Wednesday, October 18, 2006

വിവാഹിതരില്‍ വരേണ്ട പോസ്റ്റ്

കുമ്പസാരക്കൂട്ടില്‍ നിന്ന് അയാള്‍ പള്ളീലച്ഛനോട് പറഞ്ഞു.

“അച്ചോ, എനിക്ക് ഭയങ്കര കുറ്റബോധം. ഈയടുത്തായി ഞാന്‍ വളരേയധികം നുണകള്‍ പറയുകയും, കള്ളത്തരങ്ങള്‍ എഴുതുകയും ചെയ്യുന്നു”

“എന്താ തോമാസേ നീയങ്ങനെ? ഇതൊന്നും ശരിയല്ലാന്നു നിനക്കറിഞ്ഞുകൂടേ?”

“ഉവ്വച്ചോ.. എന്നാലും ഇതൊരു നിലനില്‍പ്പിന്റെ പ്രശ്നമാണേ!”

“നീയതിനെന്താ ചെയ്യുന്നേ തോമാസേ?”

“ഞാന്‍ ‘വിവാഹിതര്‍’ എന്ന ബ്ലോഗില്‍ വിവാഹത്തേപ്പറ്റി പുകഴ്ത്തിയും, അവിവാഹിതരെ കൊച്ചാക്കിക്കാ‍ണിച്ചും ലേഖനങ്ങളെഴുതുന്നു. യാതൊരുവിധ സത്യവും ഇല്ലാത്ത കാര്യങ്ങലാണതൊക്കെ. കല്യാണം കഴിച്ചതേ തെറ്റായില്ലേ എന്നു കൂടെ എനിക്ക് സംശയമുണ്ടച്ചോ”

“സാരമില്ല തോമാസേ.. വിവാഹജീവിതം എന്ന പീഢനം തന്നെ നിന്റെ എല്ലാ പാപങ്ങള്‍ക്കുമുള്ള ശിക്ഷയാണു്. എന്നാലും ഞങ്ങള്‍ പള്ളീലച്ചന്‍‌മ്മാര് കല്യാണം കഴിക്കാത്തതിന്റെ ഡിങ്കോള്‍ഫി മനസ്സിലായോ കുഞ്ഞാടേ?”

....
....

പിന്നീട് പള്ളിക്ക് പുറത്ത് കാത്ത് നിന്ന ഭാര്യയുടെ അടുത്ത്..

“എന്താ മന്ഷ്യാ അച്ചനോടൊരു പുന്നാരം പറചില്‍?”

“ഇവിടത്തെ ബാച്ചിലേഴ്സു് തല്ലിപ്പൊളികളെ നിലക്കു നിര്‍ത്താന്‍ എന്തെങ്കിലും ചെയ്യണം എന്ന് പറയായിരുന്നു” എന്നു ഭാര്യയോടു പറഞ്ഞ്, അടുത്ത നുണ പോസ്റ്റ് എന്താവണം എന്നാലോചിച്ച്‌ അയാള്‍ നടന്നു!!

കരിങ്കല്ല്

അടിക്കുറിപ്പ്: ആരും തന്നെ വലിയ കൂടമോ മറ്റും എടുത്ത്, ഈ കരിങ്കല്ലുടക്കാന്‍ വരല്ലേ എന്നൊരു അപേക്ഷ!

Monday, October 16, 2006

നശിപ്പിക്കപ്പെടുന്ന ബാല്യം!! ഹാ കഷ്ടം

എന്റെ ബാല്യവും വളരേ വര്‍ണ്ണശബളമായിരുന്നു. എന്നാലും ഇവിടെ ബാല്യകാലസ്മരണകള്‍ അയവിറക്കുന്ന മൂത്ത പുലികളുടെ അത്രക്കും ഭംഗിയായി, കൊതിപ്പിക്കുന്ന രീതിയില്‍ എഴുതാനുള്ള കഴിവ് എനിക്കില്ല. ചാമ്പമരത്തില്‍ നിന്നു വീണപ്പൊ പറയാന്‍ കൊള്ളാത്തിടത്ത് മരക്കമ്പ് കുത്തിക്കൊണ്ടതും, കുറ്റിയും കോലും കളിച്ചതും, പുഴയില്‍ മണിക്കൂറുകളോളം നീന്തിത്തുടിച്ചതും, മീന്‍ പിടിക്കാന്‍ പോയതും, കക്ക പെറുക്കാന്‍ മുങ്ങാംകുഴിയിട്ടതും, വെള്ളപ്പൊക്കത്തില്‍ കളിച്ചതും.. (അടി കിട്ടിയതും) അങ്ങനെയങ്ങനെ ഒരായിരം കാര്യങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്. ഓര്‍ക്കുമ്പോള്‍ എന്താ സുഖം! അതിനേക്കുറിച്ചൊക്കെ പിന്നെ സൌകര്യം പോലെ എഴുതാം.

ഇപ്പൊ അതല്ല വിഷയം. എന്റെ കസിന്‍സിന്റെ ബാല്യം നശിപ്പിക്കപ്പെടുന്നു!

എന്റെ ചെറിയച്ഛനു് രണ്ട് പെണ്‍കുട്ടികള്‍. ചെറുപ്പം മുതലേ തന്നെ വീട്ടിനകത്തിരുന്നു പഠിക്കുക, TV കാണുക എന്നിവയല്ലാതെ ഒന്നും ചെയ്യാന്‍ സാധിക്കാത്ത രണ്ട് പാവങ്ങള്‍. അവധിക്കാലത്തേ തുടങ്ങും - വരുന്ന വിദ്യാഭ്യാസവര്‍ഷത്തേക്കുള്ള തയ്യാറെടുപ്പിക്കല്‍. കിട്ടാവുന്ന എല്ലാ ക്വിസ് പുസ്തകങ്ങളും വാങ്ങും, സാധിക്കുന്ന എല്ലാ ക്വിസ് മത്സരങ്ങളിലും പങ്കെടുപ്പിക്കും. എല്ലാ scholarship പരീക്ഷകളിലും പങ്കെടുപ്പിക്കും... ഇതു മാത്രമാണു് അവരുടെ ജീവിതം. എല്ലാം നല്ല നല്ല കാര്യങ്ങളല്ലേ.. ആരെങ്കിലും മോശം പറയോ?


മൂത്തവള്‍ 10-ല്‍, നല്ല തകര്‍പ്പന്‍ മാര്‍ക്ക് വാങ്ങി, ഇപ്പൊ പി.സി തോമസിന്റെ അവിടെ പഠിക്കുന്നു. നല്ലതു്, അവള്‍ നന്നായി പഠിക്കട്ടെ. ഇനിയിപ്പൊ അവളെക്കുറിച്ച് വിഷമിക്കണ്ടല്ലോ, പോകാനുള്ള ബാല്യമൊക്കെ പൊയ്പ്പോയല്ലൊ.

IAS എന്നു കേട്ടിട്ടുണ്ടൊ? താഴെയുള്ള മകളെ IAS-കാരിയാക്കാ‍നാണു് ഇപ്പോള്‍ ശ്രമം. ആവുന്നത്തില്‍ തെറ്റൊന്നുമില്ല, നല്ലതു തന്നെ. പക്ഷെ എന്റെ അഭിപ്രായത്തില്‍ അതൊക്കെ കുട്ടി തന്നെ തീരുമാനിക്കേണ്ടതാണു്. അല്ലാതെ 8-ല്‍ പഠിക്കുന്ന ഒരു കുട്ടി IAS-കാരിയാവണമെന്നു് അച്ഛനമ്മമാര്‍ തീരുമാനിക്കേണ്ടതല്ല. ഒരു 15-20 വയസ്സാകുമ്പോള്‍, അവള്‍ക്കു തന്നെ ഒരു തീരുമാനം വരും “ഞാന്‍ എന്താവണം, ആരാവണം“ എന്നൊക്കെ. ഇതിപ്പൊ ആ കുട്ടിയുടെ ഉള്ള കഴിവുകളെ അടിച്ചമര്‍ത്തലാണ്. IAS-Coaching കൊടുക്കുന്ന ഒരു കേന്ദ്രത്തില്‍ admission ഒക്കെ നോക്കുന്നുണ്ട്. ഓര്‍ക്കണം - അവള്‍ വെറും 12 വയസ്സുകാരിയണു്.

അതൊക്കെ നോക്കുമ്പോള്‍ ഞാനും എന്റെ അനിയത്തിയുമൊക്കെ എത്ര ഭാഗ്യം ചെയ്തവരാണു്. എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. എന്നിട്ടും ഞാന്‍ തരക്കേടില്ലാത്ത അവസ്ഥയിലാണു എന്നാണ് എനിക്ക് തോന്നുന്നതു്. എന്റെ പെങ്ങള്‍, ഇപ്പൊ ഇതാ തൃശൂര്‍ engg. college-ല്‍ ചേര്‍ന്നിട്ടുണ്ട്. അതും comp. science-നു്. യാതൊരു കുറവും എനിക്ക് അതില്‍ തോന്നുന്നില്ല.

നല്ല ബാല്യവും ഉണ്ടായിരുന്നു, നല്ല ഭാവിയും ഉണ്ടാകും (in the normal course).

ഒരേയൊരു ആശ്വാസം ഇതു മാത്രം - അവര്‍ക്ക് നല്ല ഭാവി ഉണ്ടാകുമായിരിക്കും. എന്നിരുന്നാലും, നഷ്ടപ്പെട്ടതിന്റെ വില അവരറിയില്ലല്ലോ!!

സഹബ്ലോഗരേ, എനിക്ക് ചെറുപ്പമാണ്. വെറും 24 വയസ്സ്. എന്നേക്കാളും പ്രായവും, വിവരവും കൂടിയവരാണു ഇവിടെയധികവും. എങ്കിലും... നിങ്ങളുടെ മക്കള്‍ ആരാവണം എന്നതു് തീരുമാനിക്കേണ്ടതു് അവരാണു്. ഇനിയിപ്പോ നിങ്ങള്‍ തന്നെ തീരുമാനിച്ചാലും, അവരുടെ താത്പര്യം കൂടെ കണക്കിലെടുക്കൂ.. അതു കൊണ്ട് ഒരു ദോഷവും വരില്ല.

കരിങ്കല്ല്.

Thursday, October 12, 2006

വരം തര്വോ? പകരം മരം ഇതാ...

വെറുതേ ഈ വഴി പോയതാ... അപ്പൊ തോന്നി... ഞാന്‍ ആ വഴിയില്‍ കണ്ട മരത്തിന്റെ പടം ഒരെണ്ണം ഇവിടെ തട്ടിയിട്ടു പോവാം‌ന്നു.


രണ്ടു സഹായങ്ങള്‍ വേണം.
1. ഞാന്‍ പിന്മൊഴി@ജിമെയില്‍.കോം ഒക്കെ കൊടുത്തിട്ടും ഒന്നും നടക്കുന്നില്ല.. വല്ല കൂടോത്രോം ചെയ്തൂ, എന്റെ ബൂലോകത്തിന്റെ നാലു മൂലക്കും വല്ല തകിടും കുഴിച്ചിട്ടുണ്ടോ അരെങ്കിലും? പിന്മൊഴി പരിപാടി ശരിയാക്കാനുള്ള വിദ്യ ആരെങ്കിലും പറഞ്ഞ് തര്വോ?
2. മുകളിലെ ചിത്രത്തിനു നിലവാരക്കുറവു് (bad quality), വലിപ്പക്കുറവു് എന്നിവ ഉണ്ടെങ്കില്‍, അതു പരിഹരിക്കാനുള്ള വിദ്യയും അഭ്യസിപ്പിച്ചാല്‍ കൊള്ളാം.
വെറുതേ വേണ്ട, എന്നെ പഠിപ്പിക്കുന്ന ആളുടെ അടുത്ത പോസ്റ്റ് എത്ര മോശമായാലും, ഞാന്‍ പുകഴ്ത്തിപ്പറയാം...
--
കരിങ്കല്ല്.

Tuesday, October 03, 2006

വെറുക്കുന്നു എല്ലാരേയും ... ഇഷ്ടം കാരണം

ഗുരുവുമായുള്ള എന്റെ അടുത്ത കൂടിക്കാഴ്ച്ചക്കു ധാരാളം വായിക്കാനുണ്ട്. അതിനിടയില്‍, രണ്ട് ദിവസം മുമ്പാണു ഞാന്‍ മലയാളം ബ്ലോഗ് ലോകത്തേക്കു വന്നതു്. ഇനി ഇപ്പോ ഇതു മുഴുവന്‍ വായിച്ചു തീര്‍ക്കാതെ എനിക്ക് മറ്റൊന്നും തന്നെ ചെയ്യാന്‍ വയ്യ. വിശാലനും മുഴുവിന്ദനും സുചേച്ചിയും അരി/പെരിങ്ങോടരും എല്ലാരും കിടുകിടു സാധനങ്ങളല്ലേ എഴുതി വെച്ചിരിക്കുന്നതു്‌! എന്റെ ഉറക്കവും കളയിച്ച്, അപ്പുറത്തേ സുന്ദരിയേക്കൊണ്ട് “ഇവന്‍ പ്രാന്തനോ? - പാതിരാത്രി പൊട്ടിച്ചിരിക്കാന്‍.. അതും പകല്‍ കണ്ടാല്‍ മൈന്‍ഡ് ചെയ്യാത്ത് മുരടന്‍” എന്നു ചിന്തിപ്പിക്കുന്നതു് നിങ്ങളല്ലേ? നിങ്ങളോടൊക്കെ ആരെങ്കിലുമൊക്കെ ചോദിച്ചോളും....

അല്ല, ബൂലോകത്തേക്കു വരാന്‍ വൈകിയതിപ്പോ എന്റെ കുറ്റമാണെങ്കിലും... തന്നെത്താന്‍ കുറ്റം പറയാന്‍ ഒരു സുഖല്ല്യ. അതാ ഇപ്പൊ നിങ്ങളെയൊക്കെ വെറുക്കാന്‍ കാരണം.

മലയാളികള്‍ പ്രതികരണ ശേഷി കൂടിയവരാണെന്നുള്ളതിനു ബൂലോകം മറ്റൊരു തെളിവു്. എത്ര പിന്മൊഴികളാ വരണേ... ആംഗലേയത്തില്‍ ഇത്രക്കൊന്നും ഞാന്‍ കണ്ടിട്ടില്ല. മാത്രല്ല, ഒരു ഒത്തൊരുമയും സുഖൊം ഒക്കേണ്ട്.. :) എല്ലാരേം നേരിട്ടറിയണ മാതിരി, അല്ലെങ്കില്‍ അറിയണംന്ന് തോന്നുന്ന പോലെ. എനിക്ക് കിട്ടിയ മറുമൊഴികള്‍ തന്നെ എന്നെ നന്നായി പ്രോത്സാഹിപ്പിക്കുന്നു.

അപ്പൊ ഞാനും ഒരു കൊച്ചു് സംഭവം എഴുതാന്‍ നോക്കാം... അധികമൊന്നും പ്രതീക്ഷിക്കണ്ടാട്ടോ...

ഇക്കൊല്ലം തുടക്കത്തിലാണു്, ഞാന്‍ മൈക്രോസോഫ്റ്റ്‌-ല്‍ ജോലി ചെയ്യുന്നു. പാതാളഗര്‍ത്തങ്ങളുള്ള ഹൈദരാബാദ് റോഡുകളിലൂടെയുള്ള എന്റെ വായുഗുളിക വാങ്ങാനുള്ള പാച്ചില്‍ താങ്ങാനുള്ള ത്രാണിയില്ലാതെ എന്റെ മാധുരി-800 വിശ്രമത്തിലായിരുന്ന ആ മഞ്ഞുകാലം. റിലീസ് ഡേറ്റ് അടുത്തതിനാല്‍ ഞാന്‍ പാതിരാ കഴിഞ്ഞിട്ടാണു് വീട്ടില്‍ പോകാനിറങ്ങിയത്. (റിലീസ് ഡേറ്റ് അടുത്തല്ലെങ്കില്‍ കൃത്യം പാതിരക്കു തന്നെ പോകാന്‍ സാധിക്കാറുണ്ട്)

Home-Drop കിട്ടാനായി ഓടിച്ചെന്നു.. ഭാഗ്യത്തിന് ഇന്‍ഡിക്കയിലെ മുന്‍സീറ്റ് തന്നെ കിട്ടി. വണ്ടി വിട്ടതും പിന്‍സീറ്റിലിരുന്ന ആരൊ “ഹലോ” എന്നു പറയുന്നു. “ഒന്നു മയങ്ങാനും സമ്മതിക്കില്ലേ?” ഞാനോര്‍ത്തു. അപ്പോഴല്ലേ അവന്‍ സംസാരിക്കുന്നതു മലയാളം ആണെന്നു കേട്ടതു്. വേറെ പണി ഒന്നും ഇല്ലല്ലോ. ഞാന്‍ അവനെ മുന്‍പ് കണ്ടിട്ടുമില്ല. തത്ക്കാലത്തേക്കു മലയാളം അറിയാത്ത പോലെ ഇരുന്ന് കഥയൊക്കെ കേള്‍ക്കാം... :)

ആ പ്രതീക്ഷക്കൊത്ത ഒന്നും അവന്‍ സംസാരിക്കുന്നില്ല.. എന്തൊ ചേച്ചിയെന്നോ അമ്മയെന്നോ ഒക്കെ പറഞ്ഞ് കേട്ടപ്പോള്‍ എന്റെ താത്പര്യം ഒക്കെ പോയി..

കഷ്ടിച്ച് 2 മിനുട്ട് കഴിഞ്ഞില്ല, സംഭാഷണം നല്ല രസം പിടിക്കാന്‍ തുടങ്ങി. രാത്രി ഒരു മണിക്കു ചുള്ളന്‍ ഇരുന്ന് സൊള്ളുന്നു!! (അമ്മയും ചേച്ചിയും ഉറങ്ങിയെന്ന് ആദ്യം തന്നെ ഗഡി ഉറപ്പു വരുത്തീതു കേട്ടതാ എന്റെ താത്പര്യം കളഞ്ഞതു്)

“നമ്മളു് ജോയിന്‍ ചെയ്തിട്ട് നാളത്തേക്കു ആറ് മാസം തികയുവാടീ... ഓര്‍മ്മയുണ്ടോ?” ആറ് മാസം എന്നതു പതിനാറ് കൊല്ലത്തേക്കാള്‍ വലിയ ഒരു കാലയളവാണെന്ന ഭാവത്തില്‍ അവന്‍ അവളോടു പറഞ്ഞു.

“അതിന്റെ സന്തോഷത്തിന് ഞാന്‍ നിനക്കെന്താ വാങ്ങിത്തരണ്ടേ?”. ഇതായിരുന്നു അടുത്ത ചോദ്യശരം! ഞാന്‍ ഓര്‍ത്തപ്പോള്‍ എനിക്കും ആ‍റു മാസം തികയുന്നതു അടുത്ത ദിവസമാണു്. എനിക്കു എന്താ വേണ്ടതു് എന്നു ആരും തന്നെ ചോദിച്ചിട്ടില്ലായിരുന്നു :(

വള, ഹാന്‍ഡ്‌ബാഗ്, കുന്തം കുടച്ചക്രം അങ്ങനെ ഒരുമാതിരിപ്പെട്ട സാധനങ്ങളൊക്കെ അവന്‍ ഓഫര്‍ ചെയ്തു. അവള്‍ക്കു യാതൊന്നും പിടിച്ചെന്നു് തോന്നുന്നില്ല. അങ്ങനെ അവന്‍ പതിനെട്ടാമത്തെ അടവെടുത്തു.

“നിനക്കു ഞാനൊരു കത്തെഴുതാം.. ഇടക്കിടക്കെടുത്തു വായിക്കാല്ലോ!” - എനിക്കു ചിരിയടങ്ങുന്നില്ല..

പാവം കാമുകന്‍, അതും ചീറ്റിപ്പോയി. വീണ്ടും അവന്‍ സൌന്ദര്യവര്‍ധക വസ്തുക്കളില്‍ എത്തി.

“എന്നാപ്പിന്നെ ക്യൂട്ടക്സ് തരാം”

ഇനി വയ്യ... ഞാന്‍ പുറകിലേക്കു തിരിഞ്ഞു പറഞ്ഞു - “കണ്മഷി എന്നു പറയെടാ.. അതാ കുറച്ച് കൂടെ നല്ലതു്”

കുറച്ചു നേരത്തേക്കു കാറില്‍ നിശ്ശബ്ദത പരന്നു. പിന്നീട് അവന്‍ ഫോണിലേക്കു പറഞ്ഞു - “ഒന്നൂല്ല്യ, എനിക്കൊരു പണി കിട്ടീതാ”. ഞാന്‍ ചിരി ശരിക്കും കടിച്ചമര്‍ത്തി.

ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തിട്ട്, ചമ്മലോടെ അവന്‍ എന്നോട് - “മലയാളിയാണല്ലേ...”

ആ ചമ്മല്‍ കണ്ടപ്പോള്‍ എന്റെ തമാശ ലേശം കൂടിയോന്ന് എനിക്ക് തോന്നി. എന്നാലും പിന്നീട് സംസാരിച്ചപ്പോള്‍ അവനും ഒരു സഹൃദയന്‍ തന്നെ. സമാധാനമായി. പിന്നീടു് ഞങ്ങള്‍ സുഹൃത്തുക്കളുമായി.

----

എനിക്കറിയാം... മറ്റ് എഴുത്തുകാരുടെ ഏഴയലത്ത് പോലുമില്ല ഇവന്‍ എന്ന്. എനിക്കെന്റെ ട്രൌസറല്ലേ ഇടാന്‍ പറ്റുള്ളൂ? വിശാലേട്ടാ ഏതു തെങ്ങിന്റെ തേങ്ങ തലയില്‍ വീണട്ടാ ഈ എഴുത്തുവിദ്യ കിട്ടീതു്? നാട്ടില്‍ പോവുമ്പോ ദിവസോം അതിന്റെ ചോട്ടില്‍ കുറച്ച് നേരം പോയിരിക്കാനാ..

Monday, October 02, 2006

തുടങ്ങിക്കഴിഞ്ഞു... ബുദ്ധിമുട്ടിയിട്ടാണെങ്കിലും.

കുറച്ച് കാലമായി മലയാളത്തില്‍ എഴുതണം എന്നുള്ള ആഗ്രഹം മനസ്സില്‍ ജനിച്ചിട്ട്. ഇന്നലെ രാവിലെ ഇരുന്ന് അതിന്റെ പരിപാടി അങ്ങ് പഠിച്ചെടുത്തു. വിക്കിയില്‍ എഴുതാനാ‍യിരുന്നു ആദ്യം ആഗ്രഹം, എന്തായാലും പഠിച്ച സ്ഥിതിക്ക് ഒരു മലയാളം ബ്ലോഗ് കൂടെ തുടങ്ങിക്കളയാമെന്ന് വെച്ചു.

എന്നാപ്പിന്നെ ഒരു കിടിലോല്‍ക്കിടിലന്‍ പേരു തന്നെ വേണ്ടേ? പേരന്വേഷിച്ചു അന്വേഷിച്ച് വശക്കേടായി. മറ്റു ബൂലോകരെല്ലാം തന്നെ നല്ല “ണപ്പ്”/തകര്‍പ്പന്‍ പേരുള്ളവരല്ലേ. അങ്ങനെ “ജീരക മിട്ടായി” എന്നു സ്വയം നാമകരണം ചെയ്തു. പിന്നീട് ആ പേരു എനിക്ക് തന്നെ ഇഷ്ടമില്ലാ‍ എന്നു മനസ്സിലായി - ഗുമ്മു് പോരാ.

അങ്ങനെയാണു് കരിങ്കല്ലിന്റെ ഉത്ഭവം. ഒറ്റവാക്കായതിന്റെ സുഖമുണ്ടു്.

മറ്റൊരു ബൂലോകം ഉള്ള എനിക്കിത് തലവേദന ആവുമോ എന്നു ചെറിയൊരു സംശയം ഉണ്ട്. എന്താച്ചാല്‍, വായനക്കാരു കൂടുതല്‍ ഉള്ളിടത്തല്ലേ എഴുതാന്‍ സുഖം? അല്ലെങ്കില്‍ ഈ കുന്ത്രാണ്ടത്തില്‍ ഇരുന്ന് കുത്തണ നേരം ഒരു ഡയറി എടുത്തങ്ങു എഴുതിയാല്‍ പോരേ?

മറ്റു ആശാന്മാരേ പോലെ തമാശകള്‍ തട്ടാനുള്ള വകുപ്പോന്നും നമ്മടെ കയ്യിലില്ല. നിത്യ ജീവിതത്തില്‍ ഉണ്ടാകുന്ന ചില കൊചു കൊചു കാര്യങ്ങള്‍ എഴുതുക. അത്രേയുള്ളൂ. അടുത്ത {entry} മുതല്‍ കാര്യത്തിലേക്കു കടക്കാം.

- കരിങ്കല്ല്.

വാല്‍ക്കഷണം : മലയാളത്തില്‍ എഴുതാന്‍ ഭയങ്കര ബുദ്ധിമുട്ട്. കണ്ടമാനം സമയം വേണം. എന്നാലും എഴുതിക്കഴിഞ്ഞ് ഒന്ന് നോക്കുമ്പോള്‍, വായിക്കുമ്പോള്‍ ഒരു സുഖം.
വാല്‍ക്കഷണത്തിന്റെ ബാക്കി: {blog entry} - ടെ മലയാളം എന്താ?

Sunday, October 01, 2006

ഞാ‍ന്‍ തുടങ്ങാന്‍ തുടങ്ങുന്നു....

ഒരുപാട് ആഗ്രഹങ്ങള്‍ ഒന്നുമില്ല.. ഇവിടെ എഴുതാന്‍ തുടങ്ങുമ്പോള്‍! മനസ്സില്‍ വരുന്നവയെല്ലാം എഴുതാന്‍ ഒരിടം. എല്ലാം എഴുതാന്‍ കുളിരുള്ള സൂര്യന്‍ പോര..
.
സമയം പോലെ വല്ലപ്പോഴുമൊക്കെ ഇവിടെ വരൂ.. വായിക്കൂ... അഭിപ്രായം അറിയിക്കൂ... വിമര്‍ശിക്കൂ... ഞാന്‍ നന്നായി എഴുതിയിട്ടുണ്ടെങ്കില്‍ അനുമോദിക്കൂ... വളരാനായി പ്രോത്സാഹിപ്പിക്കൂ‍...
.
ബൂലോകത്ത്ക്കു് വരാനുള്ള ആഗ്രഹം എന്റെ മനസ്സില്‍ വളര്‍ത്തിയ ബൂലോക മാനവരേ... നിങ്ങള്‍ക്കെന്റെ ഒരായിരം നന്ദി.
.
- സന്ദീപ്.