Monday, February 09, 2009

ഞാനും എന്റെ സിക്സ് പാക്കും

 

sixpackഈയടുത്തായി സിക്സ് പാക്കിനെക്കുറിച്ചാണത്രേ കുട്ടികള്‍ ക്യാം‌പസുകളില്‍ ചര്‍ച്ച ചെയ്യുന്നതു്.   ഇവന്മാരൊക്കെ സിക്സ്പാക്ക് പോയിട്ടു ജിം എന്നു തന്നെ കേള്‍ക്കുന്നതിന്നു മുമ്പ് തന്നെ ജിമ്മിലൊക്കെ പോയിട്ടുള്ളവനാ ഈ സന്ദീപ്. അതും നിസ്സാര ജിമ്മല്ല – ഐ ഐ ടി യിലെ അത്യന്താധുനിക ജിം.

കൊടകരപുരാണത്തില്‍ വി.എം പറയുന്ന പോലെ, കട്ട-ജിമ്മന്മാര്‍ വിഹരിച്ചിരുന്നൊരു കാലഘട്ടമുണ്ടായിരുന്നു നെല്ലായിയില്‍. അന്നു ഞാന്‍ വെറും കുഞ്ഞായിരുന്നതിനാല്‍ ആ വേണ്ടാത്ത പണിക്കൊന്നും ഞാന്‍ പോയില്ല.

വളര്‍ന്നു വലുതായി ഐഐടി-ലെത്തി. സഹമുറിയന്‍ സിദ്ദേഷ് – ഒരു മറാഠി – കട്ട എന്നൊന്നും പറഞ്ഞാല്‍ പോരാ.. ഒരു 100 കിലോ തൂക്കം വരുന്ന ഒരു അതിശക്തന്‍ ... എന്നും ജിമ്മിലൊക്കെ പോകുന്ന ഗഡി.

എന്റെ മനസ്സിലും ജിം സ്വപ്നങ്ങള്‍ നാമ്പെടുക്കാന്‍ തുടങ്ങി.. എന്നാലും എന്നെപ്പോലൊരു കുഴിമടിയനു ഇത്തരം സ്വപ്നങ്ങളൊക്കെ കരിയിച്ചു കളയലായിരുന്നു ഹോബി. അതിനിടയില്‍ സഹമുറിയനു വേറെ മുറി കിട്ടി മാറിപ്പോയി... അപ്പൊ എന്റെ സ്വപ്നങ്ങള്‍ക്കു ദിവസം വെള്ളം ഒഴിക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയായി! :(

അങ്ങനെയിരിക്കുമ്പോഴാണു എന്റെ വേറൊരു സുഹൃത്ത് (തൃശ്ശൂര്‍ക്കാരന്‍ തന്നെ) 2004 ജനുവരി മുതല്‍ ജിമ്മില്‍ പോകുന്നു എന്നു പറഞ്ഞതു്. പാവം അതിനൊരു കൂട്ടായിക്കോട്ടെ എന്നു കരുതി, ഞാനും പറഞ്ഞു.. “നമുക്കൊരുമിച്ചു പോകാം” എന്നു.

2004 ജനുവരി 1, സമയം രാവിലെ 6 മണി - നര്‍മ്മദ ഹോസ്റ്റലിലെ 367-ആം നമ്പര്‍ മുറിയില്‍ മാത്രം ആളനക്കം (അതെന്റെ മുറിയായിരുന്നു). എഴുന്നേറ്റ്, പെട്ടെന്നു റെഡിയായി, സുഹൃത്തിനെയും കൂട്ടി ജിമ്മിലെത്തി.

ആദ്യമായാണു് ഞാന്‍ ആ ജിം കാണുന്നതു്. പല പെണ്‍കുട്ടികളുടെയും കൂടെ അതിലേ നടക്കാന്‍ പോയിട്ടുണ്ടെങ്കിലും ഒരിക്കലും ആ ഭാഗത്തേക്കു ശ്രദ്ധിച്ചിട്ടിലായിരുന്നു. ബ്രെയിന്‍ മസിലുകളെ ശക്തമാക്കിയാല്‍ മതി എന്നതായിരുന്നു നമ്മുടെ ഒരു ലൈന്‍ - അന്നു വരെ.

ഒരു ഭീകരന്‍ ജിം - ലോകത്തിലെ എല്ലാ സംഭവങ്ങളും ഉണ്ട്.   trgym

എന്നാലും “പയ്യെത്തിന്നാല്‍ പനയും തിന്നാം” എന്നതായിരുന്നു എന്റെ നിലപാടു്. ഒരൊറ്റ ദിവസം കൊണ്ട് എല്ലാം ചെയ്യാന്‍ നോക്കിയാല്‍ കിടപ്പിലാവും എന്നൊക്കെ എനിക്കറിയാം. (ഞാന്‍ എല്ലാം വിക്കിപ്പീഡിയയില്‍ വായിച്ചു വെച്ചിരുന്നു - ഞാനാരാ മോന്‍? )

കടന്നു ചെന്നു.. വാതില്ക്കല്‍ തന്നെ ഇരിക്കുന്നു ജിം-മാസ്റ്റര്‍.

വളരേ ഭവ്യതയോടെ ഞാന്‍ പറഞ്ഞു -- “എനിക്കൊരിത്തിരി ജിമ്മണം

പുള്ളി ആദ്യം തന്നെ എന്റെ തോളെല്ലില്‍ ഒന്നു പിടിച്ചു നോക്കി. എന്നിട്ടു ചോദിച്ചു - “ഉയരം എത്ര?

176 സെ. മീ എന്നു ഞാനും പറഞ്ഞു.

ഒരിക്കല്‍ കൂടി തോളത്തു പിടിച്ചിട്ടു് പുള്ളി പറഞ്ഞു - “തൂക്കം പോരാ, ഒരു 10-12 കിലോ അണ്ടര്‍ വെയിറ്റാ.. 65 കിലോ വരെ ആവാവുന്നതാണു

എന്റെ ഭാവമാറ്റം കാണാ‍നായിരിക്കും പുള്ളി ഒന്നു നിര്‍ത്തി. എന്നാല്‍ ഞാന്‍ ഞെട്ടല്‍ കാണിക്കാത്തതിനാലായിരിക്കണം - “എന്നാല്‍ ഒന്നു വെയിറ്റ് നോക്കൂ“ എന്നു നിര്‍ദ്ദേശിച്ചു ജിം-മാസ്റ്റര്‍.

അരികില്‍ കിടന്നിരുന്ന വെയിങ്ങ് മെഷീനില്‍ ഞാന്‍ കയറി നിന്നപ്പോള്‍ 54 കിലോ!!
ഇപ്പൊ ഞാനൊന്നു ഞെട്ടി - കൃത്യം 10-12 കിലോ എന്നു പുള്ളിക്കു മനസ്സിലായതെങ്ങനെ!!

അദ്ദേഹം തുടര്‍ന്നു - “സാരല്ല്യ, നമുക്കു എല്ലാം ശരിയാക്കാം. എന്നും രാവിലെ ഇവിടെ വന്നാല്‍ മതി. കുറച്ചു ജിമ്മും, കുറച്ചു ഭക്ഷണക്രമീകരണങ്ങളും - നിന്നെ ഞാന്‍ ശരിയാക്കിത്തരാം” എന്നു്.

നല്ല പോലെ മുട്ട, പാല്‍, ഐസ്ക്രീം, കേയ്ക്ക് മുതലായവ കഴിക്കാനും പുള്ളി പറഞ്ഞു.

എന്നിലെ ആവേശം വേണ്ടത്ര പോര എന്നു തോന്നിയിട്ടാകാം .. ഒരു കാര്യം കൂടി പറഞ്ഞു. ഇതുപോലെ മെലിഞ്ഞു അണ്ടര്‍വെയിറ്റാണെങ്കില്‍ അവളെ തൃപ്തിപ്പെടുത്താനൊന്നും പറ്റില്ല.

“അവളെ തൃപ്തിപ്പെടുത്താന്‍ പറ്റില്ല”
“തൃപ്തിപ്പെടുത്താന്‍ പറ്റില്ല”
പറ്റില്ല”

എന്റെ ചെവിയില്‍ ഇതു മുഴങ്ങിക്കേട്ടു... പിന്നെ എനിക്കൊന്നും ഓര്‍മ്മയില്ല. ആവേശ്വം കത്തിജ്ജ്വലിച്ചു...

ഞാന്‍ ചെന്നു ഓരോന്നോരോന്നായി അഭ്യസിക്കാന്‍ തുടങ്ങി..

മനസ്സില്‍ മുഴങ്ങുന്നുണ്ടായിരുന്നു - “അവളെ തൃപ്തിപ്പെടുത്താന്‍ പറ്റില്ല

എല്ലാ അഭ്യാസങ്ങളും കഴിഞ്ഞു്, വൈകിയെങ്കിലും ഇവിടെ ഇപ്പോഴെങ്കിലും വന്നല്ലോ എന്ന് കരുതി, മന്ദഹസിച്ച് ഞാന്‍ തിരിച്ചു് ഹോസ്റ്റലിലേക്കു പോയി.

പിന്നെ എനിക്കുള്ള ശരിയായ ഓര്‍മ്മ - ഒരാഴ്ചത്തെ പനി ആയിരുന്നു. ശരീരത്തിലെ എല്ലാ അവയവങ്ങളും മത്സരിച്ചു മത്സരിച്ച് വേദനിക്കുന്നുണ്ടായിരുന്നു.

മനസ്സിന്റെ വേദനയോ അതിലും ഭയങ്കരം - “അവളെ തൃപ്തിപ്പെടുത്താന്‍ പറ്റില്ല”!!!

ശരീരവേദന കുറയുന്നതോടെ മനസ്സിലും ചെറിയ മാറ്റം വന്നു - “ജീവനോടെ ഉണ്ടായിട്ടു വേണ്ടേ, തൃപ്തിപ്പെടുത്താന്‍” ...

പനി മാറിയപ്പോഴേക്കും ജിം എന്ന സ്വപ്നത്തെ ഞാന്‍ വേരോടെ പിഴുതെറിഞ്ഞിരുന്നു! :(

അതാണു് എന്റെ സിക്സ്പാക്കിന്റെ കഥ.

അതിനു ശേഷം ആരെങ്കിലും ജിം എന്നു പറഞ്ഞാല്‍ - “വട്ടുണ്ടോ, തനിക്കു്? എന്നേപ്പോലുള്ള ഒരു പെര്‍ഫക്റ്റ് ആരോഗ്യവാനു ജിമ്മിന്റെ ആവശ്യമില്ല”, “ബ്രെയിന്‍ മസിലുകള്‍ -  അതാണു് പ്രധാനം” എന്നൊക്കെ പറഞ്ഞു ഞാന്‍ ഘോരഘോരം വാദിക്കും!

കാലചക്രം തിരിഞ്ഞു കൊണ്ടിരുന്നു...

ജിമ്മിന്റെ നഷ്ടം നികത്താന്‍ ഞാന്‍ ഭയങ്കരമായി ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഇന്ത്യയിലെ ഭക്ഷണക്ഷാമത്തിനു കാരണം തന്നെ ഞാന്‍ ആണെന്നൊക്കെ അസൂയാലുക്കള്‍ പറയുന്ന രീതിയില്‍ ഉള്ള ഭക്ഷണം കഴിക്കല്‍ (ഹോസ്റ്റല്‍ ഭക്ഷണം കഴിച്ചു 3 മാസം കൊണ്ട് 5 കിലോ കൂടി എനിക്കു്) .. ഒരാള്‍ കഴിക്കുന്ന ചോറിനേക്കാള്‍ കൂടുതല്‍ കാണും ഞാന്‍ ചവച്ചുപേക്ഷിച്ചിട്ട മുരിങ്ങാക്കോലുകള്‍ (അവളുടെ തൃപ്തിയും മുരിങ്ങയും തമ്മിലുള്ള ബന്ധം അറിയാല്ലോ അല്ലേ) ;)

അങ്ങനെ 2004 ഏപ്രില്‍ വന്നെത്തി... ഹോസ്റ്റല്‍ ഡേ സെലിബ്രേഷന്‍സ് ആവാറായി..

നര്‍മ്മദയിലെ ആഘോഷങ്ങള്‍ക്കു കാവേരിയിലെ സുഹൃത്തുക്കളെ ക്ഷണിക്കാ‍നായി ഞാനും പ്രിയങ്കറും കാവേരിയിലെത്തി.. എല്ല സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉണ്ട് ഞങ്ങളുടെ ഗാങ്ങില്‍ : ഗുരു - തമിഴന്‍, സഞ്ജയ് - കന്നഡിഗ, മനീഷ് - യു. പി, സന്ദീപ് - ബീഹാറി, പ്രിയങ്കര്‍ – ബം‌ഗാളി, സിദ്ദേഷ് - മറാഠി.. അങ്ങനെയങ്ങനെ…

dumbbellഎല്ലാരും സന്ദീപിന്റെ റൂമില്‍ കൂടിയിരുന്നു വര്‍ത്തമാനം പറയുമ്പോള്‍ - അതാ അവിടെ കിടക്കുന്നു.  ഒരു ഡം-ബെല്‍! സിദ്ദേഷ്-കട്ട ഉടനെത്തന്നെ അതെടുത്തു കളിക്കാന്‍ തുടങ്ങി. എല്ലാരുടെയും മസില്‍ സ്വപ്നങ്ങള്‍ വീണ്ടും കത്തിജ്ജ്വലിക്കാന്‍ തുടങ്ങി. 

നമ്മുടെ കട്ടസുഹൃത്ത്, ഉടനെ തന്നെ അതെടുത്തു ഒരു 100 എണ്ണം അടിച്ചു. എന്നിട്ടു ഞങ്ങളെ വെല്ലുവിളിച്ചു. ഗുരുവുണ്ടോ വിടുന്നു - അവന്‍ ബെറ്റു വെച്ചടിച്ചു 70 എണ്ണം. എന്നാപ്പിന്നെ ഞാനായിട്ടു് ചെയ്യാതിരുന്നാല്‍ മോശമല്ലേ... ഞാനും കാച്ചി ഒരു 50 എണ്ണം - വലതു കയ്യുകൊണ്ട്!

അടുത്ത ഒരാഴ്ച വലതു കയ്യനക്കാന്‍ വയ്യാതെ ഞാനും ഗുരുവും പരസ്പരം ദയനീയമായി നോക്കി നടന്നു. മറ്റുള്ളവരാകട്ടെ അവസരം ശരിക്കു മുതലാക്കുകയും ചെയ്തു! ഞങ്ങളെ കുടുക്കിയ സിദ്ദേഷാകട്ടെ - “ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണഃ” എന്നൊരു ലൈന്‍! :(

ആന അപ്പിയിടുന്നതു കണ്ടിട്ടു ആടു മുക്കരുതു് എന്ന പഴമൊഴി അന്നു എനിക്കു വളരെ നന്നായി മനസ്സിലായി! :(

എന്റെ ബോഡി ബില്‍ഡിം‌ഗ് സ്വപ്നങ്ങളുടെ പൂര്‍ണ്ണവിരാമം അങ്ങനെ ആയിരുന്നു.

സ്നേഹാദരങ്ങളോടെ കരിങ്കല്ല്.

23 comments:

Sands | കരിങ്കല്ല് said...

ഈയടുത്തായി സിക്സ് പാക്കിനെക്കുറിച്ചാണത്രേ കുട്ടികള്‍ ക്യാം‌പസുകളില്‍ ചര്‍ച്ച ചെയ്യുന്നതു്. ഇവന്മാരൊക്കെ സിക്സ്പാക്ക് പോയിട്ടു ജിം എന്നു തന്നെ കേള്‍ക്കുന്നതിന്നു മുമ്പ് തന്നെ ജിമ്മിലൊക്കെ പോയിട്ടുള്ളവനാ ഈ സന്ദീപ്. അതും നിസ്സാര ജിമ്മല്ല – ഐ ഐ ടി യിലെ അത്യന്താധുനിക ജിം.

Rare Rose said...

കരിങ്കല്ലേ..,വാഗ്ദത്ത കഥ വായിച്ചുണ്ടായ ഞെട്ടല്‍ ഇതു വായിച്ചു മാറ്റാന്നു കരുതിയതു വെറുതെയായില്ല...ഹി..ഹി..ഒരു പാവം അണ്ടര്‍ വെയ്റ്റ്കാരന്റെ 6 പാക്ക് സ്വപ്നങ്ങള്‍ കരിഞ്ഞുണങ്ങി പോയതു കണ്ടു ചിരിച്ചു ചത്തു..ചെവിയില്‍ എന്നും മുഴങ്ങിക്കേള്‍ക്കാന്‍ അങ്ങേര്‍ ഓതിത്തന്ന വാചകം..എന്റമ്മോ...എനിക്കു വയ്യാ..:)

മേരിക്കുട്ടി(Marykutty) said...

സിക്സ് പായ്ക്ക് അല്ല...ഫാമിലി പായ്ക്ക്(എല്ലാ പായ്ക്കുകളും ഒന്നിച്ചു കൂടി, കൂംബാരം പോലെ ഇരിക്കുന്ന അവസ്ഥ) ആണ് ഇപ്പൊ സ്റ്റൈല്‍ എന്ന് കരുതിയാല്‍ മതി...

അരുണ്‍ കരിമുട്ടം said...

സിക്സ്സ് പായ്ക്കിന്‍റെ കാലം പോയി മാഷേ,ഇപ്പം എയ്റ്റ് പായ്ക്കാ ഫാഷന്‍.ഇനി കഴുത്ത് വരെ മസിലാകുന്ന കാലം വരുമോ എന്തോ?

Anonymous said...

“അവളെ തൃപ്തിപ്പെടുത്താന്‍ പറ്റില്ല”
“തൃപ്തിപ്പെടുത്താന്‍ പറ്റില്ല”
“പറ്റില്ല”
:) :) :) :) :)

kalakki.. :)

-ippozhum chirichu kond
njan

ശ്രീ said...

ഹ ഹ. ചിരിച്ചു പോയി. ഇതൊന്നും നമുക്കു പറ്റിയ പണിയല്ലെന്ന് അറിയാമായിരുന്നത് കൊണ്ട് ഞാനും ജിമ്മന്‍‌ ചങ്ങാതിമാരെ പുച്ഛത്തോടെ (അവരുടെ അടുത്ത് പിടിച്ചു നില്‍ക്കണ്ടേ) ആണ് നേരിടാറ്...

ഒരു സുഹൃത്ത് ജിമ്മില്‍ പോയ അനുഭവം ഒരിയ്ക്കല്‍ ഞാനും എഴുതിയിട്ടുണ്ട്.

ചാണക്യന്‍ said...

:):)

smitha adharsh said...

six pack vishesham kalakki...
lil busy here in Thrissur...

ജിജ സുബ്രഹ്മണ്യൻ said...

ഒരു പെര്‍ഫക്റ്റ് ആരോഗ്യവാനു ജിമ്മിന്റെ ആവശ്യമില്ല”, “ബ്രെയിന്‍ മസിലുകള്‍ - അതാണു് പ്രധാനം.അതു തന്നെ ആണു കാര്യം കല്ലേ !ബ്രെയിൻ വേണം ബ്രെയിൻ ! അല്ലാതെ മസിലു കാണിച്ചു നിന്നിട്ടൊന്നും ഒരു കാര്യോം ഇല്ല

Anonymous said...

Kidu post...
Nannayi chirichu..

Vivek.

Sands | കരിങ്കല്ല് said...

റോസ്...
:) വേണ്ടാ വേണ്ടാ അധികം കളിയാക്കണ്ടാട്ടോ!

മേരിക്കുട്ടീ...
ഞാനും കേട്ടു... കാലം പോകുന്ന പോക്കേ..

അരുണ്‍..
ഞാന്‍ ഒരു പഴഞ്ചനായിപ്പോയല്ലോ.. ഞാന്‍ ഇന്നും സഞ്ചിയുടെ ആ‍ളാ.. പായ്ക്കൊന്നും വേണ്ടാ.. ആറായാലും എട്ടായാലും

‌അനോണീ..
മതി മതി.. ചിരി നിര്‍ത്തൂ! :)

ശ്രീ...
ആ പോസ്റ്റ് ഞാന്‍ വായിച്ചിരുന്നു...
വായില്‍നാവിനുള്ള അഭ്യാസങ്ങള്‍ ഞാന്‍ എന്നും കാണിക്കുന്നുണ്ട്. അത്രയും മസില്‍ പരിശീലനമേ ഒരാള്‍ക്കു ആവശ്യമുള്ളൂ..

ചാണക്യന്‍.. :) നന്ദി!

സ്മിത...
ഇപ്പൊഴും നാട്ടിലാണല്ലൊ അല്ലേ!

കാന്താരിച്ചേച്ചീ...
അതു തന്നെ... അതാണു് കാര്യം.. (ചേച്ചീടെ പടം ആണോ അതു്?) ;)

വിവേകു് - :)
നന്ദി...
എന്റെ സിക്സ്പാക്ക് കഥ കേട്ടിട്ട് ജിമ്മില്‍ പോകാന്‍ തോന്നുന്നില്ലേ? ;)

കാളിന്ദി said...

കരിങ്കല്ലേ....അതു കലക്കി:)അടിപൊളി ആയിട്ടുണ്ട്.......പിന്നെ പണ്ട് ഒരു കുറുക്കൻ മുന്തിരിക്കുല നോക്കി ഇങ്ങനെത്തന്നെ പറഞ്ഞിട്ടുണ്ട്..........:):)

അനില്‍@ബ്ലോഗ് // anil said...

കരിങ്കല്ലെ,
ഒരു കഥ, അനുഭവ കഥ.

പണ്ട് കോളേജില്‍ പഠിക്കുന്ന കാലത്ത് ഞാന്‍ തീരെ തടിയില്ലാതെ ആയിരുന്നു.എന്നു വച്ചാല്‍ അണ്ടര്‍ വെയിറ്റ് തന്നെ. ഒരു കൂട്ടുകാരന്‍ ഉപദേശിച്ചു നല്ലവണ്ണം എക്സര്‍സൈസ് ചെയ്യുക, ജിമ്മില്‍ പോകുക, തിന്നുക.
അതേപടി അനുസരിച്ചു രണ്ടു മാസം കൊണ്ട് അത്യാവശ്യ വെയിറ്റും ആയി തടിയും കൂടി.

(ആന്‍ഡ്രൊജന്‍സ് ആനബോളിക്സും കൂടി ആണ് , പെണ്ണുങ്ങള്‍ ജിമ്മില്‍ പോയാലെന്താ‍വുമോ എന്തോ !)

നമ്മുടെ പാര്‍ട്ട്ണറെ കയ്യില്‍ എടുത്തുര്‍ത്താന്‍ കഴിയണം, അതാ അതിന്റെ ഒരു ഇതു . യേത്..?

Hailstone said...

ചേട്ടാ,
കിടിലന്‍ :)

Anonymous said...

Chey... Gym-o..

Brain muscles - athu thaneyanu pradhanam :P

Vivek.

വെളിച്ചപ്പാട് said...

കരിങ്കല്ലില്‍ ഭാവ്വനയ്ക്കനുസരിച്ച് സിക്സല്ല എയിറ്റും കൊത്തിവയ്ക്കാം എന്ന് കാണിച്ചു കൊടുക്കൂ മാഷെ...

BS Madai said...

ജിമ്മില്‍ പോയാല്‍ മാത്രം പോരാ വെയിറ്റ് ഉണ്ടാവാ‍ന്‍, അതിന്റെ കൂടെ ‘ആരാന്റെ പറമ്പിലെ ഇളനീര്‍’ കൂടി വേണം!

ചങ്കരന്‍ said...

ചിരിച്ചു!!!

ശ്രീക്കുട്ടന്‍ | Sreekuttan said...

നല്ല എഴുത്ത്..

പഠിക്കുന്ന കാലത്ത് ഹോസ്റ്റലില്‍ ഉണ്ടായിരുന്നു ജിം. പക്ഷേ ആരംഭശൂരത്വം കാരണം അധികകാലം ഒന്നും പോകാന്‍ പറ്റിയില്ല. എന്നാലും അത്യാവശ്യം ആരോഗ്യമൊക്കെ ഉണ്ടായിരുന്നു. :)

ജോലി കിട്ടി ഒരു കൊല്ലം തികഞ്ഞില്ല.. അതിനു മുമ്പേ ഒരു സിക്സ് ഇന്‍ വണ്‍ പായ്ക്ക് മസില്‍ രൂപപ്പെടാന്‍ തുടങ്ങി..

Sands | കരിങ്കല്ല് said...

കാളിന്ദിച്ചേച്ചീ.. ഏതു കുറുക്കനാ ...? എനിക്കറിയില്ലല്ലോ അങ്ങനെ ഒരു കുറുക്കനെ! ;)

അനിലേ.. എടുത്തു പൊക്കാനുള്ള ആരോഗ്യം ഒക്കെ ഇപ്പൊ ഉണ്ട്.. അണ്ടര്‍ വെയിറ്റൊന്നും അല്ല...
പക്ഷേ ഒരു കാലു് ഒടിഞ്ഞിരിക്ക്യാ... ഒരിത്തിരി വെയിറ്റ് ചെയ്യണം ;)

പ്രിയക്കുട്ടി! :) :) :) :)

വിവേകേ.. അവിവേകം ഒന്നും കാണിക്കല്ലേട്ടോ... ജിമ്മാണു് ജീവിതം.. അല്ലെങ്കില്‍ അവളെ.. ;)

വെളിച്ചപ്പാടേ... അതു വേണോ? ഞാന്‍ ഒരു പാവമാണേ...

മാടായി.. :) :) :)

ചങ്കരന്‍ ചേട്ടാ.. നന്ദി! :) :)
ചിരിച്ചല്ലോ... മേം ധന്യ ഹൂം... (എനിക്കു ധന്യയെ ഇഷ്ടാണെന്നു)

ശ്രീക്കുട്ടാ... ആരോഗ്യം നോക്കണേ.. കളി വേറെ കാര്യം വേറെ..

ഗൗരിനാഥന്‍ said...

ഹ്ഹ്ഹ്ഹ്ഹാ‍ാ‍ാ‍ാഹ അത് കലക്കി ഒട്ടും മോശക്കരനല്ലെന്നു ഞങ്ങല്‍ക്ക് മനസ്സിലായി

Zebu Bull::മാണിക്കൻ said...

കരിങ്കല്ലേ, ഇതുവായിച്ചു ചിരിച്ചു. പ്രത്യേകിച്ചും മാറ്റൊലി, മുരിങ്ങക്കായ എന്നീ ഭാഗങ്ങളില്‍ :-)

പിരിക്കുട്ടി said...

ശരീരവേദന കുറയുന്നതോടെ മനസ്സിലും ചെറിയ മാറ്റം വന്നു - “ജീവനോടെ ഉണ്ടായിട്ടു വേണ്ടേ, തൃപ്തിപ്പെടുത്താന്‍..........
ഇത് എനിക്ക് നല്ല ഇഷ്ടം ആയി കേട്ടോ
നല്ല രസം ഉണ്ടായിരുന്നു
സിക്സ് പാക് കദന കഥ