Thursday, August 14, 2008

പൂച്ചകളും മുയല്‍ക്കുട്ടിയും... പെണ്‍കുട്ടിയും പിന്നെ ഞാനും

 

മാപ്പാക്കണം കേട്ടോ... ഇത്രയും ഫ്രീക്വന്റ് ആയി പോസ്റ്റുന്നതിന്നു്‌. കഥകളോ കവിതകളോ ഒന്നും എന്റെ കയ്യിലില്ല.. ഉള്ളതാകട്ടേ നിത്യജീവിതത്തിലെ ചില അനുഭവങ്ങള്‍ മാത്രം .. ഇതാ അതിലൊരെണ്ണം ചൂടോടെ... ദാ 30 മിനുട്ടുകള്‍ക്ക് മുമ്പ് സംഭവിച്ചതു്‌. മാത്രമല്ല ... ഇനി മുതല്‍ സീരിയസ് കാര്യങ്ങളേ എഴുതൂ എന്നു പറഞ്ഞിട്ടു ഇതൊക്കെ എഴുതാമോ എന്നും ചോദിക്കരുതു്‌. Agreed? Continue reading if and only if you agree! :)

ഞാന്‍ താമസിക്കുന്നതു്‌ വയലുകളാല്‍ ചുറ്റപ്പെട്ട ഒരു സ്ഥലത്താണെന്ന് ഞാന്‍ മുമ്പേ പറഞ്ഞിട്ടുള്ളതല്ലേ...

മിനിഞ്ഞാന്നു്‌ മഴവില്ലു്‌ കണ്ടെന്നു പറഞ്ഞില്ലേ ... അതേ സ്ഥലത്തിരുന്നു ബ്രൌസ് ചെയ്യുകയായിരുന്നു ഞാന്‍ .. ഇന്നും ... മുകളില്‍ കാണുന്നതാണു്‌ പുറം ലോകത്തേക്കുള്ള എന്റെ കിളിവാതില്‍ .

ഇടക്കെപ്പൊഴോ പുറത്തേക്കു നോക്കിയപ്പോള്‍ അവിടത്തെ പുല്ലില്‍ കളിക്കുന്ന രണ്ട് പൂച്ചകളെ കണ്ടു. ഇവിടെ സ്ഥിരം കാണുന്നതാണവരെ...  അതിലെ കറമ്പന്‍/കറമ്പി ആണിത്.

പെട്ടെന്നാണു്‌ എനിക്കു മനസ്സിലായതു്‌.. അവര്‍ വെറുതെ കളിക്കുകയല്ല.. എന്തിനേയൊ ഓടിപ്പിക്കുകയാണെന്നു്‌. അത്ര ക്ളിയറായിട്ടല്ലെങ്കിലും അതൊരു മുയല്‍ക്കുട്ടിയാണെന്നെനിക്കു തോന്നി.

പിന്നെ ഞാന്‍ ആലോചിക്കാന്‍ നിന്നില്ല. താക്കോലും എടുത്ത് വീടിനു പുറത്തിറങ്ങി. പെട്ടെന്നു്‌ തന്നെ തിരിച്ചു വന്നു്‌ എന്റെ ലൊടുക്കു ക്യാമറ ഒരെണ്ണം എടുത്തു. കാന്താരിച്ചേച്ചീ.. സ്മിതേ.. ശ്രീ... മത്തായിച്ചാ.. പ്രിയേ... ഷാരൂ.. ലക്ഷ്മീ.. ഞാന്‍ ക്യാമറ എടുത്തിട്ടു തന്നെയാ പോയതു്‌ ട്ടോ.. :)

ഒരു 30 സെക്കെന്റിനുള്ളില്‍ അവിടെ എത്തി. അപ്പോഴേക്കും അവിടെ ഒരു പെണ്‍കുട്ടിയും വന്നിരുന്നു - അവള്‍ വഴിയിലൂടെ പോകുമ്പോള്‍ മുയല്‍ക്കുട്ടിയുടെ കരച്ചില്‍ കേട്ടു വന്നതാണു്‌. (ഇതു ഞങ്ങള്‍ പിന്നീടു സംസാരിച്ചതു്‌)

അതിനുള്ളില്‍ ഈ മുയല്‍ക്കുട്ടിയും പൂച്ചകളും വയലോരത്തുള്ള കുറ്റിച്ചെടികള്‍ക്കുള്ളില്‍ മറഞ്ഞിരുന്നു. ഞങ്ങള്‍ 2 പേരും ആ കുറ്റിക്കാടിനുള്ളില്‍ കയറി [തോളൊപ്പം വരും അവിടത്തെ ചെടികള്‍ -- ഇപ്പൊ മേലൊക്കെ ചോറിയുന്നു :( ]

അതിനിടയില്‍ മുയല്‍ക്കുട്ടിയേയും പൂച്ചകളെയും കാണാതായിരുന്നു. ഇടക്കെപ്പോഴോ അതിന്റെ കരച്ചില്‍ കേട്ടു.. അതിനെ ഞങ്ങള്‍ പിടിച്ചു, കാടിനു പുറത്തു വന്നു.

ഇനിയല്ലേ രസം ....! അതിനെ എന്തു ചെയ്യണം എന്നറിയില്ല. വീട്ടില്‍ കൊണ്ടുവരാന്‍ പറ്റില്ല -- പാടില്ല (നിയമം ).

കാട്ടില്‍ തന്നെ കളയാനാണെങ്കില്‍ എന്തിനാ പിടിച്ചതു്‌?

വല്ല മുയല്‍കുടുംമ്പത്തിനും കൊടുക്കാം എന്നു വെച്ചാല്‍ ഞങ്ങള്‍ക്കാരെയും പരിചയമില്ല. മുയലുകളെ വളര്‍ത്തുന്നവരെയും പരിചയമില്ല. ഇതൊന്നും ആലോചിക്കാതെയാണോ രക്ഷിക്കാന്‍ പോയതെന്നു ചോദിചാല്‍ എനിക്കുത്തരം ഇല്ല. അങ്ങനെ ആലോചിച്ചിട്ടൊന്നും കാര്യങ്ങള്‍ ചെയ്യാന്‍ പറ്റില്ല. അല്ലേ?

അതിനെ വയലിന്റെ മറ്റേ അറ്റത്തു കൊണ്ടു വിടാം എന്നു തീരുമാനിച്ചു. പോകുന്നന്നതിനിടയില്‍ ഞങ്ങള്‍ അതിനെ മാറി മാറി താലോലിച്ചു -- അതിനു പേടിയായിക്കാണണം .. എന്നാലും താലോലിക്കാതെ വിടാന്‍ പറ്റ്വോ? :) ;)

അങ്ങനെ അതിനെ അവിടെ വിട്ടിട്ടു, ഇനി ആ മുയല്‍ക്കുട്ടിക്കു ആപത്തൊന്നും ഉണ്ടാവില്ല എന്ന പ്രതീക്ഷയോടെ ഞങ്ങള്‍ തിരിച്ചു നടന്നു.

വാല്‍ക്കഷണം: തിരിച്ചു വരുമ്പോഴാണു ഞങ്ങള്‍ പരിചയപ്പെട്ടതു്‌. നല്ല പെണ്‍കുട്ടി. ഊര്ജ്ജതന്ത്ര വിദ്യാര്‍ത്ഥിനി -- വല്ല സിനിമയും ആയിരുന്നെങ്കില്‍ പ്രണയം എപ്പൊ മൊട്ടിട്ടു എന്നു ചോദിച്ചാല്‍ മതി - സമാനമനസ്കരല്ലേ ഞങ്ങള്‍ ;)

എന്തായാലും ഞാന്‍ പേരും , മറ്റു കാര്യങ്ങളും ചോദിച്ചു വെച്ചിട്ടുണ്ട്. ഡെവലപ്‌മെന്റുണ്ടെങ്കില്‍ അറിയിക്കാം ;)

കരിങ്കല്ലു്‌.

P.S : Already spent lot of time for this rescue-operation and slight-flirting. Also for putting this post. Now let me hurry to do my work!  ... with a complacent state of mind! :) :) :)

Tuesday, August 12, 2008

മഴവില്ലു്‌.

 

ഞാനിങ്ങനെ പാട്ടും കേട്ട്, ബ്ലോഗ്ഗും വായിച്ചിരിക്കുമ്പോ... ജനലിലൂടെ പുറത്തേക്കൊന്നു നോക്കി... അതാ ഒരു മഴവില്ലു്‌. അടിപൊളി...

കേട്ടിരുന്ന പാട്ടു്‌              : എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു...
വായിച്ചിരുന്ന ബ്ളോഗ്ഗ്  : കൊച്ചൂസിന്റെ മലബാര്‍ എക്സ്പ്രസ്സില്‍ പ്രണയ-റിലേറ്റഡ് എന്‍ട്രി.

പ്രണയമൂഡില്‍ ഇരിക്കുമ്പോള്‍ ഒരു മഴവില്ലു്‌ ... അടിപൊളി...

ഞാന്‍ പോവാട്ടോ... തിരക്കുണ്ടേ.. :)

എന്തായാലും അതു മാഞ്ഞു പോയിത്തുടങ്ങി - അതിനും തിരക്കു കാണുമായിരിക്കും അല്ലേ?

-- കരിങ്കല്ലു്‌.

Thursday, August 07, 2008

ഇങ്ങനെയൊരു തോന്നല്‍ ഇതാദ്യം

ഇങ്ങനെയൊരു തോന്നല്‍ ഇതാദ്യം

ഇന്നു്‌ അവള്‍ പോവും. ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഒരാളെ മിസ്സ് ചെയ്യും എന്നു്‌ എനിക്കു്‌ തോന്നുന്നു. ചുരുങ്ങിയതു്‌, ഞാനീ വീട്ടില്‍ താമസിക്കുന്നിടത്തോളം കാലം.

കൃത്യമായി പറഞ്ഞാല്‍ 3 മാസവും, 17 ദിവസവും.. ഇത്രയും കാലം - അത്ര മാത്രമേ ഞങ്ങള്‍ ഇവിടെ ഒരു കൂരക്കു്‌ കീഴില്‍ ഒരുമിച്ചു്‌ താമസിച്ചിട്ടുള്ളൂ. എന്റെ കണ്ണില്‍ ... ഒരു കൊച്ചുകുട്ടി.... കഷ്ടി 18 വയസ്സ് ആയിട്ടുള്ള ...ഭയങ്കര സ്മാര്‍ട്ട് ആയ ഒരു കുട്ടി...


എന്റെ കണ്ണില്‍ ... ഒരു കൊച്ചുകുട്ടി.... കഷ്ടി 18 വയസ്സ് ആയിട്ടുള്ള ...ഭയങ്കര സ്മാര്‍ട്ട് ആയ ഒരു കുട്ടി...

എന്നാലോ 18-ന്റെ അല്ല... ഒരു 24-ന്റെ പക്വത... ഉയര്‍ന്ന ചിന്താഗതി. ഭയങ്കര ബുദ്ധി - ശരിക്കും കിടിലന്‍ ബുദ്ധി. 

ജീവിതത്തില്‍, പ്രതീക്ഷിച്ചിരിക്കാത്ത ഒരു ചീത്ത കാര്യം നടന്നു, ചില കണക്കു്‌ കൂട്ടലുകള്‍ തെറ്റി... അതൊക്കെ തിരുത്താനാണു്‌ അവള്‍ പോകുന്നതു്‌ - പക്ഷേ മ്യൂണിക്കിനോടു്‌ എന്നെന്നേക്കുമായി വിടപറഞ്ഞു്‌. 

ഞങ്ങള്‍ കണ്ടമാനം സംസാരിക്കാറുണ്ട് - ഇന്നതിനെപ്പറ്റി എന്നില്ല... എന്തിനെക്കുറിച്ചും.

അവളുടെ അനിയത്തിയുടെ കുഞ്ഞുപ്രശ്നങ്ങളേപ്പറ്റി പറഞ്ഞിട്ട് അവള്‍ പറയും - "സില്ലി ടീനേജേഴ്സ്‌" എന്നു്‌. അപ്പോള്‍ മാത്രം ഞാന്‍ ഓര്‍മ്മിപ്പിക്കും - "നീയും ടീനേജര്‍ ആണെന്നു മറക്കല്ലേന്നു്‌"

ഒരു ബോയ്ഫ്രണ്ട് ഇല്ലാ എന്നുള്ള ചെറിയ ഒരു വിഷമം അവള്‍ക്കുണ്ടായിരുന്നു. എനിക്കു മനസ്സിലാവുമായിരുന്നു ആ വിഷമം -- 18 വയസ്സുള്ള ഒരു പെണ്‍കുട്ടിക്കു്‌ ബോയ്ഫ്രണ്ട്‌ ഇല്ലാതിരിക്കുക എന്നാല്‍ ഇവിടെ ഇത്തിരി ബുദ്ധിമുട്ടാണു്‌. അതൊഴിച്ചാല്‍ അവള്‍ ഭയങ്കര ഹാപ്പിയായിരുന്നു -- എപ്പോഴും. 

സി. പ്രോഗ്രാമ്മിങ്ങിലും എഞ്ചിനിയറിങ്ങ് ഡ്രോയിങ്ങിലുമുമൊക്കെ അവള്‍ക്കു്‌ കട്ട ഹോംവര്‍ക്കു്‌ കിട്ടുമ്പോള്‍ പലപ്പോഴും ഞങ്ങള്‍ ഒരുമിച്ചാണു്‌ ചെയ്യാറു്‌. 8 വര്‍ഷം മുമ്പ് പഠിച്ച ഗ്രാഫിക്സ് ഒക്കെ അങ്ങനെ വീണ്ടും എനിക്കു്‌ ഉപയോഗിക്കേണ്ടതായി വന്നു - അവള്‍ക്കു പറഞ്ഞു കൊടുക്കാനായിട്ടു്‌.

ഞാന്‍ അവളെ മാത്രമല്ല, അവള്‍ എന്നെയും ചിലതൊക്കെ പഠിപ്പിച്ചിട്ടുണ്ട്‌ -- റോളര്‍ സ്കേറ്റിംഗില്‍ എന്റെ ഗുരു അവള്‍ തന്നെ. പിന്നെ ചില പാചകരീതികള്‍ ... അങ്ങനെ ചില അല്ലറ ചില്ലറ കാര്യങ്ങള്‍ ...!! 

അവള്‍ ഹാപ്പിയായിട്ടാണു്‌ പോകുന്നതെങ്കില്‍ എനിക്കു്‌ ഒന്നും തോന്നില്ലായിരുന്നിരിക്കാം ... അവളുടെ എല്ലാ പ്രശ്നങ്ങളും ഒരു ചേട്ടനോടെന്ന പോലെ എന്നോട്‌ പറഞ്ഞു അവള്‍ . എനിക്കാണെങ്കില്‍ സഹായിക്കാനൊട്ടു പറ്റുന്നും/പറ്റുകയും ഇല്ല. അതു കൊണ്ടായിരിക്കാം എനിക്കൊരിത്തിരി വിഷമം. അല്ല, അവള്‍ എന്നോടു ചോദിച്ചതു്‌ സഹായമല്ല - ഉപദേശിക്കാനും, സാധിക്കുമെങ്കില്‍ കുറച്ചു്‌ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കാനും. അതു ഞാന്‍ എന്നേക്കൊണ്ടാവുന്ന പോലെ ചെയ്തു.

സംഭവം നിസ്സാര കേസ്സാണു്‌. എന്നാലും ഒരു 18 വയസ്സുകാരിയുടെ കണ്ണില്‍ അതൊരു വലിയ വലിയ കാര്യവും.

ഇത്രയും നല്ലൊരു റൂംമേറ്റ് ഒരിക്കലും ഉണ്ടായിട്ടില്ല. അതാണു്‌ ഈ കുഞ്ഞു വിഷമത്തിന്നു്‌ ഒരു കാരണം. അതൊക്കെയായിരുന്നു അതിന്റെ ഒരു ബ്യൂട്ടി.

പിന്നെ, ആരും ഒരിക്കലും എന്നെ വിട്ടു പോയിട്ടില്ല ... ഞാനാണു്‌ എപ്പോഴും ആദ്യം പോകുന്ന ആളു്‌ - എന്നും എവിടെയും അങ്ങനെത്തന്നെ ആയിരുന്നു. അതാണു്‌ വേറൊരു കാരണം. ആരെങ്കിലും അകലെ പോകുന്ന ഫീലിംഗ് ... അതിപ്പോഴല്ലേ പിടികിട്ടുന്നതു്‌.  :)

എന്തായാലും  ഇതൊരു കിടിലന്‍ കിക്കിടിലന്‍ സുഹൃത്തിനെ ആണെനിക്കു കിട്ടിയതു്‌. സത്യം പറഞ്ഞാല്‍ ചില നേരത്തു എനിക്കു ഒരു ഫ്രണ്ടിനോടെന്ന പോലെയല്ല... ഒരു കുട്ടിയോടെന്ന പോലെയുള്ള തോന്നലായിരുന്നു ഈ കുട്ടിയോടു്‌ (വാത്സല്യം എന്നാണോ അതിന്റെ പേരെന്നെനിക്കറിയില്ല). ഇടക്കൊക്കെ ചെറിയ അടികളും ഉണ്ടായിരുന്നു -- അതൊക്കെയായിരുന്നു അതിന്റെ ഒരു ബ്യൂട്ടി. 

അപ്പൊ അത്രേ ഉള്ളൂ.

കല്ലു്‌, കരിങ്കല്ലു്‌.

വാല്‍ക്കഷണം:എന്തായാലും ഞാനും വീടു മാറുന്നു -- ഇതു കാരണമല്ല. ഞാന്‍ വീടു മാറുന്നു എന്നതൊക്കെ തീരുമാനിച്ചതിന്നു്‌ ശേഷമാണു്‌.. ഈ സംഭവവികാസങ്ങളോക്കെ നടന്നതു്‌. അതിന്റെ ഡീറ്റെയില്‍സ് ഒക്കെ ഇനിയൊരിക്കല്‍ -- 5 വര്‍ഷത്തിനുള്ളീലെ 11-ആം തവണ!!