Wednesday, December 16, 2009

മ്യൂണിക് ബ്ലോഗ് സംഗമം

 

വെറുതെയിരിക്കുന്ന നായർക്കൊരു വിളി തോന്നി എന്നു പറയില്ലേ? അങ്ങനെയാണു.. വെറുതേയിരുന്ന എനിക്കൊരു പാക്കറ്റ് സ്വിസ്സ് ചോക്കലേറ്റ് കിട്ടിയതു്.

chocolates deepu 2009-12-06 003

ഗൾഫ് മലയാളി ബ്ലോഗ്ഗർമാർക്കും, കേരളത്തിലെ ബ്ലോഗ്ഗർമാർക്കും… എന്തിനു അമേരിക്കയിലെ മലയാളി ബ്ലോഗ്ഗർമാർക്കും വരെ മീറ്റും മീറ്റിങ്ങും ഉണ്ട്. ഞങ്ങൾ പാവങ്ങൾ യൂറോപ്യൻ മലയാളികൾക്കു അങ്ങോട്ടും ഇങ്ങോട്ടും അറിയുക പോലുമില്ല.

അങ്ങനെയിരിക്കുന്ന കാലഘട്ടത്തിലാണു്, സ്വിറ്റ്സർലാൻഡിലുള്ള ഒരു സഹബ്ലോഗ്ഗർ എന്നെ കോണ്ടാക്റ്റിയതു്. കുറേ കാലം ഞങ്ങൾ വല്ലപ്പോഴുമൊക്കെ “സിഗററ്റുണ്ടോ സഖാവേ ഒരു ലൈറ്റർ എടുക്കാൻ?” എന്നു ഓൺലൈനിൽ/ജി-ടോക്കിൽ ചോദിച്ചു ചോദിച്ചു ഞങ്ങൾക്കു് തന്നെ മടുത്തു.

ഒരിക്കൽ കുഞ്ഞൻസ് പറഞ്ഞു - മ്യൂണിക് വരെ ഒന്നു വരാനാലോചിക്കുന്നു എന്നു. അതു കേട്ട പാതി കേൾക്കാത്ത പാതി, ഞാൻ കുറ്റിയും പറിച്ച് നാട്ടിലേക്കു പറന്നു.. ഓൺലൈനിൽ ഉപദ്രവിച്ചതു പോരേ സഹോദരാ എന്നു ചോദിക്കുന്നതിലും നല്ലതാണല്ലോ.. നാടേ വിട്ടു ഓടിപ്പോയി സൂചന കൊടുക്കുന്നതു്.

എന്താ കാര്യം? കുമാരേട്ടൻ പറയുന്ന പോലെ ഉറക്കഗുളിക കഴിച്ചെന്നഭിനയിക്കുന്നവരെ ഉണർത്താൻ പറ്റില്ലല്ലോ. എന്റെ സൂചനയൊന്നും മനസ്സിലാവാത്ത പോലെ, പുള്ളി മ്യൂണിക്കിലോട്ടു പോന്നു.

പരദൂഷണം പറയാണെന്നു വിചാരിക്കരുതു്… നല്ലൊരു മനുഷ്യൻ – തങ്കമാന മനിതൻ.. മലയാളിയാണെന്നു മുഖത്തെഴുതിയൊട്ടിച്ചാൽ പോലും കിട്ടാത്തത്ര നല്ല മലയാളി ലുക്ക്. :)

ഒരു ശനിയാഴ്ച വന്നു, ഞായറാഴ്ച പോയി… ഇത്തിരി നേരമേ ഒരുമിച്ചുണ്ടായുള്ളൂ എങ്കിലും നല്ല അടിപൊളി സമയം ആയിരുന്നു.

chocolates deepu 2009-12-06 002

പോകുന്നതിനു മുമ്പ് എനിക്കു് ചോക്കലേറ്റും, ഒരു പുസ്തകവും തന്നു – വി എം ദേവദാസിന്റെ ഡിൽഡോ. അതിനെക്കുറിച്ചുള്ള കുറിപ്പുകൾ ബൂലോകമാകെ ചിതറിക്കിടക്കുകയല്ലേ.. അതുകൊണ്ടിനി ഞാനായി അധികം എഴുതുന്നില്ല.. വളരെ നല്ലൊരാഖ്യാനശൈലി എന്നെനിക്കു തോന്നി. “ടു ദ പോയിന്റ്” തരത്തിലുള്ള എഴുത്ത്.

കഴിയുമെങ്കിൽ ഒന്നു വാങ്ങി വായിച്ചുനോക്കൂ…

അതേയ്, ഇത്തിരി തിരക്കിലാട്ടോ… അല്ലെങ്കിൽ കുറേക്കൂടി വധിക്കാമായിരുന്നു നിങ്ങളെയൊക്കെ…

എല്ലാരും ക്രിസ്തുമസ്സൊക്കെ നന്നായി ആഘോഷിക്കൂ.. താഴത്തെ പായ്ക്കറ്റിൽ നിന്നു ഓരോ ചോക്ക്ലേറ്റും എടുത്തോളൂ… :)

chocolates deepu 2009-12-06 004

സ്നേഹാദരങ്ങളോടെ,
ഞാൻ.

12 comments:

Sands | കരിങ്കല്ല് said...

അതേയ്, ഇത്തിരി തിരക്കിലാട്ടോ… അല്ലെങ്കിൽ കുറേക്കൂടി വധിക്കാമായിരുന്നു നിങ്ങളെയൊക്കെ…

എല്ലാരും ക്രിസ്തുമസ്സൊക്കെ നന്നായി ആഘോഷിക്കൂ.. താഴത്തെ പായ്ക്കറ്റിൽ നിന്നു ഓരോ ചോക്ക്ലേറ്റും എടുത്തോളൂ… :)

അനില്‍@ബ്ലോഗ് // anil said...

കൃസ്തുമസ്സ് ആശംസകള്‍.

Rare Rose said...

രണ്ടാളെങ്കില്‍ രണ്ടാള്‍.എന്നിട്ടു പോലും ഒരു ചിന്ന മീറ്റ് അവിടെയും സംഘടിപ്പിച്ചില്ലേ.കൊള്ളാം.:)
ആ സ്വിസ്സ് ചോക്കലേറ്റ് കണ്ടിട്ട് ഒരെണ്ണം മാത്രമായിയെടുക്കാന്‍ തോന്നുന്നില്ലെന്ന വിഷമം ഉള്ളിലൊതുക്കി എന്റെ വകേം ക്രിസ്തുമസ് പുതുവത്സരാശംസകള്‍.:)

ശ്രീ said...

ഒരു കുഞ്ഞ് സംഗമം ല്ലേ?


പാവം റോസ്... ഒരെണ്ണം മാത്രമേ എടുക്കാന്‍ പാടുള്ളൂ എന്ന വിഷമം ഉള്ളിലൊതുക്കി അതും വിശ്വസിച്ച് ഒന്ന് മാത്രമെടുത്തോണ്ട് പോയി.

ഞാനൊരു അഞ്ചാറെണ്ണം എടുത്തു... ഒരെണ്ണമെന്നൊക്കെ സന്ദീപ് ചുമ്മാ പറഞ്ഞതല്ലേന്നേയ്... ഹല്ലേ സന്ദീപേ (അല്ലെങ്കിലും ഇനി പറഞ്ഞിട്ട് കാര്യമില്ല)

ക്രിസ്തുമസ്സ് ആശംസകള്‍, സന്ദീപ്...

Anil cheleri kumaran said...

ചോക്കലേറ്റ് മൊത്തം എടുക്കാനാ തോന്നുന്നെ..

വീകെ said...

കൃസ്തുമസ് & പുതുവത്സരാശംസകൾ..

ശ്രീവല്ലഭന്‍. said...

അതാരാണ് മറ്റൊരു സ്വിസ് ബ്ലോഗര്‍?
:-)

കാട്ടറബി said...

ഇവിടൊന്നും കിട്ടീല...
ഞാൻ പുതിയ ആളായതു കൊണ്ടാവാം,പഴയ ആൾക്കാരൊക്കെ ചോക്ലേറ്റ് മുഴുവൻ തിന്നു തീർത്തു..ഒന്നേ കിട്ടിയുള്ളൂ...ഇനി കേക്ക് മതി....
കല്ലില്ലാത്ത കേക്ക് നീ കരുതി വച്ചാൽ
കട്ടായം,കഴിക്കാൻ ഞാൻ കാത്തിരിക്കാം

I'm Golfi, DinGolfi said...

ചുളുവിനു കൊറേ മുട്ടായീം ഒരു പുസ്തകോം ഒക്കെ കിട്ടുമ്പോ പിന്നെ സമയം അടിപൊളി ആയല്ലേ പറ്റൂ

raadha said...

പണ്ടേ ചോക്ലേറ്റ് എന്റെ വീക്നെസ് ആണ്. അത് കൊണ്ട് തന്നെ ഏത് എടുക്കണം. ആലോചിച്ചിട്ട് ഒരു പിടി കിട്ടുന്നില്ല. ഈ ഒരു പെട്ടി ഒട്ടും തികയത്തില്ല. വേറെ ഒരു പെട്ടി കൂടി ഇവിടെ വെച്ചോളൂ ട്ടോ. ഇതിപ്പോ തീരും.. ക്രിസ്മസ് ആശംസകള്‍..!

ശ്രീ said...

പുതുവത്സരാശംസകള്‍, സന്ദീപ്
:)

Sands | കരിങ്കല്ല് said...

എല്ലാര്‍ക്കും നന്ദി.. :)