ഞാന്‍ ദേ ഇപ്പൊ തന്നെ ട്രെയിന്‍ മിസ്സ് ചെയ്തു… ഇനി 15 മിനിട്ട് കഴിഞ്ഞേ വണ്ടിയുള്ളൂ.. ആ നേരം എന്തെങ്കിലും എഴുതാം എന്നു വിചാരിച്ചു.
ചെറിയതോതില്‍ വായനാശീലം ഉള്ള ആളാണു് ഞാന്‍. മുമ്പൊക്കെ ഒരു സമയത്ത് ഒരു പുസ്തകമേ വായിക്കാറുള്ളൂ.. ഇപ്പൊ 2-3 പുസ്തകങ്ങള്‍ ഉണ്ട് ഒരേ നേരം വായനാലിസ്റ്റില്‍.
ഈയടുത്ത് ഞാനും Rare-റോസും തമ്മില്‍ ചെറിയൊരു ചര്‍ച്ച ഉണ്ടായി … അടുത്ത ജന്മത്തില്‍ ആരാവണം എന്നതിനെക്കുറിച്ചു്. ഹാരിപ്പോട്ടറായിരുന്നു ഞങ്ങളുടെ വിഷയം – അന്നാണു് ഞാന്‍ ആലോചിച്ചതു് – ബൂലോകരുടെ വായനാശീലത്തെയും താത്പര്യങ്ങളേയും പറ്റി. [ലിങ്ക് – ഇത്തിരി പഞ്ചാര ഉണ്ട്]
വായിക്കുന്ന സ്വഭാവം ഉള്ളവരെ വായനാശീലം ഉണ്ടു് എന്ന ഒരേ ഒരു കാരണം കൊണ്ടു് തന്നെ ഇഷ്ടപ്പെടുന്ന ആളാണു് ഞാന്‍. എന്റെ ഒരുവിധം സുഹൃത്തുക്കള്‍ക്കും ഈ അസുഖം ഉണ്ടു്.
കഴിഞ്ഞ ഒരു 3-4 കൊല്ലങ്ങളായി ആംഗലേയപുസ്തകങ്ങള്‍ ആണു് അധികം. ആദ്യം കുറേ കാലം വെറും നോവലുകള്‍, കഥകള്‍ ഒക്കെ ആയിരുന്നു.. ഇടക്കെപ്പോഴോ സീരിയസ് സംഭവങ്ങളും വായിക്കാന്‍ തുടങ്ങി.
ഇക്കൊല്ലം തുടക്കം ഇത്തിരി പിഴച്ചെങ്കിലും പിന്നീടെ ഞാന്‍ ‘ക്യാച്ച് അപ്പു്’ ചെയ്യാന്‍ തുടങ്ങി.
കഷ്ടി 10 ദിവസം മുമ്പാണു്…. – ഉണ്ടിരിക്കുന്ന നായര്‍ക്കൊരു വിളി തോന്നി എന്ന പോലെ – സാമ്പത്തിക ശാസ്ത്രം പഠിക്കണം എന്നൊരു മോഹം. അത്ര ഡീറ്റെയില്‍ഡ് ആയിട്ടൊന്നും വേണ്ടാ.. സാമ്പത്തിക പ്രതിസന്ധിയുടെ കാലമല്ലേ ഇത്തിരി വായിച്ചു് പഠിക്കാന്‍ ഒരാഗ്രഹം.
ഉടനേ സംഘടിപ്പിച്ചു ഫ്രീക്കണോമിക്സ് – സാധാരണക്കാരനുള്ള സാമ്പത്തികശാസ്ത്രം. ഞാന്‍ വിചാരിച്ച പോലുള്ള ഒരു പുസ്തകം അല്ല. എന്നാലും നല്ലൊരു ബുക്കു്. ഞാന്‍ ആഗ്രഹിച്ച സംഭവങ്ങള്‍ പഠിക്കണെങ്കില്‍ ബുക്കു് വേറെ വാങ്ങണം.
അതിനിടെ ഒരു ദിവസം ഞാന്‍ വെറുതേയിരിക്കുമ്പോള്‍ പ്രൊഫസറുടെ മുറിയില്‍ കയറി ഒന്നു പരതി. അവിടെയുണ്ടൊരു കുഞ്ഞു ലൈബ്രറി.. അവിടുന്നു കിട്ടി ഒരു ബുക്ക് – ഓണര്‍ ക്ലാസ്സ് – ഗണിതശാസ്ത്രത്തിലെ കുറച്ച് പ്രശ്നങ്ങളും അവയുടെ ചരിത്രവും ഒക്കെ – ഗണിതത്തേക്കാള്‍ കഥയാണു് അധികം. ഇന്നലെ മുതല്‍ വായിക്കാന്‍ തുടങ്ങി – നല്ല രസംണ്ടു്.
ഞാനും ഒരിത്തിരി ഒക്കെ അഹങ്കരിക്കട്ടേന്നേയ് .... ബൂലോകത്ത് കഥ/കവിത/നല്ല-സാഹിത്യം/യാത്രാക്കുറിപ്പുകള്‍ ഒക്കെ എഴുതി കൈയ്യടി വാങ്ങുന്നവരാ എല്ലാരും.. എനിക്കീപ്പറഞ്ഞ സംഭവങ്ങള്‍ ഒന്നും പിടിയില്ല..
അപ്പൊ ഞാന്‍ “പ്രമാണങ്ങളെല്ലാം/അധാരങ്ങളെല്ലാം വാല്യക്കാരനേക്കൊണ്ട് ചുമപ്പിച്ച് ഉത്സവത്തിന്നു് പോയ നമ്പൂരിയേപ്പോലെ”*, വായിക്കുന്ന കടിച്ചാപ്പൊട്ടാത്ത സംഭവങ്ങളെക്കുറിച്ചു പറഞ്ഞ് കൈയ്യടിവാങ്ങാം .. യേതു്? ;) [കഥ താഴെ]
അന്നു തന്നെ ഞാന്‍ വേറൊരു പുസ്തകവും കൂടി സംഘടിപ്പിച്ചു - ചക്രവര്‍ത്തിയുടെ പുതിയ മനസ്സ് - (Emperor’s New Mind) - പണ്ടൊരിക്കല്‍, എന്റെ ഒരു മാഷെനിക്കു തന്നതാ ഈ പുസ്തകം -- ഭയങ്കര കട്ടി (ക്വാണ്ടം ഫിസിക്സൊക്കെ) അതു കൊണ്ട്, അന്നു 100-150 പേജില്‍ നിര്‍ത്തി.. ഇപ്പൊ വീണ്ടും സംഘടിപ്പിച്ചു വായിക്കുന്നു .... ഗണിതവും, ഊര്‍ജ്ജതന്ത്രവും, ബയോളജിയും ഒക്കെ കൂട്ടിക്കുഴച്ച ഒരു സംഗതി – ഒരു വ്യത്യാസം മാത്രം : ഇപ്പൊ ഒരുവിധം ഒക്കെ മനസ്സിലാവുന്നുണ്ട്. :)
അപ്പൊ ചുരുക്കിപ്പറഞ്ഞാല്‍ ... എന്റെ വായനാമരം ഇപ്പൊ പൂത്തുലഞ്ഞു് നില്‍ക്കാണു്. മഞ്ഞുകാലമല്ലേ.. പുറത്തൊന്നും പോകാത്തതിനാല്‍ സമയവും ഉണ്ട്.. ഒരേ സമയം മൂന്നു പുസ്തകങ്ങള്‍! എന്തൊരു സന്തോഷാണെന്നറിയോ?
മലയാളത്തിനെ ഞാന്‍ മറന്നിട്ടില്ലാട്ടോ... ഏറ്റവും അവസാനം വായിച്ച (വായിക്കാന്‍ ശ്രമിച്ച്, പാതി വായിച്ചു വെച്ചു) മലയാളം പുസ്തകം - “ബ്രിഗേഡിയര്‍ കഥകള്‍“ - എനിക്കിഷ്ടായില്ല. :( ഒരു സുഖല്ല്യ. എന്നാല്‍ മലയാറ്റൂരിന്റെ വേറെ രണ്ടു പുസ്തകങ്ങള്‍ എനിക്കിഷ്ടമായിട്ടുണ്ട്.
അതിനു മുമ്പ് വായിച്ചതു് - “ഞാന്‍ ലൈംഗികത്തൊഴിലാളി” - by നളിനി നെറ്റൊ ... സോറി.. നളിനി ജമീല. ;)
ഞാന്‍ മുമ്പ് പറഞ്ഞില്ലേ ... എന്റെ സുഹൃത്തുക്കളും കുറച്ചൊക്കെ വായനക്കാരാണെന്നു്? അധികവും ഇംഗ്ലീഷാട്ടോ...! :(
എന്നാലും മലയാളം വായിക്കുന്ന രണ്ടുപേരുണ്ടിവിടെ മ്യൂണിക്കില്‍ - അമ്മുഓപ്പോളും, കുഞ്ഞന്‍ ചേട്ടനും.
എന്റെ കണക്കു കൂട്ടലില്‍ ഇവിടെ ഉള്ള മലയാളികളില്‍ ‘മലയാളിത്തം’ ശരിക്കും ഉള്ള ദമ്പതികളാണീപ്പറഞ്ഞ ഓപ്പോളും ചേട്ടനും.. (എന്റെ ബ്ലോഗ് വായിക്കുന്ന ആളുകളായതു് കൊണ്ടു് പൊക്കിപ്പറഞ്ഞതല്ലാട്ടോ) .. :)
ഞങ്ങടെ കേരളസമാജത്തിലെ നെടും തൂണുകളും ആണിവര്‍ - (വേറെ ഒന്നു രണ്ട് നല്ല തൂണുകളും ഉണ്ട്ട്ടോ... പിന്നെ ഒരു കാലൊടിഞ്ഞ ഞാനും ഒരു നെടും തൂണു് തന്നെ ;) ... അഹങ്കാരം തീരെ ഇല്ലാ അല്ലേ?)
അവരെപ്പറ്റി പറയുമ്പോള്‍ ഒരു കാര്യം ... എന്റെ കുഞ്ഞു അറിവു വെച്ചു, വളരേ നല്ല ചേട്ടനും ചേച്ചിയും ആണുട്ടോ. ഓപ്പോള്‍ടെ കുക്കിങ്ങ് ആണെങ്കില്‍ വിശേഷം... ഞാന്‍ വീടു മാറുമ്പോള്‍ അവരുടെ വീടിനടുത്തേക്കു മാറിയാലോ എന്നാണാലോചന. അങ്കോം കാണാം താളീം ഒടിക്കാം എന്നു പറഞ്ഞ പോലെ നല്ല ഭക്ഷണവും കിട്ടും, കഥ പറയാന്‍ ഇഷ്ടമുള്ള എനിക്കു്, ഒരു കേള്‍വിക്കാരിയേയും കിട്ടും (കഥ കേള്‍ക്കാന്‍ നല്ല ഇഷ്ടമുള്ള ഒരു മോളൂട്ടിയുണ്ടവര്‍ക്കു്)
അവര്‍ എന്റെ വായനക്കാരയതുകൊണ്ട് കൂടുതല്‍ ഞാന്‍ എഴുതുന്നില്ല... ആള്‍ക്കാരെ അധികം പൊക്കിപ്പറയാന്‍ പാടില്ല.
അപ്പൊ... വായനയെക്കുറിച്ചല്ലേ പറഞ്ഞതു് - കഴിഞ്ഞ പ്രാവശ്യം ഞാന്‍ അവരുടെ വീട്ടില്‍ പോയി വരാന്‍ നേരത്ത്... ഓപ്പോള്‍ എന്നെ വിളിച്ചു ഒരു പുസ്തകം എടുത്തു തന്നു - എന്താണെന്നറിയില്ല... എനിക്കു ഭയങ്കര സന്തോഷം തോന്നി. അധികം ആരും എനിക്കു പുസ്തകങ്ങള്‍ തരാറില്ല... പൊതുവേ ഞാന്‍ പുസ്തകങ്ങള്‍ അങ്ങോട്ടു കൊടുക്കുന്ന ആളാണു്... ഇങ്ങോട്ടു തന്നപ്പോള്‍ ... ഒരു സുഖം... :)
എന്റെ ലിസ്റ്റില്‍ ഒരുപാടു പുസ്തകങ്ങള്‍ ഇങ്ങനെ കിടക്കുന്നു. ഒരു വിധം എല്ലാ മാസവും ഞാന്‍ ഒന്നോ രണ്ടോ പുസ്തകങ്ങള്‍ പുതിയതു് സംഘടിപ്പിക്കുന്നു. ഈയടുത്തായി എല്ലാം നോണ്‍-ഫിക്ഷന്‍ ആയതിനാല്‍ പലതും വായിക്കാന്‍ ഒരുപാടു സമയം എടുക്കുന്നു… വായിക്കാത്ത പുസ്തകങ്ങള്‍ കുറേ എന്റെ ശേഖരത്തില്‍ ഇരിക്കുന്നു. അമര്‍ത്യ സെന്നിന്റെ Argumentative Indian-ഉം, പിന്നെ ക്യാപ്റ്റന്‍ കോറേല്ലിയുടെ മാന്‍ഡൊലിനും ഒക്കെ എന്നെ കാത്തിരിക്കുന്നു….
ഇനി.. എന്റെ എല്ലാ വായനക്കാരും അവരവരുടെ വായനാശീലത്തെക്കുറിച്ച് മൂന്നു പേജില്‍ കവിയാതെ ഉപന്യസിക്കൂ… കാണട്ടെ!
സ്നേഹാദരങ്ങളോടെ, ഞാന്‍.
* … ഒരിക്കല്‍ നമ്മുടെ നമ്പൂരി ഉത്സവത്തിനു പോയപ്പോള്‍ ഒരു പെട്ടിയില്‍ എല്ലാ സ്ഥാവരജംഗമ വസ്തുക്കളുടെയും പ്രമാണങ്ങള്‍ എടുത്തു വെച്ച് കുഞ്ഞുരാമനെക്കൊണ്ടു് ചുമപ്പിച്ചു അമ്പലപ്പറമ്പില്‍ പോയിരുന്നു... അവിടെ എല്ലാം എടുത്തു നിരത്തി/പരത്തി വെച്ചു... “എന്താ നമ്പൂര്യേ ചെയ്യണേ“ എന്നു ചോദിച്ചവരോടു് പറഞ്ഞു - “എല്ലാരും അവരുടെ പുതിയ വസ്ത്രങ്ങളും, ആഭരണങ്ങളും ഒക്കെ അണിഞ്ഞു വരുന്നു.. മറ്റുള്ളോരെ കാണിക്കാന്‍... നമ്മുടെ കയ്യില്‍ ആകെയുള്ളതു് ഈ സ്ഥലവകകളൊക്കെ തന്നെ.. എന്നാപ്പിന്നെ നോം അതിന്റെയൊക്കെ പ്രമാണം അങ്ങ്ട് കൊണ്ടുവന്നു.. എല്ലാരും കാണട്ടെ” -- എന്നു്.
12 comments:
ഞാനും ഒരിത്തിരി ഒക്കെ അഹങ്കരിക്കട്ടേന്നേയ് .... ബൂലോകത്ത് കഥ/കവിത/നല്ല-സാഹിത്യം/യാത്രാക്കുറിപ്പുകള്‍ ഒക്കെ എഴുതി കൈയ്യടി വാങ്ങുന്നവരാ എല്ലാരും.. എനിക്കീപ്പറഞ്ഞ സംഭവങ്ങള്‍ ഒന്നും പിടിയില്ല..
കരിങ്കല്ലേ, തേങ്ങ ഞാന്‍ ഉടക്കുന്നു. (ഇനി അനോണി ഉടച്ചാല്‍ പ്രശ്നാവ്വോ, ആയെങ്കില്‍ ആവട്ടെ). ഇത്തിരി കട്ടി കൂടിയ വിഷയമായതുകൊണ്ട് No comments.
എനിയ്ക്ക് 4 പേജ് ഉണ്ട് ഉപന്യസിക്കാന്‍
പുസ്തകവായനയെന്ന മഹാസാഗരത്തിനു മുമ്പില് അന്തം വിട്ട് കുന്തം വിഴുങ്ങിയ പോലെ നില്‍ക്കുന്ന ഒരു കൊച്ചു കുട്ടിയാണ് ഞാന്‍, അല്ഫോന്സക്കുട്ടി.
ഉപന്യാസം പിന്നെയാവാം സന്ദീപേ... പുസ്തക വായന എനിയ്ക്കും വളരെ ഇഷ്ടമാണെങ്കിലും ഇവിടെ വന്നതില്‍ പിന്നെ ഒന്നും നടക്കാറില്ല. :(
കരിങ്കല്ലേ..,ശ്രീ പറഞ്ഞ പോലെ ഇപ്പോള്‍ വായന ഇവിടേം അധികമൊന്നും നടക്കാറില്ലെന്നതാണു സ്ഥിതി...അഥവാ സമയം കിട്ടിയാല്‍ തന്നെ ഇങ്ങനെ കട്ടി കൂടിയ, കടിച്ചാല്‍ പൊട്ടാത്ത സംഭവംസില്‍ നിന്നും ഒരകലം പാലിച്ചാണു നടപ്പ്...
ഇനീപ്പം നാളെ വല്ല പരീക്ഷയെങ്ങാനും ഉണ്ടെങ്കില്‍ വേണമെങ്കില്‍ ഫ്രീക്കണോമിക്സോണോടും ഒരിഷ്ടം എവിടുന്നെങ്കിലും വന്നേക്കാം...പരീക്ഷയടുക്കുമ്പോഴാണു എനിക്കു പാഠപുസ്തകമൊഴികെ മറ്റെന്തും വായിക്കാനുള്ള പ്രവണത കൂടുന്നതു..:)
പഞ്ചാര ചേര്‍ത്തിളക്കിയ ആ ലിങ്കിനു തേങ്ക്സ് ട്ടാ..ഇനിയതിലൂടെ വന്നു ആരെങ്കിലും ഹാരി വിരുദ്ധ ചേരിക്കെതിരെ, അണി ചേര്‍ന്നു ഹാരിഫാന്‍സിന്റെ സംഘബലം കൂട്ടിയാല്‍ നല്ലതല്ലേ..:)
വായന...
അതൊരു മരിച്ച ഓര്‍മ്മയാവുന്നു...
-സുല്‍
അനോണി അമ്മേ ;) എനിക്കു് മനസ്സിലായീട്ടോ
പ്രിയ... എന്നാല്‍ 4 പേജു് എഴുതൂ.. സന്തോഷം ;)
കുട്ടീ കുട്ടീ അല്‍ഫോന്‍സക്കുട്ടീ.. :)
അധികനേരം അങ്ങനെ നിക്കല്ലേ.. ഇത്തിരി വെള്ളം എടുത്തു് കുടിക്കൂ.. അപ്പൊ കുന്തം ഇറങ്ങിപ്പൊക്കോളും ;)
ശ്രീ... :)
എല്ലാരും ഇങ്ങനെ പറഞ്ഞാല്‍ എങ്ങനെയാ? :(
റോസേ ... റോസിനൊരു സ്പെഷ്യല്‍ പുഞ്ചിരി.. :) :)
എനിക്കും ഇതേ അസുഖം ഉണ്ട്... വായിക്കണ്ട പുസ്തകം ഒഴികെ എന്തും വായിക്കാം .. അതിനു നല്ല മൂഡായിരിക്കും..
ഇതൊരു രോഗമാണോ ഡോക്ടര്‍? :)
സുല്‍...
:( വായനയെ അങ്ങനെ കൊല്ലല്ലേ :(
അടുത്തകാലത്ത് "ഒരു സങ്കീർത്തനം പോലെ" വീണ്ടും വായിച്ചു. ഒരു കൂട്ടുകാരൻ തന്നതാണു:)
വീണ്ടും വായനയുടെ ലോകത്തിലേക്കുള്ള താക്കോലാണോ എന്നു സംശയം തോന്നുന്നു.
നല്ല കഥ.പിന്നെ ഈ കുഞ്ഞനും അമ്മുവും ഒരു സംഭവം ആണു അല്ലേ:)
:)
വായിക്കുന്നവരെ,എനിക്കും ഇഷ്ടമാ..പക്ഷെ,എനിക്ക് നോണ്‍-ഫിക്ഷന്‍ ഇഷ്ടമല്ല..മടിയാ വായിക്കാന്‍..കോളേജ് കാലത്തൊക്കെ ഇംഗ്ലീഷ് വായിച്ചിരുന്നു,ഇപ്പൊ അതും വിട്ടു.ഇത്തവണ നാട്ടില്‍ നിന്നും,കുറെ പുസ്തകങ്ങള്‍ കൊണ്ട് വന്നിട്ടുണ്ട്..എല്ലാം ആത്മ കഥകള്‍ ആണ് ട്ടോ.കഴിഞ്ഞ തവണ മുഴുവന്‍ സിനിമക്കാര്‍ എഴുതിയ കുറെ സംഘടിപ്പിച്ചു.അക്ഷര വൈരിയായ ആദര്‍ശിനെ ഇരുത്തി വായിപ്പിക്കാന്‍.അത് വിജയിച്ചു.മുകേഷ് കഥകള്‍,മമ്മൂട്ടിയുടെ കാഴ്ചപ്പാട്,കമലിന്റെ ഓര്‍മ്മ ചിത്രം,സത്യന്‍ അന്തിക്കാടിന്റെ ഓര്‍മ്മകളുടെ കുടമാറ്റം,ഇന്നസെന്റ് ന്റെ മഴക്കണ്ണാടി,കല്‍പ്പനയുടെ ഞാന്‍ കല്‍പനാ,ശ്രീനിവാസന്റെ പടച്ചോന്റെ തിരക്കഥകള്‍ ,താഹ മാടായി സത്യന്‍ അന്തിക്കാടിനെക്കുറിച്ച് എഴുതിയ ഗ്രാമീണന്‍..അങ്ങനെ എല്ലാം മൂപ്പര് ഇരുന്നു വായിച്ചു.
ഇത്തവണ കൊണ്ട് വന്ന പുസ്തകങ്ങള്‍...വായിച്ചിട്ട് പറയാം ട്ടോ..ഏതൊക്കെയാണെന്ന്..
ആത്മ കഥകള്‍ ആയതു കൊണ്ട്,ആദര്‍ശ് വായിക്കാന്‍ തരമില്ല.
വായന നടക്കട്ടെ കേട്ടോ..ഇങ്ങനെയെന്കിലും,ഓരോ പുസ്തകങ്ങളുടെ പേരുകള്‍ പഠിക്കാലോ
അപ്പൊ കരിങ്കല്ലിനു സെയിം പിച്ച്
ഞാനും വായനയുടെ ലോകത്താണ് ഇപ്പോള്‍
ബ്ലോഗുകളും അതില്‍ പെടും നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു വായിക്കാന്‍ ശ്രമിക്കുന്നു
കഥകളും നോവലുകളും ഒഴിവാക്കി ഉള്ള വായന
പിന്നെ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വായിക്കാറില്ല
ഹിന്ദി പിന്നേം വായിക്കും
അങ്ങനെ ഇങ്ങനെ ഒക്കെ വായിച്ചു നടക്കുന്നു
ബുക്ക് കിട്ടിയാല്‍ വായന തീരുന്നതുവരെ ഒരു കഷ്ടപ്പാട് ആണ്
വായിച്ചു തീര്‍ക്കാന്‍ സമയം കണ്ടെത്താനുള്ള തത്രപ്പാടും
...............
നല്ല ഒരു വായനാ മഞ്ഞുകാലം ആശംസിക്കുന്നു
Post a Comment