Tuesday, December 04, 2007

ഇത്രക്കൊക്കെ വേണോ?

അതിഭയങ്കരമായ സ്നേഹപ്രകടനം!!

sneham 

ഇവിടുന്ന്  കിട്ടിയ ചിത്രം!

-- സന്ദീപ്.

Saturday, October 06, 2007

ഒക്ടോബര്‍ഫെസ്റ്റ് അഥവാ ഒക്ടോബര്‍ഫെസ്റ്റ്

ഈ ഒക്ടോബര്‍ഫെസ്റ്റ് എന്നു പറയുന്ന സംഭവം.... മ്യൂണിക്കിലെ ഒരു ബിയര്‍ഫെസ്റ്റിവല്‍ ആണു്‌. 2 ആഴ്ച സമയം കൊണ്ട് എകദേശം 6 മില്യണ്‍ ആള്‍ക്കാര്‍ ബിയര്‍ കുടിക്കാന്‍ വരുമെന്നു്‌ പറഞ്ഞാല്‍ മനസ്സിലാക്കാമല്ലോ അതിന്റെ ഒരു ഇതു്‌.

ഇന്നലെ വൈകീട്ട് ഞാനും പോയി - നല്ല തിരക്കുള്ള ഒരാഴ്ചക്കു്‌ ശേഷം. ഇതിപ്പോ 3-ആമത്തെ പ്രാവശ്യമാണു്‌ (2004, 2006.. ഇപ്പൊ 2007) - ആദ്യമായി അവിടുന്നു്‌ കുടിക്കുകയും ചെയ്തു.

There must be a couple of pictures below here. I dont know what happened with them! When I published, they were there... what happened now?


അതേ... ഇതു തന്നെ. ഇങ്ങനെയുള്ള ഒരു ലിറ്റര്‍ മഗ്ഗിലാണു്‌ ബിയര്‍ കുടിക്കുന്നത്. (ഈ ചിത്രം ഞാനെടുത്തതല്ല... താഴെയുള്ളവയൊക്കെ എന്റെ ക്യാമറയില്‍ പതിഞ്ഞതാണ്‌)

സുന്ദരിക്കുട്ടികള്‍ ഏറെയുണ്ടെന്ന് ഞാനിനി പ്രത്യേകിച്ചു്‌ പറയണോ? :)

[ബാച്ചികളേ... എന്റെ നിയന്ത്രണരേഖയുടെ നെല്ലിപ്പലക ഞാന്‍ കണ്ടെന്നു പറഞ്ഞാല്‍ മതിയല്ലോ!]







താഴെയുള്ള ചിത്രങ്ങള്‍ ഞാന്‍ മുമ്പൊരിക്കല്‍ എടുത്തതാണു്‌ - still valid.

ബിയര്‍ കൊണ്ടുവന്നു തരുന്ന ചേച്ചിമാര്‍.







കോഴിയെ ശരിപ്പെടുത്തുന്നതെങ്ങനെ...? ഇങ്ങനെ... താഴെ



കുടിക്കുന്ന ആള്‍ക്കാര്‍..

അതിനെക്കുറിച്ച് പറയുന്നതിന്ന് മുമ്പ് - ഈ സംഭവം നടക്കുന്നതു്‌ വലിയോരു മൈതാനത്തിലാണു്‌. അവിടെ വലിയ 7 ടെന്റുകളുണ്ടാക്കും (ഒരു ടെന്റ് എന്ന് പറഞ്ഞാല്‍... ഏതാണ്ടൊരു circus-tent പോലിരിക്കും) അതിനുള്ളില്‍ നിറയെ ബെഞ്ചുകളും ഡെസ്ക്കുകളും. ടെന്റിന്റെ നടുവില്‍ ഒരു stage-ല്‍ കുറേ പാട്ടുകാര്‍.

അവര്‍ പാടും (അധികവും ജര്‍മ്മന്‍ നാടന്‍ പാട്ടുകള്‍).. കുടിക്കുന്നവര്‍ കൂടെപ്പാടും. ചിലര്‍ ആടും... ചിലര്‍ ബെഞ്ചിന്റെ മുകളില്‍ കയറിനിന്ന് ആടും... [മൂത്ത് മൂത്ത് ചിലര്‍ ഡെസ്ക്കിന്മേലും... :)]

അതാണു്‌ ഈ താഴെക്കാണുന്ന ചിത്രങ്ങള്‍.

ഒന്നു്‌



രണ്ട്


മൂന്നു്‌


ഇനിയൊരു കൊച്ചുകഥ.

മേയ്‌മാസത്തിലും ഉണ്ടിവിടെ ചെറിയൊരു ബിയര്‍ ഫെസ്റ്റിവല്‍ - ബിയര്‍ കുടിക്കാന്‍ കാരണമൊന്നുമില്ല എന്ന കാരണത്താല്‍ ബിയര്‍ കുടിക്കുന്ന ടീമുകളാണു്‌ ഇവിടെയുള്ളവര്‍. ബിയര്‍ഫെസ്റ്റിനും അവര്‍ക്കു്‌ കാരണമൊന്നും വേണ്ടാ..

അപ്പൊ പറഞ്ഞുപറഞ്ഞ്‌ വന്നത്...

ഞാന്‍ അതിനും പോയിരുന്നു.... കുടിക്കാനുള്ള ഉദ്ദേശ്യം ഇല്ലായിരുന്നു. അവിടെ പോയി മറ്റുള്ളവര്‍ കുടിക്കുന്നതും അര്‍മ്മാദിക്കുന്നതും കണ്ട് ഞാനിരുന്നു. അപ്പോഴല്ലേ അറിഞ്ഞത് - ഒരു മത്സരം - ടെന്റിന്റെ നടുവിലുള്ള തൂണില്‍ പൊത്തിപ്പിടിച്ചു്‌ കയറിയാല്‍ ഒരു മഗ്ഗ് ബിയര്‍ ഫ്രീ. എന്റെ അടുത്തിരുന്ന ചേട്ടന്‍ എന്നെ ഭയങ്കരമായി പ്രലോഭിപ്പിച്ചു.

അങ്ങനെ ഞാന്‍ മരം കയറാന്‍ തുടങ്ങി - ഒരു മലയാളി എന്ന ഒരൊറ്റ കാരണത്താല്‍ തന്നെ അവിടെയുണ്ടായിരുന്ന ആരേക്കാളും തന്നെ യോഗ്യന്‍ ഞാനായിരുന്നു - തെങ്ങുകയറാന്‍ :)

ദാ ഇങ്ങനെ... [മൊബൈലില്‍ പതിഞ്ഞതിനാല്‍ quality കമ്മി]



അങ്ങനെ ഞാന്‍ വിജയകരമായി ആ കൃത്യം നിര്‍‌വ്വഹിച്ച്, ഒരു ലിറ്റര്‍ ബിയര്‍ വാങ്ങി.

അതു്‌ ഇങ്ങനെ.. [മൊബൈലില്‍ പതിഞ്ഞതിനാല്‍ quality കമ്മി]



സന്ദീപ്.

Tuesday, September 25, 2007

അദ്ധ്വാനിക്കാതെ സമ്പാദിക്കുന്നവന്‍

കുറേക്കാലമായി ഞാന്‍ ഇങ്ങനെ സ്കോളര്‍ഷിപ്പിന്റെ ബലത്തില്‍ ജീവിക്കാന്‍ തുടങ്ങിയിട്ടു്‌. 2003 July - ല്‍ തുടങ്ങിയതാണു്‌. ഇടക്കൊരിത്തിരികാലം Microsoft എന്ന ഭീമന്‌ വേണ്ടി പണിയെടുത്തതല്ലാതെ യാതൊരു പണിയും എടുത്തിട്ടില്ല.

ഇങ്ങനെ പഠിച്ചുകൊണ്ടിരിക്കുക എന്നല്ലാതെ... [എന്നാല്‍ ശരിക്കു്‌ പഠിക്കുന്നുണ്ടോ... അതൊട്ടില്ലതാനും ;) ... ആരോടും പറയല്ലേ..]

ഇപ്പോ എന്തിനാ ഇങ്ങനെ ഒരു പോസ്റ്റ്? എനിക്കറിയില്ല...

കഴിഞ്ഞ ഒരു മാസമായിട്ടു്‌ യാതൊരു വസ്തുവും പഠ്ച്ചില്ല... പലപല കാരണങ്ങളാല്‍....

മനസ്സില്‍ കുറ്റബോധം തോന്നുന്നു...

ധാരാളം പഠിക്കാനും... ചെയ്യാനും ഉണ്ട്.. ഓര്‍ക്കുമ്പോള്‍ ഭയമാകുന്നു. തുടങ്ങട്ടെ ഞാന്‍ എന്റെ ഭാണ്ഡം അഴിക്കുവാന്‍..

അതിനുമുന്‍പൊരു കൊച്ചു ചിത്രം.... ഇന്നലെ രാത്രി ഞാനെന്റെ അടുക്കള ജനലിന്നടുത്തു്‌ നിന്നുകൊണ്ട് എടുത്തതു്‌.



ഞാനത്ര വലിയ പടം‌പിടിത്തക്കാരനൊന്നുമല്ല... എന്നാലത്ര മോശവുമല്ല്...
ഒന്നു രണ്ടെണ്ണം കൂടിയിരിക്കട്ടെ അല്ലേ? (ALPS-ല്‍ പോയപ്പോള്‍ എടുത്തത് - മിനിഞ്ഞാന്നു്‌)

ഗുഹയിലേക്കൊഴുകുന്ന പുഴ/അരുവി

1. ഉള്ളില്‍നിന്നുള്ള ചിത്രം..



2. പുറത്തുനിന്നുള്ള ചിത്രം...



സന്ദീപ്.

Friday, August 31, 2007

അഡിഡാസിന്‌ ഒരാഡ്... "ad(vertisement)"

ഇന്ന്‌ വൈകുന്നേരം ഞാന്‍ നഗരമദ്ധ്യത്തില്‍ നടക്കാന്‍‌ പോയി. അവിടെ പാര്‍ക്കില്‍ കുറച്ചുനേരം പച്ചപ്പരവരതാനിയില്‍‌ കിടന്നു.

അപ്പോഴല്ലേ തോന്നിയത്‌ എന്റെ കാലിന്റെ തന്നെ ഒരു പടമെടുത്തുകളയാം എന്ന്‌... മൊബൈലില്‍ രണ്ടെണ്ണം പിടിപ്പിച്ചു. വീട്ടില്‍ വന്നു്‌ അതു കമ്പ്യൂട്ടറിലേക്കു്‌ മാറ്റിയപ്പോഴല്ലേ അതു്‌ അഡിഡാസിന്‌ പറ്റിയ ഒരു ആഡാണു (ad) എന്ന് തോന്നിയതു്‌.



ഇതു്‌ കണ്ട് കമ്പനിക്കാര്‌ വല്ല കാശും തന്നാലോ? :) [എല്ലാര്‍ക്കും ചെലവു്‌ തരാം :) ]



കരിങ്കല്ല്‌.

Wednesday, August 29, 2007

എന്റെ വിമാനയാത്രാ പരീക്ഷണങ്ങള്‍!

അങ്ങനെ ഞാനും വിമാനത്തില്‍ കയറാന്‍ തീരുമാനിച്ചു. ഓണമല്ലേ വരുന്നത്, ഇതിലും നല്ല ഒരു സമയം ഉണ്ടോ എന്തെങ്കിലൂം തുടങ്ങാന്‍? എന്നായിരുന്നു എന്റെ ചിന്ത. അല്ലെങ്കിലും "കല്ലട" / കല്ല്‌ അല്ലാത്ത അട എന്നിവയിലുള്ള യാത്ര എനിക്ക്‌ മടുത്ത് തുടങ്ങിയിരുന്നു.

വിമാനത്തിലാണെങ്കില്‍ മൂന്നു-നാലു്‌ ചരക്ക്‌ ചേച്ചിമാരെയും കാണാല്ലോ!(hostess ചേച്ചിമാര്‍)

പാവപ്പെട്ടവരുടെ സ്വന്തം വിമാനക്കമ്പനി എന്നു വിളിക്കാവുന്ന `എയര്‍ ഡെക്കാന്‍'-ല്‍ ടിക്കറ്റും ബുക്കിക്കഴിഞ്ഞു.

അഞ്ചര മണിക്കാണു്‌ ടേക്ക് ഓഫ്. മൂന്ന് മണിക്കെങ്കിലും ബ്രൗസിങ്ങ്/പണി നിര്‍ത്തി ഇറങ്ങണം.. എന്നാലേ ബാംഗ്ലൂരിലെ തിരക്കില്‍ സമയത്തിനു്‌ അവിടെ എത്താന്‍ പറ്റുള്ളൂ.

ഞാന്‍ 2-3 ദിവസം മുമ്പേ തന്നെ ഒരുക്കങ്ങള്‍ തുടങ്ങി. സംഗതി നമ്മടെ തൃശൂര്‍ക്കാണെങ്കിലും പരിഭ്രമം ഒട്ടും കുറക്കണ്ടാ എന്നു വെച്ചു.

അങ്ങനെ നമ്മടെ ദിവസം വന്നു. സഹമുറിയന്‍ ജോജോ ചോദിച്ചു - "ഡാ.. നിന്നെ അങ്ങ്ട് കൊണ്ടാക്കണാ?"

പിന്നേ... അവന്റെ ചളുക്ക് ബൈക്കില്‍ എന്റെ പട്ടി പോവും... (അതും അവന്റെ ബൈക്ക്‌ പോലുമല്ല.... വല്ലവന്റെയും കടം വാങ്ങിയ വണ്ടി) അതും ആദ്യമായി വിമാനയാത്രക്കു പോവുമ്പോള്‍!

ഞാന്‍ വിനയത്തോടെ പറഞ്ഞു - "അതൊന്നും വേണ്ട്രാ.. ഞാന്‍ വല്ല ടാക്സിയിലും പോക്കോളാം".

ഉച്ചക്കു ഓഫീസില്‍ എല്ലാരോടും ഓണാശംസകളൊക്കെ പറഞ്ഞ് ഞാന്‍ പുറപ്പെട്ടു. വിമാനത്താവളത്തിലെത്തി. അവിടത്തെ ഡെക്കാന്‍ കൗണ്ടറിലെ ചേച്ചിയുടെ കയ്യില്‍ ടിക്കറ്റ് കൊടുത്തു.

ടിക്കറ്റ്‌ നോക്കിയിട്ട് ചേച്ചി എന്നെയൊരു നോട്ടം...

എന്റെ അനുഭവങ്ങള്‍ പാച്ചാളികള്‍ പഠിപ്പിച്ച പാഠത്തില്‍ നിന്നെനിക്ക്‌ മനസ്സിലായി... സ്ഥിരമായി സംഭവിക്കാറുള്ളത്‌ സംഭവിച്ചിരിക്കുന്നു -യേതു്‌... അബദ്ധം!

എന്നാലും... ഇന്നു്‌ ഞാന്‍ perfect ആണല്ലോ.. cooling glass പോലും മറന്നിട്ടില്ല.

"Sorry sir, you flight was scheduled for five thirty morning. You are 12 hours late."

അതേ .. അതു തന്നെ.. നല്ല മുട്ടന്‍ മണ്ടത്തരം. പത്തിരുപത്തഞ്ചു്‌ വയസ്സായ ആണൊരുത്തനല്ലേ... കരയാന്‍ പറ്റ്വോ? എന്നെത്തന്നെ ഞാന്‍ കുറേ തെറി വിളിച്ചു.

24-മണിക്കൂര്‍ clock-നെ കണ്ടമാനം തെറി വിളിച്ചു.

കഴിഞ്ഞതൊക്കെ കഴിഞ്ഞു. തിരിച്ചു പോണ്ടേ... എന്നാപ്പിന്നെ ഇനി ജോജോ-യെത്തന്നെ വിളിക്കാം.. എന്നു വെച്ചു അവനെ വിളിച്ച് പറഞ്ഞു -- "ഡാ ഇനിക്കു്‌ ഇപ്പൊ നമ്മടോടക്കു പോരണം... നീയാ വണ്ടീം കൊണ്ട് വാ"

അവന്‍ സ്നേഹത്തോടെ മൊഴിഞ്ഞു - "അതൊന്നും വേണ്ട്രാ.. നീ വല്ല ടാക്സീം പിടിച്ച്‌ പോരേ".

ദേഷ്യത്തില്‍ ഞാന്‍ പറഞ്ഞ തെറിയൊക്കെ അവന്റെ ചിരിയില്‍‌ മുങ്ങിപ്പോയി!

വഴിയില്‍ കാണുന്നവരോടൊക്കെ യാതൊരു ആവശ്യവുമില്ലാതെ - നാട്ടിലേക്കു "വിമാനത്തില്‍" പോകുന്ന കാര്യം നല്ല ശബ്ദത്തില്‍ പറഞ്ഞതൊക്കെ വെറുതേയും ആയി.

നാലു്‌ ദിവസത്തേക്കു്‌ പുറത്തോട്ടെങ്ങും ഇറങ്ങിയുമില്ല! :(

[എന്റെ പ്രിയ സുഹൃത്തിനു വേണ്ടി എഴുതിയത്‌ - സംഭവം ഇതൊക്കെയാണെങ്കിലും അവന്‍ ആളൊരു പുലിയും, ഭയങ്കര ബുദ്ധിമാനും ആണു്‌ --- ഒരു ചെറിയ പ്രസ്ഥാനം എന്നൊക്കെ വേണമെങ്കില്‍ പറയാം.]

കരിങ്കല്ല്‌.

Monday, June 25, 2007

ആറടി പൊക്കക്കാരന്‍!?

ഇതെന്തു പൂവാണു്‌ കൂട്ടരേ? ആറടി ഉയരത്തില്‍ ആയതു്‌ കാരണം മുകളില്‍ നിന്നെടുക്കാന്‍ സാധിച്ചില്ല..



എന്നാലെന്താ താഴെ നിന്നു്‌ എടുക്കാല്ലോ ഫോട്ടോ? :)



മൊബൈലില്‍ പതിഞ്ഞതു്‌ - കിടിലനല്ലേ?

സന്ദീപ്.

Monday, February 05, 2007

തൊമ്മനൊന്നഴഞ്ഞപ്പൊ ചാണ്ടി മുറുകി

ജീവിതം അങ്ങനെ തിരക്കോടു തിരക്കില്‍... തിക്കിതിരക്കി നീങ്ങുകയാണു്. ഇന്നായിരുന്നു ഈ സെമെസ്റ്ററിലെ അവസാനത്തെ ക്ലാസ്സ്.

ഇക്കഴിഞ്ഞ ഒരു സെമെസ്റ്ററില്‍ മുഴുവന്‍ ഞാനെടുത്ത ക്ലാസ്സുകളെക്കുറിച്ച് അഭിപ്രായം ചോദിക്കണം എന്നു നേരത്തേ തന്നെ കരുതിയിരുന്നു. അതു ശരി, ഞാനിതു വരെ ആ കാര്യം നിങ്ങളോടു പറഞ്ഞിട്ടില്ല അല്ലേ?

"Fundamental Algorithms" - അതാണ് ഞാന്‍ എടുക്കുന്ന വിഷയത്തിന്റെ പേരു്. ഞാനൊറ്റക്കല്ലാട്ടോ... ഞാന്‍ വെറും അസിസ്റ്റന്റാണു്.എന്നാലും ആഴ്ചയില്‍ 2 ക്ലാസ്സ് ഞാന്‍ എടുക്കും, 2 എണ്ണം മറ്റേയാള്‍ എടുക്കും. ഈ "Fundamental Algorithms" എന്നാല്‍ കമ്പ്യൂട്ടര്‍ സയന്‍സിലെ ഒരു സംഗതി ആണു. വളരേ പ്രധാനപ്പെട്ട ഒന്നു്. എന്റെ വിദ്യാര്‍ത്ഥികള്‍ എല്ലാരും Master Students ആണ്.

ഇന്നു എന്റെ വിദ്യാര്‍ത്ഥികള്‍ എല്ലാരും ഉണ്ടായിരുന്നു. ക്ലാസ്സൊക്കെ കഴിഞ്ഞ്, ഞാന്‍ അഭിപ്രായം ചോദിച്ചു. അവര്‍ പറഞ്ഞത് കേട്ട് സത്യം പറഞ്ഞാല്‍ ഞാന്‍ കോരിത്തരിച്ചു :) എല്ലാര്‍ക്കും ഇഷ്ടാ‍യീത്രേ എന്റെ പഠിപ്പിക്കല്‍ :)

2 കുറ്റങ്ങളും പറഞ്ഞൂട്ടോ..

1. കുറച്ചു കൂടെ കട്ടിയുള്ള മഷി ഉപയോഗിക്കണം.
2. ബോര്‍ഡിലെ സ്ഥലം കുറച്ച്കൂടെ നന്നായി വിനിയോഗിക്കണം

സാരമില്ല... അടുത്ത കോഴ്സില്‍ ശരിയാക്കാം. അല്ലേ?

അങ്ങനെ ഇന്നത്തോടെ കുറച്ച് എക്സ്ട്രാ സമയം കിട്ടുമെന്ന് കരുതിയിരുന്നപ്പോഴാണു... വേറൊരു കുഴപ്പം വന്നു ചാടിയത്. കുഴപ്പം എന്നു പറയാന്‍ വയ്യ - ഒരു ചെറിയ ടെന്‍ഷന്‍. 2-3 മാസത്തിനുള്ളില്‍ ഒരു ഇവാല്യുവേഷന്‍ ഉണ്ടാവുമത്രേ. ഇനിയിപ്പൊ അതിനായി ഒരുങ്ങണം... ചെറിയ പേടി തോന്നുന്നു. (ഇതാണു തൊമ്മനൊന്നഴഞ്ഞപ്പൊ ചാണ്ടി മുറുകി എന്നു പറഞ്ഞത്)

ഈയാഴ്ച ലേശം തിരക്കു കൂടുതലാ..

1. ഇന്ന് സിനിമ - The departed (പോയാല്‍ പറയാം പോയീന്നു്)
2. ജര്‍മ്മന്‍ പഠനം - ചൊവ്വ, വ്യാഴം
3. Ice Skating പഠനം - ബുധന്‍, വെള്ളി
4. ബുധനാഴ്ചയിലെ ഇന്ത്യന്‍ സംഗമം
5. വെള്ളിയാഴ്ച പ്രൊഫസ്സറുമായുള്ള കൂടിക്കാഴ്ച - അതിനായുള്ള ഒരുക്കങ്ങള്‍ - ഹെര്‍ക്കൂലിയന്‍ Task എന്ന് വേണമെങ്കില്‍ പറയാം...
6. ഇതിലെല്ലാമുപരി, അന്നന്നത്തെ ഭക്ഷണം ഉണ്ടാക്കിക്കഴിക്കല്‍
7. എന്റെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുമായുള്ള കൂടിക്കാഴ്ച് ഞാന്‍ weekend-ലേക്കു തട്ടി.

5-ആമത്തെ കാര്യത്തിനു വേണ്ടി അതിനു മുകളില്‍ ഉള്ളതെല്ലാം ചിലപ്പൊ മാറ്റി വെക്കേണ്ടി വന്നേക്കും...
6-ആമത്തേതിനു ഒരു തരത്തിലും മാറ്റമില്ല :)

നമ്മുടെ ജയന്‍ പറയുന്ന പോലെ വയിച്ചോളൂ.. “കാവിലമ്മേ..... ശക്തി തരൂ‍...ഊ..ഊ..

അപ്പൊ ശരി.. എല്ലാം പറഞ്ഞ പോലെ,
സന്ദീപ്.

PS: ഇന്നതേ എഴുതാവൂ എന്നൊന്നും ഇല്ല ബ്ലോഗില്‍ എന്നറിയാം. എന്നാലും മലയാളം ബ്ലോഗുകളില്‍ സാഹിത്യം (കഥ, നര്‍മ്മം, പുരാണം, കവിത, പിന്നെ വിമര്‍ശനം) മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ‍. ഞാനിങ്ങനെ ജീവിതത്തില്‍ നിന്നൊരേട് പച്ചക്കെടുത്തെഴുതിയാല്‍... എന്റെ എഴുത്തിന് വായനക്കാരില്ലാതാകുമോ?

Friday, February 02, 2007

എന്റെയല്ലാത്ത അവള്‍, അവളുടെയല്ലാത്ത ഞാന്‍.

ചില്ലു ജാലക വാതിലിന്‍ തിരശീല ഞൊറിയുമ്പോള്‍...
മെല്ലെയൊന്നു കിലുങ്ങിയൊ... കൈവളകളറിയാതെ


ഈ പാട്ട് കേള്‍ക്കുകയായിരുന്നു.. ഇന്നു രാവിലെ ഞാന്‍ ട്രെയിനില്‍ വരുമ്പോള്‍.

മനസ്സില്‍ ആകെക്കൂടെ ഒരു വിങ്ങല്‍ തോന്നി.. സാഹചര്യം വ്യത്യസ്തമാണു്. എന്നാലും എനിക്കവളെ ഓര്‍മ്മ വന്നു. കാണുന്ന എല്ലാ പെണ്‍കുട്ടികളേയും ഇഷ്ടപ്പെടുന്ന സ്വഭാവക്കാരനാണ് ഞാന്‍. വളരേയധികം പെണ്‍കുട്ടികളെ അങ്ങനെ ഇഷ്ടപ്പെട്ടിട്ടും ഉണ്ട്.

എന്നാലും അവളോട് തോന്നിയിട്ടുള്ള പോലെ ആരോടും തോന്നിയിട്ടില്ല. വേണമെന്നു വെച്ചിരുന്നെങ്കില്‍ ഒരുപക്ഷേ...
വേണമെന്നു വെച്ചില്ല! വിഡ്ഡിത്തം ആയെന്നു തോന്നുന്നുമില്ല. എന്നാലും.. ഇനിയവളേപ്പോലൊരുവള്‍ .. വരും. വരാതെവിടെപ്പോവാന്‍...

അതും എന്നേപ്പോലുള്ളൊരു “eligible bachelor"-നു്.

അവളുടെ കല്യാണം ഒക്കെ കഴിഞ്ഞു. ഞങ്ങള്‍ ഇപ്പോഴും നല്ല സുഹൃത്തുക്കള്‍ ആണു്. ഞാന്‍ വളരേ സന്തോഷവാനും ആണു് - അവള്‍ happy ആണെന്നതില്‍. (Even otherwise too I am happy)

അവളെ അറിയാവുന്നവര്‍ ഈ ബ്ലോഗ് വായിക്കില്ലെന്നു കരുതുന്നു (മലയാളം അറിയാത്ത എന്റെ friends). വായിക്കുന്നവര്‍ക്ക്, അവളെയും അറിയില്ല. :)

അയ്യൊ!! അവള്‍ക്കു മലയാളം അറിയാം... ഒരു പക്ഷേ ഇതു വായിക്കുകയും ചെയ്യും!! :(
സാരമില്ല... അറിഞ്ഞിരിക്കുന്നതില്‍ തെറ്റൊന്നുമില്ലല്ലോ അല്ലേ?

എന്നാല്‍ ഒരു പാട്ട് ഡെഡിക്കേറ്റ് ചെയ്തിട്ട് പോവാം... എല്ലാര്‍ക്കും :) - വരികള്‍ ശ്രദ്ധിക്കൂ.

എത്ര കാലം നാം ദൂരെയെന്നാലും....
വാടുമോ നീ സൌഹൃദത്തിന്‍ വാസനപ്പൂവേ..


സന്ദീപ്.

PS: പെട്ടെന്നെന്തൊ... ശാരിക മനസ്സിലേക്കു ഓടിവന്നു.. എന്റെ അവസാനത്തെ ഇഷ്ടം. ഞാനാളു് ശരിയല്ലാട്ടോ. എന്റെ കം‌പ്ലീറ്റ് ഡീറ്റെയിത്സ് പുറത്ത് വിട്ടാല്‍ പിന്നെ പെണ്ണ് കിട്ടില്ല...

Sunday, January 28, 2007

ഒരമ്മയുടെ ദു:ഖം

ധാരാളം കാര്യങ്ങള്‍ ചെയ്തു് തീര്‍ക്കാനുണ്ടു്, എന്നാലും ഇന്നിപ്പൊ ഇതെഴുതാതെ വയ്യ. കുറേക്കാലമായി ഈ ബ്ലോഗില്‍ എഴുതിയിട്ടു് - ബ്ലോഗ്ഗര്‍മാരുടെ കടിപിടിയും മറ്റും കാരണം ഞാന്‍ വിട്ടുനിന്നു. ഇപ്പൊ ഞാന്‍ അധികം ബ്ലോഗുകളൊന്നും വായിക്കാറില്ല.. - സമയക്കുറവു്, അതാണു് കാരണം. ചില പുലികളെയൊക്കെ വിടാതെ വായിക്കാറുമുണ്ടു്.

ഇപ്പോഴത്തേ പാട്ടു് -

ആകാശഗോപുരം പൊന്മണി മേടയാ‍യ്
അഭിലാഷഗീതകം സാഗരമായ്...


അപ്പൊ കാര്യത്തിലേക്കു കടക്കാം.. ഞാനിപ്പൊ ഒരു ഇറ്റാലിയന്‍ കുടുംബത്തിനൊപ്പം ഒരു പേയിംഗ്-ഗസ്റ്റ് ആയാണു് താമസിക്കുന്നതു്. ഇവിടെ വീട്ടില്‍ എനിക്കു സുഖമാണു്, നല്ല മുറി, മറ്റ് സൌകര്യങ്ങള്‍, എല്ലാമുണ്ട്.

വീട്ടുടമസ്ഥ ഒരു 55-60 വയസ്സ് പ്രായമാ‍യ ഒരു നല്ല സ്ത്രീ. അത്യാവശ്യം തിരക്കുള്ള ഒരു ബിസിനസ്സ്-കണ്‍സല്‍ട്ടന്റ് ആണു പുള്ളിക്കാരി. (ഭര്‍ത്താവുണ്ടോ, ഇല്ലയോ എന്നീ കാര്യങ്ങള്‍ ഒന്നും എനിക്കറിയില്ല, ആകെ അറിയവുന്നതു് - രണ്ട് ആണ്‍കുട്ടികള്‍ ഉള്ളതില്‍ രണ്ടു പേരുടെയും അച്ഛന്മാര്‍ രണ്ടു പേരാണു് എന്നാണു്)

മൂത്ത മകന്‍ 29 വയസ്സ് പ്രായം. കക്ഷി ഒരു കുക്ക് ആണു്. എന്തൊക്കെ ആയാലും സ്വന്തം കാര്യത്തിനുള്ള വക സ്വയം ഉണ്ടാക്കുന്നുണ്ട്.

താഴെയുള്ളവന്‍ 25 വയസ്സ് - പാഷാണത്തില്‍ കൃമി!!

3 മാസത്തോളമായി ആശാന്‍ വീട്ടിലാണു. തിന്നു മുടിക്കലും, കുടിയും, ഉറക്കവും അല്ലാതെ ഒന്നും ചെയ്യുന്നതായി ഞാന്‍ കണ്ടിട്ടില്ല. ആദ്യത്തെ കുറച്ച് ദിവസങ്ങള്‍ അവന്‍ (പ്രായം എന്നേക്കാള്‍ കൂടുതലാണു്‌) ഞാനുണ്ടാക്കുന്ന ഭക്ഷണം കട്ടു തിന്നുകൊണ്ടിരുന്നു. അദ്യമൊക്കെ അവന്റെ ചേട്ടന്‍ പറയുമായിരുന്നു - എടുക്കരുതെന്നു. പിന്നീട് ആ ചേട്ടന്‍ എന്നോട് പറഞ്ഞു - എനിക്കു വയ്യ ഇനി പറയാന്‍, സ്വയം പറഞ്ഞോളൂ എന്നു്!

ഒരു മാസം നാട്ടിലെ സുഖവാസമൊക്കെ കഴിഞ്ഞ് ഞാന്‍ വന്നപ്പോഴും അവന്‍ എന്റെ ഭക്ഷണം കഴിക്കുന്ന പതിവു് നിര്‍ത്താനുള്ള ഉദ്ദേശ്യം ഇല്ല. അങ്ങനെ ഒരു ദിവസം ഞാന്‍ ചീത്ത പറഞ്ഞ് കട്ടുതീറ്റ നിര്‍ത്തിച്ചു.

ആലോചിച്ച് നോക്കൂ - ഒരു വീട്ടില്‍ താമസിച്ചു്, അവിടുത്തെ കുട്ടിയെ (കുട്ടിയൊന്നുമല്ല, ഒരു മന്തക്കന്‍ ചേട്ടനെ) ചീത്ത പറയേണ്ടി വരുന്ന അവസ്ഥ! എന്നാലും ആ ചീത്ത കേട്ടതോടെ അവന്‍ നന്നായി. ഇപ്പൊ വളരെ decent :)

എന്നാലും, ആ അമ്മയുടെ തലവേദന. എന്നും ഇവന്‍ അമ്മയുമായി വഴക്കാണു്. സ്വന്തം കാര്യം നോക്കാതെ, ഒരു പണിയും എടുക്കാതെ, അമ്മയുടെ കൂടെ തല്ലു കൂടാന്‍ നാണമാവില്ലേ? എന്റെ മുമ്പില്‍ വെച്ച് വഴക്ക് പറയാന്‍ ആ അമ്മക്കും കാണില്ലേ വിഷമം?

ഞാനെന്താ ചെയ്യാ. ആ അമ്മയുടെ നേരെ സിമ്പതിയോടെ ഒന്നു നോക്കും. ഇങ്ങനെയുമുണ്ടോ സന്തതികള്‍ എന്നു അത്ഭുതപ്പെടും!

സ്വന്തം കാര്യം നോക്കാന്‍ പ്രാപ്തി നേടുക എന്നതു വലിയ ഒരു കാര്യമാണു്. അതിനു കഴിയില്ലെങ്കില്‍ പിന്നെന്തിനാ ജീവിക്കുന്നത്?

ഇപ്പോഴത്തെ പാട്ട് -

I got my first real six string...
... Those were the best days of my life


തത്ക്കാലം വിട, സന്ദീപ്.