Tuesday, October 03, 2006

വെറുക്കുന്നു എല്ലാരേയും ... ഇഷ്ടം കാരണം

ഗുരുവുമായുള്ള എന്റെ അടുത്ത കൂടിക്കാഴ്ച്ചക്കു ധാരാളം വായിക്കാനുണ്ട്. അതിനിടയില്‍, രണ്ട് ദിവസം മുമ്പാണു ഞാന്‍ മലയാളം ബ്ലോഗ് ലോകത്തേക്കു വന്നതു്. ഇനി ഇപ്പോ ഇതു മുഴുവന്‍ വായിച്ചു തീര്‍ക്കാതെ എനിക്ക് മറ്റൊന്നും തന്നെ ചെയ്യാന്‍ വയ്യ. വിശാലനും മുഴുവിന്ദനും സുചേച്ചിയും അരി/പെരിങ്ങോടരും എല്ലാരും കിടുകിടു സാധനങ്ങളല്ലേ എഴുതി വെച്ചിരിക്കുന്നതു്‌! എന്റെ ഉറക്കവും കളയിച്ച്, അപ്പുറത്തേ സുന്ദരിയേക്കൊണ്ട് “ഇവന്‍ പ്രാന്തനോ? - പാതിരാത്രി പൊട്ടിച്ചിരിക്കാന്‍.. അതും പകല്‍ കണ്ടാല്‍ മൈന്‍ഡ് ചെയ്യാത്ത് മുരടന്‍” എന്നു ചിന്തിപ്പിക്കുന്നതു് നിങ്ങളല്ലേ? നിങ്ങളോടൊക്കെ ആരെങ്കിലുമൊക്കെ ചോദിച്ചോളും....

അല്ല, ബൂലോകത്തേക്കു വരാന്‍ വൈകിയതിപ്പോ എന്റെ കുറ്റമാണെങ്കിലും... തന്നെത്താന്‍ കുറ്റം പറയാന്‍ ഒരു സുഖല്ല്യ. അതാ ഇപ്പൊ നിങ്ങളെയൊക്കെ വെറുക്കാന്‍ കാരണം.

മലയാളികള്‍ പ്രതികരണ ശേഷി കൂടിയവരാണെന്നുള്ളതിനു ബൂലോകം മറ്റൊരു തെളിവു്. എത്ര പിന്മൊഴികളാ വരണേ... ആംഗലേയത്തില്‍ ഇത്രക്കൊന്നും ഞാന്‍ കണ്ടിട്ടില്ല. മാത്രല്ല, ഒരു ഒത്തൊരുമയും സുഖൊം ഒക്കേണ്ട്.. :) എല്ലാരേം നേരിട്ടറിയണ മാതിരി, അല്ലെങ്കില്‍ അറിയണംന്ന് തോന്നുന്ന പോലെ. എനിക്ക് കിട്ടിയ മറുമൊഴികള്‍ തന്നെ എന്നെ നന്നായി പ്രോത്സാഹിപ്പിക്കുന്നു.

അപ്പൊ ഞാനും ഒരു കൊച്ചു് സംഭവം എഴുതാന്‍ നോക്കാം... അധികമൊന്നും പ്രതീക്ഷിക്കണ്ടാട്ടോ...

ഇക്കൊല്ലം തുടക്കത്തിലാണു്, ഞാന്‍ മൈക്രോസോഫ്റ്റ്‌-ല്‍ ജോലി ചെയ്യുന്നു. പാതാളഗര്‍ത്തങ്ങളുള്ള ഹൈദരാബാദ് റോഡുകളിലൂടെയുള്ള എന്റെ വായുഗുളിക വാങ്ങാനുള്ള പാച്ചില്‍ താങ്ങാനുള്ള ത്രാണിയില്ലാതെ എന്റെ മാധുരി-800 വിശ്രമത്തിലായിരുന്ന ആ മഞ്ഞുകാലം. റിലീസ് ഡേറ്റ് അടുത്തതിനാല്‍ ഞാന്‍ പാതിരാ കഴിഞ്ഞിട്ടാണു് വീട്ടില്‍ പോകാനിറങ്ങിയത്. (റിലീസ് ഡേറ്റ് അടുത്തല്ലെങ്കില്‍ കൃത്യം പാതിരക്കു തന്നെ പോകാന്‍ സാധിക്കാറുണ്ട്)

Home-Drop കിട്ടാനായി ഓടിച്ചെന്നു.. ഭാഗ്യത്തിന് ഇന്‍ഡിക്കയിലെ മുന്‍സീറ്റ് തന്നെ കിട്ടി. വണ്ടി വിട്ടതും പിന്‍സീറ്റിലിരുന്ന ആരൊ “ഹലോ” എന്നു പറയുന്നു. “ഒന്നു മയങ്ങാനും സമ്മതിക്കില്ലേ?” ഞാനോര്‍ത്തു. അപ്പോഴല്ലേ അവന്‍ സംസാരിക്കുന്നതു മലയാളം ആണെന്നു കേട്ടതു്. വേറെ പണി ഒന്നും ഇല്ലല്ലോ. ഞാന്‍ അവനെ മുന്‍പ് കണ്ടിട്ടുമില്ല. തത്ക്കാലത്തേക്കു മലയാളം അറിയാത്ത പോലെ ഇരുന്ന് കഥയൊക്കെ കേള്‍ക്കാം... :)

ആ പ്രതീക്ഷക്കൊത്ത ഒന്നും അവന്‍ സംസാരിക്കുന്നില്ല.. എന്തൊ ചേച്ചിയെന്നോ അമ്മയെന്നോ ഒക്കെ പറഞ്ഞ് കേട്ടപ്പോള്‍ എന്റെ താത്പര്യം ഒക്കെ പോയി..

കഷ്ടിച്ച് 2 മിനുട്ട് കഴിഞ്ഞില്ല, സംഭാഷണം നല്ല രസം പിടിക്കാന്‍ തുടങ്ങി. രാത്രി ഒരു മണിക്കു ചുള്ളന്‍ ഇരുന്ന് സൊള്ളുന്നു!! (അമ്മയും ചേച്ചിയും ഉറങ്ങിയെന്ന് ആദ്യം തന്നെ ഗഡി ഉറപ്പു വരുത്തീതു കേട്ടതാ എന്റെ താത്പര്യം കളഞ്ഞതു്)

“നമ്മളു് ജോയിന്‍ ചെയ്തിട്ട് നാളത്തേക്കു ആറ് മാസം തികയുവാടീ... ഓര്‍മ്മയുണ്ടോ?” ആറ് മാസം എന്നതു പതിനാറ് കൊല്ലത്തേക്കാള്‍ വലിയ ഒരു കാലയളവാണെന്ന ഭാവത്തില്‍ അവന്‍ അവളോടു പറഞ്ഞു.

“അതിന്റെ സന്തോഷത്തിന് ഞാന്‍ നിനക്കെന്താ വാങ്ങിത്തരണ്ടേ?”. ഇതായിരുന്നു അടുത്ത ചോദ്യശരം! ഞാന്‍ ഓര്‍ത്തപ്പോള്‍ എനിക്കും ആ‍റു മാസം തികയുന്നതു അടുത്ത ദിവസമാണു്. എനിക്കു എന്താ വേണ്ടതു് എന്നു ആരും തന്നെ ചോദിച്ചിട്ടില്ലായിരുന്നു :(

വള, ഹാന്‍ഡ്‌ബാഗ്, കുന്തം കുടച്ചക്രം അങ്ങനെ ഒരുമാതിരിപ്പെട്ട സാധനങ്ങളൊക്കെ അവന്‍ ഓഫര്‍ ചെയ്തു. അവള്‍ക്കു യാതൊന്നും പിടിച്ചെന്നു് തോന്നുന്നില്ല. അങ്ങനെ അവന്‍ പതിനെട്ടാമത്തെ അടവെടുത്തു.

“നിനക്കു ഞാനൊരു കത്തെഴുതാം.. ഇടക്കിടക്കെടുത്തു വായിക്കാല്ലോ!” - എനിക്കു ചിരിയടങ്ങുന്നില്ല..

പാവം കാമുകന്‍, അതും ചീറ്റിപ്പോയി. വീണ്ടും അവന്‍ സൌന്ദര്യവര്‍ധക വസ്തുക്കളില്‍ എത്തി.

“എന്നാപ്പിന്നെ ക്യൂട്ടക്സ് തരാം”

ഇനി വയ്യ... ഞാന്‍ പുറകിലേക്കു തിരിഞ്ഞു പറഞ്ഞു - “കണ്മഷി എന്നു പറയെടാ.. അതാ കുറച്ച് കൂടെ നല്ലതു്”

കുറച്ചു നേരത്തേക്കു കാറില്‍ നിശ്ശബ്ദത പരന്നു. പിന്നീട് അവന്‍ ഫോണിലേക്കു പറഞ്ഞു - “ഒന്നൂല്ല്യ, എനിക്കൊരു പണി കിട്ടീതാ”. ഞാന്‍ ചിരി ശരിക്കും കടിച്ചമര്‍ത്തി.

ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തിട്ട്, ചമ്മലോടെ അവന്‍ എന്നോട് - “മലയാളിയാണല്ലേ...”

ആ ചമ്മല്‍ കണ്ടപ്പോള്‍ എന്റെ തമാശ ലേശം കൂടിയോന്ന് എനിക്ക് തോന്നി. എന്നാലും പിന്നീട് സംസാരിച്ചപ്പോള്‍ അവനും ഒരു സഹൃദയന്‍ തന്നെ. സമാധാനമായി. പിന്നീടു് ഞങ്ങള്‍ സുഹൃത്തുക്കളുമായി.

----

എനിക്കറിയാം... മറ്റ് എഴുത്തുകാരുടെ ഏഴയലത്ത് പോലുമില്ല ഇവന്‍ എന്ന്. എനിക്കെന്റെ ട്രൌസറല്ലേ ഇടാന്‍ പറ്റുള്ളൂ? വിശാലേട്ടാ ഏതു തെങ്ങിന്റെ തേങ്ങ തലയില്‍ വീണട്ടാ ഈ എഴുത്തുവിദ്യ കിട്ടീതു്? നാട്ടില്‍ പോവുമ്പോ ദിവസോം അതിന്റെ ചോട്ടില്‍ കുറച്ച് നേരം പോയിരിക്കാനാ..

18 comments:

ദിവാസ്വപ്നം said...

വിശാലേട്ടോ, ഇതാരാ വന്നിരിക്കുന്നേന്ന് നോക്ക്യേ...

ങ്ങടെ അയലോക്കംകാരന്‍

ചുള്ളനും ഒരു ചെറുപുലിയാണ് കേട്ടോ... ഈ കൊടകരക്കാര്‍ക്കെല്ലാം വരം കിട്ടിയിരിക്കുവാണല്ലോ :-)

അപ്പോള്‍, കരിങ്കല്ല് ഭായീ (ആ പേരിത്തിരി കട്ടിയായിപ്പോയി, ന്നാലും സാരല്യ) സ്വാഗതം, നല്ല കലക്കനൊരു സ്വാഗതം !

(ഓഫ് ടോപിക് : പണ്ട് സത്യന്‍ മാഷെ പറ്റി പാടിയ പാട്ട് ഓര്‍മ്മ വരുന്നു. “കല്ലാണ്, കരിങ്കാല്ലാണീ നെഞ്ചിലെന്ന്”)

ഞാന്‍ പ്രധാനമായും ഒരു ബ്ലോഗ് വായനക്കാരനാണ്. ദിവാസ്വപ്നം എന്ന് പേര്. ദിവാന്ന് വിളിക്കും. ന്നാപ്പിന്നെ ശരി, വീണ്ടും കാണാം :-)

കരീം മാഷ്‌ said...

ആദ്യത്തെ കാല്‍ വെപ്പു തന്നെ ഉറപ്പുള്ള കരിങ്കല്ലിന്റെ ഉച്ചിയില്‍.
പോരട്ടെ സാധനങ്ങള്‍.
ബ്ലോഗുലകം കൂടുതല്‍ നിറപ്പകിട്ടാര്‍ജിക്കുന്നു.
ഭാവുകങ്ങള്‍

bodhappayi said...

ആനന്ദപുരത്തുനിന്നു ജര്‍മ്മനി വരെ സംഭവബഹുലമായ യാത്രയായിരുന്നല്ലൊ ഗഡി. ഒരു ചാലക്കുടിക്കാരന്‍റെ സലാം. വിശേഷങള്‍ ഇനിയും പോരട്ടെ... :)

വാളൂരാന്‍ said...

കണ്മഷീം ക്യൂട്ടക്സും ഒക്കെയായി ഈ ബ്ലോഗിലേക്കുള്ള സൗന്ദര്യവര്‍ധക സാമഗ്രികള്‍ ഒന്നൊന്നായി പോന്നോട്ടെ... നല്ല തുടക്കം....

മുസ്തഫ|musthapha said...

കരിങ്കല്ലേ... വിശാലന്‍റെ അയല്‍ക്കാരനല്ലേ... മോശാവില്ല - നൂറുതരം

thumbi said...

kollam....karinkalle...pakshe thelinju varunnath...pakshe thelinju varunnath oru neeruravayanallo

Anonymous said...

മാഷേ - നന്ദി.
കുട്ടപ്പായിച്ചേട്ടാ - ഇനി 3 വര്‍ഷത്തേക്കു വലിയ സംഭവവികാസങ്ങള്‍ ഒന്നും ഇല്ല്യ..
മുരളി - :).. കുറച്ചൊക്കെ അങ്ങയുടെ ബ്ലോഗ് വായിച്ചു.... ഇഷ്ടായി..
അഗ്രജാ - അയല്‍ക്കാരനായിട്ടൊന്നും വലിയ കാര്യമില്ല.

എല്ലാര്‍ക്കും നന്ദി..

Peelikkutty!!!!! said...

കരിങ്കല്ലേ, വെറുക്കുന്നു എല്ലാരേയും ... ഇഷ്ടം കാരണം ;അതെനിക്കിഷ്ടായി!!!.

Sreejith K. said...

മൈക്രോസോഫ്റ്റ് കാരനാണല്ലേ. ഇനി എനിക്ക് സംശയങ്ങള്‍ ചോദിക്കാന്‍ ഒരാളായല്ലോ ;)

എഴുത്ത് നന്നായി. വിശാലേട്ടന്റെ അത്രയും ആയില്ല. അതിന് കൊതിക്കണ്ട. കൊടകര ഈസ് കൊടകര, ബാക്കി എല്ലാം കരകര.

വേണു venu said...

കരിങ്കല്ലില്‍ കൊത്തിയ കവിത പോലെ മനോഹരമായ വിവരണം.നന്നായിരിക്കുന്നു.

വല്യമ്മായി said...

പോരട്ടങ്ങനെ പോരട്ടെ

തറവാടി said...

നല്ല തുടക്കം

Anonymous said...

തരക്കേടില്ല ഉണ്ണീ‍..

വികടൻ said...

എനിക്കെന്റെ ട്രൌസറല്ലേ ഇടാന്‍ പറ്റുള്ളൂ? അതു പെടച്ചു.
മച്ചമ്പീ, സര്‍വ്വമംഗളാംനി ഭവന്തു. ശ്രീജിത്തേ, ഈ മൈക്രോസൊഫ്റ്റ്‌ എന്ന് പറയുന്നതു അത്ര വലിയ സംഭവം ഒന്നുമല്ല (കുറച്ചുനാളായി ഭയങ്കര അസൂയ, ഇതു മാറ്റാനുള്ള മരുന്നു വല്ലതും അറിയാവോ ?) കരിങ്കല്ലേ, വീണ്ടും കാണാവേ.

Anonymous said...

sample

Anonymous said...

sorry to sample again

ബിന്ദു said...

ഇതിപ്പോഴാ വായിച്ചത്. കൊള്ളാല്ലൊ.:)

Joseph said...

Thanks dude.Nice one.:)