“എന്നോടെന്തിനൊളിക്കുന്നു നീ സഖീ… എല്ലാം നമുക്കൊരു പോലെയല്ലേ?” .. ദാ ഈ പാട്ട് പിന്നണിയില്‍ പാടുന്നു… ഞാന്‍ ബ്ലോഗ്ഗാനും ഇരിക്കുന്നു.
കഴിഞ്ഞ രണ്ടു പ്രാവശ്യമായി ഞാന്‍ പഴങ്കഥയല്ലേ പറയുന്നതു്? ഇന്നു നല്ല ചൂടുള്ള പുത്തന്‍ കഥ തന്നെ പറയാം.. :)
ഇന്നു ഞാന്‍ ഒരു പരീക്ഷാ നടത്തിപ്പിനു പോയിരുന്നു. എന്റെ പ്രൊഫസര്‍ എടുക്കുന്ന കോഴ്സിന്റെ പരീക്ഷ – അത്രേള്ളൂ. എത്ര കുട്ടികളാന്നറിയോ? 700 പേരു്. ഇലക്ട്രിക്കല്‍ ഡിപ്പാര്‍ട്ട്മെന്റിലെ കുട്ടികള്‍ക്കായുള്ള കമ്പ്യൂട്ടര്‍ സയന്‍സ് – ഇതാണു് സംഭവം. (എന്റെ പ്രൊഫസര്‍ ഗണിതശാസ്ത്രത്തില് ആശാനാ – അതിന്റെ കുഴപ്പം ഉണ്ട് – ഇലക്ട്രിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്കെന്തിനാ ചോംസ്കി ഹൈറാര്‍ക്കി?)
അപ്പൊ പരീക്ഷയെപ്പറ്റി: 8-10 ഹാളുകളിലായായിരുന്നു പരീക്ഷ. അതിലെ ഏറ്റവും വലിയ ഹാളിലെ പ്രധാന പരിശോധകന്‍ ആരായിരുന്നു? ;) ഞാന്‍ തന്നെ! :) (അഹങ്കാരം തീരെയില്ല അല്ലേ?)
ദാ താഴെ കാണുന്ന ഹാള്‍ ആയിരുന്നു എന്റേതു് (പഴയ ഏതോ ഫോട്ടോ ആണുട്ടോ… ഇന്നു കഷ്ടി 100 കുട്ടികളേ ഉണ്ടായുള്ളൂ – പരീക്ഷയല്ലേ തിരക്ക് പാടില്ലല്ലോ)
എന്റെ കൂടെ രണ്ട് പേരും ഉണ്ടായിരുന്നു – ഞങ്ങള്‍ കുട്ടികള്‍ക്കു പേപ്പറൊക്കെ കൊടുത്തു്, തെക്കുവടക്കു് നടക്കാന്‍ തുടങ്ങി.. കോപ്പിയടിക്കാരെ പിടിക്കാന്‍!
പൊതുവെ സമാധാനപരമായ അന്തരീക്ഷം.
ഇത്തിരി ബുദ്ധിമുട്ടു കൂടിയ പരീക്ഷയാണു്. എന്നെക്കൊണ്ടാവുന്ന പാര ഞാന്‍ കുട്ടികള്‍ക്കു ആദ്യമേ വെച്ചിരുന്നു – ചോദ്യപേപ്പര്‍ തയ്യാറാക്കി കഴിഞ്ഞു് അതു നല്ല പേപ്പറാണ് എന്നു ഉറപ്പ് വരുത്തിയതു ഞാനും ചേര്‍ന്നാണു്.
രണ്ടു മണിക്കൂര്‍ പരീക്ഷ എന്നു സെറ്റ് ചെയ്യാന്‍ കാരണം ഞാനാണു്. അതിലും കൂടുതല്‍ സമയം വേണ്ടിവരും അധികം പേര്‍ക്കും. (ഇതിന്റെ പേരില്‍ എന്തൊക്കെ ശാപം എനിക്കു കിട്ടുമോ എന്തോ?) :(
ചില സമയത്തെനിക്കു തോന്നിയിട്ടുണ്ട് – മറ്റു പലരേയും അപേക്ഷിച്ച് എന്റെ തലക്കു പുറകിലെ കണ്ണു് നല്ല സ്ട്രോങ്ങാണെന്നു്. സാധാരണ, അമ്മമ്മാര്‍ക്കൊക്കെ പുറകില്‍ കണ്ണുണ്ടെന്നു തോന്നിയിട്ടില്ലേ? ആ കണ്ണാണു് ഞാന്‍ ഉദ്ദേശിക്കുന്നതു്. ഒരു പക്ഷേ വെറും തൊന്നലായിരിക്കാം… :)
ക്ലാസ്സിലെ ഒരു മൂലക്കു്, ഒരു പെണ്‍കുട്ടി, പിന്നെ ഒരു പയ്യന്‍, പിന്നെ വേറൊരു പയ്യന്‍ അവരിങ്ങനെ ഒരോരോ സീറ്റ് ഗ്യാപ്പിട്ട് ഇരിക്കുന്നുണ്ട്. ഇടക്കെനിക്കു തോന്നി അവരുടെ പെരുമാറ്റം അത്ര പന്തിയല്ലെന്നു്… അപ്പൊത്തൊട്ടു ഞാനവരെ ഇത്തിരി കാര്യമായി ഗൌനിക്കാന്‍ തുടങ്ങി…
പിന്നെ എനിക്കുറപ്പായി അവര്‍ നല്ല കോപ്പിയടി ആണെന്നു് … ഞാന്‍ ചെന്നു നടുവിലിരുന്ന പയ്യനെ മാറ്റിയിരുത്തി. അവന്‍ അതു തീരെ പിടിച്ചില്ല.. ആ പെണ്‍കുട്ടിക്കും പിടിച്ചില്ല.
പക്ഷേ എന്തായാലും അതോടെ എന്റെ ഫീലിങ്ങ് ആകെ മാറി.. ആ പെണ്‍കുട്ടിയെ എനിക്കങ്ങട് ക്ഷ പിടിച്ചു. അല്ലെങ്കിലും അത്രയും ധീരയായ ഒരു പെണ്‍കുട്ടിയെ ഇഷ്ടപ്പെടാതിരിക്കാന്‍ പറ്റ്വോ? ;)
മുമ്പൊരിക്കലും ഇതു തന്നെ സംഭവിച്ചിട്ടുണ്ട് – കഴിഞ്ഞ കൊല്ലം ഇതുപോലെ തന്നെ … കോപ്പിയടിച്ചു കൊണ്ടിരിക്കേ ഒരു പെണ്‍കുട്ടിയെ ഞാന്‍ പിടികൂടി. ക്ലാസ്സില്‍ പഠിപ്പിക്കുമ്പോള്‍ തന്നെ ആ കുട്ടിയെ എനിക്കിഷ്ടായിരുന്നു – കോപ്പിയടിച്ചതോടെ ഭയങ്കര ഇഷ്ടം! ;) പിന്നെ ട്രെയിനില്‍ വെച്ചു കണ്ടാലൊക്കെ നല്ല പഞ്ചാര അടിക്കുമായിരുന്നു.
എന്നാലും പഠിപ്പിക്കുന്ന കുട്ടിയെ ഒക്കെ ഇഷ്ടപ്പെടുക എന്നതു മോശമല്ലേ? അതോണ്ട് നിര്‍ത്തി! ;)
എന്തായാലും ഇന്നത്തെ കുട്ടികളുടെ മേല്‍ ഞാന്‍ പിന്നെ ഒരു എക്സ്ട്രാ കണ്ണ് വെച്ചു! ;)
(മുകളില്‍ പാടിക്കൊണ്ടിരുന്ന പാട്ടിന്റെ അര്‍ത്ഥം ഇപ്പൊ പിടികിട്ടിയോ? എന്നോടെന്തിനൊളിക്കുന്നു നീ സഖീ :) )
ഇനി.. പരീക്ഷക്കിടയില്‍ പെണ്‍കുട്ടികളെ മാത്രം നോക്കിയതു കൊണ്ടാണ് അവരെ മാത്രം കണ്ടതെന്നു പറയണ്ട.. കൂട്ടുപ്രതികള്‍ ആണ്‍കുട്ട്യോള്‍ തന്നെ. മാത്രല്ല കോപ്പിയടിക്കുന്ന ആണ്‍കുട്ട്യോളും കുറവല്ല. എന്നാലും പുറത്തേക്കു പറയുമ്പോ പെണ്‍കുട്ടികള്‍ ചതിക്കുന്നു എന്നൊക്കെ പറഞ്ഞാലല്ലേ വായനക്കാരു വരൂ… :) [ടൈറ്റില്‍ ട്രിക്സ് ;) ]
പിന്നെ ദാ ഇന്നു വൈകീട്ടു എന്റെ രണ്ടു സുഹൃത്തുക്കളുമായി കുറേ നേരം സംസാരിച്ചു – ഒരുത്തന്‍ മിഠായി വില്‍പ്പനക്കാരന്‍ (ഒറീസയില്‍ ക്യാഡ്‌ബറീസിന്റെ മൊത്തവില്പന – ഭയങ്കര മാനേജര്‍).. പിന്നെ ഒരു പോളിഷ് സുഹൃത്ത്. കുറേ കാലമായി ഇവരോട് സംസാരിച്ചിട്ടു് - ഭയങ്കര സന്തോഷം! :)
ഞാന്‍ പോയി ദോശയും രസവും ഉണ്ടാക്കട്ടെ.
ബൈ ദ വേ, ലോകത്തിലെ ഏറ്റവും നല്ല രസം ഉണ്ടാക്കുന്നതെങ്ങനെ എന്നറിയോ? ദാ താഴെ നോക്കൂ… പണ്ടൊരിക്കല്‍ അമ്മ എഴുതിതന്നതാ.. ഞാന്‍ സ്കാന്‍ ചെയ്തു സെറ്റപ്പാക്കി… എന്റെ വെബ്ബില്‍ ഇട്ടു – എപ്പൊ വേണെങ്കിലും ഒന്നു നോക്കാന്‍ ;) [രസം ഡോട്ട് പി ഡി എഫ്]
സ്നേഹാദരങ്ങളോടെ, കരിങ്കല്ല്.
~
