Sunday, August 24, 2008

കേള്‍വിയും കാഴ്ചയും ...

സുജനികയില്‍ വരേണ്ട കഥയാണിതു്‌. എന്നാലും ഇപ്പൊ ഓര്‍മ്മ വന്നപ്പോ എന്തായാലും ഇവിടെ കാച്ചാം എന്നു തോന്നി..

ഒരു പഴയ തറവാട്ടില്‍ ... എന്തോ പതിവിനു വിപരീതമായി, ഒരു പട്ടിയും പൂച്ചയും കൂട്ടുകാരായി. ഒരു ദിവസം അത്താഴമൊക്കെക്കഴിഞ്ഞ്, രണ്ടുപേരും കൂടി അടുത്തിറങ്ങിയ സിനിമകളെ കുറിച്ചു്‌ സംസാരിക്കുകയായിരുന്നു...

സംസാരിച്ച് സംസാരിച്ചിരുന്ന് സമയം പോയതവരറിഞ്ഞില്ല. സമയം പാതിരാത്രിയായി...

പെട്ടെന്നു്‌ നമ്മുടെ കഥാനായകന്‍ പട്ടി ദൂരെ വേലിയിലേക്കു്‌ നോക്കി നമ്മുടെ കഥാനായിക പൂച്ചയോടു പറഞ്ഞു. cat-dog-7

കുറിഞ്ഞീ... അതാ അവിടെ എന്തോ ഒരു ശബ്ദം കേള്‍ക്കുന്നു. നീ ഒരു മിനുട്ട് വെയിറ്റ് ചെയ്യ്.. ഞാന്‍ ഒന്നു നോക്കിയിട്ടു വരാം . ഈ പാതിരാത്രിക്കവിടെ എന്താണെന്നു്‌!

ഇതും പറഞ്ഞു്‌ അവന്‍ എഴുന്നേറ്റു.

അപ്പോഴെക്കും നമ്മുടെ പൂച്ച പറഞ്ഞു - ചേട്ടാ ആ ശബ്ദം കേട്ടു ചേട്ടന്‍ പോവണ്ട, അതു ആ ചുണ്ടനെലിയുടെ ഒരു രോമം കൊഴിഞ്ഞു വീണതാ. ഞാന്‍ കണ്ടു.

അവന്‍ വല്ല സെക്കെന്റ് ഷോക്കും പോയതാവും; എനിക്കും പോവായിരുന്നു; സിനിമേം കാണായിരുന്നു, അവനെയും തിന്നായിരുന്നു. പിന്നീടൊരിക്കലാവട്ടെ - എന്നു്‌.

ഇതു പണ്ടു്‌ അമ്മ പറഞ്ഞ് തന്നിട്ടുള്ള കഥയാ. പൂച്ചയുടെ കാഴ്ചശക്തിയും പട്ടിയുടെ കേള്‍വിശക്തിയും വിശേഷമാണെന്നു മനസ്സിലാക്കിത്തരാന്‍ .

പൊടിപ്പും തൊങ്ങലും മുഴുവന്‍ എന്റെ... എന്റെ മാത്രം -- അതിലെ കുറ്റങ്ങളും കുറവുകളും എല്ലാം എനിക്കു്‌. അഭിനന്ദനങ്ങളും .. ;)

പിന്നെ... നിങ്ങളും സ്വന്തം ഇഷ്ടം പോലെ പൊടിപ്പും തൊങ്ങലും മാറ്റാം .. ചേര്‍ക്കാം ;)

ഇതിപ്പൊ പറയാന്‍ കാരണം?

ഞാന്‍ വീണ്ടും വീടു മാറുന്നു... (കൂടുതല്‍ പിന്നെ പറയാം ) .. ആ വീട്ടില്‍ ഒരു കുഞ്ഞു നായയുണ്ട്. അതുമാത്രല്ല 3-4 ദിവസം മുമ്പ് ഞാനൊരു എലിയ കാണുകയും ചെയ്തു. :) [ഓര്‍മ്മകള്‍ വരുന്ന വഴികളേ!! :) ]

ഈ ബ്ലോഗ് വായിക്കുന്ന എല്ല അച്ഛനമ്മമാരും സ്വന്തം കുട്ടികള്‍ക്കു്‌ ഈ കുട്ടിക്കഥ പറഞ്ഞു കൊടുക്കണം എന്നു ഞാന്‍ ഇതിനാല്‍ ഉത്തരവിടുന്നു. :)

ഇനി വേറൊരു സംഭവം - കുറച്ചു നാളായി തമിഴ് സിനിമാ ഗാനങ്ങള്‍ / നൃത്തരംഗങ്ങള്‍ യൂട്യൂബില്‍ കാണുന്ന അസുഖം ഉണ്ടു്‌.

എന്തു ഭംഗിയായിട്ടാ വിജയും സിമ്രാനും ഡാന്‍സ് കളിക്കുന്നതു എന്നറിയോ? ചില തമിഴ്‌ പാട്ടുകളുടെ വരികളും അസ്സല്‍ .വിശേഷപ്പെട്ടതു എന്നു്‌ പറയാന്‍ വയ്യ... എന്നാലും ഇത്തിരി രസം തോന്നിയ ഒന്നു-രണ്ടു വരികളിതാ താഴെ.

ഉന്‍മേല്‍ നാന്‍ കൊണ്ട കാതല്‍
എന്മേല്‍ നീ കൊണ്ട കാതല്‍
ഏതൈ നീ ഉയര്‍വാഗ സൊല്‍വായോ?

പോടാ പൊള്ളാത പയ്യാ
നംമേല്‍ നാം കൊണ്ട കാതല്‍
അതൈ നീ രണ്ടാഗ പാര്‍പ്പായാ?

എന്തൂട്ടാ അലക്കു്‌ അല്ലേ? (ജ്യോതിക + സൂര്യ)

- കരിങ്കല്ലു്‌.

Wednesday, August 20, 2008

പനിനീര്‍പ്പഴം ;)

 

കൂട്ടുകാരേ ... എനിക്കു വീണ്ടും ഇത്തിരി തിരക്കു കൂടിയ സമയം വന്നിരിക്കുന്നു.

അതിനിടയില്‍ എനിക്കൊരു പരാതിയും കിട്ടിയിരിക്കുന്നു -- "വളരേ കുറച്ച് പോസ്റ്റുകളില്‍ മാത്രമേ വായനക്കാര്‍ക്ക് ഇന്‍ഫര്‍മേഷന്‍ കിട്ടുന്ന കാര്യങ്ങള്‍ എഴുതിയിട്ടുള്ളൂ" -- എന്നു്‌! :(

അതിനാല്‍ സമയബന്ധിതവും ഇന്‍ഫര്‍മേറ്റീവും ആയ ഒരു കൊച്ചു കാര്യം മാത്രം  -- വീണ്ടും ഒരു ചിത്രപ്പോസ്റ്റ്. :)

എന്റെ പ്രിയപ്പെട്ട കിളിവാതിലിലൂടെ നോക്കിയാല്‍ കാണുന്ന മറ്റൊരു സംഭവം ആണിന്നത്തെ വിഷയം തന്നെ. ഒരു പൂന്തോട്ടം -- അവിടത്തെ ചില പൂക്കള്‍ , അതു തന്നെ! :)

ഒരു ദിവസം ഞാന്‍ തിരക്കു പിടിച്ച് പോകുന്ന വഴിക്കു എടുത്ത ചിത്രങ്ങളാണു്‌. അത്ര വിശേഷപ്പെട്ടതു്‌ എന്നൊന്നും പറയാന്‍ വയ്യ.

എന്തോ ഒരു പൂവു്‌ .. സുന്ദരിയല്ലേ?

 

ഇനിയും പേരറിയാത്ത മറ്റൊരു സുന്ദരിക്കുട്ടി.

സൂര്യകാന്തീ... സൂര്യകാന്തീ സ്വപ്നം കാണുവതാരേ... അന്നു വൈകീട്ടു ഈ പാട്ടു പാടി പാട്ടു പാടി ഞാനും (എന്നെക്കാള്‍ കൂടുതല്‍ എന്റെ കൂടെ ഉണ്ടായിരുന്നവരും ) തോറ്റു! :)

 

ഇനിയും ദാ കുറച്ചു അജ്ഞാത സുന്ദരികള്‍ ...

   

എന്തോ ഇന്‍ഫര്‍മേറ്റീവ് എന്നോ എന്തോ പറഞ്ഞ പോലെ തോന്നിയില്ലേ... ഇല്ലേ? പൂക്കളുടെ പേരു പോലും പറയാതെ എന്തു ഇന്‍ഫര്‍മേഷന്‍ ആണോ എന്തോ?

എന്നാല്‍ അതാണു അടുത്ത ചിത്രത്തില്‍

ആര്‍ക്കു വേണെങ്കിലും പോയി പൂക്കള്‍ പറിക്കാം -- പൂന്തോട്ടത്തിന്റെ മുന്നില്‍ ഒരു ബോര്‍ഡ് വെച്ചിട്ടുണ്ടേ, ഒരു കുഞ്ഞു പെട്ടിയും - പണം നിക്ഷേപിക്കാന്‍

സൂര്യകാന്തിക്കു്‌ 60 പൈസ (മുമ്പ് 50 ആയിരുന്നിരിക്കണം -- മാറ്റിയെഴുതിയതു കണ്ടില്ലേ?) മറ്റു പൂക്കള്‍ക്കും 60 പൈസ തന്നെ. :)

പരസ്പര വിശ്വാസത്തിന്റെ മകുടോദാഹരണം എന്നൊക്കെയല്ലേ ഇതിനെ പറയേണ്ടതു്‌? നാട്ടിലോ മറ്റോ ആയിരുന്നെങ്കില്‍ ആ പൂന്തോട്ടമേ എപ്പൊ അടിച്ചോണ്ടു പോയി എന്നു ചോദിച്ചാല്‍ മതി! അല്ലേ?

ഇവിടെയുള്ള പരസ്പര വിശ്വാസത്തിന്റെ കാര്യം കണ്ടാല്‍ നമ്മള്‍ പൊതുവേ ഞെട്ടും - പത്രമൊക്കെ വഴിയരികില്‍ ഒരു പെട്ടിയിലാക്കി വെച്ചിട്ടു പോവും, കൂടെ ഒരു കുഞ്ഞു പണപ്പെട്ടിയും : ആവശ്യക്കാരനു പത്രം എടുക്കാം, കാശു അവിടെ ഇടാം, പോവാം.

ഇനി മറ്റൊരു സുന്ദരിപ്പൂവും അത്തരം പൂക്കളുടെ പഴവും.

പനിനീര്‍പ്പൂവും പനിനീര്‍പ്പഴവും :)

ഇന്നത്തെ എല്ലാ ചിത്രങ്ങളും, പ്രത്യേകിച്ചു താഴേന്നു രണ്ടാമത്തെ ചിത്രം -- മുകളില്‍ പറഞ്ഞ പരാതി ഉന്നയിച്ച ആള്‍ക്കു ഡെഡിക്കേറ്റ് ചെയ്യുന്നു. :)

ഒരു തരത്തിലുള്ള നന്ദി പ്രകടനമായും അതിനെ കണക്കാക്കാം .. ;)

സ്നേഹാദരങ്ങളോടെ,
-- കരിങ്കല്ല്.

PS1: The last picture was taken with Mobile phone. Not so good resolution.

PS2: All pictures (C) Sandeep Sadanandan, 2008. Anyone could use the pictures for anything but financial benefits.

PS3: എന്താ ജാട! :)

~

Thursday, August 14, 2008

പൂച്ചകളും മുയല്‍ക്കുട്ടിയും... പെണ്‍കുട്ടിയും പിന്നെ ഞാനും

 

മാപ്പാക്കണം കേട്ടോ... ഇത്രയും ഫ്രീക്വന്റ് ആയി പോസ്റ്റുന്നതിന്നു്‌. കഥകളോ കവിതകളോ ഒന്നും എന്റെ കയ്യിലില്ല.. ഉള്ളതാകട്ടേ നിത്യജീവിതത്തിലെ ചില അനുഭവങ്ങള്‍ മാത്രം .. ഇതാ അതിലൊരെണ്ണം ചൂടോടെ... ദാ 30 മിനുട്ടുകള്‍ക്ക് മുമ്പ് സംഭവിച്ചതു്‌. മാത്രമല്ല ... ഇനി മുതല്‍ സീരിയസ് കാര്യങ്ങളേ എഴുതൂ എന്നു പറഞ്ഞിട്ടു ഇതൊക്കെ എഴുതാമോ എന്നും ചോദിക്കരുതു്‌. Agreed? Continue reading if and only if you agree! :)

ഞാന്‍ താമസിക്കുന്നതു്‌ വയലുകളാല്‍ ചുറ്റപ്പെട്ട ഒരു സ്ഥലത്താണെന്ന് ഞാന്‍ മുമ്പേ പറഞ്ഞിട്ടുള്ളതല്ലേ...

മിനിഞ്ഞാന്നു്‌ മഴവില്ലു്‌ കണ്ടെന്നു പറഞ്ഞില്ലേ ... അതേ സ്ഥലത്തിരുന്നു ബ്രൌസ് ചെയ്യുകയായിരുന്നു ഞാന്‍ .. ഇന്നും ... മുകളില്‍ കാണുന്നതാണു്‌ പുറം ലോകത്തേക്കുള്ള എന്റെ കിളിവാതില്‍ .

ഇടക്കെപ്പൊഴോ പുറത്തേക്കു നോക്കിയപ്പോള്‍ അവിടത്തെ പുല്ലില്‍ കളിക്കുന്ന രണ്ട് പൂച്ചകളെ കണ്ടു. ഇവിടെ സ്ഥിരം കാണുന്നതാണവരെ...  അതിലെ കറമ്പന്‍/കറമ്പി ആണിത്.

പെട്ടെന്നാണു്‌ എനിക്കു മനസ്സിലായതു്‌.. അവര്‍ വെറുതെ കളിക്കുകയല്ല.. എന്തിനേയൊ ഓടിപ്പിക്കുകയാണെന്നു്‌. അത്ര ക്ളിയറായിട്ടല്ലെങ്കിലും അതൊരു മുയല്‍ക്കുട്ടിയാണെന്നെനിക്കു തോന്നി.

പിന്നെ ഞാന്‍ ആലോചിക്കാന്‍ നിന്നില്ല. താക്കോലും എടുത്ത് വീടിനു പുറത്തിറങ്ങി. പെട്ടെന്നു്‌ തന്നെ തിരിച്ചു വന്നു്‌ എന്റെ ലൊടുക്കു ക്യാമറ ഒരെണ്ണം എടുത്തു. കാന്താരിച്ചേച്ചീ.. സ്മിതേ.. ശ്രീ... മത്തായിച്ചാ.. പ്രിയേ... ഷാരൂ.. ലക്ഷ്മീ.. ഞാന്‍ ക്യാമറ എടുത്തിട്ടു തന്നെയാ പോയതു്‌ ട്ടോ.. :)

ഒരു 30 സെക്കെന്റിനുള്ളില്‍ അവിടെ എത്തി. അപ്പോഴേക്കും അവിടെ ഒരു പെണ്‍കുട്ടിയും വന്നിരുന്നു - അവള്‍ വഴിയിലൂടെ പോകുമ്പോള്‍ മുയല്‍ക്കുട്ടിയുടെ കരച്ചില്‍ കേട്ടു വന്നതാണു്‌. (ഇതു ഞങ്ങള്‍ പിന്നീടു സംസാരിച്ചതു്‌)

അതിനുള്ളില്‍ ഈ മുയല്‍ക്കുട്ടിയും പൂച്ചകളും വയലോരത്തുള്ള കുറ്റിച്ചെടികള്‍ക്കുള്ളില്‍ മറഞ്ഞിരുന്നു. ഞങ്ങള്‍ 2 പേരും ആ കുറ്റിക്കാടിനുള്ളില്‍ കയറി [തോളൊപ്പം വരും അവിടത്തെ ചെടികള്‍ -- ഇപ്പൊ മേലൊക്കെ ചോറിയുന്നു :( ]

അതിനിടയില്‍ മുയല്‍ക്കുട്ടിയേയും പൂച്ചകളെയും കാണാതായിരുന്നു. ഇടക്കെപ്പോഴോ അതിന്റെ കരച്ചില്‍ കേട്ടു.. അതിനെ ഞങ്ങള്‍ പിടിച്ചു, കാടിനു പുറത്തു വന്നു.

ഇനിയല്ലേ രസം ....! അതിനെ എന്തു ചെയ്യണം എന്നറിയില്ല. വീട്ടില്‍ കൊണ്ടുവരാന്‍ പറ്റില്ല -- പാടില്ല (നിയമം ).

കാട്ടില്‍ തന്നെ കളയാനാണെങ്കില്‍ എന്തിനാ പിടിച്ചതു്‌?

വല്ല മുയല്‍കുടുംമ്പത്തിനും കൊടുക്കാം എന്നു വെച്ചാല്‍ ഞങ്ങള്‍ക്കാരെയും പരിചയമില്ല. മുയലുകളെ വളര്‍ത്തുന്നവരെയും പരിചയമില്ല. ഇതൊന്നും ആലോചിക്കാതെയാണോ രക്ഷിക്കാന്‍ പോയതെന്നു ചോദിചാല്‍ എനിക്കുത്തരം ഇല്ല. അങ്ങനെ ആലോചിച്ചിട്ടൊന്നും കാര്യങ്ങള്‍ ചെയ്യാന്‍ പറ്റില്ല. അല്ലേ?

അതിനെ വയലിന്റെ മറ്റേ അറ്റത്തു കൊണ്ടു വിടാം എന്നു തീരുമാനിച്ചു. പോകുന്നന്നതിനിടയില്‍ ഞങ്ങള്‍ അതിനെ മാറി മാറി താലോലിച്ചു -- അതിനു പേടിയായിക്കാണണം .. എന്നാലും താലോലിക്കാതെ വിടാന്‍ പറ്റ്വോ? :) ;)

അങ്ങനെ അതിനെ അവിടെ വിട്ടിട്ടു, ഇനി ആ മുയല്‍ക്കുട്ടിക്കു ആപത്തൊന്നും ഉണ്ടാവില്ല എന്ന പ്രതീക്ഷയോടെ ഞങ്ങള്‍ തിരിച്ചു നടന്നു.

വാല്‍ക്കഷണം: തിരിച്ചു വരുമ്പോഴാണു ഞങ്ങള്‍ പരിചയപ്പെട്ടതു്‌. നല്ല പെണ്‍കുട്ടി. ഊര്ജ്ജതന്ത്ര വിദ്യാര്‍ത്ഥിനി -- വല്ല സിനിമയും ആയിരുന്നെങ്കില്‍ പ്രണയം എപ്പൊ മൊട്ടിട്ടു എന്നു ചോദിച്ചാല്‍ മതി - സമാനമനസ്കരല്ലേ ഞങ്ങള്‍ ;)

എന്തായാലും ഞാന്‍ പേരും , മറ്റു കാര്യങ്ങളും ചോദിച്ചു വെച്ചിട്ടുണ്ട്. ഡെവലപ്‌മെന്റുണ്ടെങ്കില്‍ അറിയിക്കാം ;)

കരിങ്കല്ലു്‌.

P.S : Already spent lot of time for this rescue-operation and slight-flirting. Also for putting this post. Now let me hurry to do my work!  ... with a complacent state of mind! :) :) :)

Tuesday, August 12, 2008

മഴവില്ലു്‌.

 

ഞാനിങ്ങനെ പാട്ടും കേട്ട്, ബ്ലോഗ്ഗും വായിച്ചിരിക്കുമ്പോ... ജനലിലൂടെ പുറത്തേക്കൊന്നു നോക്കി... അതാ ഒരു മഴവില്ലു്‌. അടിപൊളി...

കേട്ടിരുന്ന പാട്ടു്‌              : എത്രയോ ജന്മമായ് നിന്നെ ഞാന്‍ തേടുന്നു...
വായിച്ചിരുന്ന ബ്ളോഗ്ഗ്  : കൊച്ചൂസിന്റെ മലബാര്‍ എക്സ്പ്രസ്സില്‍ പ്രണയ-റിലേറ്റഡ് എന്‍ട്രി.

പ്രണയമൂഡില്‍ ഇരിക്കുമ്പോള്‍ ഒരു മഴവില്ലു്‌ ... അടിപൊളി...

ഞാന്‍ പോവാട്ടോ... തിരക്കുണ്ടേ.. :)

എന്തായാലും അതു മാഞ്ഞു പോയിത്തുടങ്ങി - അതിനും തിരക്കു കാണുമായിരിക്കും അല്ലേ?

-- കരിങ്കല്ലു്‌.

Thursday, August 07, 2008

ഇങ്ങനെയൊരു തോന്നല്‍ ഇതാദ്യം

ഇങ്ങനെയൊരു തോന്നല്‍ ഇതാദ്യം

ഇന്നു്‌ അവള്‍ പോവും. ജീവിതത്തില്‍ ആദ്യമായി ഞാന്‍ ഒരാളെ മിസ്സ് ചെയ്യും എന്നു്‌ എനിക്കു്‌ തോന്നുന്നു. ചുരുങ്ങിയതു്‌, ഞാനീ വീട്ടില്‍ താമസിക്കുന്നിടത്തോളം കാലം.

കൃത്യമായി പറഞ്ഞാല്‍ 3 മാസവും, 17 ദിവസവും.. ഇത്രയും കാലം - അത്ര മാത്രമേ ഞങ്ങള്‍ ഇവിടെ ഒരു കൂരക്കു്‌ കീഴില്‍ ഒരുമിച്ചു്‌ താമസിച്ചിട്ടുള്ളൂ. എന്റെ കണ്ണില്‍ ... ഒരു കൊച്ചുകുട്ടി.... കഷ്ടി 18 വയസ്സ് ആയിട്ടുള്ള ...ഭയങ്കര സ്മാര്‍ട്ട് ആയ ഒരു കുട്ടി...


എന്റെ കണ്ണില്‍ ... ഒരു കൊച്ചുകുട്ടി.... കഷ്ടി 18 വയസ്സ് ആയിട്ടുള്ള ...ഭയങ്കര സ്മാര്‍ട്ട് ആയ ഒരു കുട്ടി...

എന്നാലോ 18-ന്റെ അല്ല... ഒരു 24-ന്റെ പക്വത... ഉയര്‍ന്ന ചിന്താഗതി. ഭയങ്കര ബുദ്ധി - ശരിക്കും കിടിലന്‍ ബുദ്ധി. 

ജീവിതത്തില്‍, പ്രതീക്ഷിച്ചിരിക്കാത്ത ഒരു ചീത്ത കാര്യം നടന്നു, ചില കണക്കു്‌ കൂട്ടലുകള്‍ തെറ്റി... അതൊക്കെ തിരുത്താനാണു്‌ അവള്‍ പോകുന്നതു്‌ - പക്ഷേ മ്യൂണിക്കിനോടു്‌ എന്നെന്നേക്കുമായി വിടപറഞ്ഞു്‌. 

ഞങ്ങള്‍ കണ്ടമാനം സംസാരിക്കാറുണ്ട് - ഇന്നതിനെപ്പറ്റി എന്നില്ല... എന്തിനെക്കുറിച്ചും.

അവളുടെ അനിയത്തിയുടെ കുഞ്ഞുപ്രശ്നങ്ങളേപ്പറ്റി പറഞ്ഞിട്ട് അവള്‍ പറയും - "സില്ലി ടീനേജേഴ്സ്‌" എന്നു്‌. അപ്പോള്‍ മാത്രം ഞാന്‍ ഓര്‍മ്മിപ്പിക്കും - "നീയും ടീനേജര്‍ ആണെന്നു മറക്കല്ലേന്നു്‌"

ഒരു ബോയ്ഫ്രണ്ട് ഇല്ലാ എന്നുള്ള ചെറിയ ഒരു വിഷമം അവള്‍ക്കുണ്ടായിരുന്നു. എനിക്കു മനസ്സിലാവുമായിരുന്നു ആ വിഷമം -- 18 വയസ്സുള്ള ഒരു പെണ്‍കുട്ടിക്കു്‌ ബോയ്ഫ്രണ്ട്‌ ഇല്ലാതിരിക്കുക എന്നാല്‍ ഇവിടെ ഇത്തിരി ബുദ്ധിമുട്ടാണു്‌. അതൊഴിച്ചാല്‍ അവള്‍ ഭയങ്കര ഹാപ്പിയായിരുന്നു -- എപ്പോഴും. 

സി. പ്രോഗ്രാമ്മിങ്ങിലും എഞ്ചിനിയറിങ്ങ് ഡ്രോയിങ്ങിലുമുമൊക്കെ അവള്‍ക്കു്‌ കട്ട ഹോംവര്‍ക്കു്‌ കിട്ടുമ്പോള്‍ പലപ്പോഴും ഞങ്ങള്‍ ഒരുമിച്ചാണു്‌ ചെയ്യാറു്‌. 8 വര്‍ഷം മുമ്പ് പഠിച്ച ഗ്രാഫിക്സ് ഒക്കെ അങ്ങനെ വീണ്ടും എനിക്കു്‌ ഉപയോഗിക്കേണ്ടതായി വന്നു - അവള്‍ക്കു പറഞ്ഞു കൊടുക്കാനായിട്ടു്‌.

ഞാന്‍ അവളെ മാത്രമല്ല, അവള്‍ എന്നെയും ചിലതൊക്കെ പഠിപ്പിച്ചിട്ടുണ്ട്‌ -- റോളര്‍ സ്കേറ്റിംഗില്‍ എന്റെ ഗുരു അവള്‍ തന്നെ. പിന്നെ ചില പാചകരീതികള്‍ ... അങ്ങനെ ചില അല്ലറ ചില്ലറ കാര്യങ്ങള്‍ ...!! 

അവള്‍ ഹാപ്പിയായിട്ടാണു്‌ പോകുന്നതെങ്കില്‍ എനിക്കു്‌ ഒന്നും തോന്നില്ലായിരുന്നിരിക്കാം ... അവളുടെ എല്ലാ പ്രശ്നങ്ങളും ഒരു ചേട്ടനോടെന്ന പോലെ എന്നോട്‌ പറഞ്ഞു അവള്‍ . എനിക്കാണെങ്കില്‍ സഹായിക്കാനൊട്ടു പറ്റുന്നും/പറ്റുകയും ഇല്ല. അതു കൊണ്ടായിരിക്കാം എനിക്കൊരിത്തിരി വിഷമം. അല്ല, അവള്‍ എന്നോടു ചോദിച്ചതു്‌ സഹായമല്ല - ഉപദേശിക്കാനും, സാധിക്കുമെങ്കില്‍ കുറച്ചു്‌ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കാനും. അതു ഞാന്‍ എന്നേക്കൊണ്ടാവുന്ന പോലെ ചെയ്തു.

സംഭവം നിസ്സാര കേസ്സാണു്‌. എന്നാലും ഒരു 18 വയസ്സുകാരിയുടെ കണ്ണില്‍ അതൊരു വലിയ വലിയ കാര്യവും.

ഇത്രയും നല്ലൊരു റൂംമേറ്റ് ഒരിക്കലും ഉണ്ടായിട്ടില്ല. അതാണു്‌ ഈ കുഞ്ഞു വിഷമത്തിന്നു്‌ ഒരു കാരണം. അതൊക്കെയായിരുന്നു അതിന്റെ ഒരു ബ്യൂട്ടി.

പിന്നെ, ആരും ഒരിക്കലും എന്നെ വിട്ടു പോയിട്ടില്ല ... ഞാനാണു്‌ എപ്പോഴും ആദ്യം പോകുന്ന ആളു്‌ - എന്നും എവിടെയും അങ്ങനെത്തന്നെ ആയിരുന്നു. അതാണു്‌ വേറൊരു കാരണം. ആരെങ്കിലും അകലെ പോകുന്ന ഫീലിംഗ് ... അതിപ്പോഴല്ലേ പിടികിട്ടുന്നതു്‌.  :)

എന്തായാലും  ഇതൊരു കിടിലന്‍ കിക്കിടിലന്‍ സുഹൃത്തിനെ ആണെനിക്കു കിട്ടിയതു്‌. സത്യം പറഞ്ഞാല്‍ ചില നേരത്തു എനിക്കു ഒരു ഫ്രണ്ടിനോടെന്ന പോലെയല്ല... ഒരു കുട്ടിയോടെന്ന പോലെയുള്ള തോന്നലായിരുന്നു ഈ കുട്ടിയോടു്‌ (വാത്സല്യം എന്നാണോ അതിന്റെ പേരെന്നെനിക്കറിയില്ല). ഇടക്കൊക്കെ ചെറിയ അടികളും ഉണ്ടായിരുന്നു -- അതൊക്കെയായിരുന്നു അതിന്റെ ഒരു ബ്യൂട്ടി. 

അപ്പൊ അത്രേ ഉള്ളൂ.

കല്ലു്‌, കരിങ്കല്ലു്‌.

വാല്‍ക്കഷണം:എന്തായാലും ഞാനും വീടു മാറുന്നു -- ഇതു കാരണമല്ല. ഞാന്‍ വീടു മാറുന്നു എന്നതൊക്കെ തീരുമാനിച്ചതിന്നു്‌ ശേഷമാണു്‌.. ഈ സംഭവവികാസങ്ങളോക്കെ നടന്നതു്‌. അതിന്റെ ഡീറ്റെയില്‍സ് ഒക്കെ ഇനിയൊരിക്കല്‍ -- 5 വര്‍ഷത്തിനുള്ളീലെ 11-ആം തവണ!!

Friday, August 01, 2008

ഊര്‍ജ്ജതന്ത്രവും ശുനകനും ... പിന്നെ ഞാനും ...

 

"ആവണിപ്പാടം കുളിച്ചുതോര്‍ത്തി മുടിയാകെ വിടര്‍ത്തിയുലര്‍ത്തി നിന്നു
പെറ്റെഴുന്നേറ്റു വേതിട്ടു കുളിച്ചൊരു പെണ്മണിയെപ്പോല്‍ തെളിഞ്ഞു നിന്നു"

-- കേട്ടിട്ടില്ലേ? .. ഒ.എന്‍.വി-യുടെ ആണെന്നാണു ഓര്‍മ്മ. സ്കൂളില്‍ പഠിച്ചതാണു്‌... കുറേയൊക്കെ മറന്നു പോയി.

ഇതിപ്പൊ ഓര്‍ക്കാനെന്താ കാരണം? എന്റെ വീടിന്റെയടുത്തുള്ള പാടത്ത് കൊയ്ത്തു കഴിഞ്ഞു. കഴിഞ്ഞ ദിവസം ഞാന്‍ ആ വഴിക്കു സൈക്കിളില്‍ പോയപ്പോള്‍ ഞാന്‍ പോലുമറിയാതെ എന്റെ ചുണ്ടില്‍ വന്നതാണീ വരികള്‍ .. സത്യം പറഞ്ഞാല്‍ എന്നെപ്പോലും അല്‍ഭുതപ്പെടുത്തിക്കളഞ്ഞു എന്റെ മനസ്സു്‌...

കൊയ്ത്തു കഴിഞ്ഞ പാടം കണ്ടതും, ഉള്ളിന്റെയുള്ളില്‍ നിന്നീ വരികള്‍  തപ്പിയെടുത്തില്ലേ? :)

ആവണിപ്പാടം കുളിച്ചുതോര്‍ത്തി മുടിയാകെ വിടര്‍ത്തിയുലര്‍ത്തി നിന്നു

അപ്പൊ, പറഞ്ഞു വന്നതു അതല്ല...!!

അതിന്റെയടുത്ത ദിവസം ഞാന്‍ സൈക്കിള്‍ എടുത്തില്ല .. നടന്നാണു്‌ പോയതു്‌. എന്തായാലും പാടം കൊയ്ത്തൊക്കെ കഴിഞ്ഞിങ്ങനെ കിടക്കല്ലേ.. റോഡില്‍ക്കൂടി നടക്കണം എന്നു നിര്‍ബന്ധമൊന്നും ഇല്ലല്ലോ?

ഞാന്‍ പാടത്തൂടെ ... യന്ത്രത്തിനു മുറിച്ചെടുക്കാന്‍ കഴിയാത്ത, ഗോതമ്പുചെടിയുടെ കടക്കുറ്റികളെ ചവിട്ടി മെതിച്ചു്‌ അലക്ഷ്യമായി നടന്നു...

എന്തോ ആലോചിച്ചിങ്ങനെ നടക്കുമ്പോള്‍ പുറകില്‍ നിന്നെ "സ്റ്റോപ്പ്" എന്നു ആരോ വിളിച്ചു പറയുന്നതു്‌ കേട്ടു.

തിരിഞ്ഞു്‌ നോക്കിയപ്പോള്‍ .. ഒരു നിമിഷം എന്റെ ഹൃദയമിടിപ്പ് നിന്നുപോയി...

ഏകദേശം ഒരു 25 മീറ്റര്‍ ദൂരെയായി ഒരു ഭീകരന്‍ നായ.... എന്റെ നേരെ ഓടി/ചാടി വരുന്നു...!
ഇവിടത്തെ ഭീകരന്‍ നായ എന്നൊക്കെ പറഞ്ഞാല്‍ ശരിക്കും ഭീകരന്‍ തന്നെയാണു്‌ കേട്ടോ. ഒരു ഒന്നൊന്നര സാധനം.

ആ നായയുടെ ഉടമസ്ഥയാണ്‌ അതിനോട്‌ സ്റ്റോപ്പ് എന്നു പറയുന്നതു്‌.

നായ ഓടിപ്പിച്ചാല്‍ ഓടരുതു്‌ എന്നാണല്ലോ പ്രമാണം... ഞാന്‍ ഓടിയില്ല... എന്തു ചെയ്യണം എന്നു ആലോചിക്കാന്‍ തുടങ്ങുന്നതിനേക്കാള്‍ മുമ്പു്‌ തന്നെ അവനിങ്ങെത്തിക്കഴിഞ്ഞു.

ഞാന്‍ നായക്കു നേരെ തിരിഞ്ഞു. "പോടാ പട്ടീ" എന്നു പറഞ്ഞു.. വളരേ ഉറക്കെ - മലയാളം മനസ്സിലാവാത്ത ജര്‍മ്മന്‍ നായ ആയതിനാല്‍ ആയിരിക്കണം... അതങ്ങനെ പോവാന്‍ കൂട്ടാക്കിയില്ല. എന്തായാലും ഞാന്‍ അതിനു നേരെ തിരിഞ്ഞതോടെ നായ ഒന്നു പതുക്കെ ആയി... എന്റെ ചുറ്റി ഓടാന്‍ തുടങ്ങി...  കുരക്കുന്നും ഉണ്ട്.

ഇതായിരുന്നൂ ആ പുസ്തകം

കല്ലെടുക്കാന്‍ കുനിഞ്ഞാല്‍ eye-contact നഷ്ടപ്പെടും ... ഞാന്‍ എന്തു ചെയ്യും?

എന്റെ കയ്യില്‍ ആകെയുള്ളതു ഒരു പുസ്തകം മാത്രം - ഊര്‍ജ്ജതന്ത്രം. (മലയാളത്തില്‍ ഫിസിക്സ് എന്നു പറയും)

മലയാളം മനസ്സിലാവാത്ത നായയോട്‌, ഞാന്‍ അതിന്റെ ഭാഷയില്‍ തന്നെ സംസാരിക്കാന്‍ തീരുമാനിച്ചു. ഞാന്‍ ശക്തമായി മുരളാനും, പുസ്തകം കൊണ്ടെറിയുന്ന പോലെ കാണിക്കാനും തുടങ്ങി.

അതിനു മനസ്സിലായിക്കാണണം ഞാന്‍ ഒരങ്കത്തിനു തയ്യാറാണെന്നു്‌. രണ്ടുമൂന്നു വട്ടം കൂടി എന്നെ ചുറ്റിയ നായ ... പിന്നെ തിരിച്ചോടിപ്പോയി.

ഇതൊക്കെ വളരേപ്പെട്ടെന്നായിരുന്നു.. ഞാന്‍ ഒന്നും സംഭവിക്കാത്ത പോലെ നടന്നു... (എന്റെ നല്ല-ജീവന്‍ പോയിരുന്നെന്നു മാത്രം)

എന്തായിരുന്നു ആ ഒരു അഡ്രിനാലിന്‍ ഒഴുക്കു്‌. Awesome!

വീണ്ടും ഞാന്‍ മനസ്സിനെക്കുറിച്ചോര്‍ത്ത് അല്‍ഭുതപ്പെട്ടു. അലക്ഷ്യമായി എവിടെയോ അലയുകയായിരുന്ന എന്റെ മനസ്സ്‌ എത്രപെട്ടെന്നാണ്‌ ആ മനസ്സാന്നിധ്യം കണ്ടെത്തിയതു്‌?

Good that it managed to. അല്ലെങ്കില്‍ ഞാനിപ്പൊ പട്ടിയുടെ കടിയും കൊണ്ട് വല്ല് ആസ്പത്രിയിലും കിടന്നേനേ!!

സമാധാനത്തിന്റെ നിറമായ വെളുപ്പായിരുന്നു നായയുടെ നിറം... എന്നെ ഒരു നായ സമാധാനപരമായി ആക്രമിച്ചു എന്നു പറയാമല്ലോ എന്നു മാത്രം ഒരാശ്വാസം!

കരിങ്കല്ല്.