Tuesday, September 21, 2010

അച്ഛൻ..


എത്രയോ നാളായി ഇവിടെ എഴുതിയിട്ടു്.. എഴുതാൻ തോന്നാതെയല്ല.. എഴുതാനില്ലാതെയുമല്ല... പക്ഷേ, എന്തുകൊണ്ടൊ, സാധിക്കുന്നില്ലായിരുന്നു.

അച്ഛന്റെ വേർപാടിനു ശേഷം, ഒരു പാടു കാര്യങ്ങൾ മാറി.. പുറമേക്കു അധികം കാണില്ലായിരിക്കാം, എന്നാലും ഉള്ളിന്റെയുള്ളിൽ എല്ലാം കുഴഞ്ഞു മറിഞ്ഞു.

ഒരു സുപ്രഭാതത്തിൽ വീട്ടിൽ നിന്നൊരു ഫോൺ വന്നു.. അച്ഛനു അപകടം പറ്റിയെന്നു പറഞ്ഞു.. 20 മണിക്കൂറിനുള്ളിൽ പറന്നെത്താൻ കഴിഞ്ഞതു തന്നെ വലിയ കാര്യം...

എത്തിയിട്ടു് അച്ഛനു വേണ്ടി ഒന്നും ചെയ്യാനുണ്ടായിട്ടല്ല... - ഐസിയുവിലല്ലേ..! :(

എന്നാലും അമ്മക്കും അനിയത്തിക്കും ഒരു ആശ്വാ‍സം... ഒന്നുമില്ലെങ്കിലും ഞാൻ കരിങ്കല്ലല്ലേ... പെട്ടെന്നൊന്നും ഷോക്കാവാൻ പാടില്ലല്ലോ.

പിന്നെ ഒരാഴ്ച : പ്രതീക്ഷയും, അതിന്റെ തകർച്ചയും..

ഇവിടുന്നു നാട്ടിലേക്കുള്ള വിമാനത്തിൽ ഇരിക്കുമ്പോൾ വിചാരിച്ചിരുന്നു ... അച്ഛനെ തിരിച്ചു കിട്ടുന്നെങ്കിൽ മുഴുവനായും വേണം എന്നു്. അച്ഛനെ ഒരു പകുതി മനുഷ്യനായി കാണാൻ സാധിക്കില്ലായിരുന്നു.

ആശുപത്രിയിൽ വെച്ചു പലരും പറഞ്ഞു - ദൈവം സഹായിച്ചു്, ഇത്രക്കല്ലേ പറ്റിയുള്ളൂ എന്നു്. തലച്ചോറിനു ക്ഷതം സംഭവിച്ചതിനെയും “ഇത്രക്കല്ലേ പറ്റിയുള്ളൂ” എന്നു പറയുന്നതു കേട്ടപ്പോൾ - “ഈ സഹായിച്ച ദൈവത്തിനു ഒരു 5 മിനുട്ടു് നേരത്തെ സഹായിക്കാമായിരുന്നില്ലേ” എന്നു ചോദിക്കാൻ തോന്നി.

സഹായം പോലും!

അച്ഛൻ മരിച്ചപ്പോഴും അവരൊക്കെ പറഞ്ഞിരിക്കും - “കിടത്തി ബുദ്ധിമുട്ടിച്ചില്ലല്ലോ” എന്നു്. അതെ, പരമകാരുണ്യവാനായ ദൈവം.

എനിക്കു അച്ഛനെ നഷ്ടപ്പെട്ടതിനേക്കാൾ വിഷമം, അച്ഛനു ജീവിക്കാനാവുന്നില്ലല്ലോ എന്നാണു്. അന്നു രാവിലെ അച്ഛൻ എന്നെ വിളിച്ചു - “എടാ, എനിക്കു് മൊത്തത്തിൽ ബോറടിക്കുന്നു. ഞാൻ ഇനിയുള്ള കാലം മുഴുവൻ നിങ്ങളെയൊക്കെ വിട്ടു പിരിഞ്ഞു, വേറൊരു സ്ഥലത്തു പോയി ജീവിക്കാൻ പോണു”, എന്നു പറഞ്ഞിരുന്നെങ്കിൽ, ആവശ്യമുള്ള സാധനങ്ങളും എടുത്തു എവിടേക്കെങ്കിലും പോയിരുന്നെങ്കിൽ വിഷമമുണ്ടാവുമായിരുന്നു... എന്നാലും അച്ഛനിഷ്ടമുള്ള കാര്യത്തിനല്ലേ പോയിരിക്കുന്നതെന്നൊരു ആശ്വാസം ഉണ്ടാവുമായിരുന്നു.

ഇതിപ്പോ, അച്ഛന്റെ സ്വപ്നങ്ങൾ, ആഗ്രഹങ്ങൾ.. ഒന്നും ഇനി നടക്കില്ല. എത്രയോ പൂരങ്ങളും അഘോഷങ്ങളും വരും... അതിനൊന്നും പോവാൻ അച്ഛനു പറ്റില്ല.

അല്ല, ജീവിതം ഇങ്ങനെ തന്നെയാണു്.. അംഗീകരിച്ചേ കഴിയൂ.

(ഈശ്വരവിശ്വാസമുള്ളവർ അച്ഛൻ സ്വർഗ്ഗത്തിൽ പോയെന്നു കരുതി ആശ്വസിക്കുന്നു. ഈശ്വരനിലോ, സ്വർഗ്ഗത്തിലോ, ആത്മാവിലോ വിശ്വസിക്കാത്ത ഞാൻ അങ്ങനെ ആശ്വസിക്കാൻ നോക്കുന്നില്ല.. എസ്കേയ്പ്പിസം എനിക്കു വയ്യ)

അമ്മയേയും അനിയത്തിയേയും സമ്മതിക്കുക തന്നെ വേണം. ആർക്കും ചോദിക്കാനാവുന്നതിലും സ്ട്രോങ്ങായിരുന്നു രണ്ടു പേരും.

ആദ്യത്തെ 2-3 ആഴ്ചകളിൽ, വിഷമത്തേക്കാൾ കൂടുതൽ ദേഷ്യമായിരുന്നു ... അരോടെന്നില്ലാത്തെ ദേഷ്യം. ഇവിടെ തിരിച്ചു വന്നതിനു ശേഷമാണു് ഞാൻ ശരിക്കൊന്നു കരഞ്ഞതു തന്നെ.

നിരീശ്വരവാദിയായിരുന്ന അച്ഛനു് ചടങ്ങുകളൊന്നും ഇല്ലാതെ തന്നെ വിടപറഞ്ഞു. അമ്മയും അനിയത്തിയും അതേ അഭിപ്രായക്കാരായിരുന്നു.. പല ബന്ധുക്കൾക്കും ഇഷ്ടമായിക്കാണില്ല. ഞാൻ ശ്രദ്ധിക്കാൻ/വില-കല്പിക്കാൻ പോയില്ല.

എന്തായാലും ഞാൻ ബൂലോകത്തേക്കു തിരിച്ചു വരുന്നു... ഇനി മുതൽ ഇത്തിരികൂടി റെഗുലർ ആവാൻ നോക്കാം. :)

നൂറിൽ‌പ്പരം ദിവസങ്ങൾ കഴിഞ്ഞിരിക്കുന്നു. ദ ഷോ മസ്റ്റ് ഗോ ഓൺ ... അല്ലേ?

സ്നേഹാദരങ്ങളോടെ, ഞാൻ.

വാൽ: എല്ലാം നല്ല പോലെ പോയാൽ അടുത്ത മാസം എനിക്കു ഡോക്ടറേറ്റു് കിട്ടും.. അച്ഛനുണ്ടായിരുന്നെങ്കിൽ...!!

19 comments:

Sands | കരിങ്കല്ല് said...

ദ ഷോ മസ്റ്റ് ഗോ ഓൺ...

Anonymous said...

yes the show must go on!

അനില്‍@ബ്ലോഗ് // anil said...

എല്ലാം ഓര്‍മയുടെ അടിത്തട്ടിലേക്ക് പൊയ്ക്കോട്ടെ.
ഒരു നാള്‍ എല്ലാരും യാത്ര പറയണ്ടവരാണ്.

ഓഫ്:
ഇന്നലെ നെല്ലായി വഴി കടന്നപ്പൊള്‍ ഞാന്‍ ഓര്‍ത്തത് ഈ കാര്യമാണ്, രാത്രി ഏറെ വൈകിയതിനാല്‍ ഫോണ്‍ വിളിച്ചുമില്ല .

Rare Rose said...

എന്തൊക്കെ നേരിടേണ്ടി വന്നാലും ജീവിതത്തിനു വീണ്ടുമൊഴുകിയല്ലേ പറ്റൂ..

കല്ല് മലയാളത്തെ മറന്നോ എന്നു കരുതിയിരുന്നു.വീണ്ടും സജീവമായിക്കണ്ടതില്‍ സന്തോഷം.

Anil cheleri kumaran said...

ഞാന്‍ അറിയില്ലായിരുന്നു. എവിടെയും കാണാത്തപ്പോള്‍ പലരെയും പോലെ ബ്ലോഗ് മടുത്ത് ഇട്ടു പോയിക്കാണുമെന്ന് കരുതി. മുകളില്‍ അനില്‍ജി പറഞ്ഞത് പോലെ എല്ലാരും ഒരുനാള്‍..

Unknown said...

അതേ, എന്തൊക്കെ നേരിടേണ്ടി വന്നാലും ജീവിതം മുന്നോട്ട് തന്നെ പോണം... :((

poor-me/പാവം-ഞാന്‍ said...

ആശ്വാസത്തിന്റെ വരികളെഴുതാമെന്നു വിചാരിച്ചപ്പോൾ എന്റെ മനസ് എന്നോട് ചോദിച്ചു നിന്റെ അച്ഛൻ മരിച്ചാൽ ഈ വാക്കുകൾ തന്നെ നിനക്ക് ആശ്വാസമേകുമോ എന്ന് ..ഇല്ല ഞാൻ മനസ്സിലാക്കി...
പിന്നെ മറ്റൊന്ന്
പത്രത്തിൽ വായിച്ചത്
അടുത്ത മുറിയിൽ അമ്മ കിടന്നിടത്ത് കിടന്ന് തൂറി വാൽമികത്തിൽ പൊതിഞതു പോലെയായിട്ടും മകളും അവരുടെ കുട്ടികളും നോക്കാഞിട്ട് പോലീസ് ആ അമ്മയെ ആശുപത്രിയിലാക്കിയെത്രെ!!!
ഇതു രണ്ടും വായിക്കുന്നത് ഒരു ദിവസം തന്നെ...പിന്നെ കാലം വലിയ ഒരു ഓയിന്മെന്റ് ആണല്ലെ?

പൊറാടത്ത് said...

ഈ മനക്കരുത്ത് എപ്പോഴും അമ്മയ്ക്കും അനിയത്തിക്കും താങ്ങായിരിക്കട്ടെ...

ദി ഷോ മസ്റ്റ് ഗോ ഓണ്‍..

പൊറാടത്ത് said...
This comment has been removed by the author.
smitha adharsh said...

ലോകത്തില് എന്തിനും ,ഏതിനും പകരം മറ്റൊന്ന് ഉണ്ടാകും..നമ്മുടെ അച്ഛന്‍ ഒഴിച്ച്.
ഈ സങ്കടവും,ഒറ്റപ്പെടലും,ദേഷ്യവും,നിസ്സഹായതയും എല്ലാം രണ്ടാം ക്ലാസ്സുകാരിയായിരുന്നപ്പോഴേ കൈവശപ്പെട്ടുപോയിരുന്നു.എല്ലാം വിധിയുടെ കളി..അനുഭവത്തില്‍ നിന്നും പറയുന്നു..അച്ഛന്റെ സ്ഥാനം..അത് എപ്പോഴും ശൂന്യം തന്നെയായിരിക്കും.അത് ആര്‍ക്കും ഫില്‍ ചെയ്യാനും കഴിയില്ല.ആ ശൂന്യത ചിലപ്പോഴൊക്കെ നമ്മളെ കൂടുതല്‍ മുറിപ്പെടുത്താന്‍ കാത്തിരിക്കുന്നുണ്ട്.കാത്തിരുന്നു കണ്ടോളൂ..പിന്നെ,അമ്മമാര്‍ അങ്ങനെയാ..വേഗം വിഷമം മാറി എന്ന് നമ്മളെ വെറുതെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കും.കൂടുതല്‍ ധൈര്യവതിയായി നടിക്കും.അത് പക്ഷെ,ഒരു തരത്തില്‍ ഒരു ബൂസ്റ്റ്‌ ആണ്.അമ്മയുടെ ആ മനസ്സിന് ഒരു 'ഹാറ്സ് ഓഫ്'.അപ്പൊ,കൂടുതല്‍ ഉഷാറായി ഷോ നടക്കട്ടെ.നമുക്ക് ഭംഗിയാക്കാമെന്നേ.ഡോക്ടറേറ്റ് കിട്ടുന്നതൊക്കെ കാണാന്‍ അച്ഛന് പറ്റുംന്നേ.

Anonymous said...

i used to read your blog regularly.i too lost my dad when i was 20 years old.so i know how you will be feeling.My mom acted the same way as you and smitha adarsh said.Moms and dads are the same every where.

sindhu

Indiamenon said...

അച്ഛന്‍ ഇല്ലാത്ത ഈ ലോകത്ത് ആ ഓര്‍മ്മകള്‍ താങ്ങും തണലും ആകട്ടെ ... അതോണ്ട് കൊറച്ചു സങ്കടം കൊറയുട്ടോ.. പിന്നെ ഇടക്കൊക്കെ ഒന്ന് കരയുന്നത് കൊണ്ടു മനോബലം കൂടും. സത്യാണ്.. എന്റെ അനുഭവത്തീന്നു പറയ്വാട്ടോ...

എല്ലാം ഭംഗിയായി വരും. ഡോക്ട‍റേറ്റ് കിട്ടീട്ടു അറീക്കണം ... പിന്നെ ഡോക്ടറെ ...ഡോക്ടറെ എന്ന് വിളിക്കാലോ

Indiamenon said...

അച്ഛന്‍ ഇല്ലാത്ത ഈ ലോകത്ത് ആ ഓര്‍മ്മകള്‍ താങ്ങും തണലും ആകട്ടെ ... അതോണ്ട് കൊറച്ചു സങ്കടം കൊറയുട്ടോ.. പിന്നെ ഇടക്കൊക്കെ ഒന്ന് കരയുന്നത് കൊണ്ടു മനോബലം കൂടും. സത്യാണ്.. എന്റെ അനുഭവത്തീന്നു പറയ്വാട്ടോ...

എല്ലാം ഭംഗിയായി വരും. ഡോക്ട‍റേറ്റ് കിട്ടീട്ടു അറീക്കണം ... പിന്നെ ഡോക്ടറെ ...ഡോക്ടറെ എന്ന് വിളിക്കാലോ

Thommy said...

Liked it...

krishnakumar513 said...

വരാന്‍ താമസിച്ച് പോയി,കരിങ്കല്ല് പറഞ്ഞപോലെ”ദ ഷോ മസ്റ്റ് ഗോ ഓൺ.“എല്ലാം ഭംഗിയായി തീരട്ടെ!

ശ്രീ said...

കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ നെല്ലായി ക്രോസ് ചെയ്തപ്പോള്‍ ഞാനുമോര്‍ത്തു, സന്ദീപിനെയും എഴുത്തുകാരി ചേച്ചിയെയും. സന്ദീപ് ഈയിടെ എഴുത്ത് തീരെയില്ലല്ലോ എന്നുമോര്‍ത്തു. വല്ലപ്പൊഴും ഇവിടെ വന്നു നോക്കാറുണ്ട്... പക്ഷേ ഇങ്ങനെ ഒരു ഗ്യാപ് വരാന്‍ കാരണം ഇതായിരിയ്ക്കും എന്ന് ഒരിയ്ക്കലും കരുതിയതല്ല.

അനില്‍ മാഷ് പറഞ്ഞതു പോലെ നാമെല്ലാവരും ഒരു നാള്‍ യാത്ര പറയേണ്ടവരാണ് എന്ന് കരുതി സമാധാനിയ്ക്കാം. അല്ലാതെന്ത് ചെയ്യാന്‍... ഒന്നും പറഞ്ഞ് സമാധാനിപ്പിയ്ക്കാന്‍ ഒരു വിഫലശ്രമം നടത്തുന്നില്ല.

SUJITH KAYYUR said...

Aashamsakal maathram....

raadha said...

എന്ത് പറഞ്ഞാലും ആശ്വാസം ആവില്ല എന്നറിയാം....ഈ തിരിച്ചു വരവിനു നന്ദി.. :D

Muralee Mukundan , ബിലാത്തിപട്ടണം said...

സന്ദീപിന്റെ ഈ വേർപ്പാടിന്റെ ദു:ഖം ഇന്നാണ് കാണുന്നത്...
18 വയസ്സിൽ അച്ഛന്റെ വേർപ്പാട് അറിഞ്ഞവനാണ് ഞാനും...