Saturday, November 22, 2008

അവസാനം മഴ പെയ്തു… :)

 

ഞാനിപ്പൊ നാട്ടില്‍ വിശ്രമത്തിലാണല്ലോ… ജനലോരത്തൊരു കട്ടിലിട്ടു് അതിലാണധികനേരവും എന്റെ കിടപ്പ്/ഇരിപ്പ്. വീടിനകത്തൊരിത്തിരി നടക്കും എന്നല്ലാതെ പുറത്തിറങ്ങിത്തുടങ്ങിയിട്ടില്ല…

എന്റെ ജനലിലൂടെ നോക്കിയാല്‍ അമ്മയുടെ കൊച്ചു പൂന്തോട്ടവും, അമ്പലത്തിലേക്കുള്ള വഴിയും (വഴിയിലൂടെ പോകുന്നവരേയും) കാണാം. അമ്പലത്തില്‍ പ്രദക്ഷിണം വെക്കുന്നവരേ കൂടി കാണാവുന്ന ജനലോരത്തേക്ക് മാറാം എന്നു പറഞ്ഞപ്പോള്‍, കാണാന്‍ കൊള്ളാവുന്ന ആരും (പെണ്‍കുട്ടികള്‍) ഇല്ല എന്നാണു് അമ്മ പറയുന്നതു്. 

ഒരു പരിധി വരെ അതു ശരിയുമാണു്. കഴിഞ്ഞയാഴ്ച അമ്പലത്തില്‍ ഒരു കുഞ്ഞു വിശേഷം ഉണ്ടായപ്പോള്‍ മാത്രമാണു് ഞാന്‍ പുറത്തിറങ്ങിയതു്. [അമ്പലത്തില്‍ അന്നു ഭക്ഷണം ഉണ്ടായിരുന്നതു് കൊണ്ടാണു് ഞാന്‍ ഒന്നരക്കാലും വെച്ചു പോയതെന്നു അസൂയക്കാര്‍ പറയും. അതൊന്നും സത്യമല്ല എന്നു നിങ്ങള്‍ക്കറിയാല്ലോ ഇല്ലേ?]

അന്നു കണ്ടതാണല്ലോ അമ്പലത്തിലെ കളക്ഷന്‍. അമ്മ പറഞ്ഞതില്‍ തെറ്റില്ല – കാണാന്‍ കൊള്ളാവുന്ന കുട്ടികള്‍ പോരാ! :( എനിക്കിഷ്ടമുള്ള കുട്ടിയെ ആണെങ്കില്‍ അമ്മക്കും അനിയത്തിക്കും അത്ര താത്പര്യം പോരാ…! :(

അപ്പൊ ഞാന്‍ വഴിതെറ്റി പോകുന്നു. പൈങ്കിളിയല്ല എന്റെ (ഇന്നത്തെ) വിഷയം … :)

ഞാ‍നങ്ങനെ കിടന്നു പൂക്കളും മരങ്ങളും ചെടികളും എല്ലാം നോക്കി ആസ്വദിക്കും. ചിലപ്പോള്‍ സിറ്റ്-ഔട്ടില്‍ പോയി താഴെ മാര്‍ബിളില്‍ കിടന്നു പുറത്തേക്കു നോക്കും.. കിണറും, മരങ്ങളും എല്ലാം അടിപൊളി… … പച്ചപ്പ്… ചുറ്റും പച്ച…. തെങ്ങ്, മാവു്, പേര, ബദാം, കണിക്കൊന്ന, വാഴകള്‍, പിന്നെ തോട്ടത്തിലെ പേരറിയുന്നതും അറിയാത്തതും ആയ ധാരാളം ചെടികള്‍ … അകെ മൊത്തം ഭയങ്കര ഭംഗി.

ഇതൊക്കെ ഉണ്ടെങ്കിലും എനിക്കൊരു കുറവനുഭവപ്പെടുന്നുണ്ടായിരുന്നു …

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉച്ചയോടെ ചെറിയ തോതില്‍ മേഘങ്ങള്‍ ഉണ്ട് മാനത്തു്.  ഞാനാണെങ്കില്‍ ഒരു വേഴാമ്പലിനേ പോലെ കാത്തിരിക്കുകയാണു – ഒരു മഴ വരാന്‍. എന്നും ഞാന്‍ വിചാരിക്കും -- “ഇന്നു പെയ്യും”. 

പെയ്തില്ല, പെയ്യില്ല!! :(

എന്നാല്‍ ഇന്നു് രാവിലെ മഴ ചാറാന്‍ തുടങ്ങി. ഞാന്‍ എന്റെ വടികളും ഒക്കെ എടുത്തു പുറത്തേക്കു പോവാന്‍ തയ്യാറായി.

ഒരു ചെറിയ ചര്‍ച്ചക്കൊടുവില്‍ മഴയില്‍ പോവാന്‍ അമ്മ സമ്മതിച്ചു. ചര്‍ച്ചയൊക്കെ കഴിഞ്ഞപ്പോഴേക്കും മഴ കുറഞ്ഞു. :(

തകര്‍ന്ന ഹൃദയത്തോടെ ഞാന്‍ വീട്ടിലേക്കു തിരിച്ചു കയറി.

ഭാഗ്യമെന്നു പറയട്ടെ… കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും മഴ വന്നു. ഇപ്രാവശ്യം പെട്ടെന്നു തന്നെ ഞാന്‍ പുറത്തിറങ്ങി… അധികം ശക്തമായ മഴ അല്ലെങ്കിലും മഴയെ നന്നായി ആസ്വദിച്ചു…..

ഈ ക്രച്ചസും പിടിച്ചു നടക്കല്‍ ഒരു സുഖവും ഇല്ലാത്ത പരിപാടി ആണുട്ടോ :(…. അതും സാധാരണ നടക്കുക പോലും ചെയ്യാത്ത എനിക്കു് (ഞാന്‍ ഓടുകയും ചാടുകയും തുടങ്ങിയ കലാപരിപാടികള്‍ മാത്രമേ ഉള്ളൂ)…. ഈ ക്രച്ചസ് നടത്തം ഭയങ്കര സ്ലോ… (ബി. എസ്. എന്‍. എല്ലിന്റെ കണക്ഷന്‍ പോലെ)

അപ്പൊ പറഞ്ഞു വന്നതു്… എന്റെ വീടിനടുത്തു ഒരു ഒഴിഞ്ഞ പറമ്പുണ്ട്… അവിടെ വരെ ഞാന്‍ മഴയത്ത് പോയി.. അവിടെ പോയപ്പോഴോ … ആ പറമ്പില്‍ ഒരു പൂപ്പരവതാനി.. എന്തിലും ചീത്ത മാത്രം കാണുന്നവര്‍ക്കു “മുള്‍പ്പരവതാനി” എന്നും പറയാം … എന്നാലും എനിക്കു പൂപ്പരവതാനി തന്നെ… – തൊട്ടാവാടിച്ചെടികളാണു് പരവതാനി വിരിച്ചിട്ടുള്ളതു് :)

എന്നിട്ടു ഞാന്‍ മുഴുവനല്ലെങ്കിലും … ഒരുവിധം നിറഞ്ഞ ഹൃദയത്തോടെ വീട്ടിലേക്കു് വന്നു! :)

അങ്ങനെ … അവസാനം മഴപെയ്തെന്റെ മനം കുളിര്‍ന്നു. :)‌

സ്നേഹാദരങ്ങളോടെ, കരിങ്കല്ല്.

PS: വാഗ്ദത്തകഥ അടുത്ത പ്രാവശ്യം.. കേട്ടോ? :)

20 comments:

Sands | കരിങ്കല്ല് said...

എന്നിട്ടു ഞാന്‍ മുഴുവനല്ലെങ്കിലും … ഒരുവിധം നിറഞ്ഞ ഹൃദയത്തോടെ വീട്ടിലേക്കു് വന്നു! :)

കാന്താരിക്കുട്ടി said...

ഒന്നരക്കാലും വെച്ച് മഴ കാണാന്‍ പോയല്ലോ.നന്നായി കല്ലേ..വയ്യായ്കക്കാരനായി അകത്തിരിക്കേണ്ട..ഇപ്പോളേ നന്നായി വായ് നോട്ടം നടത്താന്‍ പറ്റൂ.പെണ്ണും പെടക്കോഴിയും ആയാല്‍ പിന്നെ അതിനൊന്നും പറ്റില്ല..

smitha adharsh said...

കാ‍ന്താരി ചേച്ചി..പറഞ്ഞതു തന്നെ പറയാന്‍ വന്നത്.
മഴ കണ്ടല്ലോ..ഭാഗ്യവാന്‍ !
എന്തേ,ഇത്തവണ ഫോട്ടോ ഒന്നും എടുത്തില്ലേ?

Anonymous said...

:)..

Mazha oru valliya weakness aanalle..

Entha ee vaagdatha??

Vivek.

മാണിക്യം said...

ഇവിടെ മഴമാറി..
ഒരാഴ്ച ആയിട്ട് മേഘപാളികള്‍
താഴേക്ക്അടര്‍ന്ന് വീഴാന്‍ തുടങ്ങി...
ഇന്ന് സാമാന്യം നല്ല ഒരു സ്നോസ്റ്റോം
തന്നെ ആയിരുന്നു..
ലോണ്‍ എല്ലാം സ്നൊ കൊണ്ടു മൂടി ..
ആല്‍ത്തറയില്‍ എന്റെ“ജാലകക്കാഴ്ച.”കാണാം.
തണുപ്പ് മൈനസ് 8 ഡിഗ്രി ആയി..
ഏതായാലും ഇന്ന് സ്നോസ്റ്റോം അടിക്കുമ്പോള്‍ ബസ്സില്‍ ആയിരുന്നു ഒന്നര മണിക്കൂറ് ...
കുറേ നടക്കുകയും ചെയ്തു...

ചാടിനടക്കുന്നതൊക്കെ കൊള്ളാം സൂക്ഷിക്കണം
സുന്ദരമായ മഴയും, സൌന്ദര്യമുള്ള തെല്ല്ലാം നന്നായി ആസ്വദിക്കുക ......

വേഗം സുഖമാവാന്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു

Sands | കരിങ്കല്ല് said...

കാന്താരിചേച്ചീ....

അതിനു ഞാനീ അടുത്ത കാലത്തൊന്നും കല്യാണത്തിനു പരിപാടി ഇല്ല ;)

സ്മിത...
രണ്ടു കയ്യിലും ക്രച്ചസ് അല്ലേ.. അപ്പൊ ക്യാമറ ആരു പിടിക്കും?

(മാത്രല്ല.. പാക്കിങ്ങ് ചെയ്തതു ഒരു സുഹൃത്താണു്... ക്യാമറ ഒന്നും കൊണ്ടുവന്നിട്ടില്ല)

വിവേക്...
മഴ എന്റെ ഒരു ബലഹീനത തന്നെ ആണു്. മഴ കണ്ടാല്‍ മ്യൂണിക്കില്‍ പോലും വെറുതെ വിടില്ല... (തണുത്തു ചത്തു പോകും അവിടുത്തെ മഴയില്‍)

Sands | കരിങ്കല്ല് said...

@മാണിക്യം ചേച്ചി (ചേച്ചിയല്ലേ?)

നല്ല കാറ്റത്തു പുറത്ത് കാറ്റിനെതിരെ കയ്യുകള്‍ വിടര്‍ത്തി പിടിച്ച് നടക്കണം

(മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്നൊന്നും ആലോചിക്കരുതു)

Anonymous said...

മഴയോട് എല്ലാര്‍ക്കും നൊസ്റ്റാള്‍ജിക് ആയ ഒരിഷ്‌ടം; അതിന്റെ കെടുതികള്‍ അനുഭവിച്ചിട്ടില്ലാത്തവര്‍ക്ക് എന്നു കൂടി ചേര്‍ത്ത് പറയണ്ടേ? ഈ എനിക്കും മഴ ഏറെ പ്രിയം.
ഇന്നിത് കണ്ടപ്പോള്‍ പണ്ട് വായിച്ച ഈ പോസ്റ്റ് ഓര്‍മ്മ വന്നു.

sv said...

മഴ ഒരു പ്രലോഭനം തന്നെ... എന്നും..

ആശംസകള്‍

BS Madai said...

മഴ പ്രണയവുംകൂടിയാണു...

Vellayani Vijayan/വെള്ളായണിവിജയന്‍ said...

മഴ പ്രകൃതിയുടെ ഒരു വരദാനം.മഴയെക്കുറിച്ച് പറഞ്ഞാല്‍ തീരില്ല.വേഗം സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.
വെള്ളായണി

A Liberated Soul said...

Lucky you! :)

മുസാഫിര്‍ said...

പ്രണയമണി തൂവല്‍ പൊഴിയും പവിഴമഴ !
മഴയും പ്രണയത്തിന്റെ ഒരു മൂഡ് ഉണ്ടാ‍ക്കുന്നുണ്ട്.

ശ്രീ said...

വിശ്രമജീവിതത്തിനിടയ്ക്ക് മഴ ഒരു ആശ്വാസം തന്നെ അല്ലേ? പിന്നെ, ഇപ്പോള്‍ സുഖമായിത്തുടങ്ങിയോ?

lakshmy said...

അപ്പോൾ മഴ പെയ്തു പെയ്തു മണ്ണ് മാത്രമല്ല സാൻഡ്സിന്റെ മനസ്സും കുളിർത്തുവല്ലേ. ഞാനും നാട്ടിൽ വച്ചു നിറയേ മഴ കണ്ടു. നനഞ്ഞില്ല്ല കെട്ടോ. ഞാനും ക്രെച്ചെസ്സിൽ ആയിരുന്നല്ലോ‍

മേരിക്കുട്ടി(Marykutty) said...

നല്ല പോസ്റ്റ്!

പിരിക്കുട്ടി said...

കരിങ്കല്ലിനു മഴ നനഞാലും മാറ്റം ഒന്നും വരില്ലല്ലോ?
പിന്നെ ആപ്പിളും ഓറഞ്ചും ഒക്കെ കൊണ്ട് തരാന്‍ ഞാന്‍ ആളെ വിട്ടിരുന്നല്ലോ
കിട്ടിയില്ലേ ...കാലു ശരിയാകുമ്പോള്‍ കൊടുങ്ങല്ലൂര്‍ അമ്പലത്തിലോട്ടു വാ ...
ഇവിടുല്ലവര്‍ക്കൊക്കെ ഭയങ്കര സൌന്ദര്യമാ ....എന്തോ ചെയ്യും ...
വേഗം സുഖപ്പെടാന്‍ പ്രാര്തിക്കുന്നുണ്ട് കേട്ടോ

ഗീതാഗീതികള്‍ said...

കല്ലേ, ഇങ്ങോട്ടു വരുന്നോ? ഇവിടെ ദേ ഇടിവെട്ടി പെരുമഴപെയ്യുന്നു...
തുള്ളിക്കൊരുകുടം എന്ന കണക്കില്‍.
നല്ലവണ്ണം മഴയില്‍ കളിച്ച് കുളിച്ച് കളിക്കാം..

smitha adharsh said...

എവിടെ വരെയായി കാര്യങ്ങള്‍..?
ഭേദായോ?
"നല്ല നടപ്പ്" തുടങ്ങിയോ?
തിരിച്ചു പോയോ?

Rare Rose said...

കരിങ്കല്ലേ..,അപ്പോള്‍ നാട്ടിലെത്തി മഴയും (പെണ്‍കുട്ട്യോളേം )കണ്ടു മനം കുളിര്‍പ്പിച്ചിരിക്കുവാണല്ലേ...അങ്ങനെ നല്ലയസ്സല്‍ മഴയൊക്കെ കണ്ടു ഹൃദയം മുഴുവനായും നിറയ്ക്കൂ..ഉഷാറാവൂ,..എന്നാലല്ലേ വാഗ്ദത്ത കഥ കേമായി പൊടിപ്പും തൊങ്ങലും ഒക്കെ വെച്ചു പറയാന്‍ പറ്റൂ...:)
വന്ന വഴിയാദ്യം 3 റോസസ് എന്നു കണ്ടു എന്താപ്പോ സംഭവം , പനിനീര്‍പ്പൂവിന്റെ പോട്ടമാണോ എന്നു കരുതിയോടി ആദ്യം ചെന്നു വായിച്ചു....അപ്പോഴല്ലേ അനുകരണ ഗാനമെടുത്ത് പന്താട്ടമാണെന്നു മനസ്സിലായതു...;)..ഇതാണു നാട്ടില്‍ വന്നാലുള്ള ഗുണം..കരിങ്കല്ലു പോലും ഇങ്ങനെ പാരഡി രചിച്ചു പോകും...