Thursday, June 18, 2009

സൌന്ദര്യം … മനം മയക്കുന്ന സൌന്ദര്യം

 

(സ്ത്രീ സൌന്ദര്യം ആണോ ഈ പറയുന്നതെന്നു കരുതി വന്നവര്‍ക്കു് തിരിച്ചുപോവാം)

താമസം മാറി എന്നു പറഞ്ഞപ്പോള്‍ നമ്മുടെ ശ്രീ ചോദിച്ചിരുന്നു – കാണാന്‍ ഭംഗിയുള്ള സ്ഥലത്താണോ വീടെന്നു?

പണ്ടു ഞാന്‍ താമസിച്ചിരുന്ന പാടത്തിന്നരികിലുള്ള വീടിന്റെ അത്ര നല്ല സ്ഥലത്തല്ല, എന്നാലും ഒരു സുന്ദരമായ ഗ്രാമം തന്നെ. എന്നാല്‍ പിന്നെ ചിത്രങ്ങളെടുത്തു ബ്ലോഗ്ഗിലിട്ടു ആള്‍ക്കാരെ കൊതിപ്പിക്കാം എന്നു കരുതി.

അപകടത്തിന്നു ശേഷം ഞാന്‍ ഇപ്പൊ നടന്നാണു കോളേജിലേക്ക് പോകുന്നതു്. അതു കൊണ്ട് തന്നെ സൌകര്യമായി നിന്നു പടം പിടിച്ചിട്ടു പോവാം. പക്ഷെ, കോളേജില്‍ പോകുന്ന വഴിക്കായതു കൊണ്ടു് ക്യാമറ ഒന്നും ഇല്ല. മൊബൈല്‍ ചിത്രങ്ങളേ ഉള്ളൂ…

1506200960515062009607

ചുമ്മാ വഴിയോരത്തെ പൂക്കള്‍ – മോണിങ്ങ് ഗ്ലോറി അല്ലേ ആദ്യത്തേതിന്റെ പേരു്?

1506200960815062009609

നമുക്കു പാര്‍ക്കാന്‍ ആപ്പിള്‍ തോട്ടങ്ങള്‍

1506200961015062009611

വഴിയോരത്തെ പനിനീര്‍പ്പൂവും മുള്ളന്‍പൂവും :)

1506200961315062009614

കണ്ട കാടും പടലിന്റെയും ഒക്കെ പടം എടുത്തിട്ടോളും!

1506200961515062009616

ഡെയ്സിയും കാട്ടുപൂവും.15062009617

--->  കോളേജിനടുത്തെ ഉണക്കമരം! :)

ഇനി താഴെ കാണുന്നതെന്താണെന്നറിയോ? മള്‍ബറിപ്പഴം! :) പോണവഴിക്കൊരു തരക്കേടില്ലാത്ത മരമുണ്ട് – രാവിലെയും വൈകീട്ടും ഇത്രക്കു കിട്ടും.  നല്ല സ്വാദാ! :) :) ഇവിടുത്തുകാര്‍ക്കറിയില്ലാന്നു തോന്നുന്നു ഇതിനെക്കുറിച്ച്.15062009619

ഇനി ഇതാ രണ്ടു ചിത്രങ്ങള്‍  - പണ്ടു ക്യാമറയില്‍ എടുത്തതു്‌.

Garching Centre 2009-05-20 001 Garching Centre 2009-05-20 002

ഇതിലേ എന്നും പോവാന്‍ … ഈ സൌന്ദര്യം ആസ്വദിക്കാന്‍ സാധിക്കുന്ന ഞാന്‍ ഒരു കുഞ്ഞു ഭാഗ്യവാനല്ലേ?

ഈ നിത്യഹരിതയാം ഭൂമിയലല്ലാതെ കാമുകഹൃദയങ്ങളുണ്ടോ?
സ്വപ്നങ്ങളുണ്ടോ … .. .. … . ഗന്ധര്‍വ്വഗീതമുണ്ടോ….
…. കൊതി തീരും വരെ ഇവിടെ ജീവിച്ച് മരിച്ചവരുണ്ടോ… ?

എന്നു ദാസേട്ടനൊക്കെ പാടിയതു വെറുതെ ആണോ?

എന്നാപ്പിന്നെ പറഞ്ഞ പോലെ,
സ്വന്തം, കല്ല്, കരിങ്കല്ല്.

Thursday, June 04, 2009

ഞാനും പൈത്തണും തൊണ്ടവേദനയും


കണ്ടമാനം പുലികള്‍ വിഹരിക്കുന്ന ഒരു കാടാണല്ലോ ഈ ബൂലോകം. കുറേ കാടന്മാരും ഉള്ളതിനാലാണു കാടെന്നു പറഞ്ഞതു്.

ഈ പുലികള്‍ വിഹരിക്കുന്നിടത്തു് വിവരക്കേടു് പറഞ്ഞാല്‍ നല്ല പ്രഹരം കിട്ടും. എന്നാലും എന്നാലാവുന്ന ഒരിത്തിരി പറയാമല്ലേ! :)

രണ്ടു ഭാഷയെങ്കിലും അറിയാത്ത ആരും തന്നെ ബൂലോകത്തില്ല എന്നാണെന്റെ ഒരു കണക്കുകൂട്ടല്‍. എല്ലാരും അധികം സംസാരിക്കുന്നതോ കമ്പ്യൂട്ടറുകളോടും – അല്ലേ?

എന്നാല്‍ നമ്മളില്‍ എത്ര പേര്‍ക്കു കമ്പ്യൂട്ടറിനറിയാവുന്ന ഭാഷയറിയാം? (കുറേപേരൊക്കെ സോഫ്റ്റ്‌വെയര്‍ ഇഞ്ചിനീരന്മാരും ഒക്കെ ആണെങ്കിലും അവരുടെ നിലവാരം ഊഹിക്കാവുന്നതാണു്)

ഞാന്‍ കുറേകാലമായി ഈ കൊട്ടു തുടങ്ങിയിട്ടു് – കഷ്ടി 7-8 ഭാഷകളോളം (കമ്പ്യൂട്ടറുകളുടെ) എന്റെ കൈക്കരുത്തറിഞ്ഞു. ഇപ്പൊ പലതും മറന്നു പോയിത്തുടങ്ങി. നന്നായി അറിയാവുന്നവ രണ്ടെണ്ണം മാത്രം.

അതിലൊരെണ്ണം ഞാനിവിടെ കുട്ട്യോളെ (ബാച്ചികളെയും, മാസ്റ്റേഴ്സിനെയും) പഠിപ്പിക്കുന്നു. ആ ഭാഷയുടേ പേരാണു പൈത്തണ്‍ (പൈത്തഗോറസിന്റെ ബന്ധുവാണോ ഈ പൈത്തണ്‍ എന്നായിരുന്നു അച്ഛന്റെ ചോദ്യം – അല്ലാ, അമ്പതുകളുടെ പാതിയില്‍ ജനിച്ചു, അമ്പതുകളുടെ മധ്യത്തിലെത്തി നില്‍ക്കുന്ന അച്ഛന്‍ അതു ചോദിക്കണമെങ്കില്‍ ഒരു പുലി തന്നെ ആയിരിക്കണ്ടേ?)

എന്തായാലും പൈത്തഗോറസിന്റെ ആരുമല്ല.

ഇതു വരെ പഠിച്ച ഭാഷകളില്‍ ഏറ്റവും നല്ലതിതു തന്നെ. പഠിക്കാനെളുപ്പം, ഉപയോഗിക്കാന്‍ ശക്തം, അതി സുന്ദരം! കമ്പ്യൂട്ടര്‍ സംബന്ധമായ എന്തെങ്കിലും പഠിക്കുന്നവര്‍ ഇതു പഠിക്കുന്നതു് നല്ലതായിരിക്കും. (ചിത്രത്തില്‍ കാണുന്നതു് ഇതിന്റെ ലോഗോ)

സത്യം പറഞ്ഞാല്‍ കമ്പ്യൂട്ടര്‍ പഠനം നടത്താത്തവര്‍ ആണു തലകുത്തി മറഞ്ഞു കമ്പ്യൂട്ടര്‍ സമ്പ്രദായങ്ങള്‍ പഠിക്കേണ്ടതു്.

ഉദാഹരണത്തിനു: എന്റെ ഒരു സുഹൃത്തു്, ആസ്ട്രോണോമിയില്‍ ഗവേഷക, കമ്പ്യൂട്ടറുകളുമായില്‍ മല്പിടുത്തം നടത്തുന്നതു കാണുമ്പോള്‍ ഞാന്‍ അറിയാതെ പറഞ്ഞു പോകാറുണ്ട് - ഏതെങ്കിലും ഒരു കമ്പ്യൂട്ടര്‍ ഭാഷ പഠിക്കാന്‍ - എന്നാലല്ലേ ഈ കുന്ത്രാണ്ടത്തിനോട് വൃത്തിയായി സംസാരിക്കാന്‍ പറ്റൂ.

ഞാനൊക്കെ പറഞ്ഞാലെന്തു വില? ആരു പഠിക്കാന്‍? ബുദ്ധിമുട്ടട്ടെ. ആര്‍ക്കു ചേതം? :)

ഈ കമ്പ്യൂട്ടറുകളുടെ സ്വഭാവം നമ്മുടെ എന്‍. എഫ്. വര്‍ഗ്ഗീസിന്റെ ഒക്കെ പോലെയാ. മക്കളേ, നല്ലവനുക്കു ഞാന്‍ നല്ലവന്‍. കെട്ടവനുക്കു ഞാന്‍ മഹാകെട്ടവന്‍.

ഈ പറഞ്ഞ ഉപദേശം കമ്പ്യൂട്ടറുകളെ തെറിവിളിക്കുന്ന എല്ലാര്‍ക്കും ബാധകമാ. ബുദ്ധിയില്ലാത്ത പാവം ജീവികളല്ലേ കമ്പ്യൂട്ടറുകള്‍, നന്നായി പറഞ്ഞു കൊടുത്താല്‍, എല്ലാം നന്നായി നടക്കും.

അപ്പൊ, പറഞ്ഞു വന്നതു്, ഞാന്‍ നന്നായി പഠിപ്പിക്കുന്നുണ്ടെന്നെനിക്കു തോന്നുന്നു.

ചെറിയ ജലദോഷം ഉണ്ടായിരുന്ന എനിക്കു ഇന്നത്തെ ഒന്നര മണിക്കൂറ് ക്ലാസ്സെടുത്തു വന്നപ്പോള്‍, ചെറിയ ഒരു തൊണ്ടവേദന.

അതു (തൊണ്ടവേദനക്കഥ) എല്ലാരോടും പറയാന്‍ വന്നതാ. അപ്പൊ ബാക്കി കഥകൂടി പറഞ്ഞെന്നു മാത്രം. :)

എന്നു, സ്വന്തം കല്ല്.

വാല്‍ക്കഷണം: ഞാനിവിടെ കുട്ടികളെക്കൊണ്ട്, നമ്മുടെ ഉമേഷേട്ടന്റെ കമ്പനി പൂട്ടിക്കാനായി ഒരു സോഫ്റ്റ്വെയറ് ഉണ്ടാക്കിക്കാന്‍ പോവാണു. ഒരു സെര്‍ച്ച് എഞ്ചിന്‍ :) ഞങ്ങളു കൂട്ട്യാ‍ല്‍ക്കൂട്വോ എന്നൊന്നു നോക്കട്ടെ.

Tuesday, May 19, 2009

ശങ്കരാടിയും ഞാനും പിന്നെ അടൂരും

ഇമ്മിണി നാളായി ഈ വഴിക്കൊക്കെ വന്നിട്ട്. ടൈം ഇത്തിരി കമ്മിയായിരുന്നു. അതു മാത്രമല്ലാട്ടോ… ആശയ ദാരിദ്ര്യത്തിന്റെ വിപരീതവും ഉണ്ടായിരുന്നു. എന്തെല്ലാം എഴുതും എന്നൊരു ശങ്ക.

എന്നാല്‍ ആശയങ്ങളില്‍ അധികവും സെന്‍സര്‍ ചെയ്യാന്‍ സെന്‍സര്‍ ബോര്‍ഡിന്റെ ഉത്തരവുണ്ടായിരുന്നതിനാല്‍ ഒന്നും എഴുതിയില്ല.

അതിനിടയില്‍ ഒരു വീടുമാറ്റവും നടന്നിരുന്നു.. ഇന്നു അതാണു് വിഷയം.

കഴിഞ്ഞ മാസം ഏതാണ്ടിതേ സമയത്ത് എനിക്കൊന്നു വീടുമാറാന്‍ തോന്നി. മ്യൂണിക്കില്‍ പുതിയ വീടു് കണ്ടെത്തല്‍ എളുപ്പമല്ല എന്നൊരു കിംവദന്തി/കേട്ടുകേള്‍വി ഉണ്ടെങ്കിലും എനിക്കു അന്വേഷണം തുടങ്ങി 2 ദിവസത്തിന്നുള്ളില്‍ പുതിയ സ്ഥലം കിട്ടി.

ഭാര്യ ഉപേക്ഷിച്ചിട്ടു പോയ, 64 വയസ്സുകാരനായ ഒരു റിട്ടയേര്‍ഡ് പോലീസുകാരന്‍ – അയാളാണെന്റെ ലാന്‍ഡ്‌ലോര്‍ഡ്. ഞാനും അദ്ദേഹവും ഒരു ഇറാനിപ്പയനും ഒരു കൂരയ്ക്കു് കീഴില്‍.  ഒരോരുത്തര്‍ക്കും സ്വന്തമായി ഓരോ മുറി; പിന്നെ അടുക്കള, കുളിമുറി എന്നിവ പങ്കുകച്ചവടം.

ഇറാനിപ്പയന്‍ പയ്യന്‍ ഒന്നുമല്ലാട്ടോ – 38 വയസ്സായി… ഇപ്പൊ ചെയ്യുന്നത് 3-ആമത്തെ മാസ്റ്റേഴ്സ്. ഒരേ ഒരു കുഴപ്പം മാത്രമുള്ളതെന്തെന്നാല്‍, ഇപ്പോഴും വീട്ടീല്‍ നിന്നാ സാമ്പത്തിക സപ്പോര്‍ട്ട്. പിതാശ്രീക്കവിടെ വല്ല ഏണ്ണക്കിണറിന്റെ ബിസിനസ്സായിരിക്കും. :)

ഒരു “സല്‍ഗുണം” ഉള്ളതെന്താന്നു വെച്ചാല്‍ – എല്ലാ നാലു വാക്കുകളില്‍ ഒരെണ്ണം ഷിറ്റ്, അല്ലെങ്കില്‍ f*ck ഇതായിരിക്കും. എനിക്കാണെങ്കില്‍ അസഭ്യം പറച്ചില്‍ തീരെ ഇഷ്ടമല്ല. ആളൊരു പാവമൊക്കെയാണെങ്കിലും ഇതെനിക്കു് ഇഷ്ടമല്ല. അതു കാരണം ഞാന്‍ അധികം മിണ്ടാന്‍ പോവാറില്ല.

പിന്നെ ഉള്ള ഒരു കുഴപ്പം ഒരു സ്വീഡന്‍ പ്രേമമാണു്. കുറച്ചു കാലം സ്വീഡനില്‍ ഉണ്ടായിരുന്നതുകൊണ്ട്, സ്വീഡന്‍-സ്റ്റാന്‍ഡേര്‍ഡ് ഇല്ലാത്തതൊക്കെ മുകളില്‍ പറഞ്ഞ രണ്ടു വാക്കുകള്‍ കൊണ്ടു വിശേഷിപ്പിക്കുന്ന ഒരു ചെറിയ പ്രശ്നം. ഉള്ളതു കൊണ്ട് സന്തോഷമായി ജീവിച്ചൂടേ?

ഇനി നമ്മുടെ പോലീസങ്കിള്‍ ആവട്ടെ, ഒരു രസികനാണു്. ഇവിടെ ആണു് ശങ്കരാടി കടന്നു വരുന്നതു്. അനിയത്തിപ്രാവിലെ മിലിട്ടറി അങ്കിള്‍ തന്നെ. ഞാന്‍ അദ്ദേഹത്തോടു് ജര്‍മ്മനില്‍ സംസാരിക്കുന്നതിനാലാവാം എന്നോടു അത്യാ‍വശ്യം ഫ്രണ്ട്‌ലിയാണു്.

(സത്യം പറഞ്ഞാല്‍ പുട്ടിനു നാളികേരം ചേര്‍ക്കുന്ന പോലെ അതെ/ശരിയാണു്/ഉവ്വോ?/ശരിക്കും?/അതിമനോഹരം/തീര്‍ച്ചയായും എന്നൊക്കെ ഇടക്ക് പറയണം എന്നേ ഉള്ളൂ. ബാക്കിയൊക്കെ ആളു തന്നെ പറഞ്ഞോളും. അതും “അന്നു സെവെന്റി ത്രീയില്‍ ഞാന്‍ ബെര്‍ലിനില്‍ ആയിരുന്നപ്പോള്‍..” – ഇതാണു് റേയ്ഞ്ചു് )

ഒരു ദിവസം രാവിലെ പുള്ളി നമ്മുടെ ഇറാനിയെ എഴുന്നേല്‍പ്പിച്ചു പറഞ്ഞു – “ഇപ്പൊ ഇറങ്ങണം ഇവിടുന്നു്. നീ വാടക തന്നിട്ടില്ല.. ഇതു സത്രമല്ല എന്നൊക്കെ”. പാവം ഇറാനി – അവന്‍ താമസിക്കാന്‍ വരുന്നതിനു മുമ്പ് വാടക കൊടുത്തപ്പോള്‍ അങ്കിള്‍ പറഞ്ഞതാണു് സാവകാശം മതി, ആദ്യം കയറിത്താമസിക്കാന്‍. :)

എന്തായാലും ഇറാനി പേടിച്ചു – അവന്‍ പറയുന്നത് ഇതാണു് – “ഷി**! ഞാന്‍ എല്ലാം പായ്ക്കു ചെയ്തു വെക്കാം.. എന്നാ, എപ്പോഴാ ഇറങ്ങാന്‍ പറയാ എന്നറിയില്ലല്ലോ”, എന്നു.

എനിക്കെന്തായാലും പേടിയൊന്നും ഇല്ല. എന്നാലും ഒരിത്തിരി സോപ്പിടുന്നതില്‍ വിരോധം ഇല്ലല്ലോ. അയാളു ചുമ്മാ ഒരു കിറുക്കിനു പറയുന്നതാണു്. ആളു ശുദ്ധപാവമാ.

ഉദാഹരണത്തിന്നു്: ഇന്ന് എന്റെ ഒരു സുഹൃത്ത് വരുന്നുണ്ട് എന്നെക്കാണാന്‍. ഒരിടത്തു പോകുന്ന വഴിക്കു് ഇന്നു രാത്രി എന്റെ കൂടെ തങ്ങുന്നു. അപ്പൊ, ഞാന്‍ ഇന്നലെ നമ്മുടെ അങ്കിളിന്റെ അടുത്തു പറഞ്ഞു … ഇങ്ങനെ ഒരു സുഹൃത്തു് വരുന്നുണ്ട്. (സീനുണ്ടാക്കരുതല്ലോ ഒരാള്‍ക്കേ വാടകക്ക് തന്നിട്ടുള്ളൂ എന്നൊക്കെ) …

പോലീസങ്കിള്‍ പറഞ്ഞു – “സുഹൃത്തുക്കളാവുമ്പോ ഇന്നു വന്നു നാളെ പോയാലെങ്ങനെയാ? ഒരു 3-4 ദിവസം ഒക്കെ നിക്കണ്ടേ… ഒരു 3-4 ദിവസം കൂടെ നിര്‍ത്തിയിട്ടു വിട്ടാല്‍ മതി” എന്നു്. ഇതാ‍ണു പുള്ളീക്കാരന്‍. (ഇനി ഇന്നറിയാം ബാക്കി :) )

ഇനി അടൂര്‍.

ഇവിടെ മ്യൂണിക്കില്‍ അടൂര്‍ ചലച്ചിത്ര മേള. രണ്ടു സിനിമകള്‍ കണ്ടു, ഇന്നു എലിപ്പത്തായം – ഈ സുഹൃത്തു വരുന്നതിനാല്‍ അതു കാണാന് പോവാനാവില്ല. എന്നാലും ബാക്കിയുള്ളവ കാണണം – മതിലുകള്‍, നിഴല്‍ക്കുത്ത് … മുതലായവ.

അപ്പൊ, തിരക്കില്‍ എഴുതിയ കാരണം പോളിഷിങ്ങൊന്നും ഇല്ല. കിട്ടിയ പോല വായിക്കൂ… പരാതി പറയാതെ, തോന്നിയ പോലെ കമന്റൂ.

(താഴെ ഉള്ളതു് 2-3 സംശയാലുക്കളെ മാത്രം ഉദ്ദേശിച്ചുള്ളതാണു്)

PS. ചോദിച്ചു ബുദ്ധിമുട്ടണ്ട; അതെ സുഹൃത്ത് പെണ്‍കുട്ടിയാണു്. ‍