Saturday, August 29, 2009

ലുഡ്മില എന്നവൾ


ഞാൻ ഭൂഗർഭറെയിൽ‌വേ സ്റ്റേഷനിൽ നിന്നു പുറത്തേക്കു വരുമ്പോൾ പുസ്തകക്കടയുടെ മുമ്പിൽ ഇരുട്ടത്തു നിൽക്കുകയായിരുന്നു അവൾ. നല്ല ഉയരത്തിൽ സുന്ദരിയായൊരു പെൺകുട്ടി. ഞാൻ വളരെ അടുത്തെത്തിക്കഴിഞ്ഞിട്ടേ അവൾ എന്നെക്കണ്ടുള്ളൂ. ഉടനെത്തന്നെ ഞങ്ങൾ കെട്ടിപ്പിടിച്ചു, യൂറോപ്യൻ രീതിയിൽ കവിളുകൾ മുട്ടിച്ചു.

അവളുടെ പേരു ലുഡ്മില. നമുക്കൊരു രണ്ടു വർഷം പുറകോട്ടു പോകാം – 2007 മാർച്ച് മാസം. ഞാൻ താമസം മാറി പുതിയ സ്ഥലത്തെത്തിയ സമയം. എന്റെ മുറിയുടെ ഒരു വശത്തു് ലുഡ്മിലയും മറുവശത്തു ഓസ്മാനും താമസം.

ഞാൻ പൊതുവേ ആളുകളെ കണ്ടാൽ വളരെ പെട്ടെന്നു തന്നെ അടുക്കുന്ന സ്വഭാവക്കാരനാണു്. പെൺകുട്ടികളാണെങ്കിൽ പ്രത്യേകിച്ചും. ;)

ഈ കുട്ടിയാണെങ്കിൽ പഠിക്കുന്നതു് “നരവംശശാസ്ത്രം” – എന്നിൽ കൌതുകമുണർത്തിയ ഒരു സംഭവം. പകുതി സ്ലൊവാക്യൻ, പകുതി ജർമ്മൻ. അച്ഛനമ്മമാർ പിരിഞ്ഞു.

ഞങ്ങൾ ഒരുപാടു സംസാരിക്കാൻ തുടങ്ങി. പക്ഷേ തുടക്കത്തിലേ എനിക്കു മനസ്സിലായിരുന്നു – ആ കുട്ടി സ്വവർഗ്ഗരതിക്കാരിയാണെന്നു്. എങ്ങനെയെന്നു ചോദിക്കരുതു് – ചില ആൾക്കാരെ കണ്ടാൽ അവരുടെ തൊഴിൽ/ഡീറ്റെയിത്സ് ഒക്കെ എനിക്കു് മനസ്സിലാവും. (ആരും എഴുതാപ്പുറം വായിച്ചു ബുദ്ധിമുട്ടണ്ട. അങ്ങനെ ഒരു കഴിവു നിലവിലുണ്ട്, ആ കഴിവുള്ള ഒന്നോ രണ്ടോ പേരെ എനിക്കറിയേം ചെയ്യാം)

എന്റെ ഒരു സുഹൃത്തിനോടു ഞാൻ പറയുകയും, വേണ്ടാതീനം പറയരുതെന്നു തെറി കേൾക്കുകയും ചെയ്തു. ആ സുഹൃത്ത് പിന്നീടൊരിക്കൽ എന്നോടു സമ്മതിക്കുകയും ചെയ്തു – എനിക്കു ആൾക്കാരെ ഇത്തിരി കണ്ട്, ഒത്തിരി മനസ്സിലാക്കാനുള്ള കഴിവുണ്ടെന്നു്.

2-3 മാസം കഴിഞ്ഞു ഒരു ദിവസം ഞാൻ ഉച്ചക്കു വീട്ടിൽ വന്ന്, അടുക്കളയിലേക്കു പോയപ്പോൾ അവിടെ ദാ നിൽക്കുന്നു ഈ കുട്ടി. ഓറഞ്ചു് നിറത്തിലുള്ള ബിക്കിനിയും അണിഞ്ഞു്. എന്നിട്ടെന്നോടൊരു ചോദ്യം – “ദാ ഇന്നു വാങ്ങിയതാ, എങ്ങനെയുണ്ട് സന്ദീപേ” എന്നു്?

എവിടെപ്പോയി ഒളിക്കണമെന്നറിയില്ലായിരുന്നു എനിക്കു്. ;) ബിക്കിനിയിട്ട ഒരു സുന്ദരി “കാണാൻ കൊള്ളാമോ” എന്നു ചോദിക്കുമ്പോൾ ചമ്മാതിരിക്കാൻ പഠിച്ചിരുന്നില്ല അന്നു ഞാൻ. ഇന്നാണെങ്കിൽ, സാമാന്യം കോമാളിത്തരം പറയാനുള്ള പഠിപ്പായി! ;)

എന്തൊക്കെപ്പറഞ്ഞാലും ഞങ്ങൾ ഒരുപാടു സംസാരിച്ചിരിക്കുമായിരുന്നു. ഒരുപാടൊരുപാടു്.

പിന്നീടാക്കുട്ടിക്കൊരു ഗേൾഫ്രണ്ടിനെക്കിട്ടി… അപ്പോഴേക്കും എന്റെ മറ്റേ സുഹൃത്തിനു ഞാൻ പറഞ്ഞതു ശരിയാണു് എന്നു് മനസ്സിലായിരുന്നു.

ഗേൾഫ്രണ്ടുകൾ ഒരുമിച്ചു വീടെടുത്തു മാറി, പിന്നീടൊരു ന്യൂസും ഇല്ല.

മഹാഭാരതത്തിൽ പറയുന്ന പോലെ, കാലചക്രം തിരിഞ്ഞുകൊണ്ടിരുന്നു.

അങ്ങനെയിരിക്കുമ്പോൾ ഒരു 4 ആഴ്ച മുമ്പ് എനിക്കൊരു ഈമെയിൽ കിട്ടി. അന്നു അവൾ വീടു മാറി പോയതിനു ശേഷമുള്ള എല്ലാ വിശേഷങ്ങളും വിശദീകരിച്ചൊരു ഈമെയിൽ. ഒന്നു മീറ്റിയാലോ എന്നു ഞാനും ചോദിച്ചു. അങ്ങനെ അവളുടെയും എന്റെയും തിരക്കുകളൊക്കെ കഴിഞ്ഞപ്പോൾ മിനിഞാന്നായി.

കണ്ടുമുട്ടിയതിനു ശേഷം വിശേഷങ്ങളുടെ തീരാപ്രവാഹമായിരുന്നു. കഴിഞ്ഞ 2 വർഷത്തെ വിശേഷങ്ങൾ പങ്കുവെക്കൽ 3-4 മണിക്കൂർ തീ‍രാതെയുള്ള സംസാരമായി, ഒരുമിച്ചു പോയി ഭക്ഷണം കഴിക്കലായി.

എന്തിനധികം പറയാൻ … 3-4 മണിക്കൂറുകൾ കൊണ്ടു പണ്ടത്തേതിനേക്കാൾ നല്ല സൌഹൃദമായി. ഒരു വളരെ നല്ല മനസ്സിനുടമ. ഇനിയൊരിക്കലും ആ സൌഹൃദം മായുകയില്ല എന്നു തോന്നുന്നെനിക്കു്.

അല്ല, ഞാൻ ആലോചിക്കുകയായിരുന്നു. ഈ സ്വവർഗ്ഗപ്രേമം കാരണം ആ കുട്ടി കുറച്ചൊക്കെ സഹിച്ചിട്ടുണ്ട്. ആൾക്കാരുടെ മനസ്സിലൊക്കെ ഇപ്പോഴും ഇരുട്ടാണല്ലോ എന്നോർത്തെനിക്കു വിഷമം തോന്നുന്നു.

എനിക്കിവിടെ വേറൊരു സുഹൃത്തുണ്ട്… പുള്ളിക്കാരി വീട്ടു പണികളിൽ സഹായിക്കുന്ന ജോലിയായി നടന്നിരുന്നു കുറച്ചു കാലം. എന്നിട്ടൊരിക്കൽ എന്നോടു കരഞ്ഞു പറഞ്ഞതോർമ്മയുണ്ടെനിക്കു് – സന്ദിപേ, എന്റെ ജോലി നോക്കി എന്നെ ഒഴിവാക്കി നിർത്താത്ത ഒരേയൊരുത്തൻ നീയാണെന്നു്. ഇപ്പൊ ആ കുട്ടി നല്ല നിലയിൽ എത്തി, വിവാഹവും കഴിഞ്ഞു. ഇപ്പോഴും ഞങ്ങൾ നല്ല സുഹൃത്തുക്കളും ആണ്.

അപ്പൊ കൂട്ടുകാരേ… ആൾക്കാരെ വിലയിരുത്തണമെന്നു നിർബന്ധമാണെങ്കിൽ അവരുടെ മനസ്സിന്റെ വലിപ്പം നോക്കി വിലയിരുത്തൂ… അല്ലാതെ ജോലിയോ ലൈംഗികതയോ നോക്കിയല്ല.

ഉറക്കം വരുന്നു. ഇനി ഞാനുറങ്ങട്ടെ.

സസ്നേഹം, കരിങ്കല്ലു്.

Saturday, August 08, 2009

വഷളായ കുട്ടികള്‍


വേറൊരു വിഷയം ബ്ലോഗ്ഗണം എന്നു കരുതിയിരുന്നതാണു്… എന്നാലും ഇതു പറയാതെ വയ്യ…

ദാ ഞാനിപ്പൊത്തന്നെ സിറ്റിയിലൊന്നു പോയി വന്നേയുള്ളൂ… ഒന്നു രണ്ടു കുഞ്ഞു സാധനങ്ങളോക്കെ വാങ്ങാനുണ്ടായിരുന്നു.

28126275_921592e37b_bതീവണ്ടിയിറങ്ങി ഒരു 5-8 മിനുട്ട് നടക്കണം എന്റെ വീട്ടിലേക്കു്. നടന്നങ്ങനെ വരുമ്പോള്‍, എന്റെ മുമ്പില്‍ രണ്ടു ടീനേജേഴ്സ്.. അവരെന്തൊക്കെയോ പറയുന്നുണ്ട് അങ്ങോട്ടുമിങ്ങോട്ടും.

പെട്ടെന്നതാ അതിലൊരുത്തന്‍ മറ്റവനെ എന്തോ ഒരു കുഞ്ഞു സാധനം കൊണ്ടെറിയുന്നു. വല്ല പുളിങ്കുരുവിന്റെ വലിപ്പമേയുള്ളൂ…  

നോക്കിയപ്പോഴെന്താ? നാണയത്തുട്ടു കൊണ്ടാണെറിയുന്നതു്! ഒന്നല്ല രണ്ടല്ല മൂന്നോ നാലോ പ്രാവശ്യം പല പല നാണയത്തുട്ടുകളെടുത്തു സുഹൃത്തിന്റെ ist2_3820618-glittering-euro-cent-coinsനേരെ എറിഞ്ഞു പഹയന്‍. താഴെ വീണ നാണയത്തുട്ടുകള്‍ എടുക്കുന്നൊന്നുമില്ല… എറിഞ്ഞതും വീണതും അവനു വേണ്ട.

മക്കളേ.. അച്ഛനും അമ്മയും കഷ്ടപ്പെട്ടുണ്ടാക്കുന്ന കാശല്ലേ എന്നു ചോദിക്കാന്‍ തോന്നി. പിന്നെ ഓര്‍ത്തപ്പോള്‍ എന്തിനാ?

എനിക്കെന്തോ ഒരു സുഖം തോന്നിയില്ല അതു കണ്ടപ്പോള്‍. പൊതുമുതല്‍ നശിപ്പിക്കുന്നതൊക്കെ കണ്ടിട്ടുണ്ട്.. എന്നാലും പണം ഇങ്ങനെ എറിഞ്ഞ് കളിക്കുമ്പോള്‍….!!

ഒരുപാടൊരുപാടു നല്ല കുട്ടികള്‍ ഉണ്ട്… എന്നാലും ഇങ്ങനത്തെ കുട്ടികള്‍! …
നഞ്ഞെന്തിനു നാനാഴി. അല്ലേ?

എന്നാല്‍ ഇനി പിന്നെയാവാം കഥ പറച്ചില്‍…

സ്വന്തം,
കരിങ്കല്ല്.