Monday, February 09, 2009

ഞാനും എന്റെ സിക്സ് പാക്കും

 

sixpackഈയടുത്തായി സിക്സ് പാക്കിനെക്കുറിച്ചാണത്രേ കുട്ടികള്‍ ക്യാം‌പസുകളില്‍ ചര്‍ച്ച ചെയ്യുന്നതു്.   ഇവന്മാരൊക്കെ സിക്സ്പാക്ക് പോയിട്ടു ജിം എന്നു തന്നെ കേള്‍ക്കുന്നതിന്നു മുമ്പ് തന്നെ ജിമ്മിലൊക്കെ പോയിട്ടുള്ളവനാ ഈ സന്ദീപ്. അതും നിസ്സാര ജിമ്മല്ല – ഐ ഐ ടി യിലെ അത്യന്താധുനിക ജിം.

കൊടകരപുരാണത്തില്‍ വി.എം പറയുന്ന പോലെ, കട്ട-ജിമ്മന്മാര്‍ വിഹരിച്ചിരുന്നൊരു കാലഘട്ടമുണ്ടായിരുന്നു നെല്ലായിയില്‍. അന്നു ഞാന്‍ വെറും കുഞ്ഞായിരുന്നതിനാല്‍ ആ വേണ്ടാത്ത പണിക്കൊന്നും ഞാന്‍ പോയില്ല.

വളര്‍ന്നു വലുതായി ഐഐടി-ലെത്തി. സഹമുറിയന്‍ സിദ്ദേഷ് – ഒരു മറാഠി – കട്ട എന്നൊന്നും പറഞ്ഞാല്‍ പോരാ.. ഒരു 100 കിലോ തൂക്കം വരുന്ന ഒരു അതിശക്തന്‍ ... എന്നും ജിമ്മിലൊക്കെ പോകുന്ന ഗഡി.

എന്റെ മനസ്സിലും ജിം സ്വപ്നങ്ങള്‍ നാമ്പെടുക്കാന്‍ തുടങ്ങി.. എന്നാലും എന്നെപ്പോലൊരു കുഴിമടിയനു ഇത്തരം സ്വപ്നങ്ങളൊക്കെ കരിയിച്ചു കളയലായിരുന്നു ഹോബി. അതിനിടയില്‍ സഹമുറിയനു വേറെ മുറി കിട്ടി മാറിപ്പോയി... അപ്പൊ എന്റെ സ്വപ്നങ്ങള്‍ക്കു ദിവസം വെള്ളം ഒഴിക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയായി! :(

അങ്ങനെയിരിക്കുമ്പോഴാണു എന്റെ വേറൊരു സുഹൃത്ത് (തൃശ്ശൂര്‍ക്കാരന്‍ തന്നെ) 2004 ജനുവരി മുതല്‍ ജിമ്മില്‍ പോകുന്നു എന്നു പറഞ്ഞതു്. പാവം അതിനൊരു കൂട്ടായിക്കോട്ടെ എന്നു കരുതി, ഞാനും പറഞ്ഞു.. “നമുക്കൊരുമിച്ചു പോകാം” എന്നു.

2004 ജനുവരി 1, സമയം രാവിലെ 6 മണി - നര്‍മ്മദ ഹോസ്റ്റലിലെ 367-ആം നമ്പര്‍ മുറിയില്‍ മാത്രം ആളനക്കം (അതെന്റെ മുറിയായിരുന്നു). എഴുന്നേറ്റ്, പെട്ടെന്നു റെഡിയായി, സുഹൃത്തിനെയും കൂട്ടി ജിമ്മിലെത്തി.

ആദ്യമായാണു് ഞാന്‍ ആ ജിം കാണുന്നതു്. പല പെണ്‍കുട്ടികളുടെയും കൂടെ അതിലേ നടക്കാന്‍ പോയിട്ടുണ്ടെങ്കിലും ഒരിക്കലും ആ ഭാഗത്തേക്കു ശ്രദ്ധിച്ചിട്ടിലായിരുന്നു. ബ്രെയിന്‍ മസിലുകളെ ശക്തമാക്കിയാല്‍ മതി എന്നതായിരുന്നു നമ്മുടെ ഒരു ലൈന്‍ - അന്നു വരെ.

ഒരു ഭീകരന്‍ ജിം - ലോകത്തിലെ എല്ലാ സംഭവങ്ങളും ഉണ്ട്.   trgym

എന്നാലും “പയ്യെത്തിന്നാല്‍ പനയും തിന്നാം” എന്നതായിരുന്നു എന്റെ നിലപാടു്. ഒരൊറ്റ ദിവസം കൊണ്ട് എല്ലാം ചെയ്യാന്‍ നോക്കിയാല്‍ കിടപ്പിലാവും എന്നൊക്കെ എനിക്കറിയാം. (ഞാന്‍ എല്ലാം വിക്കിപ്പീഡിയയില്‍ വായിച്ചു വെച്ചിരുന്നു - ഞാനാരാ മോന്‍? )

കടന്നു ചെന്നു.. വാതില്ക്കല്‍ തന്നെ ഇരിക്കുന്നു ജിം-മാസ്റ്റര്‍.

വളരേ ഭവ്യതയോടെ ഞാന്‍ പറഞ്ഞു -- “എനിക്കൊരിത്തിരി ജിമ്മണം

പുള്ളി ആദ്യം തന്നെ എന്റെ തോളെല്ലില്‍ ഒന്നു പിടിച്ചു നോക്കി. എന്നിട്ടു ചോദിച്ചു - “ഉയരം എത്ര?

176 സെ. മീ എന്നു ഞാനും പറഞ്ഞു.

ഒരിക്കല്‍ കൂടി തോളത്തു പിടിച്ചിട്ടു് പുള്ളി പറഞ്ഞു - “തൂക്കം പോരാ, ഒരു 10-12 കിലോ അണ്ടര്‍ വെയിറ്റാ.. 65 കിലോ വരെ ആവാവുന്നതാണു

എന്റെ ഭാവമാറ്റം കാണാ‍നായിരിക്കും പുള്ളി ഒന്നു നിര്‍ത്തി. എന്നാല്‍ ഞാന്‍ ഞെട്ടല്‍ കാണിക്കാത്തതിനാലായിരിക്കണം - “എന്നാല്‍ ഒന്നു വെയിറ്റ് നോക്കൂ“ എന്നു നിര്‍ദ്ദേശിച്ചു ജിം-മാസ്റ്റര്‍.

അരികില്‍ കിടന്നിരുന്ന വെയിങ്ങ് മെഷീനില്‍ ഞാന്‍ കയറി നിന്നപ്പോള്‍ 54 കിലോ!!
ഇപ്പൊ ഞാനൊന്നു ഞെട്ടി - കൃത്യം 10-12 കിലോ എന്നു പുള്ളിക്കു മനസ്സിലായതെങ്ങനെ!!

അദ്ദേഹം തുടര്‍ന്നു - “സാരല്ല്യ, നമുക്കു എല്ലാം ശരിയാക്കാം. എന്നും രാവിലെ ഇവിടെ വന്നാല്‍ മതി. കുറച്ചു ജിമ്മും, കുറച്ചു ഭക്ഷണക്രമീകരണങ്ങളും - നിന്നെ ഞാന്‍ ശരിയാക്കിത്തരാം” എന്നു്.

നല്ല പോലെ മുട്ട, പാല്‍, ഐസ്ക്രീം, കേയ്ക്ക് മുതലായവ കഴിക്കാനും പുള്ളി പറഞ്ഞു.

എന്നിലെ ആവേശം വേണ്ടത്ര പോര എന്നു തോന്നിയിട്ടാകാം .. ഒരു കാര്യം കൂടി പറഞ്ഞു. ഇതുപോലെ മെലിഞ്ഞു അണ്ടര്‍വെയിറ്റാണെങ്കില്‍ അവളെ തൃപ്തിപ്പെടുത്താനൊന്നും പറ്റില്ല.

“അവളെ തൃപ്തിപ്പെടുത്താന്‍ പറ്റില്ല”
“തൃപ്തിപ്പെടുത്താന്‍ പറ്റില്ല”
പറ്റില്ല”

എന്റെ ചെവിയില്‍ ഇതു മുഴങ്ങിക്കേട്ടു... പിന്നെ എനിക്കൊന്നും ഓര്‍മ്മയില്ല. ആവേശ്വം കത്തിജ്ജ്വലിച്ചു...

ഞാന്‍ ചെന്നു ഓരോന്നോരോന്നായി അഭ്യസിക്കാന്‍ തുടങ്ങി..

മനസ്സില്‍ മുഴങ്ങുന്നുണ്ടായിരുന്നു - “അവളെ തൃപ്തിപ്പെടുത്താന്‍ പറ്റില്ല

എല്ലാ അഭ്യാസങ്ങളും കഴിഞ്ഞു്, വൈകിയെങ്കിലും ഇവിടെ ഇപ്പോഴെങ്കിലും വന്നല്ലോ എന്ന് കരുതി, മന്ദഹസിച്ച് ഞാന്‍ തിരിച്ചു് ഹോസ്റ്റലിലേക്കു പോയി.

പിന്നെ എനിക്കുള്ള ശരിയായ ഓര്‍മ്മ - ഒരാഴ്ചത്തെ പനി ആയിരുന്നു. ശരീരത്തിലെ എല്ലാ അവയവങ്ങളും മത്സരിച്ചു മത്സരിച്ച് വേദനിക്കുന്നുണ്ടായിരുന്നു.

മനസ്സിന്റെ വേദനയോ അതിലും ഭയങ്കരം - “അവളെ തൃപ്തിപ്പെടുത്താന്‍ പറ്റില്ല”!!!

ശരീരവേദന കുറയുന്നതോടെ മനസ്സിലും ചെറിയ മാറ്റം വന്നു - “ജീവനോടെ ഉണ്ടായിട്ടു വേണ്ടേ, തൃപ്തിപ്പെടുത്താന്‍” ...

പനി മാറിയപ്പോഴേക്കും ജിം എന്ന സ്വപ്നത്തെ ഞാന്‍ വേരോടെ പിഴുതെറിഞ്ഞിരുന്നു! :(

അതാണു് എന്റെ സിക്സ്പാക്കിന്റെ കഥ.

അതിനു ശേഷം ആരെങ്കിലും ജിം എന്നു പറഞ്ഞാല്‍ - “വട്ടുണ്ടോ, തനിക്കു്? എന്നേപ്പോലുള്ള ഒരു പെര്‍ഫക്റ്റ് ആരോഗ്യവാനു ജിമ്മിന്റെ ആവശ്യമില്ല”, “ബ്രെയിന്‍ മസിലുകള്‍ -  അതാണു് പ്രധാനം” എന്നൊക്കെ പറഞ്ഞു ഞാന്‍ ഘോരഘോരം വാദിക്കും!

കാലചക്രം തിരിഞ്ഞു കൊണ്ടിരുന്നു...

ജിമ്മിന്റെ നഷ്ടം നികത്താന്‍ ഞാന്‍ ഭയങ്കരമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഇന്ത്യയിലെ ഭക്ഷണക്ഷാമത്തിനു കാരണം തന്നെ ഞാന്‍ ആണെന്നൊക്കെ അസൂയാലുക്കള്‍ പറയുന്ന രീതിയില്‍ ഉള്ള ഭക്ഷണം കഴിക്കല്‍ (ഹോസ്റ്റല്‍ ഭക്ഷണം കഴിച്ചു 3 മാസം കൊണ്ട് 5 കിലോ കൂടി എനിക്കു്) .. ഒരാള്‍ കഴിക്കുന്ന ചോറിനേക്കാള്‍ കൂടുതല്‍ കാണും ഞാന്‍ ചവച്ചുപേക്ഷിച്ചിട്ട മുരിങ്ങാക്കോലുകള്‍ (അവളുടെ തൃപ്തിയും മുരിങ്ങയും തമ്മിലുള്ള ബന്ധം അറിയാല്ലോ അല്ലേ) ;)

അങ്ങനെ 2004 ഏപ്രില്‍ വന്നെത്തി... ഹോസ്റ്റല്‍ ഡേ സെലിബ്രേഷന്‍സ് ആവാറായി..

നര്‍മ്മദയിലെ ആഘോഷങ്ങള്‍ക്കു കാവേരിയിലെ സുഹൃത്തുക്കളെ ക്ഷണിക്കാ‍നായി ഞാനും പ്രിയങ്കറും കാവേരിയിലെത്തി.. എല്ല സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉണ്ട് ഞങ്ങളുടെ ഗാങ്ങില്‍ : ഗുരു - തമിഴന്‍, സഞ്ജയ് - കന്നഡിഗ, മനീഷ് - യു. പി, സന്ദീപ് - ബീഹാറി, പ്രിയങ്കര്‍ – ബം‌ഗാളി, സിദ്ദേഷ് - മറാഠി.. അങ്ങനെയങ്ങനെ…

dumbbellഎല്ലാരും സന്ദീപിന്റെ റൂമില്‍ കൂടിയിരുന്നു വര്‍ത്തമാനം പറയുമ്പോള്‍ - അതാ അവിടെ കിടക്കുന്നു.  ഒരു ഡം-ബെല്‍! സിദ്ദേഷ്-കട്ട ഉടനെത്തന്നെ അതെടുത്തു കളിക്കാന്‍ തുടങ്ങി. എല്ലാരുടെയും മസില്‍ സ്വപ്നങ്ങള്‍ വീണ്ടും കത്തിജ്ജ്വലിക്കാന്‍ തുടങ്ങി. 

നമ്മുടെ കട്ടസുഹൃത്ത്, ഉടനെ തന്നെ അതെടുത്തു ഒരു 100 എണ്ണം അടിച്ചു. എന്നിട്ടു ഞങ്ങളെ വെല്ലുവിളിച്ചു. ഗുരുവുണ്ടോ വിടുന്നു - അവന്‍ ബെറ്റു വെച്ചടിച്ചു 70 എണ്ണം. എന്നാപ്പിന്നെ ഞാനായിട്ടു് ചെയ്യാതിരുന്നാല്‍ മോശമല്ലേ... ഞാനും കാച്ചി ഒരു 50 എണ്ണം - വലതു കയ്യുകൊണ്ട്!

അടുത്ത ഒരാഴ്ച വലതു കയ്യനക്കാന്‍ വയ്യാതെ ഞാനും ഗുരുവും പരസ്പരം ദയനീയമായി നോക്കി നടന്നു. മറ്റുള്ളവരാകട്ടെ അവസരം ശരിക്കു മുതലാക്കുകയും ചെയ്തു! ഞങ്ങളെ കുടുക്കിയ സിദ്ദേഷാകട്ടെ - “ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണഃ” എന്നൊരു ലൈന്‍! :(

ആന അപ്പിയിടുന്നതു കണ്ടിട്ടു ആടു മുക്കരുതു് എന്ന പഴമൊഴി അന്നു എനിക്കു വളരെ നന്നായി മനസ്സിലായി! :(

എന്റെ ബോഡി ബില്‍ഡിം‌ഗ് സ്വപ്നങ്ങളുടെ പൂര്‍ണ്ണവിരാമം അങ്ങനെ ആയിരുന്നു.

സ്നേഹാദരങ്ങളോടെ കരിങ്കല്ല്.

Wednesday, February 04, 2009

പെണ്‍കുട്ടിയുടെ പ്രേതം

ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോഴാണു് ഈ സംഭവം നടന്നത്.

ഒരു ദിവസം, വീട്ടില്‍ ഞങ്ങള്‍ 4 പേരും കൂടി ചിത്രഗീതം കണ്ടിരിക്കുന്ന സമയത്താണു്. പരസ്യത്തിന്റെ സമയത്ത് പുറത്തേക്കു നോക്കിയപ്പോള്‍ അതാ അവിടെ പോലീസ് ജീപ്പും ഫയര്‍ ഫോഴ്സും ഒക്കെ…

സംഭവം അന്വേഷിച്ചു പിടിച്ചപ്പോഴല്ലേ മനസ്സിലായതു് – പന്ത്ലലൂരുള്ളൊരു പെണ്‍കുട്ടി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്രേ. കുട്ടിയെ അമ്പലത്തില്‍ കണ്ടവരുണ്ട് – വൈകീട്ട്. കുട്ടിയെ കാണാതായതിനു ശേഷം ആ കുട്ടിയുടെ പുസ്തകങ്ങള്‍ അമ്പലക്കടവില്‍ നിന്നു കിട്ടിയത്രേ – അതാണു് പോലീസും ഫയര്‍ ഫോഴ്സുമെല്ലാം …

മുങ്ങല്‍ വിദഗ്ദര്‍ക്കു മൃതദേഹം കിട്ടുകയും ചെയ്തു.

അടുത്ത ദിവസം, ഞാന്‍ പന്തലൂരു പോയി അതു കാണുകയും ചെയ്തു. (അല്ല, സംഭവം, വെള്ളം കുടിച്ചുമരിച്ചാല്‍ ശരീരം എങ്ങനെ അണെന്നറിയണല്ലോ! – അപകടങ്ങള്‍ ഒക്കെ കാണിച്ചുതരാന്‍ കൊണ്ടുപോവുന്ന സ്വഭാവം അച്ഛനുണ്ടായിരുന്നു. അതില്‍ നിന്നു ആര്‍ജ്ജവം ഉള്‍ക്കൊണ്ടായിരിക്കണം ഞാന്‍ പോയതു്)

അപ്പൊ ഇതിവിടെ ഒരു ഇന്‌ട്രോഡക്ഷന്‍ ആയി നിക്കട്ടെ. ദാ, കുറുമാലിപ്പുഴയുടെ താഴെ ചിത്രത്തില്‍ കാണുന്ന ഭാഗത്താണു് സംഭവം നടന്നതു്.

കുറുമാലിപ്പുഴ

ഇനി നമുക്കു മറ്റൊരു ഭാഗത്തേക്കു നോക്കാം … ഇതേ സ്ഥലത്തു നിന്നും പുറകുവശത്തേക്കു – ആ ഭാഗത്താണു് ഞങ്ങളുടെ തറവാടു്. പുഴയോരത്തൊരു സുന്ദരന് വീടു്. [സ്വപ്നം – ആ വീടിനെ കുറിച്ചൊരു ഇംഗ്ലീഷ് പോസ്റ്റ്]

അവിടെ പുഴയ്ക്കു് ആഴവും ഇത്തിരി കുറവാണു് – ദാ ചിത്രം താഴെ..

IMG_3069

അങ്ങനെ ഒരു മധ്യവേനലവധിക്കു് എന്റെ കസിനും, ചെറിയച്ചനും പിന്നെ ഞാനും ചേര്‍ന്നു കക്ക വാരാന്‍ പോയി.

നല്ല ചെളിയുള്ള സ്ഥലത്തു് തപ്പിയാല്‍ ഇഷ്ടം പോലെ കിട്ടും. കക്കയിറച്ചിക്കാണെങ്കില്‍ നല്ല സ്വാദും. നല്ല എരിവുള്ള, നാളികേരക്കൊത്തിട്ട, കക്കയിറച്ചി കഴിച്ച കാലം മറന്നു. സ്വാദാണെങ്കില്‍ നാവിന്‍ തുമ്പത്തും.. :(

അപ്പൊ പറഞ്ഞു വന്നതു് – ഞങ്ങള്‍ കക്ക വാരാന്‍ പോയി. ലോനപ്പേട്ടന്റെ പറമ്പില്‍ നിന്ന് അക്കാലത്തൊരു തെങ്ങ് പുഴയിലേക്കു വീണിരുന്നു.. അവിടെ ഒക്കെ നല്ല ചളിപിളി ആയി കിടക്കുന്ന കാരണം നല്ല കളക്ഷനും ആയിരുന്നു.

ഞങ്ങള്‍ മൂന്നു പേരും മുങ്ങും, കക്ക വാരും, മുകളില്‍ വന്നു (പൊന്തിക്കിടക്കുന്ന) വലിയ അലുമിനിയം വട്ടകയില്‍ ഇടും, വീണ്ടും മുങ്ങും. ഇഷ്ടം പോലെ കിട്ടുന്ന കാരണം നല്ല ആവേശത്തില്‍ പണി നടക്കുന്നു.

ഒരു പ്രാവശ്യം ഞാന്‍ മുങ്ങി ചെരിഞ്ഞു കിടക്കുന്ന തെങ്ങിന്റെ താഴെ പരതുമ്പോള്‍ എനിക്കു തോന്നി ഞാന്‍ ഒരു ശരീരത്തില്‍ തൊട്ടുവെന്നു്. മറിഞ്ഞു വീണു കിടക്കുന്ന തെങ്ങിന്റെ അടിയില്‍ എന്തു ശരീരം?

ഒന്നു കൂടി തൊട്ടു നോക്കി – ഉറപ്പായി, അതൊരു ശരീരം തന്നെ. എന്തു ജീവിയാണെന്നൊന്നും അറിയില്ല. എനിക്കു പെട്ടെന്നു മുകളില്‍ പറഞ്ഞ ആ പെണ്‍കുട്ടിയുടെ കഥ ഓര്‍മ്മ വന്നു. ഒറ്റക്കുതിക്കലിനു ഞാന്‍ മുകളില്‍ എത്തി. ഉള്ളില്‍ ഒരു ഭയം – എന്താണെന്നറിയില്ല.

ചെറിയച്ചനും കസിനും ഉണ്ട് മുകളില്‍ – പേടിച്ചാലും ആരും അറിയരുതെന്നു എനിക്കു നിര്‍ബന്ധം ഉണ്ട്. പെട്ടെന്നു തന്നെ ഞാന്‍ എന്റെ മുഖം തിരിച്ചു. ഹൃദയം പടപടാന്നു് അടിക്കുന്നുണ്ട്… ഇവരോട് പറയാതെ പറ്റില്ല – താഴെ എന്താണെന്നു്.

പെട്ടെന്നു ചെറിയച്ഛന്‍ ചോദിച്ചു - “എന്താടാ സന്ദീപേ, നീ വെള്ളത്തിന്റെ അടിയില്‍ വെച്ച് ഇക്കിളിയാക്കുന്നോ?” …. എന്നു്.

ഹൊ! എന്റെ ശ്വാസം വീണ്ടും നേരേവീണു! എന്തൊരാശ്വാസം!

എന്നേക്കാള്‍ മുമ്പ് എങ്ങനെ ചെറിയച്ഛന്‍ മുകളിലെത്തി എന്നൊന്നും എനിക്കറിയില്ല. ആലോചിച്ചുമില്ല. എന്തായാലും പേടി പോയി. :) ദാ.. ഇന്നു, ഇപ്പോള്‍, ഈ നിമിഷം വരെ ഞാന്‍ ആരോടും ഈ കഥ പറഞ്ഞിട്ടില്ല (അതോ പറഞ്ഞിട്ടുണ്ടോ ആവോ?). ജീവിതത്തില്‍ ആകെ 2 പ്രാവശ്യമേ ശരിക്കും പേടിച്ചിട്ടുള്ളൂ… അതിലൊന്നാണിതു്. :)

ഇതു തന്നെ വാഗ്ദത്ത കഥയും :)

---

കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ പറഞ്ഞ ആ ടോക്കില്ലേ? അതിന്റെ കാര്യം ശരിയായി. മാര്‍ച്ചില്‍ ജര്‍മ്മന്‍ സുരക്ഷാ വകുപ്പിന്റെ ആസ്ഥാനത്ത് ഒരു കുഞ്ഞു ടോക്ക്! രോമാഞ്ചകഞ്ചുകം! :)

സ്നേഹാദരങ്ങളോടെ, കരിങ്കല്ല്.

Tuesday, January 13, 2009

ഒരുപാടു കാര്യങ്ങള്‍


ഇന്നു രാവിലെ ഞാന്‍ തീവണ്ടിയില്‍ കയറിയപ്പോള്‍ ആരോ എന്റെ പുറത്തു തട്ടി.. ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ അതാ നില്‍ക്കുന്നു സ്റ്റെഫാനി - ഇവിടെ മാക്സ്-പ്ലാങ്കില്‍ ഗവേഷകയാണ് ആ ഇന്തൊനേഷ്യക്കാരി. എന്റെ ഒരു നല്ല സുഹൃത്താണു്. എന്താ സന്ദീപേ ഈ ലോകത്തൊന്നുമല്ലല്ലോ എന്നൊരു ചോദ്യം.

ശരിയാണു്, ഞാന്‍ ഈ ലോകത്തൊന്നും അല്ലായിരുന്നു. പ്ലാറ്റുഫോമില്‍ ആ കുട്ടി നില്‍ക്കുന്നതു് ഞാന്‍ കണ്ടിട്ടു പോലുമില്ലായിരുന്നു .. ഞാന്‍ ചിന്തകളുടെ ലോകത്തായിരുന്നു.

ഇന്നു ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള ചിന്തകള്‍ - അതായിരുന്നു മനസ്സില്‍.

  1. 1. എന്റെ ഇന്നത്തെ ജോലി - വായിക്കാന്‍ ഒരുപാടുണ്ട് - ഒരുപാടൊരുപാട്....!
  2. 2. ഒരു കുട്ടിക്കു കുറച്ചു പ്രോഗ്രാമിംഗ് ഉപദേശങ്ങള്‍ കൊടുക്കാം എന്നു പറഞ്ഞിട്ടുണ്ട് - അതിനുള്ള തയ്യാറെടുക്കല്‍, പഠിപ്പിക്കല്‍.
  3. 3. രണ്ടുമൂ‍ന്നു ആര്‍ട്ടിക്കിളുകള്‍ എടുത്തു വെച്ചിട്ടുണ്ട് - വായിക്കാന്‍; അവ വായിക്കല്‍!
  4. 4. മലയാളം ബ്ലോഗ്ഗിങ്ങ് - ഇപ്പോ ഒരു മാസമായി ... ഇപ്പൊത്തന്നെ ആള്‍ക്കാര്‍ എന്നു മറന്നോ എന്തോ - ഇനിയും എഴുതാതിരുന്നാല്‍ എനിക്കു തന്നെ എന്നോടു ദേഷ്യം വരും - റെഗുലര്‍ അല്ലാത്തതിന്നു്.
  5. 5. വൈകീട്ടു് എന്റെ രണ്ട് സുഹൃത്തുക്കളെ കാണാം എന്നു പറഞ്ഞിട്ടുണ്ട് - (ആ പഴയ പോളിഷ് കുട്ടിയില്ലേ, ആ കുട്ടിയും പിന്നെ എന്റെ ടീച്ചറും) - കണ്ടിട്ട് ഒരു മാസമായി.. :(
  6. 6. ഭാഗ്യമുണ്ടെങ്കില്‍ ജര്‍മ്മന്‍ സുരക്ഷാ ഡിപ്പാര്‍ട്ട്മെന്റിന്റെ ഒരു സെമിനാറില്‍ പങ്കെടുക്കാനുള്ള ഒരു അവസരം ഉണ്ട്, അതിനു വേണ്ടി ഒരു ടോക്കിന്റെ രൂപരേഖ തയ്യാറാക്കല്‍, അയച്ചുകൊടുക്കല്‍.

ഇതൊക്കെ ആലോചിച്ചു നടക്കുന്ന ഞാനെവിടെ സ്റ്റെഫാനിയെ കാണാന്‍ അല്ലേ?

എന്തു ബ്ലോഗ്ഗണം എന്ന ചിന്തയും മനസ്സിലുണ്ടായിരുന്നു - മൂന്ന് ടോപ്പിക്കുകളാണു് എന്റെ ലിസ്റ്റിലുണ്ടായിരുന്നതു്

  1. 1. ഞാന്‍ പേടിച്ച കഥ - ഇതാണ് വാഗ്ദത്തകഥ (ശരിക്കു രണ്ടേ രണ്ട് പ്രാവശ്യമേ ഞാന്‍ എന്റെ മൊത്തം ടോട്ടല്‍ ജീവിതത്തില്‍ പേടിച്ചിട്ടുള്ളൂ - അതിലൊരെണ്ണം ഒരിക്കല്‍ പറഞ്ഞതാണു ഇവിടെ)
  2. 2. കുഞ്ഞന്‍ ചേട്ടനും അമ്മു ഓപ്പോളും  - ഇതിവിടെ മ്യൂണിക്കില്‍ ഉള്ള രണ്ടു ചക്കര മനുഷ്യരാണു് - അവരെക്കുറിച്ചെഴുതാന്‍ കുറേക്കാലമായി ഒരുങ്ങിയിരിക്കുന്നു. [ഇതു വായിച്ചിട്ടിനി അവര്‍ അവരെക്കുറിച്ചുള്ള പോസ്റ്റില്‍ സെന്‍സര്‍ ബോര്‍ഡിന്റെ കത്രികയും ആയി വരുമോ എന്തോ? വന്നാല്‍ വിവരമറിയും! ;) (ഞാന്‍) ;) ]
  3. 3. പിന്നെ താഴെയുള്ള ഫോട്ടോ സ്റ്റോറി - പറയത്തക്കതൊന്നുമില്ല.

എനിക്കെന്റെ ജീവിതത്തില്‍ ഇതു വരെ പറയത്തക്ക ക്രിസ്തുമസ് സമ്മാനം ഒന്നും തന്നെ കിട്ടിയിട്ടില്ല എന്നു പറഞ്ഞാല്‍ എന്നെ കോണ്ട്രടിക്റ്റ് ചെയ്യാന്‍ ആരും വരുമെന്നു തോന്നുന്നില്ല. (ഉവ്വോ അമ്മേ? എന്തെങ്കിലും സമ്മാനം ക്രിസ്തുമസിനു എനിക്കു എന്നെങ്കിലും കിട്ടിയിട്ടുണ്ടോ?)

എന്നാല്‍ ഇക്കഴിഞ്ഞ പ്രാവശ്യം എനിക്കൊരു സമ്മാനം കിട്ടി - ഇത്രയും ഉപകാരമുള്ള മറ്റൊന്നും തന്നെ കിട്ടുകയും ഇല്ല. എന്തായിരുന്നു അതു്? -- ഒരു ഷാള്‍ (Shawl).

THE RED GIRL

എനിക്കെത്രമാത്രം സന്തോഷമായി എന്ന് പറഞ്ഞറിയിക്കാവുന്നതല്ല. എന്താണിതിന്റെ പ്രത്യേകത എന്നറിയോ?

എനിക്കിതു തന്ന കുട്ടി സ്വന്തമായി നെയ്തുണ്ടാക്കിയതാണു് - അതും അവളുടെ ക്രിസ്തുമസ് പരീക്ഷകളുടെ തിരക്കിനിടയില്‍. സന്തോഷം തോന്നണ്ടേ? [ഞാന്‍ മുമ്പൊരിക്കല്‍ ഈ കുട്ടിയെ നിങ്ങള്‍ക്കു പരിചയപ്പെടുത്തിയിരുന്നു ഇവിടെ]

ചുവന്ന പെണ്‍കുട്ടി.... :)

ഇവിടുത്തെ തണുപ്പിന്റെ നിലവാരം വെച്ചു നോക്കുമ്പോള്‍ ഇതിലും നല്ല ഒരു സാധനം കിട്ടാനുമില്ല. കഴിഞ്ഞ 2 ആഴ്ചയായി താപനില പൂജ്യത്തിനു മുകളില്‍ വന്നിട്ടില്ല. ഇന്നലെ രാത്രി ഞാന്‍ വീട്ടിലേക്കു പോകുമ്പോള്‍ മൈനസ് പത്തായിരുന്നു.

എല്ലാവര്‍ക്കും സുഖമായിരുന്നല്ലോ അല്ലേ? ക്രിസ്തുമസും നവവത്സരവും ഒക്കെ കലകലക്കിയില്ലേ? എന്റെയും അടിപൊളിയായിരുന്നു. (അന്നൊക്കെ വടിയും കുത്തിയായിരുന്നു നടപ്പ്. ഇപ്പൊ ഒരുവിധം പരിപൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തു)

ഇനിമുതല്‍ ഞാന്‍ വീണ്ടും റെഗുലര്‍ ആവും... ആഴ്ചയില്‍ ഒരു വധം (പോസ്റ്റു്) വീതം ;)

അപ്പൊ അടുത്ത പ്രാവശ്യം വരെ വിട ചോദിക്കുന്നു, കരിങ്കല്ല്.

സങ്കടം: “ഒരു സങ്കീര്‍ത്തനം പോലെ” എന്ന പുസ്തകം ആര്‍ക്കെങ്കിലും വായിച്ചു കൊടുക്കണം എന്നൊരാഗ്രഹം എന്റെ മനസ്സില്‍ മൊട്ടിട്ടിട്ടു് കുറേ നാളായി. ആര്‍ക്കെങ്കിലും എന്നതു് അവിവാഹിതയായ ഒരു സുന്ദരിക്കുട്ടിക്കു് എന്നു വായിക്കുക. ഈ നാട്ടില്‍ അവിവാഹിതകളായ മലയാളിപ്പെണ്‍കുട്ടികളെ മഷിയിട്ടു നോക്കിയാല്‍ കിട്ടാനില്ല. അങ്ങനെ കാത്തിരുന്നു കാത്തിരുന്നു് ഒരു കുട്ടി വന്നു. ആ കുട്ടിക്ക്യോ മലയാളം സംസാരിക്കാന്‍ അറിയാം എന്നല്ലാതെ ലേശം കട്ടിയുള്ള വാക്കുകള്‍ മനസ്സിലാവില്ല. (അതൊക്കെ വിശദീകരിച്ചു് വായിച്ചു കൊടുക്കാന്‍ എനിക്കും വയ്യ). അപ്പൊ ഞാന്‍ വീണ്ടും വേഴാമ്പലിനേപ്പോലെ ഒരു മലയാളിപ്പെണ്‍കുട്ടിക്കായുള്ള കാത്തിരിപ്പു തുടരുന്നു. പാവം ഞാന്‍! :( ;)

മനുഷ്യന്മാരുടെ ഓരോരോ ആഗ്രഹങ്ങളേ!! ;) ചുട്ട അടിയുടെ കുറവുണ്ട്‌!