ഞാൻ ഭൂഗർഭറെയിൽവേ സ്റ്റേഷനിൽ നിന്നു പുറത്തേക്കു വരുമ്പോൾ പുസ്തകക്കടയുടെ മുമ്പിൽ ഇരുട്ടത്തു നിൽക്കുകയായിരുന്നു അവൾ. നല്ല ഉയരത്തിൽ സുന്ദരിയായൊരു പെൺകുട്ടി. ഞാൻ വളരെ അടുത്തെത്തിക്കഴിഞ്ഞിട്ടേ അവൾ എന്നെക്കണ്ടുള്ളൂ. ഉടനെത്തന്നെ ഞങ്ങൾ കെട്ടിപ്പിടിച്ചു, യൂറോപ്യൻ രീതിയിൽ കവിളുകൾ മുട്ടിച്ചു.
അവളുടെ പേരു ലുഡ്മില. നമുക്കൊരു രണ്ടു വർഷം പുറകോട്ടു പോകാം – 2007 മാർച്ച് മാസം. ഞാൻ താമസം മാറി പുതിയ സ്ഥലത്തെത്തിയ സമയം. എന്റെ മുറിയുടെ ഒരു വശത്തു് ലുഡ്മിലയും മറുവശത്തു ഓസ്മാനും താമസം.
ഞാൻ പൊതുവേ ആളുകളെ കണ്ടാൽ വളരെ പെട്ടെന്നു തന്നെ അടുക്കുന്ന സ്വഭാവക്കാരനാണു്. പെൺകുട്ടികളാണെങ്കിൽ പ്രത്യേകിച്ചും. ;)
ഈ കുട്ടിയാണെങ്കിൽ പഠിക്കുന്നതു് “നരവംശശാസ്ത്രം” – എന്നിൽ കൌതുകമുണർത്തിയ ഒരു സംഭവം. പകുതി സ്ലൊവാക്യൻ, പകുതി ജർമ്മൻ. അച്ഛനമ്മമാർ പിരിഞ്ഞു.
ഞങ്ങൾ ഒരുപാടു സംസാരിക്കാൻ തുടങ്ങി. പക്ഷേ തുടക്കത്തിലേ എനിക്കു മനസ്സിലായിരുന്നു – ആ കുട്ടി സ്വവർഗ്ഗരതിക്കാരിയാണെന്നു്. എങ്ങനെയെന്നു ചോദിക്കരുതു് – ചില ആൾക്കാരെ കണ്ടാൽ അവരുടെ തൊഴിൽ/ഡീറ്റെയിത്സ് ഒക്കെ എനിക്കു് മനസ്സിലാവും. (ആരും എഴുതാപ്പുറം വായിച്ചു ബുദ്ധിമുട്ടണ്ട. അങ്ങനെ ഒരു കഴിവു നിലവിലുണ്ട്, ആ കഴിവുള്ള ഒന്നോ രണ്ടോ പേരെ എനിക്കറിയേം ചെയ്യാം)
എന്റെ ഒരു സുഹൃത്തിനോടു ഞാൻ പറയുകയും, വേണ്ടാതീനം പറയരുതെന്നു തെറി കേൾക്കുകയും ചെയ്തു. ആ സുഹൃത്ത് പിന്നീടൊരിക്കൽ എന്നോടു സമ്മതിക്കുകയും ചെയ്തു – എനിക്കു ആൾക്കാരെ ഇത്തിരി കണ്ട്, ഒത്തിരി മനസ്സിലാക്കാനുള്ള കഴിവുണ്ടെന്നു്.
2-3 മാസം കഴിഞ്ഞു ഒരു ദിവസം ഞാൻ ഉച്ചക്കു വീട്ടിൽ വന്ന്, അടുക്കളയിലേക്കു പോയപ്പോൾ അവിടെ ദാ നിൽക്കുന്നു ഈ കുട്ടി. ഓറഞ്ചു് നിറത്തിലുള്ള ബിക്കിനിയും അണിഞ്ഞു്. എന്നിട്ടെന്നോടൊരു ചോദ്യം – “ദാ ഇന്നു വാങ്ങിയതാ, എങ്ങനെയുണ്ട് സന്ദീപേ” എന്നു്?
എവിടെപ്പോയി ഒളിക്കണമെന്നറിയില്ലായിരുന്നു എനിക്കു്. ;) ബിക്കിനിയിട്ട ഒരു സുന്ദരി “കാണാൻ കൊള്ളാമോ” എന്നു ചോദിക്കുമ്പോൾ ചമ്മാതിരിക്കാൻ പഠിച്ചിരുന്നില്ല അന്നു ഞാൻ. ഇന്നാണെങ്കിൽ, സാമാന്യം കോമാളിത്തരം പറയാനുള്ള പഠിപ്പായി! ;)
എന്തൊക്കെപ്പറഞ്ഞാലും ഞങ്ങൾ ഒരുപാടു സംസാരിച്ചിരിക്കുമായിരുന്നു. ഒരുപാടൊരുപാടു്.
പിന്നീടാക്കുട്ടിക്കൊരു ഗേൾഫ്രണ്ടിനെക്കിട്ടി… അപ്പോഴേക്കും എന്റെ മറ്റേ സുഹൃത്തിനു ഞാൻ പറഞ്ഞതു ശരിയാണു് എന്നു് മനസ്സിലായിരുന്നു.
ഗേൾഫ്രണ്ടുകൾ ഒരുമിച്ചു വീടെടുത്തു മാറി, പിന്നീടൊരു ന്യൂസും ഇല്ല.
മഹാഭാരതത്തിൽ പറയുന്ന പോലെ, കാലചക്രം തിരിഞ്ഞുകൊണ്ടിരുന്നു.
അങ്ങനെയിരിക്കുമ്പോൾ ഒരു 4 ആഴ്ച മുമ്പ് എനിക്കൊരു ഈമെയിൽ കിട്ടി. അന്നു അവൾ വീടു മാറി പോയതിനു ശേഷമുള്ള എല്ലാ വിശേഷങ്ങളും വിശദീകരിച്ചൊരു ഈമെയിൽ. ഒന്നു മീറ്റിയാലോ എന്നു ഞാനും ചോദിച്ചു. അങ്ങനെ അവളുടെയും എന്റെയും തിരക്കുകളൊക്കെ കഴിഞ്ഞപ്പോൾ മിനിഞാന്നായി.
കണ്ടുമുട്ടിയതിനു ശേഷം വിശേഷങ്ങളുടെ തീരാപ്രവാഹമായിരുന്നു. കഴിഞ്ഞ 2 വർഷത്തെ വിശേഷങ്ങൾ പങ്കുവെക്കൽ 3-4 മണിക്കൂർ തീരാതെയുള്ള സംസാരമായി, ഒരുമിച്ചു പോയി ഭക്ഷണം കഴിക്കലായി.
എന്തിനധികം പറയാൻ … 3-4 മണിക്കൂറുകൾ കൊണ്ടു പണ്ടത്തേതിനേക്കാൾ നല്ല സൌഹൃദമായി. ഒരു വളരെ നല്ല മനസ്സിനുടമ. ഇനിയൊരിക്കലും ആ സൌഹൃദം മായുകയില്ല എന്നു തോന്നുന്നെനിക്കു്.
അല്ല, ഞാൻ ആലോചിക്കുകയായിരുന്നു. ഈ സ്വവർഗ്ഗപ്രേമം കാരണം ആ കുട്ടി കുറച്ചൊക്കെ സഹിച്ചിട്ടുണ്ട്. ആൾക്കാരുടെ മനസ്സിലൊക്കെ ഇപ്പോഴും ഇരുട്ടാണല്ലോ എന്നോർത്തെനിക്കു വിഷമം തോന്നുന്നു.
എനിക്കിവിടെ വേറൊരു സുഹൃത്തുണ്ട്… പുള്ളിക്കാരി വീട്ടു പണികളിൽ സഹായിക്കുന്ന ജോലിയായി നടന്നിരുന്നു കുറച്ചു കാലം. എന്നിട്ടൊരിക്കൽ എന്നോടു കരഞ്ഞു പറഞ്ഞതോർമ്മയുണ്ടെനിക്കു് – സന്ദിപേ, എന്റെ ജോലി നോക്കി എന്നെ ഒഴിവാക്കി നിർത്താത്ത ഒരേയൊരുത്തൻ നീയാണെന്നു്. ഇപ്പൊ ആ കുട്ടി നല്ല നിലയിൽ എത്തി, വിവാഹവും കഴിഞ്ഞു. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളും ആണ്.
അപ്പൊ കൂട്ടുകാരേ… ആൾക്കാരെ വിലയിരുത്തണമെന്നു നിർബന്ധമാണെങ്കിൽ അവരുടെ മനസ്സിന്റെ വലിപ്പം നോക്കി വിലയിരുത്തൂ… അല്ലാതെ ജോലിയോ ലൈംഗികതയോ നോക്കിയല്ല.
ഉറക്കം വരുന്നു. ഇനി ഞാനുറങ്ങട്ടെ.
സസ്നേഹം, കരിങ്കല്ലു്.
8 comments:
അപ്പൊ കൂട്ടുകാരേ… ആൾക്കാരെ വിലയിരുത്തണമെന്നു നിർബന്ധമാണെങ്കിൽ അവരുടെ മനസ്സിന്റെ വലിപ്പം നോക്കി വിലയിരുത്തൂ… അല്ലാതെ ജോലിയോ ലൈംഗികതയോ നോക്കിയല്ല.
നല്ല പോസ്റ്റ് സന്ദീപ് ...
നല്ല ഗുണപാഠം ...
ഇവിടെയൊക്കെ കുറേ കൂടി നാട്ടിലേയ്ക്കാൾ സമത്വം ഉണ്ടെന്നാണു് തോന്നിയിട്ടുള്ളത്.. ജെ.സി.ബി ഓപ്പറേറ്റർമാര്‍ക്കും, സൂപ്പര്‍മാര്‍ക്കറ്റിലൊക്കെ സാധനം എടുത്തു കൊടുക്കുന്നവര്‍ക്കുമൊക്കെ മറ്റേതൊരു വെള്ളക്കോളർ ജോലിയ്ക്കാരെയും പോലെ തന്നെ ഉള്ള ശമ്പളം കിട്ടുന്നത് കണ്ടിട്ടൂണ്ട്.. [സ്വിസ്സിലെ കാര‍്യ്മാണു് , ബാക്കി യൂറോപ്പിലും ശരിയാണോന്ന് അറിയില്ലാ.. ]
കല്ലേ.,ചങ്ങാത്തത്തിനു പോസ്റ്റിലൂടെ നല്കിയ ഈ പുതിയ ഗുണപാഠം നന്നു.ലുഡ്മിലയെ പോലുള്ളവരെ മനസിലാക്കാനുള്ള നന്മ മറ്റുള്ളവര്‍ക്കും ഉണ്ടായിരുന്നെങ്കില്‍ അല്ലേ..
റോസ് പറഞ്ഞപോലെ നല്ല ഗുണപാഠം. മനസ് നോക്കി വിലയിരുത്താത്തത് എത്രയോ പേരെ വേദനിപ്പിക്കുന്നുണ്ടാവും.
കരിങ്കല്ലില്‍ നിന്ന് മറ്റൊരു നല്ലപാഠവും കൂടി.
അകം മൃദുവായ ഈ കരിങ്കല്ലിന് നന്ദി.
ശരിയാണ് സന്ദീപേ... ഓരോരുത്തരുടെയും നല്ല മനസ്സു മാത്രം മനസ്സിലാക്കി അവരുമായി സൌഹൃദം നിലനിര്‍ത്തുന്നവരാണ് യഥാര്‍ത്ഥ സുഹൃത്തുക്കള്‍.
eneettille ithu vare....
u r correct....
നല്ല മനസ്സുള്ള നല്ല കരിങ്കല്ല് കുട്ടി..
Post a Comment