Monday, February 01, 2010

ആരുടെ സ്നേഹം?


ഇതാദ്യമായല്ല അവളുടെ വീട്ടിലേക്കു താൻ പോകുന്നതു്. എന്നാലും ബസ്സിലിരിക്കുമ്പോൾ ഗിരിക്കു  എന്തോ ഒരു ശരിയല്ലായ്മ തോന്നി..

ഒന്നു മയങ്ങിയെഴുന്നേറ്റപ്പോഴേക്കും ഇറങ്ങേണ്ട സ്റ്റോപ്പായിരുന്നു. ഇറങ്ങിയപ്പോൾ അതാ നിൽക്കുന്നു അനിത.

“എന്തിനാ അനൂ നീ ഇവിടെ വന്നതു്.. എനിക്കറിഞ്ഞൂടേ നിന്റെ വീട്ടിലേക്കുള്ള വഴി? അതും ഇരുട്ടിത്തുടങ്ങിയിരിക്കുന്നു”

“നിന്നെക്കാണാനല്ലേ വരാൻ പറഞ്ഞത്… നീ അവിടെ വരുന്നതു വരെ കാത്തിരിക്കാൻ വയ്യ”, എന്നും പറഞ്ഞ് അവൾ അവനെ കെട്ടിപ്പിടിച്ചു കവിളിൽ ഉമ്മ വെച്ചു.

“അനൂ… ആളുകൾ കാണുന്നു…”

“ഒന്നാമതു്, നീ തന്നെയല്ലേ പറഞ്ഞതു ഇരുട്ടിത്തുടങ്ങിയെന്നു? രണ്ടാമതു ആരൊക്കെ എന്തൊക്കെ പറഞ്ഞാലും പുള്ളിക്കെന്നെ വിശ്വാസമാണു? ഇനി ഇതിനെല്ലാം പുറമേ… നിനക്കൊരുമ്മ തരുന്നതും തെറ്റാണോ?”

“അനൂ… നിനക്കെല്ലാം കളിയാണു. നിന്നോട് തർക്കിക്കാൻ ഞാനില്ല.”

അവർ അവളുടെ അപാർട്ട്മെന്റിലേക്കു നടന്നു. അവൾ ഒരുപാടൊരുപാടു സംസാരിച്ചുകൊണ്ടിരുന്നു… ഗിരി എത്രയൊക്കെ തന്നെ ശ്രമിച്ചിട്ടും, അകന്നു നടക്കാൻ നോക്കിയിട്ടും, അവരുടെ തോളുകൾ മുട്ടിയുരുമ്മുകയായിരുന്നു.

“ഒറ്റക്കു നടക്ക് അനൂ…”

“എത്ര ശ്രമിച്ചാലും ഞാൻ പതുക്കെ പതുക്കെ നിന്റെ അരികിലെത്തുന്നു”, അവൾ പറഞ്ഞു. കണ്ണുകളിൽ കുസൃതി തുളുമ്പി.

ഭാഗ്യം, വീട്ടിലെത്തിയല്ലോ… ഇവളുടെ തോന്ന്യാസങ്ങൾ ആരെങ്കിലും കാണുമെന്നിനി പേടിക്കണ്ടല്ലോ… ഗിരി സമാധാനിച്ചു.

“ഗിരീ… നമുക്കെന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കാം.. എന്നിട്ടു ഇരിക്കാം… പോരേ? … നീ എന്നെ ആദ്യം സഹായിക്കു്.”

അവളെ അടുക്കളയിൽ സഹായിക്കുന്ന അത്രയും സുഖവും, അതേ സമയം ബുദ്ധിമുട്ടുമുള്ള ഒരു കാര്യം ഗിരിക്കറിയില്ലായിരുന്നു.

അവളെ സഹായിക്കുക എന്നാൽ അടുക്കളയിലെ പ്രൊഫഷണലിസം കണ്ടാസ്വദിക്കുക – എത്ര സുഖകരമായ കാര്യം. എന്നാൽ അത്രയും അടുത്തു തട്ടിയും മുട്ടിയും ഒരുമിച്ചു കാര്യങ്ങൾ ചെയ്യുക എന്നാലോ? ഇന്ദ്രിയങ്ങളെ നിയന്ത്രിക്കാൻ ഇതിലും ബുദ്ധിമുട്ടുള്ള സമയമില്ല.

“ഞാൻ വൈൻ എടുക്കട്ടേ?”, അനിത ചോദിച്ചു.

വൈനും ഭക്ഷണവും വർത്തമാനവുമായി സമയം പോയതു രണ്ടുപേരുമറിഞ്ഞില്ല.

“എപ്പൊ വരും ശശാങ്കൻ?”, ഗിരി ചോദിച്ചു. ചോദിക്കേണ്ടിയിരുന്നില്ല എന്നു തോന്നി ഉടനെത്തന്നെ.

“രാത്രി പന്ത്രണ്ടാവും… ഒരു പതിനൊന്നരക്കു ഗിരി പൊക്കോളൂ..”

അവന്റെ കൈ അവൾ കയ്യിലെടുത്തു.. എന്നിട്ടു ശശാങ്കനെക്കുറിച്ചു പറയാൻ തുടങ്ങി. ഒരുപാടു കുറ്റങ്ങൾ… ശശാങ്കൻ അവളെ സ്നേഹിക്കുന്നില്ല… എന്ന പരാതികൾ.

“വല്ലപ്പോഴുമൊരിക്കൽ.. ഒരിക്കലെങ്കിലും എന്നെ കെട്ടിപ്പിടിച്ചാലെന്താ ശശിക്കു. ഒരിക്കലെങ്കിലും എന്നെ ഇഷ്ടമാണെന്നു പറഞ്ഞാലെന്താ?… ഇല്ല… ഞാൻ വേറൊരാളുടെ കൂടെ കിടന്നുറങ്ങിയെന്നു പറഞ്ഞാൽ പോലും ശശിക്കൊന്നുമില്ല”.

അവളെ വലിച്ചടുപ്പിക്കാനും, ഒരിക്കലും അവളെ ആർക്കും വിട്ടുകൊടുക്കാതിരിക്കാനും തോന്നി ഗിരിക്ക്.

നിയന്ത്രണം പോകുമെന്നു തോന്നിയ ആ നിമിഷത്തിൽ കോളിങ്ങ് ബെൽ ചിലച്ചു – ശശാങ്കൻ.

ശശാങ്കനു ഗിരിയെ കാണുന്നതു് ചതുർത്ഥികാണുന്ന പോലെയാണു്. ശശാങ്കൻ വന്നയുടനെ തന്നെ ഇറങ്ങിപ്പോകുന്നതു ശരിയല്ലല്ലോ എന്നു കരുതി ഗിരി ചെറിയ തോതിൽ കൊച്ചുവർത്തമാനമൊക്കെ പറയാൻ നോക്കി. ഇല്ല, ശശാങ്കൻ എന്തൊക്കെയോ പിറുപിറുക്കുന്നു.

പിന്നീടു കാണാം എന്നു പറഞ്ഞു ഗിരി പതുക്കെ പുറത്തേക്കിറങ്ങി. വാതിൽ തുറന്നു കൊടുക്കാൻ ചെന്ന അനിത, ശശിയുടെ കണ്ണു തെറ്റിയ നിമിഷത്തിൽ ഗിരിയെ ഒരിക്കൽ കൂടി ഉമ്മവെച്ചു. അടുത്ത ദിവസം കാണാമെന്നു പറഞ്ഞവർ പിരിഞ്ഞു.

തിരിച്ചു ബസ്‌സ്റ്റോപ്പിലേക്കു നടക്കുമ്പോൾ ഗിരി തന്നോടു തന്നെ ചോദിച്ചു… എന്താണവൾക്കു വേണ്ടതു്.. ശശാങ്കന്റെ സ്നേഹമോ? അതോ എന്റെയോ? അതോ എന്നിലൂടെ അവന്റെ സ്നേഹമോ?

കഴിഞ്ഞ 4 മണിക്കൂറ് അവളുടെ കൂടെയായിരുന്നപ്പോൾ കാണിച്ചതു് ആത്മനിയന്ത്രണമോ അതോ ഷണ്ഡത്വമോ എന്ന ചിന്ത നാമ്പുനീട്ടാൻ തുടങ്ങിയപ്പോൾ ഗിരി ബാഗിൽ നിന്നു ഒരു തടിയൻ പുസ്തകമെടുത്തു വായിക്കാൻ തുടങ്ങി….

--- എന്റെ ഒരു എളിയ ശ്രമം… കഥയെഴുതാൻ.
--- സ്നേഹാദരങ്ങളോടെ, കരിങ്കല്ല്.

13 comments:

Sands | കരിങ്കല്ല് said...

--- എന്റെ ഒരു എളിയ ശ്രമം… കഥയെഴുതാൻ.

Anonymous said...

എന്റമ്മേ... തുടക്കമേ അവിഹിതമാണല്ലൊ!!

'ശശാങ്കന്‍' - ആ പേരു കൊള്ളാം.. :)

Vivek.

Rare Rose said...

കല്ലേ.,കഥ ഇവിടെ സാധാരണ കാണാറില്ലാത്തത് കൊണ്ടു പുതിയ കഥാപാത്രങ്ങളെ കണ്ട് ആദ്യമൊന്നന്തം വിട്ടു.:)
എന്തായാലും എളിയ തുടക്കം ഇങ്ങനെയാണെങ്കില്‍ ധൈര്യമായിട്ട് കഥയെഴുത്തിനോട് കൂട്ട് കൂടിക്കോളൂ.:)

ശ്രീ said...

മോശമായിട്ടില്ല, സന്ദീപ്... ശ്രമം തുടര്‍ന്നോളൂ.

കുഞ്ഞന്‍സ്‌ said...

എന്തൊരു എളിയ "ശ്രമം"... അല്ല കഥ എഴുതാനേ :P

smitha adharsh said...

റോസ് പറഞ്ഞ പോലെ സാധാരണ കാണാത്തവരെ കണ്ടപ്പോള്‍ ആദ്യം ഒന്ന് അന്തിച്ചു.
എളിയശ്രമം ഒട്ടും മോശമായിട്ടില്ല.അവിഹിതമാണെങ്കിലും നല്ല നിലവാരം പുലര്‍ത്തി..ഇനി,ഇത് ഒരു ശീലമാക്കാം.ഭാവുകങ്ങള്‍..
എന്നാലും,ഇങ്ങനത്തെ സ്ത്രീകള്‍ കഥയില്‍ മാത്രമേ ഉള്ളൂ എന്ന് വിശ്വസിക്കാനാ എനിക്കിഷ്ടം.

raadha said...

കഥ ചുമ്മാ കഥ തന്നെ ആയിക്കോട്ടെ. കഥയില്‍ ചോദ്യം ഇല്ല ല്ലോ. എന്നാലും അറിയാതെ ചോദിച്ചു പോവുകാ. ശശാങ്കന്‍ കൊടുക്കാത്ത സ്നേഹം ഗിരി കൊടുക്കാന്‍ നില്ക്കാഞ്ഞത് നന്നായി...!!

കുമാരന്‍ | kumaran said...

കഥയല്ല തുടരന്‍ എഴുതാനുള്ള കഴിവുണ്ട്.

ശ്രീ said...

സന്ദീപേ...

സ്മിതേച്ചി അങ്ങനെ പലതും പറയും. അതൊന്നും കേള്‍ക്കണ്ടാട്ടാ...
["അവിഹിതമാണെങ്കിലും നല്ല നിലവാരം പുലര്‍ത്തി. ഇനി,ഇത് ഒരു ശീലമാക്കാം" എന്ന്. എന്ത് അവിഹിതമോ? ശീലമാക്കാനോ? ;)

സ്മിതേച്ചീ... ഞാനോടി.]

poor-me/പാവം-ഞാന്‍ said...

പ്പൊ..ശീലമാക്കിക്കോളൂ
എന്ത് പോസ്റ്റിങേയ്..
http://manjaly-halwa.blogspot.com/2010/02/my-name-is-bal-thakeray.html

smitha adharsh said...

അമ്പടാ..ശ്രീ ഇങ്ങനെ ഒരു കമന്റ്‌ അടി ഇവിടെ നടത്തിയോ?...ഓടിയത് നന്നായി..ഇല്ലെങ്കി,എന്റെ കൈയ്യീന്ന് വാങ്ങിച്ചെടുത്തെനെ.

പ്രദീപ്‌ said...

മാഷേ , നിങ്ങളുടെ പോസ്റ്റില്‍ ആദ്യമായാണ്‌ വരുന്നത് . ആദ്യം കണ്ട മൂന്നു പോസ്റ്റ്‌ വായിച്ചു . ബ്ലോഗ്‌ മീറ്റും , വിവാഹ മോചനവും , ഈ പുതിയ കഥയും ഇഷ്ടപ്പെട്ടു . ഈ കഥയിലൂടെ സ്ത്രീയെ ( മനസ്സിനെ ) വരച്ചു കാണിക്കാന്‍ ശ്രമിക്കുന്നുണ്ട് .
ഇനിയും എഴുതൂ . ബൂലോകത്ത് വീണ്ടും കാണാം .

Sands | കരിങ്കല്ല് said...

എല്ലാർക്കും നന്ദീട്ടോ