Saturday, March 21, 2009

പേരറിയാത്തൊരു നൊമ്പരം… അതേ അതു തന്നെ! ;)


വസന്തം വരവായീവസന്തകാലം വന്നു കഴിഞ്ഞു… മനസ്സില്‍ പ്രണയം പൂക്കുന്ന കാലം …

പ്രണയത്തിനു് പൂക്കാന്‍ അങ്ങനെ പ്രത്യേകസമയം ഒന്നും വേണ്ട… എന്നാലും ഈ സമയത്തു് ഏതു കരിങ്കല്ലിനും ഹൃദയത്തില്‍ കുറച്ചൊക്കെ മൃദുലവികാരങ്ങള്‍ തളിര്‍ക്കും, മൊട്ടിടും. :)  

കഴിഞ്ഞ കൊല്ലവും ഇതേ സമയത്താണു പ്രണയം മൊട്ടിട്ടതും പിന്നെ ഏപ്രിലില്‍ കരിഞ്ഞുപോയതും ;)

 

വസന്തം വരവായീഇതാ വീണ്ടും എനിക്കു പ്രണയിക്കാന്‍ തോന്നുന്നു (മുട്ടുന്നു ;) ). ഇന്നു രാവിലെ അമ്മയോടു സൂചിപ്പിച്ചു എന്റെ തീവ്രാഭിലാഷം … ഭയങ്കര സീരിയസ് ആവാന്‍ ഉദ്ദേശ്യം ഇല്ലെങ്കില്‍ ഒരു ജര്‍മ്മന്‍ പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടോളൂ എന്നാണു അമ്മ പറഞ്ഞതു്.

അതെങ്ങനെ സാധിക്കും എന്നു മാത്രം എനിക്കറിയില്ല. പ്രേമിക്കാന്‍ തുടങ്ങുമ്പോള്‍ സീരിയസു് ആവരുതെന്നൊക്കെ വിചാരിച്ചു പ്രേമിക്കാന്‍ പറ്റുമോ? ഒന്നുകില്‍ പ്രേമിക്കാതെ കരക്കു് നില്‍ക്കണം അല്ലെങ്കില്‍ ശരിക്കും മുങ്ങാം കുഴിയിടണം … അല്ലാതെ എന്തു പ്രേമം? അല്ലേ?

നേരു പറഞ്ഞാല്‍ ഒരു കുട്ടിയെ എനിക്കിഷ്ടമാണു്…  ആ കുട്ടിക്കെന്നെയും.. ഞാനിങ്ങനെ കരക്കു് നില്‍ക്കുന്നു… എടുത്തുചാടണോ എന്നും ആലോചിച്ചു്. ചാടിയാല്‍ നല്ല പോലെ വെള്ളം കുടിക്കും.. അതുറപ്പാ…

വസന്തം വരവായീഒന്നങ്ങു ചാടി, ഇത്തിരി വെള്ളം കുടിച്ചാലോ? after all, പ്രേമിക്കാതെ ജീവിതത്തില്‍ എന്തു സുഖം അല്ലേ?

കാളിന്ദിച്ചേച്ചി പറയുന്നതും അതു തന്നെ.

ഒരു തമാശയറിയോ? എനിക്കു രഹസ്യങ്ങള്‍ സൂക്ഷിക്കാനുള്ള കഴിവില്ല. ആരെങ്കിലും പറയുന്നതു് പറഞ്ഞു പാട്ടാക്കും എന്നല്ല പറഞ്ഞതു്, എന്റെ മനസ്സിലെ കാര്യങ്ങളൊന്നും തന്നെ ഒളിപ്പിച്ചു വെക്കാന്‍ എനിക്കൊരിക്കലും തോന്നാറില്ല. ആരെങ്കിലും എന്തെങ്കിലും ഒക്കെ ചിന്തിക്കുമോ എന്നുള്ള ഭയം ഇല്ലാത്തതായിരിക്കാം.

ഇതിപ്പൊ ഈയടുത്തു കല്യാണം കഴിഞ്ഞ ഒരു സുഹൃത്തു് പറഞ്ഞ പോലെയാവും. പുള്ളിക്കാരനു ആലോചന വരുന്നതു് മുഴുവന്‍ “കയ്യിലിരിപ്പിന്റെ” ഗുണം നാട്ടുകാര്‍ക്കും കൂട്ടുകാര്‍ക്കും അറിയുന്ന കാരണം മുടങ്ങിപ്പോയി. കുറച്ചു ബുദ്ധിമുട്ടി .. ഒരു കല്യാണം നടന്നു കിട്ടാന്‍.

ഇതൊക്കെ ഇവിടെ എഴുതിപ്പിടിപ്പിച്ചിട്ടു് ഞാന്‍ ഒരു എടുക്കാച്ചരക്കായിപ്പോവുമോ എന്നൊരു ശങ്ക! :(

അതിനിടയില്‍ അനിയത്തിയുടെ ഉപദേശം ഉണ്ടായിരുന്നു. സഹബ്ലോഗ്ഗേഴ്സിനെ ആരെയെങ്കിലും വളച്ചെടുത്തോളൂ… എന്നു് – ചില ആളുകളെയും പറഞ്ഞു തന്നു. മലയാളി ആയിരിക്കും എന്നൊരു ഗുണവും ഉണ്ടല്ലോ അല്ലേ? :) {നാട്ടിലേക്കു് ടിക്കറ്റെടുത്ത് കളയാന്‍ കാശില്ല, ഇപ്പൊ പണിത്തിരക്കും ഉണ്ട് – സമയവും ഇല്ല}

നല്ല അമ്മയും അനിയത്തിയും അല്ലേ.. കിടിലന്‍ സപ്പോര്‍ട്ടല്ലേ! :)

അപ്പൊ അങ്ങനെ ആടിയാടി നില്‍ക്കുന്നു എന്റെ മനസ്സ്.  പാവം ഞാന്‍! ആറ്റിലേക്കച്യുതാ ചാടല്ലേ… എന്നും ചാടാതെ വയ്യ എന്നും. :)

അതൊക്കെ എന്തെങ്കിലും ആവട്ടെ… ഇടക്കുള്ള വട്ടാണതു്, മൈന്‍ഡ് ചെയ്യണ്ട.

* * * * *

എന്നും രാവിലെ ഞാന്‍ എഴുന്നേറ്റു് ചായ ഉണ്ടാക്കി എന്റെ ജനലോരത്തു് നിന്നു സൂര്യോദയം കാണും. അപൂര്‍വ്വം ചില ദിവസങ്ങളില്‍ ഒരു സഹബ്ലോഗ്ഗറുമായി ചാറ്റും… ദുബായില്‍ നിന്നുള്ള ഒരു ഇംഗ്ലീഷ് ബ്ലോഗ്ഗര്‍. അങ്ങനെ ഒരു ദിവസം രാവിലെ എടുത്ത ഫോട്ടോ ആണിതു്… സൂര്യോദയം എന്തു ഭംഗി അല്ലേ!സൂര്യോദയം

(രാവിലെ നേരത്തെ എഴുന്നേറ്റു, ചായ ഒക്കെ ഉണ്ടാക്കുന്ന ഒരു നല്ല പയ്യനാണെന്നു മനസ്സിലായല്ലോ അല്ലേ.. നോട്ട് ചെയ്തോളൂ)

അപ്പൊ ഇനി ഇന്നു ഞാന്‍ എഴുത്തുചുരുക്കുന്നു. വിശേഷങ്ങള്‍ ഒക്കെ ഞാന്‍ വിശദമായി ഒരിക്കല്‍ പറയാം! ;)

സ്നേഹാദരങ്ങളോടെ, ഞാന്‍.

PS: The pictures are all mine (copy right). Nobody may use them for any monetary benefit. (They are from 2008 spring).

20 comments:

Sands | കരിങ്കല്ല് said...

അപ്പൊ അങ്ങനെ ആടിയാടി നില്‍ക്കുന്നു എന്റെ മനസ്സ്. പാവം ഞാന്‍! ആറ്റിലേക്കച്യുതാ ചാടല്ലേ… എന്നും ചാടാതെ വയ്യ എന്നും. :)

Rare Rose said...

കരിങ്കല്ലിനും ചാഞ്ചാട്ടം ബാധകമാണല്ലേ..;)..അപ്പോള്‍ വസന്തകാല പ്രണയം പൂത്തും,തളിര്‍ത്തും മുന്നേറാന്‍ ആശംസകള്‍ ട്ടോ..:)

ആ വെള്ള സുന്ദരിപ്പൂവും സൂര്യോദയവും ഞാന്‍ അടിച്ചു മാറ്റീട്ടാ..

കുഞ്ഞന്‍സ്‌ said...

കഴിഞ്ഞ പോസ്റ്റ് മുതലേ സിനിമായ്ക്ക് പോകാന്‍ കൂട്ടൊന്നുമില്ലാ എന്നും പറഞ്ഞ് തുടങ്ങിയത് ഇതിനാരുന്നല്ലേ ;)

ഓ.ടോ: നല്ല അമ്മ.. നല്ല അനിയത്തി ...

അനില്‍@ബ്ലോഗ് said...

ഇന്നലെ ഈ ലിങ്കം ക്ലിക്ക് ചെയ്തിട്ട് പോസ്റ്റില്ലെന്നാണല്ലോ പറഞ്ഞത്?
:)

അധികം ആലോചിക്കരുത്, പേടിയാകും. ചുമ്മാ എടുത്ത് ചാടിക്കോന്നെ.
(ഹൊ ഒരുത്തനെ കുഴിയില്‍ ചാടിക്കാന്‍ എന്തു രസം...)

Hailstone said...

ദേ ചേട്ടാ,
ആറ്റിലേക്കെടുത്തു ചാടുന്നതിനു മുന്‍പ്, അവിടെ വല്ല ചുഴിയോ, കയമോ ഉണ്ടോ എന്നു നന്നായി നോക്കികോളൂട്ടൊ...

-പ്രിയക്കുട്ടി.

Sands | കരിങ്കല്ല് said...

റോസേ...
നന്ദി..
അടിച്ചുമാറ്റിയതിനു ചെലവു വേണം

കുഞ്ഞന്‍‌ചേടട്ടാ...
അങ്ങനെയും പറയാം... അതൊക്കെ നോട്ട് ചെയ്യുന്നുണ്ടല്ലേ...

അനില്‍..
കണ്ടൂല്ലേ...
ഇന്നലെ ഇത്തിരി വേണ്ടാത്തതും കൂടി ഇട്ടിരുന്നു... അതങ്ങട് മാറ്റി ഇന്നത്തെ പോസ്റ്റില്‍. :)
പിന്നെ ചാടുന്ന കാര്യം... ബെസ്റ്റ് ഉപദേശം! ;)

പ്രിയക്കുട്ടീ..
അതൊക്കെ നോകീട്ടേ ചാടുള്ളൂ...
മാത്രമല്ല... നല്ല പോലെ നീന്താനറിയാല്ലോ ചേട്ടനു ഇല്ലേ..

smitha adharsh said...

എന്നിട്ടെന്തായി?
ആറ്റിലേയ്ക്ക് എടുത്തു ചാടിയോ?
ഹ്മം...ചാടുന്നതൊക്കെ കൊള്ളാം..നല്ലോണം വെള്ളം കുടിയ്ക്കും..അത് ശരിയാ...(അനുഭവം ഗുരു)
പക്ഷെ,പ്രേമിക്കുന്നതിന്റെ രസം അറിയണമെങ്കില്‍ പ്രേമിച്ചു തന്നെ നോക്കണം ട്ടോ..
അത് ഒരു അനുഭവം തന്നെയാണേ..
അമ്മ ഇത് വായിച്ചു,എന്‍റെ കുട്ടീനെ വഴി തെറ്റിക്കാന്‍ നോക്കി എന്നും പറഞ്ഞു വടിയെടുത്ത് പിന്നാലെ ഓടി വര്വോ?

കുഞ്ഞന്‍സ്‌ said...

ഡേയ് എനിക്കത്രയും വയസ്സൊന്നുമായില്ലാ.. ചേട്ടാന്നൊക്കെ വിളിക്കാന്‍.. (കുഞ്ഞന്സ്/കുഞ്ഞന്‍ കണ്ഫ്യൂ ആണോ ?)

Sands | കരിങ്കല്ല് said...

കിനാവിന്റെ ചിറകുള്ള സ്മിതേ!

വെള്ളം കുടിക്കുന്നതും ഒരു സുഖം തന്നെ..
(ഞാന്‍ ആവശ്യത്തിന്നു് കുടിച്ചിട്ടുണ്ട്.. എന്നാലും ഒരു കൊതി :) )

അമ്മ ഓടിക്ക്യോ എന്നു ചോദിച്ചാല്‍.. അതിനുള്ള സാദ്ധ്യത അങ്ങനെ തള്ളിക്കളയാന്‍ വയ്യാ.. :)

കുഞ്ഞന്‍ ഗഡീ..

ചേട്ടന്‍ മാറ്റി ഗഡിയാക്കി.. പോരേ?
ആ ഈമെയില്‍ ഒന്നു നോക്കിക്കോളൂട്ടോ! :)

അനില്‍@ബ്ലോഗ് said...

കരിങ്കല്ലെ,
എന്തോക്കെയോ ഒരു മണം അടിക്കുന്നു.
:)

Anonymous said...

മോനേ കുട്ടാ, അമ്മയെക്കൊണ്ട് വടി എടുപ്പിക്കല്ലേട്ടോ.

നിന്റെ വായനക്കാര്‍ വിചാരിക്കുന്നുണ്ടാവും ഇങ്ങിനേയും ഒരമ്മയോ എന്നു്. എനിക്കറിയില്ലേ നിന്നെ, ഒരു നൂറുവട്ടം ആലോചിക്കാതെ ഒരു ആറ്റിലേക്കും എടുത്തു ചാടില്ലെന്നു്.‍അതല്ലേ അമ്മക്കിത്ര ധൈര്യം.

അമ്മ.

ശ്രീ said...

ശരി, നടക്കട്ടെ... അമ്മയുടെ അനുവാദത്തോടെയാണല്ലോ... :)

(അമ്മയുടെ കമന്റും കണ്ടു)

കാളിന്ദി said...

ചാടല്ലേ, ചാടല്ലേ എന്നു പറഞ്ഞിട്ടും ചാടീലോ അചുതൻ... കാരണം ആ സുഖം കാട്ടിലെ പൊയ്കയിൽ നീന്തിയാൽ കിട്ടില്ല. പിന്നെ വേറെ ഒരു കാരണവും ഉണ്ടായിരുന്നല്ലോ:) പിന്നെ പ്രേമിക്കാന്‍ തോന്നുന്നു എങ്കിൽ പ്രേമിക്കൂ,വെള്ളം ഒറ്റക്കു കുടിച്ചാൽ മതി ..... പണ്ട് ഹനുമാൻ കല്ലിനെ പാട്ട് പാടി അലിയിച്ചു എന്നു കേട്ടിട്ടുണ്ട്. ആരാ ഈ കല്ലിനെ അലിയിച്ചത്? (എനിക്കു മാത്രം പറഞ്ഞു തന്നാൽ മതീട്ടോ:))

the man to walk with said...

chadoo..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

കെട്ടാന്‍ മുട്ടി നിക്കാണ്ട് പോയ് കെട്ട് മാഷേ നീന്താനിറങ്ങാതെ :)

Anonymous said...

Hehe..

Kooduthal neram karaykku alochihcu nilkanda.. aarelum thalli ittalo?? :P

Pinne, pathivu pole, pics kidu aayitundu.. :)

Vivek.

യൂസുഫ്പ said...

കരിങ്കല്ലില്‍ നിന്നും കന്മദം ഉണ്ടാകുമെന്ന് കേട്ടിട്ടുണ്ട്....

പിരിക്കുട്ടി said...

കരിന്കല്ലും പ്രണയത്തില്‍ ...,.
പ്രണയിക്കൂ കരിന്കല്ലേ ....
പ്രണയിക്കൂ .............
ആരാണാവോ ആ ഹതഭാഗ്യ ....
പ്രണയിച്ചാല്‍ സീരിയസ് ആകണം
പക്ഷെ കെട്ടാന്‍ പോകരുത് ആ നല്ല പ്രണയം അതോടെ കഴിയും
അതിന്റെ തീവ്രതയും നഷ്ടപ്പെടും ....
ഞാന്‍ പറഞ്ഞതല്ല
കേട്ടോ വേറെ വിവരമുള്ളവര്‍ പറഞ്ഞു കേട്ടിട്ടുള്ളതാ
സത്യമാകും ചിലപ്പോള്‍ .........
വസന്തം പൂത്തുലഞ്ഞു നില്‍ക്കുന്ന പ്രണയകാലം ആശംസിക്കുന്നു

Sands | കരിങ്കല്ല് said...

അനിലേ... കളിയാക്കന്‍ തുടങ്ങണ്ടാട്ടോ... :)

അമ്മേ.. ധൈര്യായിട്ടിരുന്നോളൂ..

ശ്രീ... :)
എല്ലാം ഒരു ഹൊറര്‍ അല്ലേ..

കാളിന്ദിച്ചേച്ചീ... അത്രക്കും വേണോ? ഇതിപ്പൊ ക്ലൂ പോലും തരാന്‍ പറ്റാത്ത അവസ്ഥയാണല്ലോ.. (അധികം നിര്‍ബന്ധിക്കരുതേ )

കൂടെ നടക്കേണ്ട മനുഷ്യാ.. :)

പ്രിയാ... കെട്ടിയാല്‍ പിന്നെ ആ സുഖം പോയില്ലേ.. ;)

വിവേകേ... ആരും സമ്മതിക്കുന്നില്ല ചാടാന്‍... (ഒരാളൊഴികെ :) )

യൂസഫ് .. :)

പിരിക്കുട്ടീ... സീരിയസ് ആയി കെട്ടിയാലും കുഴപ്പമില്ല... കല്യാണം കഴിഞ്ഞും പ്രേമിക്കാല്ലോ... ഭാര്യയെ അല്ല... അയലത്തെ സുന്ദരിമാരെ... ;)വ്

Bindhu Unny said...

ചാടിയോ, അതോ ഇപ്പഴും കരയില്‍ നില്‍ക്കുവാണോ? :-)