിയില്ല... എന്നാലും സമയം കിട്ടുമ്പോള്‍ സ്മിതയുടെ കിനാവുകള്‍ വായിച്ചു നോക്കൂ...

PS: Was it a mere coincidence that the book I read in the flight was "Oru Sankeerthanam Pole" and the movie was "Jab we met"? -- :)

~~

Friday, April 11, 2008

വെള്ളമുണ്ടും മലയാളവും...

അങ്ങനെ ഞാന്‍ നാട്ടിലെത്തി.

സംഭവബഹുലമായ ഒരു യാത്രയായിരുന്നു ഈ പ്രാവശ്യം. ട്രെയിനിലെ രാജകീയമായ ഭക്ഷണം.... ഫ്രാങ്ക്ഫുര്‍ട്ടിലെ എയര്‍പ്പോര്‍ട്ടില്‍ തണുപ്പില്‍ ഉറക്കം (ഉറക്കം പോലെ എന്തോ ഒന്നു്), ബാംഗ്ലൂരിലേക്കുള്ള ഫ്ലൈറ്റിലെ അനിര്‍വ്വചനീയമായ, അവര്‍ണ്ണനീയമായ ആനന്ദം പകര്‍ന്ന 9 മണിക്കൂറുകള്‍... ബാംഗ്ലൂരില്‍ നിന്നു് നെടുമ്പാശ്ശേരിയിലേക്കുള്ള 1:30 മണിക്കൂര്‍ നേരത്തെ excitement.

പിന്നെ നാട്ടിലെത്തിയപ്പോഴോ - നാട്ടുകാര്‍ക്കൊക്കെ എന്നെ വലിയ കാര്യം. ആദ്യത്തെയും അവസാനത്തെയും ചോദ്യങ്ങള്‍ എല്ലാര്‍ക്കും ഒന്നു തന്നെ - “എന്നു/എപ്പൊ എത്തി?”, “എന്നു തിരിച്ചു പോകും?”

അമ്മൂമ്മയുടെ അടുത്തേക്കു് പോകുന്ന 10 മിനുട്ടു് നടക്കാനുള്ള വഴിയില്‍ തന്നെ 12-ഓളം ആള്‍ക്കാരെ കാണുകയും വിശേഷങ്ങള്‍ പറയുകയും ചെയ്തു! - രാധാമണി, കൊച്ചുപെണ്ണു്, വേണുമേനോന്‍, സതിച്ചേച്ചി, മണിച്ചേട്ടന്‍, എനിക്കറിയാത്ത എന്നെ അറിയുന്ന 2-3 പേര്‍, കുട്ടനും അപ്പുവും അച്ചനും, കണ്ണന്‍, രാഹുച്ചേട്ടന്‍, ആനിച്ചേടത്തിയാര്‍, ലോനപ്പന്‍‌ചേട്ടന്‍ - ഇത്രയും പേരോടു വിശേഷം പറഞ്ഞു് അവിടെയെത്തിയപ്പോഴേക്കും ഒരു നേരമായി!

എന്നു മുതലാണു് എനിക്കിത്ര പ്രാധാന്യം എന്നു് എനിക്കു തന്നെ അറിയില്ല.

കുളിക്കാന്‍ പോകുമ്പോള്‍ പിടികൂടിയതു് വേറെ ചിലരായിരുന്നു - ശോഭനച്ചേച്ചി, ഉഷച്ചേച്ചി, മീരച്ചേച്ചി, രമച്ചേച്ചി.. പിന്നെ എനിക്കറിയാത്ത, എന്നെ അറിയുന്ന രണ്ടു ചേച്ചിമാരും... എല്ലാരും കൂടി എന്നെ ചെറുതായി ഒന്നു വാരി...  എന്തോ ഭാഗ്യത്തിനു് ഇന്നു് ഞാന്‍ ഷര്‍‍ട്ടു് ഇട്ടിരുന്നു... [അതു കാരണം എത്ര തടിച്ചു എന്നു് പറയാന്‍ കഴിയുന്നില്ല... അതായിരുന്നു അവരുടെ ഒരു പരാതി]

പുഴ ഇന്നും പഴയപോലെത്തന്നെ സുന്ദരി! കുറേ നീന്തി... നടുവില്‍ പോയി മലര്‍ന്നു കിടന്നു കുറേ നേരം... ഓരത്തിരുന്നു കുറേ പാട്ടുകള്‍ പാടി.....

- താമരനൂലിനാല്‍ മെല്ലെയെന്‍ [The song]

- പവിഴം പോല്‍ പവിഴാധരം പോല്‍.. [Dream]

- അരികില്‍ നീയുണ്ടായിരുന്നെങ്കില്‍... [Desire]

- ഒരു മധുരക്കിനാവിന്‍ ലഹരിയില്‍.... [Mood]

- പിന്നെയും പിന്നെയും ആരോ കിനാവിന്റെ ... [Hope]

- അവസാനം... അവള്‍ക്കും എനിക്കും വളരേ പ്രിയപ്പെട്ട ആ പാട്ടും - മുടിപ്പൂക്കള്‍ :) [All feelings together]

നല്ല മൂഡിലായിരുന്നു ഞാന്‍!

അതേയ്, രാത്രിഭക്ഷണത്തിനു് സമയമായി...!
ഞാന്‍ അടുക്കളയില്‍ കയറാതെ ഭക്ഷണം കഴിക്കാന്‍ പറ്റുന്ന അപൂര്‍വ്വമായ ഈ പത്തു ദിവസങ്ങള്‍.... :)

പോയി കഴിക്കട്ടെ! :)

- കരിങ്കല്ല്.

PS1: ഫോട്ടോ എടുക്കാന്‍ തുടങ്ങിയില്ല. വന്നു് 2 ദിവസത്തിനുള്ളില്‍ തന്നെ SLR എടുത്തിറങ്ങിയാല്‍ പിന്നെ “വിനയപ്രസാദിന്റെ അനിയന്‍” എന്നുള്ള ഇമേജൊക്കെ പോയിക്കിട്ടും.

PS2: വെള്ളമുണ്ടും മലയാളവും... - ഇതാണു് ഈ 10 ദിവസത്തെ എന്റെ വേഷവും ഭാഷയും - വളരേ സുന്ദരമായ 10 ദിവസങ്ങള്‍! :)

~

Sunday, April 06, 2008

പണിപ്പുരയും ചിത്രങ്ങളും

കൂട്ടുകാരേ...

ഇന്നു ഒരു ചിത്രപ്പോസ്റ്റു്‌ തന്നെ ആയിക്കോട്ടെ എന്നു കരുതി...

എന്റെ പണിപ്പുരയാണു്‌ ഈ കാണുന്നതു്‌ .. പണിപ്പുരയും കിടപ്പുമുറിയും ഒന്നു തന്നെയാണു്‌ ട്ടോ

പണിപ്പുര

മെഴുകുതിരി, ഞാന്‍ ആദ്യം ഒരു ശ്രമം നടത്തി പരാജയപ്പെട്ടതാണു്‌ കിടക്കമേല്‍ വിശ്രമിക്കുന്നതു്‌.
പിന്നീടു്‌ ഇന്നാണു്‌ മെഴുകുതിരി വരക്കാനൊരു ശ്രമം വീണ്ടും നടത്തിയതു്‌ - ഒരു മണിക്കൂറില്‍ കാണിച്ച അഭ്യാസം ആണു്‌ ആ സ്റ്റാന്‍ഡിലെ ക്യാന്‍‌വാസില്‍ കാണുന്നതു്‌.

പിന്നെ ആ പച്ചചിത്രം - അതും കുറേ നാളായി പണിപ്പുരയില്‍ ഇരിക്കുന്നു... ഇന്നാണു്‌ അവനെ ഞാന്‍ ഒന്നു രക്ഷപ്പെടുത്തിയെടുത്തതു്‌ - വിചാരിച്ച അത്രക്കും നന്നായില്ല...

എന്നാലും പേടിച്ച അത്രക്കും ചീത്തയായില്ലല്ലോ എന്നൊരു ആശ്വാസം :)

മുന്തിരിക്കുലയില്‍ ഒരിത്തിരി പണികൂടിയുണ്ടു്‌ - അതിനി നാട്ടില്‍ നിന്നു്‌ വന്നിട്ടേ ഉള്ളൂ.

സാധിക്കുമെങ്കില്‍ പച്ചചിത്രവും മെഴുകുതിരിയും നാട്ടിലേക്കു്‌ എടുക്കണം എന്നുണ്ടു്‌. പെയിന്റു്‌ ഉണങ്ങിക്കിട്ടുമോ എന്തോ!! നോക്കാം...

ചിത്രങ്ങള്‍

ചിത്രങ്ങളുടെ ഒരു കോള്‍ഗേയ്റ്റ് (sorry... close-up) ഇതാ..

അടുത്ത പോസ്റ്റു്‌ നാട്ടില്‍ എത്തിയിട്ടു്‌ :)

സസ്നേഹം.. കരിങ്കല്ലു്‌

~

Tuesday, April 01, 2008

ഒരു മ്യൂണിക് വീരഗാഥ..!

ഉണ്ണീയാര്‍ച്ച...മിനിഞ്ഞാന്നു്, ഞായറാഴ്ചയായിരുന്നു കേരളസമാജം വക വിഷു/ഈസ്റ്റര്‍ ആഘോഷങ്ങള്‍. വലിയ രീതിയിലൊന്നും അല്ലെങ്കിലും ഞാനും ഒന്നു രണ്ടു കൊച്ചു പരിപാടികള്‍ അവതരിപ്പിച്ചു.

ഗാനാലാ‍പനം മാത്രമേ എന്റെ ലിസ്റ്റില്‍ ആദ്യം ഉണ്ടായിരുന്നുള്ളൂ... പിന്നീടു് അവരൊക്കെച്ചേര്‍ന്നു്, എന്നെ സ്കിറ്റിലും ഉള്‍പെടുത്തി.

എന്റെ ജീവിതത്തില്‍ ആദ്യായിട്ടാണു് ഞാന്‍ സ്കിറ്റിലൊക്കെ പങ്കെടുക്കുന്നതു്. പാട്ടു പാടി പാട്ടു പാടിത്തന്നെ അത്യാവശ്യം ബോറടിപ്പിക്കാനുള്ള കഴിവു് എനിക്ക് ആദ്യമേ ഉണ്ട്.

ആദ്യമായിക്കിട്ടിയ വേഷമോ - ഉണ്ണിയാര്‍ച്ച! നാണം പണ്ടേ ഇല്ലാത്ത കാരണം ഞാന്‍ എതിര്‍ത്തൊരു വാക്കുപോലും പറഞ്ഞില്ല.

നല്ല കസവുള്ള മുണ്ടൊന്നു് സംഘടിപ്പിച്ചു, മാറു മറക്കുമാറുടുത്തു. പിന്നീടാണു് പ്രവീണ്‍ പറഞ്ഞതു് - മാറു മറക്കുമ്പോള്‍ ഉള്ളിലെന്തെങ്കിലും വേണം എന്നു്. :(

അങ്ങനെ രണ്ടു് സോക്സു് എടുത്തു് തിരുകിവെച്ചു് ഉണ്ണിയാര്‍ച്ചയെ സെക്സിയാക്കി... അപ്പോള്‍ മുതല്‍ ഞാന്‍ വ്രീളാവതിയായി മാറുകയും ചെയ്തു...! [നാണമാകുന്നൂ... മേനി നോവുന്നൂ‍]

ഏകാങ്കനാടകം കലക്കി എന്നാണറിയുന്നതു്. അവസാനത്തോടടുത്തു് ഉണ്ണിയാര്‍ച്ചാവസ്ത്രാക്ഷേപം തടയാന്‍ ഞാന്‍ കാണിച്ച പങ്കപ്പാടൊക്കെ പൊട്ടിച്ചിരികളുയര്‍ത്തി.

കേരളസമാജം ആര്‍ട്ട്സ് സെക്രട്ടറിയുടെ അഭിപ്രായം ഇതാ...

The sexy unniyaarcha... the great villians.. and the poor IT profi.. all were excellent.
Some special points to note was Sandeeps sexy strong looks and Eldhos choriyal

ഇത്രക്കൊക്കെയേ എന്നെക്കൊണ്ടു പറ്റൂ.

പിന്നെ പാട്ടായിരുന്നു...  ആദ്യം ചെട്ടിക്കുളങ്ങര ഭരണി നാളില്‍ - പ്രേം നസീറിന്റെ അത്രക്കൊന്നും വരില്ലെങ്കിലും അത്യാവശ്യത്തിനു് ഭാവാഭിനയവും പിന്നെ ഒഴിച്ചുകൂടാനാവത്ത ബ്രേയ്ക്ക് ഡാന്‍സും .. കാ‍ണികളില്‍ നിന്നു് ബ്രദര്‍ ഡൊമിനിക്കു് കൂടെ കയറി വന്നു - ഡാന്‍സു് കളിക്കാന്‍.

കുറേ കഴിഞ്ഞു്, രണ്ടു പരിപാടികള്‍ക്കിടയില്‍ ഒരിത്തിരി വലിയ ഇടവേള വന്നപ്പോള്‍, ഞാന്‍ തന്നെ എന്റെ ഒരു പാട്ടു അനൌണ്‍സു് ചെയ്തു് (ഞാനായിരുന്നു കുറേ നേരം ഒഫീഷ്യല്‍ അനൌണ്‍സര്‍) പാടി.

ഒരാള്‍ക്കു്  ഡെഡിക്കേറ്റു് ചെയ്യുകയും ഉണ്ടായി .. ആള്‍ ദൂരത്തായിരുന്നെങ്കിലും..., ഉള്‍ക്കണ്ണുകൊണ്ടു് കണ്ടു് പാടി.. :)നിക്കിയും ഞാനും...

ഇതായിരുന്നു ആ‍ ഗാനം...

[മുടിപ്പൂക്കള്‍ വാടിയാലെന്റോമനേ.... നിന്റെ
ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ....
..
..
..
നിലക്കാത്ത ധനമെന്തിന്നോമനേ.... നിന്റെ
............................................  ഇല്ലയോ..!]

എല്ലാം കഴിഞ്ഞു് രാത്രി എത്തിയപ്പോള്‍ വൈകിയിരുന്നു... പിന്നെ ഇത്തിരി ഒഴിവു കിട്ടിയതിപ്പോഴാ‍ണു്. ഇപ്പോള്‍ത്തന്നെ പോസ്റ്റുന്നു.

എല്‍ദോസ്-പ്രിയ ദമ്പതികളുടെ കുട്ടി കുറേ നേരം എന്റെ കൂടെ ആയിരുന്നു.. ഞങ്ങളുടെ ഒരു ചിത്രം കൂടി കിടന്നോട്ടെ. അല്ലേ? (മുന്നില്‍ നിന്നുള്ള ചിത്രമൊന്നും ഇല്ല! :( )

തല്‍ക്കാലം വിട, സന്ദീപ്  alias കരിങ്കല്ല്.

PS: അക്ഷരങ്ങളുടെ വലിപ്പം കുറച്ചു് കൂട്ടുന്നു. ഇനി കണ്ണട വെക്കാതെയും വായിക്കാം :)

 

~