Wednesday, November 25, 2009

ഇരുപത്തേഴിന്റെ കുഴപ്പം….

 
നിനച്ചിരിക്കാതെ കഴിഞ്ഞ ബുധനാഴ്ച എനിക്കു തോന്നി… നാട്ടിലേക്കൊന്നു വന്നാലോ എന്നു… കാര്യങ്ങളൊക്കെ ഒന്നൊതുക്കി, ഒരു ടിക്കറ്റുമെടുത്തു, പറന്നു – നാട്ടിലേക്കു്. :)

വെള്ളിയാഴ്ച രാവിലെയാണു പുറപ്പെട്ടതു്… അവിടെ ആകെ അമ്മുഓപ്പോളെയും കുഞ്ഞഞ്ചേട്ടനെയും മാത്രമേ അറിയിച്ചുള്ളൂ… രണ്ടുപേരും ചോദിച്ചു… “സന്ദീപേ.. കല്യാണമോ, പെണ്ണുകാണലോ മറ്റോ ആണോ” എന്നു് … അല്ലെന്നു ഞാനും പറഞ്ഞു..

സുഹൃത്തുക്കളേ… ഒരു വാതിലുണ്ട് നമ്മുടെ മുമ്പിൽ…. അങ്ങോട്ടു കടക്കാൻ മാത്രമേ സാധിക്കൂ… കടന്നാൽ പിന്നെ ഒരു 40 കൊല്ലം അവിടെയാണു് … തിരിച്ചു വരവില്ല…

ഇപ്പോൾ നിൽക്കുന്നിടത്തോ.. പരമസുഖം… അപ്പൊ പിന്നെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നന്നായൊന്നു ആലോചിക്കണ്ടേ ആ വാതിൽ തുറന്നു കടക്കാൻ?

അതാണു് കല്യാണത്തിന്റെ കുഴപ്പം… ബാച്ചിലർക്കു അങ്ങോട്ടു കടക്കാൻ വളരെയെളുപ്പം… പക്ഷേ, പിന്നെയൊരിക്കലും ബാച്ചിലറാവാൻ പറ്റില്ലല്ലോ…

അങ്ങനെ നോക്കുമ്പോൾ ഒരിത്തിരി കഴിഞ്ഞിട്ടു പോരേ അതൊക്കെ? എനിക്കും, തുല്യദുഃഖിതരായ ചില സുഹൃത്തുക്കൾക്കും ഈ കാര്യം മനസ്സിലാവുന്നതല്ലാതെ അമ്മമാർക്കൊന്നും മനസ്സിലാവുന്നില്ല. :(

അമ്മ വളരെ tempting ആയ ഒരു ഓഫർ ഒക്കെ തന്നു…. എന്നാലും ഇതു വരെ ഞാൻ വഴങ്ങിയിട്ടില്ല…

ഉള്ളതു പറയണമല്ലോ, നാട്ടിലെ സുന്ദരിക്കുട്ടികളെ കാണുമ്പോൾ ഒന്നല്ല ഒരു ഒമ്പതു കല്യാണം കഴിച്ചാലും തരക്കേടില്ല എന്നു തോന്നുന്നു. :)

എന്നാലും - “പിന്നെയും പിന്നെയും ആരോ കിനാവിന്റെ പടികടന്നെത്തുന്ന പദനിസ്വനം” കേൾക്കുന്ന സമയം വരട്ടെ. അല്ലേ? അതു വരെ ചെറിയ പഞ്ചാരയും ചുറ്റിക്കളികളും ഒക്കെ ആയി നടക്കാം…. :)24112009034

(ബ്ലോഗ് വായിക്കുന്ന നാടുകളിൽ നിന്നെനിക്കൊരു ആലോചന വരുമെന്നിനി പ്രതിക്ഷയില്ല… അപ്പൊ ഇനി എന്തും എഴുതാല്ലോ അല്ലേ?)

സ്നേഹാദരങ്ങളോടെ,
ഞാൻ, കരിങ്കല്ല്.

വാൽ: അതിനിടയിൽ, ഇന്നലെ ഇരിങ്ങാലക്കുടയിൽ പോയപ്പോൾ കണ്ടതാണീ പരസ്യം…. ഒരു മാര്യേജ് ബ്യൂറോക്കിതിലും നല്ലൊരു പേരിനി കിട്ടാനുണ്ടോ?

Thursday, November 19, 2009

മരുന്നിനൊരു പെണ്‍കൊടി


റോസിന്റെ പുതിയ പോസ്റ്റ് കണ്ടപ്പോള്‍ എഴുതാന്‍ തോന്നിയതാ…

ഞാന്‍ പി.എച്.ഡി ചെയ്യുന്ന ഇന്‍സ്റ്റിറ്റ്യൂട്ടെന്നു പറയുന്നതു്, കമ്പ്യൂട്ടര്‍ സയന്‍സ് ഡിപാര്‍ട്ട്മെന്റിലെ തന്നെ, എഫിഷ്യന്റ് അല്‍ഗൊരിതംസിന്റെ ഇന്‍സ്റ്റിറ്റ്യൂട്ടാണു്.

പ്രൊഫസറും സബ്-പ്രൊഫസറും എല്ലാം അടക്കം ഞങ്ങള്‍ 12-13 പേരുണ്ട്…

എന്നാല്‍ രസം കേള്‍ക്കണോ? എല്ലാം പുരുഷകേസരികള്‍ (കേസരി എന്നൊക്കെ ചുമ്മാ പറഞ്ഞതാ)

ഒന്നു പഞ്ചാരയടിക്കാന്‍ മരുന്നിനൊരു പെണ്‍കുട്ടി പോലുമില്ല.. ആകെയുള്ള സ്ത്രീശക്തി നമ്മുടെ പ്രൊഫസറുടെ സെക്രട്ടറി മാത്രം – നല്ല ഒരു സ്ത്രീ… – പുള്ളിക്കാരിയാണെങ്കില്‍ പഞ്ചാരയടിക്കുന്ന പ്രായമല്ല. (40+).. :(

ഇതെന്താ പെണ്‍കുട്ടികളാരും തന്നെ തിയററ്റിക്കല്‍ സംഭവങ്ങള്‍ പഠിക്കാന്‍ വരാത്തതു്? ഒരിത്തിരി ആള്‍ജിബ്രയും കണക്കും തിയറങ്ങളും ഉണ്ടെന്നതൊഴിച്ചാല്‍ എല്ലാം ഡീസന്റായിട്ടുള്ള ഐറ്റംസ് തന്നെയാണു് ഞങ്ങളും പഠിക്കുന്നതു്.

എന്തിനധികം പറയുന്നു, ജീവനില്‍ കൊതിയുള്ള ആരും തന്നെ വരാന്‍ ആഗ്രഹിക്കാത്ത ഒരു ഗ്രൂപ്പാണു് ഞങ്ങളുടേതു്. എന്താണെന്നു വെച്ചാല്‍, വളരെ കുപ്രസിദ്ധനാണ് എന്റെ പ്രൊഫസര്‍. അദ്ദേഹം എടുക്കുന്ന കോഴ്സുകളില്‍ ജയിച്ചു പോകണമെങ്കില്‍ നല്ല പോലെ ബുദ്ധിമുട്ടണം..

ഇദ്ദേഹത്തിന്റെ കീഴിലാണു റിസര്‍ച്ചെന്നു പറയുമ്പോള്‍ താഴെ പറയുന്ന പ്രതികരണങ്ങളിലൊന്നാണെപ്പോഴും കിട്ടുക.

  • - കടിച്ചു കീറും നിന്നെ ഞാന്‍ എന്നൊരു നോട്ടം (ഞങ്ങളുടെ ഗ്രൂപ്പ് ഓഫര്‍ ചെയ്ത ഏതെങ്കിലും കോഴ്സില്‍ തോറ്റ കക്ഷികളുടെ പ്രതികരണം)
  • - പാവം, വേറെ മനുഷ്യപറ്റുള്ള പ്രൊഫസര്‍മാരെയൊന്നും കിട്ടിയില്ലേ എന്നു സിമ്പതിയോടെ ഒരു നോട്ടം (നമ്മുടെ ഗുരുവിനെക്കുറിച്ചു കേട്ടറിഞ്ഞ ആളായിരിക്കും)

ഗുരു ആളൊരു പുലി പുലി പുപ്പുലിയാണുട്ടോ… അമേരിക്കയില്‍ എം.ഐ.ടി-യില്‍ പി.എച്.ഡി തീസിസ് ചെയ്തു, സ്റ്റാന്‍ഫോര്‍ഡില്‍ ഒരു 10 കൊല്ലം പഠിപ്പിച്ച, ഒരു വരയന്‍ പുള്ളിപ്പുലി.

പുറം ലോകത്തേക്കു കര്‍ക്കശക്കാരന്‍ എന്ന പേരാണെങ്കിലും സ്വന്തം ശിഷ്യഗണത്തിനോട് നല്ല സൌഹൃദം പുലര്‍ത്തുന്ന സ്വഭാവക്കാരന്‍.

ഒരിക്കല്‍ ഞാനെഴുതാം ജര്‍മ്മനിയിലെ യൂണിവേഴ്സിറ്റി സെറ്റപ്പുകളെക്കുറിച്ചു്. അന്നാവാം കൂടുതല്‍ വാര്‍ത്തകള്‍.

ഈ സെമെസ്റ്ററില്‍ ഞാന്‍ ഒരിത്തിരി ജാവ പഠിപ്പിക്കുന്നുണ്ട്… ബാച്ചിലര്‍ വിദ്യാര്‍ത്ഥികളെ.. അവിടെ സംഭവം രസാട്ടോ… പത്തോളം പെണ്‍കുട്ടികളും 2-3 ആണ്‍കുട്ടികളും. പുതിയൊരു 15 അംഗ സംഘം കൂടി എന്റെ ക്ലാസ്സില്‍ വരാന്‍ പോകുന്നു - ഡിസംബര്‍ മുതല്‍. പഠിപ്പിക്കാന്‍ എനിക്കിഷ്ടാട്ടോ… അതൊരു രസം തന്നെയാണേ…

സ്വന്തം ഗ്രൂപ്പിലില്ലെങ്കിലും അവിടെയുണ്ടല്ലോ ആവശ്യത്തിലധികം പെണ്‍കൊടികള്‍ ;) അങ്ങനെ ആശ്വസിക്കാം അല്ലേ?

എന്നു്, കരിങ്കല്ല്.

വാല്‍: എന്റെ ഗ്രൂപ്പിലെ ആകെയുള്ള നോണ്‍-ജര്‍മ്മന്‍ ഞാനാണു്… ഇവിടെ എഴുതിയതൊന്നും അവരാരും ഒരിക്കലും അറിയില്ല എന്ന വിശ്വാസത്തോടെ…

Wednesday, October 21, 2009

സമയമെത്രയായി…? കൊല്ലാൻ സമയമായി..


ഇന്നലെ രാത്രി നടന്ന സംഭവം ആണു്. നല്ല തലവേദനയുണ്ടായിരുന്നു ഉറങ്ങാൻ കിടന്നപ്പോൾ… എന്റെ ജർമ്മൻ ഭാഷയെ നന്നാക്കുന്നതിന്റെ ഭാഗമായി ഞാൻ ഈയടുത്തായി ഉറങ്ങാൻ പോകുമ്പോൾ ഹാരിപ്പോട്ടർ ഓഡിയോ ബുക്ക് കേട്ടാണുറങ്ങുന്നതു്.

കാര്യത്തിലേക്കു കടക്കും മുമ്പ് ഒരു കണക്കവതരണം ആ‍വാം… ആകെ 12 ചതുരശ്ര മീറ്റർ വലിപ്പമുള്ള എന്റെ മുറിയിൽ സമയം അറിയാൻ എത്ര ഉപകരണങ്ങൾ ഉണ്ടെന്നറിയോ?

ഒരു ക്ലോക്ക്, ഒരു റേഡിയോ ക്ലോക്ക്, എന്റെ വാച്ചു്, മൊബൈൽ ഫോൺ, ഒരു ലാപ്‌ടോപ്, ഒരു ഡെസ്ക്ടോപ് – ഇത്രയും പോരേ?

രണ്ടു ദിവസം മുമ്പ് ബാറ്ററി തീർന്നു ക്ലോക്ക് മരിച്ചു. ഫ്യൂസടിച്ചു പോയ നിമിഷത്തിൽ റേഡിയോ ക്ലോക്ക് റീസെറ്റാ‍യി. വാച്ചും ഫോണും മേശപ്പുറത്ത്, ലാപ്‌ടോപ്പുറങ്ങുന്നു. ഡെസ്ക്ടോപ്പും ദൂരെ…

ഉറക്കത്തിൽ നിന്നുണർന്നാൽ സമയമറിയൽ കഷ്ടം …. എന്നാൽ ഉറങ്ങുന്നതിലും മുമ്പ് ഈ ഫോണോ വാച്ചോ അടുത്തെടുത്തു വെച്ചൂടേ എന്നു ചോദിച്ചാൽ.. ക്ലോക്കു് കേടുവന്നതിപ്പോഴല്ലേ?

ഇന്നലെ ഉറക്കത്തിൽ എന്തോ ഒരു ബീപ്പ് ബീപ്പ് ശബ്ദം കേട്ടു ഞാനുണർന്നു. ഉണർന്നു കഴിഞ്ഞപ്പോൾ ഇതെവിടെ നിന്നു വരുന്നു എന്നു മാത്രം അറിയാൻ സാധിക്കുന്നില്ല. കുറച്ചു നേരം ശ്രദ്ധിച്ചപ്പോൾ മനസ്സിലായി അതു വരുന്നതു അലമാരിയിൽ നിന്നാണു് എന്നു്.

അലമാര തുറന്നപ്പോഴോ? അതിലെവിടെനിന്നു വരുന്നു ഈ ശബ്ദം എന്നു യാതോരു പിടിയും കിട്ടുന്നില്ല.

ഒന്നു കൂടി ശ്രദ്ധിച്ചപ്പോഴോ… അതിനുള്ളിലെ സ്യൂട്ട്കേസിൽ നിന്നാണു ഈ ബീപ്പ് വരുന്നതു്. അതു തുറന്നു നോക്കിയപ്പൊഴല്ലേ അതിനുള്ളിലിരിക്കുന്നു ഒരു സുന്ദരൻ ടൈം പീസ്. അതിനിപ്പൊ ഈ അസമയത്തു അടിക്കാൻ തോന്നാനെന്തു കാരണം? ആർക്കറിയാം…

അതിനെക്കുറിച്ചു മറന്നിരിക്ക്യായിരുന്നു ഞാൻ. ഇനിയിപ്പൊ സമയം നോക്കാൻ ഒരു സാധനമായല്ലോ. :)

ഇതു പോലെ രണ്ടു ദിവസം മുമ്പൊരു രാത്രി എന്തോ കേട്ടു ഞാനെഴുന്നേറ്റപ്പോൾ … അതാ കേൾക്കുന്നു – “എനിക്കു കൊല്ലണം, നശിപ്പിക്കണം, തകർക്കണം, കൊല്ലണം……

… ഹാരിപ്പോട്ടർ നിർത്താൻ മറന്നു ഉറങ്ങുന്നതിനു മുമ്പ്.. ഹാരിപ്പോട്ടറിലെ ബസിലിസ്ക് എന്നൊരു കഥാപാത്രം (ഒരു പാമ്പാണു് ട്ടോ) പറയുന്ന ഡയലോഗാണിതു്.

സ്ഥലകാലബോധം വരുന്ന വരെ ഒന്നമ്പരന്നു ആരാണിപ്പൊ കൊല്ലാൻ നോക്കി നടക്കുന്നതു് എന്നു്. ഉറക്കം വരുന്നൂ കൂട്ടുകാരേ… ഒരു ഗ്ലാസ് പാലെടുത്ത് കുടിച്ചു്, ഹാരിപ്പോട്ടറും കേട്ടുറങ്ങാൻ നോക്കട്ടെ ഞാൻ.

നിങ്ങളുടെ സ്വന്തം കരിങ്കല്ല്.