Saturday, October 18, 2008

ബ്ലോഗ്ഗാന്‍ വന്ന ഞാനും... പേനകളും

 

കഴിഞ്ഞ പ്രാവശ്യം വീടു മാറിയപ്പോള്‍ മുതല്‍ ഞാനെന്റെ കമ്പ്യൂട്ടര്‍.. എന്റെ ലാബില്‍ വെച്ചിരിക്കാണു്. വീട്ടില്‍ കമ്പ്യൂട്ടറില്ല... അതിന്റെ ഗുണം കാണാനും ഉണ്ട് -- എന്താച്ചാ‍ല്‍, അനാവശ്യ ബ്രൌസിങ്ങ് ഒന്നുമില്ല, വായന കുറച്ചു കൂടി, അങ്ങനെ ചില ഗുണങ്ങള്‍.

ദോഷങ്ങളോ? അതും ഉണ്ട്. ഒന്നു ഈമെയില്‍ അയക്കണമെങ്കില്‍, നോക്കണമെങ്കില്‍; വീട്ടുകാരുമായോ, കൂട്ടുകാരുമായോ ചാറ്റണമെങ്കില്‍... എല്ലാത്തിനും ലാബില്‍ വരണം...  ബ്ലോഗ്ഗണമെങ്കിലും അങ്ങനെ തന്നെ.

നല്ലോരു ശനിയാഴ്ച, വീട്ടിലിരിക്കേണ്ട ഞാനിന്നു ഇവിടെ ലാബിലിരിക്കുന്നതു് - നിങ്ങള്‍ക്കൊക്കെ വേണ്ടി രണ്ടക്ഷരം എഴുതാനാണു്. ആ സ്നേഹമൊക്കെ വേണം ട്ടോ! :)

ഇന്നു ഞാന്‍ എന്നിലെ എഴുത്തുകാരനെക്കുറിച്ചെഴുതാനാണു് [;)] പ്ലാനിട്ടതു്. അതിനു വേണ്ടിയുള്ള ഒരുക്കങ്ങളൊക്കെ വീട്ടില്‍ നിന്നു തന്നെ ചെയ്തു. എന്നിട്ടു് എന്റെ സൈക്കിളില്‍ പാടത്തിന്നോരത്തുള്ള എന്റെ പ്രിയപ്പെട്ട വഴിയിലൂടെ വരുകയായിരുന്നു.

ഞാനെന്നോ മുമ്പു പറഞ്ഞിട്ടുള്ള പോലെ, ഞാനിത്തിരി സ്പീഡുകാരനാണു്.. എനിക്കുള്ളതോ ഒരു റേസിങ്ങ് സൈക്കിളും. എന്നാല്‍ ഇതൊന്നും പോരാതെ, സൈക്കിളില്‍, കൈവിട്ടു പറപ്പിച്ചു പോകുക എന്ന ഒരു ദുശ്ശീലം (ആകെയുള്ള ദുശ്ശീലം ;) ) കൂടി എനിക്കുണ്ട്.

എന്നും നിന്നെ പൂജിക്കാം .. പൊന്നും പൂവും നേദിക്കാം എന്ന പാട്ടും കേട്ടു/പാടി ഞാന്‍ അങ്ങനെ വരുന്ന നേരം. കൊയ്ത്തു കഴിഞ്ഞ പാടത്തെ പുതിയ എന്തോ ഒരു സാധനം ഒക്കെ കണ്ട്, ദൂരേക്കൊക്കെ നോക്കി സുഖമായ ഒരു സവാരി (ഗിരിഗിരി).

അപ്പോഴാണെനിക്കു തോന്നിയതു ..സീറ്റിലിരുന്നു, കൈപിടിക്കാതെ സൈക്കിളിന്റെ ഗതി നിയന്ത്രിക്കാന്‍ എനിക്കറിയാല്ലോ ... എന്നാല്‍ സൈക്കിളിന്റെ നടുവിലെ കമ്പിയില്‍ പിടിച്ചു നിയന്ത്രിക്കാന്‍ പറ്റുമോ? -- അധികം ആലോചിച്ചു ബുദ്ധിമുട്ടാതെ, ഞാനതു അപ്പോള്‍ തന്നെ കയ്യോടെ പരീക്ഷിച്ചു...

അധികം പരീക്ഷിക്കേണ്ടി വന്നില്ല.. ധീം തരികിട തോം ....

വീണു. അതും ഒരു ഒന്നൊന്നര വീഴ്ച.... സൈക്കിളില്‍ നിന്നും ഞാന്‍ ശരിക്കും തെറിച്ചു വീണു. ഭാഗ്യവശാല്‍ പൃഷ്ഠമാ‍ണു് ആദ്യം താഴെകുത്തിയതു ... അതാണെനിക്കു മനസ്സിലാവാത്തതു... ശരിക്കുള്ള വീഴ്ചയാണെങ്കില്‍ തെറിക്കുമ്പോള്‍ മൂക്കു കുത്തിയല്ലേ വീഴുക?

എന്തായാലും ഭാഗ്യത്തിനു, താഴെ വീണപ്പോള്‍ ... നല്ല ഷോക്ക്-അബ്സോര്‍‌‌ബര്‍ ഉള്ള ഭാഗം തന്നെ താഴെ കുത്തി. പിന്നെ അവിടുന്നു .. ഒരു ഒരു മീറ്ററോളം ഒന്നു ഡീസന്റായി നിരങ്ങുകയും ചെയ്തു.

പിന്നാലെ വന്ന സൈക്കിളുകാരന്‍ വണ്ടി നിര്‍ത്തി... അപ്പോഴേക്കും ഞാന്‍ ചാടിയെഴുന്നേറ്റിരുന്നു. ഒന്നും പറ്റിയില്ല എന്നും പറഞ്ഞു... ഭാഗ്യം തുണച്ചു എന്നു ആള്‍ പറഞ്ഞു.  സത്യം... നല്ല സ്പീഡില്‍ വന്നിരുന്ന ഞാന്‍ ഒന്നും പറ്റാതെ രക്ഷപ്പെട്ടതു ഭാഗ്യം തന്നെ... കൈ കുത്തിയെങ്ങാന്‍ വീണിരുന്നെങ്കില്‍ ഒരു പക്ഷേ ഒരു ചെറിയ ഫ്രാക്ചര്‍ ഒക്കെ തടയുമായിരുന്നേനേ.

എന്റെ ബാക്ക്-പാക്കിനു ചെറിയൊരു പോറല്‍ പറ്റിയിട്ടുണ്ട്... എന്നാലും എന്റെ ജീന്‍സും, കോട്ടുമൊക്കെ രക്ഷപ്പെട്ടു. മേലൊക്കെ ഇത്തിരി ചെളിയുമായി ... പാടത്തിന്റെ ഓരമല്ലേ..

സൈക്കിളിനേയും ഭാഗ്യദേവത കൈവിട്ടിരുന്നില്ല... (സത്യത്തില്‍ കൈവിട്ടതു ... ഞാനല്ലേ ;) )

അവിടുന്നു വന്നു, അമ്മയെ ഒന്നു വിളിച്ചു കാര്യം പറഞ്ഞു ... *കേള്‍ക്കാനുള്ളതു മുഴുവന്‍ കേട്ടു. കിട്ടാനുള്ളതു മുഴുവന്‍ കിട്ടി* :(

ഇതാണു് ... ഞാനും എന്റെ ചക്കര സൈക്കിളും :) [Peugeot make]

ഞാനും ചക്കരയും ...

ഇനി എന്തായാലും ബ്ലോഗ് ചെയ്യാന്‍ വന്ന കാര്യത്തിലേക്കു കടക്കാം ....

എന്നിലെ എഴുത്തുകാരന്‍ - എന്റെ പ്രായക്കാരായ ആരെങ്കിലും തന്നെ ഇക്കാലഘട്ടത്തില്‍ പേനയോ പെന്‍സിലോ ഉപയോഗിക്കുന്നുണ്ടെന്നു എനിക്കു തോന്നുന്നില്ല.

എല്ലാരും ഈമെയിലും, ചാറ്റും, SMS-ഉം, മിസ്സ്ഡ് കോളും... ഒക്കെ വഴിയല്ലേ കമ്മ്യൂണിക്കേറ്റ് ചെയ്യുന്നതു്.

ഞാനും അങ്ങനെയൊക്കെ തന്നെ ... എന്നാലും ഞാനിപ്പോഴും ഇടക്കൊക്കെ ചില കത്തുകളും, ആശം‌സാകാര്‍ഡുകളും (ക്രിസ്തുമസ് നവവത്സരം അല്ലാതെ തന്നെ)... അയക്കാറുണ്ട്.

മാത്രമല്ല.. ഇടക്കിടെ എന്തെങ്കിലും ഒക്കെ (പഠിക്കാനല്ലാത്തതു്) കുത്തിക്കുറിക്കാറുമുണ്ട്.

അതു മാത്രമല്ല എന്നെ വ്യത്യസ്തനാക്കുന്നതു് ... എന്നെ ഏറ്റവും വ്യത്യസ്തനാക്കുന്നതു് - ഞാനുപയോഗിക്കുന്ന പേനകളാണു്. ഒരിത്തിരി വട്ടൊക്കെ വേണം ഇക്കാലത്തും ഫൌണ്ടന്‍ പേനകള്‍ ഉപയോഗിക്കണമെങ്കില്‍ ... എന്നാല്‍ എനിക്കാ വട്ടുണ്ട്.  :)

പേനകളും മഷിക്കുപ്പിയും

എന്തു സുഖാണെന്നറിയോ ഫൌണ്ടന്‍ പേന കൊണ്ടെഴുതാന്‍ ... ഇടക്കൊന്നു മഷി നിറക്കണമെന്നല്ലേ ഉള്ളൂ?

പിന്നെ ഒരു കുഴപ്പം -- മറ്റുള്ളവര്‍ എഴുതാന്‍ ചോദിച്ചാല്‍ കൊടുക്കാന്‍ പറ്റില്ല. ഒരോരുത്തരും പേന പിടിക്കുന്നതു ഒരു പ്രത്യേക രീതിയിലാണു്. വേറെ ഒരാള്‍ എന്റെ പേന ഉപയോഗിച്ചാല്‍ അതിന്റെ വേദന ആ നിബ്ബ് അനുഭവിക്കും ... അതു പിന്നീടു എനിക്കും അരോചകമാവും ...

പേന ചോദിച്ചിട്ടു കൊടുക്കാതിരുന്നാല്‍ അവരുടെ കറുത്ത മുഖം കാണണം. അതു മാത്രമാണു് ഇത്തരം പേനകള്‍ കൊണ്ടുനടന്നാലുള്ള പ്രശ്നങ്ങള്‍.

ഇനി എന്റെ പ്രിയപ്പെട്ട പേനകളാണു് ചിത്രത്തില്‍.

എല്ലാരും

ആ തടിയന്‍ പച്ച പേനയില്ലേ, മഷിക്കുപ്പിയുടെ വലതു ഭാഗത്തു് -- അതെനിക്കു പണ്ട്, പണ്ട് പണ്ട്... എന്റെ ചെറിയച്ചന്‍ തന്നതാ. നിബ്ബ് പരന്നു പരന്നു ഒരു വിധമായി ... ഇനി നാട്ടില്‍ പെന്‍ ഹോസ്പിറ്റലില്‍ പോകുമ്പോള്‍ ശരിയാക്കണം. മറ്റു രണ്ടു പേനകളും ഞാന്‍ വാങ്ങിയതു തന്നെ...

കറുത്ത ശരീരമുള്ള, സ്വര്‍ണ്ണഅലുക്കുള്ള വെള്ളിത്തൊപ്പിക്കാരന്‍‌  പേനക്കു് കനം ഇത്തിരി കൂടുതലാ... എന്നാലും സാരമില്ല. എഴുതുമ്പോള്‍ പതുക്കെയാവും എന്നല്ലാതെ വേറെ കുഴപ്പങ്ങള്‍ ഒന്നും ഇല്ല.

ഇനിയാണു് നമ്മുട പച്ച സുന്ദരി ... സ്ലിം ബ്യൂട്ടി.

സുന്ദരിപ്പേന

കോളേജില്‍ എന്റെ കൂടെ പഠിച്ചിരുന്ന ഒരു കുട്ടിക്കു് ഇതു പോലെ തന്നെ ഒരു പേന ഉണ്ടായിരുന്നു. ഈ പേന ഉപയോഗിക്കുമ്പോള്‍ ഞാനിടക്കു അവളെ ഓര്‍ക്കും. :) ... എഴുതാന്‍ ഏറ്റവും സുഖവും ഇവളെ വെച്ചു തന്നെ. :)

പിന്നെ ആ പേനകള്‍ വെച്ചിരിക്കുന്ന സ്ഥലം ... അതു എന്റെ ജനലോരം .... അവിടുത്തെ മാര്‍‌ബിള്‍, അതില്‍ കാണുന്നതു പുറത്തെ മരത്തിന്റെ പ്രതിഫലനം .. :)

എന്നാലിനി ഞാന്‍ പോട്ടേ?

അതേയ്... എന്റെ പിന്‍ഭാഗം ... വേദനിക്കുന്നു. :( വീട്ടില്‍ പോയി, ഒന്നു ചൂടുവെള്ളത്തില്‍ കുളിച്ചു നോക്കാം അല്ലേ? :)

സസ്നേഹം, കരിങ്കല്ല്.

P.S 1 : പണ്ടൊരിക്കല്‍, അശോകന്‍ ചെരുവിലിന്റെ ഒരു പുസ്തകത്തില്‍ (നിശാഗന്ധി പബ്ലിക്കേഷന്‍സ് വഴി കിട്ടിയത്‌) വായിച്ച ഒരു വരി ഓര്‍മ്മ വരുന്നു - “അവള്‍, പൃഷ്ഠഭാഗത്തു മാത്രം മാംസമുള്ള പെണ്‍‌കുട്ടി”. അല്ലാ വീഴ്ച കഴിഞ്ഞെഴുന്നേറ്റപ്പോള്‍ ഓര്‍ത്തുപോയതാ. ;)

~

33 comments:

Sands | കരിങ്കല്ല് said...

നല്ലോരു ശനിയാഴ്ച, വീട്ടിലിരിക്കേണ്ട ഞാനിന്നു ഇവിടെ ലാബിലിരിക്കുന്നതു് - നിങ്ങള്‍ക്കൊക്കെ വേണ്ടി രണ്ടക്ഷരം എഴുതാനാണു്. ആ സ്നേഹമൊക്കെ വേണം ട്ടോ! :)

അനില്‍@ബ്ലോഗ് said...

(((ഠേ )))

തേങ്ങയല്ല. മഷിക്കുപ്പി താഴെ വീണതാ.

ഗോപക്‌ യു ആര്‍ said...

i beg to differ
your honour..
.actually i dislike ink pens

ofcourse likings are persenal
.....personaly i like tecnotip
pens
anyway avery good post
u caused to remind a remote
sweet past...
thanks...

ഭൂമിപുത്രി said...

നല്ലഭംഗിയുള്ള ഈ പേനകൾ കണ്ടപ്പോളെനിയ്ക്കും
കൊതിവരുന്നു.. എന്തെങ്കിലുമൊന്ന് കടലാസിലെഴുതാൻ.

BS Madai said...

കരിങ്കല്ലേ,
ഇന്നാ ഇവിടെ വന്നത് - ഇഷ്ടപ്പെട്ടു. പിന്നെ ആ പേനയില്‍ 1-2 എണ്ണം കാണാതായാല്‍ എന്നെ പറയുരുത് - ആദ്യായിട്ട് വന്നിട്ട് പേന അടീച്ചുമാറ്റിയെന്നൊന്നും - ഞാന്‍ ആ ടൈപ്പ് അല്ല!! സ്നേഹത്തോടെ....

സി. കെ. ബാബു said...

സമ്മാനം കിട്ടിയതും വാങ്ങിയതുമായി ചുരുങ്ങിയതു് ഒരു അന്‍പതു് പേനകളും അതിലിരട്ടി സാദാപെന്‍സിലുകളും, വര്‍ണ്ണപ്പെന്‍സിലുകളും എന്റെ പക്കലുമുണ്ടു്‌. “എഴുത്തുയന്ത്രങ്ങളുടെ” ശേഖരണം ഹോബി ആയതുകൊണ്ടല്ല, അങ്ങനെ സംഭവിച്ചു എന്നുമാത്രം. എങ്കിലും എഴുത്തുമേശയില്‍ നാലു് “ഫൌണ്ടന്‍ പേനകള്‍” ആണു് ഇഷ്ടകാമുകികള്‍ - മഷിയുടെ നിറം തന്നെ പേനകള്‍ക്കും! നീല, കറുപ്പു്, പച്ച, ചുവപ്പു്! അവ sands പറഞ്ഞ കാരണത്താല്‍ മറ്റാര്‍ക്കും ഞാനും എഴുതാന്‍ കൊടുക്കാറില്ല. അതിനല്ലേ‌ പലതരം ഡോട്ട്‌പെന്നുകള്‍! ഫോണ്‍ ചെയ്യുമ്പോള്‍ എന്തെങ്കിലും കുത്തിക്കുറിക്കാനും ഡോട്ട്‌പെന്നുകള്‍ തന്നെ! വീട്ടില്‍ ഞാന്‍ എന്റെ അറിവില്ലാതെ ഇരിക്കാനോ കിടക്കാനോ സാദ്ധ്യത ഉള്ള എല്ലാ സ്ഥലങ്ങളിലും ഡോട്ട്‌പെന്നുകള്‍ സൂക്ഷിച്ചിട്ടുണ്ടു്‌. എപ്പൊഴെങ്കിലും എന്തെങ്കിലും എഴുതണം എന്നുതോന്നിയാല്‍ പേനയില്ല എന്നൊരു തടസ്സം ഉണ്ടാവരുതു്. :)

“സ്നേഹപൂര്‍വ്വം” എഴുതാന്‍ ഫൌണ്ടന്‍ പേനകള്‍ തന്നെയാണു്‌ ഉപയോഗിക്കാറു്‌! അതിന്റെ ആവശ്യം അധികം ഇല്ലാത്തതിനാല്‍ അവയ്ക്കു് തത്ക്കാലം വിശ്രമം. ഒപ്പിടാന്‍ മാത്രം നീലയോ കറുപ്പോ സന്ദര്‍ഭാനുസരണം!

നാട്ടിലായിരുന്നെങ്കില്‍ പൃഷ്ഠഭാഗത്തെ ചതവിനു് ആയുര്‍വേദവിധിപ്രകാരം ഉമിക്കിഴിയോ മണല്‍ക്കിഴിയോ ആവിക്കിഴിയോ ചൂരല്‍ക്കിഴിയോ ഒക്കെ സഹായകമായേനെ! വേദമില്ലാത്ത ജര്‍മ്മനിയില്‍ എന്തു് ആയുര്‍വേദം? അവിടെ പക്ഷേ hot-water bottle തീര്‍ച്ചയായും ഉണ്ടാവും! :)

nardnahc hsemus said...

ആ അവസാനത്ത് കാണുന്നത് ഇമ്മടെ ഹീറോ പെന്നല്ലേ..

മുംബൈയീല്‍ ഇപ്പോഴും 30 ഉറുപ്യയ്ക്ക് കിട്ടുന്നുണ്ട്.. 5 രൂ‍പയ്ക്ക് വാങ്ങിയിരുന്നതാ....

മൈക്രോടിപ്പിന്റെ കടന്നുവരവോടെ ഫൌണ്ടന്‍ വിപണീ തന്നെ ഇല്ലാതായീന്നു പറയാം

മലമൂട്ടില്‍ മത്തായി said...

ഞാനും ഫൌന്റൈന്‍ പേനകളുടെ ഒരു ആരാധകന്‍ ആണ്. കുറെ കാശു മുടക്കി ഒരുപാടു പേനകള്‍ വാങ്ങി വെച്ചിടുണ്ട്. അതില്‍ നിറക്കാനുള്ള മഷി, ഒരു ഇന്റര്നെറ്റ് സൈറ്റില്‍ ചെന്നിട്ടാണ് ഓര്‍ഡര്‍ ചെയ്യുന്നത്.

പിന്നെ സൈക്ലിന്റെ കാര്യം - രണ്ടു കൈയും വിട്ടു ഓടിച്ചു മുക്കും കുത്തി തന്നെ ഞാന്‍ വീണിട്ടുണ്ട്. സെല്ല്ഫോനില്‍ സംസാരിച്ചു വരുന്ന സമയം ഒരു ചെറിയ ഹമ്പ് കണ്ടില്ല. കണ്ടാല്‍ അറിയാത്തവന്‍ കൊണ്ടാല്‍ അറിയുമെന്ന് അന്നറിഞ്ഞു.

lakshmy said...

പ്രിയപ്പെട്ട നായ്ക്കുട്ടികളും പ്രിയപ്പെട്ട പൂച്ചക്കുട്ടികളുമൊക്കെ ബ്ലോഗിൽ നിറയുന്നതിനിടക്ക് ദാ പ്രിയപ്പെട്ട പേനയും. കൊള്ളാം

എന്തായാലും വീഴ്ചയിൽ പരിക്കൊന്നും പറ്റാഞ്ഞതു ഭാഗ്യം. ഇവിടെ പരിക്കു പറ്റി ഒരാൾ ഇപ്പോഴും ഇരിപ്പാണേ

smitha adharsh said...

നാട്ടില്‍ ടീച്ചര്‍ ആയിരിക്കുമ്പോള്‍,കുട്ടികള്ക്ക് മാതൃക കാണിക്കാനായി,ഇടയ്ക്കൊക്കെ ഈ സ്റ്റൈലന്‍ ഫൌണ്ടെന്‍ പെന്‍ ഉപയോഗിക്കാറുണ്ടായിരുന്നു...കുട്ടികളുടെ കൈയക്ഷരം നന്നാവാന്‍ ഇത്തരം പേനകള്‍ തന്നെ വേണം എന്ന്..പ്രിന്‍സി..നമ്മള്‍,പാവം ടീചെര്മാര്‍ പ്രിന്‍സിപ്പാളിന്റെ ഓര്‍ഡര്‍ അനുസരിക്കണ്ടേ?ഞങ്ങളൊക്കെ സ്കൂളില്‍ പഠിക്കുമ്പോള്‍ കോപ്പി & കോമ്പോസിഷന്‍ ഇത്തരം പെന്‍ കൊണ്ടു മാത്രേ എഴുതീട്ടുള്ളൂ..അതൊക്കെ ഓര്മ്മ വന്നു..
വീഴ്ച...സാരമില്ല..കൈയിലിരിപ്പ് ശരിയല്ലതോണ്ടല്ലേ? വേദന കുറഞ്ഞോ?

ബഷീര്‍ വെള്ളറക്കാട്‌ / pb said...

കരിങ്കാല്ലാണെങ്കിലും മൂക്കും കുത്തി വീണില്ലല്ലോ.. അത്‌ ഭാഗ്യം.. ലിങ്കിലൂടെയും പോയി വായിച്ചു. ഇനി അവരുടെ ജീവിതത്തില്‍ പാരയായി .ഒരു കരിങ്കല്ലായി മാറരുത്‌.

പിന്നെ എഴുതുന്ന അസുഖം എനിക്കും ഉണ്ട്‌ കേട്ടോ.. ഇപ്പോള്‍ ബീവിക്കും മോള്‍ ക്കുമാണു എഴുത്തുകള്‍.. എന്ന് മാത്രം. ഫൗണന്‍ പേനയും മഷിക്കുപ്പിയും കുറച്ച്‌ നാള്‍ മുന്നെ എന്റെ പക്കലും ഉണ്ടായിരുന്നു. അതിപ്പോള്‍ ഉപയോഗിക്കാറില്ല. ഈ പേനയും മഷിക്കുപ്പിയും കണ്ടപ്പോള്‍ വീണ്ടു ഒരാഗ്രഹം.

ശ്രീലാല്‍ said...

ആ സ്നേഹമൊക്കെ ഉണ്ട് ട്ടോ! :)

രസാവുന്നുണ്ട് :)

കാന്താരിക്കുട്ടി said...

ആ പേന ഞാന്‍ ഇന്നു അടിച്ചു മാറ്റും നോക്കിക്കോ..രണ്ടു കുപ്പി മഷി മേടിക്കണം എന്നല്ലേ ഉള്ളൂ...

ഗീതാഗീതികള്‍ said...

“നല്ലോരു ശനിയാഴ്ച, വീട്ടിലിരിക്കേണ്ട ഞാനിന്നു ഇവിടെ ലാബിലിരിക്കുന്നതു് - നിങ്ങള്‍ക്കൊക്കെ വേണ്ടി രണ്ടക്ഷരം എഴുതാനാണു്. ആ സ്നേഹമൊക്കെ വേണം ട്ടോ!“

പിന്നേ, സ്നേഹമില്ലാണ്ടിരിക്ക്വോ കല്ലേ?
ഒരു കൊട്ട നെറയെ സ്നേഹോണ്ട്...

അതും, ആ ഷോക്ക് അബ്സോര്‍ബറൊള്ള സ്ഥാനത്ത് ഇത്രേം വേദനയൊക്കെ സഹിച്ച് നമുക്കൊക്കെ വേണ്ടിയെഴുതുന്നതല്ലേ? ഒന്നുമില്ലേലും അതിന്റെ പേരില്‍ ഇത്തിരി ചിരിക്കാനൊക്കെ വക കിട്ടിയതല്ലേ....
നല്ല സ്നേഹോണ്ട് ട്ടാ..

അപ്പോള്‍ എനിക്കെന്നാ അതേലൊരു പേന അയച്ചുതരുന്നത്? (അല്ല, ഇപ്പോഴൊന്നും വേണ്ട, കണ്ടം ചെയ്യാറായി എന്നു തോന്നുമ്പോള്‍ മതി. എനിക്ക് ആക്രി സാധനങ്ങളുടെ കച്ചോടമുണ്ടേ.അതാ..)

Anonymous said...

Veezhcha kadha kollam..
kurachu chirikkan ulla vakayayi.. :)

Vivek.

Sands | കരിങ്കല്ല് said...

അനില്‍@ബ്ലോഗ് : ആദ്യം വന്നിട്ടു തേങ്ങയൊടച്ചൂല്ല്യ... മഷിക്കുപ്പി തട്ടി താഴെയിടേം ചെയ്തു... :( ചുട്ട അടി..

ഗോപക്‌ യു ആര്‍ :  പേഴ്സനല്‍ താല്പര്യങ്ങളല്ലേ.. നമ്മളെയൊക്കെ വ്യത്യസ്തരാക്കുന്നതു്‌. നന്ദിണ്ട് ട്ടോ :)

ഭൂമിപുത്രി :  കടലാസില്‍ കവിതയെഴുതൂ .. അതു പോസ്റ്റ് ചെയ്യൂ... കഴിഞ്ഞ പ്രാവശ്യം ഭൂമിപുത്രിയെ ഒന്നു തോണ്ടിയതിനു പിണങ്ങ്വോ എന്നു ശങ്കിച്ചിരുന്നു. :)‌

BS Madai : വന്നതിനു നന്ദി... സ്വാഗതം :) പേനയുടെ ചിത്രമല്ലേ .. എടുത്തോളൂ.. :)

ബാബുചേട്ടാ... : എന്റെ കയ്യിലും ചെറിയൊരു കളക്ഷന്‍ ഉണ്ടായിരുന്നു.. അതു നാട്ടിലായിരുന്നപ്പോള്‍ .... :( എനിക്കിത്തിരി അസൂയ വരുന്നുണ്ട് ട്ടോ. എനിക്കു
പിന്ന ആകെ രണ്ടു കുഞ്ഞി മുറികളേ ഉള്ളൂ .. അപ്പൊ ഇനി പേന കാണാത്തതുകൊണ്ട്, എഴുതാതിരിക്കാനൊന്നും പറ്റില്ല.  :)

വേദനക്കു കിഴിയൊന്നും വെച്ചില്ല... ഇന്നലെ രാത്രി വേദന ഉണ്ടായിരുന്നു... ബാത്ത്ടബ്ബില്‍ ചൂടുവെള്ളത്തില്‍ കുറേ നേരം കിടന്നു...   ഇന്നു രാവിലെ എല്ലാം ശരിയായി.. (almost)

ഷ്‌മേസു:  അതെ നമ്മുടെ ഹീറോ തന്നെ.  പിന്നെ.. എത്രയൊക്കെ ആയാലും എന്തൊക്കെ ടിപ്പു്‌ വന്നാലും ഹീറോ എന്നും ഹീറോ തന്നെ.

മത്തായിച്ചാ... :  നമസ്കാരം .. സിറ്റിയിലൊക്കെ കിട്ടുമല്ലോ മഷിയൊക്കെ .. ഇല്ലേ? നല്ല പെലിക്കന്‍ തന്നെ. :) വീണപ്പോ മൊബൈലിനൊന്നും പറ്റിയില്ലല്ലോ അല്ലേ? ;)

ലക്ഷ്മീ : അങ്ങനെയൊക്കെ ഓരോരോ ടോപിക്കല്ലേ എനിക്കൊക്കെ ഉള്ളൂ.. കഥ കവിത ഒന്നും എനിക്കു പറഞ്ഞിട്ടില്ലല്ലോ ! ;)

സ്മിതേ : എല്ലാരും പറയുന്നു അങ്ങനെ... എന്നാല്‍ എനിക്കു ഉറപ്പില്ല.. കൈയ്യക്ഷരം നന്നാവും എന്നു .. ഫൗണ്ടന്‍ പേന ഉപയോഗിച്ചാല്‍ ... അറിയില്ലാട്ടോ...  വേദന കുറഞ്ഞു... ഒരു വിധം മാറി എന്നു തന്നെ പറയാം .. .

ബഷീറിക്കാ.... :  നന്ദി... അങ്ങനെ പാടില്ലാത്ത കാര്യങ്ങള്‍ വല്ലതും ഞാന്‍ ചെയ്യും എന്നു തോന്നുന്നുണ്ടോ? ഞാന്‍ ആളു ഡീസന്റാട്ടോ!! :) എഴുതൂ :)

ശ്രീലാല്‍ : നന്ദി... :)... വന്നതിനു നന്ദി.. സ്നേഹത്തിനും നന്ദി....  ഇഷ്ടായീന്നു പറഞ്ഞതിനും നന്ദി....

കാന്താരിച്ചേച്ചി :  അടിച്ചുമാറ്റാന്‍ വന്നാല്‍ അടികിട്ടും ;)


ഗീതചേച്ചീ : അപ്പൊ എന്റെ വേദനയില്‍ ചിരിച്ചൂല്ലേ?  സ്നേഹത്തിനു നന്ദി! :) പേനകളൊക്കെ എത്ര പഴയതായാലും കണ്ടം വെക്കില്ല....

വിവേകേ  ... നന്ദി.. ചിരിച്ചതില്‍ സന്തോഷം ...

Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

ശ്രീ said...

വീഴ്ചയെ പറ്റി ഒര്‍ത്തിട്ട് ചിരിയ്ക്കാതിരിയ്ക്കാന്‍ കഴിയുന്നില്ല, സന്ദീപേ... ഇത്തരം കസര്‍ത്തുകളൊക്കെ പണ്ടു തന്നെ കാണിച്ചിരിയ്ക്കുന്നു. എന്തോ ഭാഗ്യത്തിന് അന്നൊന്നും വീണിട്ടില്ല.

പിന്നെ, പേനകളെ കുറിച്ചു പറഞ്ഞപ്പോള്‍ എനിയ്ക്കും പ്രിയപ്പെട്ട കുറച്ചു പേനകളുണ്ട്. ഇടയ്ക്കിടെ പേന മാറുന്നത് എനിയ്ക്കും ഇഷ്ടമല്ല.

ഞാനുപയോഗിച്ചിരുന്നവയില്‍ എനിയ്ക്ക് ഏറ്റവും ഇഷ്ടമായിരുന്ന പേന നാലാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ അച്ഛന്‍ വാങ്ങി തന്ന് ഒരു പച്ച ഫൌണ്ടന്‍ പേന ആയിരുന്നു. പക്ഷേ ഏതോ കശ്മലന്‍ അതു മോഷ്ടിച്ചു. :( പിന്നെ, അതൊരിയ്ക്കലും കണ്ടു കിട്ടിയിട്ടില്ല. പക്ഷേ, ആ പേന തിരിച്ചു കിട്ടിയതായി പല തവണ ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട് എന്നതാണ് ഒരു രസകരമായ കാര്യം)

തോന്ന്യാസി said...

എന്റെ കയ്യിലും ഉണ്ടായിരുന്നു ഒരു ഫൌണ്ടന്‍ പേന....പച്ച നിറമുള്ള ബോഡിയും,വെള്ളി നിറമുള്ള തൊപ്പിയും ഉള്ള ഒരു തടിയന്‍ ചെല്‍‌പാര്‍ക്ക്

പ്രീഡിഗ്രി ക്ക് ചേര്‍ന്നപ്പോ അച്ഛന്റെ സുഹൃത്ത് സമ്മാനിച്ചത്....തിങ്കളാഴ്ച രാവിലെ മഷിയൊഴിച്ചാല്‍ ശനിയാഴ്ച വൈകുന്നേരം വരെ തിരിഞ്ഞു നോക്കണ്ട (എഴുത്തിന്റെ ആഴം മനസ്സിലായല്ലോ) ....

ഇപ്പോള്‍ പുള്ളി വീട്ടിലെ പഴയ മേശയില്‍ റെസ്റ്റെടുക്കുകയാ...

Anonymous said...

ha ha ha...oraalde veezhchayil chirikkaan paadilla ennariyaam..
pakshe aa veezhcha imagine cheyyumbol chirikkyaathirikkyaanum pattunnillaa.. :)

Anonymous said...

kadhayum kavithayum onnum venda..ennum sandeepinte life-il nadakkunna kaaryangal ezhuthiyaal madhi..oru kunnu chirikk vakayundaavum.. :)
workinte tensionil irikkumbo ivide vannu kure chirikkyaalo... :)

അശ്വതി/Aswathy said...

കൊള്ളാലോ..
ഒരു പേന കളക്ഷന്‍ എന്റെ വീട്ടിലും ഉണ്ട്.
എന്റെ വക അല്ല എന്ന് മാത്രം

മാണിക്യം said...

ഇതാ പിടിച്ചോ എന്റെ വക
സ്നേഹം 2 ചാക്ക് .
റ്റൈഗര്‍‌ ബാം ഒരു കുപ്പി
ഡീപ് ഹീറ്റ് ബാം ഒരു ട്യൂബ്
അരിചൂരല്‍ ഒന്ന്

പിന്നെ പേന ഞാന്‍ ആര്‍ക്കും കാണിച്ചു പോലും കൊടുത്താതെ പാത്തു വച്ചിരിക്കുന്നവ പലതും കൊണ്ട് എഴുതിയിട്ട് പോലും ഇല്ലാ മിക്കതും എന്റെ സ്റ്റൂടന്റ്സിന്റെ ഗിഫ്റ്റ് തന്നതാണ്. അതുകൊണ്ടാ പാത്തുവച്ചിരിക്കുന്നത് .. എന്റെ ആദ്യത്തെ
“ഫോറിന്‍ ”പെന്‍ ഒരു പാര്‍ക്കര്‍. 1972-ല്‍‍ അപ്പാപ്പന്‍ തന്നത് ,ശേഖരത്തില്‍ ഉണ്ട്.
എഴുത്ത് ഡോട്ട്പെന്‍ തന്നെ :)
പോസ്റ്റ് നന്നായി ..

Sands | കരിങ്കല്ല് said...

മലയാളീ... :  ഒരുപാടു നന്ദി...

ശ്രീ :  ഇപ്പൊ വേദനയൊക്കെ മാറി.. എല്ലാം ശരിയായി... അടുത്ത വീഴ്ചക്കു തയ്യാറെടുത്തുകഴിഞ്ഞു...  പണ്ടൊരിക്കല്‍ എന്റെ കയ്യിലും ഒരു സുന്ദരന്‍ പേന ഉണ്ടായിരുന്നു... അതു്‌ എവിടെയോ പോയി...) പിന്നെ.. ഒരു സുഹൃത്തിന്റെ പേന കുത്തിയൊടിച്ച ചരിത്രവും എനിക്കുണ്ട്. ;)

തോന്ന്യാസി : നന്ദിയുണ്ട് വന്നതിനു്‌ :) വീടെവിടെയാന്നാ പറഞ്ഞേ? .. ഏതു മേശയിലാ... (ഹേയ്.. അടിച്ചു മാറ്റാനൊന്നുമല്ല... ചുമ്മാ ഒന്നു കാണാന്‍ ;) )

അനോണീ.. (1): അല്ലെങ്കിലും മറ്റുള്ളവന്റെ വേദനയില്‍ ചിരിക്കാനാണല്ലോ നമുക്കിഷ്ടം ;)  (ഇത്തിരി സെന്റി + തത്വചിന്ത ഞാനും കാച്ചട്ടെ)

അനോണീ ... (2):  എന്റെ ജീവിതം അത്രക്കു തമാശയാണല്ലെ? ;)

അശ്വതി :  എങ്ങനെയെങ്കിലും ആ കളക്ഷന്‍ അടിച്ചുമാറ്റാം നമുക്കു്‌? (പകുതി എനിക്കും പകുതി അശ്വതിക്കും... ഡീല്‍ ???? )

മാണിക്യം : സ്നേഹത്തിനു നന്ദി... ബാം തന്നതിനു ഇത്തിരി സ്നേഹം തിരിച്ചു....രണ്ടാമത്തെ ബാമിനു വീണ്ടും ഇത്തിരി സ്നേഹം കൂടി.ചൂരല്‍ വന്നപ്പോ ഞാന്‍ ഓടീ...

ഇനി പേന എന്നു ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ ശരിക്കൊരു പേനാക്കള്ളനാവും.

Sharu.... said...

എനിക്കിന്നു തന്നെ അത്തരത്തിലുള്ള ഒരു പേന വേണം.....
വീഴ്ചയില്‍ കാര്യമായ പ്രശ്നങ്ങളൊന്നും ഇല്ലല്ലോ, സമാധാനം (വെറുതെ ആശിപ്പിച്ചു.... :)...)

Rare Rose said...

കരിങ്കല്ലേ..,.പഴയ പാവം ഹീറോ പെന്നിനെ ഓറ്മ്മ്മിപ്പിച്ചതിനു താങ്കൂ..പണ്ടു..7ലിലോ 6 ആം ക്ലാസ്സിലൊക്കെ പഠിക്കുമ്പോള്‍ ഹീറോ പെന്നിനെ താഴത്തും തലയിലും വെക്കാതെ കൊണ്ടു നടന്നിരുന്നു..നല്ല കറുത്ത മഷിയൊക്കെ നിറച്ച് എഴുതാന്‍ വല്യ ഇഷ്ടാരുന്നു...പിന്നീടെപ്പോഴോ ആ ശീലം കൈ വിട്ടു പോയി...ഇപ്പോള്‍ കയ്യില്‍ ഒരൊറ്റ ഹീറോ പെന്‍ പോലുമില്ല..:(..ഇതു വായിച്ചപ്പോള്‍ ഒന്നൂടെ എഴുതാന്‍ തോന്നുന്നു..
പിന്നെ വീഴ്ചയില്‍ നിന്നും പൂറ്ണ്ണമായും കര കേറിയെന്നു കരുതുന്നു..;)

നരിക്കുന്നൻ said...

വീഴ്ചയിൽ ഒന്നും പറ്റിയില്ലല്ലോ അല്ലേ.
എനിക്കും ഇഷ്ടമാണ് ഈ പേന. പക്ഷേ ഒന്നും കയ്യിൽ കൂടുതൽ കാലം നിൽക്കില്ല. ആരെങ്കിലും അടിച്ച് മാറ്റും.

കുറ്റ്യാടിക്കാരന്‍ said...

നന്നായിരിക്കുന്നു സാന്‍ഡ്സ്..

നന്ദ said...

ഫൌണ്ടന്‍ പേനകള്‍! യ്യോ! നൊസ്റ്റാള്‍ജിയ വന്നപോലെ.

(നല്ല പടംസ്‌)

B Shihab said...

kalle,നന്നായിരിക്കുന്നു,

പെണ്‍കൊടി said...

ഞാനും പേനയുടെയും (പ്രത്യേകിച്ച് മഷി പേനയുടെ) പെന്‍സിലിന്റെയും ഒക്കെ ഫാനാ..

-പെണ്‍കൊടി.

Sands | കരിങ്കല്ല് said...

Sharu.... : അതേയ് ... എന്റെ പുതിയ പോസ്റ്റ് കാണുമ്പോള്‍ എനിക്കൊന്നും പറ്റിയില്ല എന്ന വിഷമം ഒക്കെ മാറിക്കോളും ...

Rare Rose : എഴുതൂ‍...  എന്നിട്ടു് കൂടെ പറയേം ചെയ്യൂ... “കരിങ്കല്ലെന്നെ എഴുത്തുകാരിയാക്കീ എന്നു”. ...  ആ വീഴ്ചയില്‍ നിന്നു കരകേറി .. മറ്റൊരപകടം പറ്റി.. അതിനിടയില്‍. .... അടുത്ത പോസ്റ്റില്‍ വായിക്കാം

നരിക്കുന്നന്‍ : ഇല്ലാ ഒന്നും തന്നെ പറ്റിയില്ല....

കുറ്റ്യാടിക്കാരന്‍ : താങ്ക്യൂ.....

നന്ദ : അപ്പൊ എന്റെ ഉദ്ദേശ്യം നടന്നു...

B Shihab : ശിഹാബ് തങ്ങളാണോ? ;) .... നന്ദിട്ടോ

പെണ്‍കൊടി : ആദ്യായിട്ടാ ഇവിടെ അല്ലേ? സ്വാഗതം ... നന്ദി...

പിരിക്കുട്ടി said...

kastam...
ithu kannu pattiyathu thanne sands....
ippola ithu vaayiche....