Friday, December 12, 2008

മിഴിയോരം ... അല്ല... ജനലോരം


അധികം എഴുതാതെ രക്ഷപ്പെടാനുള്ള വഴിയാണല്ലോ ചിത്രപ്പോസ്റ്റുകള്‍ ;)

കുറേ കാലം കൂടി വരുമ്പോള്‍ അതാണ്‌ നല്ലതു്‌... അടുത്തതു മുതലാവട്ടെ കൂടിയ കാര്യങ്ങള്‍ :)

എന്റെ വീട്ടിലെ ജനലോരത്ത് നിന്നുള്ള കുറച്ച് ദൃശ്യങ്ങള്‍ .. സുന്ദരമല്ലേ? :)

എന്റെ ജനലിലൂടെ കയ്യെത്തിച്ചാല്‍ തൊടാം :) ..

 

 

ഇതു മുറ്റത്തെ... വീട്ടില്‍ നിന്നൊരു 4-5 മീറ്റര്‍ അകലെ....

ഇനി എല്ലാം പിന്നെ..

കാലൊക്കെ പതുക്കെ ശരിയായി വരുന്നു... 

സ്നേഹാദരങ്ങളോടെ ... ഞാന്‍ ...

Saturday, November 22, 2008

അവസാനം മഴ പെയ്തു… :)

 

ഞാനിപ്പൊ നാട്ടില്‍ വിശ്രമത്തിലാണല്ലോ… ജനലോരത്തൊരു കട്ടിലിട്ടു് അതിലാണധികനേരവും എന്റെ കിടപ്പ്/ഇരിപ്പ്. വീടിനകത്തൊരിത്തിരി നടക്കും എന്നല്ലാതെ പുറത്തിറങ്ങിത്തുടങ്ങിയിട്ടില്ല…

എന്റെ ജനലിലൂടെ നോക്കിയാല്‍ അമ്മയുടെ കൊച്ചു പൂന്തോട്ടവും, അമ്പലത്തിലേക്കുള്ള വഴിയും (വഴിയിലൂടെ പോകുന്നവരേയും) കാണാം. അമ്പലത്തില്‍ പ്രദക്ഷിണം വെക്കുന്നവരേ കൂടി കാണാവുന്ന ജനലോരത്തേക്ക് മാറാം എന്നു പറഞ്ഞപ്പോള്‍, കാണാന്‍ കൊള്ളാവുന്ന ആരും (പെണ്‍കുട്ടികള്‍) ഇല്ല എന്നാണു് അമ്മ പറയുന്നതു്. 

ഒരു പരിധി വരെ അതു ശരിയുമാണു്. കഴിഞ്ഞയാഴ്ച അമ്പലത്തില്‍ ഒരു കുഞ്ഞു വിശേഷം ഉണ്ടായപ്പോള്‍ മാത്രമാണു് ഞാന്‍ പുറത്തിറങ്ങിയതു്. [അമ്പലത്തില്‍ അന്നു ഭക്ഷണം ഉണ്ടായിരുന്നതു് കൊണ്ടാണു് ഞാന്‍ ഒന്നരക്കാലും വെച്ചു പോയതെന്നു അസൂയക്കാര്‍ പറയും. അതൊന്നും സത്യമല്ല എന്നു നിങ്ങള്‍ക്കറിയാല്ലോ ഇല്ലേ?]

അന്നു കണ്ടതാണല്ലോ അമ്പലത്തിലെ കളക്ഷന്‍. അമ്മ പറഞ്ഞതില്‍ തെറ്റില്ല – കാണാന്‍ കൊള്ളാവുന്ന കുട്ടികള്‍ പോരാ! :( എനിക്കിഷ്ടമുള്ള കുട്ടിയെ ആണെങ്കില്‍ അമ്മക്കും അനിയത്തിക്കും അത്ര താത്പര്യം പോരാ…! :(

അപ്പൊ ഞാന്‍ വഴിതെറ്റി പോകുന്നു. പൈങ്കിളിയല്ല എന്റെ (ഇന്നത്തെ) വിഷയം … :)

ഞാ‍നങ്ങനെ കിടന്നു പൂക്കളും മരങ്ങളും ചെടികളും എല്ലാം നോക്കി ആസ്വദിക്കും. ചിലപ്പോള്‍ സിറ്റ്-ഔട്ടില്‍ പോയി താഴെ മാര്‍ബിളില്‍ കിടന്നു പുറത്തേക്കു നോക്കും.. കിണറും, മരങ്ങളും എല്ലാം അടിപൊളി… … പച്ചപ്പ്… ചുറ്റും പച്ച…. തെങ്ങ്, മാവു്, പേര, ബദാം, കണിക്കൊന്ന, വാഴകള്‍, പിന്നെ തോട്ടത്തിലെ പേരറിയുന്നതും അറിയാത്തതും ആയ ധാരാളം ചെടികള്‍ … അകെ മൊത്തം ഭയങ്കര ഭംഗി.

ഇതൊക്കെ ഉണ്ടെങ്കിലും എനിക്കൊരു കുറവനുഭവപ്പെടുന്നുണ്ടായിരുന്നു …

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉച്ചയോടെ ചെറിയ തോതില്‍ മേഘങ്ങള്‍ ഉണ്ട് മാനത്തു്.  ഞാനാണെങ്കില്‍ ഒരു വേഴാമ്പലിനേ പോലെ കാത്തിരിക്കുകയാണു – ഒരു മഴ വരാന്‍. എന്നും ഞാന്‍ വിചാരിക്കും -- “ഇന്നു പെയ്യും”. 

പെയ്തില്ല, പെയ്യില്ല!! :(

എന്നാല്‍ ഇന്നു് രാവിലെ മഴ ചാറാന്‍ തുടങ്ങി. ഞാന്‍ എന്റെ വടികളും ഒക്കെ എടുത്തു പുറത്തേക്കു പോവാന്‍ തയ്യാറായി.

ഒരു ചെറിയ ചര്‍ച്ചക്കൊടുവില്‍ മഴയില്‍ പോവാന്‍ അമ്മ സമ്മതിച്ചു. ചര്‍ച്ചയൊക്കെ കഴിഞ്ഞപ്പോഴേക്കും മഴ കുറഞ്ഞു. :(

തകര്‍ന്ന ഹൃദയത്തോടെ ഞാന്‍ വീട്ടിലേക്കു തിരിച്ചു കയറി.

ഭാഗ്യമെന്നു പറയട്ടെ… കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും മഴ വന്നു. ഇപ്രാവശ്യം പെട്ടെന്നു തന്നെ ഞാന്‍ പുറത്തിറങ്ങി… അധികം ശക്തമായ മഴ അല്ലെങ്കിലും മഴയെ നന്നായി ആസ്വദിച്ചു…..

ഈ ക്രച്ചസും പിടിച്ചു നടക്കല്‍ ഒരു സുഖവും ഇല്ലാത്ത പരിപാടി ആണുട്ടോ :(…. അതും സാധാരണ നടക്കുക പോലും ചെയ്യാത്ത എനിക്കു് (ഞാന്‍ ഓടുകയും ചാടുകയും തുടങ്ങിയ കലാപരിപാടികള്‍ മാത്രമേ ഉള്ളൂ)…. ഈ ക്രച്ചസ് നടത്തം ഭയങ്കര സ്ലോ… (ബി. എസ്. എന്‍. എല്ലിന്റെ കണക്ഷന്‍ പോലെ)

അപ്പൊ പറഞ്ഞു വന്നതു്… എന്റെ വീടിനടുത്തു ഒരു ഒഴിഞ്ഞ പറമ്പുണ്ട്… അവിടെ വരെ ഞാന്‍ മഴയത്ത് പോയി.. അവിടെ പോയപ്പോഴോ … ആ പറമ്പില്‍ ഒരു പൂപ്പരവതാനി.. എന്തിലും ചീത്ത മാത്രം കാണുന്നവര്‍ക്കു “മുള്‍പ്പരവതാനി” എന്നും പറയാം … എന്നാലും എനിക്കു പൂപ്പരവതാനി തന്നെ… – തൊട്ടാവാടിച്ചെടികളാണു് പരവതാനി വിരിച്ചിട്ടുള്ളതു് :)

എന്നിട്ടു ഞാന്‍ മുഴുവനല്ലെങ്കിലും … ഒരുവിധം നിറഞ്ഞ ഹൃദയത്തോടെ വീട്ടിലേക്കു് വന്നു! :)

അങ്ങനെ … അവസാനം മഴപെയ്തെന്റെ മനം കുളിര്‍ന്നു. :)‌

സ്നേഹാദരങ്ങളോടെ, കരിങ്കല്ല്.

PS: വാഗ്ദത്തകഥ അടുത്ത പ്രാവശ്യം.. കേട്ടോ? :)

Thursday, November 20, 2008

ത്രീ റോസസ്...


ഈ ചായക്കു് മണമില്ല...
മണമുണ്ടെങ്കില്‍ സ്വാദില്ല...
സ്വാദുണ്ടെങ്കില്‍ കടുപ്പമില്ല...
ഏതു ചായയ്ക്കുണ്ട് ഈ മൂന്നു ഗുണവും????


മൂന്നു ഗുണവുമുള്ള ത്രീ റോസസ്!!!

ഓര്‍മ്മയില്ലേ ഈ പരസ്യം...?????

എന്നാലിനി എന്റെ ഒരു അനുകരണക്കവിതയാവാം.. അതേ ഈണത്തില്‍ തന്നെ പാടണേ! :)

ഈ നാട്ടിലോ കറണ്ടില്ല...
കറണ്ടുള്ളപ്പോള്‍ ഫോണില്ല...
ഫോണുള്ളപ്പോള്‍ നെറ്റില്ല...
ഏതു നാട്ടിലുണ്ട് ഈ മൂന്നും കൂടി....???


എന്തായാലും എന്റെ നാട്ടിലല്ല... (നെല്ലായി)

അപ്പൊ, ബി. എസ്. എന്‍. എല്‍ എന്ന അതികായന്റെ സഹിക്കാനാവാത്ത സേവനമനസ്ഥിതി കാരണം എനിക്കു് ബ്ലോഗ്ഗാന്‍ സാധിക്കുന്നില്ല.

മുകളില്‍ പറഞ്ഞ എല്ലാ ചേരുവകളും... പിന്നെ എഴുതാനുള്ള മൂഡും ചേര്‍ന്നു വന്നാല്‍, ഞാന്‍ ഒരു കഥയെഴുതാം അടുത്ത പോസ്റ്റില്‍... ഓ കേ?

സ്നേഹാദരങ്ങളോടെ, ഞാന്‍.

PS: എന്റെ ഒരു സ്ഥിരം വായനക്കാരിയുടെ പേരു് എടുത്തു ഞാനിവിടെ പന്താടുന്നതാ‍യി തോന്നിയെങ്കില്‍, അതു തികച്ചും യാദൃച്ഛികം മാത്രം... :)‌

~