Monday, March 16, 2009

വാടകക്കൊലയാളിയാണു് ഞാന്‍ ചക്കരേ


ഇക്കഴിഞ്ഞ വാരാന്ത്യത്തില്‍ ഞാന്‍ ജര്‍മ്മനിയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലുള്ള ഒരു നഗരത്തില്‍ പോയിരുന്നു. ഒരു സുഹൃത്തിനെ സന്ദര്‍ശിക്കാന്‍.Mord_ist_mein_Geschft_Liebling_Poster_01

അവിടെ വെച്ചു് ഞങ്ങള്‍ ഒരു സിനിമ കാണാന്‍ പോയി – ഒരു ജര്‍മ്മന്‍ സിനിമ. അതിന്റെ പേരാണു് പോസ്റ്റിന്റെ ടൈറ്റില്‍. വലിയ കോലാഹലങ്ങളൊന്നും തന്നെ ഇല്ലാത്ത ഒരു തമാശ സിനിമ. 

തമാശ മനസ്സിലാക്കാനാണു് ഭാഷാപാടവം ഏറ്റവും വേണ്ടതു് എന്നു കേട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍ എന്റെ ഭാഷ നന്നായിരിക്കുന്നു. (അതോ ഇനി എനിക്കു് തമാശകള്‍ തെറ്റി മനസ്സിലായതോ!)

ഒരു പ്രശസ്തനായ എഴുത്തുകാരന്‍ – പുസ്തകങ്ങള്‍ക്കേ പ്രശസ്തിയുള്ളൂ.. എഴുത്തുകാരന്‍ ഒളിവിലാണ്. (കാരണം, അയാള്‍ എഴുതുന്നതൊക്കെ അധോലോകക്കഥകളാണു്.. അയാളെ കൊല്ലാന്‍ നടക്കുകയാണു് അധോലോകക്കാര്‍)

എഴുത്തുകാരനെ കൊല്ലാനായി പോകുന്ന വാടകക്കൊലയാളിയും, എഴുത്തുകാരനെ പുറം ലോകത്തിനു പരിചയപ്പെടുത്താനായി പ്രയത്നിക്കുന്ന സ്ത്രീയും ഏതാണ്ടൊരേ സമയത്ത് അയാളുടെ ഹോട്ടലില്‍ എത്തുന്നു. എഴുത്തുകാരനെ കൊന്നു പുറത്തേക്കെറിഞ്ഞുകൊണ്ടിരിക്കുന്ന കൊലയാളി വാതിലില്‍ അരോ മുട്ടുന്നതു് കേള്‍ക്കുന്നു.

കടന്നു വരുന്നതു് നായിക… കൊലയാളിയാണെന്നു പറഞ്ഞിട്ടും നായികക്കു് വിശ്വാസമാവുന്നില്ല. എഴുത്തുകാരന്റെ നുണയാണതെന്നു വിശ്വസിക്കുന്നു അവള്‍… 

എഴുത്തുകാരന്‍ മരിച്ചിട്ടില്ല എന്നു വിചാരിച്ചു്, കൊലയാളിയെ എഴുത്തുകാരനെന്നു വിശ്വസിച്ചു് വേട്ടയാടുന്ന അധോലോകം…

ഇതൊക്കെ നല്ല നര്‍മ്മം ചേര്‍ത്തവതരിപ്പിച്ചിരിക്കുന്നു സിനിമയില്‍. മലയാളത്തിലേക്കൊക്കെ മൊഴിമാറ്റം നടത്താവുന്ന സിനിമയാണു്.

ഞാന്‍ 2-3 ജര്‍മ്മന്‍ സിനിമകള്‍ മുമ്പും കണ്ടിട്ടുണ്ട്.. ഇതു വരെ കണ്ട ജര്‍മ്മന്‍ സിനിമകള്‍ ഒക്കെ നല്ലതായിരുന്നു. ചിലതിന്റെ ഒന്നും പേരുകള്‍ പോലും എനിക്കു തര്‍ജ്ജമ ചെയ്യാന്‍ wfsilt സാധിക്കുന്നില്ല. “ആദ്യം മരിക്കുന്ന ആള്‍ ദീര്‍ഘകാലം മരിച്ചിരിക്കും” – ഇതായിരുന്നു അതിലെ എനിക്കേറ്റവും ഇഷ്ടപെട്ട സിനിമ..

പ്രസവത്തോടെ അമ്മ മരിച്ചു പോയ ഒരു കുട്ടിയുടെ കഥ. അമ്മയെ കൊന്നതു് താനാണു് എന്നൊരു തോന്നല്‍ അവനില്‍ മുളക്കുന്നു.. അവന്റെ ചുറ്റും നടക്കുന്ന കുഞ്ഞു കാര്യങ്ങളും, അവന്റെ പേടിയും ഒക്കെത്തന്നെ ഇതിവൃത്തം.

ഇനി മുതല്‍ വലപ്പോഴും ഒക്കെ ജര്‍മ്മന്‍ സിനിമകള്‍ക്കും പോകണം. നല്ല നല്ല സിനിമകള്‍ ഉണ്ട്. ആര്‍ട്ടും അല്ല കൊമേര്‍ഷ്യലും അല്ല എന്ന തരത്തിലുള്ള ഡീസന്റ് സിനിമകള്‍.

കൂടെ പോകാന്‍ മാത്രം അരും ഇല്ല. :( ;)

എന്നാലിനി ഞാന്‍ ഉറങ്ങാന്‍ പോകുന്നു. രാത്രി യാത്രയില്ല.

സ്നേഹാദരങ്ങളോടെ, ഞാന്‍.

Wednesday, February 25, 2009

പുസ്തകപരിചയം.. പിന്നെ വേറെ ചിലരും

ഞാന്‍ ദേ ഇപ്പൊ തന്നെ ട്രെയിന്‍ മിസ്സ് ചെയ്തു… ഇനി 15 മിനിട്ട് കഴിഞ്ഞേ വണ്ടിയുള്ളൂ.. ആ നേരം എന്തെങ്കിലും എഴുതാം എന്നു വിചാരിച്ചു.

ചെറിയതോതില്‍ വായനാശീലം ഉള്ള ആളാണു് ഞാന്‍. മുമ്പൊക്കെ ഒരു സമയത്ത് ഒരു പുസ്തകമേ വായിക്കാറുള്ളൂ.. ഇപ്പൊ 2-3 പുസ്തകങ്ങള്‍ ഉണ്ട് ഒരേ നേരം വായനാലിസ്റ്റില്‍.

rrഈയടുത്ത് ഞാനും Rare-റോസും തമ്മില്‍ ചെറിയൊരു ചര്‍ച്ച ഉണ്ടായി … അടുത്ത ജന്മത്തില്‍ ആരാവണം എന്നതിനെക്കുറിച്ചു്. ഹാരിപ്പോട്ടറായിരുന്നു ഞങ്ങളുടെ വിഷയം – അന്നാണു് ഞാന്‍ ആലോചിച്ചതു് – ബൂലോകരുടെ വായനാശീലത്തെയും താത്പര്യങ്ങളേയും പറ്റി.  [ലിങ്ക്ഇത്തിരി പഞ്ചാര ഉണ്ട്]

വായിക്കുന്ന സ്വഭാവം ഉള്ളവരെ വായനാശീലം ഉണ്ടു് എന്ന ഒരേ ഒരു കാരണം കൊണ്ടു് തന്നെ ഇഷ്ടപ്പെടുന്ന ആളാണു് ഞാന്‍. എന്റെ ഒരുവിധം സുഹൃത്തുക്കള്‍ക്കും ഈ അസുഖം ഉണ്ടു്.

കഴിഞ്ഞ ഒരു 3-4 കൊല്ലങ്ങളായി ആംഗലേയപുസ്തകങ്ങള്‍ ആണു് അധികം. ആദ്യം കുറേ കാലം വെറും നോവലുകള്‍, കഥകള്‍ ഒക്കെ ആയിരുന്നു.. ഇടക്കെപ്പോഴോ സീരിയസ് സംഭവങ്ങളും വായിക്കാന്‍ തുടങ്ങി.

ഇക്കൊല്ലം തുടക്കം ഇത്തിരി പിഴച്ചെങ്കിലും പിന്നീടെ ഞാന്‍ ‘ക്യാച്ച് അപ്പു്’ ചെയ്യാന്‍ തുടങ്ങി. freakonomics

കഷ്ടി 10 ദിവസം മുമ്പാണു്…. – ഉണ്ടിരിക്കുന്ന നായര്‍ക്കൊരു വിളി തോന്നി എന്ന പോലെ – സാമ്പത്തിക ശാസ്ത്രം പഠിക്കണം എന്നൊരു മോഹം. അത്ര ഡീറ്റെയില്‍ഡ് ആയിട്ടൊന്നും വേണ്ടാ.. സാമ്പത്തിക പ്രതിസന്ധിയുടെ കാലമല്ലേ ഇത്തിരി വായിച്ചു് പഠിക്കാന്‍ ഒരാഗ്രഹം.

ഉടനേ സംഘടിപ്പിച്ചു ഫ്രീക്കണോമിക്സ് – സാധാരണക്കാരനുള്ള സാമ്പത്തികശാസ്ത്രം. ഞാന്‍ വിചാരിച്ച പോലുള്ള ഒരു പുസ്തകം അല്ല. എന്നാലും നല്ലൊരു ബുക്കു്. ഞാന്‍ ആഗ്രഹിച്ച സംഭവങ്ങള്‍ പഠിക്കണെങ്കില്‍ ബുക്കു് വേറെ വാങ്ങണം.1568811411.01.LZZZZZZZ

അതിനിടെ ഒരു ദിവസം ഞാന്‍ വെറുതേയിരിക്കുമ്പോള്‍ പ്രൊഫസറുടെ മുറിയില്‍ കയറി ഒന്നു പരതി. അവിടെയുണ്ടൊരു കുഞ്ഞു ലൈബ്രറി.. അവിടുന്നു കിട്ടി ഒരു ബുക്ക് – ഓണര്‍ ക്ലാസ്സ് – ഗണിതശാസ്ത്രത്തിലെ കുറച്ച് പ്രശ്നങ്ങളും അവയുടെ ചരിത്രവും ഒക്കെ – ഗണിതത്തേക്കാള്‍ കഥയാണു് അധികം. ഇന്നലെ മുതല്‍ വായിക്കാന്‍ തുടങ്ങി – നല്ല രസംണ്ടു്.

ഞാനും ഒരിത്തിരി ഒക്കെ അഹങ്കരിക്കട്ടേന്നേയ് .... ബൂലോകത്ത് കഥ/കവിത/നല്ല-സാഹിത്യം/യാത്രാക്കുറിപ്പുകള്‍ ഒക്കെ എഴുതി കൈയ്യടി വാങ്ങുന്നവരാ എല്ലാരും.. എനിക്കീപ്പറഞ്ഞ സംഭവങ്ങള്‍ ഒന്നും പിടിയില്ല..

അപ്പൊ ഞാന്‍ “പ്രമാണങ്ങളെല്ലാം/അധാരങ്ങളെല്ലാം വാല്യക്കാരനേക്കൊണ്ട് ചുമപ്പിച്ച് ഉത്സവത്തിന്നു് പോയ നമ്പൂരിയേപ്പോലെ*, വായിക്കുന്ന കടിച്ചാപ്പൊട്ടാത്ത സംഭവങ്ങളെക്കുറിച്ചു പറഞ്ഞ് കൈയ്യടിവാങ്ങാം .. യേതു്? ;) [കഥ താഴെ]

309അന്നു തന്നെ ഞാന്‍ വേറൊരു പുസ്തകവും കൂടി സംഘടിപ്പിച്ചു - ചക്രവര്‍ത്തിയുടെ പുതിയ മനസ്സ് - (Emperor’s New Mind)  - പണ്ടൊരിക്കല്‍, എന്റെ ഒരു മാഷെനിക്കു തന്നതാ ഈ പുസ്തകം -- ഭയങ്കര കട്ടി (ക്വാണ്ടം ഫിസിക്സൊക്കെ) അതു കൊണ്ട്, അന്നു 100-150 പേജില്‍ നിര്‍ത്തി.. ഇപ്പൊ വീണ്ടും സംഘടിപ്പിച്ചു വായിക്കുന്നു .... ഗണിതവും, ഊര്‍ജ്ജതന്ത്രവും, ബയോളജിയും ഒക്കെ കൂട്ടിക്കുഴച്ച ഒരു സംഗതി – ഒരു വ്യത്യാസം മാത്രം : ഇപ്പൊ ഒരുവിധം ഒക്കെ മനസ്സിലാവുന്നുണ്ട്. :)

അപ്പൊ ചുരുക്കിപ്പറഞ്ഞാ‍ല്‍ ... എന്റെ വായനാമരം ഇപ്പൊ പൂത്തുലഞ്ഞു് നില്‍ക്കാണു്. മഞ്ഞുകാലമല്ലേ.. പുറത്തൊന്നും പോകാത്തതിനാല്‍ സമയവും ഉണ്ട്..  ഒരേ സമയം മൂന്നു പുസ്തകങ്ങള്‍! എന്തൊരു സന്തോഷാ‍ണെന്നറിയോ?

മലയാളത്തിനെ ഞാന്‍ മറന്നിട്ടില്ലാട്ടോ... ഏറ്റവും അവസാനം വായിച്ച (വായിക്കാന്‍ ശ്രമിച്ച്, പാതി വായിച്ചു വെച്ചു) മലയാളം പുസ്തകം - “ബ്രിഗേഡിയര്‍ കഥകള്‍“ - എനിക്കിഷ്ടായില്ല. :( ഒരു സുഖല്ല്യ. എന്നാല്‍ മലയാറ്റൂരിന്റെ വേറെ രണ്ടു പുസ്തകങ്ങള്‍ എനിക്കിഷ്ടമായിട്ടുണ്ട്.

അതിനു മുമ്പ് വായിച്ചതു് - “ഞാന്‍ ലൈംഗികത്തൊഴിലാളി” - by നളിനി നെറ്റൊ ... സോറി.. നളിനി ജമീല. ;) 

ഞാന്‍ മുമ്പ് പറഞ്ഞില്ലേ ... എന്റെ സുഹൃത്തുക്കളും കുറച്ചൊക്കെ വായനക്കാരാണെന്നു്? അധികവും ഇംഗ്ലീഷാട്ടോ...! :(

എന്നാലും മലയാളം വായിക്കുന്ന രണ്ടുപേരുണ്ടിവിടെ മ്യൂണിക്കില്‍ - അമ്മുഓപ്പോളും, കുഞ്ഞന്‍ ചേട്ടനും.
എന്റെ കണക്കു കൂട്ടലില്‍ ഇവിടെ ഉള്ള മലയാളികളില്‍ ‘മലയാളിത്തം’ ശരിക്കും ഉള്ള ദമ്പതികളാണീപ്പറഞ്ഞ ഓപ്പോളും ചേട്ടനും.. (എന്റെ ബ്ലോഗ് വായിക്കുന്ന ആളുകളായതു് കൊണ്ടു് പൊക്കിപ്പറഞ്ഞതല്ലാട്ടോ) .. :)

 

ഞങ്ങടെ കേരളസമാജത്തിലെ നെടും തൂണുകളും ആണിവര്‍ - (വേറെ ഒന്നു രണ്ട് നല്ല തൂണുകളും ഉണ്ട്ട്ടോ... പിന്നെ ഒരു കാലൊടിഞ്ഞ ഞാനും ഒരു നെടും തൂണു് തന്നെ ;) ... അഹങ്കാരം തീരെ ഇല്ലാ അല്ലേ?)

അവരെപ്പറ്റി പറയുമ്പോള്‍ ഒരു കാര്യം ... എന്റെ കുഞ്ഞു അറിവു വെച്ചു, വളരേ നല്ല ചേട്ടനും ചേച്ചിയും ആണുട്ടോ. ഓപ്പോള്‍ടെ കുക്കിങ്ങ് ആണെങ്കില്‍ വിശേഷം... ഞാന്‍ വീടു മാറുമ്പോള്‍ അവരുടെ വീടിനടുത്തേക്കു മാറിയാലോ എന്നാണാലോചന. അങ്കോം കാണാം താളീം ഒടിക്കാം എന്നു പറഞ്ഞ പോലെ നല്ല ഭക്ഷണവും കിട്ടും, കഥ പറയാന്‍ ഇഷ്ടമുള്ള എനിക്കു്, ഒരു കേള്‍വിക്കാരിയേയും കിട്ടും (കഥ കേള്‍ക്കാന്‍ നല്ല ഇഷ്ടമുള്ള ഒരു മോളൂട്ടിയുണ്ടവര്‍ക്കു്)

അവര്‍ എന്റെ വായനക്കാരയതുകൊണ്ട് കൂടുതല്‍ ഞാന്‍ എഴുതുന്നില്ല... ആള്‍ക്കാരെ അധികം പൊക്കിപ്പറയാന്‍ പാടില്ല.

അപ്പൊ... വായനയെക്കുറിച്ചല്ലേ പറഞ്ഞതു് - കഴിഞ്ഞ പ്രാവശ്യം ഞാന്‍ അവരുടെ വീട്ടില്‍ പോയി വരാന്‍ നേരത്ത്... ഓപ്പോള്‍ എന്നെ വിളിച്ചു ഒരു പുസ്തകം എടുത്തു തന്നു - എന്താണെന്നറിയില്ല... എനിക്കു ഭയങ്കര സന്തോഷം തോന്നി. അധികം ആരും എനിക്കു പുസ്തകങ്ങള്‍ തരാറില്ല... പൊതുവേ ഞാന്‍ പുസ്തകങ്ങള്‍ അങ്ങോട്ടു കൊടുക്കുന്ന ആളാണു്... ഇങ്ങോട്ടു തന്നപ്പോള്‍ ... ഒരു സുഖം... :)

എന്റെ ലിസ്റ്റില്‍ ഒരുപാടു പുസ്തകങ്ങള്‍ ഇങ്ങനെ കിടക്കുന്നു. ഒരു വിധം എല്ലാ മാസവും ഞാന്‍ ഒന്നോ രണ്ടോ പുസ്തകങ്ങള്‍ പുതിയതു് സംഘടിപ്പിക്കുന്നു. ഈയടുത്തായി എല്ലാം നോണ്‍-ഫിക്ഷന്‍ ആയതിനാല്‍ പല‍തും വായിക്കാന്‍ ഒരുപാടു സമയം എടുക്കുന്നു… വായിക്കാത്ത പുസ്തകങ്ങള്‍ കുറേ എന്റെ ശേഖരത്തില്‍ ഇരിക്കുന്നു. അമര്‍ത്യ സെന്നിന്റെ Argumentative Indian-ഉം, പിന്നെ ക്യാപ്റ്റന്‍ കോറേല്ലിയുടെ മാന്‍ഡൊലിനും ഒക്കെ എന്നെ കാത്തിരിക്കുന്നു….

ഇനി.. എന്റെ എല്ലാ വായനക്കാരും അവരവരുടെ വായനാശീലത്തെക്കുറിച്ച് മൂന്നു പേജില്‍ കവിയാതെ ഉപന്യസിക്കൂ… കാണട്ടെ!

സ്നേഹാദരങ്ങളോടെ, ഞാന്‍.

* … ഒരിക്കല്‍ നമ്മുടെ നമ്പൂരി ഉത്സവത്തിനു പോയപ്പോള്‍ ഒരു പെട്ടിയില്‍ എല്ലാ സ്ഥാവരജംഗമ വസ്തുക്കളുടെയും പ്രമാണങ്ങള്‍ എടുത്തു വെച്ച് കുഞ്ഞുരാമനെക്കൊണ്ടു് ചുമപ്പിച്ചു അമ്പലപ്പറമ്പില്‍ പോയിരുന്നു... അവിടെ എല്ലാം എടുത്തു നിരത്തി/പരത്തി വെച്ചു... “എന്താ നമ്പൂര്യേ ചെയ്യണേ“ എന്നു ചോദിച്ചവരോടു് പറഞ്ഞു - “എല്ലാരും അവരുടെ പുതിയ വസ്ത്രങ്ങളും, ആഭരണങ്ങളും ഒക്കെ അണിഞ്ഞു വരുന്നു..  മറ്റുള്ളോരെ കാണിക്കാന്‍... നമ്മുടെ കയ്യില്‍ ആകെയുള്ളതു് ഈ സ്ഥലവകകളൊക്കെ തന്നെ.. എന്നാപ്പിന്നെ നോം അതിന്റെയൊക്കെ പ്രമാണം അങ്ങ്ട് കൊണ്ടുവന്നു.. എല്ലാരും കാണട്ടെ” -- എന്നു്.

Tuesday, February 17, 2009

ചതിക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി


എന്നോടെന്തിനൊളിക്കുന്നു നീ സഖീ… എല്ലാം നമുക്കൊരു പോലെയല്ലേ?” .. ദാ ഈ പാട്ട് പിന്നണിയില്‍ പാടുന്നു… ഞാന്‍ ബ്ലോഗ്ഗാനും ഇരിക്കുന്നു.

കഴിഞ്ഞ രണ്ടു പ്രാവശ്യമായി ഞാന്‍ പഴങ്കഥയല്ലേ പറയുന്നതു്? ഇന്നു നല്ല ചൂടുള്ള പുത്തന്‍ കഥ തന്നെ പറയാം.. :)

ഇന്നു ഞാന്‍ ഒരു പരീക്ഷാ നടത്തിപ്പിനു പോയിരുന്നു. എന്റെ പ്രൊഫസര്‍ എടുക്കുന്ന കോഴ്സിന്റെ പരീക്ഷ – അത്രേള്ളൂ. എത്ര കുട്ടികളാന്നറിയോ? 700 പേരു്. ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലെ കുട്ടികള്‍ക്കായുള്ള കമ്പ്യൂട്ടര്‍ സയന്‍സ് – ഇതാണു് സംഭവം. (എന്റെ പ്രൊഫസര്‍ ഗണിതശാസ്ത്രത്തില് ആശാനാ – അതിന്റെ കുഴപ്പം ഉണ്ട് – ഇലക്ട്രിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെന്തിനാ ചോംസ്കി ഹൈറാര്‍ക്കി?)

അപ്പൊ പരീക്ഷയെപ്പറ്റി: 8-10 ഹാളുകളിലായായിരുന്നു പരീക്ഷ. അതിലെ ഏറ്റവും വലിയ ഹാളിലെ പ്രധാന പരിശോധകന്‍ ആരായിരുന്നു? ;)  ഞാന്‍ തന്നെ! :) (അഹങ്കാരം തീരെയില്ല അല്ലേ?)

ദാ താഴെ കാണുന്ന ഹാള്‍ ആയിരുന്നു എന്റേതു് (പഴയ ഏതോ ഫോട്ടോ ആണുട്ടോ… ഇന്നു കഷ്ടി 100 കുട്ടികളേ ഉണ്ടായുള്ളൂ – പരീക്ഷയല്ലേ തിരക്ക് പാടില്ലല്ലോ)

ഔഡിമാക്സ്...

എന്റെ കൂടെ രണ്ട് പേരും ഉണ്ടായിരുന്നു – ഞങ്ങള്‍ കുട്ടികള്‍ക്കു പേപ്പറൊക്കെ കൊടുത്തു്, തെക്കുവടക്കു് നടക്കാന്‍ തുടങ്ങി.. കോപ്പിയടിക്കാരെ പിടിക്കാന്‍!

പൊതുവെ സമാധാനപരമായ അന്തരീക്ഷം.

ഇത്തിരി ബുദ്ധിമുട്ടു കൂടിയ പരീക്ഷയാണു്. എന്നെക്കൊണ്ടാവുന്ന പാര ഞാന്‍ കുട്ടികള്‍ക്കു ആദ്യമേ വെച്ചിരുന്നു – ചോദ്യപേപ്പര്‍ തയ്യാറാക്കി കഴിഞ്ഞു് അതു നല്ല പേപ്പറാണ് എന്നു ഉറപ്പ് വരുത്തിയതു ഞാനും ചേര്‍ന്നാണു്.

രണ്ടു മണിക്കൂര്‍ പരീക്ഷ എന്നു സെറ്റ് ചെയ്യാന്‍ കാരണം ഞാനാണു്. അതിലും കൂടുതല്‍ സമയം വേണ്ടിവരും അധികം പേര്‍ക്കും. (ഇതിന്റെ പേരില്‍ എന്തൊക്കെ ശാപം എനിക്കു കിട്ടുമോ എന്തോ?) :(

ചില സമയത്തെനിക്കു തോന്നിയിട്ടുണ്ട് – മറ്റു പലരേയും അപേക്ഷിച്ച് എന്റെ തലക്കു പുറകിലെ കണ്ണു് നല്ല സ്ട്രോങ്ങാണെന്നു്. സാധാരണ, അമ്മമ്മാര്‍ക്കൊക്കെ പുറകില്‍ കണ്ണുണ്ടെന്നു തോന്നിയിട്ടില്ലേ? ആ കണ്ണാണു് ഞാന്‍ ഉദ്ദേശിക്കുന്നതു്. ഒരു പക്ഷേ വെറും തൊന്നലായിരിക്കാം… :)

ക്ലാസ്സിലെ ഒരു മൂലക്കു്, ഒരു പെണ്‍കുട്ടി, പിന്നെ ഒരു പയ്യന്‍, പിന്നെ വേറൊരു പയ്യന്‍ അവരിങ്ങനെ ഒരോരോ സീറ്റ് ഗ്യാപ്പിട്ട് ഇരിക്കുന്നുണ്ട്. ഇടക്കെനിക്കു തോന്നി അവരുടെ പെരുമാറ്റം അത്ര പന്തിയല്ലെന്നു്… അപ്പൊത്തൊട്ടു ഞാനവരെ ഇത്തിരി കാര്യമായി ഗൌനിക്കാന്‍ തുടങ്ങി…

പിന്നെ എനിക്കുറപ്പായി അവര്‍ നല്ല കോപ്പിയടി ആണെന്നു് … ഞാന്‍ ചെന്നു നടുവിലിരുന്ന പയ്യനെ മാറ്റിയിരുത്തി. അവന്‍ അതു തീരെ പിടിച്ചില്ല.. ആ പെണ്‍കുട്ടിക്കും പിടിച്ചില്ല.

പക്ഷേ എന്തായാലും അതോടെ എന്റെ ഫീലിങ്ങ് ആകെ മാറി.. ആ പെണ്‍കുട്ടിയെ എനിക്കങ്ങട് ക്ഷ പിടിച്ചു. അല്ലെങ്കിലും അത്രയും ധീരയായ ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെടാതിരിക്കാന്‍ പറ്റ്വോ? ;)

മുമ്പൊരിക്കലും ഇതു തന്നെ സംഭവിച്ചിട്ടുണ്ട് – കഴിഞ്ഞ കൊല്ലം ഇതുപോലെ തന്നെ … കോപ്പിയടിച്ചു കൊണ്ടിരിക്കേ ഒരു പെണ്‍കുട്ടിയെ ഞാന്‍ പിടികൂടി. ക്ലാസ്സില്‍ പഠിപ്പിക്കുമ്പോള്‍ തന്നെ ആ കുട്ടിയെ എനിക്കിഷ്ടായിരുന്നു – കോപ്പിയടിച്ചതോടെ ഭയങ്കര ഇഷ്ടം! ;) പിന്നെ ട്രെയിനില്‍ വെച്ചു കണ്ടാലൊക്കെ നല്ല പഞ്ചാര അടിക്കുമായിരുന്നു.

എന്നാലും പഠിപ്പിക്കുന്ന കുട്ടിയെ ഒക്കെ ഇഷ്ടപ്പെടുക എന്നതു മോശമല്ലേ? അതോണ്ട് നിര്‍ത്തി! ;)

എന്തായാലും ഇന്നത്തെ കുട്ടികളുടെ മേല്‍ ഞാന്‍ പിന്നെ ഒരു എക്സ്ട്രാ കണ്ണ് വെച്ചു! ;)

(മുകളില്‍ പാടിക്കൊണ്ടിരുന്ന പാട്ടിന്റെ അര്‍ത്ഥം ഇപ്പൊ പിടികിട്ടിയോ? എന്നോടെന്തിനൊളിക്കുന്നു നീ സഖീ :) )

ഇനി.. പരീക്ഷക്കിടയില്‍ പെണ്‍കുട്ടികളെ മാത്രം നോക്കിയതു കൊണ്ടാണ് അവരെ മാത്രം കണ്ടതെന്നു പറയണ്ട.. കൂട്ടുപ്രതികള്‍ ആണ്‍കുട്ട്യോള്‍ തന്നെ. മാത്രല്ല കോപ്പിയടിക്കുന്ന ആണ്‍കുട്ട്യോളും കുറവല്ല. എന്നാലും പുറത്തേക്കു പറയുമ്പോ പെണ്‍കുട്ടികള്‍ ചതിക്കുന്നു എന്നൊക്കെ പറഞ്ഞാലല്ലേ വായനക്കാരു വരൂ… :) [ടൈറ്റില്‍ ട്രിക്സ് ;) ]

പിന്നെ ദാ ഇന്നു വൈകീട്ടു എന്റെ രണ്ടു സുഹൃത്തുക്കളുമായി കുറേ നേരം സംസാരിച്ചു – ഒരുത്തന്‍ മിഠായി വില്‍പ്പനക്കാരന്‍ (ഒറീസയില്‍ ക്യാഡ്‌ബറീസിന്റെ മൊത്തവില്പന – ഭയങ്കര മാനേജര്‍).. പിന്നെ ഒരു പോളിഷ് സുഹൃത്ത്. കുറേ കാലമായി ഇവരോട് സംസാരിച്ചിട്ടു്  - ഭയങ്കര സന്തോഷം! :)

ഞാന്‍ പോയി ദോശയും രസവും ഉണ്ടാക്കട്ടെ.

ബൈ ദ വേ, ലോകത്തിലെ ഏറ്റവും നല്ല രസം ഉണ്ടാക്കുന്നതെങ്ങനെ എന്നറിയോ? ദാ താഴെ നോക്കൂ… പണ്ടൊരിക്കല്‍ അമ്മ എഴുതിതന്നതാ.. ഞാന്‍ സ്കാന്‍ ചെയ്തു സെറ്റപ്പാക്കി… എന്റെ വെബ്ബില്‍ ഇട്ടു – എപ്പൊ വേണെങ്കിലും ഒന്നു നോക്കാന്‍ ;) [രസം ഡോട്ട് പി ഡി എഫ്]

 rasam

സ്നേഹാദരങ്ങളോടെ, കരിങ്കല്ല്.

~