Saturday, November 22, 2008

അവസാനം മഴ പെയ്തു… :)

 

ഞാനിപ്പൊ നാട്ടില്‍ വിശ്രമത്തിലാണല്ലോ… ജനലോരത്തൊരു കട്ടിലിട്ടു് അതിലാണധികനേരവും എന്റെ കിടപ്പ്/ഇരിപ്പ്. വീടിനകത്തൊരിത്തിരി നടക്കും എന്നല്ലാതെ പുറത്തിറങ്ങിത്തുടങ്ങിയിട്ടില്ല…

എന്റെ ജനലിലൂടെ നോക്കിയാല്‍ അമ്മയുടെ കൊച്ചു പൂന്തോട്ടവും, അമ്പലത്തിലേക്കുള്ള വഴിയും (വഴിയിലൂടെ പോകുന്നവരേയും) കാണാം. അമ്പലത്തില്‍ പ്രദക്ഷിണം വെക്കുന്നവരേ കൂടി കാണാവുന്ന ജനലോരത്തേക്ക് മാറാം എന്നു പറഞ്ഞപ്പോള്‍, കാണാന്‍ കൊള്ളാവുന്ന ആരും (പെണ്‍കുട്ടികള്‍) ഇല്ല എന്നാണു് അമ്മ പറയുന്നതു്. 

ഒരു പരിധി വരെ അതു ശരിയുമാണു്. കഴിഞ്ഞയാഴ്ച അമ്പലത്തില്‍ ഒരു കുഞ്ഞു വിശേഷം ഉണ്ടായപ്പോള്‍ മാത്രമാണു് ഞാന്‍ പുറത്തിറങ്ങിയതു്. [അമ്പലത്തില്‍ അന്നു ഭക്ഷണം ഉണ്ടായിരുന്നതു് കൊണ്ടാണു് ഞാന്‍ ഒന്നരക്കാലും വെച്ചു പോയതെന്നു അസൂയക്കാര്‍ പറയും. അതൊന്നും സത്യമല്ല എന്നു നിങ്ങള്‍ക്കറിയാല്ലോ ഇല്ലേ?]

അന്നു കണ്ടതാണല്ലോ അമ്പലത്തിലെ കളക്ഷന്‍. അമ്മ പറഞ്ഞതില്‍ തെറ്റില്ല – കാണാന്‍ കൊള്ളാവുന്ന കുട്ടികള്‍ പോരാ! :( എനിക്കിഷ്ടമുള്ള കുട്ടിയെ ആണെങ്കില്‍ അമ്മക്കും അനിയത്തിക്കും അത്ര താത്പര്യം പോരാ…! :(

അപ്പൊ ഞാന്‍ വഴിതെറ്റി പോകുന്നു. പൈങ്കിളിയല്ല എന്റെ (ഇന്നത്തെ) വിഷയം … :)

ഞാ‍നങ്ങനെ കിടന്നു പൂക്കളും മരങ്ങളും ചെടികളും എല്ലാം നോക്കി ആസ്വദിക്കും. ചിലപ്പോള്‍ സിറ്റ്-ഔട്ടില്‍ പോയി താഴെ മാര്‍ബിളില്‍ കിടന്നു പുറത്തേക്കു നോക്കും.. കിണറും, മരങ്ങളും എല്ലാം അടിപൊളി… … പച്ചപ്പ്… ചുറ്റും പച്ച…. തെങ്ങ്, മാവു്, പേര, ബദാം, കണിക്കൊന്ന, വാഴകള്‍, പിന്നെ തോട്ടത്തിലെ പേരറിയുന്നതും അറിയാത്തതും ആയ ധാരാളം ചെടികള്‍ … അകെ മൊത്തം ഭയങ്കര ഭംഗി.

ഇതൊക്കെ ഉണ്ടെങ്കിലും എനിക്കൊരു കുറവനുഭവപ്പെടുന്നുണ്ടായിരുന്നു …

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഉച്ചയോടെ ചെറിയ തോതില്‍ മേഘങ്ങള്‍ ഉണ്ട് മാനത്തു്.  ഞാനാണെങ്കില്‍ ഒരു വേഴാമ്പലിനേ പോലെ കാത്തിരിക്കുകയാണു – ഒരു മഴ വരാന്‍. എന്നും ഞാന്‍ വിചാരിക്കും -- “ഇന്നു പെയ്യും”. 

പെയ്തില്ല, പെയ്യില്ല!! :(

എന്നാല്‍ ഇന്നു് രാവിലെ മഴ ചാറാന്‍ തുടങ്ങി. ഞാന്‍ എന്റെ വടികളും ഒക്കെ എടുത്തു പുറത്തേക്കു പോവാന്‍ തയ്യാറായി.

ഒരു ചെറിയ ചര്‍ച്ചക്കൊടുവില്‍ മഴയില്‍ പോവാന്‍ അമ്മ സമ്മതിച്ചു. ചര്‍ച്ചയൊക്കെ കഴിഞ്ഞപ്പോഴേക്കും മഴ കുറഞ്ഞു. :(

തകര്‍ന്ന ഹൃദയത്തോടെ ഞാന്‍ വീട്ടിലേക്കു തിരിച്ചു കയറി.

ഭാഗ്യമെന്നു പറയട്ടെ… കുറച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും മഴ വന്നു. ഇപ്രാവശ്യം പെട്ടെന്നു തന്നെ ഞാന്‍ പുറത്തിറങ്ങി… അധികം ശക്തമായ മഴ അല്ലെങ്കിലും മഴയെ നന്നായി ആസ്വദിച്ചു…..

ഈ ക്രച്ചസും പിടിച്ചു നടക്കല്‍ ഒരു സുഖവും ഇല്ലാത്ത പരിപാടി ആണുട്ടോ :(…. അതും സാധാരണ നടക്കുക പോലും ചെയ്യാത്ത എനിക്കു് (ഞാന്‍ ഓടുകയും ചാടുകയും തുടങ്ങിയ കലാപരിപാടികള്‍ മാത്രമേ ഉള്ളൂ)…. ഈ ക്രച്ചസ് നടത്തം ഭയങ്കര സ്ലോ… (ബി. എസ്. എന്‍. എല്ലിന്റെ കണക്ഷന്‍ പോലെ)

അപ്പൊ പറഞ്ഞു വന്നതു്… എന്റെ വീടിനടുത്തു ഒരു ഒഴിഞ്ഞ പറമ്പുണ്ട്… അവിടെ വരെ ഞാന്‍ മഴയത്ത് പോയി.. അവിടെ പോയപ്പോഴോ … ആ പറമ്പില്‍ ഒരു പൂപ്പരവതാനി.. എന്തിലും ചീത്ത മാത്രം കാണുന്നവര്‍ക്കു “മുള്‍പ്പരവതാനി” എന്നും പറയാം … എന്നാലും എനിക്കു പൂപ്പരവതാനി തന്നെ… – തൊട്ടാവാടിച്ചെടികളാണു് പരവതാനി വിരിച്ചിട്ടുള്ളതു് :)

എന്നിട്ടു ഞാന്‍ മുഴുവനല്ലെങ്കിലും … ഒരുവിധം നിറഞ്ഞ ഹൃദയത്തോടെ വീട്ടിലേക്കു് വന്നു! :)

അങ്ങനെ … അവസാനം മഴപെയ്തെന്റെ മനം കുളിര്‍ന്നു. :)‌

സ്നേഹാദരങ്ങളോടെ, കരിങ്കല്ല്.

PS: വാഗ്ദത്തകഥ അടുത്ത പ്രാവശ്യം.. കേട്ടോ? :)

Thursday, November 20, 2008

ത്രീ റോസസ്...


ഈ ചായക്കു് മണമില്ല...
മണമുണ്ടെങ്കില്‍ സ്വാദില്ല...
സ്വാദുണ്ടെങ്കില്‍ കടുപ്പമില്ല...
ഏതു ചായയ്ക്കുണ്ട് ഈ മൂന്നു ഗുണവും????


മൂന്നു ഗുണവുമുള്ള ത്രീ റോസസ്!!!

ഓര്‍മ്മയില്ലേ ഈ പരസ്യം...?????

എന്നാലിനി എന്റെ ഒരു അനുകരണക്കവിതയാവാം.. അതേ ഈണത്തില്‍ തന്നെ പാടണേ! :)

ഈ നാട്ടിലോ കറണ്ടില്ല...
കറണ്ടുള്ളപ്പോള്‍ ഫോണില്ല...
ഫോണുള്ളപ്പോള്‍ നെറ്റില്ല...
ഏതു നാട്ടിലുണ്ട് ഈ മൂന്നും കൂടി....???


എന്തായാലും എന്റെ നാട്ടിലല്ല... (നെല്ലായി)

അപ്പൊ, ബി. എസ്. എന്‍. എല്‍ എന്ന അതികായന്റെ സഹിക്കാനാവാത്ത സേവനമനസ്ഥിതി കാരണം എനിക്കു് ബ്ലോഗ്ഗാന്‍ സാധിക്കുന്നില്ല.

മുകളില്‍ പറഞ്ഞ എല്ലാ ചേരുവകളും... പിന്നെ എഴുതാനുള്ള മൂഡും ചേര്‍ന്നു വന്നാല്‍, ഞാന്‍ ഒരു കഥയെഴുതാം അടുത്ത പോസ്റ്റില്‍... ഓ കേ?

സ്നേഹാദരങ്ങളോടെ, ഞാന്‍.

PS: എന്റെ ഒരു സ്ഥിരം വായനക്കാരിയുടെ പേരു് എടുത്തു ഞാനിവിടെ പന്താടുന്നതാ‍യി തോന്നിയെങ്കില്‍, അതു തികച്ചും യാദൃച്ഛികം മാത്രം... :)‌

~

Tuesday, November 04, 2008

ആരുടെ കൂടോത്രം??..

കഴിഞ്ഞ പോസ്റ്റിലെ എന്റെ വീഴ്ചയെക്കുറിച്ച് കേട്ടിട്ടു്... “ഒന്നും പറ്റിയില്ലേ” എന്നു പലരും വിഷമത്തോടെ  പറഞ്ഞപ്പോള്‍ ഞാന്‍ മനസ്സിലാക്കേണ്ടതായിരുന്നു... ആരെങ്കിലും എനിക്കെതിരേ കൂടോത്രം വല്ലതും ചെയ്യും എന്നു്.

എന്തായാലും കൂടോത്രം ഫലിച്ചു... എനിക്കു് മറ്റൊരപകടം സംഭവിച്ചു. ഇത്തിരി ഈണത്തിലായിപ്പോയീ എന്നു മാത്രം ... :(

ഏതാണ്ടു 10 ദിവസം മുമ്പ് എന്റെ സ്വന്തം പ്രിയപ്പെട്ട ഇരുചക്രവാഹനത്തില്‍ (സൈക്കിളില്‍)  കോളേജിലേക്കു് പോവുകയായിരുന്നു ഞാന്‍..  മഴ പെയ്തു വഴി നനഞ്ഞുകിടഞ്ഞിരുന്നതിനാല്‍.. അധികം വേഗതയിലായിരുന്നില്ല ഞാന്‍...

അങ്ങനെ പോയിക്കൊണ്ടിരുന്നപ്പോള്‍ ഞാന്‍ കണ്ടു... അതാ‍ വലതു വശത്തെ സ്ട്രീറ്റില്‍ നിന്നും ഒരു പച്ച കാര്‍ വരുന്നു. പെട്ടെന്നു തന്നെ എനിക്കു മനസ്സിലായി... ഒരു ഇടി ഉറപ്പാണെന്നു്. മനസ്സിലായി എന്നതു കൊണ്ട് പ്രത്യേകിച്ചൊരു ഉപകാരം ഇല്ലല്ലോ അല്ലേ?

അറിഞ്ഞിടത്തോളം വെച്ചു എന്റെ തെറ്റല്ല... (കാരണം ... സൈക്കിളും കാല്‍നടക്കാരും ഒക്കെ പോയിട്ടേ വലിയ വണ്ടികള്‍ പോകാവൂ ... സിഗ്നല്‍ ഇല്ലാത്ത സ്ഥലങ്ങളില്‍) - ഇനി ഇപ്പൊ പോലീസ് തീരുമാനിക്കട്ടെ ആരുടെ തെറ്റാണെന്നു്.

അപ്പൊ പറഞ്ഞ് വന്നതു കാറിനെ കുറിച്ചു.. അവന്‍ പാഞ്ഞുവരികയും എന്റെ വലതു വശത്തു്  ആഞ്ഞിടിക്കുകയും ചെയ്തു... എല്ലാം വളരേ പെട്ടെന്നായിരുന്നു.. ഞാന്‍ തെറിച്ചു വീണു... സൈക്കിളും തെറിച്ചു പോയീ... (ഇനി ആ സൈക്കിള്‍ ഉപയോഗിക്കാന്‍ പറ്റുമെന്നു തോന്നുന്നില്ല -- ആരെങ്കിലും കണ്ണുവെച്ചതാണോ?) ;)

പിന്നെ അവിടെ നടന്നതിനെ കുറിച്ചൊന്നും അധികം പറയുന്നില്ല...  സഹൃദയരായ നാട്ടുകാര്‍ ആംബുലന്‍സ് വിളിച്ചു വരുത്തി.... എന്നെ ഹോസ്പിറ്റലിലാക്കി.

വലതു കാലിലെ വണ്ണക്കുടത്തിലായിരുന്നു ഇടി ... രണ്ടു എല്ലുകളും ഒടിഞ്ഞിരുന്നു - തരക്കേടില്ലാത്ത രീതിയില്‍... :( ... ഒരു ചെറിയ ഓപറേഷനിലൂടെ ഡോക്ടര്‍മാര്‍ എന്റെ കാലില്‍ കമ്പിയിട്ടു.. ഒരു വര്‍ഷത്തോളം ആ കമ്പി അവിടെ കിടക്കണമത്രേ..

പിന്നെയാണത്രേ പ്രശ്നം വഷളായതു് -- ഓപറേഷന്‍ കഴിഞ്ഞു ബോധം തെളിഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയില്‍ ഞാന്‍ വായിലെ ഓക്സിജന്‍ ട്യൂബ് കടിക്കുകയും ... ഓക്സിജന്‍ കിട്ടാതെ വന്നപ്പോള്‍ ആഞ്ഞു പരിശ്രമിക്കുകയും .. എന്റെ തന്നെ ശ്വാസകോശത്തിനു കേടു വരുത്തുകയും ചെയ്തൂത്രേ!! ഇങ്ങനെയൊക്കെ സംഭവിക്കോ?

{അതു മുരിങ്ങക്കോലായിരിക്കും എന്നു കരുതിയായിരിക്കണം ഞാന്‍ കടിച്ചതെന്നാണു് എന്റെ ഒരു (ബുദ്ധിമാനായ) സുഹൃത്തിന്റെ അനുമാനം ;‌) }

എന്തായാലും പ്രശ്നം വഷളായ സ്ഥിതിക്കു ... എന്നെ ICU എന്ന, പേടിപ്പിക്കുന്ന സ്ഥലത്തേക്ക് വിട്ടു. അവിടെ ഒരു ദിവസം കുറേ ട്യൂബുകളും വയറുകളും ഒക്കെ ശരീരത്തില്‍ ഘടിപ്പിച്ചു കഴിഞ്ഞു കൂടി...

പിന്നെ എന്നെ Casualty എന്ന, ഭീകരത കുറഞ്ഞ സ്ഥലത്തേക്കു മാറ്റി... അതിന്റെയടുത്ത ദിവസം സാദാ റൂമിലേക്കും മാറ്റി. അപ്പോഴേക്കും വയറുകളും ട്യൂബുകളും ഓക്സിജന്‍ മാസ്കും ഒക്കെ മാറ്റിയിരുന്നു...

റൂമിലെത്തി 2 ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ പതുക്കെ വീട്ടിലേക്കൊക്കെ വിളിച്ചറിയിച്ചു..

അതിനു മുമ്പു തന്നെ എന്നെക്കാണാന്‍ ഇവിടത്തെ സുഹൃത്തുകള്‍ എല്ലാരും വന്നിരുന്നു...  ഹോസ്പിറ്റലില്‍ ആയതിന്റെ വിഷമം അധികം അറിയാതെ എന്നെ അവരൊക്കെ കൂടി നോക്കി. :)

ഒരാഴ്ച കഴിഞ്ഞു ആശുപത്രിയില്‍.... പിന്നെ ഒരു സുഹൃത്തിന്റെ വീട്ടിലെത്തി.... എന്താച്ചാല്‍ .. കുറേ കാലത്തേക്കിനി എനിക്കു ശരിക്കു നടക്കാനൊന്നും വയ്യ.... ക്രച്ചസ് വെച്ചു ഇത്തിരി ബുദ്ധിമുട്ടി നടാക്കാം .. കടയില്‍ പോവാന്‍ വയ്യ, പാചകം വയ്യ.... 

ക്രച്ചസ് വെച്ചു നടക്കുമ്പോള്‍ തന്നെ നല്ല വേദനയുണ്ട്.. 4-5 ആഴ്ചകള്‍ ക്രച്ചസിന്റെ സഹായം വേണം താനും.... :(

എല്ലാം ഒരു വിധം ശരിയാവുന്നത് വരെ ഇവിടെ ഈ ചങ്ങാതിയുടെ കൂടെയാണു താമസം...

ഈ അപകട അനുഭവം ആകെമൊത്തം ടോടല്‍ ഒരു അനുഭവം തന്നെ ആയിരുന്നുട്ടോ... ഈ സിനിമയില്‍ ഒക്കെ കാണുന്ന റേഞ്ചു്.

സൈക്കിളില്‍ നിന്നു തെറിക്കുന്നു... സൈക്കിള്‍ എന്റെ മുകളിലൂടെ തെറിച്ചു പറന്നു പോകുന്നതു കാണുന്നു...

ആംബുലന്‍സില്‍ കയറ്റി സെഡേറ്റീവ് തന്നു കഴിയുമ്പോള്‍ ഒരുഗ്രന്‍ സ്വപ്നം ... നീറ്റ്ഷേ ഒക്കെ വന്ന ഒരു സ്വപ്നം .... മരുന്നിന്റെ ശക്തിയില്‍ ജര്‍മ്മന്‍ ഭാഷയില്‍ തെറ്റില്ലാതെ പേശുന്നു....

ബോധം വരുമ്പോള്‍ എതിരേയുള്ള ചുമരിലെ ക്ലോക്കില്‍  3:20.... ഡോക്ടര്‍മ്മാ‍രോ അരൊക്കെയോ ഓടി വരുന്നു... ഓക്സിജന്‍ മാസ്കെടുത്തു മുഖത്തമര്‍ത്തുന്നു..... മയങ്ങുന്നു... എഴുന്നേല്‍ക്കുന്നു... വീണ്ടും മയങ്ങുന്നു... സമയം പതുക്കെ...വളരേ പതുക്കെ ഇഴഞ്ഞു നീങ്ങുന്നു..... 8:45 വരെ അവരുടെ കൂടെ... പിന്നെ ICU... അവിടെ നിറയേ വയറുകളും ട്യൂബുകളും ... ഓക്സിജന്‍ മാസ്കും.... എല്ലാം ....

8 വയസ്സുള്ളപ്പോള്‍ തൃശ്ശൂര്‍ അശ്വിനിയില്‍ 2-3 ദിവസം കഴിഞ്ഞതാണു് ഇതിനു മുമ്പത്തെ ആശുപത്രി അനുഭവം .... അതും ഒരു അപകടം തന്നെ... ബൈക്ക് ഓടിച്ചിരുന്നതു് അച്ഛനായിരുന്നെന്നു മാത്രം... :)

അപ്പൊ ആരായാലും കൂടോത്രം ഫലിച്ചു.... വീഴ്ചയില്‍ ഒന്നും പറ്റിയില്ല എന്ന വിഷമം മാറിയില്ലേ :)