അങ്ങനെ ഞാനും വിമാനത്തില്‍ കയറാന്‍ തീരുമാനിച്ചു. ഓണമല്ലേ വരുന്നത്, ഇതിലും നല്ല ഒരു സമയം ഉണ്ടോ എന്തെങ്കിലൂം തുടങ്ങാന്‍? എന്നായിരുന്നു എന്റെ ചിന്ത. അല്ലെങ്കിലും "കല്ലട" / കല്ല് അല്ലാത്ത അട എന്നിവയിലുള്ള യാത്ര എനിക്ക് മടുത്ത് തുടങ്ങിയിരുന്നു.
വിമാനത്തിലാണെങ്കില്‍ മൂന്നു-നാലു് ചരക്ക് ചേച്ചിമാരെയും കാണാല്ലോ!(hostess ചേച്ചിമാര്)
പാവപ്പെട്ടവരുടെ സ്വന്തം വിമാനക്കമ്പനി എന്നു വിളിക്കാവുന്ന `എയര്‍ ഡെക്കാന്‍'-ല്‍ ടിക്കറ്റും ബുക്കിക്കഴിഞ്ഞു.
അഞ്ചര മണിക്കാണു് ടേക്ക് ഓഫ്. മൂന്ന് മണിക്കെങ്കിലും ബ്രൗസിങ്ങ്/പണി നിര്‍ത്തി ഇറങ്ങണം.. എന്നാലേ ബാംഗ്ലൂരിലെ തിരക്കില്‍ സമയത്തിനു് അവിടെ എത്താന്‍ പറ്റുള്ളൂ.
ഞാന്‍ 2-3 ദിവസം മുമ്പേ തന്നെ ഒരുക്കങ്ങള്‍ തുടങ്ങി. സംഗതി നമ്മടെ തൃശൂര്‍ക്കാണെങ്കിലും പരിഭ്രമം ഒട്ടും കുറക്കണ്ടാ എന്നു വെച്ചു.
അങ്ങനെ നമ്മടെ ദിവസം വന്നു. സഹമുറിയന് ജോജോ ചോദിച്ചു - "ഡാ.. നിന്നെ അങ്ങ്ട് കൊണ്ടാക്കണാ?"
പിന്നേ... അവന്റെ ചളുക്ക് ബൈക്കില്‍ എന്റെ പട്ടി പോവും... (അതും അവന്റെ ബൈക്ക് പോലുമല്ല.... വല്ലവന്റെയും കടം വാങ്ങിയ വണ്ടി) അതും ആദ്യമായി വിമാനയാത്രക്കു പോവുമ്പോള്‍!
ഞാന്‍ വിനയത്തോടെ പറഞ്ഞു - "അതൊന്നും വേണ്ട്രാ.. ഞാന്‍ വല്ല ടാക്സിയിലും പോക്കോളാം".
ഉച്ചക്കു ഓഫീസില്‍ എല്ലാരോടും ഓണാശംസകളൊക്കെ പറഞ്ഞ് ഞാന്‍ പുറപ്പെട്ടു. വിമാനത്താവളത്തിലെത്തി. അവിടത്തെ ഡെക്കാന്‍ കൗണ്ടറിലെ ചേച്ചിയുടെ കയ്യില്‍ ടിക്കറ്റ് കൊടുത്തു.
ടിക്കറ്റ് നോക്കിയിട്ട് ചേച്ചി എന്നെയൊരു നോട്ടം...
എന്റെ അനുഭവങ്ങള്‍ പാച്ചാളികള്‍ പഠിപ്പിച്ച പാഠത്തില്‍ നിന്നെനിക്ക് മനസ്സിലായി... സ്ഥിരമായി സംഭവിക്കാറുള്ളത് സംഭവിച്ചിരിക്കുന്നു -യേതു്... അബദ്ധം!
എന്നാലും... ഇന്നു് ഞാന്‍ perfect ആണല്ലോ.. cooling glass പോലും മറന്നിട്ടില്ല.
"Sorry sir, you flight was scheduled for five thirty morning. You are 12 hours late."
അതേ .. അതു തന്നെ.. നല്ല മുട്ടന്‍ മണ്ടത്തരം. പത്തിരുപത്തഞ്ചു് വയസ്സായ ആണൊരുത്തനല്ലേ... കരയാന്‍ പറ്റ്വോ? എന്നെത്തന്നെ ഞാന്‍ കുറേ തെറി വിളിച്ചു.
24-മണിക്കൂര്‍ clock-നെ കണ്ടമാനം തെറി വിളിച്ചു.
കഴിഞ്ഞതൊക്കെ കഴിഞ്ഞു. തിരിച്ചു പോണ്ടേ... എന്നാപ്പിന്നെ ഇനി ജോജോ-യെത്തന്നെ വിളിക്കാം.. എന്നു വെച്ചു അവനെ വിളിച്ച് പറഞ്ഞു -- "ഡാ ഇനിക്കു് ഇപ്പൊ നമ്മടോടക്കു പോരണം... നീയാ വണ്ടീം കൊണ്ട് വാ"
അവന് സ്നേഹത്തോടെ മൊഴിഞ്ഞു - "അതൊന്നും വേണ്ട്രാ.. നീ വല്ല ടാക്സീം പിടിച്ച് പോരേ".
ദേഷ്യത്തില്‍ ഞാന്‍ പറഞ്ഞ തെറിയൊക്കെ അവന്റെ ചിരിയില്‍ മുങ്ങിപ്പോയി!
വഴിയില്‍ കാണുന്നവരോടൊക്കെ യാതൊരു ആവശ്യവുമില്ലാതെ - നാട്ടിലേക്കു "വിമാനത്തില്‍" പോകുന്ന കാര്യം നല്ല ശബ്ദത്തില്‍ പറഞ്ഞതൊക്കെ വെറുതേയും ആയി.
നാലു് ദിവസത്തേക്കു് പുറത്തോട്ടെങ്ങും ഇറങ്ങിയുമില്ല! :(
[എന്റെ പ്രിയ സുഹൃത്തിനു വേണ്ടി എഴുതിയത് - സംഭവം ഇതൊക്കെയാണെങ്കിലും അവന് ആളൊരു പുലിയും, ഭയങ്കര ബുദ്ധിമാനും ആണു് --- ഒരു ചെറിയ പ്രസ്ഥാനം എന്നൊക്കെ വേണമെങ്കില്‍ പറയാം.]
കരിങ്കല്ല്.
9 comments:
അവന് സ്നേഹത്തോടെ മൊഴിഞ്ഞു - "അതൊന്നും വേണ്ട്രാ.. നീ വല്ല ടാക്സീം പിടിച്ച് പോരേ".
- വളരേയധികം നാളുകള്‍ക്കു് ശേഷം.... വീണ്ടും ഞാന്‍.
കരിങ്കല്ല്
ഹ...ഹ... ആ വിനയം അടിപൊളി.
“അതൊന്നും വേണ്ടടാ, ഞാന്‍ വല്ല ടാക്സീം പിടിച്ച് പൊയ്ക്കോളാം”
“അതൊന്നും വേണ്ടടാ, നീ വല്ല ടാക്സീം പിടിച്ച് പോരേ” :)
വിമാനമൊന്നുമല്ലെങ്കിലും ഞങ്ങളുടെ സുഹൃത്ത് ജഗതി(സില്മാല ജഗതിയല്ല, വെറും ജഗതി)യ്ക്കും പറ്റി, ഇതുപോലെയൊന്നുമല്ലെങ്കിലും ഏതാണ്ടതുപോലെ. എപ്പോള്‍ വേണമെങ്കിലും നാട്ടിലേക്ക് പോകാനായി എപ്പോഴും തീവണ്ടി ടിക്കറ്റ് ബുക്ക് ചെയ്യുക (അത്യാവശ്യത്തിന് ഓടിച്ചെന്നാല്‍ നിന്ന് പോകാന്‍ പോലും ടിക്കറ്റ് കിട്ടില്ലല്ലോ), പിന്നെ പോകുന്നില്ലെങ്കില്‍ ആര്‍ക്കെങ്കിലും ആവശ്യക്കാര്‍ക്ക് കൊടുക്കാമോ എന്ന് നോക്കുക, അതും പറ്റിയില്ലെങ്കില്‍ ക്യാന്‍സല്‍ ചെയ്യുക എന്നീ വിനോദങ്ങള്‍ സ്ഥിരം പരിപാടിയായിരുന്നു. അണ്ണന് 11 ആം തീയതിക്കും 12 ആം തീയതിക്കും ടിക്കറ്റ് ബുക്ക് ചെയ്തു. അവസാനം പോക്കുതീയതി അടുത്തപ്പോള്‍ 12 ന് പോകാന്‍ തീരുമാനിച്ചു. 11 ന്റെ ടിക്കറ്റിന് ആവശ്യക്കാരെ കിട്ടാത്തതുകൊണ്ട് സംഭവം ക്യാന്‍സല്‍ ചെയ്യാന്‍ കൊണ്ടുപോയി. പതിവുപോലെ സംഭവിച്ചത് 12 ന്റെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്തു. എന്നിട്ട് കൂളായി 11 ന്റെ ടിക്കറ്റുമായി 12 ആം തീയതി 12 മാസവും ഫുള്ളായി ഓടുന്ന സൂപ്പര്‍ ഫാസ്റ്റ് ട്രെയിനിന്റെ പന്ത്രണ്ടാം നമ്പ്ര് കോച്ചില്പന്ത്രണ്ടാം നമ്പര്‍ ബെര്‍ത്തില്‍ സുഖാമയി ഇരുന്നും കിടന്നും യാത്രതുടങ്ങി. ഒരറ്റത്തുനിന്ന് ടി.റ്റി.ഇ എത്തിയപ്പോള്‍ ട്രെയിന്‍ അടുത്ത സംസ്ഥാനത്തെത്തി, ആള്‍ക്കാരൊക്കെ കയറാന്‍ തുടങ്ങി, 12 ആം നമ്പ്ര് കോച്ചിന്റെ 12 ആം നമ്പര്‍ ബെര്‍ത്തിന്റെ പന്ത്രണ്ടാം തീയതിയിലെ യഥാര്‍ത്ഥ അവകാശിയും ടി.ടി.ഇ യും ഏതാണ്ട് ഒരുമിച്ച് തന്നെ അണ്ണനെ സന്ദര്‍ശിച്ചു.
ശേഷം ചിന്ത്യം (സന്തോഷിന്റെ ബ്ലോഗ്)
"ശേഷം ചിന്ത്യം (സന്തോഷിന്റെ ബ്ലോഗ്)" --- വക്കാരീമാഷേ... ഇതിന്റെ അര്‍ത്ഥമെന്താ?
കുറേ കാലം ഇവിടെയില്ലായിരുന്നു... ഇതു പുതിയ വല്ല norm ആണോ?
കരിങ്കല്ല്
കരിങ്കല്ലേ, ശേഷം ചിന്ത്യമെന്നത് കമന്റിന്റെ ഭാഗം. ശേഷം ചിന്ത്യമെന്ന ഒരു ബ്ലോഗുമുണ്ടല്ലോ. അതുകൊണ്ട് ശേഷം ചിന്ത്യം എന്ന് എഴുതിക്കഴിഞ്ഞപ്പോള്‍ അറിയാതെ ആ ബ്ലോഗിന്റെ നാഥനെയും ഓര്‍ത്ത് പോയി. ശേഷം ചിന്ത്യമെന്ന് ഗുളുഗിളിയാല് ആ ബ്ലോഗിന്റെ നാഥന് സന്തോഷിന്റെ സകല ഡീറ്റയിത്സും കിട്ടും. ബ്ലോഗിന്റെ ലിങ്കിവിടെ:
http://chintyam.blogspot.com/
ഹെന്റീശ്വരാ... :) (ഇത് നോമൊന്നുമല്ല, ഒന്ന് ദീര്ഘനിശ്വാസിച്ചതാണ്) :)
ഹെന്റമ്മോ, നോം (ഞാന്‍), നോം (norm) ആയോ? :)
ഇത്രയ്ക്ക് ബുദ്ധിയില്ലാണ്ടായി പോയല്ലോ സന്ദീപേ
ഗഷ്ടം തന്നെ ഗഷ്ടം!
അതിബുദ്ധിമതിയായ ഞാന്‍ 23/06/07 നു യാത്രയ്ക്ക് റിസര്‍വ് ചെയ്യേണ്ട ടിക്കറ്റ് 23/07/07 നു റിസര്‍വ് ചെയ്തു. എന്നിട്ടു റിലാക്സായി സ്റ്റേഷനില്‍ പോയി ചുറ്റി നടന്നു ട്രെയിന്‍ വിടാന്‍ 5 മിനിറ്റു മാത്രമുള്ളപ്പോ അബദ്ധം തിരിച്ചറിഞ്ഞു. പിന്നെ വെപ്രാളം& പരവേശം ടി ടി ആറുടെ കാലു പിടിക്കല്സ് ഒക്കെ നടത്തി ഇരട്ടി പൈസയ്ക്ക് ടിക്കറ്റൊപ്പിച്ചു.
ഇതു കൊണ്ട് ഒരു പ്രയോജനമുണ്ടായി ഇനിയെന്നെ ടിക്കറ്റ് റിസര്‍വ്വ് ചെയ്യാന്‍ എന്റെ ഭര്ത്താ വിടുമെന്നു തോന്നുന്നില്ല. സ്വസ്ഥം!
വായിച്ചു രസിച്ചു.
ഹ ഹ കരിങ്കല്‍ ജീ,
എനിക്കും ഉണ്ടായിട്ടുണ്ട് ഇതുപോലൊന്ന്.
23ആം തീയതി യാത്ര തുടങ്ങണം, 24ആം തീയതി ഇന്റര്‍വ്യൂ കഴിഞ്ഞ് അന്നു രാത്രി മടങ്ങണം. ഏല്പിച്ച ആള് 23ആം തീയതിക്ക് പുറപ്പെടാനുള്ളതും, 24ആം തീയതി രാത്രി ഒരു മണിക്കുള്ള മടക്ക ടിക്കറ്റും തന്നപ്പോള്‍ അതിത്രവലിയ കുരിശാകും എന്നോര്‍ത്തിരുന്നില്ല. അവിടെ ചെന്നിറങ്ങുന്നതിനു മുമ്പേ തിരികെ പോരാനുള്ള വണ്ടി പോന്നു കഴിഞ്ഞു എന്ന് TTE പറഞ്ഞപ്പോഴല്ലെ അറിഞ്ഞുള്ളു. ഈ 24മണിക്കൂര്‍ ക്ലോക്കിന്റെ ഓരോ കളികള്‍.
സന്ദീപ്... സംഭവ വിവരണം കൊള്ളാം. അയല്ഗുണം കുറവല്ല കേട്ടോ!
അബദ്ധങ്ങള്‍ ഏത് പൊലീസുകാരനും പറ്റും; അങ്ങനെ പറ്റിയ അബദ്ധങ്ങളില്‍നിന്ന് പഠിച്ച ചില പാഠങ്ങളെക്കുറിച്ച് എഴുതണമെന്നു വിചാരിച്ചിരുന്നപ്പോഴാണ് ഇത് കണ്ടത്.
ഫ്ലൈറ്റ് ബുക്ക് ചെയ്യുമ്പോള്‍ (On-line ആണെങ്കില്‍) ഈ തെണ്ടികളുടെ കലണ്ടറിന്റെ ലേഔട്ട് പലപ്പോഴും ഒരു വന്‍ ചതിക്കുഴി ആണ്. ഉദാ: MakeMyTrip.com മര്യാദയ്ക്ക് ആഴ്ച ഞായറാഴ്ച തുടങ്ങുമ്പോള്‍, ClearTrip.com അതു തിങ്കളാഴ്ച തുടങ്ങുന്നു. (അന്വേഷിച്ചപ്പോള്‍, അതു ഡിസൈന്‍ ചെയ്തവന്റെ അമ്മയെ കെട്ടിച്ചതു ഒരു തിങ്കളാഴ്ച ആയതു കൊണ്ടാണെന്നറിഞ്ഞു. എന്തൊരു മാതൃസ്നേഹം! :D ) IndiaTimes -കാരനും മാതൃസ്നേഹം കുറവല്ല; പക്ഷേ, ശനിയും ഞായറും ചുവപ്പു കളറില്‍ ആണ്, ഇടത്തേ അറ്റത്ത് ഞായര്‍ എന്നു കരുതി അത്രയെളുപ്പം തിങ്കളാഴ്ചയില് ക്ലിക്ക് ചെയ്യില്ല. ആദ്യത്തെ കക്ഷിക്കു തരക്കേടില്ലാത്ത ക്യാന്സലേഷന് വരുമാനം ഉണ്ടാകും; ഉറപ്പ്! TravelGuru.com -ഉം Yatra.com-ഉം
ആകട്ടെ നമ്മള് മനുഷ്യര്‍ ഉപയോഗിക്കുന്ന കലണ്ടര്‍ കൊടുത്തിരിക്കുന്നു. AirDeccan-ഉം അതു തന്നെ. വിജയ് മല്യ ക്യാന്സലേഷന് വരുമാനം കൊണ്ടല്ല ജീവിക്കുന്നത്. അതുകൊണ്ട്, ഒരു നല്ല ഡ്രോപ്പ് ഡൗണ്‍ മെനു ആണ്. തെറ്റാന്‍ വഴിയില്ല.
ഇനി, ട്രെയിനിലെ അബദ്ധങ്ങള്‍ 24 മണിക്കൂര്‍ ക്ലോക്ക് മൂലം മാത്രമല്ല. ജാഗ്രതൈ! അവരുടെ എന്‍ക്വയറി ലിസ്റ്റിങ്ങും വന്പാരയാണ്.
അര്ദ്ധരാത്രിയോടടുത്തുള്ള ട്രെയിന്‍ ബുക്ക് ചെയ്യുന്നെങ്കില്‍ സൂക്ഷിക്കുക. നിങ്ങള്‍ 23:30 കഴിഞ്ഞു 00:15 ന്റെ ട്രെയിന്‍ ലിസ്റ്റില്‍ കാണും. ബുക്ക് ചെയ്ത് ചെന്നാല്‍ AirDeccan-ലെ അബദ്ധത്തേക്കാള് ഒരല്പം കൂടുതലും പറ്റും. കാരണം, അത് പന്ത്രണ്ടുമണിക്കൂര്‍ മുന്നേ പോയ വണ്ടി അല്ല, തലേന്ന് അര്‍ദ്ധരാത്രി കഴിയുമ്പോഴുള്ള ട്രെയിന്‍ ആണ്! ഇന്ന് രാത്രി പന്ത്രണ്ടേകാലിനു പിറ്റേന്നത്തെ ലിസ്റ്റില്‍ നോക്കണം. ഇവര്‍ക്ക് ഇത് സമയാനുബന്ധിതമായി (Chronological Order) ലിസ്റ്റ് ചെയ്തുകൂടെ? അതായത് 00:15 ആദ്യം, 23:30 അവസാനം.. അതില്ല! മനുഷ്യനെ കണ്ഫ്യൂസ് ചെയ്യാന്‍ തന്നെ ഇറങ്ങിത്തിരിച്ചിരിക്കുന്നു!
ഓ ടോ (?):
ബാംഗളൂരില്‍ നിന്ന് കേരളത്തിലേയ്ക്കുണ്ടായിരുന്ന (കൊച്ചിക്കും തിരുവനന്തപുരത്തിനും) ഏക ഇന്‍ഡ്യന്‍ വിമാനം നിര്‍ത്തിക്കളഞ്ഞതു എങ്ങും ഒരു വാര്‍ത്തയായിക്കണ്ടില്ല. അത്യാവശ്യത്തിനു വിമാനത്തില്‍ കയറുന്നവന്റെ വയറ്റത്തടി ആയിപ്പോയി അത്. എന്നു ബുക്ക് ചെയ്താലും ഏകദേശം ഒരേ റേറ്റ് തന്നിരുന്ന ഇന്‍ഡ്യന്‍ പോയതോടെ നമ്മുടെ മുതലാളിമാര്‍ നല്ല കൊയ്ത്താണ് നടത്തുന്നത്. നാളത്തെ ടിക്കറ്റിനു ഇന്നു അയ്യായിരം മുതല്‍ എണ്ണായിരം വരെ ആണ് ചാര്‍ജ്. ഇതിനിടെ എയര്‍ ഡെക്കാന്‍ അവരുടെ രാവിലത്തെ തിരുവനന്തപുരം സര്‍വീസും നിര്‍ത്തിക്കളഞ്ഞു! ഇപ്പോള്‍ പാവങ്ങള്‍ക്ക് മല്യ തന്നെ ശരണം!
പിന്നെ, ഒരല്‍പ്പം മുന്നേ പ്ലാന്‍ ചെയ്താല്‍ എയര്‍ഡെക്കാന്റെ ഏറെക്കുറെ അതേ ചാര്‍ജില്‍ കിങ്ങ്ഫിഷറിലും പോകാന്‍ പറ്റും. പണം കൊടുക്കാതെ പച്ചവെള്ളവും കുടിക്കാം!
വക്കാരീജീ... അബദ്ധമായീ.. ഞാന്‍ ചോദിച്ചതു്ല്ലേ! എന്തായാലും, വന്നതിനും, കമന്റി കണ്ഫ്യൂസാക്കിയതിനും, പിന്നെ കണ്‍ഫ്യൂഷന്റെ ഫ്യൂസ് ഊരിയതിനുമൊക്കെ രൊമ്പ നന്ദ്രി.
സന്തോഷേട്ടാ.. അതു നന്നായീ. സ്വന്തം പേരു കണ്ടു വന്നതാണെങ്കിലും ബ്ലൊഗ് വായിച്ചല്ലോല്ലേ?
ആഷചേച്ചീ.. ആ അബദ്ധം എനിക്കല്ലാട്ടോ പറ്റീത്.
ഇന്‍ഡ്യാഹെറിറ്റേജ്.... പകുതിവഴിക്കിറങ്ങി return വരാര്‍ന്നു :)
Saha - ചെറുതായി frustrated ആണല്ലോ.. സംഭവം ശരിയാ...ഈ പറഞ്ഞ ചിലര്‍ക്കൊക്കെ നല്ല ചുട്ട പെടയുടെ കുറവുണ്ട് :)
കരിങ്കല്ല്.
Post a Comment