ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോഴാണു് ഈ സംഭവം നടന്നത്.
ഒരു ദിവസം, വീട്ടില്‍ ഞങ്ങള്‍ 4 പേരും കൂടി ചിത്രഗീതം കണ്ടിരിക്കുന്ന സമയത്താണു്. പരസ്യത്തിന്റെ സമയത്ത് പുറത്തേക്കു നോക്കിയപ്പോള്‍ അതാ അവിടെ പോലീസ് ജീപ്പും ഫയര്‍ ഫോഴ്സും ഒക്കെ…
സംഭവം അന്വേഷിച്ചു പിടിച്ചപ്പോഴല്ലേ മനസ്സിലായതു് – പന്ത്ലലൂരുള്ളൊരു പെണ്‍കുട്ടി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്രേ. കുട്ടിയെ അമ്പലത്തില്‍ കണ്ടവരുണ്ട് – വൈകീട്ട്. കുട്ടിയെ കാണാതായതിനു ശേഷം ആ കുട്ടിയുടെ പുസ്തകങ്ങള്‍ അമ്പലക്കടവില്‍ നിന്നു കിട്ടിയത്രേ – അതാണു് പോലീസും ഫയര്‍ ഫോഴ്സുമെല്ലാം …
മുങ്ങല്‍ വിദഗ്ദര്‍ക്കു മൃതദേഹം കിട്ടുകയും ചെയ്തു.
അടുത്ത ദിവസം, ഞാന്‍ പന്തലൂരു പോയി അതു കാണുകയും ചെയ്തു. (അല്ല, സംഭവം, വെള്ളം കുടിച്ചുമരിച്ചാല്‍ ശരീരം എങ്ങനെ അണെന്നറിയണല്ലോ! – അപകടങ്ങള്‍ ഒക്കെ കാണിച്ചുതരാന്‍ കൊണ്ടുപോവുന്ന സ്വഭാവം അച്ഛനുണ്ടായിരുന്നു. അതില്‍ നിന്നു ആര്‍ജ്ജവം ഉള്‍ക്കൊണ്ടായിരിക്കണം ഞാന്‍ പോയതു്)
അപ്പൊ ഇതിവിടെ ഒരു ഇന്ട്രോഡക്ഷന് ആയി നിക്കട്ടെ. ദാ, കുറുമാലിപ്പുഴയുടെ താഴെ ചിത്രത്തില്‍ കാണുന്ന ഭാഗത്താണു് സംഭവം നടന്നതു്.
ഇനി നമുക്കു മറ്റൊരു ഭാഗത്തേക്കു നോക്കാം … ഇതേ സ്ഥലത്തു നിന്നും പുറകുവശത്തേക്കു – ആ ഭാഗത്താണു് ഞങ്ങളുടെ തറവാടു്. പുഴയോരത്തൊരു സുന്ദരന്‍ വീടു്. [സ്വപ്നം – ആ വീടിനെ കുറിച്ചൊരു ഇംഗ്ലീഷ് പോസ്റ്റ്]
അവിടെ പുഴയ്ക്കു് ആഴവും ഇത്തിരി കുറവാണു് – ദാ ചിത്രം താഴെ..
അങ്ങനെ ഒരു മധ്യവേനലവധിക്കു് എന്റെ കസിനും, ചെറിയച്ചനും പിന്നെ ഞാനും ചേര്‍ന്നു കക്ക വാരാന്‍ പോയി.
നല്ല ചെളിയുള്ള സ്ഥലത്തു് തപ്പിയാല്‍ ഇഷ്ടം പോലെ കിട്ടും. കക്കയിറച്ചിക്കാണെങ്കില്‍ നല്ല സ്വാദും. നല്ല എരിവുള്ള, നാളികേരക്കൊത്തിട്ട, കക്കയിറച്ചി കഴിച്ച കാലം മറന്നു. സ്വാദാണെങ്കില്‍ നാവിന് തുമ്പത്തും.. :(
അപ്പൊ പറഞ്ഞു വന്നതു് – ഞങ്ങള്‍ കക്ക വാരാന്‍ പോയി. ലോനപ്പേട്ടന്റെ പറമ്പില്‍ നിന്ന് അക്കാലത്തൊരു തെങ്ങ് പുഴയിലേക്കു വീണിരുന്നു.. അവിടെ ഒക്കെ നല്ല ചളിപിളി ആയി കിടക്കുന്ന കാരണം നല്ല കളക്ഷനും ആയിരുന്നു.
ഞങ്ങള്‍ മൂന്നു പേരും മുങ്ങും, കക്ക വാരും, മുകളില്‍ വന്നു (പൊന്തിക്കിടക്കുന്ന) വലിയ അലുമിനിയം വട്ടകയില്‍ ഇടും, വീണ്ടും മുങ്ങും. ഇഷ്ടം പോലെ കിട്ടുന്ന കാരണം നല്ല ആവേശത്തില്‍ പണി നടക്കുന്നു.
ഒരു പ്രാവശ്യം ഞാന്‍ മുങ്ങി ചെരിഞ്ഞു കിടക്കുന്ന തെങ്ങിന്റെ താഴെ പരതുമ്പോള്‍ എനിക്കു തോന്നി ഞാന്‍ ഒരു ശരീരത്തില്‍ തൊട്ടുവെന്നു്. മറിഞ്ഞു വീണു കിടക്കുന്ന തെങ്ങിന്റെ അടിയില്‍ എന്തു ശരീരം?
ഒന്നു കൂടി തൊട്ടു നോക്കി – ഉറപ്പായി, അതൊരു ശരീരം തന്നെ. എന്തു ജീവിയാണെന്നൊന്നും അറിയില്ല. എനിക്കു പെട്ടെന്നു മുകളില്‍ പറഞ്ഞ ആ പെണ്‍കുട്ടിയുടെ കഥ ഓര്‍മ്മ വന്നു. ഒറ്റക്കുതിക്കലിനു ഞാന്‍ മുകളില്‍ എത്തി. ഉള്ളില്‍ ഒരു ഭയം – എന്താണെന്നറിയില്ല.
ചെറിയച്ചനും കസിനും ഉണ്ട് മുകളില്‍ – പേടിച്ചാലും ആരും അറിയരുതെന്നു എനിക്കു നിര്‍ബന്ധം ഉണ്ട്. പെട്ടെന്നു തന്നെ ഞാന്‍ എന്റെ മുഖം തിരിച്ചു. ഹൃദയം പടപടാന്നു് അടിക്കുന്നുണ്ട്… ഇവരോട് പറയാതെ പറ്റില്ല – താഴെ എന്താണെന്നു്.
പെട്ടെന്നു ചെറിയച്ഛന് ചോദിച്ചു - “എന്താടാ സന്ദീപേ, നീ വെള്ളത്തിന്റെ അടിയില്‍ വെച്ച് ഇക്കിളിയാക്കുന്നോ?” …. എന്നു്.
ഹൊ! എന്റെ ശ്വാസം വീണ്ടും നേരേവീണു! എന്തൊരാശ്വാസം!
എന്നേക്കാള്‍ മുമ്പ് എങ്ങനെ ചെറിയച്ഛന് മുകളിലെത്തി എന്നൊന്നും എനിക്കറിയില്ല. ആലോചിച്ചുമില്ല. എന്തായാലും പേടി പോയി. :) ദാ.. ഇന്നു, ഇപ്പോള്‍, ഈ നിമിഷം വരെ ഞാന്‍ ആരോടും ഈ കഥ പറഞ്ഞിട്ടില്ല (അതോ പറഞ്ഞിട്ടുണ്ടോ ആവോ?). ജീവിതത്തില്‍ ആകെ 2 പ്രാവശ്യമേ ശരിക്കും പേടിച്ചിട്ടുള്ളൂ… അതിലൊന്നാണിതു്. :)
ഇതു തന്നെ വാഗ്ദത്ത കഥയും :)
---
കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ പറഞ്ഞ ആ ടോക്കില്ലേ? അതിന്റെ കാര്യം ശരിയായി. മാര്‍ച്ചില്‍ ജര്‍മ്മന്‍ സുരക്ഷാ വകുപ്പിന്റെ ആസ്ഥാനത്ത് ഒരു കുഞ്ഞു ടോക്ക്! രോമാഞ്ചകഞ്ചുകം! :)
സ്നേഹാദരങ്ങളോടെ, കരിങ്കല്ല്.