Wednesday, October 21, 2009

സമയമെത്രയായി…? കൊല്ലാൻ സമയമായി..


ഇന്നലെ രാത്രി നടന്ന സംഭവം ആണു്. നല്ല തലവേദനയുണ്ടായിരുന്നു ഉറങ്ങാൻ കിടന്നപ്പോൾ… എന്റെ ജർമ്മൻ ഭാഷയെ നന്നാക്കുന്നതിന്റെ ഭാഗമായി ഞാൻ ഈയടുത്തായി ഉറങ്ങാൻ പോകുമ്പോൾ ഹാരിപ്പോട്ടർ ഓഡിയോ ബുക്ക് കേട്ടാണുറങ്ങുന്നതു്.

കാര്യത്തിലേക്കു കടക്കും മുമ്പ് ഒരു കണക്കവതരണം ആ‍വാം… ആകെ 12 ചതുരശ്ര മീറ്റർ വലിപ്പമുള്ള എന്റെ മുറിയിൽ സമയം അറിയാൻ എത്ര ഉപകരണങ്ങൾ ഉണ്ടെന്നറിയോ?

ഒരു ക്ലോക്ക്, ഒരു റേഡിയോ ക്ലോക്ക്, എന്റെ വാച്ചു്, മൊബൈൽ ഫോൺ, ഒരു ലാപ്‌ടോപ്, ഒരു ഡെസ്ക്ടോപ് – ഇത്രയും പോരേ?

രണ്ടു ദിവസം മുമ്പ് ബാറ്ററി തീർന്നു ക്ലോക്ക് മരിച്ചു. ഫ്യൂസടിച്ചു പോയ നിമിഷത്തിൽ റേഡിയോ ക്ലോക്ക് റീസെറ്റാ‍യി. വാച്ചും ഫോണും മേശപ്പുറത്ത്, ലാപ്‌ടോപ്പുറങ്ങുന്നു. ഡെസ്ക്ടോപ്പും ദൂരെ…

ഉറക്കത്തിൽ നിന്നുണർന്നാൽ സമയമറിയൽ കഷ്ടം …. എന്നാൽ ഉറങ്ങുന്നതിലും മുമ്പ് ഈ ഫോണോ വാച്ചോ അടുത്തെടുത്തു വെച്ചൂടേ എന്നു ചോദിച്ചാൽ.. ക്ലോക്കു് കേടുവന്നതിപ്പോഴല്ലേ?

ഇന്നലെ ഉറക്കത്തിൽ എന്തോ ഒരു ബീപ്പ് ബീപ്പ് ശബ്ദം കേട്ടു ഞാനുണർന്നു. ഉണർന്നു കഴിഞ്ഞപ്പോൾ ഇതെവിടെ നിന്നു വരുന്നു എന്നു മാത്രം അറിയാൻ സാധിക്കുന്നില്ല. കുറച്ചു നേരം ശ്രദ്ധിച്ചപ്പോൾ മനസ്സിലായി അതു വരുന്നതു അലമാരിയിൽ നിന്നാണു് എന്നു്.

അലമാര തുറന്നപ്പോഴോ? അതിലെവിടെനിന്നു വരുന്നു ഈ ശബ്ദം എന്നു യാതോരു പിടിയും കിട്ടുന്നില്ല.

ഒന്നു കൂടി ശ്രദ്ധിച്ചപ്പോഴോ… അതിനുള്ളിലെ സ്യൂട്ട്കേസിൽ നിന്നാണു ഈ ബീപ്പ് വരുന്നതു്. അതു തുറന്നു നോക്കിയപ്പൊഴല്ലേ അതിനുള്ളിലിരിക്കുന്നു ഒരു സുന്ദരൻ ടൈം പീസ്. അതിനിപ്പൊ ഈ അസമയത്തു അടിക്കാൻ തോന്നാനെന്തു കാരണം? ആർക്കറിയാം…

അതിനെക്കുറിച്ചു മറന്നിരിക്ക്യായിരുന്നു ഞാൻ. ഇനിയിപ്പൊ സമയം നോക്കാൻ ഒരു സാധനമായല്ലോ. :)

ഇതു പോലെ രണ്ടു ദിവസം മുമ്പൊരു രാത്രി എന്തോ കേട്ടു ഞാനെഴുന്നേറ്റപ്പോൾ … അതാ കേൾക്കുന്നു – “എനിക്കു കൊല്ലണം, നശിപ്പിക്കണം, തകർക്കണം, കൊല്ലണം……

… ഹാരിപ്പോട്ടർ നിർത്താൻ മറന്നു ഉറങ്ങുന്നതിനു മുമ്പ്.. ഹാരിപ്പോട്ടറിലെ ബസിലിസ്ക് എന്നൊരു കഥാപാത്രം (ഒരു പാമ്പാണു് ട്ടോ) പറയുന്ന ഡയലോഗാണിതു്.

സ്ഥലകാലബോധം വരുന്ന വരെ ഒന്നമ്പരന്നു ആരാണിപ്പൊ കൊല്ലാൻ നോക്കി നടക്കുന്നതു് എന്നു്. ഉറക്കം വരുന്നൂ കൂട്ടുകാരേ… ഒരു ഗ്ലാസ് പാലെടുത്ത് കുടിച്ചു്, ഹാരിപ്പോട്ടറും കേട്ടുറങ്ങാൻ നോക്കട്ടെ ഞാൻ.

നിങ്ങളുടെ സ്വന്തം കരിങ്കല്ല്.

Wednesday, October 14, 2009

അവളെന്നെ ഗർഭിണിയാക്കി..


മഞ്ഞു കാലമല്ലേ വരുന്നതു് … ഒരുങ്ങിയിരിക്കണ്ടേ? മാത്രവുമല്ല കുറേ കാലമായി ഞാൻ ഒരു കൈത്തൊഴിൽ പഠിക്കണം എന്നും കരുതുന്നു.

yarn, knitting, needle, knit 006അങ്ങനെയാണു് ഞാൻ ക്നിറ്റിങ്ങിലേക്കു് തിരിഞ്ഞതു്.

അമ്മുഓപ്പോളോടും, പിയയോടും, ലുഡ്മിലയോടും അങ്ങനെയങ്ങനെ എനിക്കറിയാവുന്ന, ക്നിറ്റിങ്ങ് അറിയുന്ന സകലരോടും എനിക്കു് പഠിപ്പിച്ചുതരണം എന്നു പറഞ്ഞു.

എന്നാൽ നിങ്ങൾക്കറിഞ്ഞൂടേ ഈ സമയത്തിന്റെ കാര്യം… ഓടിയങ്ങു പോകും..

അങ്ങനെയിരിക്കുമ്പോഴാണു് ദാനിയേല ഒരു ദിവസം എന്നെ ഡിന്നറിനു ക്ഷണിച്ചതു്. പുള്ളിക്കാരിക്കാണെങ്കിലോ ക്നിറ്റിങ്ങ് നന്നായിട്ടറിയേം ചെയ്യും… തൊഴിലാണെങ്കിലോ അദ്ധ്യാപനവും..

അപ്പോ ഞങ്ങൾ പോയി കമ്പിളിനൂലുണ്ടകളും, സൂചികളും ഒക്കെ വാങ്ങി, വീട്ടിൽ പോയി ക്നിറ്റിങ്ങ് പഠിക്കാൻ തുടങ്ങി.

ആദ്യം ഒരിത്തിരി പഠിപ്പിച്ചു തന്നു, അതു പ്രകാരം ഞാൻ നെയ്യാനും തുടങ്ങി. എന്നും രാത്രി ഒരിത്തിരി നെയ്യും, പിന്നെ കിടന്നുറങ്ങും. 2-3 ദിവസം കഴിഞ്ഞപ്പോഴേക്കും എനിക്കിതിന്റെ ഗുട്ടൻസ് പിടി കിട്ടാൻ തുടങ്ങി.. yarn, knitting, needle, knit 005

അപ്പൊ പിന്നെ ഞാൻ എല്ലാം മൊത്തത്തിൽ അഴിച്ച്, ആദ്യേം പൂത്യേം തുടങ്ങി. ഇന്നു കുറച്ചു നേരം മുമ്പാണു്… ഇപ്പൊ ദാ താഴെക്കാണുന്നതാണവസ്ഥ. ഇനിയും കുറെ ഉണ്ടകൾ ഇരിപ്പുണ്ട്.

ഒരു ഷാൾ പണിയാൻ തന്നെ മാസങ്ങൾ എടുക്കും എന്നൊരു തോന്നൽ. :(

എന്തൊക്കെയായാലും ഒരു കൈത്തൊഴിലല്ലേ അറിഞ്ഞിരിക്കാമല്ലോ, അല്ലേ?

ഞാൻ ഒരു ദിവസം അഖിലയോടു പറഞ്ഞു : ഞാനിങ്ങനെ ക്നിറ്റിങ്ങ് പഠിക്കുന്ന കഥ. ഞാൻ പറഞ്ഞു, ഒരു ഓഡിയോ ബുക്കും കേട്ടു, രാത്രി ഒരിത്തിരി നേരം ക്നിറ്റും എന്നു്.

എടുത്ത വഴിക്കു് എന്റെ മുഖത്തുനോക്കി കശ്മല ചോദിക്ക്യാണു് – “സന്ദീപെന്താ പ്രെഗ്നന്റാണോ”, എന്നു്.

അല്ല സാധാരണ ഗർഭിണികളാണല്ലോ, സോക്സും, കുട്ടിബനിയനും ഒക്കെ ഉണ്ടാക്കുന്നതു്. എന്നാലും എന്നോടതു ചോദിക്കനമായിരുന്നോ?

സ്ത്രീമേധാവിത്വം ഉള്ള മേഖലകളിലൊന്നും ഞങ്ങൾ പുരുഷന്മാർ കടന്നു വരാൻ പാടില്ലേ?

സ്നേഹാദരങ്ങളോടെ, ഞാൻ.

വാൽ: അങ്ങനെ കണ്ടമാനം സമയം ഉണ്ടായിട്ടൊന്നും അല്ല. എന്നാലും പഠിക്കണം എന്നൊരു തോന്നൽ… രാത്രി ഇതൊക്കെ കഴിഞ്ഞു ഉറങ്ങുമ്പോൾ 2 മണിയാവും. രാവിലെ കണ്ണു് എരിയും - ഉറക്കം മതിയാവാതെ…. എന്നാലും ഒരു ദിവസം “ഞാൻ ഉണ്ടാക്കിയ ഷാൾ” എന്നൊരു സംഭവം ഉണ്ടാവുമല്ലോ! ഇല്ലേ?