Tuesday, September 30, 2008

ഒത്തിരി നാളായില്ലേ?

 

ഞാനീ വഴിയൊക്കെ വന്നിട്ടിപ്പൊ കുറച്ചു നാളായി അല്ലേ? [കഥ വായിക്കാന്‍ മാത്രം വന്നവര്‍ .. താഴേക്കു പോവുക. കറുത്ത അക്ഷരങ്ങളില്‍ കഥ]

കഴിഞ്ഞ ആഴ്ച ഞാന്‍ ആംസ്റ്റര്‍ഡാമിലായിരുന്നു.... എന്റെ പഠനവുമായി ബന്ധപ്പെട്ട ഒരു കാര്യത്തിനു്. സംഭവം ഒരു കോണ്‍‌ഫറന്‍സ്... ഞാന്‍ വെറും കാണി/കേള്‍‌വിക്കാരന്‍‌ മാത്രമാണേ.... :)

കുറേ ടോക്കുകള്‍ ഉണ്ടായിരുന്നു.... അതിലെ ചിലതൊക്കെ നല്ലതു്, ചിലതൊക്കെ തരക്കേടില്ല... മറ്റു ചിലതോ ഒന്നും മനസ്സിലാവുന്നുണ്ടായിരുന്നില്ല... ആകെ മൊത്തം കുറേ കണക്കു് തന്നെ.

നല്ല ടോക്കുകളില്‍ മൂന്നു നാലെണ്ണം ഒക്കെ എന്റെ ഗവേഷണത്തിനു വളരേ ഉപകാരപ്രദമായതും ആയിരുന്നു.

തരക്കേടില്ലാത്തവയില്‍ ചിലതു് ... പൊതു വിവരം കൂട്ടാന്‍ സഹായിക്കുന്നവ, അല്ലെങ്കില്‍ പുതിയ ഗവേഷണമേഖലകള്‍ കാണിച്ചു തരുന്നവ.. അങ്ങനെ...

എന്നാല്‍ മൂന്നാമത്തെ ക്യാറ്റഗറി ... നല്ല തലമൂത്ത ഗണിതശാസ്ത്രജ്ഞന്മാര്‍ മാസങ്ങളും വര്‍‌ഷങ്ങളും അധ്വാനിച്ചുണ്ടാക്കിയ റിസല്‍ട്ട്. ഒരു മണിക്കൂര്‍ പ്രഭാഷണത്തില്‍ എനിക്കതെവിടുന്നു മനസ്സിലാവാന്‍? (അല്ല, മനസ്സിലാവുമായിരുന്നെങ്കില്‍ ഞാന്‍ ഇപ്പൊ എവിടെയൊക്കെ എത്തിയേനേ അല്ലേ?)

അപ്പൊ പറഞ്ഞു വന്നതു... എനിക്കു ചില ടോക്കുകള്‍ക്കിടയില്‍ ബോറടിച്ചു. എനിക്കാണെങ്കില്‍ ബോറടിച്ചാല്‍ അപ്പൊ ഉറക്കം വരും ... അതങ്ങനെയാ.. പണ്ടു മുതല്‍ക്കേ...
[മുതലയുടെയും കുറുക്കച്ചാരുടെയും കഥ അറിയാമോ? :) -- കൈ പൊക്കൂ പറഞ്ഞു തരാം]

എന്നാല്‍ അവിടെ വലിയ പ്രൊഫസര്‍‌മാരും ശാസ്ത്രജ്ഞരും ഒക്കെ സംസാരിക്കുമ്പോ ഉറങ്ങാമോ?

കൂടെ വേറെ ചില പി.എച്ച്.ഡി സുഹൃത്തുക്കളും ഉണ്ടായിരുന്നു ... അവരാണെങ്കില്‍ നല്ല ഉറക്കം തൂങ്ങല്‍. ഞാന്‍ മാത്രം ബുദ്ധിപരമായി ഒരു കാര്യം ചെയ്തു ... അതാണീ താഴെ കാണുന്നതു്. :)

Writing-പാഡില്‍ ഒരിത്തിരി പെന്‍സില്‍ ഡ്രോയിം‌ഗ്. :) [scanned image]

 

അങ്ങനെ എന്നും പൂക്കളും ഇലകളും മാത്രം വരച്ചാല്‍ മതിയോ? അടുത്തതു ഒരു പോര്‍‌ട്രെയിറ്റ് തന്നെ ആയിക്കോട്ടെ എന്നു വിചാരിച്ചു. [scanned image]

 

ഈ ചിത്രത്തിന്റെ പേരു് “പന്തം കണ്ട പെരുച്ചാഴി” -- ഒരു ഫ്രഞ്ചു് വിദ്യാര്‍ത്ഥി... അവനു യാതൊരു വസ്തുവും മനസ്സിലാവുന്നില്ല... എന്നാലും നോക്കിയിരിക്കുന്നു ... സ്റ്റേജിലേക്ക് ... എന്നാല്‍ അവനെ തന്നെ വരച്ചേക്കാം എന്നു കരുതി ഞാന്‍.

മുടിയും, കൂര്‍ത്ത താടിയെല്ലും ഒക്കെ തരക്കേടില്ലാതെ വന്നിട്ടുണ്ട്.

ജീവിതത്തില്‍ ഒരിക്കല്‍ മാത്രമേ ഞാന്‍ ഇതിനു മുമ്പ് പോര്‍‌ട്രെയിറ്റ് ശ്രമിച്ചിട്ടുള്ളൂ... ഫസ്റ്റ് ഇയര്‍ (എഞ്ചിനിയറിം‌ഗ് കോളേജില്‍) ഗ്രാഫിക്സ് തിയറി ക്ലാസ്സില്‍. അന്നു വരച്ചതു ഒരു പെണ്‍കുട്ടിയെ... [ഇവളെ] ...അതും വലിയ മോശമില്ലായിരുന്നു എന്നാണെന്റെ ഓര്‍മ്മ മാര്‍ബിള്‍സ്.

എന്നാലിനി ഇന്നത്തെ വധം നിര്‍ത്താം അല്ലേ? :)

തിരക്കിലായിപ്പോയി... അല്ലെങ്കില്‍ ശരിക്കും വധിച്ചിട്ടേ പോവുള്ളൂ ഞാന്‍ .. കുറേ കാര്യങ്ങളുണ്ടേ പറയാന്‍.

സ്നേഹാദരങ്ങളോടെ, ഞാന്‍, കരികല്ല്.

ഓഫ്: ഒരു കഥ പറയാം എന്നു പറഞ്ഞിരുന്നു ഇല്ലേ? അതു ചെറുതാക്കി പറയാം ... പിന്നെ അന്നു നിങ്ങളെ കൊതിപ്പിക്കാന്‍ കഥയുടെ പ്രമേയം ഇത്തിരി വളച്ചൊടിച്ചിരുന്നു.. മാപ്പാക്കുക.

ഒരു ദിവസം ഉച്ചക്കു്, നമ്മുടെ നമ്പൂരിശ്ശന്‍ ഊണിനായി ഇരുന്നു. കഴിക്കാന്‍ തുടങ്ങിയപ്പോ എന്തോ ഒരു ഗന്ധം ...

നമ്പൂരിശ്ശന്‍ ചോദിച്ചു: സാവിത്രീ .. എന്താ ഒരു മണം ... പതിവില്ലാത്ത ഒരു മണം ...

അകത്തൂന്നു: അറിയില്ലാട്ടോ...

ഊണൊക്കെ കഴിഞ്ഞ് നമ്പൂരിശ്ശന്‍ മുറുക്കിക്കൊണ്ടിരിക്കുമ്പോ അടുത്ത പറമ്പില്‍ കുടിലുകെട്ടി താമസിക്കണ മാപ്ല വന്നു. മാപ്ലയോടും ചോദിച്ചു...

എടോ മാപ്ലേ.. തനിക്കു തോന്നിയോടൊ ഒരു മണം? നോം ഊണു കഴിക്കണ നേരത്തൊരു മണം!?!

മാപ്ല പറഞ്ഞു : അതു തമ്പ്രാനേ .. മീന്‍ വറക്കണ മണാണു്.. അടിയന്റെ കുടീന്നാവും.. തമ്പ്രാനു് ബുദ്ധിമുട്ടായെങ്കില്‍... .

നമ്പൂരിശ്ശന്‍: യേയ്... ഒരു ബുദ്ധിമുട്ടൂല്ല്യ... ആ ഗന്ധം കാരണം ..ഇന്നു കാര്യായി ഊണുകഴിക്കാന്‍ സാധിച്ചു... പറ്റും‌ചാല്‍ എന്നും ആയിക്കോട്ടെ... ഊണു നന്നാവൂല്ലോ! :)

പിന്നെ എന്നും നമ്മുടെ മാപ്ല ഉച്ചക്കു മീന്‍ വറക്കും... നമ്പൂരി ആ മണം കേട്ടു നല്ലോണം ഉണ്ണും.. അതായി പതിവു്.

അങ്ങനെ ഒരു മാസം കഴിഞ്ഞു.. നമ്പൂരിശ്ശന്റെ വയറും ചാടിത്തുടങ്ങി..

അപ്പൊ വന്നു നമ്മുടെ മാപ്ല വീണ്ടും ....

തമ്പ്രാനേ ... ഒരു മാസായി ഇപ്പൊ മീന്‍ വറവു തൊടങ്ങീട്ടു്... അതിന്റെ പണം തന്നാല്‍ അടിയന്‍ .... .. ... .

നമ്പൂരി: എത്രയായി... മാപ്ലേ?

മാപ്ല: 30 ഉറുപ്യ

നമ്പൂരി ഉടനേ അകത്തു പോയി... ഒരു രൂപ നാണയം എടുത്തോണ്ടു വന്നു. അതു എടുത്തു 30 പ്രാവശ്യം താഴേക്കു ഊക്കില്‍ എറിഞ്ഞു.. എന്നിട്ടു പറഞ്ഞു...  കേട്ടൂല്ലോ ഇല്ല്യേ.. എന്നാ‍ല്‍ ഇനി മാപ്ല പൊക്കോളൂ എന്നു്.

മാപ്ല: എന്താ തമ്പ്രാനേ പറ്റിക്ക്യാണോ അടിയനെ?

നമ്പൂരി: മീനിന്റെ മണത്തിനു നാണയത്തിന്റെ ശബ്ദം തന്നെ വില.. താന്‍ പൊക്കോളൂ....

മാപ്ല ഇളിഭ്യനായി മടങ്ങി.

(നമ്പൂരി എപ്പോഴും വിഡ്ഡിയൊന്നും അല്ലാട്ടോ) :)

കഥയും കാര്യവും കൂട്ടിച്ചേര്‌‍ക്കണ്ട എന്നായിരുന്നു അമ്മയുടെ ഉപദേശം ... രണ്ടു പോസ്റ്റായി എഴുതാന്‍ മാത്രം സമയം ഇല്ലാതെ പോയി! :(

അപ്പൊ എല്ലാം പറഞ്ഞ പോലെ.

കുറുക്കച്ചാരുടെയും മുതലയുടെയും ...ആ കഥ കേള്‍‌ക്കണമെങ്കില്‍ ഇവിടെ ആദ്യം കൈ പൊക്കുക.. പിന്നെ അടുത്ത പോസ്റ്റ് വായിക്കാന്‍ വരിക. :)

- കല്ല്, കരിങ്കല്ല്.

Wednesday, September 17, 2008

(കുഞ്ഞി) രാമന്റെ കൈപ്പൊടി അഥവാ പൊടിക്കൈ

 

എന്നാല്‍ തുടങ്ങാം അല്ലേ?

അന്നു പറഞ്ഞപ്പോഴേ എനിക്കു സംശയം ഉണ്ടായിരുന്നു .. ഇതു കുഞ്ഞിരാമനല്ലാ തെന്നാലിരാമന്‍ ആണ്‌ എന്നു. എന്നാലും ഒരു പേരിലിപ്പൊ എന്തിരിക്കുന്നു അല്ലേ?

തെന്നാലിരാമന്റെ പാത്രക്കഥ കഥ അറിയുന്നവര്‍ക്കു കഥക്കു ശേഷമുള്ള ഈ ഭാഗത്തേക്കു പോകാം [ഇവിടെ ഞെക്കൂ] .. അല്ലാ ഇനിയൊരിക്കല്‍ കൂടി വായിക്കണം എന്നാണെങ്കില്‍ വായിക്കുകയും ആവാം .. :)

എന്തായാലും കഥക്കു മുമ്പ്, കഥയുടെ കഥ. എന്റെ ഓര്‍മ്മക്കു്‌ വലിയ തെറ്റില്ല എങ്കില്‍ ഈ കഥ എനിക്കു പറഞ്ഞ് തന്നിട്ടുള്ളതു അച്ഛനാണു്‌ - അതാണു ഈ പേരിലൊക്കെ വലിയ മാറ്റം വന്നതു്‌. [പൊടിപ്പും തൊങ്ങലും വെക്കുന്നതിന്റെ ആശാനാണച്ഛന്‍ ]

കുഞ്ഞായിരുന്ന എനിക്കു പൊടിക്കൈ എന്നതിനേക്കാള്‍ കൈപ്പൊടി എന്നു ഓര്‍ക്കാനായിരുന്നു സുഖം -- ബാംഗ്ളൂരിനേക്കാള്‍ സുഖം ബ്ളാങ്കൂര്‍ ആയിരുന്ന പോലെ. :)

അപ്പൊ ഇതാ കഥ.

[എല്ലാരും ഈ കഥ കുട്ടികള്‍ക്കു പറഞ്ഞ് കൊടുക്കണം ... അതു പറ്റില്ല എങ്കില്‍ നിങ്ങളും വായിക്കണ്ട... കുട്ടികള്‍ക്കു്‌ പറഞ്ഞു കൊടുക്കാം എന്നുറപ്പുള്ളവര്‍ തുടര്‍ന്ന് വായിച്ചോളൂ... ]

******************************************************************************************

കുഞ്ഞിരാമന്‍ പാവമായിരുന്നു. നല്ല വിദ്യാഭ്യാസം ഒക്കെ നേടിയവനാണെങ്കിലും നല്ല ജോലിയൊന്നും കിട്ടിയില്ല പാവത്തിനു്‌ :( .... ഭാര്യയും 4 കുട്ടികളും ഒക്കെയുള്ള കുഞ്ഞിരാമനു കഷ്ടിച്ചു കഴിഞ്ഞു കൂടാനുള്ള വകയേ ഉണ്ടായിരുന്നുള്ളൂ...  എന്നാലോ നാട്ടുകാരുടെ കണ്ണിലുണ്ണിയായിരുന്നു നമ്മുടെ കുഞ്ഞിരാമന്‍ .. 

ഒരിക്കല്‍ കുഞ്ഞിരാമന്റെ സഹോദരിയും കുടുംബവും കുഞ്ഞിരാമന്റെ കൂടെ ഒരാഴ്ച വന്നു താമസിച്ചു. എല്ലാര്‍ക്കും  കൂടി ചോറുവെക്കാന്‍ പാകത്തിനു ഒരു വലിയ പാത്രം പോലും ഇല്ലായിരുന്നു നമ്മുടെ പാവം കുഞ്ഞിരാമന്റെ വീട്ടില്‍ .. 

കുഞ്ഞിരാമന്റെ ഭാര്യ പറഞ്ഞു - "നിങ്ങള്‍ ഒരു കാര്യം ചെയ്യു്‌... അപ്പുറത്തെ ആ ഭാര്‍ഗ്ഗവന്റെ വീട്ടില്‍ നിന്നൊരു പാത്രം ഒരാഴ്ചക്ക്‌ കടം വാങ്ങിയിട്ടു വാ" എന്നു്‌.

ഭാര്‍ഗ്ഗവന്‍ നാട്ടിലെ കാശുകാരനായിരുന്നു. വലിയ വീടൊക്കെയുണ്ട്. ചീത്ത്റ്റ സ്വഭാവവും :(  ആര്‍ക്കും ഇഷ്ടല്ല ഭാര്‍ഗ്ഗവനെ...

കുഞ്ഞിരാമനു കടം വാങ്ങാന്‍ തീരെ താല്പര്യം ഇല്ലായിരുന്നു. പാവം മനസ്സിലാ മനസ്സോടെ എന്തായാലും അതു തന്നെ ചെയ്തു.

ഒരാഴ്ച കഴിഞ്ഞു കുഞ്ഞിരാമന്‍ ഭാര്‍ഗ്ഗവനു പാത്രം തിരിച്ചു കൊടുക്കാന്‍ പോയി. പാത്രം കൊടുത്തപ്പോള്‍ ഭാര്‍ഗ്ഗവന്‍ പറഞ്ഞു - "എടോ കുഞ്ഞിരാമാ... ഇതില്‍ ഇതാ ഒരു പുതിയ പാത്രം കൂടിയുണ്ടല്ലോ!!".

കുഞ്ഞിരാമന്‍ പറഞ്ഞു - "അതു ഭാര്‍ഗ്ഗവന്‍ മൊതലാളീ... ആ പാത്രം അന്നു ഞാന്‍ കൊണ്ടു പോയപ്പോള്‍ ഗര്‍ഭിണിയായിരുന്നു... എന്റെ വീട്ടില്‍ വെച്ചു അവള്‍ പ്രസവിച്ചു. ഈ പുതിയ പാത്രം അവളുടെ കുഞ്ഞാണു്‌".

ഭാര്‍ഗ്ഗവന്‍ സന്തോഷിച്ചു, മണ്ടന്‍ തന്നെ ഈ കുഞ്ഞിരാമന്‍ എന്നും വിചാരിച്ചു.

2 മാസം കഴിഞ്ഞു.. കുഞ്ഞിരാമന്റെ വീട്ടില്‍ വീണ്ടും വിരുന്നു. വീണ്ടും പാത്രം കടം വാങ്ങാന്‍ ഭാര്‍ഗ്ഗവന്റെ വീട്ടിലെത്തി. ഭാര്‍ഗ്ഗവന്‍ സന്തോഷത്തോടെ ഒരു വലിയ, വില കൂടിയ പത്രം എടുത്തു കൊറ്റുത്തു - എന്നിട്ടു പറഞ്ഞു: "എടോ .. ഇവളും പ്രസവിക്കാറായിട്ടുണ്ടു്‌ പ്രസവിച്ചാല്‍ അമ്മയേയും കുഞ്ഞിനേയും നന്നായി നോക്കണം " എന്നു്‌.

ശരി എന്നും പറഞ്ഞു കുഞ്ഞിരാമന്‍ പത്രം കൊണ്ടു പൊയി.

കുറേ കാലം കഴിഞ്ഞിട്ടും കുഞ്ഞിരാമനെ കാണാതായപ്പോള്‍ ഭാര്‍ഗ്ഗവന്‍ കുഞ്ഞിരാമന്റെ വീട്ടില്‍  ചെന്നന്വേഷിച്ചു ... "എന്താടോ എന്റെ പാത്രം എവിടെ?".

അപ്പൊ നമ്മുടെ രാമന്‍ പറഞ്ഞു .. "ഭാര്‍ഗ്ഗവന്‍ മൊതലാളീ ... ഞാന്‍ അങ്ങോട്ടു വരണം എന്നു വിചാരിച്ചിരിക്ക്യായിരുന്നു.."

"അന്നു ആ പാത്രം പൂര്‍ണ്ണ ഗര്‍ഭിണിയായിരുന്നല്ലോ... അവളുടെ പ്രസവത്തിനു ഇരട്ടക്കുട്ടികളായിരുന്നു. നല്ല ഐശ്വര്യമുള്ള കുട്ടികള്‍ .. എന്നാലെന്തു പറയാനാ?? ഈശ്വരന്‍ അവള്‍ക്കും കുഞ്ഞുങ്ങള്‍ക്കും ആയുസ്സു കൊടുത്തില്ല.. പ്രസവത്തോടെ അവളും കുഞ്ഞുങ്ങളും മരിച്ചു പോയീ. :( ".

എന്തു ചെയ്യണമെന്നറിയാതെ ഭാര്‍ഗ്ഗവന്‍ വീട്ടിലേക്കു പോയി..  :)

******************************************************************************************

അപ്പൊ കൂട്ടുകാരേ ഇതാണു കഥ. ഇതു നിങ്ങള്‍ക്കൊരുപക്ഷേ മുമ്പേ അറിയാമായിരുന്നിരിക്കും ഇല്ലേ?

ഇനി കാര്യം : ധീരനായ ഞാന്‍ :)

പുസ്തകങ്ങള്‍ വായിക്കുമ്പോള്‍ അതില്‍ അലിഞ്ഞു ചേരുന്ന സ്വഭാവം ഉണ്ടെനിക്കു്‌. അതിപ്പൊ പുസ്തകങ്ങള്‍ മാത്രമല്ല.. സിനിമ കാണുമ്പോഴും ഞാന്‍ അതിന്റെ ഉള്ളില്‍ പോകും ...

അതു കൊണ്ടു തന്നെ പല സിനിമകളും കണ്ട്, കഥാപാത്രങ്ങള്‍ കരയുമ്പോള്‍ ഞാനും കരയാറുണ്ട്. (ആരോടും പറയല്ലേ ;) )

ഒരിക്കല്‍ ഞാന്‍ "God of Small Things" വായിക്കായിരുന്നു. ബസ്സിലിരുന്നായിരുന്നു വായന. അങ്ങനെ "അമ്മു" മരിക്കുന്ന ഭാഗം എത്തി ... എന്റെ കണ്ണു നിറയാന്‍ തുടങ്ങി.. നിയന്ത്രിക്കാന്‍ പറ്റുന്നില്ല. വായന നിര്‍ത്താനൊട്ടു തോന്നുന്നും ഇല്ല..

ചുറ്റും ഇരിക്കുന്നവരൊക്കെ നോക്കുന്നു. എന്തെങ്കിലും ആവട്ടെ എന്നു വിചാരിച്ചു ഞാന്‍ കരഞ്ഞുകൊണ്ടു വായിച്ചു.

പല പുസ്തകങ്ങളും ചിരിപ്പിക്കാനാണു്‌ മിടുക്കു കാണിക്കാറുള്ളത്. ഉദാഹരണത്തിനിപ്പൊ "Nick Hornby"യുടെ "High Fidelity" വായിച്ചു ഞാന്‍ രഹസ്യമായും പരസ്യമായും ചിരിക്കുന്നു.

അപ്പൊ പറഞ്ഞു വന്നതു്‌ .. കഴിഞ്ഞയാഴ്ച, വെള്ളിയാഴ്ച രാത്രി 2 മണിക്കു്‌ ഞാന്‍ മലയാറ്റൂരിന്റെ യക്ഷി വായിച്ചു... (കൂടുതല്‍ ഒന്നും പറയുന്നില്ല  ... എല്ലം വായനക്കാരന്റെ(ക്കാരിയുടെ) മനോധര്‍മ്മം പോലെ!) ;)

എന്തു രസായിട്ടാ എഴുതിയിരിക്കുന്നതു്‌ അറിയോ... ഞാന്‍ പോലും പേടിച്ചു പോയി.... കിലുക്കത്തില്‍ തിലകന്‍ രാത്രി പുസ്തകം വായിക്കുന്നതു ഒന്നോര്‍ത്തു നോക്കൂ ;) [ഹ ഹ]

-- കരിങ്കല്ലു്‌

PS: മീന്‍വറുത്തതിന്റെ കൂടെ ചോറുണ്ട നമ്പൂതിരിയുടെ കഥ ആര്‍ക്കൊക്കെ ആറിയാം ??? അറിയാത്തവര്‍ കൈപൊക്കുക.  ;)

ഞാന്‍ ഒരു ആസ്ഥാന കഥാകാരനായലോ? ;) [സ്വയം എഴുതാന്‍ അറിയില്ലെങ്കിലെന്താ.. കുട്ടികള്‍ക്കു്‌  പറഞ്ഞ് കൊടുക്കാനുള്ള കുട്ടിക്കഥകളൊക്കെ കുറെ എന്റെ കയ്യിലുണ്ട്]

രാമനുണ്ണിമാഷേ.. മാഷ്‌ടെ ഫീല്‍ഡിലാണു്‌ ഞാന്‍ കൈ കടത്തുന്നതു കേട്ടോ ;)

Tuesday, September 09, 2008

വീണ്ടും ക്യാമറ മറന്നു! :(

എല്ലാര്‍ക്കും എന്റെ നമസ്കാരം ...

തിരക്കിത്തിരി കൂടുതല്‍ ആയതിനാല്‍ അധികം വിസ്തരിക്കാതെ കാര്യത്തിലേക്കു്‌ കടക്കാം

മുമ്പൊരിക്കല്‍ ഞാന്‍ ഒരു പോസ്റ്റില്‍ പറഞ്ഞിരുന്ന ജര്‍മ്മന്‍ ടീച്ചര്‍ എന്നെ പുള്ളിക്കാരിയുടെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു.. കഴിഞ്ഞ വീക്കെന്റ് ഞാന്‍ അവിടെ ആയിരുന്നു.  സ്ഥലത്തിന്റെ പേരു റോസന്‍ഹൈം -- മ്യൂണിക്കില്‍ നിന്നു്‌ ഏതാണ്ട് 45 മിനുട്ട്!

ക്യാമറ ഞാന്‍ മനഃപൂര്‍വ്വം തന്നെ എടുത്തില്ല ... എന്താച്ചാല്‍ ഞാന്‍ ഫോട്ടോ പിടിക്കാന്‍ നിക്കുമ്പോള്‍ കൂടെയുള്ളവര്‍ക്ക് ബോറടിക്കും ... അതു കൊണ്ടു്‌ തന്നെ, ഞാന്‍ സാധാരണ ഒറ്റക്കുള്ള നേരങ്ങളില്‍ മാത്രമേ ഫോട്ടോ എടുക്കാറുള്ളൂ

എന്നാല്‍ ...., ഞായറാഴ്ച രാവിലെ ഞാന്‍ എല്ലാരേക്കാളും മുമ്പ് എഴുന്നേല്ക്കുമെന്നോ, ഒറ്റക്കു ചാറ്റല്‍ മഴയത്തു്‌ അടുത്തുള്ള മലമുകളിലേക്ക് പോകുമെന്നോ ഒന്നും നേരത്തേ  കാണാനുള്ള ദിവ്യദൃഷ്ടി എനിക്കുണ്ടായിരുന്നില്ല.

എന്നാല്‍ അതാണു്‌ സംഭവിച്ചതു ... അറ്റ്ലീസ്റ്റ് എന്റെ മൊബൈല്‍ എങ്കിലും കയ്യില്‍ ഉണ്ടായിരുന്നതു കൊണ്ടു കഷ്ടിച്ചു ഒപ്പിച്ചു...

എന്നെ ചീത്ത പറയുകയോ, ശിക്ഷിക്കുകയോ ഒക്കെ ചെയ്തോളൂ... - പക്ഷേ ഇനി മുതല്‍ എന്തൊക്കെയായാലും ക്യാമറ ഇല്ലാതെ എവിടേക്കും ഞാന്‍ ഇല്ല! :( ;)

മൊബൈല്‍ ആയതിനാല്‍ ഇത്തിരി ക്ളാരിറ്റി ഒക്കെ കുറവാണു്‌ ... എന്നാലും വേണ്ടത്ര അടിക്കുറിപ്പൊക്കെ ചേര്‍ത്തു ഞാന്‍ അഡ്ജസ്റ്റ് ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. ;)

ചില ചിത്രങ്ങളൊക്കെ കാണാന്‍ ഒരുപക്ഷേ ടോര്‍ച്ചടിച്ചു നോക്കേണ്ടിവരും :)

ബോറടിച്ചാല്‍ നിര്‍ത്തിപ്പൊക്കോളൂ ട്ടോ ... അടുത്ത പ്രാവശ്യം ഞാന്‍ ഒരു കഥയോ കാര്യമോ ... അധികം ബോറില്ലാതെ പറയാം :)

എന്നാല്‍ മുഴുവന്‍ ചിത്രങ്ങളും കണ്ടു്‌, ഒരു കുഞ്ഞു അഭിനന്ദനവും കമന്റും ഒക്കെ തന്നിട്ടു പോയാല്‍ ... സന്തോഷം ;)

[And for some other details of the trip see my English Blog --- ഞാനും കൊടുക്കട്ടെ ഇത്തിരി പരസ്യം :)]

ടീച്ചറുടെ വീടിനടുത്തുള്ള പുഴ... കുറെ അരയന്നങ്ങളും കൊക്കുകളും ബീവറുകളും ഉണ്ടിവിടെ ... (ബീവറുകളെ കണ്ടില്ലാട്ടോ :( )

മലമുകളിലേക്കു്‌ കയറാന്‍ തുടങ്ങുമ്പോള്‍ അതാ ഒരാപ്പിള്‍ മരം :)

പാതി വഴിയില്‍ നില്ക്കുന്നു രണ്ടു കുതിരകള്‍ ... പുള്ളിക്കാരിയുടെ വീട്ടിലെയാ... (പറഞ്ഞില്ലാ അല്ലേ .. നല്ല കാശുള്ള വീട്ടിലെയാണു ടീച്ചര്‍ - കൊട്ടാരം പോലൊരു വീട് - മുന്നില്‍ 5 കാറുകള്‍ ... യേതു്‌? ;) )

ഒരു കാട്ടു പാത ...

ടീച്ചറുടെ അനിയനും ഗേള്‍ഫ്രണ്ടും മലമുകളില്‍ ടെന്റില്‍ (ചുമ്മാ തമാശക്ക് ;) ) താമസിക്കുന്നു... (2 ദിവസത്തേക്കു്‌ മാത്രം )

നല്ല ഭംഗീണ്ടല്ലേ???

മുകളിലും ഒരു പള്ളി!! (കപ്പോള എന്നല്ലേ പറയേണ്ടതു?)

ഞാന്‍ തിരിച്ചു താഴെ വന്നു. ഇവിടെയാണു വീട്ടിലേക്കുള്ള കടത്ത് - ഒരു കുഞ്ഞു ചങ്ങാടം ഉണ്ടിവിടെ. (കാറിനൊക്കെ വരാന്‍ വേറെ വളഞ്ഞു്‌ ദൂരം കൂടിയ വഴികളുണ്ട്)

മുറ്റത്തിരിക്കുന്നു ... അമ്മക്കസേരയും കുട്ടിക്കസേരയും ... (കുഞ്ഞിരാമന്റെ പാത്രക്കഥ അറിയാത്തവര്‍ കൈ പൊക്കുക. അടുത്ത പ്രാവശ്യം പറഞ്ഞു തരാം - കുഞ്ഞിരാമന്റെ പൊടിക്കൈ അഥവാ കൈപ്പൊടി ;) )

ഇനിയല്ലേ രസം .. അവരുടെ വീട്ടില്‍ വൈദ്യുതി ഉല്പാദിപ്പിക്കുന്നു. മലമുകളില്‍ നീരുറവകള്‍ ഉണ്ട്... അവിടുന്നുള്ള വെള്ളം താഴെ ടര്‍ബൈനിലേക്കു ഒഴുക്കുന്നു... വൈദ്യുതിയില്‍ പോലും സ്വയം പര്യാപ്തത... :)

ഇതു ടര്‍ബൈന്‍ റൂമിലേക്കുള്ള വാതില്‍ ... വാതില്ക്കല്‍ തൂങ്ങി നില്ക്കുന്ന സംഭവം കണ്ടൂല്ലോ ഇല്ലേ? ;)

അടുക്കളത്തോട്ടം

പടക്കച്ചെടി -- അറിയോ? നാട്ടില്‍ ഞാന്‍ ഇത്രക്കും പഴുത്തതു കണ്ടിട്ടില്ലാ...

ചട്ടിയിലും മുന്തിരി???

പൂച്ചട്ടിയായാല്‍ ഇങ്ങനെ വേണം .. അല്ലേ?

വീണ്ടും പുഴയോരം

ടര്‍ബൈന്‍ കാണാന്‍ പോവാന്‍ ഇങ്ങനെയും പോവാം ... എന്തൊരു സുന്ദരികളാ അല്ലേ?

ദാ ഇവിടെയും കുറച്ച് ആപ്പിളുകള്‍ .. എന്നാല്‍ നിറമുള്ളവ... :)

എന്റെ കമ്പ്യൂട്ടര്‍ ട്രിക്കിനു ഇരയായ ഒരാപ്പിള്‍ :)

വീട്ടിലേക്കു കടക്കുന്നതിനു്‌ തൊട്ടു മുമ്പൊരു വിരുതന്‍ .. വാതില്ക്കല്‍ ....

സസ്നേഹം ... കരിങ്കല്ലു്‌

Monday, September 01, 2008

ആഘോഷിക്കണോ??? ചെറിയ തോതില്‍ ആവാം അല്ലേ!

 

കൂട്ടുകാരേ... അങ്ങനെ മലയാള ബൂലോകത്ത് ഞാന്‍ 50 പോസ്റ്റുകള്‍ തികക്കുന്നു... ഇതാണു് അമ്പതാമത്തേതു്‌. ജീരകമിട്ടായി (മിഠായി)

2006 ഒക്ടോബറിലാണു്‌ എന്റെ രംഗപ്രവേശം .... ആദ്യം ഒരു പോസ്റ്റ് ഞാന്‍ ജീരകമിട്ടായി (മിഠായി)എന്ന പേരില്‍ ജീരകമിട്ടായി എന്നു പേരുള്ള ബ്ലോഗ്ഗില്‍ തന്നെ എഴുതി.. അതായിരുന്നു തുടക്കം ... 

2 ദിവസത്തിനുള്ളില്‍ .. ഞന്‍ കരിങ്കല്ലായി രൂപം മാറി. നമ്മുടെ വെറ്റരന്‍ ബ്ലോഗ്ഗര്‍ കണ്ണൂസ് മാത്രമേ അതു കണ്ടുള്ളൂ എന്നാണെന്റെ ഓര്‍മ്മ.

അന്നൊന്നും ബൂലോകം ഇതു പോലെ അല്ല.. ഇത്രയധികം ആള്‍ക്കാരൊന്നും ഇല്ല. കുറച്ചു പേരേ ഉള്ളൂ.. "മൊത്തം ചില്ലറ", "കൊടകരപുരാണം" "ഇടിവാള്‍" ഇതൊക്കെ തന്നെ ഫേയ്മസ് ആള്‍ക്കാര്‍ ...

കുറച്ചു കാലം (ഒരു മാസം) തരക്കേടില്ലാതെ ബ്ലോഗ്ഗി... ആയിടക്കായി ബൂലോകത്ത് ആള്‍ക്കാര്‍ തല്ലു കൂടാന്‍ തുടങ്ങി, അമേരിക്കന്‍ ബ്ളോഗ്ഗേഴ്സ് ... ഗള്‍ഫ് ബ്ളോഗ്ഗേഴ്സ് എന്നൊക്കെ ചേരി തിരിവും.

നമ്മള്‍ ഇതിലൊന്നും പെടാത്ത ടീം ... മാത്രമല്ല.. അടിക്കും ഇടിക്കും എന്നൊക്കെ ഭീഷണികള്‍‌.., പാര്‍ലമെന്റില്‍ പറയാന്‍ കൊള്ളാത്ത വാക്കുകള്‍ ഒക്കെ വിളിക്കുക (ഒന്നും എന്നെയല്ലാട്ടോ ) മുതലായ കാര്യങ്ങളാല്‍ എനിക്കെന്തോ ഒരു സുഖം തോന്നിയില്ല...

ഞാന്‍ സുന്ദരമായ ആംഗലേയ ബ്ളോഗിലേക്കു തന്നെ തിരിച്ചു പോയി. (അവിടെ ഇപ്പൊ ഏകദേശം ഇത്രയും കാലം കൊണ്ട് 188 പോസ്റ്റുകള്‍ ഉണ്ട്‌‌)

പിന്നെ വല്ലപ്പോഴും വരാറുണ്ടെന്നു മാത്രം ... കൃത്യമായി വായിച്ചിരുന്നെങ്കിലും കമന്റാറില്ലായിരുന്നു... എന്നാലും വല്ലപ്പോഴും എഴുതുകയും ചെയ്തിരുന്നു.

കുറെ കഴിഞ്ഞപ്പോള്‍ മലയാളം ബൂലോകത്ത് ഒരു പുതിയ തലമുറ വളരാന്‍ തുടങ്ങി. ഞാന്‍ വീണ്ടും ഇത്തിരി കൂടുതല്‍ എഴുതാനും തുടങ്ങി.

പല പ്രമുഖരേയും പോലെ കഥ/കവിത എഴുതുക എന്നതിനുള്ള ത്രാണി/കഴിവു്‌ എനിക്കില്ല. വേറേ ചില പ്രമുഖരേ പോലെ വലിയ കാര്യങ്ങള്‍ ... അതും  വയ്യ...!

രാഷ്ട്രീയം (വ്യക്തിഗത കാഴ്ചപ്പാട് / അഭിപ്രായം) പോലുള്ള  സം‌ഭവങ്ങള്‍ ആണെങ്കില്‍ 99% അടിയിലേ കലാശിക്കൂ ... വസ്തുതകളെ അടിസ്ഥാനമാക്കി അല്ലാതെ ഉള്ള ഒരു സംവാദത്തിനും ശരിക്കു പറ്റിയതല്ല ഇന്റര്‍നെറ്റ്. (Flame War)

വസ്തുതകളെ അടിസ്ഥാനമാക്കി ഉള്ളതാണെങ്കില്‍ അതൊക്കെ വിവരമുള്ളവര്‍ ആദ്യമേ എഴുതിക്കാണും ... And I don't like my blog to be a pointer to the articles I liked/read.  അങ്ങനെ ഞാന്‍ എന്റെ വ്യക്തിപരമായ കാര്യങ്ങളും ഒക്കെ ആയി ഒതുങ്ങിക്കൂടി.

അധികം ഓടി നടന്ന് കമന്റാറില്ല.., ആളെക്കൂട്ടാന്‍ ശ്രമിക്കാറില്ല, അഗ്രിഗേറ്ററുകളെ ഗൌനിക്കാറില്ല ...

പിന്മൊഴി മാറി മറുമൊഴി ആയി.. -- അതിന്റെ പിന്നിലും ഉണ്ടായിരുന്നു ആരോപണങ്ങള്‍..

അതിനിടയില്‍ ‍യാഹൂ കോപ്പിയടി നടന്നു..

ഈയടുത്തായി എനിക്കു തോന്നിത്തുടങ്ങിയിരിക്കുന്നു... ബൂലോകം കുറച്ചു പക്വത  കൈവരിച്ച പോലെ.

എന്നാലും കോപ്പിയടിയൊക്കെ മുറയ്ക്കു നടക്കുന്നുണ്ട് ഒരു വശത്തായി... ആക്ടീവ്‌ ആയിരുന്ന സമയത്തെ കാര്യങ്ങളിലൊക്കെ ആവുന്ന പോലെ, ശരിയെന്നു തോന്നിയ പോലെ പ്രതികരിച്ചു..

യാതൊരു തല്ലുകൊള്ളിത്തരവും കാണിക്കാതെ ആരെയും ചീത്ത വിളിക്കാതെ, ആരുടെയും ചീത്തവിളി കേള്‍ക്കാതെ, കടിപിടി കൂടാതെ ... ഞാന്‍ അങ്ങനെ 50 തികക്കുന്നു.

ഇതിനിടയില്‍ കുറച്ചു നല്ല സുഹൃത്തുക്കളെ കിട്ടി ബൂലോകത്ത് നിന്നു..

ഈ അമ്പതാം പോസ്റ്റ് ഞാന്‍ എനിക്കും .. ഇപ്പറഞ്ഞ സുഹൃത്തുക്കള്‍ക്കും ... പിന്നെ എന്റെ പ്രിയപ്പെട്ട വായനക്കാര്‍ക്കും ആയി സമര്‍പ്പിക്കുന്നു.

സ്നേഹാദരങ്ങളോടെ...
നിങ്ങളുടെ പ്രിയപ്പെട്ട (ആണോ?) കരിങ്കല്ലു്‌.

ഇനി ഒരു കുഞ്ഞു തിരുത്ത് : കരിങ്കല്ലെന്ന പേരു ഞാന്‍ പരുക്കന്‍ സ്വഭാവക്കരനാണെന്നു്‌ പറയാനല്ല .. ഇത്തിരി കരളുറപ്പ് കൂടുതല്‍ ആണെന്നു കാണിക്കാനാണു -- അഹങ്കാരമായിട്ടല്ല.. പലരും സമ്മതിച്ചിട്ടുള്ളതാണു്‌. ഒന്നു ക്ളാരിഫൈ ചെയ്യണം എന്നു തോന്നി. ഒരു മുയല്ക്കുട്ടിയെ രക്ഷിച്ചപ്പൊഴോ... ഒരിത്തിരി പൈങ്കിളി ആയപ്പോഴോ ഒക്കെ .. പേരുമാറ്റണം എന്നു ചിലരൊക്കെ പറഞ്ഞു ... അതു കൊണ്ട്.. അത്രേ ഉള്ളൂ...!! :)