Tuesday, September 30, 2008

ഒത്തിരി നാളായില്ലേ?

 

ഞാനീ വഴിയൊക്കെ വന്നിട്ടിപ്പൊ കുറച്ചു നാളായി അല്ലേ? [കഥ വായിക്കാന്‍ മാത്രം വന്നവര്‍ .. താഴേക്കു പോവുക. കറുത്ത അക്ഷരങ്ങളില്‍ കഥ]

കഴിഞ്ഞ ആഴ്ച ഞാന്‍ ആംസ്റ്റര്‍ഡാമിലായിരുന്നു.... എന്റെ പഠനവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനു്. സംഭവം ഒരു കോണ്‍‌ഫറന്‍സ്... ഞാന്‍ വെറും കാണി/കേള്‍‌വിക്കാരന്‍‌ മാത്രമാണേ.... :)

കുറേ ടോക്കുകള്‍ ഉണ്ടായിരുന്നു.... അതിലെ ചിലതൊക്കെ നല്ലതു്, ചിലതൊക്കെ തരക്കേടില്ല... മറ്റു ചിലതോ ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല... ആകെ മൊത്തം കുറേ കണക്കു് തന്നെ.

നല്ല ടോക്കുകളില്‍ മൂന്നു നാലെണ്ണം ഒക്കെ എന്റെ ഗവേഷണത്തിനു വളരേ ഉപകാരപ്രദമായതും ആയിരുന്നു.

തരക്കേടില്ലാത്തവയില്‍ ചിലതു് ... പൊതു വിവരം കൂട്ടാന്‍ സഹായിക്കുന്നവ, അല്ലെങ്കില്‍ പുതിയ ഗവേഷണമേഖലകള്‍ കാണിച്ചു തരുന്നവ.. അങ്ങനെ...

എന്നാല്‍ മൂന്നാമത്തെ ക്യാറ്റഗറി ... നല്ല തലമൂത്ത ഗണിതശാസ്ത്രജ്ഞന്മാര്‍ മാസങ്ങളും വര്‍‌ഷങ്ങളും അധ്വാനിച്ചുണ്ടാക്കിയ റിസല്‍ട്ട്. ഒരു മണിക്കൂര്‍ പ്രഭാഷണത്തില്‍ എനിക്കതെവിടുന്നു മനസ്സിലാവാന്‍? (അല്ല, മനസ്സിലാവുമായിരുന്നെങ്കില്‍ ഞാന്‍ ഇപ്പൊ എവിടെയൊക്കെ എത്തിയേനേ അല്ലേ?)

അപ്പൊ പറഞ്ഞു വന്നതു... എനിക്കു ചില ടോക്കുകള്‍ക്കിടയില്‍ ബോറടിച്ചു. എനിക്കാണെങ്കില്‍ ബോറടിച്ചാല്‍ അപ്പൊ ഉറക്കം വരും ... അതങ്ങനെയാ.. പണ്ടു മുതല്‍ക്കേ...
[മുതലയുടെയും കുറുക്കച്ചാരുടെയും കഥ അറിയാമോ? :) -- കൈ പൊക്കൂ പറഞ്ഞു തരാം]

എന്നാല്‍ അവിടെ വലിയ പ്രൊഫസര്‍‌മാരും ശാസ്ത്രജ്ഞരും ഒക്കെ സംസാരിക്കുമ്പോ ഉറങ്ങാമോ?

കൂടെ വേറെ ചില പി.എച്ച്.ഡി സുഹൃത്തുക്കളും ഉണ്ടായിരുന്നു ... അവരാണെങ്കില്‍ നല്ല ഉറക്കം തൂങ്ങല്‍. ഞാന്‍ മാത്രം ബുദ്ധിപരമായി ഒരു കാര്യം ചെയ്തു ... അതാണീ താഴെ കാണുന്നതു്. :)

Writing-പാഡില്‍ ഒരിത്തിരി പെന്‍സില്‍ ഡ്രോയിം‌ഗ്. :) [scanned image]

 

അങ്ങനെ എന്നും പൂക്കളും ഇലകളും മാത്രം വരച്ചാല്‍ മതിയോ? അടുത്തതു ഒരു പോര്‍‌ട്രെയിറ്റ് തന്നെ ആയിക്കോട്ടെ എന്നു വിചാരിച്ചു. [scanned image]

 

ഈ ചിത്രത്തിന്റെ പേരു് “പന്തം കണ്ട പെരുച്ചാഴി” -- ഒരു ഫ്രഞ്ചു് വിദ്യാര്‍ത്ഥി... അവനു യാതൊരു വസ്തുവും മനസ്സിലാവുന്നില്ല... എന്നാലും നോക്കിയിരിക്കുന്നു ... സ്റ്റേജിലേക്ക് ... എന്നാല്‍ അവനെ തന്നെ വരച്ചേക്കാം എന്നു കരുതി ഞാന്‍.

മുടിയും, കൂര്‍ത്ത താടിയെല്ലും ഒക്കെ തരക്കേടില്ലാതെ വന്നിട്ടുണ്ട്.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഞാന്‍ ഇതിനു മുമ്പ് പോര്‍‌ട്രെയിറ്റ് ശ്രമിച്ചിട്ടുള്ളൂ... ഫസ്റ്റ് ഇയര്‍ (എഞ്ചിനിയറിം‌ഗ് കോളേജില്‍) ഗ്രാഫിക്സ് തിയറി ക്ലാസ്സില്‍. അന്നു വരച്ചതു ഒരു പെണ്‍കുട്ടിയെ... [ഇവളെ] ...അതും വലിയ മോശമില്ലായിരുന്നു എന്നാണെന്റെ ഓര്‍മ്മ മാര്‍ബിള്‍സ്.

എന്നാലിനി ഇന്നത്തെ വധം നിര്‍ത്താം അല്ലേ? :)

തിരക്കിലായിപ്പോയി... അല്ലെങ്കില്‍ ശരിക്കും വധിച്ചിട്ടേ പോവുള്ളൂ ഞാന്‍ .. കുറേ കാര്യങ്ങളുണ്ടേ പറയാന്‍.

സ്നേഹാദരങ്ങളോടെ, ഞാന്‍, കരികല്ല്.

ഓഫ്: ഒരു കഥ പറയാം എന്നു പറഞ്ഞിരുന്നു ഇല്ലേ? അതു ചെറുതാക്കി പറയാം ... പിന്നെ അന്നു നിങ്ങളെ കൊതിപ്പിക്കാന്‍ കഥയുടെ പ്രമേയം ഇത്തിരി വളച്ചൊടിച്ചിരുന്നു.. മാപ്പാക്കുക.

ഒരു ദിവസം ഉച്ചക്കു്, നമ്മുടെ നമ്പൂരിശ്ശന്‍ ഊണിനായി ഇരുന്നു. കഴിക്കാന്‍ തുടങ്ങിയപ്പോ എന്തോ ഒരു ഗന്ധം ...

നമ്പൂരിശ്ശന്‍ ചോദിച്ചു: സാവിത്രീ .. എന്താ ഒരു മണം ... പതിവില്ലാത്ത ഒരു മണം ...

അകത്തൂന്നു: അറിയില്ലാട്ടോ...

ഊണൊക്കെ കഴിഞ്ഞ് നമ്പൂരിശ്ശന്‍ മുറുക്കിക്കൊണ്ടിരിക്കുമ്പോ അടുത്ത പറമ്പില്‍ കുടിലുകെട്ടി താമസിക്കണ മാപ്ല വന്നു. മാപ്ലയോടും ചോദിച്ചു...

എടോ മാപ്ലേ.. തനിക്കു തോന്നിയോടൊ ഒരു മണം? നോം ഊണു കഴിക്കണ നേരത്തൊരു മണം!?!

മാപ്ല പറഞ്ഞു : അതു തമ്പ്രാനേ .. മീന്‍ വറക്കണ മണാണു്.. അടിയന്റെ കുടീന്നാവും.. തമ്പ്രാനു് ബുദ്ധിമുട്ടായെങ്കില്‍... .

നമ്പൂരിശ്ശന്‍: യേയ്... ഒരു ബുദ്ധിമുട്ടൂല്ല്യ... ആ ഗന്ധം കാരണം ..ഇന്നു കാര്യായി ഊണുകഴിക്കാന്‍ സാധിച്ചു... പറ്റും‌ചാല്‍ എന്നും ആയിക്കോട്ടെ... ഊണു നന്നാവൂല്ലോ! :)

പിന്നെ എന്നും നമ്മുടെ മാപ്ല ഉച്ചക്കു മീന്‍ വറക്കും... നമ്പൂരി ആ മണം കേട്ടു നല്ലോണം ഉണ്ണും.. അതായി പതിവു്.

അങ്ങനെ ഒരു മാസം കഴിഞ്ഞു.. നമ്പൂരിശ്ശന്റെ വയറും ചാടിത്തുടങ്ങി..

അപ്പൊ വന്നു നമ്മുടെ മാപ്ല വീണ്ടും ....

തമ്പ്രാനേ ... ഒരു മാസായി ഇപ്പൊ മീന്‍ വറവു തൊടങ്ങീട്ടു്... അതിന്റെ പണം തന്നാല്‍ അടിയന്‍ .... .. ... .

നമ്പൂരി: എത്രയായി... മാപ്ലേ?

മാപ്ല: 30 ഉറുപ്യ

നമ്പൂരി ഉടനേ അകത്തു പോയി... ഒരു രൂപ നാണയം എടുത്തോണ്ടു വന്നു. അതു എടുത്തു 30 പ്രാവശ്യം താഴേക്കു ഊക്കില്‍ എറിഞ്ഞു.. എന്നിട്ടു പറഞ്ഞു...  കേട്ടൂല്ലോ ഇല്ല്യേ.. എന്നാ‍ല്‍ ഇനി മാപ്ല പൊക്കോളൂ എന്നു്.

മാപ്ല: എന്താ തമ്പ്രാനേ പറ്റിക്ക്യാണോ അടിയനെ?

നമ്പൂരി: മീനിന്റെ മണത്തിനു നാണയത്തിന്റെ ശബ്ദം തന്നെ വില.. താന്‍ പൊക്കോളൂ....

മാപ്ല ഇളിഭ്യനായി മടങ്ങി.

(നമ്പൂരി എപ്പോഴും വിഡ്ഡിയൊന്നും അല്ലാട്ടോ) :)

കഥയും കാര്യവും കൂട്ടിച്ചേര്‌‍ക്കണ്ട എന്നായിരുന്നു അമ്മയുടെ ഉപദേശം ... രണ്ടു പോസ്റ്റായി എഴുതാന്‍ മാത്രം സമയം ഇല്ലാതെ പോയി! :(

അപ്പൊ എല്ലാം പറഞ്ഞ പോലെ.

കുറുക്കച്ചാരുടെയും മുതലയുടെയും ...ആ കഥ കേള്‍‌ക്കണമെങ്കില്‍ ഇവിടെ ആദ്യം കൈ പൊക്കുക.. പിന്നെ അടുത്ത പോസ്റ്റ് വായിക്കാന്‍ വരിക. :)

- കല്ല്, കരിങ്കല്ല്.

11 comments:

Sands | കരിങ്കല്ല് said...

എനിക്കാണെങ്കില്‍ ബോറടിച്ചാല്‍ അപ്പൊ ഉറക്കം വരും ... അതങ്ങനെയാ.. പണ്ടു മുതല്‍ക്കേ...

----

കഥയും കാര്യവും കൂട്ടിച്ചേര്‌‍ക്കണ്ട എന്നായിരുന്നു അമ്മയുടെ ഉപദേശം ... രണ്ടു പോസ്റ്റായി എഴുതാന്‍ മാത്രം സമയം ഇല്ലാതെ പോയി!

Unknown said...

കൊള്ളാം കരിങ്കല്ലെ

smitha adharsh said...

ചിത്രങ്ങളും,കഥയും നന്നായി കേട്ടോ...
പുതിയ കഥ കേള്‍ക്കാന്‍ ഞാന്‍ കൈപൊക്കി കേട്ടോ..അടുത്ത പോസ്റ്റ് വായിക്കാന്‍ വരാം...

ജിജ സുബ്രഹ്മണ്യൻ said...

കൈ പൊക്കീ ഞാനും ..വേഗം കഥ പറയൂ..ഉറക്കം വന്നു തുടങ്ങീ


ആ പടങ്ങള്‍ അടി പൊളീ‍ ട്ടോ..കല്ലിന്റെ ഉള്ളില്‍ ഒരു ചിത്രകാരന്‍ ഉണ്ടായിരുന്നു അല്ലേ...

മലമൂട്ടില്‍ മത്തായി said...

താങ്കളുടെ ചിത്രങ്ങള്‍ നന്നായിട്ടുണ്ട്. എനിക്ക് ചിത്രം വരയ്ക്കാന്‍ കഴിവില്ലാത്തത് കൊണ്ടു ഞാന്‍ ഉറക്കം തുങ്ങാരാന് പതിവു.

നിരക്ഷരൻ said...

മീനിന്റെ കഥ രസ്സായി. ഹയ്.... :)

ബഷീർ said...

നല്ലവര.. ഇനിയും വരക്കൂ.. ആശംസകള്‍

ഈ കഥ വേറെ ഒരു രീതിയില്‍ കേട്ടിട്ടുണ്ട്‌ .

അവതരണം കൊള്ളാം

മാണിക്യം said...

കഥ കേമം ആയി ...പണ്ട് കെട്ടിട്ടുണ്ടെങ്കിലും
ഇന്നും ആശ്വദിച്ചൂ കഥയേക്കാള്‍ കേമം വര
പണ്ട് ക്ലാസ്സില്‍ ലക്‍ചറ് നൊട്ട്സ് എഴുതി എടുക്കുമ്പോള്‍ ബുക്കിന്റെ വലതു വശത്ത് നോട്ട് എഴുതില്ലാ,അവിടെ മുഴുവന്‍ വരയാണ്
പക്ഷെ പിന്നെ പരീക്ഷക്കിരിക്കുമ്പോള്‍ പെട്ട്ന്ന്
ഓര്‍മ്മ വന്നിരുന്നത് ചിത്രങ്ങള്‍ അത് മാറ്ററ് ഓര്‍മ്മിക്കാന്‍ സഹായിച്ചു ..ഉറക്കത്തിനും തടയിടാം ... അപ്പോ ഇനി അടുത്ത കഥ..

സഹയാത്രികന്‍ said...

നന്നായി... നന്നായി...

അമ്മയെ കാണട്ടേട്ടോ...
പഠനം ഗവേഷണം എന്നെല്ലാം പറഞ്ഞിട്ട് ചിത്രം വരയാല്ലെ...

എന്തായാലും നമ്പൂര്യച്ചന്റെ കഥ... കേമായിരിക്കണൂ...
:)

K C G said...

ഇതുപോലെ റിഫ്രഷര്‍ കോഴ്സുകളും മറ്റും അറ്റന്‍ഡ് ചെയ്യുമ്പോള്‍ ചില അറുബോറന്‍ ക്ലാസ്സുകളില്‍ ഉറങ്ങാതെ ഇരിക്കാന്‍ പെടുന്ന പാട് ഓര്‍ത്തുപോയി. ഈ വര പരിപാടി അവിടേയും ഒന്നു പ്രയോഗിച്ചു നോക്കാമായിരുന്നു. ഈ വിദ്യയൊക്കെ നേരത്തേ പറഞ്ഞു തരേണ്ടതല്ലായിരുന്നോ.

ആ പോര്‍ട്രെയിറ്റ് നന്നായി. താഴെ എഴുതിയിരിക്കുന്നത് വായിക്കും മുന്‍‌പ്, ആ ഫേസ് കണ്ടിട്ട് ആണ്‍‌കുട്ടിയുടേതു പോലുണ്ടെന്നു തോന്നി, പക്ഷേ മുടി കുഴക്കുകയും ചെയ്തു. എന്തായാലും നല്ല മുടിയാണല്ലോ ആ പയ്യന്.

മറ്റേ ചിത്രവും ഇഷ്ടപ്പെട്ടു.

അങ്ങനെ ഒരു സകലകലാവല്ലഭനാണല്ലേ? നമസ്കാരം.

Sands | കരിങ്കല്ല് said...

എല്ലാര്‍ക്കും നന്ദിട്ടോ...

വരാനും നന്ദിപറയാനും മറന്നു! :(