Wednesday, October 14, 2009

അവളെന്നെ ഗർഭിണിയാക്കി..


മഞ്ഞു കാലമല്ലേ വരുന്നതു് … ഒരുങ്ങിയിരിക്കണ്ടേ? മാത്രവുമല്ല കുറേ കാലമായി ഞാൻ ഒരു കൈത്തൊഴിൽ പഠിക്കണം എന്നും കരുതുന്നു.

yarn, knitting, needle, knit 006അങ്ങനെയാണു് ഞാൻ ക്നിറ്റിങ്ങിലേക്കു് തിരിഞ്ഞതു്.

അമ്മുഓപ്പോളോടും, പിയയോടും, ലുഡ്മിലയോടും അങ്ങനെയങ്ങനെ എനിക്കറിയാവുന്ന, ക്നിറ്റിങ്ങ് അറിയുന്ന സകലരോടും എനിക്കു് പഠിപ്പിച്ചുതരണം എന്നു പറഞ്ഞു.

എന്നാൽ നിങ്ങൾക്കറിഞ്ഞൂടേ ഈ സമയത്തിന്റെ കാര്യം… ഓടിയങ്ങു പോകും..

അങ്ങനെയിരിക്കുമ്പോഴാണു് ദാനിയേല ഒരു ദിവസം എന്നെ ഡിന്നറിനു ക്ഷണിച്ചതു്. പുള്ളിക്കാരിക്കാണെങ്കിലോ ക്നിറ്റിങ്ങ് നന്നായിട്ടറിയേം ചെയ്യും… തൊഴിലാണെങ്കിലോ അദ്ധ്യാപനവും..

അപ്പോ ഞങ്ങൾ പോയി കമ്പിളിനൂലുണ്ടകളും, സൂചികളും ഒക്കെ വാങ്ങി, വീട്ടിൽ പോയി ക്നിറ്റിങ്ങ് പഠിക്കാൻ തുടങ്ങി.

ആദ്യം ഒരിത്തിരി പഠിപ്പിച്ചു തന്നു, അതു പ്രകാരം ഞാൻ നെയ്യാനും തുടങ്ങി. എന്നും രാത്രി ഒരിത്തിരി നെയ്യും, പിന്നെ കിടന്നുറങ്ങും. 2-3 ദിവസം കഴിഞ്ഞപ്പോഴേക്കും എനിക്കിതിന്റെ ഗുട്ടൻസ് പിടി കിട്ടാൻ തുടങ്ങി.. yarn, knitting, needle, knit 005

അപ്പൊ പിന്നെ ഞാൻ എല്ലാം മൊത്തത്തിൽ അഴിച്ച്, ആദ്യേം പൂത്യേം തുടങ്ങി. ഇന്നു കുറച്ചു നേരം മുമ്പാണു്… ഇപ്പൊ ദാ താഴെക്കാണുന്നതാണവസ്ഥ. ഇനിയും കുറെ ഉണ്ടകൾ ഇരിപ്പുണ്ട്.

ഒരു ഷാൾ പണിയാൻ തന്നെ മാസങ്ങൾ എടുക്കും എന്നൊരു തോന്നൽ. :(

എന്തൊക്കെയായാലും ഒരു കൈത്തൊഴിലല്ലേ അറിഞ്ഞിരിക്കാമല്ലോ, അല്ലേ?

ഞാൻ ഒരു ദിവസം അഖിലയോടു പറഞ്ഞു : ഞാനിങ്ങനെ ക്നിറ്റിങ്ങ് പഠിക്കുന്ന കഥ. ഞാൻ പറഞ്ഞു, ഒരു ഓഡിയോ ബുക്കും കേട്ടു, രാത്രി ഒരിത്തിരി നേരം ക്നിറ്റും എന്നു്.

എടുത്ത വഴിക്കു് എന്റെ മുഖത്തുനോക്കി കശ്മല ചോദിക്ക്യാണു് – “സന്ദീപെന്താ പ്രെഗ്നന്റാണോ”, എന്നു്.

അല്ല സാധാരണ ഗർഭിണികളാണല്ലോ, സോക്സും, കുട്ടിബനിയനും ഒക്കെ ഉണ്ടാക്കുന്നതു്. എന്നാലും എന്നോടതു ചോദിക്കനമായിരുന്നോ?

സ്ത്രീമേധാവിത്വം ഉള്ള മേഖലകളിലൊന്നും ഞങ്ങൾ പുരുഷന്മാർ കടന്നു വരാൻ പാടില്ലേ?

സ്നേഹാദരങ്ങളോടെ, ഞാൻ.

വാൽ: അങ്ങനെ കണ്ടമാനം സമയം ഉണ്ടായിട്ടൊന്നും അല്ല. എന്നാലും പഠിക്കണം എന്നൊരു തോന്നൽ… രാത്രി ഇതൊക്കെ കഴിഞ്ഞു ഉറങ്ങുമ്പോൾ 2 മണിയാവും. രാവിലെ കണ്ണു് എരിയും - ഉറക്കം മതിയാവാതെ…. എന്നാലും ഒരു ദിവസം “ഞാൻ ഉണ്ടാക്കിയ ഷാൾ” എന്നൊരു സംഭവം ഉണ്ടാവുമല്ലോ! ഇല്ലേ?

18 comments:

Sands | കരിങ്കല്ല് said...

സ്ത്രീമേധാവിത്വം ഉള്ള മേഖലകളിലൊന്നും ഞങ്ങൾ പുരുഷന്മാർ കടന്നു വരാൻ പാടില്ലേ?
ഇല്ലേ????
ഇല്ലേ???????
ല്ലേ???????????

സതി മേനോന്‍ said...

കൊള്ളാം..

ശ്രീ said...

ഇനി അങ്ങനോ മറ്റോ ആണോ സന്ദീപേ? ;) (ചുമ്മാ)

[അതൊന്നും കാര്യമാക്കേണ്ടെന്നേ. ഇങ്ങനെ എന്തെങ്കിലുമൊക്കെ പഠിയ്ക്കുന്നതിലുമില്ലേ ഒരു രസം]

Anil cheleri kumaran said...

വനിതാ മേധാവിത്വത്തിന്‌ എതിരായ ഈ നീക്കം അഭിനന്ദനീയം തന്നെ.

Rare Rose said...

ഹി.ഹി.തലക്കെട്ട് കണ്ട വഴി അസംഭവ്യമായത് വല്ലതും സംഭവിച്ചോ എന്നറിയാനോടി വന്നതാ..
ഒരു കൈത്തൊഴില്‍ പഠിക്കുന്നത് നല്ല കാര്യം.ഒറ്റക്കൊരു ഷാള്‍ ഉണ്ടാക്കുമ്പോള്‍ തോന്നുന്ന കുഞ്ഞു രസമൊന്നു വേറെ തന്നെ..:)

Anonymous said...

:)

കൊള്ളാം കൊള്ളാം... Mr.ഗര്‍ഭണന്‍

തകര്‍ക്കൂ...

വിവേക്.

അനില്‍@ബ്ലോഗ് // anil said...

ഹ ഹ !!
അങ്ങിനെയാണല്ലെ കാര്യങ്ങള്‍ ?
:)

Jayasree Lakshmy Kumar said...

ഇവിടെ ഒരു സഹപ്രവർത്തക എന്നെ ക്നിറ്റിങ് പഠിപ്പിക്കുവാൻ അവർ സ്വയം നൂലും സൂചിയുമെല്ലാം വാങ്ങിക്കൊണ്ടു തന്നു. പക്ഷെ ഡ്യൂട്ടിക്കിടയിൽ പഠിക്കുവാനും പഠിപ്പിക്കുവാനും സമയം മാത്രം കണ്ടെത്താനായില്ല. സൂചിയും നൂലുമൊക്കെ ഇപ്പോഴും എന്നെ മിഴിച്ചു നോക്കി ഇവിടിരിപ്പുണ്ട്
ഏതായാലും സാഡ്സിന്റെ ഈ ഉദ്യമത്തിനു അഭിനന്ദനങ്ങൾ

Sands | കരിങ്കല്ല് said...

സതി മേനോന്‍
:)

ശ്രീ
താങ്ക്സ്...

കുമാരന്‍ | kumaran
സ്വാഗതം:)

Rare Rose
അപ്പൊ റോസിനറിയാം ക്നിറ്റിങ്ങ് അല്ലേ?

Anonymous
ആ പേരിന്റെ ഒരു കുറവേ ഉണ്ടായിരുന്നുള്ളൂ..

അനിൽ@ബ്ലൊഗ്
;)

lakshmy
പഠിക്കെന്നേയ്.. ഒരു രസല്ലേ...


എല്ലാര്‍ക്കും നന്ദിയുണ്ട് കേട്ടോ...

അഭി said...

കൊള്ളാം ഒരു "സംഭവം" തന്നെ

smitha adharsh said...

അതെന്തായാലും സംഭവം കലക്കി..
അപ്പൊ,ഇനി ഭാര്യ പ്രെഗ്നന്റ് ആയാലും ക്നിറ്റിംഗ് അറിയുന്ന ഒരാള്‍ ഉണ്ടല്ലോ വാവയ്ക്ക് തൊപ്പിയും,ഉടുപ്പും ഉണ്ടാക്കാന്‍.അത് കൊള്ളാം ട്ടോ..
സ്ത്രീ മേധാവിത്വം ഉള്ള മേഖലകളിലൊന്നും നിങ്ങള്‍ പുരുഷന്മാര്‍ വരാന്‍ പാടില്ല എന്നൊന്നും ഇല്ല.പക്ഷെ,നമ്മള്‍ ഒരിക്കല്‍ മുന്‍പ് പറഞ്ഞ വിഷയമം തന്നെ വീണ്ടും പറയട്ടെ,എങ്ങനെ ക്നിറ്റിംഗ് പഠിച്ചാലും,അമ്മയാകാന്‍ പോകുന്ന സ്ത്രീകള്‍ ക്നിറ്റിംഗ് ചെയ്യുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷം ഈ പുരുഷന്മാര്‍ക്ക് എങ്ങനെ കിട്ടാനാ?
ഞങ്ങള്‍ സ്ത്രീകള്‍ വളരെ,വളരെ ഭാഗ്യം ചെയ്തവരാ..അതുകൊണ്ടല്ലേ,പ്രെഗ്നന്റ് ആകാനുള്ള ഭാഗ്യം ദൈവം ഞങള്‍ക്ക് മാത്രം തന്നത്!!
സമയക്കുറവുകൊണ്ട് ഒന്നും പുതിയതായി പഠിക്കാതിരിക്കണ്ട.പിന്നെ,ഉറക്കം മതിയാവാതെ എഴുന്നേല്‍ക്കുമ്പോള്‍ കണ്ണ് എരിയാറുണ്ട് അല്ലെ? സെയിം പിന്ച്ച്!!

തൂവല്‍ | Feather said...

എനിക്ക് ചേട്ടന്റെ കരിങ്കല്ല് എന്ന ബ്ലോഗിന്റെ എടിറ്റ് ചെയ്ത ടെമ്പ്ലേറ്റ് അയച്ചു തരുമോ..?
മെയില്‍ ഐ ടി : thoovalsparsam@gmail.com

ഗീത said...

knitting oru സ്ത്രീ മേധാവിത്വമുള്ള മേഖലയാണെന്നൊന്നും പറയാന്‍ പറ്റില്ല. എത്രയോ പുരുഷന്മാര്‍ ഈ പണി ചെയ്യുന്നുണ്ട്.

“സ്ത്രീമേധാവിത്വം ഉള്ള മേഖലകളിലൊന്നും ഞങ്ങൾ പുരുഷന്മാർ കടന്നു വരാൻ പാടില്ലേ?“
-ഇങ്ങനെ ചോദിച്ചാല്‍ -
എല്ലാ മേഖലയിലേക്കും കടന്നു വരാന്‍ പറ്റില്ല എന്നേ പറയാന്‍ പറ്റൂ.
ആ തലക്കെട്ടില്‍ പറഞ്ഞിരിക്കുന്ന കാര്യം തന്നെ ഏറ്റം നല്ല ഉദാഹരണം.

Sands | കരിങ്കല്ല് said...

@അഭി

നന്ദി..

@ സ്മിത :)

ഇല്ല അമ്മയാകാന്‍ പോകുന്ന സ്ത്രീക്കു കിട്ടുന്ന സന്തോഷം അച്ഛനാകാന്‍ പോകുന്ന ആള്‍ക്കു കിട്ടില്ല... അതിപ്പൊ അച്ഛനാവാന്‍ പോകുന്ന ആള്‍ക്കു കിട്ടുന്ന സന്തോഷം അമ്മയാകുന്ന സ്ത്രീക്കു കിട്ടില്ലല്ലോ

അതു കൂടുതല്‍ ഇതു കൂടുതല്‍ എന്നു നോക്കുന്നതില്‍ അര്‍ത്ഥമില്ലെന്നെനിക്കു തോന്നുന്നു.. :)

പിഞ്ച്ച് വേദനിച്ചൂ‍ട്ടോ‍

@തൂവല്‍...
തരാം

@ഗീതചേച്ചീ...
എത്രയോ പുരുഷന്മാരുടെ എണ്ണം നോക്കിയാണോ മേഖല തീരുമാനിക്കുന്നത്?

എത്രയോ സ്ത്രീകള്‍ ജോലിയെടുക്കുന്ന മേഖലയാണു് പ്രോഗ്രാമ്മിങ്ങ്.. എന്നാലും മേധാവിത്വം ആണുങ്ങളല്ലേ?

അതിപ്പൊ തലക്കെട്ടില്‍ പറഞ്ഞിരിക്കുന്ന പോലെ തന്നെ പിതൃത്വം എന്നൊരു സംഭവം ഉണ്ട്.. കടന്നു വരാന്‍ സ്ത്രീകള്‍ക്കു സാധിക്ക്യോ? ഇല്ലല്ലോ...

ഞാനുദ്ദേശിച്ചതിത്രയേ ഉള്ളൂ.. ചെയ്യുന്ന കാര്യം വെച്ചു ആണുങ്ങളുടെ പണി, പെണ്ണുങ്ങളുടെ പണി എന്നൊന്നും പറയരുത്‌ എന്ന്...

എന്നാല്‍ ആള്‍ക്കാര്‍ ചെയ്യുന്നതോ...!?

raadha said...

സത്യം പറയാലോ. ഞാന്‍ ഇത്തിരി സംശയിച്ചു..തലേക്കെട്ട് കണ്ടിട്ട്. വേഗം പോയി പ്രൊഫൈല്‍ ഒന്ന് കൂടി നോക്കി..ഹ ഹ.

എനിക്ക് ക്നിറ്റിംഗ് അറിയാം. ചുമ്മാ ഒരു രസത്തിനു പഠിച്ചതാണ്. ഇപ്പൊ ഒന്നും തയ്ക്കാറില്ല. പഠിച്ചു കഴിഞ്ഞപ്പോ രസം പോയി..! സാണ്ട്സ് ന്റെ ഫ്രണ്ട് പറഞ്ഞത് പോലെ, പൊതുവേ സ്ത്രീകള്‍ ആണ് ക്നിറ്റിംഗ് ചെയ്യാറ് കാണാറ്...അതും കുഞ്ഞു തൊപ്പിയും, ഷാളും ഉണ്ടാക്കാന്‍. ഏതായാലും പൂര്‍ത്തിയായ ഷാള്‍ ഇവിടെ കൊടുക്കുമല്ലോ അല്ലെ?

പട്ടേപ്പാടം റാംജി said...

എല്ലാം പഠിച്ചിരിക്കുന്നത്‌ നല്ലതു തന്നെ. ഇപ്പോള്‍ ജോലി എന്തായലും ജാതി-മത-ലിംഗ ദേദം ഒഴിവായിരിക്കുന്നു. തുടര്‍ന്നോളു....

Bindhu Unny said...

ഹ ഹ ഹ.
ക്നിറ്റിങ്ങ് പഠിക്കാന്‍ ഞാന്‍ എന്നോ വാങ്ങിയ നൂലുണ്ടകള്‍ ഇപ്പഴും അതേ രൂപത്തില്‍ തന്നെയിരിക്കുന്നു. :)

poor-me/പാവം-ഞാന്‍ said...

ഒരു വിദ്യ ചെയ്യു പ്രതികാരം ചെയ്യു...
അതെ നാണയത്തില്‍...അംബഡി കള്ളി സ്വന്തം ഭര്‍ത്താവിന്റെ മുഖത്തു നോക്കി (നോക്കാതേയും) ഒരു ഭാര്യ ഇങനെ ചോദിക്കാമോ?