Wednesday, February 04, 2009

പെണ്‍കുട്ടിയുടെ പ്രേതം

ഞാന്‍ സ്കൂളില്‍ പഠിക്കുമ്പോഴാണു് ഈ സംഭവം നടന്നത്.

ഒരു ദിവസം, വീട്ടില്‍ ഞങ്ങള്‍ 4 പേരും കൂടി ചിത്രഗീതം കണ്ടിരിക്കുന്ന സമയത്താണു്. പരസ്യത്തിന്റെ സമയത്ത് പുറത്തേക്കു നോക്കിയപ്പോള്‍ അതാ അവിടെ പോലീസ് ജീപ്പും ഫയര്‍ ഫോഴ്സും ഒക്കെ…

സംഭവം അന്വേഷിച്ചു പിടിച്ചപ്പോഴല്ലേ മനസ്സിലായതു് – പന്ത്ലലൂരുള്ളൊരു പെണ്‍കുട്ടി പുഴയില്‍ ചാടി ആത്മഹത്യ ചെയ്തത്രേ. കുട്ടിയെ അമ്പലത്തില്‍ കണ്ടവരുണ്ട് – വൈകീട്ട്. കുട്ടിയെ കാണാതായതിനു ശേഷം ആ കുട്ടിയുടെ പുസ്തകങ്ങള്‍ അമ്പലക്കടവില്‍ നിന്നു കിട്ടിയത്രേ – അതാണു് പോലീസും ഫയര്‍ ഫോഴ്സുമെല്ലാം …

മുങ്ങല്‍ വിദഗ്ദര്‍ക്കു മൃതദേഹം കിട്ടുകയും ചെയ്തു.

അടുത്ത ദിവസം, ഞാന്‍ പന്തലൂരു പോയി അതു കാണുകയും ചെയ്തു. (അല്ല, സംഭവം, വെള്ളം കുടിച്ചുമരിച്ചാല്‍ ശരീരം എങ്ങനെ അണെന്നറിയണല്ലോ! – അപകടങ്ങള്‍ ഒക്കെ കാണിച്ചുതരാന്‍ കൊണ്ടുപോവുന്ന സ്വഭാവം അച്ഛനുണ്ടായിരുന്നു. അതില്‍ നിന്നു ആര്‍ജ്ജവം ഉള്‍ക്കൊണ്ടായിരിക്കണം ഞാന്‍ പോയതു്)

അപ്പൊ ഇതിവിടെ ഒരു ഇന്‌ട്രോഡക്ഷന്‍ ആയി നിക്കട്ടെ. ദാ, കുറുമാലിപ്പുഴയുടെ താഴെ ചിത്രത്തില്‍ കാണുന്ന ഭാഗത്താണു് സംഭവം നടന്നതു്.

കുറുമാലിപ്പുഴ

ഇനി നമുക്കു മറ്റൊരു ഭാഗത്തേക്കു നോക്കാം … ഇതേ സ്ഥലത്തു നിന്നും പുറകുവശത്തേക്കു – ആ ഭാഗത്താണു് ഞങ്ങളുടെ തറവാടു്. പുഴയോരത്തൊരു സുന്ദരന് വീടു്. [സ്വപ്നം – ആ വീടിനെ കുറിച്ചൊരു ഇംഗ്ലീഷ് പോസ്റ്റ്]

അവിടെ പുഴയ്ക്കു് ആഴവും ഇത്തിരി കുറവാണു് – ദാ ചിത്രം താഴെ..

IMG_3069

അങ്ങനെ ഒരു മധ്യവേനലവധിക്കു് എന്റെ കസിനും, ചെറിയച്ചനും പിന്നെ ഞാനും ചേര്‍ന്നു കക്ക വാരാന്‍ പോയി.

നല്ല ചെളിയുള്ള സ്ഥലത്തു് തപ്പിയാല്‍ ഇഷ്ടം പോലെ കിട്ടും. കക്കയിറച്ചിക്കാണെങ്കില്‍ നല്ല സ്വാദും. നല്ല എരിവുള്ള, നാളികേരക്കൊത്തിട്ട, കക്കയിറച്ചി കഴിച്ച കാലം മറന്നു. സ്വാദാണെങ്കില്‍ നാവിന്‍ തുമ്പത്തും.. :(

അപ്പൊ പറഞ്ഞു വന്നതു് – ഞങ്ങള്‍ കക്ക വാരാന്‍ പോയി. ലോനപ്പേട്ടന്റെ പറമ്പില്‍ നിന്ന് അക്കാലത്തൊരു തെങ്ങ് പുഴയിലേക്കു വീണിരുന്നു.. അവിടെ ഒക്കെ നല്ല ചളിപിളി ആയി കിടക്കുന്ന കാരണം നല്ല കളക്ഷനും ആയിരുന്നു.

ഞങ്ങള്‍ മൂന്നു പേരും മുങ്ങും, കക്ക വാരും, മുകളില്‍ വന്നു (പൊന്തിക്കിടക്കുന്ന) വലിയ അലുമിനിയം വട്ടകയില്‍ ഇടും, വീണ്ടും മുങ്ങും. ഇഷ്ടം പോലെ കിട്ടുന്ന കാരണം നല്ല ആവേശത്തില്‍ പണി നടക്കുന്നു.

ഒരു പ്രാവശ്യം ഞാന്‍ മുങ്ങി ചെരിഞ്ഞു കിടക്കുന്ന തെങ്ങിന്റെ താഴെ പരതുമ്പോള്‍ എനിക്കു തോന്നി ഞാന്‍ ഒരു ശരീരത്തില്‍ തൊട്ടുവെന്നു്. മറിഞ്ഞു വീണു കിടക്കുന്ന തെങ്ങിന്റെ അടിയില്‍ എന്തു ശരീരം?

ഒന്നു കൂടി തൊട്ടു നോക്കി – ഉറപ്പായി, അതൊരു ശരീരം തന്നെ. എന്തു ജീവിയാണെന്നൊന്നും അറിയില്ല. എനിക്കു പെട്ടെന്നു മുകളില്‍ പറഞ്ഞ ആ പെണ്‍കുട്ടിയുടെ കഥ ഓര്‍മ്മ വന്നു. ഒറ്റക്കുതിക്കലിനു ഞാന്‍ മുകളില്‍ എത്തി. ഉള്ളില്‍ ഒരു ഭയം – എന്താണെന്നറിയില്ല.

ചെറിയച്ചനും കസിനും ഉണ്ട് മുകളില്‍ – പേടിച്ചാലും ആരും അറിയരുതെന്നു എനിക്കു നിര്‍ബന്ധം ഉണ്ട്. പെട്ടെന്നു തന്നെ ഞാന്‍ എന്റെ മുഖം തിരിച്ചു. ഹൃദയം പടപടാന്നു് അടിക്കുന്നുണ്ട്… ഇവരോട് പറയാതെ പറ്റില്ല – താഴെ എന്താണെന്നു്.

പെട്ടെന്നു ചെറിയച്ഛന്‍ ചോദിച്ചു - “എന്താടാ സന്ദീപേ, നീ വെള്ളത്തിന്റെ അടിയില്‍ വെച്ച് ഇക്കിളിയാക്കുന്നോ?” …. എന്നു്.

ഹൊ! എന്റെ ശ്വാസം വീണ്ടും നേരേവീണു! എന്തൊരാശ്വാസം!

എന്നേക്കാള്‍ മുമ്പ് എങ്ങനെ ചെറിയച്ഛന്‍ മുകളിലെത്തി എന്നൊന്നും എനിക്കറിയില്ല. ആലോചിച്ചുമില്ല. എന്തായാലും പേടി പോയി. :) ദാ.. ഇന്നു, ഇപ്പോള്‍, ഈ നിമിഷം വരെ ഞാന്‍ ആരോടും ഈ കഥ പറഞ്ഞിട്ടില്ല (അതോ പറഞ്ഞിട്ടുണ്ടോ ആവോ?). ജീവിതത്തില്‍ ആകെ 2 പ്രാവശ്യമേ ശരിക്കും പേടിച്ചിട്ടുള്ളൂ… അതിലൊന്നാണിതു്. :)

ഇതു തന്നെ വാഗ്ദത്ത കഥയും :)

---

കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ പറഞ്ഞ ആ ടോക്കില്ലേ? അതിന്റെ കാര്യം ശരിയായി. മാര്‍ച്ചില്‍ ജര്‍മ്മന്‍ സുരക്ഷാ വകുപ്പിന്റെ ആസ്ഥാനത്ത് ഒരു കുഞ്ഞു ടോക്ക്! രോമാഞ്ചകഞ്ചുകം! :)

സ്നേഹാദരങ്ങളോടെ, കരിങ്കല്ല്.

24 comments:

Sands | കരിങ്കല്ല് said...

ഒന്നു കൂടി തൊട്ടു നോക്കി – ഉറപ്പായി, അതൊരു ശരീരം തന്നെ. എന്തു ജീവിയാണെന്നൊന്നും അറിയില്ല. എനിക്കു പെട്ടെന്നു മുകളില്‍ പറഞ്ഞ ആ പെണ്‍കുട്ടിയുടെ കഥ ഓര്‍മ്മ വന്നു. ഒറ്റക്കുതിക്കലിനു ഞാന്‍ മുകളില്‍ എത്തി. ഉള്ളില്‍ ഒരു ഭയം..

അനില്‍@ബ്ലോഗ് // anil said...

ഓം ഹ്രീം സ്വാഹാ..
ശൂം...

പ്രേത ബാധ ഒഴിഞ്ഞു.

ചിത്രങ്ങള്‍ കൊള്ളാം, കഥയും.

Thaikaden said...

"Jeevithathil 2 pravashyame SARIKKUM pedichittullu" Appol baakki pedichathokke DUPLICATE aano?

മാണിക്യം said...

നല്ല മനോഹരമായ സ്ഥലം
ചിത്രങ്ങളും സുന്ദരം
പിന്നെ കഥ ഈശ്വരാ കേട്ടിട്ട് പേടിയാവുന്നു അതു നേരാ ആ മരിച്ച കുട്ടിയുടെ ഓര്‍മ്മ വന്നതു കൊണ്ടല്ലേ?

മുന്‍ കൂട്ടി ഒരു ബെസ്റ്റ് വിഷസ്സ്!!
എല്ലാം നന്നായി വരാന്‍ പ്രാര്‍ത്ഥിക്കാം..

ജിജ സുബ്രഹ്മണ്യൻ said...

പ്രേതത്തെ പറ്റി വായിച്ചിട്ട് എനിക്ക് പേടിയൊന്നും തോന്നില്ല.പക്ഷേ കക്കായിറച്ചീടെ കാര്യം പറഞ്ഞ് കൊതിപ്പിച്ചത് എനിക്കൊട്ടും ഇഷ്ടമായില്ല!!ഈയടുത്ത് സുൽത്താൻ ബത്തേരിക്കു പോയപ്പോൾ,കോഴിക്കോടുള്ള ഒരു മാതിരി ഹോട്ടലിൽ ഒക്കെ കയറി കക്കായിറച്ചീ,കൂന്തൽ ന്നൊക്കെ പറഞ്ഞു നടന്ന എനിക്ക് ഈ പറഞ്ഞ സാധനങ്ങൾ കിട്ടിയില്ലാ എന്നതു പോകട്ടെ,കൂട്ടുകാരുടെ ഇടയിൽ നല്ലൊരു “പേരു “ കിട്ടുകയും ചെയ്തു.

Anonymous said...

കുട്ടാ, അപ്പോ പ്രേതത്തിനെ പേടിയുണ്ടെന്നാണോ?

ഈ കഥ (ആദ്യത്തെയല്ല, രണ്ടാമത്തെ) ഞാന്‍ അറിഞ്ഞിട്ടില്ല.ഞാനിവിടെ ഇല്ലാതിരുന്ന കാലത്തു നടന്നതാവും അല്ലേ?

അമ്മ.

Rejeesh Sanathanan said...

താങ്കളുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ആലോചിച്ച് പോയി. പേടിച്ച് ബോധം കെട്ട് വെള്ളംകുടിച്ച് പണ്ടാരമടങ്ങിയേനെ....:)

ശ്രീ said...

അങ്ങനെ നന്നായി ഒന്നു പേടിച്ചു അല്ലേ?

ചില നേരത്ത് നമ്മള്‍ അനുഭവിയ്ക്കുന്ന പേടിയും ടെന്‍ഷനും ഒന്നും പിന്നീട് അത്രത്തോളം പറഞ്ഞറിയിയ്ക്കാന്‍ പറ്റില്ല അല്ലേ?
:)

A Liberated Soul said...

Sands, it was so funny. You made me laugh so much :)

സുദേവ് said...

പേടിച്ച ഒരു കാര്യം കൂടി ഉണ്ടല്ലോ ..അതും പോരട്ടെ ....ഹൊ..ഞാന്‍ ഒരു ഹൊറര്‍ കഥ വായിക്കാനുള്ള ആവേശത്തോടെ വായിച്ചിട്ട്..ഹും ..ഇതിപ്പോ ....എന്തായാലും കിടിലന്‍ !!!

ആഗ്നേയ said...

ഹൌ‍..ആ പുഴേം,കക്കേം..
ആ പ്രേതം അതങ്ങനെ വല്ലോം ആയിരിക്കുമെന്നെനിക്കപ്പോഴേ തോന്നിയിരുന്നു..
(പിന്നെയും..പിന്നെയും)

Sands | കരിങ്കല്ല് said...

@അനില്‍

മന്ത്രവാദികള്‍ക്കല്ല... ജ്യോത്സന്മാര്‍ക്കാ ഇപ്പൊ മാര്‍ക്കറ്റ്! ;)

ഭജനയിരിക്കൂ... 1001 പൊന്‍പണം ജ്യോതിഷക്കാരനു കൊടുക്കൂ എന്നൊക്കെ പറയണം ;)

@Thaikaden
ഒരു സ്മൈലി ഇട്ടിരുന്നെങ്കില്‍ ഞാന്‍ ഇങ്ങനെ പറഞ്ഞേനേ... - ബാക്കി ഉള്ള പേടി ഒക്കെ കുന്ദംകുളത്തു വെച്ചായിരുന്നു എന്നു! ;)

സ്മൈലി ഇല്ലാത്തതിനാല്‍ - ഇത്രക്കും മലയാളം മനസ്സിലാവില്ലെങ്കില്‍ ഒന്നൂടി ശരിക്കു പഠിക്കണം മാഷേ! (ഞാന്‍ സ്മൈലി ഇട്ടു :) ) ;)

@മാണിക്യം ചേച്ചി

:)
ഡബിള്‍ നന്ദിയുണ്ട് :)

@കാന്താരിച്ചേച്ചീ..

അയ്യൊ! ഇതു ഹൊറര്‍ കഥയായി എഴുതിയിതല്ല...
എന്നാലും അന്നു പേടിച്ചുട്ടോ! :)

പിന്നെ കക്ക... അതൊരു വ്യത്യസ്തസ്വാദു തന്നെയാ അല്ലേ?

@ജോ

:) നന്ദി. :)

@ അമ്മ..
പ്രേതത്തിനെ ഒന്നും ഇപ്പൊ പേടിയില്ല.. അന്നു (8/9 ആയിരുന്നിരിക്കണം) ചെറിയ പേടി ഉണ്ടായിരുന്നു..

@ മാറുന്ന മലയാളി..
നമ്മുടെ ധൈര്യവും പേടിയും ഒന്നും നമുക്കറിയില്ല മാഷേ... വേണ്ട സമയത്തു അതൊക്കെ തന്നെ വരും

@ ശ്രീ :)
നൂറു ശതമാനം ശരിയാ ശ്രീ..
ആകെ 5 നിമിഷം നടന്ന പേടിയോ ടെന്‍ഷനോ ഒരു മണിക്കൂറെടുത്താലും വിശദീകരിക്കാന്‍ പറ്റില്ല.

@ Soul.. :)
കദനകഥാകഥനം കേട്ടു ചിരിക്കുന്നോ!? Grrr...

@ സുദേവ്
അതൊരു കുഞ്ഞു പേടി ആയിരുന്നു ഒരു 2 മില്ലിനിമിഷങ്ങള്‍ (milli seconds) മാത്രം നീണ്ടു നിന്നത് ... ഒരിക്കല്‍ എഴുതിയിരുന്നു... ലിങ്ക് തരാംട്ടോ..

‌@ ആഗ്നേയ..
കഥ പ്രവചിക്കാന്‍ നോക്കരുതുട്ടോ.. പിന്നെ രസം പോവില്ലേ? :(


@ എല്ലാരും - നന്ദി! :)

പകല്‍കിനാവന്‍ | daYdreaMer said...

ഭഗ്യവാന്‍... സ്ഥലം സൂപ്പര്‍ ... പിന്നെ പ്രേതവും...!

പകല്‍കിനാവന്‍ | daYdreaMer said...

ഭഗ്യവാന്‍... സ്ഥലം സൂപ്പര്‍ ... പിന്നെ പ്രേതവും...!

jayanEvoor said...

കൊള്ളാം! പുതുമയുള്ള പ്രേതകഥ!

എന്റെ ചില “സെമിത്തേരി” അനുഭവങ്ങള്‍ തഴെ നോക്കിയാല്‍ വായിക്കാം!

ഒന്നു നോക്കണേ!


http://jayandamodaran.blogspot.com/2008/12/blog-post.html

അല്ഫോന്‍സക്കുട്ടി said...

ഓണത്തിനിടക്ക് പുട്ടുകച്ചോടംന്ന് പറഞ്ഞ പോലെയായി, പ്രേതകഥക്കിടയില് ഒരു കക്കയിറച്ചി, വെറുതെ മനുഷ്യനെ കൊതിപ്പിക്കാന്‍.

ഫോട്ടോസ് കലക്കന്‍.

Anonymous said...

Randamathe padam thakarppan..

Congratulations for the talk! :)

Vivek.

Anonymous said...

ha ha ha..kollaam..
vaayichu vannappo njan vichaarichu sherikkum oru dead body aayirikum ennu..enthaayaalum kalakki..
sathyam parayaalo njan aayirinnu aa sthaanathenkil appo thanne njan dead body aayene... :) :)

Pinne vallya oru congrats!!

ഉസ്മാന്‍ പള്ളിക്കരയില്‍ said...

വെള്ളം കുടിച്ചുമരിച്ച ശവശരീരം എങ്ങനെയുണ്ടാവും എന്നറിയാന്‍ ജിജ്ഞാസ കാണിച്ചതാണ്‌ അടുത്ത സംഭവത്തിലെ ഭീതിക്ക്‌ ഹേതുവെന്നു വ്യക്തം. അനാവശ്യ ജിജ്ഞാസ വരുത്തിവെച്ച വിന...!!

Hailstone said...

ചേട്ടാ,
ഈ കഥ കേട്ടിട്ടില്ലല്ലോ! അവസാന നിമിഷം വരെ ഞാനും ആകാംക്ഷയുടെ മുള്‍മുനയിലായിരുന്നു..

വെളിച്ചപ്പാട് said...

കുട്ടി പേടിക്കണ്ട ഉപ്പും മുളകും കൂട്ടിക്കെട്ടി ആവാഹിച്ചെടുത്ത് പാലമരത്തില്‍ തളച്ചിട്ടുണ്ട്.

കാളിന്ദി said...

കരിങ്കല്ലെ.. ഇതു പേടിച്ച സംഭവമല്ലല്ലോ,ധൈര്യം കാണിച്ചതല്ലേ ഞാൻ ആണെങ്കിൽ ഇതു എഴുതാൻ ഉണ്ടാവില്ല.:)
പിന്നെ പാവം ചെറിയച്ചൻ :) :)

Sands | കരിങ്കല്ല് said...

പകല്‍കിനാവന്‍...

നന്ദിട്ടോ! :)

jayanEvoor -

:)
ഞാന്‍ അവിടെ വന്നു, വായിക്കേം ചെയ്തു!

അല്ഫോന്‍സക്കുട്ടി -

അതല്ലേ ഇപ്പൊ അല്‍ഫോന്‍സക്കുട്ടിയും ചെയ്തതു? ഒരു മറുനാടന്‍ മലയാളിയോടു പൂട്ടു് എന്നു പറഞ്ഞു കൊതിപ്പിക്കുക! :(

നന്ദി ട്ടോ :)

വിവേക്.. :)
നന്ദിട്ടോ ...
ടോക്ക് കഴിഞ്ഞിട്ടു പറയാം അതിന്റെ വിശേഷങ്ങള്‍..

ആശ.. - നന്ദിട്ടോ.. എന്തായാലും സസ്പെന്‍സ് ഉണ്ടെന്നു പറഞ്ഞൂല്ലോ നന്ദി! :)

പള്ളിക്കരയില്‍ - എന്റെ പൊന്നു പള്ളിക്കരയിലേ... അതുകൊണ്ടു ഒരു ഹിന്റെങ്കിലും കിട്ടി... അന്നു മൃതശരീരം കാണാന്‍ പോയിരുന്നെങ്കില്‍ എന്താണു സംഭവം എന്നു ഞാന്‍ തപ്പി തപ്പി.. ചെറിയച്ചന്‍ ചിരിച്ചു ചിരിച്ചു വശക്കേടാവില്ലേ?
ഈ പള്ളിക്കരയേക്കൊണ്ടു ഞാന്‍ തോറ്റു! :)

Hailstone - ഇതു പോലെ ഇനി എത്ര കഥകള്‍ കിടക്കുന്നു! ;)


വെളിച്ചപ്പാട് -- ഒരുപാടു നന്ദി വെളിച്ചപ്പാടേ.. ഇപ്പൊഴാ ഒരു ആശ്വാസം ആയതു്! :)

കാളിന്ദിച്ചേച്ചീ.. :) കാളിയനെ വരെ സഹിക്കുന്ന കാളീന്ദിയല്ലേ, അങ്ങനെയൊന്നും പ്രശ്നം വരില്ല!
(ഇനി കാളിയന്‍ എന്നോടു ചൂടാവുമോ എന്തോ? ;) )

പിരിക്കുട്ടി said...

കരിന്കല്ലിനെ പ്പോലെ ഞാനും കക്ക വാരിയ്ട്ടുണ്ട്
അപ്പുറത്തെ കുളത്തില്‍ നിന്ന്
ഇന്ന് ആ കുളം ഒന്നുമില്ല
അതൊക്കെ നികത്തി ഹൌസിന്ഗ് കോളനി ഉണ്ടാക്കി
അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ മറ്റോ ആണ്
അമ്മായിയുടെ വീട്ടില്‍ പോകുമ്പോള്‍ വന്ചിയില്‍ കൊട്ടി വില്‍ക്കുന്നവരുടെന്നു
കക്ക വാങ്ങി ഉണ്ടാക്കിയ ആ കറിയുടെ രസം ഓര്മ വന്നു ഇത്
വായിച്ചപ്പോള്‍ ഞാനും പെട്ടെന്ന് പേടിച്ചു പോയീട്ടോ