Sunday, April 06, 2008

പണിപ്പുരയും ചിത്രങ്ങളും

കൂട്ടുകാരേ...

ഇന്നു ഒരു ചിത്രപ്പോസ്റ്റു്‌ തന്നെ ആയിക്കോട്ടെ എന്നു കരുതി...

എന്റെ പണിപ്പുരയാണു്‌ ഈ കാണുന്നതു്‌ .. പണിപ്പുരയും കിടപ്പുമുറിയും ഒന്നു തന്നെയാണു്‌ ട്ടോ

പണിപ്പുര

മെഴുകുതിരി, ഞാന്‍ ആദ്യം ഒരു ശ്രമം നടത്തി പരാജയപ്പെട്ടതാണു്‌ കിടക്കമേല്‍ വിശ്രമിക്കുന്നതു്‌.
പിന്നീടു്‌ ഇന്നാണു്‌ മെഴുകുതിരി വരക്കാനൊരു ശ്രമം വീണ്ടും നടത്തിയതു്‌ - ഒരു മണിക്കൂറില്‍ കാണിച്ച അഭ്യാസം ആണു്‌ ആ സ്റ്റാന്‍ഡിലെ ക്യാന്‍‌വാസില്‍ കാണുന്നതു്‌.

പിന്നെ ആ പച്ചചിത്രം - അതും കുറേ നാളായി പണിപ്പുരയില്‍ ഇരിക്കുന്നു... ഇന്നാണു്‌ അവനെ ഞാന്‍ ഒന്നു രക്ഷപ്പെടുത്തിയെടുത്തതു്‌ - വിചാരിച്ച അത്രക്കും നന്നായില്ല...

എന്നാലും പേടിച്ച അത്രക്കും ചീത്തയായില്ലല്ലോ എന്നൊരു ആശ്വാസം :)

മുന്തിരിക്കുലയില്‍ ഒരിത്തിരി പണികൂടിയുണ്ടു്‌ - അതിനി നാട്ടില്‍ നിന്നു്‌ വന്നിട്ടേ ഉള്ളൂ.

സാധിക്കുമെങ്കില്‍ പച്ചചിത്രവും മെഴുകുതിരിയും നാട്ടിലേക്കു്‌ എടുക്കണം എന്നുണ്ടു്‌. പെയിന്റു്‌ ഉണങ്ങിക്കിട്ടുമോ എന്തോ!! നോക്കാം...

ചിത്രങ്ങള്‍

ചിത്രങ്ങളുടെ ഒരു കോള്‍ഗേയ്റ്റ് (sorry... close-up) ഇതാ..

അടുത്ത പോസ്റ്റു്‌ നാട്ടില്‍ എത്തിയിട്ടു്‌ :)

സസ്നേഹം.. കരിങ്കല്ലു്‌

~

Tuesday, April 01, 2008

ഒരു മ്യൂണിക് വീരഗാഥ..!

ഉണ്ണീയാര്‍ച്ച...മിനിഞ്ഞാന്നു്, ഞായറാഴ്ചയായിരുന്നു കേരളസമാജം വക വിഷു/ഈസ്റ്റര്‍ ആഘോഷങ്ങള്‍. വലിയ രീതിയിലൊന്നും അല്ലെങ്കിലും ഞാനും ഒന്നു രണ്ടു കൊച്ചു പരിപാടികള്‍ അവതരിപ്പിച്ചു.

ഗാനാലാ‍പനം മാത്രമേ എന്റെ ലിസ്റ്റില്‍ ആദ്യം ഉണ്ടായിരുന്നുള്ളൂ... പിന്നീടു് അവരൊക്കെച്ചേര്‍ന്നു്, എന്നെ സ്കിറ്റിലും ഉള്‍പെടുത്തി.

എന്റെ ജീവിതത്തില്‍ ആദ്യായിട്ടാണു് ഞാന്‍ സ്കിറ്റിലൊക്കെ പങ്കെടുക്കുന്നതു്. പാട്ടു പാടി പാട്ടു പാടിത്തന്നെ അത്യാവശ്യം ബോറടിപ്പിക്കാനുള്ള കഴിവു് എനിക്ക് ആദ്യമേ ഉണ്ട്.

ആദ്യമായിക്കിട്ടിയ വേഷമോ - ഉണ്ണിയാര്‍ച്ച! നാണം പണ്ടേ ഇല്ലാത്ത കാരണം ഞാന്‍ എതിര്‍ത്തൊരു വാക്കുപോലും പറഞ്ഞില്ല.

നല്ല കസവുള്ള മുണ്ടൊന്നു് സംഘടിപ്പിച്ചു, മാറു മറക്കുമാറുടുത്തു. പിന്നീടാണു് പ്രവീണ്‍ പറഞ്ഞതു് - മാറു മറക്കുമ്പോള്‍ ഉള്ളിലെന്തെങ്കിലും വേണം എന്നു്. :(

അങ്ങനെ രണ്ടു് സോക്സു് എടുത്തു് തിരുകിവെച്ചു് ഉണ്ണിയാര്‍ച്ചയെ സെക്സിയാക്കി... അപ്പോള്‍ മുതല്‍ ഞാന്‍ വ്രീളാവതിയായി മാറുകയും ചെയ്തു...! [നാണമാകുന്നൂ... മേനി നോവുന്നൂ‍]

ഏകാങ്കനാടകം കലക്കി എന്നാണറിയുന്നതു്. അവസാനത്തോടടുത്തു് ഉണ്ണിയാര്‍ച്ചാവസ്ത്രാക്ഷേപം തടയാന്‍ ഞാന്‍ കാണിച്ച പങ്കപ്പാടൊക്കെ പൊട്ടിച്ചിരികളുയര്‍ത്തി.

കേരളസമാജം ആര്‍ട്ട്സ് സെക്രട്ടറിയുടെ അഭിപ്രായം ഇതാ...

The sexy unniyaarcha... the great villians.. and the poor IT profi.. all were excellent.
Some special points to note was Sandeeps sexy strong looks and Eldhos choriyal

ഇത്രക്കൊക്കെയേ എന്നെക്കൊണ്ടു പറ്റൂ.

പിന്നെ പാട്ടായിരുന്നു...  ആദ്യം ചെട്ടിക്കുളങ്ങര ഭരണി നാളില്‍ - പ്രേം നസീറിന്റെ അത്രക്കൊന്നും വരില്ലെങ്കിലും അത്യാവശ്യത്തിനു് ഭാവാഭിനയവും പിന്നെ ഒഴിച്ചുകൂടാനാവത്ത ബ്രേയ്ക്ക് ഡാന്‍സും .. കാ‍ണികളില്‍ നിന്നു് ബ്രദര്‍ ഡൊമിനിക്കു് കൂടെ കയറി വന്നു - ഡാന്‍സു് കളിക്കാന്‍.

കുറേ കഴിഞ്ഞു്, രണ്ടു പരിപാടികള്‍ക്കിടയില്‍ ഒരിത്തിരി വലിയ ഇടവേള വന്നപ്പോള്‍, ഞാന്‍ തന്നെ എന്റെ ഒരു പാട്ടു അനൌണ്‍സു് ചെയ്തു് (ഞാനായിരുന്നു കുറേ നേരം ഒഫീഷ്യല്‍ അനൌണ്‍സര്‍) പാടി.

ഒരാള്‍ക്കു്  ഡെഡിക്കേറ്റു് ചെയ്യുകയും ഉണ്ടായി .. ആള്‍ ദൂരത്തായിരുന്നെങ്കിലും..., ഉള്‍ക്കണ്ണുകൊണ്ടു് കണ്ടു് പാടി.. :)നിക്കിയും ഞാനും...

ഇതായിരുന്നു ആ‍ ഗാനം...

[മുടിപ്പൂക്കള്‍ വാടിയാലെന്റോമനേ.... നിന്റെ
ചിരിപ്പൂക്കള്‍ വാടരുതെന്നോമനേ....
..
..
..
നിലക്കാത്ത ധനമെന്തിന്നോമനേ.... നിന്റെ
............................................  ഇല്ലയോ..!]

എല്ലാം കഴിഞ്ഞു് രാത്രി എത്തിയപ്പോള്‍ വൈകിയിരുന്നു... പിന്നെ ഇത്തിരി ഒഴിവു കിട്ടിയതിപ്പോഴാ‍ണു്. ഇപ്പോള്‍ത്തന്നെ പോസ്റ്റുന്നു.

എല്‍ദോസ്-പ്രിയ ദമ്പതികളുടെ കുട്ടി കുറേ നേരം എന്റെ കൂടെ ആയിരുന്നു.. ഞങ്ങളുടെ ഒരു ചിത്രം കൂടി കിടന്നോട്ടെ. അല്ലേ? (മുന്നില്‍ നിന്നുള്ള ചിത്രമൊന്നും ഇല്ല! :( )

തല്‍ക്കാലം വിട, സന്ദീപ്  alias കരിങ്കല്ല്.

PS: അക്ഷരങ്ങളുടെ വലിപ്പം കുറച്ചു് കൂട്ടുന്നു. ഇനി കണ്ണട വെക്കാതെയും വായിക്കാം :)

 

~

Friday, March 21, 2008

പ്രായം.... ആകുന്നേയില്ല..

നാലഞ്ചു്‌ ആഴ്ചകള്‍ക്കു മുന്‍പ് ഞാന്‍ അമ്മയോടു പറഞ്ഞു.. എനിക്കിപ്പോഴും പണ്ടത്തെ 17 വയസ്സുകാരന്റെ പോലെ തോന്നുന്നു എന്നു്‌.

ഓഫീസില്‍ ഞാനിപ്പോഴും ഇടനാഴിയിലൂടെ പാട്ട് പാടി നടക്കും...

ചിലപ്പോള്‍ ഓടും... ഉയരത്തില്‍ ചാടി വായുവില്‍ രണ്ടു കാലുകളും മുട്ടിക്കും... [സിനിമാസ്റ്റയില്‍]

കയ്യിലുള്ള കപ്പു്‌ മുകളിലേക്കു്‌ ഇട്ടു പിടിക്കും (ഇടക്കതു്‌ താഴെ വീഴും.. ഭാഗ്യത്തിനു്‌ പൊട്ടിയിട്ടില്ല ഇതു വരെ... - കാരണം ഞാന്‍ വീഴ്ചയെ കാലുകൊണ്ട് തടയും..)

മുമ്പൊക്കെ മറ്റു മുറികളില്‍ ഇരിക്കുന്നവര്‍ നോക്കുമായിരുന്നു.. ആരെടാ ഇവിടെ ഓടുന്നതു്‌.. ചാടുന്നതു്‌.. പാടുന്നതു്‌? ഇപ്പോ ഒന്നു-രണ്ടു വര്‍ഷങ്ങളായില്ലേ .. അവര്‍ക്കു മനസ്സിലായി... ഈ പയ്യനു ചെറിയ കിറുക്കുണ്ടെന്നു്‌.

പുറത്തു്‌ മഴ പെയ്യുമ്പോള്‍ കൊള്ളാന്‍ പോകും...

കാറ്റു്‌ ആഞ്ഞടിക്കുമ്പോള്‍ കാറ്റിനു നേരേ തിരിഞ്ഞുനിന്നു ടൈറ്റാനികിലേപ്പോലെ നില്‍ക്കും... കാണുന്നവര്‍ കരുതുന്നുണ്ടാവും ഇവനെന്താ കാറ്റും മഴയും ഇതുവരെ കണ്ടിട്ടില്ലേ എന്നു്‌.

അവര്‍ക്കുള്ള മറുപടി ഇതാണു്‌ -- ആയിരം കോടി പ്രാവശ്യം കഴിഞ്ഞാലും എനിക്കു്‌ ആ പുതുമ നഷ്ടപ്പെടില്ല... -- ആ സുഖം പറഞ്ഞറിയിക്കാനും പറ്റില്ല...
നിങ്ങള്‍ക്കു്‌ നഷ്ടപ്പെടുന്നതെന്തെന്നു്‌ നിങ്ങള്‍ അറിയുന്നില്ല കുഞ്ഞാടുകളേ...!

ഇതു തന്നെയാണു്‌ എനിക്കു വേണമായിരുന്നതും... - ഒരിക്കലും എന്റെ പക്വത (അങ്ങനെ ഒന്നുണ്ടെങ്കില്‍..!?) എന്റെ പ്രസരിപ്പിനെ ഇല്ലാതാക്കരുത്. പ്രായം ഒരിക്കലും ഉള്ളിലെ കുട്ടിയെ ഇല്ലാതാക്കരുതു്‌.

എനിക്കറിയാമായിരുന്നു.. 22-25 വരെയുള്ള സമയത്താണു്‌ എല്ലാരും ഒന്നു "ഒതുങ്ങുന്നതു്‌" ..  (mellowing down)
ഞാന്‍ അതിസുന്ദരമായി, യാതൊരു പ്രശ്നങ്ങളും ഇല്ലാതെ, ആ കാലത്തിലൂടെ കടന്നു പോന്നു ...(cake walk)
ഇനിയൊരിക്കലും എന്റെ മനസ്സിനു പ്രായമാകില്ല എന്നുള്ള ഉറപ്പും ആയി...

അതൊക്കെ പോട്ടെ ... ഞാനും പോകുന്നു നാട്ടിലേക്കു്‌ - വിഷുവിനു്‌! .. അഞ്ചു വര്‍ഷങ്ങളായി... വിഷുവിനു്‌ വീട്ടില്‍ ഉണ്ടായിട്ടു്‌.

കരിങ്കല്ലായ ഈ ഞാന്‍ പോലും ദിനങ്ങളെണ്ണാന്‍ തുടങ്ങിയിരിക്കുന്നു...

പ്രായമാകില്ല!!

ചിത്രം: കഴിഞ്ഞ പ്രാവശ്യം നാട്ടില്‍ പോയപ്പോള്‍ എടുത്തതു്‌. മനക്കലെ പറമ്പിലേക്കു്‌ മതില്‍ ചാടിക്കടന്നു്‌ എടുത്തതു്‌.  :)

കരിങ്കല്ല്‌.

~