Friday, April 16, 2010

ചുമ്മാ പരദൂഷണം :)

അതേയ്, എനിക്കു നല്ല ദേഷ്യം വരുന്നുണ്ട്.. അപ്പൊ അതങ്ങട് ആറിത്തണുക്കുമ്പോഴേക്കും എഴുതിത്തീർക്കാം.

മറുനാട്ടിൽ വന്നാലുള്ള ഒരു ഗുണം എന്താണെന്നു വെച്ചാൽ ആരുടെയൊക്കെ കൂടെ സമയം ചെലവഴിക്കണമെന്നതു തീരുമാനിക്കാൻ എളുപ്പമാണു്.

എന്നാൽ ബുദ്ധിമുട്ടു്, ചില മലയാളികളെ ഒഴിവാക്കാനാണു്. ഉള്ളതു പറയണമല്ലോ – അധികവും നല്ല നല്ല ആൾക്കാരാണു്ട്ടോ.. ഒന്നോ രണ്ടോ മാത്രമേ ഉള്ളൂ മനുഷ്യനെ വട്ടു പിടിപ്പിക്കുന്ന തരം. നമ്മളെ വട്ടു പിടിപ്പിക്കൽ മൌലികാവകാശമാണെന്ന തരം പെരുമാറ്റവും.

അതിലൊന്നിനെക്കുറിച്ചു പണ്ടൊരിക്കൽ എഴുതിയതാ! ഇപ്പൊ ദാ വേറൊരാൾ

അല്ല, എല്ലാർക്കും എല്ലാം അറിഞ്ഞോളണം എന്നൊന്നും ഇല്ല.. എന്നാലും അറിയാത്ത കാര്യത്തെക്കുറിച്ചു ഘോരഘോരം പ്രസംഗിക്ക്യാ എന്നൊക്കെ വന്നാൽ?

ഉമേഷിന്റെ പോസ്റ്റുകളൊക്കെ കണ്ടപ്പോൾ പ്രത്യേകം തോന്നിയതാ.. ഈ കക്ഷിയെക്കുറിച്ചെഴുതണമെന്നു്.

ചെയ്യുന്നതു് നിസ്സാര സംഭവം ഒന്നും അല്ല – ഗവേഷണം തന്നെ.. ചെറിയ കാര്യങ്ങൾ പോലും വൃത്തിയായി ചെയ്യാനറിയാത്ത, ഒന്നിനെ കുറിച്ചും ആഴത്തിൽ അറിയാൻ ആഗ്രഹം ഇല്ലാത്ത ഇത്തരം ആൾക്കാരൊക്കെ ഗവേഷണം ചെയ്തു എവിടെ എത്താനാണോ പിതാവേ!

പുസ്തകങ്ങളോ അങ്ങനെ വിവരം ഉള്ള കാര്യങ്ങളോ വായന നഹിം നഹിം. ഷോപ്പിങ്ങ് ആണു വിഷമം മാറാനായി ചെയ്യുന്ന ഹോബി.

സാമാന്യം നല്ല പോലെ അന്ധവിശ്വാസങ്ങൾ ഉണ്ട്. എന്നാലോ, തുറന്നൊട്ടു പറയില്ല.. അത് മോശമാണു്. എല്ലാത്തിനെക്കുറിച്ചും ഇത്തിരി അറിയാം, കൂടുതൽ ചോദിച്ചാൽ കള്ളി വെളിച്ചത്താവും.
എന്നാലോ എല്ലാ സംഭവങ്ങളെ കുറിച്ചും നല്ല ഗംഭിരൻ അഭിപ്രായങ്ങളും ഉണ്ട്. “അയ്യോ, അതിനെക്കുറിച്ചെനിക്കൊന്നും അറിയില്ല” – എന്നൊരു വാചകം ഒരിക്കലും കേൾക്കില്ല. അറിവില്ലായ്മ ഒരു കുറവൊന്നും അല്ല. മാർക് റ്റ്വെയിൻ പറഞ്ഞതാ ശരി – “It is better to keep your mouth shut and let others think that you are stupid, than to open it and prove it”. നല്ല ലിബർട്ടേറിയൻ ആണെന്നുള്ള ഭാവം ഉണ്ട്, എന്നാലോ, ഉള്ളിൽ പിന്തിരിപ്പൻ.

ഞാൻ ഒരിക്കൽ പറഞ്ഞു, കുറച്ചു കാലമൊക്കെ കഴിഞ്ഞു്, എനിക്കു് നാട്ടിലേക്കു് തന്നെ തിരിച്ചു പോണം എന്നു. അന്നെന്നോടു പുള്ളിക്കാരി പറഞ്ഞു - “നോ, ഐ ഡോണ്ട് തിങ്ക് ഐ ക്യാൻ ലിവ് ഇൻ ഇന്ത്യ. വൺ ഹാസ് നോ ഫ്രീഡം ദേറ്. ദേ ആർ ലിവിങ്ങ് ഇൻ സ്റ്റോൺ എയ്ജ്”.

ഞാൻ പറഞ്ഞു – ഇവിടുത്തെ പോലെ ഫ്രീഡം ഉണ്ടായിക്കൊള്ളണം എന്നില്ല. എന്നാൽ നാടിനു നാടിന്റെ ഗുണങ്ങളുണ്ട്. (അല്ല, ആ കുട്ടി പറയുന്നതിൽ കാര്യമുണ്ട്. വളരെ പ്രാക്ടിക്കൽ ഒക്കെ ആണു് ഇവിടുത്തെ ജീവിതം. എന്നു വെച്ചു നാടു് പെട്ടെന്നൊരു സുപ്രഭാതത്തിൽ ജീവിക്കാൻ കൊള്ളാത്തതായി മാറുമോ? ഇവിടെ എനിക്കും ഇഷ്ടാണു് .. എന്നാലോ കുറച്ചു പ്രായമാവുമ്പോൾ ഒരു ഇടവഴീക്കൂടെ ഒരു കള്ളിമുണ്ടും ഉടുത്തു നടക്കണമെന്നു തോന്നിയാൽ? ഒരു തട്ടുകടയിൽ പോയി രണ്ടു പൊറോട്ട കഴിക്കണമെന്നു തോന്നിയാൽ? നല്ല രണ്ടു ചെണ്ടമേളം കേൾക്കാൻ തോന്നിയാൽ? ..... അതാ പറഞ്ഞതു്... നാട്ടിൽ ആൾക്കാർ ഇത്തിരി സ്വാതന്ത്ര്യം കുറച്ചാലും അതിന്റെ ഗുണങ്ങളുണ്ട്. )

എന്നാൽ ദാ ഒരു മാസം മുമ്പ് പറയുന്നു... എനിക്കീ സ്ഥലം മടുത്തു.. ഗവേഷണം കഴിഞ്ഞാൽ നാട്ടിലേക്കു പോവാൻ പോണു് എന്നു്.

അതു കൊള്ളാം.. നാടിനെ തള്ളിപ്പറഞ്ഞിട്ടിപ്പൊ?

അല്ല, ഇവിടം ശരിയല്ല.. ഒന്നും ശരിയാവുന്നില്ല...

അതു ശരി.. അപ്പൊ നാടു നന്നായതല്ല.. ഇവിടം ചീത്തയായതാണു്.

“ചക്കരേ.. ആദ്യം സ്വന്തം ആറ്റിറ്റ്യൂഡ് നേരെയാക്കു് .. എന്നാൽ പിന്നെ മരുഭൂമിയിൽ കൊണ്ടിട്ടാലും നീ പച്ച പിടിക്കും” - എന്നു പറയാൻ തോന്നിയേ ഉള്ളൂ.. എന്തിനാ വെറുതെ പറഞ്ഞു സമയം കളയുന്നതു്.

നല്ല പുറം മോടി ആണു്, അവനവനു തന്നെ അവനവനെ അറിയില്ലെങ്കിൽ എന്തു ചെയ്യും!

~~~~~

അതു പറഞ്ഞപ്പോഴാ മറ്റൊരു കാര്യം ഓർത്തതു്.

രണ്ടു ദിവസം മുമ്പ് തീവണ്ടിയിൽ ഞാൻ ഒരു മലയാളി സഹോദരിയെ കണ്ടു.. കണ്ട ഉടനെ, വർത്തമാനവും തുടങ്ങി ഞങ്ങൾ.

എന്നെ പുള്ളിക്കാരിക്കു നന്നായി അറിയാം (പേരും ഊരും ഡീറ്റെയിത്സും ഒക്കെ)... എനിക്കു പുള്ളിക്കാരിയുടെ പേരു പോലും ഓർമ്മയില്ല.

സമാജം പരിപാടികളിൽ കണ്ടു സംസാരിക്കാറുണ്ട്, ഓർക്കുട്ടിൽ സൌഹൃദം ഉണ്ട്.. ആളെ ഒട്ടറിയുകയും ഇല്ല.. ഒരു 30 മിനുട്ട് സംസാരിച്ചു... എല്ലാമെല്ലാം പറഞ്ഞു.. പുള്ളിക്കാരിയുടെ നാണം കുണുങ്ങി മകളോടും സംസാരിച്ചു.. റ്റാറ്റ പറഞ്ഞു പിരിഞ്ഞു..

സമാജത്തിന്റെ വിഷുപ്പരിപാടിക്കു വരണം എന്നു പ്രത്യേകം ക്ഷണിക്ക്യേം ചെയ്തു ഞാൻ. ആരാ എന്നു ചോദിച്ചാൽ അറിയില്ലാന്നു മാത്രം.

മറ്റന്നാളാ പരിപാറ്റി... അമ്മ്വോപ്പോളോടു ചോദിക്കണം ഇതാരാ കക്ഷി എന്നു. :)

ഇവിടെ ചില മലയാളി സഹോദരികൾ ഉണ്ട്.. പ്രായം എന്റെ അത്രയേ വരൂ... എന്നെക്കാളും ഇളയവരും കാണുമായിരിക്കും.. (ചിലരൊക്കെ സുന്ദരികളാണെന്നു പറയണ്ടല്ലോ.. അല്ലേ?) ;)

അവർക്കൊക്കെ ഉണ്ട് 2-3-4 വയസ്സായ കുട്ടികൾ..

നല്ലകാലത്തു അവരെയെങ്ങാനും (നാട്ടിൽ വെച്ചു) പ്രേമിച്ചാൽ മതിയായിരുന്നു. ഈ കൊച്ചുങ്ങളുടെ അച്ചനാവാമായിരുന്നു.. ഇതിപ്പൊ “സന്ദീപ്മാമൻ” അല്ലേ?

എന്റെ ബ്ലോഗ് വായിക്കുന്ന മ്യൂണിക് നിവാസികൾ ഉണ്ടെങ്കിൽ, ആരും തന്നെ (with one or two exceptions) ഒന്നും ചോദിക്കണ്ട. എന്നെ തല്ലാനും വരണ്ട..

അപ്പൊ ഈയാഴ്ചത്തെ പരദൂഷണം കഴിഞ്ഞു. നല്ല സുന്ദരി മലയാളി അവിവാഹിത മങ്കകൾ മറ്റന്നാളത്തെ വിഷു ആഘോഷത്തിനു വരാനും, എന്നിൽ അനുരക്തരായി മാറാനും വേണ്ടി എല്ലാരും ഒന്നു ആഞ്ഞു പ്രാർത്ഥിക്കണേ.

സ്നേഹാദരങ്ങളോടെ, നിങ്ങളുടെ സ്വന്തം ഞാൻ.

വാൽ: മുകളിൽ പറഞ്ഞ ദേഷ്യം ഒക്കെ പോയി... ഇനി മറ്റന്നാളത്തെ പരിപാടിയെക്കുറിച്ചു ചിന്തിക്കട്ടെ. എന്നോടു പാട്ടു പാടണം എന്നൊക്കെ പറഞ്ഞിട്ടുണ്ട്. അതു ചിന്തിക്കണം. പിന്നെ എന്റെ 3-4 സുഹൃത്തുക്കളെ ക്ഷണിച്ചിട്ടുണ്ട്... ഒരു തമിഴത്തിക്കുട്ടി, 3 ജർമ്മൻ‌കാർ. അവരെ അറിയിക്കണം ഡീറ്റെയിത്സ്.

5 comments:

Sands | കരിങ്കല്ല് said...

അപ്പൊ ഈയാഴ്ചത്തെ പരദൂഷണം കഴിഞ്ഞു. നല്ല സുന്ദരി മലയാളി അവിവാഹിത മങ്കകൾ മറ്റന്നാളത്തെ വിഷു ആഘോഷത്തിനു വരാനും, എന്നിൽ അനുരക്തരായി മാറാനും വേണ്ടി എല്ലാരും ഒന്നു ആഞ്ഞു പ്രാർത്ഥിക്കണേ.

Rare Rose said...

അപ്പോള്‍ അവിടെയൊക്കെ വിഷു കഴിഞ്ഞിട്ടാണോ വിഷുദിനാഘോഷം.:O
ആഗ്രഹം പോലെ സുന്ദരിപ്പെണ്‍കൊടിമാരാല്‍ വര്‍ണ്ണശബളമായൊരു ദിവസം തന്നെയാശംസിക്കുന്നു.:)

Anil cheleri kumaran said...

ആമേന്‍..!

ശ്രീ said...

അല്ല, എന്നിട്ട് വല്ലതും നടന്നോ?

വൈകിയാണെങ്കിലും വിഷു ആശംസകള്‍!

raadha said...

ഇതൊക്കെ പറഞ്ഞിട്ട് തിരക്ക് പിടിച്ചു എവിടേക്ക ഈ ഓടുന്നത് ?