Wednesday, January 13, 2010

വിവാഹം കുളത്തിൽ


എന്റെ രണ്ടു സുഹൃത്തുക്കളുടെ വിവാഹബന്ധം എന്റെ കണ്മുന്നിൽ വെച്ച് തകർന്നു വീണുകൊണ്ടിരിക്കുന്നു. കണ്ടു നിൽക്കുന്ന എനിക്ക് വിഷമിക്കാൻ പോലുമാകുന്നില്ല.

വിവാഹം എന്നതു അതിഭയങ്കര പവിത്രമാവണമെന്നോ പതിറ്റാണ്ടുകളോളം നീണ്ടുനിൽക്കണം എന്നോ ഒന്നും ഞാൻ പറയുന്നില്ല. അതൊക്കെ വ്യക്തിപരമായ കാര്യങ്ങളല്ലേ?

എന്നിരുന്നാലും… എനിക്കു ഒന്നേയൊന്നു-കണ്ണേകണ്ണു് മതിയെന്നും, ആ ഒരേയൊരു പെൺകുട്ടി മാത്രം ജീവിതത്തിൽ 4-5 പതിട്ടാണ്ടുകളോളം സഖിയായിരുന്നാൽ മതിയെന്നും തോന്നുന്നു. തീർത്തും എന്റെ വ്യക്തിപരമായ കാര്യം. (4-5 പതിറ്റാണ്ടൊക്കെ എന്നെ സഹിക്കാൻ തയ്യാറാവുന്ന പെൺകുട്ടിയെ പൂവിട്ടു പൂജിക്കണം)

ഒരു ബ്രേയ്ക്കപ്പിന്റെ വേദന തന്നെ കടുപ്പം.. ഒരു ഡിവോഴ്സിന്റെ വേദനയൊന്നും താങ്ങാനുള്ള ആമ്പിയര്‍ എനിക്കില്ല. അതിന്റെ ആവശ്യവും ഇല്ല. നല്ല കെട്ടിയോന്‍ ആയി ഇരുന്നാല്‍ പോരേ? അതു ഞാന്‍ ചെയ്തോളാം! ;)

തിരിച്ചു ടോപിക്കിലേക്കു്.

തകർന്നു വീഴുന്ന ഒരു ബന്ധം നമ്മുടെ നാടൻ മലയാളികളുടേതാണു്  - കാരണമറിയണോ? സ്ത്രീധനത്തിൽ തുടങ്ങിയ അഭിപ്രായ വ്യത്യാസങ്ങൾ!

നിരക്ഷരകുക്ഷികളൊന്നുമല്ല... രണ്ടു പേരും ഇവിടെ വിദേശത്തു ഗവേഷകർ.

അവനെ വേണം ആദ്യം കുറ്റം പറയാൻ. അവന്റെ അച്ഛനമ്മമാരാണു് സ്ത്രീധനക്കാര്യത്തിന്റെ പ്രശ്നത്തിലെങ്കിൽ, ആണൊരുത്തനായി അവന്റെ ഭാര്യക്കു വേണ്ടി നിലകൊള്ളണ്ടേ അവൻ? അങ്ങനെയൊക്കെ ആണയിട്ടു കാണുമല്ലോ പള്ളിയിൽ – അവളെ പൊന്നു പോലെ നോക്കിക്കോളാം എന്നൊക്കെ. അതൊക്കെ കാറ്റത്തു പോയോ?

അവളും മോശക്കാരിയൊന്നുമല്ല. പ്രശ്നം തുടങ്ങിയ ഉടനേ പ്രതികാരദാഹിയായി മാറി അവൾ – അവനെ ആവുന്നതും ദേഷ്യം പിടിപ്പിക്കാൻ മനഃപൂർവ്വം ശ്രമിക്കാൻ തുടങ്ങി. സംസാരിച്ചൊരു പരിഹാരം കാണുന്നതല്ലേ ബുദ്ധി എന്നു ചോദിച്ച എന്നൊടു പറഞ്ഞു – “അവനെ ഒന്നു മെരുക്കിയെടുക്കണം.. ഒരു പാഠം പഠിപ്പിക്കട്ടെ” എന്നു്.

മൌനം തന്നെ ഭൂഷണം എന്നു മനസ്സിലായ ഒരു അവസരം… :)

തകര്‍ന്നു വീഴുന്ന മറ്റൊരു വിവാഹം യൂറോപ്യന്‍ ദമ്പതികളുടേതാണു്. ഒരു വര്‍ഷം മുമ്പ്, വിവാഹത്തിനു മുമ്പു അവള്‍ക്കു ഒരിത്തിരി സംശയം ഒക്കെ ഉണ്ടായതാണു്. അന്നു ഞാന്‍ പറഞ്ഞു … ഇത്ര പെട്ടെന്നു വേണ്ട…, നിങ്ങള്‍ രണ്ടു പേരും ഒരിത്തിരി കൂടി നന്നായി മനസ്സിലാക്കിയിട്ടു മതി എന്നു.

അവിടെയും പ്രശ്നം – രണ്ടു കൂട്ടരും ഒന്നു മനസ്സിലാക്കാനോ ഒന്നു താഴ്ന്നു കൊടുക്കാനോ തയാറല്ല.

ഈ രണ്ടു ബന്ധങ്ങളും നിയമപരമായി ഒഴിയാനുള്ള സമയം കൂടിയേ ആവശ്യമുള്ളൂ.. രണ്ടുകൂട്ടരും രണ്ടുവഴിക്കായിക്കഴിഞ്ഞു. :( … പിരിഞ്ഞു കഴിഞ്ഞു.

പരസ്പരം സ്നേഹിക്കാനും ഇത്തിരിയൊക്കെ മനസ്സിലാക്കി ജീവിക്കാനും ഇത്ര പാടാണോ? ചട്ടിയും കലവുമല്ലെ? തട്ടും മുട്ടുമൊക്കെ കാണും … ഒരിത്തിരിയൊക്കെ അഡ്ജസ്റ്റ് ചെയ്തൂടേ?

പറയുമ്പോള്‍ എല്ലാം പറയണമല്ലോ - “അവള്‍ വളരെ സില്ലി ആണു്” എന്നു ഒരു വിധം ആണുങ്ങളും പറയുന്നതായി കാണുന്നു. അത്ര സില്ലി കാര്യങ്ങളാണവള്‍ പറയുന്നതെങ്കില്‍ അതു മനസ്സിലാകാന്‍ അത്ര പാടൊന്നും കാണില്ലല്ലോ?

എന്റെ അഭിപ്രായത്തില്‍, അഡ്ജസ്റ്റ് ചെയ്യാന്‍ എളുപ്പം ആണുങ്ങള്‍ക്കാണു് – അവരാണു ഒട്ടും അഡ്ജസ്റ്റ് ചെയ്യാത്തതും… കൊച്ചു കൊച്ചു ആവശ്യങ്ങളേ പൊതുവേ പെണ്‍കുട്ടികള്‍ക്കുള്ളൂ… മാത്രവുമല്ല, പെണ്‍കുട്ടികളെ/പെണ്ണുങ്ങളെ ഹാപ്പിയാക്കാന്‍ എളുപ്പമല്ലേ? എന്തു തന്നെ വേണമെങ്കിലും ചെയ്യാന്‍ തയ്യാറായിരുന്നാല്‍ മതി (ചെയ്യണമെന്നില്ല).

ഉദാഹരണത്തിന്നു.. പാത്രം കഴുകാന്‍ സഹായിക്കണോ എന്നു ചോദിച്ചാല്‍ മതി, കഴുകണം എന്നില്ല. (എവിടുന്നൊക്കെയോ എനിക്ക് അടിവരുന്ന പോലെ തോന്നുന്നു.)

പുള്ളിക്കാരനു എന്റെ കാര്യത്തില്‍ ശ്രദ്ധയുണ്ട്.. മനസ്സില്‍ മുഴുവന്‍ ഞാനാണു് എന്നൊരു ഫീലിങ്ങ് കൊടുത്താല്‍ ഭാര്യമാര്‍ (ഗേള്‍ഫ്രണ്ട്സ്) ഒരു വലിയ അളവു് വരെ ഹാപ്പി.

പിന്നെ 100% സത്യസന്ധത – ഇതു തിര്‍ച്ചയായും വേണം - വിശ്വാസം അതല്ലേ എല്ലാം? :)

മുകളിലെ ഫീലിങ്ങ് കൊടുക്കലും, സത്യസന്ധതയും ചേരുമ്പോള്‍ മനസ്സിലായില്ലേ … സഹായിക്കണം എന്നുള്ള തോന്നലും, മനസ്സില്‍ അവള്‍ക്കു് സ്ഥാനം കൊടുക്കലും അഭിനയമായിരിക്കരുത് എന്നു – അവിടെയാണു കാര്യങ്ങള്‍ കുഴയുന്നതും.

ഇതൊക്കെ പറയാന്‍ ഞാനാരാ? അനുഭവസമ്പന്നനൊന്നും അല്ലല്ലോ … എന്നിരുന്നാലും പല അനുഭവസം`പന്നന്മാരും’ സം`പന്നകളും’ കാണിക്കുന്നതു കാണുമ്പോള്‍ പറയാതിരിക്കാന്‍ വയ്യ.

Getting a relationship going well takes hard work. But it pays off. And if you are not willing to put the effort, why invite the other person to trouble?

I don’t know, … may be I am just stupid, without any inkling about reality. But don’t think I am ignorant.

One doesn’t have to hang on to a relationship which won’t function.. or can’t keep you happy/safe/secure/important. Of course not. But before you write it off, why not throw your EGO away and think straight for a minute? Is it that hard?

സസ്നേഹം,
ഞാന്‍.

20 comments:

Sands | കരിങ്കല്ല് said...

ഉദാഹരണത്തിന്നു.. പാത്രം കഴുകാന്‍ സഹായിക്കണോ എന്നു ചോദിച്ചാല്‍ മതി, കഴുകണം എന്നില്ല. (എവിടുന്നൊക്കെയോ എനിക്ക് അടിവരുന്ന പോലെ തോന്നുന്നു.)

അനിൽ@ബ്ലൊഗ് said...

കരിങ്കല്ലെ,
വിഷമിക്കാനൊന്നുമില്ല കേട്ടോ.
ഇതൊക്കെ സര്‍വ്വ സാധാരണമായ സംഭവങ്ങള്‍ മാത്രം. എല്ലാ ദമ്പതിമാരും ഡിവോഴ്സിലേക്കെത്താവുന്ന ഒരു പാട് സന്ദര്‍ഭങ്ങള്‍ കടന്നാണ് പത്തും ഇരുപതും വര്‍ഷത്തെ ദാമ്പത്യം പിന്നിടുന്നത്. പരസ്പര സഹകരണം വിട്ടുവീഴ്ച എന്നിവ ലോകത്തുനിന്നു തന്നെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഇനി വേര്‍പിരിയല്‍ കൂടിക്കൊണ്ടേയിരിക്കും.

ഒരു ബന്ധവുമില്ലാത്ത,കേവലം രണ്ട് റാന്‍ഡം നമ്പറുകള്‍ പോലെ ഒന്നിച്ചു വന്ന രണ്ട് പേര്‍ നൂറു ശതമാനം ഒത്തുപോവാനുള്ള പ്രോബബിലിറ്റി എത്ര ചെറുതാ‍ണെന്ന് ഞാന്‍ പറയണ്ടല്ലോ.
സസ്നേഹം:
ഒരു വിവാഹിതന്‍.
:)

Sands | കരിങ്കല്ല് said...

അനിലേ...

ആദ്യം നന്ദി. :)

ഇതു ഡിവോഴ്സിലേക്കെത്താവുന്ന സന്ദര്‍ഭങ്ങള്‍ അല്ല... അവര്‍ എത്തിക്കഴിഞ്ഞു... ഒരു വരി പുതിയതായി ചേര്‍ത്തു പോസ്റ്റില്‍...

“ഈ രണ്ടു ബന്ധങ്ങളും നിയമപരമായി ഒഴിയാനുള്ള സമയം കൂടിയേ ആവശ്യമുള്ളൂ.. രണ്ടുകൂട്ടരും രണ്ടുവഴിക്കായിക്കഴിഞ്ഞു. :( … പിരിഞ്ഞു കഴിഞ്ഞു.“

മാണിക്യം said...

കരിംകല്ലില്‍ ഈ ഒരു വിഷമാവും എന്ന് തലകെട്ട് കണ്ടപ്പോള്‍ ഒട്ടും പ്രതീക്ഷിച്ചില്ല.
ഇവിടെ ഒരു അഭിപ്രായം പറയാന്‍ എനിക്ക് അര്‍‌ഹതയുണ്ടെന്ന് വിശ്വസിക്കട്ടെ
ഈ ജനുവരി 28 നു ഞങ്ങളൂടെ മുപ്പത്തി ഒന്നാം വിവാഹവാര്‍ഷികം ആണ്.

ജീവിതം 'bed of roses' ഒന്നും അല്ലായിരുന്നു. വളരെ അധികം ചുമതലകള്‍ ഉള്ള വീട്ടിലെ കുടുംബാഗം, എന്തിനും ഏതിനും അഭിപ്രായം ഉള്ള ബന്ധുക്കള്‍. ഞങ്ങള്‍ രണ്ടും ആദ്യം തന്നെ എടുത്ത ഒരു തീരുമാനമുണ്ട് എന്തു തന്നെ ആയാലും ചെറിയ കാര്യങ്ങള്‍ മനസ്സില്‍ വച്ചു വളര്‍‌ത്തില്ല തുറന്ന് ചോദിക്കും.. വഴക്ക് ഉണ്ടാവാറുണ്ട്
അതു പക്ഷെ ഉറങ്ങാന്‍ പോകും മുന്നെ തീര്‍ക്കും ഒരിക്കലും ഇന്നു വരെ അതിനു മാറ്റം വന്നിട്ടില്ല.
എനിക്ക് യോജിക്കാന്‍ വയ്യാത്ത കാര്യം അപ്പോള്‍ തന്നെ പറയും, അതുപോലെ ചാച്ചനും. കരിങ്കല്ലു പറഞ്ഞത് ശരിയാ എനിക്ക് ചെയ്യാന്‍ വീട്ടില്‍ നൂറുകൂട്ടം ജോലികാണും സ്വതവേ മടിയനാ ചാച്ചന്‍ ഞങ്ങള്‍ക്കു രണ്ടൂം അതറിയാം ... വീട്ടു ജോലി ഭാര്യക്ക് എന്ന ഒരു കോണ്‍സെപ്റ്റ് തലയില്‍ ഉണ്ട്.... എന്നാലും വളരെ കാര്യമായി എനിക്ക് തിരക്ക് ഉള്ളപ്പോള്‍ പുള്ളിക്കാരന്‍ പറയും സഹായിക്കാമെന്ന് . അതു മതി.അത്രയും കേക്കുമ്പോള്‍ ഞാന്‍ തന്നെ ബാക്കിയും ചെയ്യും.

ചെറിയ കാര്യങ്ങളില്‍ സന്തോഷിക്കുക .. വിഷമങ്ങളും ദുഖങ്ങളും പരസ്പരം പങ്കു വയ്ക്കുക.'fight like cats & dogs' അതോടെ തീരണം ഒന്നും മനസ്സില്‍ വയ്ക്കരുത് ഉറങ്ങാന്‍ പോകും മുന്നെ ഒരു ഉമ്മ വച്ചാല്‍ തീരുന്ന പിണക്കങ്ങളെ ഉണ്ടാക്കാവൂ ...പാതി കണ്ടില്ല പാതി കേട്ടില്ല എന്ന നയം ആണെന്നും വിജയത്തിനു പിന്നില്‍.ഈഗോയോ ആര്‍ക്ക് ആരോട്?

ഇത്രയും നന്നായി ചിന്തിക്കാന്‍ കഴിഞ്ഞു എന്നത് താങ്കളൂടെ മനസ്സിലെ നന്മ ...

jayanEvoor said...

ഹൊ!
കല്ലിന്നുള്ളിലെയുറവയുണർന്നു...!
കരിങ്കല്ലു പോലും അലിഞ്ഞിട്ടും ഇളകാത്ത അവർ അവരുടെ വഴിക്കു പോട്ടെ...

കുടുംബജീവിതം നമുക്കു സമ്മാനിക്കുന്ന നൂറുകണക്കിനു കുഞ്ഞു മുഹൂർത്തങ്ങളുടെ മനോഹാരിത തൊട്ടറിയാൻ കഴിയാതെ പോയതിൽ, അവരോടു സഹതപിക്കാം!

തീർച്ചയായും അപരിചിതരായ രണ്ടാളുകൾ ഒരുമിച്ചു ജീവിക്കാൻ തുടങ്ങുമ്പോൾ അത്ര എളുപ്പമല്ല സംഗതികൾ.

സ്വന്തം അഭിപ്രായഗതികൾ, ആദർശം, രാഷ്ട്രീയ ചായ്‌വ് ഇവയൊന്നും മാച്ച് ചെയ്യണം എന്നില്ല. അപ്പോൾ തീർച്ചയായും അഡ്ജസ്റ്റ്മെന്റുകൾ, ചിലപ്പോൾ ത്യാഗങ്ങൾ തന്നെയും വേണ്ടി വരും.

അതിനു തയ്യാറില്ലാത്തവർ വിവാഹിതരാവാതിരിക്കുന്നതു തന്നെയാണ് നല്ലത്.

ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ നമ്മുടെ നാട്ടിലും വിവാഹങ്ങൾ വിരളമാവാനുള്ള എല്ല്ലാ സാധ്യതയും ഉണ്ട്. വിവാഹം വ്യക്തിസ്വാതന്ത്ര്യത്തിനു തടസമാണ് എന്ന സത്യമാണ് അതിനു കാരണം.

ചിലതു നേടണം എങ്കിൽ ചിലതു നഷ്ടപ്പെടാനും തയ്യാറാകണം. ഇപ്പോഴത്തെ തലമുറയ്ക്ക് നേട്ടങ്ങൾ മാത്രം മതി!

പഥികന്‍ said...

ഇങ്ങനൊരു വിഷയം അവതരിപ്പിക്കാന്‍ ഒരു ധൈര്യം വേണം. വളരെ സിമ്പിളാണ്, സന്തോഷമായി അഡ്ജസ്റ്റ് ചെയ്തുപോകാനെന്നു വിവാഹത്തിന്റെ ഈ രണ്ടാം വാര്‍ഷികത്തില്‍ എനിക്കു തോന്നുന്നു. തട്ടീം മുട്ടീം പോകുമ്പോഴും പൊട്ടില്ലാ എന്നൊരു തോന്നലുണ്ട്.

പക്ഷെ ഈ വിഷയം ഒരു പോസ്റ്റാക്കാന്‍ ഞാനൊന്നറക്കും. ഭാവി അതു നമ്മുടെ കയ്യിലല്ലോ? വളരെ ഫ്രണ്ട്‌ലിയായിട്ടുള്ള ആണും പെണ്ണുമൊക്കെ എന്റെ ചുറ്റിലും തകര്‍ന്നിരിക്കുന്നുണ്ട്. വരുന്ന മറുപാതി എങ്ങനെയുള്ളതാണെന്നു മുന്‍‌കൂട്ടി എങ്ങനാ അറിയുക?

‘എങ്ങനായാലും ജീവിതകാലം മുഴുവന്‍ ഇതു മതി‘ എന്ന തീരുമാനം പലര്‍ക്കുമില്ലെന്നു തോന്നുന്നു. അങ്ങനെയുണ്ടായിരുന്നെങ്കില്‍ കുറേക്കൂടി അവരൊക്കെ അഡ്ജസ്റ്റ് ചെയ്തേനെ.

hAnLLaLaTh said...

നല്ല മനസ്സിലെ നല്ല വരികള്‍...

അഡ്ജസ്റ്റ് ചെയ്യലല്ല പരസ്പരം മനസ്സിലാക്കി പൊറുക്കലാണ് ജീവിതം മനോഹരമാക്കുന്നത്.


നമ്മളെയൊക്കെ എന്താണ് കാത്തിരിക്കുന്നതെന്ന് കണ്ടറിയാം.. :(

ശ്രീ said...

അനുഭവസമ്പത്തിന്റെ ദൌര്‍ലഭ്യത കാരണം ഞാനുമൊന്നും പറയുന്നില്ല.

പിന്നെ അടി വരുന്നതു പോലെ തോന്നുന്നത് വെറുതേ ആകാനിടയില്ല. ;)

Rare Rose said...

കല്ലേ.,നല്ല പോസ്റ്റ്.പിന്നെ അനുഭവസമ്പത്തിന്റെ അഭാവം കാരണം കൂടുതലെന്തു പറയാന്‍..

അനില്‍ ജി പറഞ്ഞത് പോലെ റാന്‍ഡമായ ആ തെരഞ്ഞെടുപ്പിനു ശേഷം,ജീവിതത്തിന്റെ ഓരോ ചുവടു വെയ്പിലും,ഒത്തൊരുമയോടെ കഴിയാനുള്ള ആ സാധ്യത കൂട്ടിയെടുക്കുന്നവരാണു ഭാഗ്യവാന്മാര്‍.

Sands | കരിങ്കല്ല് said...

@മാണിക്യം ചേച്ചി..

ഞാനും വിചാരിക്കാറുമുണ്ട്, പറയാറുമുണ്ടു - ഒരൊറ്റ വഴക്കു പോലും 24 മണിക്കൂറില്‍ കൂടുതല്‍ നീളരുത്. പിണക്കം തീര്ത്തിട്ടേ ഉറങ്ങാവൂ..

@ജയന്‍ ഏവൂര്‍

എളുപ്പമാണെന്നു ആരും പറയുന്നില്ല..
ഞാന്‍ ആകെ പറയുന്നത് ഇത്ര മാത്രം : ബുദ്ധിമുട്ടുള്ള പരിപാടിയാണു, തയ്യാറുള്ളവര്‍ മാത്രം കഴിച്ചാല്‍ മതി. എന്തിനു വേറൊരാളുടെ ജീവിതം കുട്ടിച്ചോറാക്കണം ?

ഇനി വിവാഹിതര്‍ ഇല്ലാതായാലും തരക്കേടൊന്നുമില്ലെന്നു എനിക്കു തോന്നുന്നു.

@പഥികന്...

എന്റെ ഭാവിയെക്കുറിച്ചും ഉറപ്പൊന്നുമില്ല..
എന്നാലും എന്നെക്കുറിച്ചെനിക്കറിയാല്ലൊ... - ഭയങ്കര കടുംപിടിത്തക്കാരന്! എന്നാലും സ്വന്തം ജീവിതം തന്നെ കടുംപിടിത്തത്തില്‍ കളയാന്‍ മാത്രം മണ്ടനല്ല.

‘എങ്ങനായാലും ജീവിതകാലം മുഴുവന്‍ ഇതു മതി‘ - എന്നൊന്നും ആളുകള്‍ വിചാരിക്കണം എന്നു ഞാന്‍ പറയുന്നില്ല.. പക്ഷേ, ജീവിതകാലം മുഴുവന്‍ ഇതു സന്തോഷമായി കൊണ്ടുപോണം എന്നു കരുതണം ആളുകള്. 10 കൊല്ലം കഴിയുമ്പോഴെക്കും ആള്ക്കാരൊക്കെ മാറിയേക്കാം ... എന്നാലും 1-2 കൊല്ലത്തിനുള്ളിലൊക്കെ?

@hAnLLaLaTh

അതെ.. ഓര്ക്കുമ്പോള്‍ ഒരു ചെറിയ ഭയം ഭീതി ആശങ്ക .... ചങ്കിടിപ്പു ... എല്ലാം ഒരുമിച്ചു വരുന്നു

Is there any meaning to your 'name'?

@ശ്രീ

അപ്പൊ അടിയുടെ കാര്യത്തില്‍ തീരുമാനം ആയി! :(
എത്ര അടി വന്നാലും ഇനി ശ്രീയെ കുറ്റം പറയാല്ലോ അല്ലേ?

@റോസ് റോസ് റെയര്‍ റോസ്

കണ്ടുള്ള വിവരങ്ങള്‍ നമുക്കറിയാല്ലോ റോസേ.. അങ്ങനെ മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്നു നമുക്കു പഠിക്കാം ... അതല്ലേ മിടുക്ക്?

@ എല്ലാര്ക്കും ... നന്ദീണ്ടുട്ടോ

Jon said...

Sir vivaha counsellor aano?

Very very good post


I asked a friend of mine if his wife gets angry at his drinking habits

He replies 'Bhryayude munpil pottanayi abhinayicha mathi.. Oru kuzhappavum illa'

Anonymous said...

Some Pannanmarum some pannakalum... nice usage! :P

Vivek.

Akbar said...

ചട്ടിയും കലവുമോക്കെയാകുമ്പോ തട്ടിയും മുട്ടിയും ചിലപ്പോള്‍ പോട്ടിപ്പോയെന്നുമിരിക്കും. പോട്ടെന്നേയ്. പോസ്റ്റ്‌ കൊള്ളാം. ആശംസകള്‍.

ഓഹരിനിലവാരം പോയ വാരം

smitha adharsh said...

കല്ലേ,മുന്‍പ് ഒരിയ്ക്കല്‍ ഇവിടെ വന്ന് പോസ്റ്റ്‌ നോക്കി പോയിരുന്നു..പക്ഷെ,കമന്റാന്‍ നില്‍ക്കാന്‍ സമയം കിട്ടിയില്ല.
കാര്യമാത്ര പ്രസക്തിയുള്ള പോസ്റ്റ്‌ ട്ടോ..ശരിക്കും അഗാധ തലത്തില്‍ ചിന്തിക്കേണ്ട വിഷയം തന്നെ.
അനില്‍ ചേട്ടനും,മാണിക്യാമ്മയും പറഞ്ഞതൊക്കെ തന്നെ വാസ്തവം.ആരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാത്ത ഒരു കാലമായിപ്പോയി..
ഞാന്‍ പിടിച്ച മുയലിനു മൂന്നും,നാലും ഒക്കെ ചെവിയായിക്കഴിഞ്ഞു.ഇടയില്‍ നന്നായി ജീവിക്കുന്നവരെ കണ്ടെത്താന്‍ പ്രയാസം.
ഒന്നിച്ചു ജീവിച്ചു തുടങ്ങിയതിനു ശേഷം എന്തിന്റെ പേരിലാണ് ഇവരൊക്കെ പിരിയുന്നത് എന്ന് അവര്‍ക്ക് തന്നെ അറിയുമോ ആവോ?
പരസ്പരമുള്ള സ്നേഹവും,വഴക്കും - രണ്ടിനെയും രണ്ടു തട്ടില്‍ വച്ചു തൂക്കി നോക്കിയാല്‍ സ്നേഹത്തിനു തൂക്കക്കൂടുതല്‍ ഉണ്ടെങ്കില്‍ പിന്നെ,വഴക്കിനെ വേണ്ടെന്നു വയ്ക്കാലോ?? ല്ലേ?
അന്വേഷിച്ചു വന്നതിനു നന്ദി.ഈ സ്കൂളില്‍ ജോയിന്‍ ചെയ്തതില്‍ പിന്നെ,ആകെ തിരക്കിലായിപ്പോയെന്നെ.അതൊക്കെ ശീലമായിപ്പോയി.ഇനിയും വരാം സമയം കിട്ടുമ്പോള്‍..

pattepadamramji said...

രണ്ടു ധ്യുവങ്ങളില്‍ നിന്നെത്തുന്നവര്‍ ഒരുമിച്ച് കുറെ കാലം കഴിയുമ്പോള്‍ പ്രയാസങ്ങളൊക്കെ സ്വാഭാവികം.
വിട്ടുവീഴ്ച മനോഭാവമെല്ലാം അന്യമായിക്കൊണ്ടിരിക്കുന്നു.
എന്നിട്ടും ഒരു ചടങ്ങ് പോലെ എല്ലാം മുന്നോട്ട്‌ തന്നെ......

കുമാരന്‍ | kumaran said...

കൊച്ചു കൊച്ചു ആവശ്യങ്ങളേ പൊതുവേ പെണ്‍കുട്ടികള്‍ക്കുള്ളൂ…


അങ്ങനെയും പെണ്ണോ... അന്യായം..

ഹംസ said...

നല്ല ഒരു പോസ്റ്റ്

ആശംസകള്‍

Asha said...

"why not throw your EGO away and think straight for a minute"
That is a brilliant sentence..
I am not able to read malayalam font from cafe.. :( so now satisfied with your english paragraph :)
kalyana praayam ethiyavare pedippikkaan irangiyirikkuvaano?? :)

raadha said...

sands പേടിക്കുന്ന മാതിരി complicated അല്ലാട്ടോ married ലൈഫ്, ഇപ്പൊ ഈ പോസ്റ്റില്‍ എഴുതിയ പോലുള്ള ഒരു attittude ധാരാളം മതി സന്തോഷകരമായി ജീവിച്ചു പോവാന്‍. ഭാര്യയെ അല്ലെങ്കില്‍ ഭര്‍ത്താവിനെ മനസ്സിലാക്കാന്‍ സാധിച്ചാല്‍ നമ്മള്‍ രക്ഷപെട്ടു. സ്വന്തം ഇഷ്ടം മാറ്റി വെച്ച് മറ്റേ ആളുടെ ഇഷ്ടത്തിനനുസരിച്ച് ഒന്ന് പെരുമാറി നോക്കൂ. അവിടെ തീരും എല്ലാ പ്രശ്നങ്ങളും. ഇപ്പൊ ഇവിടെ പറഞ്ഞ രണ്ടു കുടുംബ ബന്ധങ്ങളും analyse ചെയ്താല്‍ അറിയാന്‍ പറ്റും. ബേസിക് ആയി ഒരു പ്രശ്നവും കാണില്ല. വിട്ടുവീഴ്ച മനോഭാവം കാണില്ല രണ്ടു പേര്‍ക്കും. അത് ധാരാളം മതീ ട്ടോ. നല്ല പോസ്റ്റ്‌. നല്ല മനസ്സ്. ആശംസകള്‍.

യൂസുഫ്പ said...

രണ്ട് വ്യത്യസ്ത ദ്രുവങ്ങളില്‍ നിന്നും വരുന്നവരാണ് ദമ്പതികള്‍.രണ്ട് പേരുടേയും വളര്‍ന്ന ചുറ്റുപാടുകള്‍ വ്യത്യസ്തം.ആയത് കൊണ്ട് തട്ടിമുട്ടലുകള്‍ തികച്ചും സ്വാഭാവീകം.ഭാര്യ ഒന്നും രണ്ടും പറഞ്ഞ് നമ്മെ ചൂടാക്കും,അങ്ങനെ നാം തിരിച്ച് ദേഷ്യപ്പെട്ടാലൊ..?,അവര്‍ കരഞ്ഞോണ്ട് പറയും എനിയ്ക്ക് ദേഷ്യപ്പെടാന്‍ നിങ്ങള്‍ മാത്രല്ലേ ഉള്ളൂ നിങ്ങള്‍ക്ക് ക്ഷമിച്ചാലെന്താ....?.ആ ചോദ്യത്തില്‍ നാം കുഴങ്ങിപ്പോകും. എന്തായാലും ഈശ്വരന്‍ എല്ലാവരേയും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിപ്പിക്കുമാറാകട്ടെ.