Tuesday, November 04, 2008

ആരുടെ കൂടോത്രം??..

കഴിഞ്ഞ പോസ്റ്റിലെ എന്റെ വീഴ്ചയെക്കുറിച്ച് കേട്ടിട്ടു്... “ഒന്നും പറ്റിയില്ലേ” എന്നു പലരും വിഷമത്തോടെ  പറഞ്ഞപ്പോള്‍ ഞാന്‍ മനസ്സിലാക്കേണ്ടതായിരുന്നു... ആരെങ്കിലും എനിക്കെതിരേ കൂടോത്രം വല്ലതും ചെയ്യും എന്നു്.

എന്തായാലും കൂടോത്രം ഫലിച്ചു... എനിക്കു് മറ്റൊരപകടം സംഭവിച്ചു. ഇത്തിരി ഈണത്തിലായിപ്പോയീ എന്നു മാത്രം ... :(

ഏതാണ്ടു 10 ദിവസം മുമ്പ് എന്റെ സ്വന്തം പ്രിയപ്പെട്ട ഇരുചക്രവാഹനത്തില്‍ (സൈക്കിളില്‍)  കോളേജിലേക്കു് പോവുകയായിരുന്നു ഞാന്‍..  മഴ പെയ്തു വഴി നനഞ്ഞുകിടഞ്ഞിരുന്നതിനാല്‍.. അധികം വേഗതയിലായിരുന്നില്ല ഞാന്‍...

അങ്ങനെ പോയിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ കണ്ടു... അതാ‍ വലതു വശത്തെ സ്ട്രീറ്റില്‍ നിന്നും ഒരു പച്ച കാര്‍ വരുന്നു. പെട്ടെന്നു തന്നെ എനിക്കു മനസ്സിലായി... ഒരു ഇടി ഉറപ്പാണെന്നു്. മനസ്സിലായി എന്നതു കൊണ്ട് പ്രത്യേകിച്ചൊരു ഉപകാരം ഇല്ലല്ലോ അല്ലേ?

അറിഞ്ഞിടത്തോളം വെച്ചു എന്റെ തെറ്റല്ല... (കാരണം ... സൈക്കിളും കാല്‍നടക്കാരും ഒക്കെ പോയിട്ടേ വലിയ വണ്ടികള്‍ പോകാവൂ ... സിഗ്നല്‍ ഇല്ലാത്ത സ്ഥലങ്ങളില്‍) - ഇനി ഇപ്പൊ പോലീസ് തീരുമാനിക്കട്ടെ ആരുടെ തെറ്റാണെന്നു്.

അപ്പൊ പറഞ്ഞ് വന്നതു കാറിനെ കുറിച്ചു.. അവന്‍ പാഞ്ഞുവരികയും എന്റെ വലതു വശത്തു്  ആഞ്ഞിടിക്കുകയും ചെയ്തു... എല്ലാം വളരേ പെട്ടെന്നായിരുന്നു.. ഞാന്‍ തെറിച്ചു വീണു... സൈക്കിളും തെറിച്ചു പോയീ... (ഇനി ആ സൈക്കിള്‍ ഉപയോഗിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല -- ആരെങ്കിലും കണ്ണുവെച്ചതാണോ?) ;)

പിന്നെ അവിടെ നടന്നതിനെ കുറിച്ചൊന്നും അധികം പറയുന്നില്ല...  സഹൃദയരായ നാട്ടുകാര്‍ ആംബുലന്‍സ് വിളിച്ചു വരുത്തി.... എന്നെ ഹോസ്പിറ്റലിലാക്കി.

വലതു കാലിലെ വണ്ണക്കുടത്തിലായിരുന്നു ഇടി ... രണ്ടു എല്ലുകളും ഒടിഞ്ഞിരുന്നു - തരക്കേടില്ലാത്ത രീതിയില്‍... :( ... ഒരു ചെറിയ ഓപറേഷനിലൂടെ ഡോക്ടര്‍മാര്‍ എന്റെ കാലില്‍ കമ്പിയിട്ടു.. ഒരു വര്‍ഷത്തോളം ആ കമ്പി അവിടെ കിടക്കണമത്രേ..

പിന്നെയാണത്രേ പ്രശ്നം വഷളായതു് -- ഓപറേഷന്‍ കഴിഞ്ഞു ബോധം തെളിഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഞാന്‍ വായിലെ ഓക്സിജന്‍ ട്യൂബ് കടിക്കുകയും ... ഓക്സിജന്‍ കിട്ടാതെ വന്നപ്പോള്‍ ആഞ്ഞു പരിശ്രമിക്കുകയും .. എന്റെ തന്നെ ശ്വാസകോശത്തിനു കേടു വരുത്തുകയും ചെയ്തൂത്രേ!! ഇങ്ങനെയൊക്കെ സംഭവിക്കോ?

{അതു മുരിങ്ങക്കോലായിരിക്കും എന്നു കരുതിയായിരിക്കണം ഞാന്‍ കടിച്ചതെന്നാണു് എന്റെ ഒരു (ബുദ്ധിമാനായ) സുഹൃത്തിന്റെ അനുമാനം ;‌) }

എന്തായാലും പ്രശ്നം വഷളായ സ്ഥിതിക്കു ... എന്നെ ICU എന്ന, പേടിപ്പിക്കുന്ന സ്ഥലത്തേക്ക് വിട്ടു. അവിടെ ഒരു ദിവസം കുറേ ട്യൂബുകളും വയറുകളും ഒക്കെ ശരീരത്തില്‍ ഘടിപ്പിച്ചു കഴിഞ്ഞു കൂടി...

പിന്നെ എന്നെ Casualty എന്ന, ഭീകരത കുറഞ്ഞ സ്ഥലത്തേക്കു മാറ്റി... അതിന്റെയടുത്ത ദിവസം സാദാ റൂമിലേക്കും മാറ്റി. അപ്പോഴേക്കും വയറുകളും ട്യൂബുകളും ഓക്സിജന്‍ മാസ്കും ഒക്കെ മാറ്റിയിരുന്നു...

റൂമിലെത്തി 2 ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ പതുക്കെ വീട്ടിലേക്കൊക്കെ വിളിച്ചറിയിച്ചു..

അതിനു മുമ്പു തന്നെ എന്നെക്കാണാന്‍ ഇവിടത്തെ സുഹൃത്തുകള്‍ എല്ലാരും വന്നിരുന്നു...  ഹോസ്പിറ്റലില്‍ ആയതിന്റെ വിഷമം അധികം അറിയാതെ എന്നെ അവരൊക്കെ കൂടി നോക്കി. :)

ഒരാഴ്ച കഴിഞ്ഞു ആശുപത്രിയില്‍.... പിന്നെ ഒരു സുഹൃത്തിന്റെ വീട്ടിലെത്തി.... എന്താച്ചാല്‍ .. കുറേ കാലത്തേക്കിനി എനിക്കു ശരിക്കു നടക്കാനൊന്നും വയ്യ.... ക്രച്ചസ് വെച്ചു ഇത്തിരി ബുദ്ധിമുട്ടി നടാക്കാം .. കടയില്‍ പോവാന്‍ വയ്യ, പാചകം വയ്യ.... 

ക്രച്ചസ് വെച്ചു നടക്കുമ്പോള്‍ തന്നെ നല്ല വേദനയുണ്ട്.. 4-5 ആഴ്ചകള്‍ ക്രച്ചസിന്റെ സഹായം വേണം താനും.... :(

എല്ലാം ഒരു വിധം ശരിയാവുന്നത് വരെ ഇവിടെ ഈ ചങ്ങാതിയുടെ കൂടെയാണു താമസം...

ഈ അപകട അനുഭവം ആകെമൊത്തം ടോടല്‍ ഒരു അനുഭവം തന്നെ ആയിരുന്നുട്ടോ... ഈ സിനിമയില്‍ ഒക്കെ കാണുന്ന റേഞ്ചു്.

സൈക്കിളില്‍ നിന്നു തെറിക്കുന്നു... സൈക്കിള്‍ എന്റെ മുകളിലൂടെ തെറിച്ചു പറന്നു പോകുന്നതു കാണുന്നു...

ആംബുലന്‍സില്‍ കയറ്റി സെഡേറ്റീവ് തന്നു കഴിയുമ്പോള്‍ ഒരുഗ്രന്‍ സ്വപ്നം ... നീറ്റ്ഷേ ഒക്കെ വന്ന ഒരു സ്വപ്നം .... മരുന്നിന്റെ ശക്തിയില്‍ ജര്‍മ്മന്‍ ഭാഷയില്‍ തെറ്റില്ലാതെ പേശുന്നു....

ബോധം വരുമ്പോള്‍ എതിരേയുള്ള ചുമരിലെ ക്ലോക്കില്‍  3:20.... ഡോക്ടര്‍മ്മാ‍രോ അരൊക്കെയോ ഓടി വരുന്നു... ഓക്സിജന്‍ മാസ്കെടുത്തു മുഖത്തമര്‍ത്തുന്നു..... മയങ്ങുന്നു... എഴുന്നേല്‍ക്കുന്നു... വീണ്ടും മയങ്ങുന്നു... സമയം പതുക്കെ...വളരേ പതുക്കെ ഇഴഞ്ഞു നീങ്ങുന്നു..... 8:45 വരെ അവരുടെ കൂടെ... പിന്നെ ICU... അവിടെ നിറയേ വയറുകളും ട്യൂബുകളും ... ഓക്സിജന്‍ മാസ്കും.... എല്ലാം ....

8 വയസ്സുള്ളപ്പോള്‍ തൃശ്ശൂര്‍ അശ്വിനിയില്‍ 2-3 ദിവസം കഴിഞ്ഞതാണു് ഇതിനു മുമ്പത്തെ ആശുപത്രി അനുഭവം .... അതും ഒരു അപകടം തന്നെ... ബൈക്ക് ഓടിച്ചിരുന്നതു് അച്ഛനായിരുന്നെന്നു മാത്രം... :)

അപ്പൊ ആരായാലും കൂടോത്രം ഫലിച്ചു.... വീഴ്ചയില്‍ ഒന്നും പറ്റിയില്ല എന്ന വിഷമം മാറിയില്ലേ :)

23 comments:

Sands | കരിങ്കല്ല് said...

അപ്പൊ ആരായാലും കൂടോത്രം ഫലിച്ചു.... വീഴ്ചയില്‍ ഒന്നും പറ്റിയില്ല എന്ന വിഷമം മാറിയില്ലേ :)

ഈ അപകട അനുഭവം ആകെമൊത്തം ടോടല്‍ ഒരു അനുഭവം തന്നെ ആയിരുന്നുട്ടോ... ഈ സിനിമയില്‍ ഒക്കെ കാണുന്ന റേഞ്ചു്.

Anonymous said...

ആദ്യത്തെ കമന്റ് എന്റെതാവാം :)

കാലിനു വയ്യാഞ്ഞിട്ടും ഇരുന്ന് ഇത്ര അധികം എഴുതിയല്ലോ..കൊള്ളാം ട്ടോ.. :)

ആരെങ്കിലും സൈക്കിള്‍ കണ്ണ് വെച്ചതാണോ എന്ന് പറഞ്ഞത് എനിക്കൊന്നു കൊണ്ടോ എന്നൊരു സംശയം..
കഴിഞ്ഞ പോസ്റ്റിലെ ആ ഫോട്ടോ കണ്ടപ്പോ ഞാന്‍ വിചാരിച്ചേ ഇല്ല സൂപ്പര്‍ സൈക്കിള്‍ ആണല്ലോ എന്ന്.. :)

Sands | കരിങ്കല്ല് said...

അതാരാ ഈ അനോണീ....

പേടിക്കണ്ട... മറനീക്കി വരൂ...
കണ്ണു വെച്ചു എന്നൊന്നും എനിക്കു വിശ്വാസം ഇല്ല..
ഇനി കണ്ണു വെച്ചെങ്കില്‍ തന്നെ... “കരിങ്കല്ലാളൊരു ചുള്ളനാണല്ലോ” എന്നും കരുതിക്കാണും ... അതല്ലേ എനിക്കിട്ടും ഒന്നു കിട്ടിയതു! :(

ശ്രീ said...

സന്ദീപേ...
ഞെട്ടിപ്പോയി കേട്ടോ... സത്യം!

ഇങ്ങനെ ഒരു അപകടത്തെപ്പറ്റി തീരെ പ്രതീക്ഷിച്ചില്ല. വായിച്ചപ്പോള്‍ വല്ലാത്ത അമ്പരപ്പും വിഷമവും. (കഴിഞ്ഞ പോസ്റ്റില്‍ തമാശയ്ക്കാണെങ്കിലും ഞാനും കളിയാക്കിയതല്ലേ?)
പിന്നെ, അറിയാന്‍ വൈകിയല്ലോ എന്നോര്‍ത്ത് ഒരു ഇതും...

ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു എന്നു വിശ്വസിയ്ക്കുന്നു. എത്രയും വേഗം പഴയതിനേക്കാള്‍ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിയ്ക്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു... ആശംസിയ്ക്കുന്നു.

ബഷീർ said...

പ്രിയ സുഹൃത്തേ. ഇത്രയും വലിയ ഒരു അപകടത്തില്‍ പെട്ട്‌ രക്ഷപ്പെട്ടല്ലോ. ഇത്രയും വേഗത്തില്‍ തന്നെ ആ വിവരങ്ങളൊക്കെ വെച്ച്‌ എഴുതാനെങ്കിലും കഴിഞ്ഞല്ലോ.. വലിയ അപകടം ചെറുതായി പോയെന്ന് കരുതുക. പിന്നെ കണ്ണു വെക്കാന്‍ ആദ്യത്തെ പോസ്റ്റില്‍ വല്ല ഡോക്റ്റര്‍മാരും വന്നുവോ എന്നറിയില്ല. ഏതായാലും ഞാനല്ല.

ഞങ്ങളുടെ പ്രിയപ്പെട്ട ഒരു സഹപ്രവര്‍ത്തകനു സെപ്റ്റമ്പര്‍ 30 നു പറ്റിയ അപകടത്തില്‍ ഇവിടെ ഹോസ്റ്റ്പിറ്റലില്‍ ഇപ്പോഴും കഴിയുകയാണ്.


താങ്കള്‍ക്കും എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു

അനില്‍@ബ്ലോഗ് // anil said...

കരിങ്കല്ലെ,
എന്തായാലും രക്ഷപ്പെട്ടല്ലോ. സന്തോഷം.

ഓ.ടോ
കൂടോത്രമോ? അതെന്താ സാധനം?

മാണിക്യം said...

സന്ദീപേ,
കൂടോത്രത്തില്‍ ഒന്നും എനിക്ക് വീശ്വാസമില്ല, എന്നാലും ഇതു വായിച്ചപ്പോള്‍ വിഷമം ആയി,വേഗം സുഖമാവാന്‍ പ്രാര്‍ത്ഥിക്കുന്നു. സഹായിക്കാന്‍ സുഹൃത്തുക്കള്‍ ഉണ്ടാവും അല്ലേ?
ആ സൈക്കിളും കൊണ്ട് ഇത്തിരി കളീ കൂടുതല്‍ ആയിരുന്നു അല്ലെ? ഇനി അവിടെ അടങ്ങിയിരിക്കണം .സുഖമാവട്ടെ, സൂക്ഷിക്കണെ.

കൃഷ്‌ണ.തൃഷ്‌ണ said...

ആ മദാമ്മാക്കുട്ടികളുടെ കൂടെ നിന്നു ബിയര്‍ കുടിക്കുന്ന പടം കണ്ട ആരെങ്കിലുമാണോ കാറോടിച്ചിരുന്നത് കരിങ്കല്ലേ??? വേഗം സുഖം പ്രാപിക്കട്ടെ. അപ്പോ ഇപ്പോള്‍ വീട്ടില്‍ തന്നെ ഇരിപ്പായതുകൊണ്ടു കൂടുതല്‍ പോസ്റ്റുകള്‍ പോരട്ടെ.

കാര്‍വര്‍ണം said...

ayyo
abhindanangal

sorry

anusochanangal
:(

കനല്‍ said...

വളരെ വേഗം സുഖമാവാന്‍ കൂടോത്രം ചെയ്യുന്നു...

മലമൂട്ടില്‍ മത്തായി said...

അപകടത്തില്‍ നിന്നും വലിയ പരിക്കൊന്നും കുടാതെ രക്ഷപെട്ടതിനു ദൈവത്തിനു നന്ദി. പിന്നെ മഴയുള്ള റോഡില്‍ കാറ്‌ പിടിച്ച സ്ഥലത്തു ചിലപ്പോള്‍ നിന്നില്ല എന്ന് വരും. അതുകൊണ്ട്, ഇനി സൈക്കിള്‍ ഉപയോഗികുമ്പോള്‍ സുക്ഷികുക. നിയമം സൈക്കിള്‍ ഓടിക്കുന്നവന്റെ കൂടെ ആണെങ്ങിലും, കുറച്ചു സൂക്ഷിച്ചാല്‍ മതി.

ഇതു കാറും, സൈക്കിള്‍ഉം ഉപയോഗിക്കുന്ന ഒരുവന്റെ ഉപദേശം ആയി കണക്കു കൂട്ടിയാല്‍ മതി.

നരിക്കുന്നൻ said...

ഈ അപകട അനുഭവം ആകെമൊത്തം ടോടല്‍ ഒരു അനുഭവം തന്നെ ആയിരുന്നുട്ടോ... ഈ സിനിമയില്‍ ഒക്കെ കാണുന്ന റേഞ്ചു്.

സുഖമായി പൂർണ്ണ ആരോഗ്യവാനായി തിരിച്ച് വരൂ...
ഇതിനായി ഒരുഗ്രൻ കൂടോത്രം ഞാൻ സ്പോൺസർ ചെയ്യുന്നു.

ഭൂമിപുത്രി said...

എന്തെങ്കിലും കൂടോത്രത്തമാശയാകും എന്നു വിചാരിച്ച് വായിച്ചുതുടങ്ങി..
അയ്യോന്നായിപ്പോയി!
ഏതായാലും ഇതെഴുതാനുള്ള ആരോഗ്യം വീണ്ടുകിട്ടിയല്ലൊ.
ശ്വാസംകിട്ടാതെ പിടഞ്ഞതൊക്കെ നിസ്സാരമട്ടിലെഴുതിയിരിയ്ക്കുന്നെങ്കിലും ആ സമയത്തെ വെപ്രാളം ഊഹിയ്ക്കാം.
ഈ സാൻഡ്സ് വല്ലാതെ ആക്സിഡന്റ്പ്രോൺ ആണല്ലൊ!ഇതോടെ,കഷ്ട്ടകാലം വല്ലതുമുണ്ടായിരുന്നെങ്കിൽ തീർന്നുകിട്ടീന്ന് വിചാരിച്ചോളൂ.

Sands | കരിങ്കല്ല് said...

ഞാനേ ... നാട്ടിലേക്കു.. വീട്ടിലേക്കു വരാം എന്നങ്ങ്ടു തീരുമാനിച്ചു...

അവിടെ എത്തിയിട്ടാവാം എല്ലാര്‍ക്കും മറുപടി..

ഓകേ?

Jayasree Lakshmy Kumar said...

എന്റെ ഭഗവാനെ. അപ്പൊ ഇത്രയൊക്കെ സംഭവിച്ചോ? ഇതെന്തായിത്?!! ഏതായാലും അൽ‌പ്പം വൈകിയാണെങ്കിലും എനിക്ക് സെയിം പിച്ച് പിച്ചാൻ ഒരാളെ കിട്ടി. പക്ഷെ ഞാൻ ഓക്സിജൻ റ്റ്യൂബൊന്നും കടിച്ചു തിന്നില്ലാട്ടോ. സാൻഡ്സ് വിശന്നിട്ടു ചെയ്തതാവും. സർജറിക്കൊക്കെ വേണ്ടി അവരു പട്ടിണിക്കിട്ടതല്ലേ. ഉണർന്നപ്പോഴേ ആക്രാന്തി ആയതാവും.

അപ്പൊ നാട്ടിൽ പോകുവാല്ലേ? വീൽചെയർ കിട്ടുമോ. ഞാൻ നാട്ടിൽ പോയപ്പോൾ സുഖമായി വീൽചെയറിലാ പോയത്. പക്ഷെ നെടുമ്പാശ്ശേരിയിലെത്തിയപ്പോ വീൽചെയറോടു കൂടി കുറേ പോർട്ടേഴ്സ് എന്നെ പൊക്കിയെടുത്തു ഫ്ലൈറ്റിൽ നിന്നിറക്കി, പിന്നെ ചെക്ക് ഇൻ ചെയ്യനുള്ളിടത്തേക്ക് പോകാൻ വീണ്ടും സ്റ്റെപ്സ് പൊക്കി കേറ്റി...ആഹ..ഇത്ര രാജകീയമായൊരു ലാൻഡിങ് എനിക്കാദ്യമായിരുന്നു. ഒരു സീറ്റ് ബെൽറ്റ് പോലുമില്ലാത്ത ചെയറിൽ ‘ഞാനിപ്പൊ താഴെ പോകുമോ ഭഗവാനെ‘ എന്നോർത്ത് പേടിച്ചിരിക്കുകയായിരുന്നു.

ഏതായാലും happy journey and wish you a speedy recovery

ഗീത said...

മോനേ, ഇതു അന്നു തന്നെ വായിച്ചെങ്കിലും ഒന്നും പറയാന്‍ തോന്നിയില്ല. എന്തായാലും എണീറ്റിരുന്ന് ഈ പോസ്റ്റ് ഇടാന്‍ പറ്റിയല്ലോ എന്നൊരു ആശ്വാസം ഉണ്ട്. നാട്ടില്‍ എത്തിയിട്ടു ബാക്കി എഴുതണം. ഇനി അടുത്തവര്‍ഷത്തെ ഓണത്തിനേ വരുള്ളു എന്നുപറഞ്ഞയാള്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ്സിന് എത്തുന്നു. എല്ലാം ദൈവത്തിന്റെ കൈകളില്‍ തന്നെ അല്ലേ?

വേഗം സുഖം പ്രാപിക്കാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടേ.

Rare Rose said...

കരിങ്കല്ലേ..,ശരിക്കും വീണ്ടുമൊരു കഥയോ കൊച്ചു തമാശയോ ആയിരിക്കുമെന്നു കരുതിയാണു പോസ്റ്റ് വായിച്ചു തുടങ്ങിയതു...പക്ഷെ ഇതു വല്ലാതെ പേടിപ്പിച്ചു കളഞ്ഞു...ഓപ്പറേഷന്‍ തീയറ്ററിലെ കാര്യങ്ങളൊക്കെ സാ മട്ടിലെഴുതിയിരിക്കുന്നുവെങ്കിലും ,ആ വഴിയൊക്കെ പോകാന്‍ എനിക്കും ഇട വന്നിട്ടുള്ളത് കൊണ്ടു ആ സമയത്തെ വെപ്രാളം ഒക്കെ ഊഹിക്കാന്‍ പറ്റുന്നുണ്ടു...
വീട്ടിലെത്തി ,പരിപൂര്‍ണ്ണാരോഗ്യം ഉടന്‍ തന്നെ വീണ്ടെടുക്കാന്‍ പറ്റട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നു...

പിരിക്കുട്ടി said...

chullanz....
sandz.............

kashtam....

i am praying for u....

പിരിക്കുട്ടി said...

കരിങ്കല്ലില്‍ കടഞ്ഞ നെന്ചിനുള്ളില്‍ ഞാന്‍ ...
കണ്ടു മലര്‍ ചെണ്ട് " കരിങ്കല്ല് ആളൊരു chullanz തന്നെ .....
പിന്നെ ഞാന്‍ ജീരകമിറായി മുതല്‍ വായിച്ചു തീര്‍ത്തു എല്ലാം നല്ല രസം ഉണ്ട്ട്ടോ ...
ഫോട്ടോസ് എല്ലാം നന്നായിരിക്കുന്നു കിടിലന്‍ തന്റെ ഭാഗ്യം എത്ര മനോഹരമായ സ്ഥലത്താണ് ജീവിക്കുന്നെ ..ഇയാള്‍ ശരിക്കും വിനയ പ്രസാദിന്റെ അനിയനാണോ ?

smitha adharsh said...

കല്ലേ..സൊ,സോറി കേട്ടോ...ഒരാഴ്ചയോളം ബൂലോകത്ത് ഇല്ലായിരുന്നു.കമ്പ്യൂട്ടറില്‍ വൈറസ് കയറി.
ഈ സംഭവത്തിന്റെ "സീരിയസ്നെസ് " എനിക്കറിയാം കേട്ടോ.എന്റെ ആദര്‍ശിനും കഴിഞ്ഞ കൊല്ലം ഇതുപോലെ ഉണ്ടായി.മൂപ്പര് വോളി ബോള്‍ കളിച്ചതാ.പരുക്ക് പറ്റിയത്,കൈയിനും.സെയിം,സര്‍ജറി,സ്റ്റീല്‍ റോഡ്..എല്ലാം കൂടി ..പാവം,കുറെ വിഷമിച്ചു.പോരാത്തതിന്,ഇന്ഫെക്ഷനും ആയി...ഇതുപോലെ,ഒക്കെ I.C.U..എല്ലാം ശരിയാവാന്‍ 6 months എടുത്തു.physiotherapy & exercises എല്ലാം ചെയ്തു,ഡ്രൈവിങ്ങ് ഒക്കെ തുടങ്ങി..വീണ്ടും നല്ല കുട്ടിയായി.ഞാനും പ്രാര്‍ത്ഥക്കുന്നു.എല്ലാം വേഗം ശരിയാവാന്‍.

Sands | കരിങ്കല്ല് said...

ആദ്യം എല്ലാര്‍ക്കും നന്ദി..
ഇനി ഓരോരുത്തര്‍ക്കും പ്രത്യേകം :)

@ശ്രീ...
ഞാന്‍ നാട്ടിലെത്തി കേട്ടോ...
സുഖമുള്ള സമയത്തായിരുന്നെങ്കില്‍ ഞാന്‍ ചേട്ടന്റെ കല്യാണത്തിനു വന്നേനേ..

ഇനി ശ്രീയുടെ കല്യാണത്തിനാവാം...

@ബഷീര്‍...
വന്നതിന്നു നന്ദി കേട്ടോ....
സുഖമായി വരുന്നു...

@അനില്‍...
:) ... കൂടോത്രം ..അങ്ങനെ ഒരു സംഭവം ഉണ്ടത്രേ.. നമ്മുടെ സ്മിതയാ എന്നോടു പറഞ്ഞതു് ;)

@മാണിക്യം ചേച്ചീ...

അയ്യോ ചേച്ചീ... ഞാനത്ര മണ്ടനൊന്നുമല്ല.. നടുറോഡില്‍ കളിക്കാന്‍.. :)

സുഖമായി വരുന്നു...

@കൃഷ്ണ തൃഷ്ണ...

അതൊരു പോയിന്റാണല്ലോ.. അങ്ങനെ അസൂയ തോന്നിയ ആരെങ്കിലും ആവാം...

അന്വേഷണം ആ വഴിക്കു തിരിച്ചു വിടാം അല്ലേ? :)

@കാര്‍ വര്‍ണ്ണം..

വന്നതിനു നന്ദി ട്ടോ...
പിന്നെ കാറിന്റെ വര്‍ണം പച്ച ആയിരുന്നു... (ഇടിക്കുന്നതിനു മുമ്പ് കണ്ടു)

@കനല്‍..
അതേ.. ഇനിയും കൂടോത്രം വേണോ?

@മത്തായിച്ചന്‍...
:)

ഇനി കൂടുതല്‍ സൂക്ഷിക്കാം എന്നു തീരുമാനിച്ചിട്ടുണ്ട്. :)

@നരിക്കുന്നന്‍...
നന്നായി വരുന്നു..
നന്ദി.. :)

@പുത്രി, ഭൂമിപുത്രി... :)
:)
ഒരു വിധം എല്ലാ കാര്യങ്ങളും retrospect-ല്‍ കുറച്ചു നന്നായി തോന്നും എന്നല്ലേ?

@ലക്ഷ്മീ‍...

വി ഐ പി ആയി നാട്ടിലെത്തി..
ലക്ഷ്മിക്കെന്തു പറ്റീ? ഡീറ്റെയിത്സ് അറിഞ്ഞില്ലല്ലോ...

@ഗീതചേച്ചീ....
ശരിയാ... പ്ലാന്‍ ഒന്നു തെറ്റി.. :)
നാട്ടിലെത്തി..
സൌകര്യം പോലെ എഴുതാം ട്ടോ...

@റോസ് റോസ് നിമാ.. റോസ്.. അല്ല... Rare റോസ്...

:) അതെപ്പോഴാ.. ആ വഴിക്കൊക്കെ പോകേണ്ടി വന്നതു്? ?

വീട്ടിലെത്തി... ആരോഗ്യം വീണ്ടെടുത്തു വരുന്നു.

@പിരിക്കുട്ടീ....
നന്ദി വന്നതിനും.. പിന്നെ ഒരിത്തിരി പൊക്കിയതിനും...

പിരിക്കുട്ടിയുടെ പ്രൊഫൈല്‍ ഫോട്ടോ കണ്ടിട്ടു... പിരിക്കുട്ടിയും “ചുള്ളത്തി” തന്നെ. ( ;) .. നല്ല കണ്ടു പരിചയം.. ;) ;) ;) )

വിനയപ്രസാദിന്റെ അനിയനോ ഞാനോ... :)
ആണെന്നു കൂട്ടിക്കോളൂ...

@സ്മിത...
ഭാഗ്യവശാല്‍ എനിക്കു ഇന്‍ഫെക്ഷന്‍ ആയില്ല.. (അതിനു പകരം ആവും ആ ലങ്ങ്സ് കോമ്പ്ലിക്കേഷന്‍ ആയതു്)

എന്തായാലും ഇപ്പൊ ശരിയായി വരുന്നു...

smitha adharsh said...

അയ്യോടാ..കൂടോത്രം എന്താന്നു അറിയാത്ത ഒരു "മോന്‍" !
ഹ്മം..ഞാനാ പറഞ്ഞു തന്നത് അല്ലെ?
എനിക്കിട്ടു വേല വയ്ക്ക്..വേല വച്ചു വേലായുധന്‍ ആവ്വോ?

Sands | കരിങ്കല്ല് said...

അതു ശരി.. സ്മിത അതു വായിച്ചൂല്ലേ :) ;‌)

എന്നാലും സ്മിതയല്ലേ അതു പഠിപ്പിച്ചു തന്നതു... എന്നിട്ട് തിരിച്ചടിച്ചു പനി വന്നതു? ;)
ഓര്‍മ്മയില്ലേ..

പിന്നെ എന്നും കൂടോത്രം ചെയ്യുന്നവര്‍ക്കു ഇങ്ങനെ ഒരു കുഞ്ഞു കൂടോത്രമൊക്കെ എങ്ങനെ ഓര്‍മ്മ ഉണ്ടാവാന്‍.. അല്ലേ ;)

എനിക്കു ഇനി ദുബായ് വഴി ഉള്ള ടിക്കറ്റ് മാറ്റി വാങ്ങേണ്ടി വരുമോ എന്തോ! :)