ഇന്നലെ രാത്രി നടന്ന സംഭവം ആണു്. നല്ല തലവേദനയുണ്ടായിരുന്നു ഉറങ്ങാൻ കിടന്നപ്പോൾ… എന്റെ ജർമ്മൻ ഭാഷയെ നന്നാക്കുന്നതിന്റെ ഭാഗമായി ഞാൻ ഈയടുത്തായി ഉറങ്ങാൻ പോകുമ്പോൾ ഹാരിപ്പോട്ടർ ഓഡിയോ ബുക്ക് കേട്ടാണുറങ്ങുന്നതു്.
കാര്യത്തിലേക്കു കടക്കും മുമ്പ് ഒരു കണക്കവതരണം ആവാം… ആകെ 12 ചതുരശ്ര മീറ്റർ വലിപ്പമുള്ള എന്റെ മുറിയിൽ സമയം അറിയാൻ എത്ര ഉപകരണങ്ങൾ ഉണ്ടെന്നറിയോ?
ഒരു ക്ലോക്ക്, ഒരു റേഡിയോ ക്ലോക്ക്, എന്റെ വാച്ചു്, മൊബൈൽ ഫോൺ, ഒരു ലാപ്ടോപ്, ഒരു ഡെസ്ക്ടോപ് – ഇത്രയും പോരേ?
രണ്ടു ദിവസം മുമ്പ് ബാറ്ററി തീർന്നു ക്ലോക്ക് മരിച്ചു. ഫ്യൂസടിച്ചു പോയ നിമിഷത്തിൽ റേഡിയോ ക്ലോക്ക് റീസെറ്റായി. വാച്ചും ഫോണും മേശപ്പുറത്ത്, ലാപ്ടോപ്പുറങ്ങുന്നു. ഡെസ്ക്ടോപ്പും ദൂരെ…
ഉറക്കത്തിൽ നിന്നുണർന്നാൽ സമയമറിയൽ കഷ്ടം …. എന്നാൽ ഉറങ്ങുന്നതിലും മുമ്പ് ഈ ഫോണോ വാച്ചോ അടുത്തെടുത്തു വെച്ചൂടേ എന്നു ചോദിച്ചാൽ.. ക്ലോക്കു് കേടുവന്നതിപ്പോഴല്ലേ?
ഇന്നലെ ഉറക്കത്തിൽ എന്തോ ഒരു ബീപ്പ് ബീപ്പ് ശബ്ദം കേട്ടു ഞാനുണർന്നു. ഉണർന്നു കഴിഞ്ഞപ്പോൾ ഇതെവിടെ നിന്നു വരുന്നു എന്നു മാത്രം അറിയാൻ സാധിക്കുന്നില്ല. കുറച്ചു നേരം ശ്രദ്ധിച്ചപ്പോൾ മനസ്സിലായി അതു വരുന്നതു അലമാരിയിൽ നിന്നാണു് എന്നു്.
അലമാര തുറന്നപ്പോഴോ? അതിലെവിടെനിന്നു വരുന്നു ഈ ശബ്ദം എന്നു യാതോരു പിടിയും കിട്ടുന്നില്ല.
ഒന്നു കൂടി ശ്രദ്ധിച്ചപ്പോഴോ… അതിനുള്ളിലെ സ്യൂട്ട്കേസിൽ നിന്നാണു ഈ ബീപ്പ് വരുന്നതു്. അതു തുറന്നു നോക്കിയപ്പൊഴല്ലേ അതിനുള്ളിലിരിക്കുന്നു ഒരു സുന്ദരൻ ടൈം പീസ്. അതിനിപ്പൊ ഈ അസമയത്തു അടിക്കാൻ തോന്നാനെന്തു കാരണം? ആർക്കറിയാം…
അതിനെക്കുറിച്ചു മറന്നിരിക്ക്യായിരുന്നു ഞാൻ. ഇനിയിപ്പൊ സമയം നോക്കാൻ ഒരു സാധനമായല്ലോ. :)
ഇതു പോലെ രണ്ടു ദിവസം മുമ്പൊരു രാത്രി എന്തോ കേട്ടു ഞാനെഴുന്നേറ്റപ്പോൾ … അതാ കേൾക്കുന്നു – “എനിക്കു കൊല്ലണം, നശിപ്പിക്കണം, തകർക്കണം, കൊല്ലണം…… ”
… ഹാരിപ്പോട്ടർ നിർത്താൻ മറന്നു ഉറങ്ങുന്നതിനു മുമ്പ്.. ഹാരിപ്പോട്ടറിലെ ബസിലിസ്ക് എന്നൊരു കഥാപാത്രം (ഒരു പാമ്പാണു് ട്ടോ) പറയുന്ന ഡയലോഗാണിതു്.
സ്ഥലകാലബോധം വരുന്ന വരെ ഒന്നമ്പരന്നു ആരാണിപ്പൊ കൊല്ലാൻ നോക്കി നടക്കുന്നതു് എന്നു്. ഉറക്കം വരുന്നൂ കൂട്ടുകാരേ… ഒരു ഗ്ലാസ് പാലെടുത്ത് കുടിച്ചു്, ഹാരിപ്പോട്ടറും കേട്ടുറങ്ങാൻ നോക്കട്ടെ ഞാൻ.
നിങ്ങളുടെ സ്വന്തം കരിങ്കല്ല്.
10 comments:
ഓരോരോ മണ്ടത്തരങ്ങളേ
കൊള്ളാം..
രാത്രി നേരത്ത് മര്യാദയ്ക്ക് നല്ല വല്ല സ്വപ്നവും കണ്ട് കിടന്നുറങ്ങാന്‍ നോക്കു സന്ദീപേ... :)
ഹി.ഹി.നല്ല ബോധം.ഉറക്കത്തിലും ഹാരീനെ കൂടെ കൂട്ടിയാല്‍ ഇങ്ങനിരിക്കും.ബസിലിസ്ക് നു പകരം യൂ-നോ-ഹൂ തന്നെ ശബ്ദമായിയൊഴുകി വരാഞ്ഞതു ഭാഗ്യം.:)
എനിക്കിപ്പോ ഒരു സംശയം..ആ മുറിയില്‍ പ്രേതബാധയെങ്ങാന് ഉണ്ടോ?
ഒരാളുടെ ഉറക്കം രണ്ടു ദിവസത്തേക്ക് കൂടി കളഞ്ഞപ്പോ ഹാ എന്തൊരു ആശ്വാസം.. :)
കുമാര്‍ജീ... :)
ശ്രീ... എന്നും സുന്ദരസ്വപ്നം മാത്രം കണ്ടാലെങ്ങനെയാ? ഒരു ചെയ്ഞ്ചു വേണ്ടേ?
റോസേ.... എനിക്കങ്ങനെ പേടിയൊന്നുമില്ല..
യൂനോഹൂ വന്നാല്‍ പിന്നെ ഞാന്‍ ‘അവടെ കെടാവ്രാ’ അഥവാ ‘അവടെ കെടക്കടാ’ എന്നൊരു കാച്ചാ... പിന്നെ യൂനൊഹൂ അല്ല യൂ-ഡോണ്ട്-നോ-ഹൂ വന്നാലും രക്ഷയില്ല...
രാധ... നിദ്രാദേവിയും ഞാനും നല്ല ടേംസിലാ.. അങ്ങനെയൊന്നും ഉറക്കം പോവില്ല..
ഇനിയും നല്ല "സ്വപ്നങ്ങള്‍" കാണട്ടെ
ബസിലിസ്ക് തിയറി പരീക്ഷിക്കുന്നോ?
സന്ദീപിനി പോട്ടറിലെ ഒരു കഥാപാത്രമായി മാറുമോ? ഒരു വിചിത്രജീവി?
:)
ഉറങ്ങി എണീറ്റിട്ട് ഇനിയും പോസ്റ്റണം
Post a Comment