Saturday, October 18, 2008

ബ്ലോഗ്ഗാന്‍ വന്ന ഞാനും... പേനകളും

 

കഴിഞ്ഞ പ്രാവശ്യം വീടു മാറിയപ്പോള്‍ മുതല്‍ ഞാനെന്റെ കമ്പ്യൂട്ടര്‍.. എന്റെ ലാബില്‍ വെച്ചിരിക്കാണു്. വീട്ടില്‍ കമ്പ്യൂട്ടറില്ല... അതിന്റെ ഗുണം കാണാനും ഉണ്ട് -- എന്താച്ചാ‍ല്‍, അനാവശ്യ ബ്രൌസിങ്ങ് ഒന്നുമില്ല, വായന കുറച്ചു കൂടി, അങ്ങനെ ചില ഗുണങ്ങള്‍.

ദോഷങ്ങളോ? അതും ഉണ്ട്. ഒന്നു ഈമെയില്‍ അയക്കണമെങ്കില്‍, നോക്കണമെങ്കില്‍; വീട്ടുകാരുമായോ, കൂട്ടുകാരുമായോ ചാറ്റണമെങ്കില്‍... എല്ലാത്തിനും ലാബില്‍ വരണം...  ബ്ലോഗ്ഗണമെങ്കിലും അങ്ങനെ തന്നെ.

നല്ലോരു ശനിയാഴ്ച, വീട്ടിലിരിക്കേണ്ട ഞാനിന്നു ഇവിടെ ലാബിലിരിക്കുന്നതു് - നിങ്ങള്‍ക്കൊക്കെ വേണ്ടി രണ്ടക്ഷരം എഴുതാനാണു്. ആ സ്നേഹമൊക്കെ വേണം ട്ടോ! :)

ഇന്നു ഞാന്‍ എന്നിലെ എഴുത്തുകാരനെക്കുറിച്ചെഴുതാനാണു് [;)] പ്ലാനിട്ടതു്. അതിനു വേണ്ടിയുള്ള ഒരുക്കങ്ങളൊക്കെ വീട്ടില്‍ നിന്നു തന്നെ ചെയ്തു. എന്നിട്ടു് എന്റെ സൈക്കിളില്‍ പാടത്തിന്നോരത്തുള്ള എന്റെ പ്രിയപ്പെട്ട വഴിയിലൂടെ വരുകയായിരുന്നു.

ഞാനെന്നോ മുമ്പു പറഞ്ഞിട്ടുള്ള പോലെ, ഞാനിത്തിരി സ്പീഡുകാരനാണു്.. എനിക്കുള്ളതോ ഒരു റേസിങ്ങ് സൈക്കിളും. എന്നാല്‍ ഇതൊന്നും പോരാതെ, സൈക്കിളില്‍, കൈവിട്ടു പറപ്പിച്ചു പോകുക എന്ന ഒരു ദുശ്ശീലം (ആകെയുള്ള ദുശ്ശീലം ;) ) കൂടി എനിക്കുണ്ട്.

എന്നും നിന്നെ പൂജിക്കാം .. പൊന്നും പൂവും നേദിക്കാം എന്ന പാട്ടും കേട്ടു/പാടി ഞാന്‍ അങ്ങനെ വരുന്ന നേരം. കൊയ്ത്തു കഴിഞ്ഞ പാടത്തെ പുതിയ എന്തോ ഒരു സാധനം ഒക്കെ കണ്ട്, ദൂരേക്കൊക്കെ നോക്കി സുഖമായ ഒരു സവാരി (ഗിരിഗിരി).

അപ്പോഴാണെനിക്കു തോന്നിയതു ..സീറ്റിലിരുന്നു, കൈപിടിക്കാതെ സൈക്കിളിന്റെ ഗതി നിയന്ത്രിക്കാന്‍ എനിക്കറിയാല്ലോ ... എന്നാല്‍ സൈക്കിളിന്റെ നടുവിലെ കമ്പിയില്‍ പിടിച്ചു നിയന്ത്രിക്കാന്‍ പറ്റുമോ? -- അധികം ആലോചിച്ചു ബുദ്ധിമുട്ടാതെ, ഞാനതു അപ്പോള്‍ തന്നെ കയ്യോടെ പരീക്ഷിച്ചു...

അധികം പരീക്ഷിക്കേണ്ടി വന്നില്ല.. ധീം തരികിട തോം ....

വീണു. അതും ഒരു ഒന്നൊന്നര വീഴ്ച.... സൈക്കിളില്‍ നിന്നും ഞാന്‍ ശരിക്കും തെറിച്ചു വീണു. ഭാഗ്യവശാല്‍ പൃഷ്ഠമാ‍ണു് ആദ്യം താഴെകുത്തിയതു ... അതാണെനിക്കു മനസ്സിലാവാത്തതു... ശരിക്കുള്ള വീഴ്ചയാണെങ്കില്‍ തെറിക്കുമ്പോള്‍ മൂക്കു കുത്തിയല്ലേ വീഴുക?

എന്തായാലും ഭാഗ്യത്തിനു, താഴെ വീണപ്പോള്‍ ... നല്ല ഷോക്ക്-അബ്സോര്‍‌‌ബര്‍ ഉള്ള ഭാഗം തന്നെ താഴെ കുത്തി. പിന്നെ അവിടുന്നു .. ഒരു ഒരു മീറ്ററോളം ഒന്നു ഡീസന്റായി നിരങ്ങുകയും ചെയ്തു.

പിന്നാലെ വന്ന സൈക്കിളുകാരന്‍ വണ്ടി നിര്‍ത്തി... അപ്പോഴേക്കും ഞാന്‍ ചാടിയെഴുന്നേറ്റിരുന്നു. ഒന്നും പറ്റിയില്ല എന്നും പറഞ്ഞു... ഭാഗ്യം തുണച്ചു എന്നു ആള്‍ പറഞ്ഞു.  സത്യം... നല്ല സ്പീഡില്‍ വന്നിരുന്ന ഞാന്‍ ഒന്നും പറ്റാതെ രക്ഷപ്പെട്ടതു ഭാഗ്യം തന്നെ... കൈ കുത്തിയെങ്ങാന്‍ വീണിരുന്നെങ്കില്‍ ഒരു പക്ഷേ ഒരു ചെറിയ ഫ്രാക്ചര്‍ ഒക്കെ തടയുമായിരുന്നേനേ.

എന്റെ ബാക്ക്-പാക്കിനു ചെറിയൊരു പോറല്‍ പറ്റിയിട്ടുണ്ട്... എന്നാലും എന്റെ ജീന്‍സും, കോട്ടുമൊക്കെ രക്ഷപ്പെട്ടു. മേലൊക്കെ ഇത്തിരി ചെളിയുമായി ... പാടത്തിന്റെ ഓരമല്ലേ..

സൈക്കിളിനേയും ഭാഗ്യദേവത കൈവിട്ടിരുന്നില്ല... (സത്യത്തില്‍ കൈവിട്ടതു ... ഞാനല്ലേ ;) )

അവിടുന്നു വന്നു, അമ്മയെ ഒന്നു വിളിച്ചു കാര്യം പറഞ്ഞു ... *കേള്‍ക്കാനുള്ളതു മുഴുവന്‍ കേട്ടു. കിട്ടാനുള്ളതു മുഴുവന്‍ കിട്ടി* :(

ഇതാണു് ... ഞാനും എന്റെ ചക്കര സൈക്കിളും :) [Peugeot make]

ഞാനും ചക്കരയും ...

ഇനി എന്തായാലും ബ്ലോഗ് ചെയ്യാന്‍ വന്ന കാര്യത്തിലേക്കു കടക്കാം ....

എന്നിലെ എഴുത്തുകാരന്‍ - എന്റെ പ്രായക്കാരായ ആരെങ്കിലും തന്നെ ഇക്കാലഘട്ടത്തില്‍ പേനയോ പെന്‍സിലോ ഉപയോഗിക്കുന്നുണ്ടെന്നു എനിക്കു തോന്നുന്നില്ല.

എല്ലാരും ഈമെയിലും, ചാറ്റും, SMS-ഉം, മിസ്സ്ഡ് കോളും... ഒക്കെ വഴിയല്ലേ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതു്.

ഞാനും അങ്ങനെയൊക്കെ തന്നെ ... എന്നാലും ഞാനിപ്പോഴും ഇടക്കൊക്കെ ചില കത്തുകളും, ആശം‌സാകാര്‍ഡുകളും (ക്രിസ്തുമസ് നവവത്സരം അല്ലാതെ തന്നെ)... അയക്കാറുണ്ട്.

മാത്രമല്ല.. ഇടക്കിടെ എന്തെങ്കിലും ഒക്കെ (പഠിക്കാനല്ലാത്തതു്) കുത്തിക്കുറിക്കാറുമുണ്ട്.

അതു മാത്രമല്ല എന്നെ വ്യത്യസ്തനാക്കുന്നതു് ... എന്നെ ഏറ്റവും വ്യത്യസ്തനാക്കുന്നതു് - ഞാനുപയോഗിക്കുന്ന പേനകളാണു്. ഒരിത്തിരി വട്ടൊക്കെ വേണം ഇക്കാലത്തും ഫൌണ്ടന്‍ പേനകള്‍ ഉപയോഗിക്കണമെങ്കില്‍ ... എന്നാല്‍ എനിക്കാ വട്ടുണ്ട്.  :)

പേനകളും മഷിക്കുപ്പിയും

എന്തു സുഖാണെന്നറിയോ ഫൌണ്ടന്‍ പേന കൊണ്ടെഴുതാന്‍ ... ഇടക്കൊന്നു മഷി നിറക്കണമെന്നല്ലേ ഉള്ളൂ?

പിന്നെ ഒരു കുഴപ്പം -- മറ്റുള്ളവര്‍ എഴുതാന്‍ ചോദിച്ചാല്‍ കൊടുക്കാന്‍ പറ്റില്ല. ഒരോരുത്തരും പേന പിടിക്കുന്നതു ഒരു പ്രത്യേക രീതിയിലാണു്. വേറെ ഒരാള്‍ എന്റെ പേന ഉപയോഗിച്ചാല്‍ അതിന്റെ വേദന ആ നിബ്ബ് അനുഭവിക്കും ... അതു പിന്നീടു എനിക്കും അരോചകമാവും ...

പേന ചോദിച്ചിട്ടു കൊടുക്കാതിരുന്നാല്‍ അവരുടെ കറുത്ത മുഖം കാണണം. അതു മാത്രമാണു് ഇത്തരം പേനകള്‍ കൊണ്ടുനടന്നാലുള്ള പ്രശ്നങ്ങള്‍.

ഇനി എന്റെ പ്രിയപ്പെട്ട പേനകളാണു് ചിത്രത്തില്‍.

എല്ലാരും

ആ തടിയന്‍ പച്ച പേനയില്ലേ, മഷിക്കുപ്പിയുടെ വലതു ഭാഗത്തു് -- അതെനിക്കു പണ്ട്, പണ്ട് പണ്ട്... എന്റെ ചെറിയച്ചന്‍ തന്നതാ. നിബ്ബ് പരന്നു പരന്നു ഒരു വിധമായി ... ഇനി നാട്ടില്‍ പെന്‍ ഹോസ്പിറ്റലില്‍ പോകുമ്പോള്‍ ശരിയാക്കണം. മറ്റു രണ്ടു പേനകളും ഞാന്‍ വാങ്ങിയതു തന്നെ...

കറുത്ത ശരീരമുള്ള, സ്വര്‍ണ്ണഅലുക്കുള്ള വെള്ളിത്തൊപ്പിക്കാരന്‍‌  പേനക്കു് കനം ഇത്തിരി കൂടുതലാ... എന്നാലും സാരമില്ല. എഴുതുമ്പോള്‍ പതുക്കെയാവും എന്നല്ലാതെ വേറെ കുഴപ്പങ്ങള്‍ ഒന്നും ഇല്ല.

ഇനിയാണു് നമ്മുട പച്ച സുന്ദരി ... സ്ലിം ബ്യൂട്ടി.

സുന്ദരിപ്പേന

കോളേജില്‍ എന്റെ കൂടെ പഠിച്ചിരുന്ന ഒരു കുട്ടിക്കു് ഇതു പോലെ തന്നെ ഒരു പേന ഉണ്ടായിരുന്നു. ഈ പേന ഉപയോഗിക്കുമ്പോള്‍ ഞാനിടക്കു അവളെ ഓര്‍ക്കും. :) ... എഴുതാന്‍ ഏറ്റവും സുഖവും ഇവളെ വെച്ചു തന്നെ. :)

പിന്നെ ആ പേനകള്‍ വെച്ചിരിക്കുന്ന സ്ഥലം ... അതു എന്റെ ജനലോരം .... അവിടുത്തെ മാര്‍‌ബിള്‍, അതില്‍ കാണുന്നതു പുറത്തെ മരത്തിന്റെ പ്രതിഫലനം .. :)

എന്നാലിനി ഞാന്‍ പോട്ടേ?

അതേയ്... എന്റെ പിന്‍ഭാഗം ... വേദനിക്കുന്നു. :( വീട്ടില്‍ പോയി, ഒന്നു ചൂടുവെള്ളത്തില്‍ കുളിച്ചു നോക്കാം അല്ലേ? :)

സസ്നേഹം, കരിങ്കല്ല്.

P.S 1 : പണ്ടൊരിക്കല്‍, അശോകന്‍ ചെരുവിലിന്റെ ഒരു പുസ്തകത്തില്‍ (നിശാഗന്ധി പബ്ലിക്കേഷന്‍സ് വഴി കിട്ടിയത്‌) വായിച്ച ഒരു വരി ഓര്‍മ്മ വരുന്നു - “അവള്‍, പൃഷ്ഠഭാഗത്തു മാത്രം മാംസമുള്ള പെണ്‍‌കുട്ടി”. അല്ലാ വീഴ്ച കഴിഞ്ഞെഴുന്നേറ്റപ്പോള്‍ ഓര്‍ത്തുപോയതാ. ;)

~

Tuesday, October 07, 2008

ഏതു പാട്ടു പാടണം?

 

അങ്ങനെ ഇക്കൊല്ലത്തെ ഒക്ടോബര്‍ ഫെസ്റ്റും തീര്‍ന്നു. ബിയര്‍ കുടിയാണു ഈ അഘോഷത്തിലെ പ്രധാന ഐറ്റം ...

മ്യൂണിക്കിലെ വലിയൊരു മൈതാനത്തില്‍ കുറേ കൂടാരങ്ങള്‍ സെപ്റ്റമ്പര്‍ അവസാനത്തോടെ ഉയരും ... ഒരു കൂടാരത്തില്‍ ഏകദേശം ഏഴായിരം എണ്ണായിരം ആള്‍ക്കാര്‍ക്കു വരെ ഇരിക്കാം കേട്ടോ. അങ്ങനത്തെ 7 കൂടാരങ്ങള്‍ ... രണ്ടാഴ്ചയോളം നീളുന്ന ബിയര്‍ ഫെസ്റ്റിവല്‍

നല്ല കിടിലന്‍ ദക്ഷിണ-ജര്‍മ്മന്‍ ഭക്ഷണവും കിട്ടും കേട്ടോ! :)

ഇക്കൊല്ലം ആകെ മൊത്തം ടോട്ടല്‍ 6 ലക്ഷം ആള്‍ക്കാര്‍ വന്നെന്നാണു്‌ റിപ്പോര്‍ട്ട്.

ഞാനും പോയിരുന്നു അവിടെ. ;) അവിടെ പോകുന്നതൊക്കെ കൊള്ളാം .. ടെന്റിന്റെ ഉള്ളില്‍ കടക്കുന്ന കാര്യം ഭയങ്കര ബുദ്ധിമുട്ടാണു്‌.  എന്നാലും ഇത്രയും വലിയ ഒരു ആഘോഷം നടക്കുമ്പോള്‍ കാണാനെങ്കിലും പോകണ്ടേ?

കഴിഞ്ഞ വ്യാഴാഴ്ച ഞാനും എന്റെ ഒരു കൂട്ടുകാരിയും എന്റെ ജര്‍മ്മന്‍ ടീച്ചറും പിന്നെ കൂട്ടുകാരിയുടെ കൂടെ ജോലിചെയ്യുന്ന ഒരാളും ഒരുമിച്ചു ഒക്ടോബര്‍ ഫെസ്റ്റിനു പോയി.

നല്ല മഴ ... എല്ലാരും കൂടാരത്തിനുള്ളില്‍ തന്നെ. ഞങ്ങള്‍ക്കു കടക്കാന്‍ യാതൊരു രക്ഷയും ഇല്ല. എന്നാലും നടന്നു്‌ നടന്നു്‌, അവസാനം ഞങ്ങള്‍ ഒരു കൂടാരത്തില്‍ കയറിക്കൂടി.

അതിനുള്ളിലെത്തിയപ്പോഴോ .. ഒന്നല്ല ഒരു 3 പൂരത്തിനുള്ള ആള്‍ക്കാര്‍ :(

തിക്കിതിരക്കി നടന്നു ഞങ്ങള്‍ ഇരിക്കാന്‍ സ്ഥലം കണ്ടുപിടിച്ചു. ഒരു ഡെസ്കും അപ്പുറത്തും ഇപ്പുറത്തും ഒരോ ബെഞ്ചുകളും ..

അതു പറയാന്‍ മറന്നു ... എല്ല കൂടാരത്തിലും നല്ല ഓര്‍ക്കെസ്ട്രാ ഉണ്ടാവും  ... നല്ല കിടിലന്‍ ജര്‍മ്മന്‍ നാടന്‍പാട്ടുകള്‍  ... പാട്ടു കേട്ടു ആള്‍‌ക്കാര്‍ ബെഞ്ചിന്മേല്‍ കയറി നിന്നു ഡാന്‍സൊക്കെ കളിക്കും ...  ചുരുക്കിപ്പറഞ്ഞാല്‍  ആകെ വൃത്തികേടായിക്കിടന്നിരുന്നൂ ബെഞ്ചുകള്‍ രണ്ടും ...

ഞങ്ങള്‍ ബെഞ്ചൊക്കെ വൃത്തിയാക്കി ഇരുന്നു. :) സന്തോഷമായി... വെയിട്രസ് വന്നാല്‍ ഓര്‍ഡര്‍ കൊടുക്കാന്‍ തയ്യാറായി ഇരുന്നു... :) [വിശന്നിട്ടാണെങ്കില്‍ കുടല്‍ കരിയുന്നു]

അപ്പോഴല്ലെ അതു സംഭവിച്ചതു്‌ .. എന്റെ പുറകിലെ ബെഞ്ചില്‍ നിന്നു നൃത്തം വെച്ചിരുന്ന ആ തടിയന്‍ ജര്‍മ്മന്‍കാരന്‍ ... എന്റെ ബെഞ്ചിലേക്കു നല്ല ബൂട്ടിട്ട ആ കാലൊന്നെടുത്തു വെച്ചതും ... ആ ചവിട്ടു എന്റെ ഇടതു കയ്യിന്മേലായതും ...

എന്റെ നല്ല ജീവനങ്ങു പോയി...

"കാലെടുക്കെടാ കാലമാടാ" എന്നു പറഞ്ഞാല്‍ അയാളുണ്ടൊ കേള്‍ക്കുന്നു. അവിടെ പാട്ടു തകര്‍ക്കുകയല്ലേ!! :(

ഒരു തരത്തില്‍ അയാളെ ശക്തിയായി ഉന്തിയപ്പോള്‍ അയാള്‍ക്കു കാര്യം പിടി കിട്ടി. അയാള്‍ കാലെടുത്തു... എന്നെ ചവിട്ടിയെന്നറിഞ്ഞപ്പോള്‍ അയാള്‍ക്കു വലിയ വിഷമം ... അടക്കാനാവാത്ത വിഷമം ...

എന്റെ കഷ്ടകാലം തുടങ്ങുകയായിരുന്നു എന്നു എനിക്കറിയില്ലായിരുന്നു.... :(

എന്നോടു മാപ്പു പറയാനായി അയാള്‍ ബിയര്‍ താഴെ വെച്ചു എന്നിട്ടു "സോറി" "സോറി" എന്നു പറഞ്ഞുകൊണ്ടു എന്നെ ഉമ്മവെക്കാന്‍ തുടങ്ങി..

എന്റെ മുഖത്തു അയാള്‍ ഉമ്മവെക്കാത്ത ഒരിഞ്ചു സ്ഥലം പോലുമില്ല! :(

എന്റെ കൂടെ വന്നവരാണെങ്കില്‍ ഇരുന്നു ചിരിക്കുന്നു... കണ്ടു നില്ക്കുന്നവരും ചിരിക്കുന്നു .. .എങ്ങനെ ഇയാളില്‍ നിന്നു രക്ഷപ്പെടും ഞാന്‍ ?

വീണ്ടും ഒരിക്കല്‍ കൂടി അയാളെ ഉന്തിമാറ്റി ഞാന്‍ ...

സാരല്ല്യ ചേട്ടായീ... ചവിട്ടീതു ചവിട്ടി... ഇനി ഉമ്മയെങ്കിലും തരാതിരിക്കൂ എന്നൊക്കെ പറഞ്ഞു ഒഴിവാക്കി..

കൂടെ വന്നവര്‍ ചിരിക്കുന്നു കളിയാക്കുന്നു.... എന്റെ മാനം കപ്പലുകയറിപ്പോയി...

[പിന്നെ..., നാണം എന്ന സം‌ഭവം പണ്ടുമുതലേ ഇല്ലാത്തതിനാല്‍ ... വലിയ മനോവേദനയൊന്നും ഉണ്ടായില്ല ;) ]

അപ്പോഴെക്കും ഭാഗ്യത്തിനു വെയിട്രസ് ചേച്ചി വന്നു. ഹാവൂ രക്ഷപ്പെട്ടു എന്നു സമാധാനിച്ച ഈ എന്റെ, അതെ എന്റെ മുഖത്തു നോക്കി... ആ ക്രൂരയായ ചേച്ചി ... കണ്ണില്‍ ചോരയില്ലാതെ പറഞ്ഞു....

"ഇവിടെ ഇരിക്കാന്‍ പറ്റില്ല്യാട്ടാ... - ഇതു്‌, ഈ മേശ .. ബുക്ക്ഡാ" എന്നു്‌.

എന്തെങ്കിലും പറയാനുള്ള ശക്തി എന്നില്‍ അവശേഷിച്ചിരുന്നില്ല....
ഞങ്ങള്‍ 4 പേരും അങ്ങോട്ടും ഇങ്ങോട്ടും നോക്കാതെ എഴുന്നേറ്റു പോന്നു...

അപ്പൊ... ചുരുക്കിപ്പറഞ്ഞാല്‍  ഞാന്‍ വെറുതെ ചെന്നു, മേശ വൃത്തിയാക്കി, ചവിട്ട് വാങ്ങി... ഉമ്മയും വാങ്ങി ഇളിഭ്യനായി പോന്നു.

{ഭാഗ്യവശാല്‍ ഞങ്ങള്‍ക്കു്‌ വേറേ നല്ല സ്ഥലം കിട്ടി) :)

താഴെ... എന്റെ ബിയര്‍ഫെസ്റ്റു വേഷങ്ങളും .. പിന്നെ കുറച്ചു താന്തോന്നിത്തരങ്ങളും ;)

ഇനി, അതൊക്കെ പോട്ടെ.. കൂട്ടുകാരേ .. തണുപ്പുകാലം വരുന്നു...

ഇലകളൊക്കെ നിറം മാറിത്തുടങ്ങി... പൊഴിഞ്ഞുതുടങ്ങി...

ചിത്രപ്പോസ്റ്റുകള്‍ ഒന്നും തന്നെ ഇടില്ലാ എന്നു തീരുമാനിച്ചിരുന്നതാണു്‌.. എന്നാലും എന്നും രാവിലെയും വൈകീട്ടും ഞാന്‍ പോകുന്ന വഴിയരികില്‍ കാണുന്ന സുന്ദരമായ കാര്യങ്ങള്‍ നിങ്ങളെക്കാണിക്കാതിരിക്കുന്നതും മോശമല്ലേ? [എന്നെ പട്ടിയോടിച്ച വയലോരത്തെ വഴിയരികില മരങ്ങള്‍ :) ]

അതൊക്കെ കാണുമ്പോള്‍ ഏതു പാട്ടു പാടണം എന്നാണെന്റെ സംശയം ... "ഇല പൊഴിയും ശിശിരത്തില്‍... " ... പാടണോ ..?

അതോ ... "നിറങ്ങളേ പാടൂ... " എന്നു പാടണോ?

നിങ്ങള്‍ ചിത്രങ്ങള്‍ കാണൂ... എന്നിട്ടു ഏതു പാട്ടു പാടണം എന്നു പറയൂ...
ഇതാ... നിങ്ങളുടെ ഡെസ്ക്ടോപ്പുകളേ അലങ്കരിക്കാന്‍ ....

[The images are in their original size - full resolution. No Photoshop work done, except the colour-pop of Windows Live Writer. AS USUAL, THE IMAGES ARE PROTECTED UNDER COPYRIGHT. No one may use the images for anything which would lead to any monetary benefit; without written permission from me.]

P1000584 

 

സസ്നേഹം കരിങ്കല്ലു്‌. :) 

 

~

Tuesday, September 30, 2008

ഒത്തിരി നാളായില്ലേ?

 

ഞാനീ വഴിയൊക്കെ വന്നിട്ടിപ്പൊ കുറച്ചു നാളായി അല്ലേ? [കഥ വായിക്കാന്‍ മാത്രം വന്നവര്‍ .. താഴേക്കു പോവുക. കറുത്ത അക്ഷരങ്ങളില്‍ കഥ]

കഴിഞ്ഞ ആഴ്ച ഞാന്‍ ആംസ്റ്റര്‍ഡാമിലായിരുന്നു.... എന്റെ പഠനവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനു്. സംഭവം ഒരു കോണ്‍‌ഫറന്‍സ്... ഞാന്‍ വെറും കാണി/കേള്‍‌വിക്കാരന്‍‌ മാത്രമാണേ.... :)

കുറേ ടോക്കുകള്‍ ഉണ്ടായിരുന്നു.... അതിലെ ചിലതൊക്കെ നല്ലതു്, ചിലതൊക്കെ തരക്കേടില്ല... മറ്റു ചിലതോ ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല... ആകെ മൊത്തം കുറേ കണക്കു് തന്നെ.

നല്ല ടോക്കുകളില്‍ മൂന്നു നാലെണ്ണം ഒക്കെ എന്റെ ഗവേഷണത്തിനു വളരേ ഉപകാരപ്രദമായതും ആയിരുന്നു.

തരക്കേടില്ലാത്തവയില്‍ ചിലതു് ... പൊതു വിവരം കൂട്ടാന്‍ സഹായിക്കുന്നവ, അല്ലെങ്കില്‍ പുതിയ ഗവേഷണമേഖലകള്‍ കാണിച്ചു തരുന്നവ.. അങ്ങനെ...

എന്നാല്‍ മൂന്നാമത്തെ ക്യാറ്റഗറി ... നല്ല തലമൂത്ത ഗണിതശാസ്ത്രജ്ഞന്മാര്‍ മാസങ്ങളും വര്‍‌ഷങ്ങളും അധ്വാനിച്ചുണ്ടാക്കിയ റിസല്‍ട്ട്. ഒരു മണിക്കൂര്‍ പ്രഭാഷണത്തില്‍ എനിക്കതെവിടുന്നു മനസ്സിലാവാന്‍? (അല്ല, മനസ്സിലാവുമായിരുന്നെങ്കില്‍ ഞാന്‍ ഇപ്പൊ എവിടെയൊക്കെ എത്തിയേനേ അല്ലേ?)

അപ്പൊ പറഞ്ഞു വന്നതു... എനിക്കു ചില ടോക്കുകള്‍ക്കിടയില്‍ ബോറടിച്ചു. എനിക്കാണെങ്കില്‍ ബോറടിച്ചാല്‍ അപ്പൊ ഉറക്കം വരും ... അതങ്ങനെയാ.. പണ്ടു മുതല്‍ക്കേ...
[മുതലയുടെയും കുറുക്കച്ചാരുടെയും കഥ അറിയാമോ? :) -- കൈ പൊക്കൂ പറഞ്ഞു തരാം]

എന്നാല്‍ അവിടെ വലിയ പ്രൊഫസര്‍‌മാരും ശാസ്ത്രജ്ഞരും ഒക്കെ സംസാരിക്കുമ്പോ ഉറങ്ങാമോ?

കൂടെ വേറെ ചില പി.എച്ച്.ഡി സുഹൃത്തുക്കളും ഉണ്ടായിരുന്നു ... അവരാണെങ്കില്‍ നല്ല ഉറക്കം തൂങ്ങല്‍. ഞാന്‍ മാത്രം ബുദ്ധിപരമായി ഒരു കാര്യം ചെയ്തു ... അതാണീ താഴെ കാണുന്നതു്. :)

Writing-പാഡില്‍ ഒരിത്തിരി പെന്‍സില്‍ ഡ്രോയിം‌ഗ്. :) [scanned image]

 

അങ്ങനെ എന്നും പൂക്കളും ഇലകളും മാത്രം വരച്ചാല്‍ മതിയോ? അടുത്തതു ഒരു പോര്‍‌ട്രെയിറ്റ് തന്നെ ആയിക്കോട്ടെ എന്നു വിചാരിച്ചു. [scanned image]

 

ഈ ചിത്രത്തിന്റെ പേരു് “പന്തം കണ്ട പെരുച്ചാഴി” -- ഒരു ഫ്രഞ്ചു് വിദ്യാര്‍ത്ഥി... അവനു യാതൊരു വസ്തുവും മനസ്സിലാവുന്നില്ല... എന്നാലും നോക്കിയിരിക്കുന്നു ... സ്റ്റേജിലേക്ക് ... എന്നാല്‍ അവനെ തന്നെ വരച്ചേക്കാം എന്നു കരുതി ഞാന്‍.

മുടിയും, കൂര്‍ത്ത താടിയെല്ലും ഒക്കെ തരക്കേടില്ലാതെ വന്നിട്ടുണ്ട്.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഞാന്‍ ഇതിനു മുമ്പ് പോര്‍‌ട്രെയിറ്റ് ശ്രമിച്ചിട്ടുള്ളൂ... ഫസ്റ്റ് ഇയര്‍ (എഞ്ചിനിയറിം‌ഗ് കോളേജില്‍) ഗ്രാഫിക്സ് തിയറി ക്ലാസ്സില്‍. അന്നു വരച്ചതു ഒരു പെണ്‍കുട്ടിയെ... [ഇവളെ] ...അതും വലിയ മോശമില്ലായിരുന്നു എന്നാണെന്റെ ഓര്‍മ്മ മാര്‍ബിള്‍സ്.

എന്നാലിനി ഇന്നത്തെ വധം നിര്‍ത്താം അല്ലേ? :)

തിരക്കിലായിപ്പോയി... അല്ലെങ്കില്‍ ശരിക്കും വധിച്ചിട്ടേ പോവുള്ളൂ ഞാന്‍ .. കുറേ കാര്യങ്ങളുണ്ടേ പറയാന്‍.

സ്നേഹാദരങ്ങളോടെ, ഞാന്‍, കരികല്ല്.

ഓഫ്: ഒരു കഥ പറയാം എന്നു പറഞ്ഞിരുന്നു ഇല്ലേ? അതു ചെറുതാക്കി പറയാം ... പിന്നെ അന്നു നിങ്ങളെ കൊതിപ്പിക്കാന്‍ കഥയുടെ പ്രമേയം ഇത്തിരി വളച്ചൊടിച്ചിരുന്നു.. മാപ്പാക്കുക.

ഒരു ദിവസം ഉച്ചക്കു്, നമ്മുടെ നമ്പൂരിശ്ശന്‍ ഊണിനായി ഇരുന്നു. കഴിക്കാന്‍ തുടങ്ങിയപ്പോ എന്തോ ഒരു ഗന്ധം ...

നമ്പൂരിശ്ശന്‍ ചോദിച്ചു: സാവിത്രീ .. എന്താ ഒരു മണം ... പതിവില്ലാത്ത ഒരു മണം ...

അകത്തൂന്നു: അറിയില്ലാട്ടോ...

ഊണൊക്കെ കഴിഞ്ഞ് നമ്പൂരിശ്ശന്‍ മുറുക്കിക്കൊണ്ടിരിക്കുമ്പോ അടുത്ത പറമ്പില്‍ കുടിലുകെട്ടി താമസിക്കണ മാപ്ല വന്നു. മാപ്ലയോടും ചോദിച്ചു...

എടോ മാപ്ലേ.. തനിക്കു തോന്നിയോടൊ ഒരു മണം? നോം ഊണു കഴിക്കണ നേരത്തൊരു മണം!?!

മാപ്ല പറഞ്ഞു : അതു തമ്പ്രാനേ .. മീന്‍ വറക്കണ മണാണു്.. അടിയന്റെ കുടീന്നാവും.. തമ്പ്രാനു് ബുദ്ധിമുട്ടായെങ്കില്‍... .

നമ്പൂരിശ്ശന്‍: യേയ്... ഒരു ബുദ്ധിമുട്ടൂല്ല്യ... ആ ഗന്ധം കാരണം ..ഇന്നു കാര്യായി ഊണുകഴിക്കാന്‍ സാധിച്ചു... പറ്റും‌ചാല്‍ എന്നും ആയിക്കോട്ടെ... ഊണു നന്നാവൂല്ലോ! :)

പിന്നെ എന്നും നമ്മുടെ മാപ്ല ഉച്ചക്കു മീന്‍ വറക്കും... നമ്പൂരി ആ മണം കേട്ടു നല്ലോണം ഉണ്ണും.. അതായി പതിവു്.

അങ്ങനെ ഒരു മാസം കഴിഞ്ഞു.. നമ്പൂരിശ്ശന്റെ വയറും ചാടിത്തുടങ്ങി..

അപ്പൊ വന്നു നമ്മുടെ മാപ്ല വീണ്ടും ....

തമ്പ്രാനേ ... ഒരു മാസായി ഇപ്പൊ മീന്‍ വറവു തൊടങ്ങീട്ടു്... അതിന്റെ പണം തന്നാല്‍ അടിയന്‍ .... .. ... .

നമ്പൂരി: എത്രയായി... മാപ്ലേ?

മാപ്ല: 30 ഉറുപ്യ

നമ്പൂരി ഉടനേ അകത്തു പോയി... ഒരു രൂപ നാണയം എടുത്തോണ്ടു വന്നു. അതു എടുത്തു 30 പ്രാവശ്യം താഴേക്കു ഊക്കില്‍ എറിഞ്ഞു.. എന്നിട്ടു പറഞ്ഞു...  കേട്ടൂല്ലോ ഇല്ല്യേ.. എന്നാ‍ല്‍ ഇനി മാപ്ല പൊക്കോളൂ എന്നു്.

മാപ്ല: എന്താ തമ്പ്രാനേ പറ്റിക്ക്യാണോ അടിയനെ?

നമ്പൂരി: മീനിന്റെ മണത്തിനു നാണയത്തിന്റെ ശബ്ദം തന്നെ വില.. താന്‍ പൊക്കോളൂ....

മാപ്ല ഇളിഭ്യനായി മടങ്ങി.

(നമ്പൂരി എപ്പോഴും വിഡ്ഡിയൊന്നും അല്ലാട്ടോ) :)

കഥയും കാര്യവും കൂട്ടിച്ചേര്‌‍ക്കണ്ട എന്നായിരുന്നു അമ്മയുടെ ഉപദേശം ... രണ്ടു പോസ്റ്റായി എഴുതാന്‍ മാത്രം സമയം ഇല്ലാതെ പോയി! :(

അപ്പൊ എല്ലാം പറഞ്ഞ പോലെ.

കുറുക്കച്ചാരുടെയും മുതലയുടെയും ...ആ കഥ കേള്‍‌ക്കണമെങ്കില്‍ ഇവിടെ ആദ്യം കൈ പൊക്കുക.. പിന്നെ അടുത്ത പോസ്റ്റ് വായിക്കാന്‍ വരിക. :)

- കല്ല്, കരിങ്കല്ല്.