Showing posts with label വികാരവിക്ഷോഭം. Show all posts
Showing posts with label വികാരവിക്ഷോഭം. Show all posts

Thursday, July 24, 2008

സൂചിക്കുഴയും ഒട്ടകവും...


തലക്കെട്ടു തന്നെ മതിയല്ലോ അല്ലേ? ഞാനിനി കൂടുതല്‍ എഴുതണോ??

പരോപകാരമേ പുണ്യം...
പാപമേ പരപീഢനം ....

എന്നല്ലേ? ആവുന്നതും മറ്റുള്ളവരെ സഹായിക്കാന്‍ ഞാന്‍ എന്നാലാവുന്ന വിധം ശ്രമിക്കാറുണ്ട്. പലപ്പോഴും സഹായം ആവശ്യമുള്ളവരെ സ്വയം കണ്ടുപിടിച്ചു സഹായിക്കാന്‍ സാധിച്ചെന്നു് വരില്ല. എന്നാലും ആരെങ്കിലും എന്തെങ്കിലും ഹെല്പ് വേണമെന്നു് പറഞ്ഞാല്‍ ഞാന്‍ ഒരിക്കലും ഒഴിഞ്ഞു മാറിയിട്ടില്ല.

ഒരു സാധാരണക്കാരന്റെ മിനിമം കടമയാണു് അതെന്നും ഞാന്‍ വിശ്വസിക്കുന്നു.

എന്നാല്‍... ഇങ്ങനെയുള്ള എന്റെ ഈ വീക്ക്നെസ്സിനെ ചിലര്‍‌ ചൂഷണം ചെയ്യാന്‍ തുടങ്ങിയാലോ?

പി.എച്.ഡി, ജര്‍മ്മന്‍ പഠനം, വായനശാലയിലെ ജോലി, സമ്മര്‍‌സ്കൂളിലെ സഹായം, പിന്നെ എന്റെ പേഴ്സണല്‍ കാര്യങ്ങള്‍ ... ഇതെല്ലാം ഞാന്‍ തന്നെ ചെയ്യണ്ടേ? ഒരു വിധം തരക്കേടില്ലാതെ ചെയ്യുന്നുമുണ്ട് എന്നാണെന്റെ ധാരണ.

ഇതിന്റെ കൂടെ മറ്റൊരുവന്റെ വിഴുപ്പും കൂടെ ചുമക്കാന്‍ വയ്യ. എന്നാല്‍ ഒരു പരസ്പര ധാരണയില്‍, പരസ്പര സഹായത്തിലൊക്കെയാണെങ്കില്‍ പോട്ടെ എന്നു വെക്കാം. തൂമ്പയുടെ [കൈക്കോട്ട്] സ്വഭാവമാണെങ്കിലോ ഈ പറഞ്ഞ പുള്ളിക്കു്?

ഞാന്‍ മനുഷ്യബന്ധങ്ങളെ മെറ്റീരിയലൈസ് ചെയ്യാന്‍ ശ്രമിക്കുകയല്ല ... എന്നാലും, എന്നും എന്നെ ആശ്രയിക്കുക മാ‍ത്രം ചെയ്യുന്ന, സ്വന്തം കാര്യം പോലും വൃത്തിയായി ഒരിക്കലും ചെയ്യാത്ത ഒരാളെ ഞാന്  (ഞങ്ങള്‍ 2 പേര്‍‌) എത്രകാലം ചുമക്കും.

ഒരു മലയാളിയല്ലേ... നാട്ടുകാരനല്ലേ.. പാവമല്ലേ എന്നൊക്കെ കുറേ വിചാരിച്ചു. ഞാന്‍ എന്റെ ക്ഷമയുടെ നെല്ലിപ്പടിയോളം എത്തിയിരിക്കുന്നു. ചെറിയ ചെറിയ കാര്യങ്ങളില്‍ സഹായിച്ചതിന്റെ പ്രതിഫലമായിരിക്കണം... അവന്റെ എല്ലാക്കാര്യങ്ങളും ചെയ്തുകൊടുക്കാനുള്ള ക്വട്ടേഷന്‍ കിട്ടിയിരിക്കുന്നു. അതു തന്നെ സൂചിക്കുഴയും ഒട്ടകവും! :)

എന്റെ ജീവിതത്തില്‍ ഞാന്‍ ആരുമായും വഴക്കു കൂടിയിട്ടില്ല. പൊതുവേ സമാധാനപ്രിയനാണു്... എന്നാ‍ല്‍ ..... ഇതിപ്പോള്‍ എന്തെങ്കിലും സം‌ഭവിക്കും എന്ന അവസ്ഥയിലെത്തുന്നു.  എത്തിയിരിക്കുന്നു...

അമ്മൂമ്മ പറയാറുണ്ട് - “ഒരരിശത്തിന്നു് കിണറ്റില്‍ ചാടാം... എന്നാല്‍ പത്തരിശമുണ്ടാ‍യാലും കയറിപ്പോരാന്‍ പറ്റില്ല” എന്നു.

അതൊരൊറ്റക്കാരണത്താല്‍ ഞാന്‍ എല്ലാം ഒരു ബ്രേക്കിട്ട് നിര്‍ത്തിയിരിക്കുന്നു. എന്നെ ദേഷ്യം പിടിപ്പിക്കല്ലേ...  നനഞ്ഞിറങ്ങിയാല്‍ പിന്നെ ഞാന്‍ ശരിക്കും കുളം തോണ്ടിയിട്ടേ കയറി വരൂ... ;)

അല്ല.. ഈ ദേഷ്യം മുഴുവന്‍ ഇവിടെ എഴുതിപ്പിടിപ്പിച്ചിട്ടെന്തു കാര്യം? അവനോടല്ലേ സൂചിപ്പിക്കേണ്ടതു്?

ഒരായിരം പ്രാവശ്യം സൂചിപ്പിച്ചതാണു്... മനസ്സിലാവില്ലെന്നു വെച്ചാല്‍‌?

എന്തായാലും കുറേയൊക്കെ നിങ്ങളോടു പറഞ്ഞു് കഴിഞ്ഞപ്പോള്‍ എനിക്കും ഒരിത്തിരി സമാധാനം.

പിന്നെ ഇങ്ങനത്തെ കുറേ കൊച്ചുകൊച്ചു പ്രശ്നങ്ങളല്ലേ ജീവിതത്തിന്റെ ഒരു ബ്യൂട്ടി? അല്ലേ? :) ഇങ്ങനെയൊക്കെയല്ലേ ഈ ലോകം നമ്മളെ നാളേക്കു് വേണ്ടി ഒരുക്കുന്നതു്? :)

സ്നേഹാദരങ്ങളോടെ,
കരിങ്കല്ല്.