എത്ര തണുപ്പാണെങ്കിലും എന്നും രണ്ടുനേരം കുളിക്കുന്നവനാണീ ഞാന്‍...
എന്നാല്‍ ഇന്നു രാവിലെ എനിക്കൊരിത്തിരി മടി - കുളിക്കാന്‍... എന്നാല്‍ പിന്നെ കുളിക്കണ്ട എന്നു തീരുമാനിച്ചു.
ഈ തീരുമാനം ഒരാഴ്ചയോളമാക്കി നീട്ടിയാലോ എന്നൊരാലോചന!!
എന്തായാലും അപ്പുറത്തെ മുറിയിലെ കുട്ടി ആഴ്ചയില്‍ കഷ്ടി 2 പ്രാവശ്യമേ കുളിക്കുന്നുള്ളൂ. അപ്പോള്‍ 14 പ്രാവശ്യം കുളിക്കുക എന്നാല്‍ അതൊരു ആര്‍ഭാടമല്ലേ? 
ഇതു പറഞ്ഞപ്പോഴാണു് പണ്ടു ഐ.ഐ.ടി-യില്‍ വെച്ചുണ്ടായ ഒരു സംഭവം ഓര്‍മ്മ വരുന്നതു്. മദ്രാസിലെ ഒരു വേനല്‍ ദിനം. എത്ര ചൂടായിരിക്കും എന്നു ഊഹിക്കാമല്ലോ അല്ലെ?
ഞാന്‍ മദ്രാസിലെ വേനല്ക്കാലത്തു ദിവസത്തില്‍ 3-4 തവണയൊക്കെ കുളിച്ചിരുന്നു. എങ്ങനെയെങ്കിലും ശരീരത്തെ ഒന്നു തണുപ്പിക്കണ്ടേ?
ഒരു ദിവസം ഉച്ചക്കു് അങ്ങനെ കുളികഴിഞ്ഞു ഹോസ്റ്റല്‍ മുറിയിലേക്കു നടക്കുമ്പോള്‍ .. ഝാര്‍ഖണ്ഡില്‍ നിന്നുള്ളൊരു പയ്യന് (പേരു്: കപില്‍ ദാസ് സാഹു - ശരിക്കുള്ള പേരു തന്നെയാണു്) എന്നെ തടഞ്ഞു നിര്‍ത്തി. എന്നിട്ടു ചോദിച്ചു: നിനക്കു മദ്രാസിലെ ജലക്ഷാമത്തെക്കുറിച്ചു അറിയാമല്ലോ, അല്ലേ?
ഉവ്വെന്നു ഞാന്‍ മറുപടി കൊടുത്തു.
എന്നിട്ടു് നീ എന്താ ഈ ഉച്ചക്കൊക്കെ കുളിച്ചു വെള്ളം വേസ്റ്റ് ചെയ്യുന്നതു? അതും നീ രാവിലെ കുളിച്ചതാണു്!!
ഞാന്‍ പറഞ്ഞു: ഭയങ്കര ചൂടല്ലേ. ഒരു ആശ്വാസത്തിനു വേണ്ടിയാണു്.
ഇനി ഇങ്ങനെ വെള്ളം വേസ്റ്റു് ചെയ്യരുത് - അവന് എന്നെ ഉപദേശിച്ചു (താക്കീതു് നല്കി എന്നും പറയാം.)
ഞാന്‍ എന്റെ മുറിയിലേക്കു പോയി...
കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞു് ഞാന്‍ ഒരു ദിവസം ഉച്ചക്കു് അവനെ കണ്ടു - കുളി കഴിഞ്ഞു് വരുന്നു.. ഇതു തന്നെ ഞാന്‍ കാത്തിരുന്ന അവസരം.!!
മര്യാദക്കു മറുപടി പറഞ്ഞില്ലെങ്കില്‍ കുനിച്ചു നിര്‍ത്തി കൂമ്പിനിടിക്കും എന്ന ഭാവത്തില്‍ ഞാന്‍ അവനെ തടഞ്ഞു നിര്‍ത്തി. എന്നിട്ടു പരുക്കനായി ചോദിച്ചു: എടാ നീയല്ലേ എന്നോടു പറഞ്ഞതു് നട്ടുച്ചക്കു പോയി കുളിച്ചു് വെള്ളം വേസ്റ്റു് ചെയ്യരുതെന്നു്? എന്നിട്ടു നീയിപ്പൊ എന്താ ചെയ്യുന്നതു്?
അവന് അതേ കട്ട ഭാവത്തില്‍ എന്നോടു പറഞ്ഞു: അതൊന്നും എനിക്കു ബാധകമല്ല. ഞാന്‍ കുളിച്ചിട്ടു് ഒരാഴ്ചയോളമായി. ആഴ്ചയില്‍ ഒരിക്കലാണു് ഞാന്‍ കുളിക്കുന്നതു്. എനിക്കെപ്പൊ വേണമെങ്കിലും കുളിക്കാം. നീയൊക്കെ കുളിച്ചു കുളിച്ചാണു് ഇവിടെ വെള്ളം ഇല്ലാത്തതു്.
മദ്രസിലെ ആ എരിപൊരി ചൂടില്‍ ഒരാഴ്ക്ച കുളിക്കാതിരിക്കുന്ന സാഹസത്തെക്കുറിച്ചു് ഞാന്‍ വാ പൊളിച്ചു് നിന്നാലോചിക്കുന്ന നേരം കൊണ്ടു അവന് അവന്റെ മുറിയിലേക്കു് പോയി... :)
ഇവിടെ ഭയങ്കര തണുപ്പാണെങ്കിലും അങ്ങനെ ഒരു സാഹസത്തെ കുറിച്ചു ആലോചിക്കാന്‍ ബുദ്ധിമുട്ടുണ്ടു് .. എന്നാലും ഞാനും എന്റെ ഒരു അരക്കൈ നോക്കട്ടെ. {വെറും മടി - അതാണു് കാരണം :) }
എന്നാപ്പിന്നെ പിന്നെക്കാണാം..., കരിങ്കല്ല്
PS: ഇന്ത്യയിലെ ഭക്ഷണക്ഷാമത്തിനു കാരണം ഞാനും ഒരു മദ്ധ്യപ്രദേശുകാരന്‍ ഓംപ്രകാശും ആണെന്നു അസൂയാലുക്കള്‍ പറഞ്ഞു് പരത്തിയിരുന്നു. കുറ്റം പറയാന്‍ വയ്യ! നല്ല തട്ടായിരുന്നു ഹോസ്റ്റല്‍ മെസ്സില്‍ നിന്നു്. ;)