Saturday, March 21, 2009

പേരറിയാത്തൊരു നൊമ്പരം… അതേ അതു തന്നെ! ;)


വസന്തം വരവായീവസന്തകാലം വന്നു കഴിഞ്ഞു… മനസ്സില്‍ പ്രണയം പൂക്കുന്ന കാലം …

പ്രണയത്തിനു് പൂക്കാന്‍ അങ്ങനെ പ്രത്യേകസമയം ഒന്നും വേണ്ട… എന്നാലും ഈ സമയത്തു് ഏതു കരിങ്കല്ലിനും ഹൃദയത്തില്‍ കുറച്ചൊക്കെ മൃദുലവികാരങ്ങള്‍ തളിര്‍ക്കും, മൊട്ടിടും. :)  

കഴിഞ്ഞ കൊല്ലവും ഇതേ സമയത്താണു പ്രണയം മൊട്ടിട്ടതും പിന്നെ ഏപ്രിലില്‍ കരിഞ്ഞുപോയതും ;)

 

വസന്തം വരവായീഇതാ വീണ്ടും എനിക്കു പ്രണയിക്കാന്‍ തോന്നുന്നു (മുട്ടുന്നു ;) ). ഇന്നു രാവിലെ അമ്മയോടു സൂചിപ്പിച്ചു എന്റെ തീവ്രാഭിലാഷം … ഭയങ്കര സീരിയസ് ആവാന്‍ ഉദ്ദേശ്യം ഇല്ലെങ്കില്‍ ഒരു ജര്‍മ്മന്‍ പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടോളൂ എന്നാണു അമ്മ പറഞ്ഞതു്.

അതെങ്ങനെ സാധിക്കും എന്നു മാത്രം എനിക്കറിയില്ല. പ്രേമിക്കാന്‍ തുടങ്ങുമ്പോള്‍ സീരിയസു് ആവരുതെന്നൊക്കെ വിചാരിച്ചു പ്രേമിക്കാന്‍ പറ്റുമോ? ഒന്നുകില്‍ പ്രേമിക്കാതെ കരക്കു് നില്‍ക്കണം അല്ലെങ്കില്‍ ശരിക്കും മുങ്ങാം കുഴിയിടണം … അല്ലാതെ എന്തു പ്രേമം? അല്ലേ?

നേരു പറഞ്ഞാല്‍ ഒരു കുട്ടിയെ എനിക്കിഷ്ടമാണു്…  ആ കുട്ടിക്കെന്നെയും.. ഞാനിങ്ങനെ കരക്കു് നില്‍ക്കുന്നു… എടുത്തുചാടണോ എന്നും ആലോചിച്ചു്. ചാടിയാല്‍ നല്ല പോലെ വെള്ളം കുടിക്കും.. അതുറപ്പാ…

വസന്തം വരവായീഒന്നങ്ങു ചാടി, ഇത്തിരി വെള്ളം കുടിച്ചാലോ? after all, പ്രേമിക്കാതെ ജീവിതത്തില്‍ എന്തു സുഖം അല്ലേ?

കാളിന്ദിച്ചേച്ചി പറയുന്നതും അതു തന്നെ.

ഒരു തമാശയറിയോ? എനിക്കു രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള കഴിവില്ല. ആരെങ്കിലും പറയുന്നതു് പറഞ്ഞു പാട്ടാക്കും എന്നല്ല പറഞ്ഞതു്, എന്റെ മനസ്സിലെ കാര്യങ്ങളൊന്നും തന്നെ ഒളിപ്പിച്ചു വെക്കാന്‍ എനിക്കൊരിക്കലും തോന്നാറില്ല. ആരെങ്കിലും എന്തെങ്കിലും ഒക്കെ ചിന്തിക്കുമോ എന്നുള്ള ഭയം ഇല്ലാത്തതായിരിക്കാം.

ഇതിപ്പൊ ഈയടുത്തു കല്യാണം കഴിഞ്ഞ ഒരു സുഹൃത്തു് പറഞ്ഞ പോലെയാവും. പുള്ളിക്കാരനു ആലോചന വരുന്നതു് മുഴുവന്‍ “കയ്യിലിരിപ്പിന്റെ” ഗുണം നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും അറിയുന്ന കാരണം മുടങ്ങിപ്പോയി. കുറച്ചു ബുദ്ധിമുട്ടി .. ഒരു കല്യാണം നടന്നു കിട്ടാന്‍.

ഇതൊക്കെ ഇവിടെ എഴുതിപ്പിടിപ്പിച്ചിട്ടു് ഞാന്‍ ഒരു എടുക്കാച്ചരക്കായിപ്പോവുമോ എന്നൊരു ശങ്ക! :(

അതിനിടയില്‍ അനിയത്തിയുടെ ഉപദേശം ഉണ്ടായിരുന്നു. സഹബ്ലോഗ്ഗേഴ്സിനെ ആരെയെങ്കിലും വളച്ചെടുത്തോളൂ… എന്നു് – ചില ആളുകളെയും പറഞ്ഞു തന്നു. മലയാളി ആയിരിക്കും എന്നൊരു ഗുണവും ഉണ്ടല്ലോ അല്ലേ? :) {നാട്ടിലേക്കു് ടിക്കറ്റെടുത്ത് കളയാന്‍ കാശില്ല, ഇപ്പൊ പണിത്തിരക്കും ഉണ്ട് – സമയവും ഇല്ല}

നല്ല അമ്മയും അനിയത്തിയും അല്ലേ.. കിടിലന്‍ സപ്പോര്‍ട്ടല്ലേ! :)

അപ്പൊ അങ്ങനെ ആടിയാടി നില്‍ക്കുന്നു എന്റെ മനസ്സ്.  പാവം ഞാന്‍! ആറ്റിലേക്കച്യുതാ ചാടല്ലേ… എന്നും ചാടാതെ വയ്യ എന്നും. :)

അതൊക്കെ എന്തെങ്കിലും ആവട്ടെ… ഇടക്കുള്ള വട്ടാണതു്, മൈന്‍ഡ് ചെയ്യണ്ട.

* * * * *

എന്നും രാവിലെ ഞാന്‍ എഴുന്നേറ്റു് ചായ ഉണ്ടാക്കി എന്റെ ജനലോരത്തു് നിന്നു സൂര്യോദയം കാണും. അപൂര്‍വ്വം ചില ദിവസങ്ങളില്‍ ഒരു സഹബ്ലോഗ്ഗറുമായി ചാറ്റും… ദുബായില്‍ നിന്നുള്ള ഒരു ഇംഗ്ലീഷ് ബ്ലോഗ്ഗര്‍. അങ്ങനെ ഒരു ദിവസം രാവിലെ എടുത്ത ഫോട്ടോ ആണിതു്… സൂര്യോദയം എന്തു ഭംഗി അല്ലേ!സൂര്യോദയം

(രാവിലെ നേരത്തെ എഴുന്നേറ്റു, ചായ ഒക്കെ ഉണ്ടാക്കുന്ന ഒരു നല്ല പയ്യനാണെന്നു മനസ്സിലായല്ലോ അല്ലേ.. നോട്ട് ചെയ്തോളൂ)

അപ്പൊ ഇനി ഇന്നു ഞാന്‍ എഴുത്തുചുരുക്കുന്നു. വിശേഷങ്ങള്‍ ഒക്കെ ഞാന്‍ വിശദമായി ഒരിക്കല്‍ പറയാം! ;)

സ്നേഹാദരങ്ങളോടെ, ഞാന്‍.

PS: The pictures are all mine (copy right). Nobody may use them for any monetary benefit. (They are from 2008 spring).

Monday, March 16, 2009

വാടകക്കൊലയാളിയാണു് ഞാന്‍ ചക്കരേ


ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ഞാന്‍ ജര്‍മ്മനിയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള ഒരു നഗരത്തില്‍ പോയിരുന്നു. ഒരു സുഹൃത്തിനെ സന്ദര്‍ശിക്കാന്‍.Mord_ist_mein_Geschft_Liebling_Poster_01

അവിടെ വെച്ചു് ഞങ്ങള്‍ ഒരു സിനിമ കാണാന്‍ പോയി – ഒരു ജര്‍മ്മന്‍ സിനിമ. അതിന്റെ പേരാണു് പോസ്റ്റിന്റെ ടൈറ്റില്‍. വലിയ കോലാഹലങ്ങളൊന്നും തന്നെ ഇല്ലാത്ത ഒരു തമാശ സിനിമ. 

തമാശ മനസ്സിലാക്കാനാണു് ഭാഷാപാടവം ഏറ്റവും വേണ്ടതു് എന്നു കേട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍ എന്റെ ഭാഷ നന്നായിരിക്കുന്നു. (അതോ ഇനി എനിക്കു് തമാശകള്‍ തെറ്റി മനസ്സിലായതോ!)

ഒരു പ്രശസ്തനായ എഴുത്തുകാരന്‍ – പുസ്തകങ്ങള്‍ക്കേ പ്രശസ്തിയുള്ളൂ.. എഴുത്തുകാരന്‍ ഒളിവിലാണ്. (കാരണം, അയാള്‍ എഴുതുന്നതൊക്കെ അധോലോകക്കഥകളാണു്.. അയാളെ കൊല്ലാന്‍ നടക്കുകയാണു് അധോലോകക്കാര്‍)

എഴുത്തുകാരനെ കൊല്ലാനായി പോകുന്ന വാടകക്കൊലയാളിയും, എഴുത്തുകാരനെ പുറം ലോകത്തിനു പരിചയപ്പെടുത്താനായി പ്രയത്നിക്കുന്ന സ്ത്രീയും ഏതാണ്ടൊരേ സമയത്ത് അയാളുടെ ഹോട്ടലില്‍ എത്തുന്നു. എഴുത്തുകാരനെ കൊന്നു പുറത്തേക്കെറിഞ്ഞുകൊണ്ടിരിക്കുന്ന കൊലയാളി വാതിലില്‍ അരോ മുട്ടുന്നതു് കേള്‍ക്കുന്നു.

കടന്നു വരുന്നതു് നായിക… കൊലയാളിയാണെന്നു പറഞ്ഞിട്ടും നായികക്കു് വിശ്വാസമാവുന്നില്ല. എഴുത്തുകാരന്റെ നുണയാണതെന്നു വിശ്വസിക്കുന്നു അവള്‍… 

എഴുത്തുകാരന്‍ മരിച്ചിട്ടില്ല എന്നു വിചാരിച്ചു്, കൊലയാളിയെ എഴുത്തുകാരനെന്നു വിശ്വസിച്ചു് വേട്ടയാടുന്ന അധോലോകം…

ഇതൊക്കെ നല്ല നര്‍മ്മം ചേര്‍ത്തവതരിപ്പിച്ചിരിക്കുന്നു സിനിമയില്‍. മലയാളത്തിലേക്കൊക്കെ മൊഴിമാറ്റം നടത്താവുന്ന സിനിമയാണു്.

ഞാന്‍ 2-3 ജര്‍മ്മന്‍ സിനിമകള്‍ മുമ്പും കണ്ടിട്ടുണ്ട്.. ഇതു വരെ കണ്ട ജര്‍മ്മന്‍ സിനിമകള്‍ ഒക്കെ നല്ലതായിരുന്നു. ചിലതിന്റെ ഒന്നും പേരുകള്‍ പോലും എനിക്കു തര്‍ജ്ജമ ചെയ്യാന്‍ wfsilt സാധിക്കുന്നില്ല. “ആദ്യം മരിക്കുന്ന ആള്‍ ദീര്‍ഘകാലം മരിച്ചിരിക്കും” – ഇതായിരുന്നു അതിലെ എനിക്കേറ്റവും ഇഷ്ടപെട്ട സിനിമ..

പ്രസവത്തോടെ അമ്മ മരിച്ചു പോയ ഒരു കുട്ടിയുടെ കഥ. അമ്മയെ കൊന്നതു് താനാണു് എന്നൊരു തോന്നല്‍ അവനില്‍ മുളക്കുന്നു.. അവന്റെ ചുറ്റും നടക്കുന്ന കുഞ്ഞു കാര്യങ്ങളും, അവന്റെ പേടിയും ഒക്കെത്തന്നെ ഇതിവൃത്തം.

ഇനി മുതല്‍ വലപ്പോഴും ഒക്കെ ജര്‍മ്മന്‍ സിനിമകള്‍ക്കും പോകണം. നല്ല നല്ല സിനിമകള്‍ ഉണ്ട്. ആര്‍ട്ടും അല്ല കൊമേര്‍ഷ്യലും അല്ല എന്ന തരത്തിലുള്ള ഡീസന്റ് സിനിമകള്‍.

കൂടെ പോകാന്‍ മാത്രം അരും ഇല്ല. :( ;)

എന്നാലിനി ഞാന്‍ ഉറങ്ങാന്‍ പോകുന്നു. രാത്രി യാത്രയില്ല.

സ്നേഹാദരങ്ങളോടെ, ഞാന്‍.

Wednesday, February 25, 2009

പുസ്തകപരിചയം.. പിന്നെ വേറെ ചിലരും

ഞാന്‍ ദേ ഇപ്പൊ തന്നെ ട്രെയിന്‍ മിസ്സ് ചെയ്തു… ഇനി 15 മിനിട്ട് കഴിഞ്ഞേ വണ്ടിയുള്ളൂ.. ആ നേരം എന്തെങ്കിലും എഴുതാം എന്നു വിചാരിച്ചു.

ചെറിയതോതില്‍ വായനാശീലം ഉള്ള ആളാണു് ഞാന്‍. മുമ്പൊക്കെ ഒരു സമയത്ത് ഒരു പുസ്തകമേ വായിക്കാറുള്ളൂ.. ഇപ്പൊ 2-3 പുസ്തകങ്ങള്‍ ഉണ്ട് ഒരേ നേരം വായനാലിസ്റ്റില്‍.

rrഈയടുത്ത് ഞാനും Rare-റോസും തമ്മില്‍ ചെറിയൊരു ചര്‍ച്ച ഉണ്ടായി … അടുത്ത ജന്മത്തില്‍ ആരാവണം എന്നതിനെക്കുറിച്ചു്. ഹാരിപ്പോട്ടറായിരുന്നു ഞങ്ങളുടെ വിഷയം – അന്നാണു് ഞാന്‍ ആലോചിച്ചതു് – ബൂലോകരുടെ വായനാശീലത്തെയും താത്പര്യങ്ങളേയും പറ്റി.  [ലിങ്ക്ഇത്തിരി പഞ്ചാര ഉണ്ട്]

വായിക്കുന്ന സ്വഭാവം ഉള്ളവരെ വായനാശീലം ഉണ്ടു് എന്ന ഒരേ ഒരു കാരണം കൊണ്ടു് തന്നെ ഇഷ്ടപ്പെടുന്ന ആളാണു് ഞാന്‍. എന്റെ ഒരുവിധം സുഹൃത്തുക്കള്‍ക്കും ഈ അസുഖം ഉണ്ടു്.

കഴിഞ്ഞ ഒരു 3-4 കൊല്ലങ്ങളായി ആംഗലേയപുസ്തകങ്ങള്‍ ആണു് അധികം. ആദ്യം കുറേ കാലം വെറും നോവലുകള്‍, കഥകള്‍ ഒക്കെ ആയിരുന്നു.. ഇടക്കെപ്പോഴോ സീരിയസ് സംഭവങ്ങളും വായിക്കാന്‍ തുടങ്ങി.

ഇക്കൊല്ലം തുടക്കം ഇത്തിരി പിഴച്ചെങ്കിലും പിന്നീടെ ഞാന്‍ ‘ക്യാച്ച് അപ്പു്’ ചെയ്യാന്‍ തുടങ്ങി. freakonomics

കഷ്ടി 10 ദിവസം മുമ്പാണു്…. – ഉണ്ടിരിക്കുന്ന നായര്‍ക്കൊരു വിളി തോന്നി എന്ന പോലെ – സാമ്പത്തിക ശാസ്ത്രം പഠിക്കണം എന്നൊരു മോഹം. അത്ര ഡീറ്റെയില്‍ഡ് ആയിട്ടൊന്നും വേണ്ടാ.. സാമ്പത്തിക പ്രതിസന്ധിയുടെ കാലമല്ലേ ഇത്തിരി വായിച്ചു് പഠിക്കാന്‍ ഒരാഗ്രഹം.

ഉടനേ സംഘടിപ്പിച്ചു ഫ്രീക്കണോമിക്സ് – സാധാരണക്കാരനുള്ള സാമ്പത്തികശാസ്ത്രം. ഞാന്‍ വിചാരിച്ച പോലുള്ള ഒരു പുസ്തകം അല്ല. എന്നാലും നല്ലൊരു ബുക്കു്. ഞാന്‍ ആഗ്രഹിച്ച സംഭവങ്ങള്‍ പഠിക്കണെങ്കില്‍ ബുക്കു് വേറെ വാങ്ങണം.1568811411.01.LZZZZZZZ

അതിനിടെ ഒരു ദിവസം ഞാന്‍ വെറുതേയിരിക്കുമ്പോള്‍ പ്രൊഫസറുടെ മുറിയില്‍ കയറി ഒന്നു പരതി. അവിടെയുണ്ടൊരു കുഞ്ഞു ലൈബ്രറി.. അവിടുന്നു കിട്ടി ഒരു ബുക്ക് – ഓണര്‍ ക്ലാസ്സ് – ഗണിതശാസ്ത്രത്തിലെ കുറച്ച് പ്രശ്നങ്ങളും അവയുടെ ചരിത്രവും ഒക്കെ – ഗണിതത്തേക്കാള്‍ കഥയാണു് അധികം. ഇന്നലെ മുതല്‍ വായിക്കാന്‍ തുടങ്ങി – നല്ല രസംണ്ടു്.

ഞാനും ഒരിത്തിരി ഒക്കെ അഹങ്കരിക്കട്ടേന്നേയ് .... ബൂലോകത്ത് കഥ/കവിത/നല്ല-സാഹിത്യം/യാത്രാക്കുറിപ്പുകള്‍ ഒക്കെ എഴുതി കൈയ്യടി വാങ്ങുന്നവരാ എല്ലാരും.. എനിക്കീപ്പറഞ്ഞ സംഭവങ്ങള്‍ ഒന്നും പിടിയില്ല..

അപ്പൊ ഞാന്‍ “പ്രമാണങ്ങളെല്ലാം/അധാരങ്ങളെല്ലാം വാല്യക്കാരനേക്കൊണ്ട് ചുമപ്പിച്ച് ഉത്സവത്തിന്നു് പോയ നമ്പൂരിയേപ്പോലെ*, വായിക്കുന്ന കടിച്ചാപ്പൊട്ടാത്ത സംഭവങ്ങളെക്കുറിച്ചു പറഞ്ഞ് കൈയ്യടിവാങ്ങാം .. യേതു്? ;) [കഥ താഴെ]

309അന്നു തന്നെ ഞാന്‍ വേറൊരു പുസ്തകവും കൂടി സംഘടിപ്പിച്ചു - ചക്രവര്‍ത്തിയുടെ പുതിയ മനസ്സ് - (Emperor’s New Mind)  - പണ്ടൊരിക്കല്‍, എന്റെ ഒരു മാഷെനിക്കു തന്നതാ ഈ പുസ്തകം -- ഭയങ്കര കട്ടി (ക്വാണ്ടം ഫിസിക്സൊക്കെ) അതു കൊണ്ട്, അന്നു 100-150 പേജില്‍ നിര്‍ത്തി.. ഇപ്പൊ വീണ്ടും സംഘടിപ്പിച്ചു വായിക്കുന്നു .... ഗണിതവും, ഊര്‍ജ്ജതന്ത്രവും, ബയോളജിയും ഒക്കെ കൂട്ടിക്കുഴച്ച ഒരു സംഗതി – ഒരു വ്യത്യാസം മാത്രം : ഇപ്പൊ ഒരുവിധം ഒക്കെ മനസ്സിലാവുന്നുണ്ട്. :)

അപ്പൊ ചുരുക്കിപ്പറഞ്ഞാ‍ല്‍ ... എന്റെ വായനാമരം ഇപ്പൊ പൂത്തുലഞ്ഞു് നില്‍ക്കാണു്. മഞ്ഞുകാലമല്ലേ.. പുറത്തൊന്നും പോകാത്തതിനാല്‍ സമയവും ഉണ്ട്..  ഒരേ സമയം മൂന്നു പുസ്തകങ്ങള്‍! എന്തൊരു സന്തോഷാ‍ണെന്നറിയോ?

മലയാളത്തിനെ ഞാന്‍ മറന്നിട്ടില്ലാട്ടോ... ഏറ്റവും അവസാനം വായിച്ച (വായിക്കാന്‍ ശ്രമിച്ച്, പാതി വായിച്ചു വെച്ചു) മലയാളം പുസ്തകം - “ബ്രിഗേഡിയര്‍ കഥകള്‍“ - എനിക്കിഷ്ടായില്ല. :( ഒരു സുഖല്ല്യ. എന്നാല്‍ മലയാറ്റൂരിന്റെ വേറെ രണ്ടു പുസ്തകങ്ങള്‍ എനിക്കിഷ്ടമായിട്ടുണ്ട്.

അതിനു മുമ്പ് വായിച്ചതു് - “ഞാന്‍ ലൈംഗികത്തൊഴിലാളി” - by നളിനി നെറ്റൊ ... സോറി.. നളിനി ജമീല. ;) 

ഞാന്‍ മുമ്പ് പറഞ്ഞില്ലേ ... എന്റെ സുഹൃത്തുക്കളും കുറച്ചൊക്കെ വായനക്കാരാണെന്നു്? അധികവും ഇംഗ്ലീഷാട്ടോ...! :(

എന്നാലും മലയാളം വായിക്കുന്ന രണ്ടുപേരുണ്ടിവിടെ മ്യൂണിക്കില്‍ - അമ്മുഓപ്പോളും, കുഞ്ഞന്‍ ചേട്ടനും.
എന്റെ കണക്കു കൂട്ടലില്‍ ഇവിടെ ഉള്ള മലയാളികളില്‍ ‘മലയാളിത്തം’ ശരിക്കും ഉള്ള ദമ്പതികളാണീപ്പറഞ്ഞ ഓപ്പോളും ചേട്ടനും.. (എന്റെ ബ്ലോഗ് വായിക്കുന്ന ആളുകളായതു് കൊണ്ടു് പൊക്കിപ്പറഞ്ഞതല്ലാട്ടോ) .. :)

 

ഞങ്ങടെ കേരളസമാജത്തിലെ നെടും തൂണുകളും ആണിവര്‍ - (വേറെ ഒന്നു രണ്ട് നല്ല തൂണുകളും ഉണ്ട്ട്ടോ... പിന്നെ ഒരു കാലൊടിഞ്ഞ ഞാനും ഒരു നെടും തൂണു് തന്നെ ;) ... അഹങ്കാരം തീരെ ഇല്ലാ അല്ലേ?)

അവരെപ്പറ്റി പറയുമ്പോള്‍ ഒരു കാര്യം ... എന്റെ കുഞ്ഞു അറിവു വെച്ചു, വളരേ നല്ല ചേട്ടനും ചേച്ചിയും ആണുട്ടോ. ഓപ്പോള്‍ടെ കുക്കിങ്ങ് ആണെങ്കില്‍ വിശേഷം... ഞാന്‍ വീടു മാറുമ്പോള്‍ അവരുടെ വീടിനടുത്തേക്കു മാറിയാലോ എന്നാണാലോചന. അങ്കോം കാണാം താളീം ഒടിക്കാം എന്നു പറഞ്ഞ പോലെ നല്ല ഭക്ഷണവും കിട്ടും, കഥ പറയാന്‍ ഇഷ്ടമുള്ള എനിക്കു്, ഒരു കേള്‍വിക്കാരിയേയും കിട്ടും (കഥ കേള്‍ക്കാന്‍ നല്ല ഇഷ്ടമുള്ള ഒരു മോളൂട്ടിയുണ്ടവര്‍ക്കു്)

അവര്‍ എന്റെ വായനക്കാരയതുകൊണ്ട് കൂടുതല്‍ ഞാന്‍ എഴുതുന്നില്ല... ആള്‍ക്കാരെ അധികം പൊക്കിപ്പറയാന്‍ പാടില്ല.

അപ്പൊ... വായനയെക്കുറിച്ചല്ലേ പറഞ്ഞതു് - കഴിഞ്ഞ പ്രാവശ്യം ഞാന്‍ അവരുടെ വീട്ടില്‍ പോയി വരാന്‍ നേരത്ത്... ഓപ്പോള്‍ എന്നെ വിളിച്ചു ഒരു പുസ്തകം എടുത്തു തന്നു - എന്താണെന്നറിയില്ല... എനിക്കു ഭയങ്കര സന്തോഷം തോന്നി. അധികം ആരും എനിക്കു പുസ്തകങ്ങള്‍ തരാറില്ല... പൊതുവേ ഞാന്‍ പുസ്തകങ്ങള്‍ അങ്ങോട്ടു കൊടുക്കുന്ന ആളാണു്... ഇങ്ങോട്ടു തന്നപ്പോള്‍ ... ഒരു സുഖം... :)

എന്റെ ലിസ്റ്റില്‍ ഒരുപാടു പുസ്തകങ്ങള്‍ ഇങ്ങനെ കിടക്കുന്നു. ഒരു വിധം എല്ലാ മാസവും ഞാന്‍ ഒന്നോ രണ്ടോ പുസ്തകങ്ങള്‍ പുതിയതു് സംഘടിപ്പിക്കുന്നു. ഈയടുത്തായി എല്ലാം നോണ്‍-ഫിക്ഷന്‍ ആയതിനാല്‍ പല‍തും വായിക്കാന്‍ ഒരുപാടു സമയം എടുക്കുന്നു… വായിക്കാത്ത പുസ്തകങ്ങള്‍ കുറേ എന്റെ ശേഖരത്തില്‍ ഇരിക്കുന്നു. അമര്‍ത്യ സെന്നിന്റെ Argumentative Indian-ഉം, പിന്നെ ക്യാപ്റ്റന്‍ കോറേല്ലിയുടെ മാന്‍ഡൊലിനും ഒക്കെ എന്നെ കാത്തിരിക്കുന്നു….

ഇനി.. എന്റെ എല്ലാ വായനക്കാരും അവരവരുടെ വായനാശീലത്തെക്കുറിച്ച് മൂന്നു പേജില്‍ കവിയാതെ ഉപന്യസിക്കൂ… കാണട്ടെ!

സ്നേഹാദരങ്ങളോടെ, ഞാന്‍.

* … ഒരിക്കല്‍ നമ്മുടെ നമ്പൂരി ഉത്സവത്തിനു പോയപ്പോള്‍ ഒരു പെട്ടിയില്‍ എല്ലാ സ്ഥാവരജംഗമ വസ്തുക്കളുടെയും പ്രമാണങ്ങള്‍ എടുത്തു വെച്ച് കുഞ്ഞുരാമനെക്കൊണ്ടു് ചുമപ്പിച്ചു അമ്പലപ്പറമ്പില്‍ പോയിരുന്നു... അവിടെ എല്ലാം എടുത്തു നിരത്തി/പരത്തി വെച്ചു... “എന്താ നമ്പൂര്യേ ചെയ്യണേ“ എന്നു ചോദിച്ചവരോടു് പറഞ്ഞു - “എല്ലാരും അവരുടെ പുതിയ വസ്ത്രങ്ങളും, ആഭരണങ്ങളും ഒക്കെ അണിഞ്ഞു വരുന്നു..  മറ്റുള്ളോരെ കാണിക്കാന്‍... നമ്മുടെ കയ്യില്‍ ആകെയുള്ളതു് ഈ സ്ഥലവകകളൊക്കെ തന്നെ.. എന്നാപ്പിന്നെ നോം അതിന്റെയൊക്കെ പ്രമാണം അങ്ങ്ട് കൊണ്ടുവന്നു.. എല്ലാരും കാണട്ടെ” -- എന്നു്.