Sunday, April 19, 2009

പിങ്ക് നിറത്തിലുള്ള .. … .. (അയ്യേ നാണമാകുന്നു)


മജീഷ്യന്‍ പല ട്രിക്കുകളും കാണുച്ചു. തൂവാലയെ മന്ത്രവടിയാക്കി മാറ്റി... കെട്ടിട്ടുവെച്ച ഉറുമാലുകളെ മാ‍ന്ത്രികവിദ്യയാല്‍ സ്വതന്ത്രരാക്കി... അങ്ങനെ പലതും...

പിന്നെ മിഠായിത്തൊലിയെ മിഠായി ആക്കി മാറ്റി..

എന്നിട്ടു ഒരു ട്രിക്കിനു അദ്ദേഹം വിളിച്ചു പറഞ്ഞു... എനിക്കൊരു സഹായിയെ വേണം... സന്ദീപിനു വിരോധമില്ലെങ്കില്‍ സ്റ്റേജിലേക്കു വരൂ എന്നു്...

ഞാന്‍ കയറിച്ചെന്നു... ഒരു മാന്ത്രിക കൊട്ട പോലൊരു സംഭവം എടുത്തിട്ടു് അദ്ദേഹം എല്ലാവര്‍ക്കും കാണിച്ചു കൊടുത്തു... ശൂന്യമായ ഒരു കൊട്ട... എനിക്കും കാണിച്ചു തന്നു... തീര്‍ത്തും ശൂന്യം.

അതിന്റെ വശത്തു കൈ വെച്ചു് എന്തെങ്കിലും ആഗ്രഹിക്കാന്‍ പറഞ്ഞു എന്നോടു്.

ഞാന്‍ കണ്ണടച്ചു... സത്യം പറഞ്ഞാല്‍ ഞാനൊന്നും തന്നെ ആഗ്രഹിച്ചില്ല...

ഒരു നിമിഷം കഴിഞ്ഞു കണ്ണുതുറന്ന എന്നോടു് കൊട്ടക്കുള്ളില്‍ കൈയ്യിട്ടു് ആഗ്രഹിച്ച സാധനം എടുത്തോളാന്‍ പറഞ്ഞു...

ഞാന്‍ കയ്യിട്ടപ്പോഴോ!! ഒരു പിങ്ക് ബ്രേസിയര്‍ :(

ആകെക്കൂടെ ഇത്തിരി മാനമേ ബാക്കിയുണ്ടായിരുന്നുള്ളൂ... ഞാനൊരു പഞ്ചാരയാണെന്നും വായ്‌നോക്കി ആണെന്നും പരക്കെ ഒരു തെറ്റിദ്ധാരണയുണ്ട്.. ഇതിപ്പൊ ഞാന്‍ ഒന്നും ആഗ്രഹിച്ചില്ല എന്നു പറഞ്ഞാല്‍ പോലും അരും വിശ്വസിക്കില്ല...

ഇനി ഒരു രഹസ്യം ... പരിപാടിക്കൊരു 10-15 മിനിട്ടു് മുമ്പ് മജീഷ്യന്‍ എന്നോടു പറഞ്ഞിരുന്നു... ഇതാണു് സംഭവം എന്നു്. കാണികളില്‍ പുള്ളിക്കു് പിടിച്ചതു് എന്നെയായിരിക്കണം ... അത്യാവശ്യം നല്ല തൊലിക്കട്ടി ഉള്ള ആളെയല്ലേ കളിയാക്കാന്‍ പറ്റുള്ളൂ.. അതാണു് സംഭവം.. എന്തായാലും കലക്കി.

ജര്‍മ്മനില്‍ ഒരു പഴമൊഴി ഉണ്ട്... "Was sich neckt, das liebt sich" - എന്നു്.. അര്‍ത്ഥം എന്തെന്നാല്‍.. നിങ്ങള്‍ എന്തിനെയെങ്കിലും കളിയാക്കുന്നുണ്ടെങ്കില്‍... അതിനെ ഇഷ്ടമുള്ളതു കൊണ്ടാണു് കളിയാക്കുന്നതു് എന്നു്… അതു കൊണ്ടുതന്നെ ചെറിയ കളിയാക്കലുകളെ ഒക്കെ ഞാന്‍ നല്ല തമാശ ആയിട്ടേ എടുക്കാറുള്ളൂ.

ഇന്നെന്റെ ദിവസമായിരുന്നു - മ്യൂണിക് കേരളസമാജം വക വിഷു ഈസ്റ്റര്‍ ആഘോഷങ്ങളുടെ ദിവസമായിരുന്നു ഇന്നു്.

എന്തൊക്കെ പറയണം എന്നറിയില്ല...  എന്നാലും ഒരു രണ്ടു വാക്കു പറയാതെ പോകാന്‍ വയ്യ. എന്റെ വായനക്കാരില്‍ അധികവും പ്രവാസികള്‍ ആണെങ്കിലും ഇത്രയും നല്ലൊരു ആഘോഷം നിങ്ങള്‍ക്കുണ്ടായിക്കാണില്ല.. ഇനി പ്രവാസികളല്ലാത്തവര്‍ക്കും അറിയണ്ടേ എന്താണു് നടക്കുന്നതു് എന്നു്.

ഞങ്ങള്‍ എല്ലാരും രാവിലെ ഒരു പതിനൊന്നു പന്ത്രണ്ടോടെ ഒത്തുചേര്‍ന്നു. ആദ്യം ഭക്ഷണം തന്നെ  ആയിരുന്നു പരിപാടി.

എന്നും അതിന്റെ ചുമതല ജോണിച്ചേട്ടനും ബേബിച്ചേച്ചിക്കും തന്നെ... ഇങ്ങനെയുള്ള പരിപാടികള്‍ക്കു ഭക്ഷണം ശരിപ്പെടുത്തുന്നവരെ സമ്മതിക്കുക തന്നെ വേണം .... ഡസന്‍ കണക്കിനു ആള്‍ക്കാര്‍ വരും ഭക്ഷണം കഴിക്കാനും വെറുതെ ഇരുന്നു കുറ്റം പറയാനും... ഇതൊക്കെ ഒരുക്കുന്നവര്‍ക്കോ ഒരു പ്രശസ്തിയും ഇല്ല... ആരും തന്നെ അവരെ അറിയുന്നും ഇല്ല. നല്ല സന്മനസ്സും ക്ഷമയും ഉള്ളവര്‍ക്കേ ഇതൊക്കെ പറഞ്ഞിട്ടുള്ളൂ...

പിന്നെ ഒരു കുറുബാന... (പള്ളിയിലല്ലേ പരിപാടി) :)

പിന്നെയാണു് കലാപരിപാടികള്‍... ഇന്നത്തെ ഒരു അവതാരകന്‍ ഞാനായിരുന്നു. വലിയ തരക്കേടില്ലാതെ ചെയ്തെന്നു തോന്നുന്നു. കൂട്ടത്തില്‍ ഞാനൊന്നു രണ്ടു പാട്ടും പാടി... ഒരു പാട്ടിനു ചുവടും വെച്ചു.... (ചുവടൊന്നും അല്ല.. മോഹന്‍ലാലായി അഭിനയിക്കല്‍ ആയിരുന്നു എന്റെ ചുമതല..) നന്നായിരുന്നു എന്നാണു് തോന്നുന്നതു്. എന്തായാലും പാട്ടിനു ചുവടു വെച്ച എന്റെ സുഹൃത്തു് 'മണി' കലകലക്കി. :) )

ഓമലാളെക്കണ്ടു എന്ന പാട്ടും, ഇന്ദുലേഖ കണ്‍‌തുറന്നു എന്ന പാട്ടും ആണു് ഞാന്‍ പാടിയതു്.. കരോക്കെ ഒക്കെ വെച്ചായിരുന്നു. അത്ര നന്നായി എന്ന അഭിപ്രായം എനിക്കില്ല.. തരക്കേടില്ലായിരുന്നു എന്നു് തോന്നുന്നു.. എന്നാലും സഭാകമ്പം, നാണം എന്നീ സല്‍ഗുണങ്ങള്‍ ഇല്ലാത്തതിനാല്‍ എനിക്കൊരു പ്രശ്നവും ഇല്ല...

എന്തിനധികം പറയാന്‍ ഈ രണ്ടു പാട്ടും പാടിയതിന്റെ പേരില്‍ അമ്മുഓപ്പോളുടെ കളിയാക്കലിനും ഇരയായി ഞാന്‍. പിന്നെ മുകളില്‍ പറഞ്ഞ പോലെ... എന്നെ ഇഷ്ടമുള്ളതു കൊണ്ടല്ലേ കളിയാക്കുന്നതു്... അതു തന്നെ ഒരു സന്തോഷമല്ലേ?

ഇവിടെ മ്യൂണിക്കില്‍ വന്നു പരിചയപ്പെട്ട ആളുകളില്‍ ഒന്നാം നിരയില്‍ നില്‍ക്കുന്നവരാണ്‍  അമ്മുച്ചേച്ചിയും കുഞ്ഞന്‍‌ചേട്ടനും..  എന്റെ ഭാഷയില്‍ പറഞ്ഞാല്‍ നല്ല ചക്കര മനുഷ്യര്‍ (അവര്‍ക്കു ആകെ ഒരു കുറവുള്ളതു് ഈ ബ്ലോഗ്ഗ് വായിക്കുന്നു എന്നതാണു്.)

ആള്‍ക്കാ‍രെക്കൊണ്ടു് കലാപരിപാടികള്‍ ചെയ്യിപ്പിക്കുക എന്നതു് എളുപ്പമുള്ള പണിയല്ല. അതാണീ അമ്മു കുഞ്ഞന്‍ ദമ്പതികളുടെ പണി :) ആള്‍ക്കാരുടെ പിന്നാലെ നടക്കണം.. നല്ല എനര്‍ജിയും എന്തൂസിയാസവും വേണം. 

സ്റ്റേജില്‍ കയറി, കാണികളെ ഉപദ്രവിക്കുക എന്നതു് എനിക്കാണെങ്കില്‍ ഇഷ്ടമുള്ള പണിയും... :) അങ്ങനെയാണു് ഞാനിവരുടെ കയ്യില്‍ പെട്ടതു്.  :)

അതു പറഞ്ഞപ്പോഴല്ലേ ഓര്‍ത്തതു്.. ഇന്നൊരു നല്ല സുന്ദരിക്കുട്ടിയെ കണ്ടു. ഒരു നല്ല തിരുവനന്തപുരം മലയാളിപ്പെണ്‍കുട്ടി... സുന്ദരി, നല്ല വായനാശീലം, നല്ലകുട്ടി. നന്നായി പാടുകയും ചെയ്യും. (ആള്‍ക്കാരെ സ്റ്റേജില്‍ കയറ്റുന്ന കഴിവെനിക്കും ഉണ്ടെന്നാണു തോന്നുന്നതു് – ഞാനല്ലേ പറഞ്ഞു പാടിച്ചതു്)

ഇനിയല്ലേ സന്തോഷമുള്ള കാ‍ര്യം വരുന്നതു്. ഞങ്ങളുടെ കൂട്ടത്തിലെ സുന്ദരനെയും  സുന്ദരിയെയും കണ്ടുപിടിക്കാനുള്ള മത്സരം ഉണ്ടായിരുന്നു. അതില്‍ നമ്മുടെ ഈ സുന്ദരിക്കുട്ടി വോട്ടു് ചെയ്തതു് എനിക്കായിരുന്നു. (ഞാനും മറ്റൊരു 'സുന്ദരനും' ഒന്നാം സ്ഥാനം പങ്കിടുകയും ചെയ്തു!... ഞാനാണു് സുന്ദരനെങ്കില്‍ മറ്റുള്ളവരുടെ കാര്യം ആലോചിക്കണ്ടല്ലോ അല്ലേ!?) ;)

അപ്പൊ എല്ലാം കൊണ്ടും ഒരു നല്ല ദിവസം.. ഈ ദിവസത്തിന്,  ഞാന്‍ മുകളില്‍ പറഞ്ഞ ആള്‍ക്കാര്‍ക്കു നന്ദി പറഞ്ഞേ തീരൂ. ഈ ലോകത്തില്‍ അധികവും നല്ല ആള്‍ക്കാരാണു്.. എന്നാല്‍ വളരെ വളരെ വളരെ നല്ല ആള്‍ക്കാര്‍ കുറച്ചേ ഉള്ളൂ... അങ്ങനെയുള്ള കുറച്ചു സുഹൃത്തുക്കളെ കിട്ടാന്‍ ഭാഗ്യം തന്നെ ചെയ്യണം ... ഞാന്‍ ചെയ്തിട്ടുണ്ടെന്നു തോന്നുന്നു! :)

(ബോറടിച്ചോ? സാരല്ല്യ... ഇടക്കൊക്കെ രസിപ്പിച്ചിട്ടുള്ളതല്ലേ.. വല്ലപ്പോഴും ബോറടിപ്പിക്കേം ചെയ്യണ്ടേ?)

സ്നേഹാദരങ്ങളോടെ, ഞാന്‍, കരിങ്കല്ല്.

20 comments:

Sands | കരിങ്കല്ല് said...

(ബോറടിച്ചോ? സാരല്ല്യ... ഇടക്കൊക്കെ രസിപ്പിച്ചിട്ടുള്ളതല്ലേ.. വല്ലപ്പോഴും ബോറടിപ്പിക്കേം ചെയ്യണ്ടേ?)

മാണിക്യം said...

നല്ലൊരു ദിവസത്തിന്റെ
ഓര്‍മ്മകള്‍‌ പങ്കു വച്ചതില്‍ വളരെ സന്തോഷം
എന്തേ ചിത്രങ്ങള്‍ കൂടി ഉള്‍‌പ്പെടുത്തീല്ലാ?
കൂട്ടത്തിലെ സുന്ദരന്‍ പട്ടം കിട്ടിയതിനു അഭിനന്ദനങ്ങള്‍!

അയല്‍ക്കാരന്‍ said...

ബോറഡിച്ചില്ല. എന്നാലും മാണിക്യമൊക്കെ പറഞ്ഞപോലെ ആ സുന്ദരീന്റെ ഒരു ഫോട്ടോം കൂടി ഇട്ടിരുന്നെങ്കില്‍...

Anonymous said...

അപ്പോ അടിച്ചുപൊളിച്ചു ഇല്ലേ? അതേ, കുറച്ചു ഫോട്ടോസ് കൂടി ഇടായിരുന്നു.

ഒന്നരക്കാലും കൊണ്ട് ഡാന്‍സ് കളിക്കാഞ്ഞതു ഭാഗ്യം.

അമ്മ.

അനില്‍@ബ്ലോഗ് // anil said...

സുന്ദരാ.............

കുറേ പോസ്റ്റുകളിലായി ചില സുന്ദരികള്‍ ഒളിഞ്ഞും തെളിഞ്ഞും വരുന്നത് ആരും കാണുന്നില്ലെ ബൂലോകരെ.
:)

ശ്രീ said...

ഇതൊക്കെ പങ്കു വയ്ക്കാനല്ലേ സന്ദീപേ ബ്ലോഗ്... :)

എന്നാലും “സുന്ദരാ...” ആ പാടിയ പാട്ടുകള്‍ ഇതിനൊപ്പം പോസ്റ്റാക്കിയിരുന്നെങ്കില്‍...

Rare Rose said...

കല്ലേ..,നല്ല രസികന്‍ കലാപരിപാടികളാണല്ലോ വിഷുവിനൊക്കെ അവിടെ...:)
സുന്ദരപ്പട്ടം കിട്ടിയതില്‍ അഭിനന്ദന്‍സ് ട്ടാ...സുന്ദരിപ്പട്ടം കിട്ടിയതു അപ്പോള്‍ തീര്‍ച്ചയായും ആ മിടുക്കി സുന്ദരി പെണ്‍കൊടിക്ക് തന്നെയാവും ല്ലേ..:)

വാഴക്കോടന്‍ ‍// vazhakodan said...

അടുപ്പമുള്ളവരെ നമുക്ക് ചെറിയ തോതിലോക്കെ കളിയാക്കാം എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്. എല്ലാവരും ആസ്വദിക്കുന്ന കളിയാക്കലാണ് നല്ലതെന്ന് തോന്നുന്നു. ബ്ലോഗ് എന്ന് പറഞ്ഞാല്‍ ഇതൊക്കെയല്ലേ?

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അയ്യയ്യേ :)

smitha adharsh said...

ഭാവിയിലെ മിസ്റ്റര്‍ യൂനിവേര്സ് നു അഭിനന്ദനങ്ങള്‍..
സിക്സ് പായ്ക്ക്,എയിറ്റ് പായ്ക്ക് ഒക്കെ വിരിയിച്ചു നില്‍ക്കുന്ന ഫോട്ടോ പേപ്പറില്‍ നിന്ന് വെട്ടിയെടുക്കേണ്ടി വര്വോ?
പിന്നെ,ആ മാജിക് നു അവസാനം പറഞ്ഞ ആ രഹസ്യം എനിക്ക് തീരെ വിശ്വാസം വന്നിട്ടില്ല.ഇയാള് മനഃപൂര്‍വ്വം ആ സങ്ങതി ആലോചിച്ചു നടന്നത് കൊണ്ട് ആള്‍ക്കാര്‍ക്ക് തനിനിറം പിടികിട്ടി!!

Zebu Bull::മാണിക്കൻ said...

സുന്ദരാ ;), "Was sich neckt, das liebt sich" - ഈ ചൊല്ലിനു നന്ദി. വളരെ ശരിയായിട്ടു തോന്നുന്നു.

Anonymous said...

entha oru coincidence... Njangallkumm innoru paripadi undaayirunnu (farewell).. magic-um undaayiruunu; pakshe pankedukkunnathinu pakaram njananu kaatiyathu ennu mathram...

hehe..... sathyathil onnum aagrahichille?? :P

BTW, Congrats sundaraa.. :)

Vivek!

Jayasree Lakshmy Kumar said...

“ഇനി ഒരു രഹസ്യം ... പരിപാടിക്കൊരു 10-15 മിനിട്ടു് മുമ്പ് മജീഷ്യന്‍ എന്നോടു പറഞ്ഞിരുന്നു... ഇതാണു് സംഭവം എന്നു്. കാണികളില്‍ പുള്ളിക്കു് പിടിച്ചതു് എന്നെയായിരിക്കണം ... അത്യാവശ്യം നല്ല തൊലിക്കട്ടി ഉള്ള ആളെയല്ലേ കളിയാക്കാന്‍ പറ്റുള്ളൂ.. അതാണു് സംഭവം.. എന്തായാലും കലക്കി.“

എല്ലാം വിശ്വസിച്ചു. പക്ഷെ ആ മുകളിൽ പറഞ്ഞത് മാത്രം വിശ്വസിച്ചില്ല :)

Sands | കരിങ്കല്ല് said...

മാണിക്യം ചേച്ചീ...

നന്ദി.. ചിത്രങ്ങള്‍ ഞാനെടുത്തിട്ടില്ല.. തിരക്കിലായിരുന്നു എപ്പോഴും

അയല്‍ക്കാരന്‍....

ഫോട്ടോ കണ്ടിട്ടു് ഇഷ്ടായില്ലെങ്കിലോ? ;)

അമ്മ...

:)

അനില്‍...

അനിലിന്റെ ദൃഷ്ടി വളരെ സൂക്ഷ്മമാണെന്നെനിക്കറിയാം... എന്നാലും മറ്റുള്ളവരുടെ ശ്രദ്ധയും കൂടി ക്ഷണിക്കണോ? ;)

ശ്രീ...

പാട്ടു കേട്ടാല്‍ പിന്നെ.. ഞാ‍ന്‍ മോശം പാട്ടുകാരനാണെന്നറിയില്ലേ? (കേള്‍ക്കാത്തതു അതി മധുരം എന്നല്ലേ ;) )

റോസേ :)
അതു സമ്മതിക്കാതെ വയ്യ.. നല്ല പരിപാടികള്‍ തന്നെയാണു്

പിന്നെ ആ കുട്ടിക്കല്ല സമ്മാനം കിട്ടിയതു് ...
നല്ല ഗോമ്പിറ്റീഷനായിരുന്നു ;)..
(ഞാനൊക്കെ അവരുടെ ഒക്കെ സൌന്ദര്യം നന്നായി ആസ്വദിച്ചു.. ;))

വാഴക്കോടന്‍ ജീ..
:)
ആദ്യായിട്ടാണോ ഇവിടെ? സ്വാഗതം ട്ടോ :)
നന്ദിയും :)

പ്രിയ..
ദേ വീണ്ടും എന്നെ കളിയാക്കുന്നു...
ങ്ങീ‍..ങ്ങീ.. :(

സ്മിത..
മസില്‍ സൌന്ദര്യം അല്ല സ്മിതേ...
ഇതു ചുറുചുറുക്കിന്റെയും മനസ്സിന്റെയും സൌന്ദ്യര്യമാണു് ;)

പിന്നെ ആ മാജിക്കിന്റെ കാര്യം ... സത്യമായും സത്യം മാത്രേ ഞാന്‍ എഴുതിയിട്ടുള്ളൂ!

മാണിക്കന്‍..
തീര്‍ച്ചയായും... നല്ലൊരു ചൊല്ലാണിതു്

വിവേക് :)

ഈ മജീഷ്യന്മാരൊക്കെ ചീത്ത ആള്‍ക്കാരാണിന്നിപ്പൊ മനസ്സിലായി! :(
പരസ്യമായി നാണം കെടുത്തിയതൊരു മജീഷ്യന്‍..
ദാ ഇപ്പൊ മറ്റൊരു കുട്ടി മജീഷ്യന്‍ (വിവേക്) കളിയാക്കേം ചെയ്യുന്നു! :(

ലക്ഷ്മി...
ഞാന്‍ പങ്കില്ലാട്ടൊ! :(
ഗ്‌ര്‍‌ര്‍‌ര്‍‌ര്‍.....

Njaan said...

ayye...malayalikalude saundarya bodhathe patti ente abhiprayam aake poyi..chey nanakkedu... neeyum sundaranayo karinkalle... lajjakaram enne parayanulloo..

pinne ee german pazhamchollu thappunnathenthina, "rogi ichichathum, vydyan kalpichathum palu thanne" alle? ;)

karinkalle keep it up...

Anonymous said...

ഈ ഫോട്ടോയില്‍ കാണുന്ന ആളെ സുന്ദരനായി തെരഞ്ഞെടുത്ത അവരുടെ അവസ്ഥ കുറച്ച് പരിതാപകരം തന്നെ..ജര്‍മ്മനിയില്‍ ഉള്ള മലയാളി പെണ്‍കുട്ടികളുടെ വിധി എന്ന് പറഞ്ഞാശ്വസിക്കാം..പാവം അവര്‍ !! :)

പിരിക്കുട്ടി said...

സുന്ദരന്‍ പട്ടം കിട്ടിയല്ലോ അഭിനന്ദനങ്ങള്‍
പ്രണയകാലം ആരംഭിച്ചോ ?

കണ്ണനുണ്ണി said...

ബോറടിചില്യ മാഷെ.. രസ്സായി..

Bindhu Unny said...

കരിങ്കല്ല് അലിയാനുള്ള തയ്യറെടുപ്പിലാണെന്ന് തോന്നുന്നു.
എന്നിട്ട്, ആ സുന്ദരിക്ക് സുന്ദരന്‍ വോട്ട് ചെയ്തില്ലേ? :-)

K C G said...

കല്ലേ, ഓര്‍മ്മയുണ്ടോ ഈ മുഖം എന്നൊന്നും ചോദിക്കുന്നില്ല.

അതാരാ ആ തിരോന്തരത്തുകാരി പെണ്‍‌കുട്ടി? ഇത്രേം കണ്ണിന് കാഴ്ചയില്ലാത്തോള്‍?

“ഓമലാളെക്കണ്ടു എന്ന പാട്ടും, ഇന്ദുലേഖ കണ്‍‌തുറന്നു എന്ന പാട്ടും ആണു് ഞാന്‍ പാടിയതു്.. “
ആ ഹാളിനടുത്തൊന്നും പശുവിനെ കെട്ടിയിടാതിരുന്നത് നാട്ടുകാരുടെ ഭാഗ്യം!
എന്നല്ലാതെ എന്തരു പറയാന്‍ !