സാധാരണ മലയാളം മിനിക്കഥകളിലോ ഒക്കെ കാണുന്ന ഒരു പ്രയോഗമാണു് : “അയാൾക്കു് സ്വന്തമായുണ്ടായിരുന്നതു് ആകാശത്തിന്റെ ഒരു ചതുരമാണു്” … നഗരത്തിൽ, ഫ്ലാറ്റുകളിൽ ജീവിക്കുന്നതിന്റെ ഡിങ്കോൾഫികളെ എപ്പോഴും ഇങ്ങനെ വല്ലതും പറഞ്ഞാണു് വിശേഷിപ്പിക്കുക.
ഞാൻ താമസിക്കുന്നതു് പാടവും പുഴയും കുളവും പൂക്കളും മരങ്ങളും സഹൃദയരായ മനുഷ്യരും ഒക്കെ ഉള്ള ഒരു ഗ്രാമത്തിലാണു്. ആകാശം മുഴുവൻ എന്റേതു തന്നെയാണു് … ആ പഴയ പാട്ടു പോലെ : നീലക്കുട നിവർത്തീ വാനം എനിക്കു വേണ്ടി…
എന്നാലും എന്റെ കട്ടിലിന്റെ പുതിയ അറേയ്ഞ്ച്മെന്റ് പ്രകാരം എനിക്കൊരു ചതുരക്കട്ട ആകാശം പോലുമില്ല. ആകെയുള്ളതൊരു ത്രികോണാകാശം. കെട്ടിടത്തിന്റെയും എന്റെ മുറിയുടെയും ഇരിപ്പുവശം അങ്ങനെയാണു്. അപ്പുറത്തെ വശത്തു തലവെച്ചൂടേ എന്നു ചോദിച്ചാൽ … വെക്കാം … അപ്പൊ പിന്നെ രാത്രി ഉറക്കത്തിനു മുമ്പുള്ള വായനക്കു് ചുമരിൽ ചാരിയിരിക്കാനാവില്ലല്ലോ.
രാവിലെ കണ്ണു തുറക്കുമ്പോൾ ആ ത്രികോണാകൃതിയിലുള്ള ആകാശവും, എതിരേയുള്ള ചാര നിറത്തിലുള്ള കെട്ടിടവും ആണു് കാണുക. നല്ല നീല നിറത്തിലുള്ള ഒരു ആകാശക്കഷണം. ഒരു കുഞ്ഞു കഷണമാണെങ്കിലും അതിലൂടെ പക്ഷികൾ പറക്കുന്നുണ്ടാവും…. ചിലപ്പോൾ മുകളിൽ ഒന്നോ രണ്ടോ വെള്ളിമേഘങ്ങളും..
വല്ലപ്പോഴും അതിനും മുകളിൽ പറക്കുന്ന മനുഷ്യനിർമ്മിത പറവകളേയും കാണാറുണ്ട്…
ഞാൻ കാടുകയറുന്നോ? ഇല്ലല്ലോ?
ഇപ്പോൾ വേനൽക്കാലം മാറിത്തുടങ്ങി… രണ്ടു ദിവസമായി ആകാശം ചാരനിറമാണു്… ഇന്നാണെങ്കിലോ ചെറിയ മൂടൽമഞ്ഞും…. കട്ടിൽ തിരിച്ചിടാൻ സമയമായി… അപ്പോൾ ഞാൻ രാവിലെ എഴുന്നേറ്റു നോക്കുമ്പോൾ മരങ്ങളും, കുട്ടികളുടെ കളിസ്ഥലവും കാണാം.
… … … … … … … … … … … … … …
ഇക്കൊല്ലത്തെ ഓണാഘോഷങ്ങളൊക്കെ കഴിഞ്ഞു… കേരള സമാജം ഇപ്രാവശ്യം പ്രത്യേക അതിഥികളെയൊക്കെ ക്ഷണിച്ചിരുന്നു… എന്റെ രണ്ടുമൂന്നു സുഹൃത്തുക്കളെ ഞാനും ക്ഷണിച്ചിരുന്നു. ഞാൻ അധികനേരവും സ്റ്റേജിലായതിനാൽ അവരെ ശ്രദ്ധിക്കാൻ എനിക്ക് സാധിച്ചില്ല… എന്നാലും അവർക്ക് ബോറടിച്ചില്ല എന്നു പറഞ്ഞു… മലയാളം അറിഞ്ഞാൽ പോലും പലപരിപാടികളും നല്ല ബോറാണു്… ഭാഷ അറിയാതെ ബോറടിച്ചില്ല എന്നു ചുമ്മാ നല്ല വാക്കു പറഞ്ഞതാവുമോ?
അല്ല അതു കാരണമായിരിക്കും നിലവാരം മനസ്സിലാവാഞ്ഞതു് ;)
ഞങ്ങളുടെ സ്ഥിരം നടത്തിപ്പുകാരുടെ അഭാവം നന്നായി അറിയാമായിരുന്നു. അതേക്കുറിച്ചു പറഞ്ഞു നിങ്ങളെ ബോറടിപ്പിക്കുന്നില്ല.
അപ്പൊ ഇന്നത്തെ ന്യൂസ് അപ്ഡേറ്റിൽ ഇത്രക്കൊക്കെയേ ഉള്ളൂ. അപ്പൊ ആ മുടിയനായ പുത്രന്റെ കഥ പറഞ്ഞില്ലല്ലോ അല്ലേ.
അത് ഞാൻ തന്നെ. മുടിപ്പിക്കുന്ന പുത്രൻ എന്ന രീതിയിലല്ല. നല്ല പോലെ മുടിയുള്ള പുത്രൻ എന്ന രീതിയിൽ. എന്തോ ഒരു വട്ടിനു ഞാൻ എന്റെ മുടി നീട്ടി വളർത്താൻ തീരുമാനിച്ചു. ജസ്റ്റ് ഫോർ എ ഹൊറർ എന്നൊക്കെ പറയാം.
ആരൊക്കെയോ മൂക്കത്തു കൈ വെച്ചു കാണും. സാരല്ല്യ… വയസ്സാൻ കാലത്തെങ്ങാൻ മുടിവളർത്തിയില്ലല്ലോ എന്നു കുറ്റബോധം തോന്നണ്ടല്ലോ… അതിനാ ഇപ്പൊ ഇതു ചെയ്യുന്നതു്. :) എന്തൊരു ദീർഘദർശിത്വം.
പിന്നെ, എനിക്കു ഡ്രൈവിങ്ങ് ലൈസെൻസ് കിട്ടിട്ടോ. റോസിന്റെ പോലെ നന്നായി എഴുതാനുള്ള കഴിവൊന്നും എനിക്കില്ല… അതാ ആ തമാശകളൊന്നും എഴുതാത്തതു്.
ഇനി പിന്നെക്കാണാം.
സ്നേഹാദരങ്ങളോടെ, ഞാൻ.
~
11 comments:
ഞാൻ കാടുകയറുന്നോ? ഇല്ലല്ലോ?
മുടി നീട്ടി കാട്ടിലോട്ട് കയറിക്കോ.
ആത്മകഥയാണെന്ന് തലക്കെട്ട് കണ്ടപ്പഴേ തോന്നി.
:)
നന്നായിട്ടുണ്ട്. കാട്ടിലൊന്നും കയറിയിട്ടില്ല.
കരിങ്കല്ലേ.,മുടിയനാവുന്നതു കൊള്ളാം. കേശഭാരവുമായി നടക്കുന്ന പെണ്‍കുട്ടികളെ കൂറിച്ചൊരു അവബോധം വരട്ടെ.:)
ലൈസന്‍സ് കിട്ടിയതിനു അഭിനന്ദന്‍സ് ട്ടോ. പിന്നെ എന്റെ പോസ്റ്റ് നോക്കിയാണെങ്കില്‍ ശകട പോസ്റ്റിടാന്‍ എഴുതാനുള്ള കഴിവല്ല കല്ലേ വേണ്ടത്.വണ്ടിയേതാ ഞാനേതാ എന്നു തിരിച്ചറിയാന്‍ പറ്റാത്ത വിധത്തില്‍ അതിന്റെ മുകളിലേറി എന്നെപ്പോലെ എങ്ങനെ മണ്ടത്തരം കാട്ടാം എന്ന കഴിവാണു വേണ്ടതു.:)
മുടിയനായ പുത്രാ...
ആത്മ കഥകള്‍ ഇനിയും പോ ര ട്ടെ!!
Athu sheri... Appo coolsunile chitrathilethu original mudi thanneyaanalle... Njan karuthy carnivalinte aakumennu :D
Vivek.
ആഹ കൊള്ളാം. മുടി നീട്ടി വളര്‍ത്തുന്നവരുടെ പ്രാരാബ്ദം കൂടെ അനിയന് ഒന്നറിയണമല്ലോ..യേത്?
നന്നായിട്ടുണ്ട്.
നല്ല ഭാവിയുണ്ട്..
ആശംസകള്‍...
വെപ്പുമുടി കാരണമാണൊ മുടിയനായ പുത്രനായത്..
:)
യേയ്... ഒരു പ്രശ്നവുമില്ല സന്ദീപേ... :)
Post a Comment