എന്റെ സിക്സ്പായ്ക്ക് കഥ നടന്നതു ഞാന്‍ ഐ ഐ ടിയില്‍ പഠിക്കുന്ന കാലഘട്ടത്തിലാണു്.
ആ കാലഘട്ടത്തില്‍ നടന്ന മറ്റൊരു സംഭവം ഈയടുത്തായി ഓര്‍ത്തു പോയി. നമ്മുടെ ഒരു സഹബ്ലോഗ്ഗര്‍ ഈയടുത്തായി തെലുങ്കു പഠിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ഇന്ത്യയിലെ ഒരു വിധം എല്ലാ യൂണിവേഴ്സിറ്റികളിലും ഒരു തരം തെലുങ്കാധിപത്യം ഉണ്ട്. ഇതു ബിരുദാനന്തരബിരുദത്തിന്റെ കാര്യത്തിലേ ഉള്ളൂട്ടോ.
നമ്മള് മലയാളികള്‍ അങ്ങനെ ഉള്ള സ്ഥലങ്ങളില്‍ ചെന്നു പെട്ടുകഴിയുമ്പോള്‍ ഒരു തെലുങ്ക് പ്രേമം മനസ്സില്‍ പൊട്ടി മുളക്കും. ശരിയായ പ്രേമം തഴച്ചു വളരാനുള്ള ഒരു മുന്നൊരുക്കം മാത്രമാണിതു്. ഭാഷയില്ലാതെ എങ്ങനെയാണു് തെലുങ്കത്തിക്കുട്ടികളെ വളച്ചെടുക്കുന്നതു് അല്ലേ? :)
അപ്പൊ എന്റെ കഥ കേള്‍ക്കാന്‍ തയ്യാറായോ?
വായ്നോട്ടവും പഞ്ചാരയും പണ്ടുമുതലേ എന്റെ വീക്ക്നെസ്സ് ആണു്. തൃശ്ശൂര്‍ എഞ്ചിനിയറിങ്ങിനു പഠിക്കുമ്പോഴേ ഉള്ളതാണെങ്കിലും മദ്രാസിലെത്തി കുറച്ചു പുതിയ കുട്ടികളെ കണ്ടപ്പോള്‍ ആ അസുഖം അങ്ങനെ അങ്ങു കൂടി.
എന്നും വൈകി ലാബിലിരിക്കുക, വൈകി ഇരിക്കുന്ന കുട്ടികളെ ഹോസ്റ്റല്‍ വരെ കൊണ്ടാക്കുക. (ലോകത്തിലെ ഏറ്റവും സേഫ് ആയ സ്ഥലങ്ങളില്‍ ഒന്നാണു ആ ക്യാമ്പസ്. ഏതു രാത്രിയും ആര്‍ക്കും സമാധാനമായി പോകാം) എന്നാലും നമ്മള് കൊണ്ടു വിട്ടില്ലെങ്കില്‍ അതു മോശമല്ലേ? യേതു്?
അവര്‍ക്കും കുഴപ്പമില്ലായിരുന്നെന്നു തോന്നുന്നു.
അങ്ങനെ ആണു ഞാന്‍ സ്വര്‍ണ്ണയെ പരിചയപ്പെടുന്നതു്. എന്റെ ക്ലാസ്സിലെ തന്നെ ഒരു തെലുങ്കത്തിക്കുട്ടി.
പിന്നീടു് ഞങ്ങള്‍ ലാബില്‍ വൈകി ഇരിക്കുന്ന പരിപാടി ഒക്കെ നിര്‍ത്തി. വൈകീട്ടു നേരത്തെ തന്നെ ഊണൊക്കെ കഴിച്ചു നടക്കാന്‍ പോകുന്നതു് പതിവാക്കി. ക്യാമ്പസില്‍, കൂടെ നടക്കാന്‍ പോവാന്‍ കൂട്ടുണ്ടെങ്കില്‍ പിന്നെ എന്തിനു ലാബില്‍ അവരുടെ പ്രോഗ്രാമിങ്ങ് കഴിയാന്‍ കാത്തിരിക്കുന്നു.
നമ്മള് മലയാളികളുടെ ഇടയില്‍ ഈ കാര്യങ്ങളൊക്കെ പരസ്യമാവാന്‍ അധികം സമയമൊന്നും വേണ്ടല്ലോ അല്ലേ?
നമ്മുടെ നജീബ് മാഷുടെ ആഭിമുഖ്യത്തിലായിരിക്കണം എനിക്കെതിരേയുള്ള കുപ്രചരണം ആരംഭിച്ചതു്.
എന്നും എന്നെ കണ്ടാല്‍ ഒരു വിധം എല്ലാ മലയാളി സഖാക്കളും ചോദിക്കാന്‍ തുടങ്ങി.
സന്ദീപേ, സ്വര്ണ്ണത്തമ്പോല എത്രത്തോളമായീ? വല്ലതും തടയാറായോ എന്നൊക്കെ!
എന്റെ കൂടെ നടക്കുന്ന പെണ്കുട്ടിയല്ലേ, അതിനും കുറച്ചൊക്കെ ബുദ്ധിവെച്ചുകാണില്ലേ എന്റെ കൂടെ നടന്നു നടന്നു്? ഈ കളിയാക്കലും സംഭവവും ഒക്കെ കഴിഞ്ഞപ്പൊ നമ്മുടെ കുട്ടി കുട്ടിയുടെ പാട്ടിനു പോയി.
സ്വര്‍ണ്ണം പോയാലെന്താ... പിന്നെയും ഇല്ലേ കുട്ടികള്‍? നല്ല തങ്കം തങ്കം പോലുള്ള കുട്ടികള്‍?
അങ്ങനെയാണു സീത നമ്മുടെ ഫ്രെയിമില്‍ വരുന്നതു്. ഉള്ളതു പറയണമല്ലോ.. എന്റെ കയ്യിലൊന്നും ഒതുങ്ങില്ല എന്നു നല്ല ഉറപ്പുണ്ടായിരുന്നു അന്നേ തന്നെ. അതിസുന്ദരിയായ അവള്‍ക്കൊക്കെ നല്ല മിടുക്കന് പയ്യന്മാരെ കിട്ടില്ലേ?
എന്നാലും സായന്തനങ്ങളില്‍ ഞാന്‍ ലാബില്‍ ഇങ്ങനെ വലയുമായി ഇരുന്നു. അത്യാവശ്യം നര്‍മ്മ സല്ലാപങ്ങളും ഒക്കെയായി കഴിഞ്ഞു.
അതിനിടയില്‍ ഒരു ദിവസം നമ്മുടെ സീതക്കെന്നോടു് നല്ല അടുപ്പം! എന്തായിതു്? ലോകം കീഴ്മേല്‍ മറഞ്ഞോ എന്നൊക്കെ ചിന്തിക്കാന്‍ തുടങ്ങി ഞാനും.
എന്തായാലും, സീത എന്നോടു സംസാരിച്ചിരിക്കുന്നതില്‍ എനിക്ക് യാതൊരു വിഷമവും ഉണ്ടായില്ല. ഒരു 30 മിനുട്ട് കഴിഞ്ഞപ്പോള്‍ കാര്യം പിടികിട്ടി.
സന്ദീപേ ... നിന്റെ പ്രോഗ്രാം ഞാനൊന്നു കോപ്പി ചെയ്തോട്ടേ എന്നു്!
അപ്പൊ സ്നേഹമല്ല പ്രോഗ്രാമ്മിങ്ങാണഖില സാരമൂഴിയില്‍ എന്നു ആശാനോടു (കുമാരനാശാന്)പറയാന്‍ തോന്നി എനിക്കു്.
എന്തൊക്കെ പറഞ്ഞാലും ചോര നീരാക്കി എഴുതിയുണ്ടാക്കിയ പ്രോഗ്രാം മാത്രം വിട്ടു കൊടുക്കാന്‍ വയ്യ. അതു പറ്റില്ല എന്നു പറഞ്ഞതോടെ, എന്റെ വലയും ഹൃദയവും ഒക്കെ ഒരുമിച്ചു തകര്‍ത്തെറിഞ്ഞു പോയി താടക.. അല്ല മൈഥിലി. ഐ മീന്‍ സീത.
സ്വര്‍ണ്ണയും സീതയും തെലുങ്കുദേശമായിരുന്നെങ്കില്.. അടുത്തതായി ഹൃദയവല്ലരി പൂവിട്ടതു് നല്ലൊരു മലയാളി (തൃശ്ശൂര്‍ക്കാരി) കുട്ടിക്കായിട്ടായിരുന്നു. (പേരു പറയില്ല)
നല്ല സുന്ദരിക്കുട്ടിയായിരുന്നു. ഒരു ദിവസം വഴിയോരത്തു ഈ സുന്ദരിക്കുട്ടിയുമായി സംസാരിച്ച് നില്ക്കുമ്പോള് ഒരു തമിഴന് സുഹൃത്ത് സൈക്കിളില്‍ അതിലേ പോയി. പിന്നീട് കണ്ടപ്പോഴവന് ചോദിച്ചു - ആരെടാ ആ സുന്ദരിക്കുട്ടി?
അവളുടെ മുഖം തനി തിങ്കള്‍ തന്നെ എന്നായിരുന്നു അവന്റെ അഭിപ്രായം.
ആ കഥ ഒരു കദനകഥയായിപ്പോയി. ഞങ്ങള്‍ ഒന്നു നന്നായി പരിചയപ്പെടുന്നതിനു മുമ്പ്, ക്രൂരനായ വിധി എനിക്കു് ജര്‍മ്മനിയിലേക്കു ട്രാന്‍സ്ഫര്‍ ഓര്‍ഡര്‍ തന്നു.
കുറച്ചു മാസങ്ങള്‍ മാറി നില്ക്കാന് പോകുന്ന എന്നെ അവള് മറക്കാതിരിക്കാന്‍ ഒരു കൊച്ചു സമ്മാനം കൊടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. എന്നും എന്നെന്നും കാണുന്ന, ഒരു സമ്മാനം.
എന്തായിരിക്കും നല്ലതെന്നു കൂലങ്കഷമായി ചിന്തിച്ചു ചിന്തിച്ചു വശക്കേടായ എന്നെ കളിയാക്കി തമിഴന് സുഹൃത്തു് പറഞ്ഞു - "എടാ.. റ്റൂത്തു ബ്രഷ് രണ്ടെണ്ണം വാങ്ങിക്കൊടുക്കു് - എന്നും ഉപയോഗിക്കും" എന്നു്.
പിന്നെ ഞാനൊന്നും തന്നെ ചിന്തിച്ചില്ല. നേരെ പോയി ഒരു "സ്ഫടികഗോളത്തിനകത്തെ പെണ്‍കുട്ടിയും ഡോള്ഫിനും" (ഈശ്വരന്മാരേ ... എന്റെ 150 രൂപ!!) വാങ്ങി, വളരേ റൊമാന്റിക്കായ ഒരു അറ്റ്മോസ്ഫിയറൊക്കെ ഉണ്ടാക്കി അവള്‍ക്കു കൊടുത്തു. (അവളുടെ പ്രതികരണം അറിയാന്‍ ചാരന്മാരെ ഏര്‍പ്പാടാക്കിയ കഥയും, പ്രതികരണമറിഞ്ഞു പുളകമണിഞ്ഞ കഥയും ഒരു 2 പോസ്റ്റിലേക്കുള്ളതുണ്ടു്)
ഒരിക്കല്‍ ആലപ്പി-എക്സ്പ്രസ്സില്‍ ഒരുമിച്ചു യാത്ര ചെയ്ത, മണിക്കൂറുകളോളം സംസാരിച്ചിരുന്ന ഓര്‍മ്മകളുമായി ഞാന്‍ ജര്‍മ്മനിയിലേക്കു യാത്ര തിരിച്ചു.
തിരിച്ചു നാട്ടിലെത്തും മുമ്പേ ആ അണിഞ്ഞ പുളകമൊക്കെ അവള്‍ക്കൊരു കാമുകനുണ്ടെന്നുള്ള വാര്‍ത്തയും വഹിച്ചു വന്ന ഒരു എസ്.എം.എസില്‍ ഒലിച്ചു പോയി.
അപ്പൊ പറഞ്ഞു വന്നതു് .... പ്രേമിക്കാനായി ഭാഷ പഠിക്കുന്നവരേ... അറിയുന്ന ഭാഷ വെച്ചിട്ടു പറ്റുന്നില്ല.. പിന്നെയാണോ അറിയാത്ത ഭാഷ വെച്ചിട്ടു്.
അറിയുന്ന ഭാഷയില്‍ പ്രേമിച്ചാല്‍ തന്നെ പെണ്‍കുട്ടികള്‍ പറയുന്നതു മനസ്സിലാക്കാന്‍ അസാമാന്യ ബുദ്ധി വേണം.
ഉവ്വു എന്നാല്‍ ഇല്ല എന്നര്‍ത്ഥം (എല്ലായ്പോഴുമല്ല .... വല്ലപ്പോഴും)
ഇല്ലെന്നു പറഞ്ഞാലോ ... വേണം എന്നര്‍ത്ഥം (ഇതിനും അങ്ങനെ വ്യവസ്ഥ ഒന്നുമില്ല)
വേണ്ട എന്നു പറഞ്ഞാല്‍ ... നിര്‍ബന്ധിക്കണം എന്നര്‍ത്ഥം
ഇനി നിര്‍ബന്ധിച്ചാലോ? പറഞ്ഞാല്‍ മനസ്സിലാവില്ലേ എന്നൊരു “നോട്ടം” (അതു പറയില്ല.. നോട്ടത്തില്‍ നിന്നു മനസ്സിലാക്കണം)
എന്നാലും ഇതൊക്കെ തന്നെയാണൊരു രസം. ഇതൊന്നും ഇല്ലാതെ ആണുങ്ങളുടെ പോലെ നേരേവാ നേരേപോ നയം ആയാല്‍ അതൊരു സുഖമല്ലല്ലോ അല്ലേ?
അപ്പൊ ഇനി ഞാനുറങ്ങട്ടെ. കുറേ മധുരസ്വപ്നങ്ങളേകും ജയലക്ഷ്മി കാണട്ടെ.
സ്നേഹാദരങ്ങളോടെ,
ഞാന്‍. ഞാന്‍ തന്നെ!
14 comments:
അപ്പൊ പറഞ്ഞു വന്നതു് .... പ്രേമിക്കാനായി ഭാഷ പഠിക്കുന്നവരേ... അറിയുന്ന ഭാഷ വെച്ചിട്ടു പറ്റുന്നില്ല.. പിന്നെയാണോ അറിയാത്ത ഭാഷ വെച്ചിട്ടു്.
ഉവ്വു എന്നാല്‍ ഇല്ല എന്നര്‍ത്ഥം
ഇല്ലെന്നു പറഞ്ഞാലോ ... വേണം എന്നര്‍ത്ഥം
വേണ്ട എന്നു പറഞ്ഞാല്‍ ...
നിര്‍ബന്ധിക്കണം എന്നര്‍ത്ഥം
ഇനി നിര്‍ബന്ധിച്ചാലോ? പറഞ്ഞാല്‍ മനസ്സിലാവില്ലേ എന്നൊരു “നോട്ടം”....
ഉഗ്രന്‍ കണ്ടു പിടുത്തം!!
അതോന്നുമല്ല ആദ്യ തേങ്ങ കരിങ്കല്ലില്‍ ഉടയ്ക്കാന്‍ ഒരു അവസരം കിട്ടി കൂടുതല്‍ എഴുതുന്നില്ല അല്ലേല്‍ തേങ്ങയും കൊണ്ട് ഞാന്‍ ചെല്ലുമ്പോള്‍
അവിടെ നൂറെണ്ണം പൊട്ടും
ഇന്നാ കരിങ്കല്ലെ പിടിച്ചോ
ആദ്യമായി ഞാന്‍ ഒരു ത്യേങ്ങാ അടിക്കട്ടെ...
മുഴക്കത്തോടെ
ഹിഹി അപ്പൊ പന്ചാരയ്ക്ക് വേണ്ടി സാമാന്യം നല്ല രീതിയില്‍ ത്യാഗങ്ങള്‍ അനുഭവിച്ചിട്ടുണ്ട് ല്ലേ.....
നടക്കട്ടെ...:) germanyilum തുടര്‍ന്നോളു...
മാണിക്യം ചേച്ചീ..
എനിക്കത്ര നന്നായൊന്നും അറിയില്ല.. ഒരൂഹം വെച്ചെഴുതിയതാ. സ്ത്രീചിന്തയുടെ ഡീറ്റെയിത്സ് പറഞ്ഞു തരൂ. :)
അഭിലാഷേ.. ആ മുഴക്കം കേട്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു.
കണ്ണനുണ്ണീ...
ജീവിതത്തിന്റെ മാധുര്യം അനുഭവിക്കാന്‍ ഇത്തിരി ബുദ്ധിമുട്ടൊക്കെ ഉണ്ടാവില്ലേ? :)
Kikkidilam article!!!
Pattathathu (pranayam) ini bhashayude kuzhapam karanam aanenkillo??? :P
Vivek.
എന്താണെന്നറിയില്ല കുടിച്ചുകൊണ്ടിരിക്കണ പാലിനു വല്ലാത്ത മധുരം,പഞ്ചാര ഇടാതെ.
ഈ വര ആരുടെ തലേലാണാവോ വരച്ചിരിക്ക്ന്നത്, എന്റെ പഞ്ചാരദൈവങ്ങളേ:)
അതു ശരി. അപ്പോ ഇങ്ങനെ പല തരം അര്‍ത്ഥങ്ങളും അര്ത്ഥവ്യത്യാസങ്ങളുമൊക്കെ പഠിച്ചിരിയ്ക്കണമല്ലേ ഈ പണിയ്ക്ക് ഇറങ്ങാന്‍? (അല്ല, എന്തായാലും ഇനി അങ്ങനെ ഒരു ഉദ്ദേശമുണ്ടെന്ന് അല്ല പറഞ്ഞത്)
ന്നിട്ട്... ഇപ്പഴത്തെ കാര്യം പറയ്... വല്ല ജര്‍മ്മന്‍ ലിങ്കും????
ഹ ഹ !!!
പഞ്ചാരക്ക് ഇപ്പോഴും കുറവൊന്നുമില്ലല്ലോ.
ആ മുയല്ക്കുട്ടിക്കൊക്കെ സുഖം തന്നെ അല്ലെ?
:)
..വേണ്ട എന്നു പറഞ്ഞാല്‍ ... നിര്‍ബന്ധിക്കണം എന്നര്‍ത്ഥം ..
നന്ദി....ഹ ഹ ഹ..
സക്കറിയയുടെ ഒരു കഥയിലെ അച്ചായൻ കോവളത്തുപോയി മദാമ്മമാരെ ലൈനടിക്കാനുള്ള ബുദ്ധിമുട്ട് തനി കോട്ടയം ഭാഷയിൽ പ്രകാശിപ്പിച്ചതോർക്കുന്നു:“എന്നാ മറുഭാഷ പറഞ്ഞാ ഇവറ്റകളോടൊന്നടുക്കുന്നത്:)
ഭാഷ ഭയങ്കര ഒരു പ്രതിസന്ധിയാണ്.അനുഭവങ്ങൾ എഴുതാൻ വയ്യാത്തോണ്ട് എഴുതുന്നില്ല:)
അപ്പൊ,തകര്‍പ്പന്‍ 'പഞ്ചാര' തന്നെ ആയിരുന്നു അല്ലെ..കിലോ കണക്കു പോയി ഇപ്പൊ,ചാക്ക് കണക്കായി അല്ലെ..നടക്കട്ടെ..നടക്കട്ടെ..ഇതൊക്കെ ഇപ്പോഴേ പറ്റൂ ട്ടോ..ചുമ്മാ ഞാനും,വെറുതെ ഒന്ന് തിരിഞ്ഞു നോക്കി..പഴയ 'പഞ്ചാര' ഓര്‍മ്മകളിലേയ്ക്ക്..
കല്ലേ..,പഞ്ചാര മാഹാത്മ്യം കലക്കീട്ടോ.ഇത്രേം പഞ്ചാര വാരി വിതറിയാലും പെണ്‍കിടാങ്ങള്‍ക്ക് നോട്ടം പ്രോഗ്രാമ്മിങ്ങിലായാല് എന്താ ചെയ്യാ.:)
"പൂക്കളും, പ്രേമഗാനങ്ങളു"മുള്ള എല്ലാ കഥകളെയും പോലെ ഇതും രസമായി വായിച്ചു എന്നറിയിച്ചുകൊള്ളുന്നു.
Post a Comment