Monday, October 16, 2006

നശിപ്പിക്കപ്പെടുന്ന ബാല്യം!! ഹാ കഷ്ടം

എന്റെ ബാല്യവും വളരേ വര്‍ണ്ണശബളമായിരുന്നു. എന്നാലും ഇവിടെ ബാല്യകാലസ്മരണകള്‍ അയവിറക്കുന്ന മൂത്ത പുലികളുടെ അത്രക്കും ഭംഗിയായി, കൊതിപ്പിക്കുന്ന രീതിയില്‍ എഴുതാനുള്ള കഴിവ് എനിക്കില്ല. ചാമ്പമരത്തില്‍ നിന്നു വീണപ്പൊ പറയാന്‍ കൊള്ളാത്തിടത്ത് മരക്കമ്പ് കുത്തിക്കൊണ്ടതും, കുറ്റിയും കോലും കളിച്ചതും, പുഴയില്‍ മണിക്കൂറുകളോളം നീന്തിത്തുടിച്ചതും, മീന്‍ പിടിക്കാന്‍ പോയതും, കക്ക പെറുക്കാന്‍ മുങ്ങാംകുഴിയിട്ടതും, വെള്ളപ്പൊക്കത്തില്‍ കളിച്ചതും.. (അടി കിട്ടിയതും) അങ്ങനെയങ്ങനെ ഒരായിരം കാര്യങ്ങള്‍ എനിക്കും ഉണ്ടായിട്ടുണ്ട്. ഓര്‍ക്കുമ്പോള്‍ എന്താ സുഖം! അതിനേക്കുറിച്ചൊക്കെ പിന്നെ സൌകര്യം പോലെ എഴുതാം.

ഇപ്പൊ അതല്ല വിഷയം. എന്റെ കസിന്‍സിന്റെ ബാല്യം നശിപ്പിക്കപ്പെടുന്നു!

എന്റെ ചെറിയച്ഛനു് രണ്ട് പെണ്‍കുട്ടികള്‍. ചെറുപ്പം മുതലേ തന്നെ വീട്ടിനകത്തിരുന്നു പഠിക്കുക, TV കാണുക എന്നിവയല്ലാതെ ഒന്നും ചെയ്യാന്‍ സാധിക്കാത്ത രണ്ട് പാവങ്ങള്‍. അവധിക്കാലത്തേ തുടങ്ങും - വരുന്ന വിദ്യാഭ്യാസവര്‍ഷത്തേക്കുള്ള തയ്യാറെടുപ്പിക്കല്‍. കിട്ടാവുന്ന എല്ലാ ക്വിസ് പുസ്തകങ്ങളും വാങ്ങും, സാധിക്കുന്ന എല്ലാ ക്വിസ് മത്സരങ്ങളിലും പങ്കെടുപ്പിക്കും. എല്ലാ scholarship പരീക്ഷകളിലും പങ്കെടുപ്പിക്കും... ഇതു മാത്രമാണു് അവരുടെ ജീവിതം. എല്ലാം നല്ല നല്ല കാര്യങ്ങളല്ലേ.. ആരെങ്കിലും മോശം പറയോ?


മൂത്തവള്‍ 10-ല്‍, നല്ല തകര്‍പ്പന്‍ മാര്‍ക്ക് വാങ്ങി, ഇപ്പൊ പി.സി തോമസിന്റെ അവിടെ പഠിക്കുന്നു. നല്ലതു്, അവള്‍ നന്നായി പഠിക്കട്ടെ. ഇനിയിപ്പൊ അവളെക്കുറിച്ച് വിഷമിക്കണ്ടല്ലോ, പോകാനുള്ള ബാല്യമൊക്കെ പൊയ്പ്പോയല്ലൊ.

IAS എന്നു കേട്ടിട്ടുണ്ടൊ? താഴെയുള്ള മകളെ IAS-കാരിയാക്കാ‍നാണു് ഇപ്പോള്‍ ശ്രമം. ആവുന്നത്തില്‍ തെറ്റൊന്നുമില്ല, നല്ലതു തന്നെ. പക്ഷെ എന്റെ അഭിപ്രായത്തില്‍ അതൊക്കെ കുട്ടി തന്നെ തീരുമാനിക്കേണ്ടതാണു്. അല്ലാതെ 8-ല്‍ പഠിക്കുന്ന ഒരു കുട്ടി IAS-കാരിയാവണമെന്നു് അച്ഛനമ്മമാര്‍ തീരുമാനിക്കേണ്ടതല്ല. ഒരു 15-20 വയസ്സാകുമ്പോള്‍, അവള്‍ക്കു തന്നെ ഒരു തീരുമാനം വരും “ഞാന്‍ എന്താവണം, ആരാവണം“ എന്നൊക്കെ. ഇതിപ്പൊ ആ കുട്ടിയുടെ ഉള്ള കഴിവുകളെ അടിച്ചമര്‍ത്തലാണ്. IAS-Coaching കൊടുക്കുന്ന ഒരു കേന്ദ്രത്തില്‍ admission ഒക്കെ നോക്കുന്നുണ്ട്. ഓര്‍ക്കണം - അവള്‍ വെറും 12 വയസ്സുകാരിയണു്.

അതൊക്കെ നോക്കുമ്പോള്‍ ഞാനും എന്റെ അനിയത്തിയുമൊക്കെ എത്ര ഭാഗ്യം ചെയ്തവരാണു്. എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. എന്നിട്ടും ഞാന്‍ തരക്കേടില്ലാത്ത അവസ്ഥയിലാണു എന്നാണ് എനിക്ക് തോന്നുന്നതു്. എന്റെ പെങ്ങള്‍, ഇപ്പൊ ഇതാ തൃശൂര്‍ engg. college-ല്‍ ചേര്‍ന്നിട്ടുണ്ട്. അതും comp. science-നു്. യാതൊരു കുറവും എനിക്ക് അതില്‍ തോന്നുന്നില്ല.

നല്ല ബാല്യവും ഉണ്ടായിരുന്നു, നല്ല ഭാവിയും ഉണ്ടാകും (in the normal course).

ഒരേയൊരു ആശ്വാസം ഇതു മാത്രം - അവര്‍ക്ക് നല്ല ഭാവി ഉണ്ടാകുമായിരിക്കും. എന്നിരുന്നാലും, നഷ്ടപ്പെട്ടതിന്റെ വില അവരറിയില്ലല്ലോ!!

സഹബ്ലോഗരേ, എനിക്ക് ചെറുപ്പമാണ്. വെറും 24 വയസ്സ്. എന്നേക്കാളും പ്രായവും, വിവരവും കൂടിയവരാണു ഇവിടെയധികവും. എങ്കിലും... നിങ്ങളുടെ മക്കള്‍ ആരാവണം എന്നതു് തീരുമാനിക്കേണ്ടതു് അവരാണു്. ഇനിയിപ്പോ നിങ്ങള്‍ തന്നെ തീരുമാനിച്ചാലും, അവരുടെ താത്പര്യം കൂടെ കണക്കിലെടുക്കൂ.. അതു കൊണ്ട് ഒരു ദോഷവും വരില്ല.

കരിങ്കല്ല്.

14 comments:

Sands | കരിങ്കല്ല് said...

സഹബ്ലോഗരേ, എനിക്ക് ചെറുപ്പമാണ്. വെറും 24 വയസ്സ്. എന്നേക്കാളും പ്രായവും, വിവരവും കൂടിയവരാണു ഇവിടെയധികവും. എങ്കിലും... നിങ്ങളുടെ മക്കള്‍ ആരാവണം എന്നതു് തീരുമാനിക്കേണ്ടതു് അവരാണു്. ഇനിയിപ്പോ നിങ്ങള്‍ തന്നെ തീരുമാനിച്ചാലും, അവരുടെ താത്പര്യം കൂടെ കണക്കിലെടുക്കൂ.. അതു കൊണ്ട് ഒരു ദോഷവും വരില്ല.

Sreejith K. said...

കുട്ടികളെ ചെറുപ്പത്തിലേ സ്വയം തീരുമാനം എടുപ്പിച്ച് ശീലിപ്പിക്കണം, അല്ലെങ്കില്‍ വളര്‍ന്ന് വരുമ്പോള്‍ അവര്‍ക്ക് സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ കഴിയാതെ വരും.

കളിക്കാനും വളരാനും സ്ഥലം കുറയുന്നതിനനുസരിച്ച് കുട്ടികളുടെ ലോകവും ചുരുങ്ങുന്നു. പുറം ലോകവുമായുള്ള സമ്പര്‍ക്കം കുറയുന്നതോടുകൂടി അവര്‍ക്ക് പ്രായത്തിനൊത്ത വളര്‍ച്ച കിട്ടാതെ വരുന്നു. അപ്പോള്‍ അച്ഛനമ്മമാര്‍ക്ക് കുട്ടികളുടെ തലയ്ക്കകത്തേക്ക് ചിന്തകള്‍ കുത്തിക്കയറ്റേണ്ടി വരുന്നു. കുട്ടികളുടെ ഭൂതവും ഭാവിയും വര്‍ത്തമാനവും ഒക്കെ ഇരുളടയുന്നു.

സന്ദീപ്, ലേകനത്തിനോട് യോജിക്കുന്നു. ഇതിന് എന്താ പ്രതിവിധി എന്നും കൂടെ പറയാമായിരുന്നില്ലേ?

Unknown said...

തന്നിലേക്ക്, തന്റെ ടി വിയിലേക്കും കമ്പ്യൂട്ടറിലേക്കും അഛനമ്മമാരിലേക്കും ചുരുങ്ങിപ്പോകുന്ന ബാല്യം ഇവിടെ ഗള്‍ഫില്‍ വന്നതിന് ശേഷം കണ്ടു. സാഹചര്യങ്ങള്‍ ഇവിടെ അങ്ങനെയാണെന്ന് കരുതാം പക്ഷേ നാട്ടിലും ഇതേ രീതിയില്‍ വളരുന്ന കുട്ടികളെ കണ്ടിട്ടുണ്ട്. പുറം ലോകത്തെ കുറിച്ച് പാഠപുസ്തകങ്ങള്‍ പറയുന്നതിനപ്പുറം ചിന്തിക്കാത്ത ചിന്തിക്കാനനൌവദിക്കപ്പെടാത്ത കുട്ടികള്‍. ഞാനൊക്കെ ഭാഗ്യം ചെയ്തവന്‍ തന്നെ അങ്ങനെ നോക്കുമ്പോള്‍....

മിടുക്കന്‍ said...

ങ്ങാ...
എന്നാ പറയാനാ...?
വന്ന് വന്ന് നമ്മള്‍ ബാച്ചിലേഴ്സൊക്കെ കല്യാണം കഴിച്ച്‌, പിള്ളേരൊക്കെ ആയി വരുമ്പോളേക്കും.. അതുങ്ങടെ കാര്യങ്ങളൊക്കെ എത്ര ആലൊചിച്ചിട്ടും ഒരു പിടീം കിട്ടുന്നില്ല കേട്ടാ...
ഇപ്പളത്തെ പുള്ളാരുടെ സ്ഥിതി തന്നെ ഇതായ സ്ഥിതിക്ക്‌...
കരിങ്കല്ലേ..? ബാച്ചി ക്ലബ്ബിന്റെ ഒരു സാമൂഹ്യ സേവനം എന്ന നിലക്കു ഈ പ്രതിസന്ധി തരണം ചെയ്യേണ്ടതിനെ പറ്റി ഒരു സെമിനാര്‍ നടത്തികൂടെ..?

ലിഡിയ said...

മനുഷ്യന്‍ അനുനിമിഷം മാറികൊണ്ടിരിക്കുകയാണ് സുഹൃത്തേ..

ഒരു പക്ഷേ ചെളിവെള്ളത്തില്‍ കളീച്ച് വരുന്ന നമ്മളോട് തോട്ടില്‍ പോയി കുളിച്ച് തുണീ‍ം അലക്കി വീട്ടില്‍ കയറിയാല്‍ മതി എന്ന് പറയുന്ന ആ കാലം തിരികെ വരില്ല,എന്നാലും കുട്ടിക്കാലം ഓര്‍ക്കാനിമ്പമുള്ളതാക്കാന്‍ എന്തെങ്കിലും ചെയ്യാന്‍ അച്ഛനും അമ്മയും എന്ന ഫാക്ടറി ഓര്‍ണേഴ്സിന് മാത്രമേ അധികാരമുള്ളൂ(ഒരു 5ആം ക്ലാസ്സുകാരിയുടെ കൈയ്യില്‍ നിന്ന് കിട്ടിയതാണ് ഈ പ്രയോഗം)

അടുത്ത തലമുറയെയെങ്കിലും ഇന്നിന്റെ ശാപങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ഏതെങ്കിലും ശക്തിക്കാവണമേ എന്ന് മനം നിറഞ്ഞ് പ്രാര്‍ത്ഥിക്കുന്നു.

-പാര്‍വതി.

Sands | കരിങ്കല്ല് said...

ശ്രീജിത്തേ - എന്നെ കരിങ്കല്ലെന്നു വിളിക്ക്യോ? കേള്‍ക്കാന്‍ നല്ല ഗുമ്മല്ലേ.

ദില്‍ബാ‍ - ഭാഗ്യം ചെയ്യാനും വേണ്ടേ ഒരു ഭാഗ്യം?

മിടുക്കാ - എനിക്കും ചേരണം നമ്മടെ ബാച്ചി-ക്ലബ്ബില്. വിവാഹിതര്‍ നമ്മളെ ഇട്ട് തട്ടുമ്പൊ സഹിക്ക്ണില്ല്യ. എന്നെ ആരെങ്കിലും ചേര്‍ക്കു്.
sandeep[ഡോട്ട്]sadanandan[അറ്റ്]gmail.com

കരിങ്കല്ല്.

വേണു venu said...

മനുഷ്യന്‍ അനുനിമിഷം മാറികൊണ്ടിരിക്കുന്നു.അവന്‍റെ ബാല്യങ്ങളും.നാടോടുമ്പോള്‍,പാവം ഇന്നത്തെ അച്ഛനും അമ്മയും മാറ്റങ്ങളോടൊപ്പം ഓടുന്നു.ഇനി ഒരു പക്ഷേ കരിങ്കല്ലും ഒരു പിതാവാകുമ്പോള്‍ ആ ഓട്ടമത്സരത്തില്‍ പങ്കെടുത്തേ പറ്റൂ.
കാലഘട്ടത്തിന്‍റെ മാറ്റം ബാല്യങ്ങള്‍ക്കും മാറ്റം.

ഉത്സവം : Ulsavam said...

എല്ലാം പോയി കരിങ്കല്ലേ..അ കാലം പോയി. ഇനി പറഞ്ഞിട്ട്‌ കാര്യമില്ല, ഇന്ന് മണ്ണില്‍ കളിച്ചാല്‍ ചൊറി വരും , വെള്ളത്തില്‍ ഇറങ്ങിയാല്‍ പനി വരും എന്ന് പറഞ്ഞ്‌ എല്ലാവരും കുട്ടികളെ ബ്രോയിലര്‍ രീതിയില്‍ വളര്‍ത്തുകയല്ലേ..പോരാഞ്ഞിട്ട്‌...പഠനപീഢനങ്ങളും...

കുട്ടിയും കോലും കളിച്ചിട്ടുണ്ടോ..ഹോ എന്തൊരു വാശിയായിരുന്നു...എന്റെ ഇഷ്ടപ്പെട്ട കളിയായിരുന്നു. ഇപ്പോ എല്ലാം മറന്നു... ക്രിക്കറ്റ്‌ കളി വന്നപ്പോള്‍ കുട്ടിയും കോലും കൂടി എങ്ങോട്ടോ ഒളിച്ചോടി....

മനോജ് കുമാർ വട്ടക്കാട്ട് said...

അതുതന്നെയാണ്‌ ബ്രോയിലര്‍ കോഴികളുടെയും അവസ്ഥ.

കൃത്രിമമായി വിരിയിച്ച്‌, പ്രത്യേകം തയ്യാര്‍ചെയ്ത കൂടുകളില്‍ കൃത്രിമ ഭക്ഷണം നല്‍കി ഇറച്ചിയ്ക്‌ മാത്രമായി ബ്രോയിലര്‍ കോഴികളെ വളര്‍ത്തിയെടുക്കുന്നു. സ്വന്തം ഭാരം പോലും കാലുകളില്‍ താങ്ങിനിര്‍ത്താന്‍ കഴിയാത്ത അവയെ നേരെ കശാപ്പ്‌ ശാലകളിലേയ്കെടുക്കുകയണ്‌.

Kiranz..!! said...

സഖാവേ..നമ്മുടെ അതിസുന്ദരമായ ബാല്യകാലം അയവിറക്കി പറഞ്ഞുകൊടുക്കാമെന്നല്ലാതെ വരും തലമുറയക്ക് അത് അനുഭവവേദ്യമാക്കുക അനായാസം തന്നെ..ബ്ലൂടൂത്തും മൈക്രോചിപ്പും കൈവെള്ളയില്‍ അമ്മാനമാടുന്ന ഈ ബാല്യത്തിനു നല്ലത് പോയവഴിയേ അടിച്ചു അത് നല്ല വഴിയാണെന്ന് ഉറപ്പ് വരുത്തുക മാത്രമാണ്..!

ഒരു കാര്യം പറയട്ടെ..ഇന്നത്തെ കുട്ടികള്‍ ഒക്കെ “പുലികള്‍“ തന്നെ..ടിവി തുറന്നു എതു പ്രൊഗ്രാം നോക്കിയാലും പിള്ളേര്‍ടെ ഡോമിനേഷനാ കൂടുതലും..!

ദിവാസ്വപ്നം said...

കരിങ്കല്ലേ,

ഇന്ന് തന്റെ പോസ്റ്റെല്ലാം വായിക്കുകയായിരുന്നു.

താനാള് കൊള്ളാമല്ലോടോ ! തന്റെ എല്ലാ പോസ്റ്റുകളും എനിക്കിഷ്ടപ്പെട്ടു.

ഈ ടോപികിന്റെ കാര്യം പറഞ്ഞാല്‍, ഇത്‌ പണ്ടുമുതലേ ഞാന്‍ പറഞ്ഞുനടന്നിരുന്നു. പിന്നെപ്പോഴോ, ഈ വിഷയം മറന്നു പോയി. തന്റെ പോയിന്റിനോടു പൂര്‍ണ്ണമായും യോജിക്കുന്നു.

ആശംസകള്‍ !

അപ്പോള്‍, പ്രീഡിഗ്രിയ്ക്ക്‌ ഉഴപ്പാതെ, ഐ മീന്‍, പീ എച്‌ ഡീയ്ക്കുഴപ്പാതെ ഇനിയുമെഴുതുക

:)

ഉമേഷ്::Umesh said...

കരിങ്കല്ലേ,

നാട്ടില്‍ പഠിക്കുന്ന കുട്ടികളെ കാണുമ്പോള്‍ എന്റെ മനസ്സിനെയും മഥിക്കുന്ന ഒരു കാര്യമാണിതു്. ഇതിനെപ്പറ്റി ഞാന്‍ ഇവിടെ ഒരു പോസ്റ്റിട്ടിട്ടുണ്ടു്‌.

ദേവരാഗവും എഴുതിയിട്ടുണ്ടു്. ഇവിടെ.

Gokul Vasudev said...

കുറച്ച് വൈകിപ്പോയോ എന്ന ഒരു സംശയം മാത്രമേ ഉള്ളൂ, ഈ ഒരു സ്ഥലം സന്ദര്‍ശിക്കാന്‍.. ഏതായാലും, നമുക്ക് കിട്ടിയതു നമ്മുടെ അടുത്ത തലമുറക്കും കൂടി കിട്ടിയേ തീരൂ എന്നുള്ളതു ഇരുത്തി ചിന്തിക്കേണ്ട ഒരു കാര്യമാണ്..

Sands | കരിങ്കല്ല് said...

ഉമേഷ്ജിയും ദിവാ-യും ഒന്നും കമന്റിയതു് ഞാന്‍ കണ്ടില്ല. ഞാനൊരു മണ്ടന്‍ (ശ്രീജിത്തിനോടു മത്സരമല്ല).. മറ്റുള്ളവരുടെ കമന്റൊക്കെ വായിക്കും, എന്റേതൊഴികെ. ആരും എനിക്ക് കമന്റില്ല എന്ന് വിചാരിച്ചിട്ടാണു്.

എല്ലാര്‍ക്കും നന്ദി :)... വളരേയധികം നന്ദി.
[പേരെടുത്ത് പറയാത്തതില്‍ വിഷമം പാടില്ലാട്ടോ]

ഓ.ടോ: Frankly to say, comments encourage me a lot. കമന്റൂ എന്നു അഭ്യര്‍ത്ഥിക്കുകയല്ല, എനിക്കിഷ്ടമാണു് കമന്റ്സ് എന്ന് പറഞ്ഞൂന്ന് മാത്രം.