Friday, August 31, 2007

അഡിഡാസിന്‌ ഒരാഡ്... "ad(vertisement)"

ഇന്ന്‌ വൈകുന്നേരം ഞാന്‍ നഗരമദ്ധ്യത്തില്‍ നടക്കാന്‍‌ പോയി. അവിടെ പാര്‍ക്കില്‍ കുറച്ചുനേരം പച്ചപ്പരവരതാനിയില്‍‌ കിടന്നു.

അപ്പോഴല്ലേ തോന്നിയത്‌ എന്റെ കാലിന്റെ തന്നെ ഒരു പടമെടുത്തുകളയാം എന്ന്‌... മൊബൈലില്‍ രണ്ടെണ്ണം പിടിപ്പിച്ചു. വീട്ടില്‍ വന്നു്‌ അതു കമ്പ്യൂട്ടറിലേക്കു്‌ മാറ്റിയപ്പോഴല്ലേ അതു്‌ അഡിഡാസിന്‌ പറ്റിയ ഒരു ആഡാണു (ad) എന്ന് തോന്നിയതു്‌.ഇതു്‌ കണ്ട് കമ്പനിക്കാര്‌ വല്ല കാശും തന്നാലോ? :) [എല്ലാര്‍ക്കും ചെലവു്‌ തരാം :) ]കരിങ്കല്ല്‌.

Wednesday, August 29, 2007

എന്റെ വിമാനയാത്രാ പരീക്ഷണങ്ങള്‍!

അങ്ങനെ ഞാനും വിമാനത്തില്‍ കയറാന്‍ തീരുമാനിച്ചു. ഓണമല്ലേ വരുന്നത്, ഇതിലും നല്ല ഒരു സമയം ഉണ്ടോ എന്തെങ്കിലൂം തുടങ്ങാന്‍? എന്നായിരുന്നു എന്റെ ചിന്ത. അല്ലെങ്കിലും "കല്ലട" / കല്ല്‌ അല്ലാത്ത അട എന്നിവയിലുള്ള യാത്ര എനിക്ക്‌ മടുത്ത് തുടങ്ങിയിരുന്നു.

വിമാനത്തിലാണെങ്കില്‍ മൂന്നു-നാലു്‌ ചരക്ക്‌ ചേച്ചിമാരെയും കാണാല്ലോ!(hostess ചേച്ചിമാര്‍)

പാവപ്പെട്ടവരുടെ സ്വന്തം വിമാനക്കമ്പനി എന്നു വിളിക്കാവുന്ന `എയര്‍ ഡെക്കാന്‍'-ല്‍ ടിക്കറ്റും ബുക്കിക്കഴിഞ്ഞു.

അഞ്ചര മണിക്കാണു്‌ ടേക്ക് ഓഫ്. മൂന്ന് മണിക്കെങ്കിലും ബ്രൗസിങ്ങ്/പണി നിര്‍ത്തി ഇറങ്ങണം.. എന്നാലേ ബാംഗ്ലൂരിലെ തിരക്കില്‍ സമയത്തിനു്‌ അവിടെ എത്താന്‍ പറ്റുള്ളൂ.

ഞാന്‍ 2-3 ദിവസം മുമ്പേ തന്നെ ഒരുക്കങ്ങള്‍ തുടങ്ങി. സംഗതി നമ്മടെ തൃശൂര്‍ക്കാണെങ്കിലും പരിഭ്രമം ഒട്ടും കുറക്കണ്ടാ എന്നു വെച്ചു.

അങ്ങനെ നമ്മടെ ദിവസം വന്നു. സഹമുറിയന്‍ ജോജോ ചോദിച്ചു - "ഡാ.. നിന്നെ അങ്ങ്ട് കൊണ്ടാക്കണാ?"

പിന്നേ... അവന്റെ ചളുക്ക് ബൈക്കില്‍ എന്റെ പട്ടി പോവും... (അതും അവന്റെ ബൈക്ക്‌ പോലുമല്ല.... വല്ലവന്റെയും കടം വാങ്ങിയ വണ്ടി) അതും ആദ്യമായി വിമാനയാത്രക്കു പോവുമ്പോള്‍!

ഞാന്‍ വിനയത്തോടെ പറഞ്ഞു - "അതൊന്നും വേണ്ട്രാ.. ഞാന്‍ വല്ല ടാക്സിയിലും പോക്കോളാം".

ഉച്ചക്കു ഓഫീസില്‍ എല്ലാരോടും ഓണാശംസകളൊക്കെ പറഞ്ഞ് ഞാന്‍ പുറപ്പെട്ടു. വിമാനത്താവളത്തിലെത്തി. അവിടത്തെ ഡെക്കാന്‍ കൗണ്ടറിലെ ചേച്ചിയുടെ കയ്യില്‍ ടിക്കറ്റ് കൊടുത്തു.

ടിക്കറ്റ്‌ നോക്കിയിട്ട് ചേച്ചി എന്നെയൊരു നോട്ടം...

എന്റെ അനുഭവങ്ങള്‍ പാച്ചാളികള്‍ പഠിപ്പിച്ച പാഠത്തില്‍ നിന്നെനിക്ക്‌ മനസ്സിലായി... സ്ഥിരമായി സംഭവിക്കാറുള്ളത്‌ സംഭവിച്ചിരിക്കുന്നു -യേതു്‌... അബദ്ധം!

എന്നാലും... ഇന്നു്‌ ഞാന്‍ perfect ആണല്ലോ.. cooling glass പോലും മറന്നിട്ടില്ല.

"Sorry sir, you flight was scheduled for five thirty morning. You are 12 hours late."

അതേ .. അതു തന്നെ.. നല്ല മുട്ടന്‍ മണ്ടത്തരം. പത്തിരുപത്തഞ്ചു്‌ വയസ്സായ ആണൊരുത്തനല്ലേ... കരയാന്‍ പറ്റ്വോ? എന്നെത്തന്നെ ഞാന്‍ കുറേ തെറി വിളിച്ചു.

24-മണിക്കൂര്‍ clock-നെ കണ്ടമാനം തെറി വിളിച്ചു.

കഴിഞ്ഞതൊക്കെ കഴിഞ്ഞു. തിരിച്ചു പോണ്ടേ... എന്നാപ്പിന്നെ ഇനി ജോജോ-യെത്തന്നെ വിളിക്കാം.. എന്നു വെച്ചു അവനെ വിളിച്ച് പറഞ്ഞു -- "ഡാ ഇനിക്കു്‌ ഇപ്പൊ നമ്മടോടക്കു പോരണം... നീയാ വണ്ടീം കൊണ്ട് വാ"

അവന്‍ സ്നേഹത്തോടെ മൊഴിഞ്ഞു - "അതൊന്നും വേണ്ട്രാ.. നീ വല്ല ടാക്സീം പിടിച്ച്‌ പോരേ".

ദേഷ്യത്തില്‍ ഞാന്‍ പറഞ്ഞ തെറിയൊക്കെ അവന്റെ ചിരിയില്‍‌ മുങ്ങിപ്പോയി!

വഴിയില്‍ കാണുന്നവരോടൊക്കെ യാതൊരു ആവശ്യവുമില്ലാതെ - നാട്ടിലേക്കു "വിമാനത്തില്‍" പോകുന്ന കാര്യം നല്ല ശബ്ദത്തില്‍ പറഞ്ഞതൊക്കെ വെറുതേയും ആയി.

നാലു്‌ ദിവസത്തേക്കു്‌ പുറത്തോട്ടെങ്ങും ഇറങ്ങിയുമില്ല! :(

[എന്റെ പ്രിയ സുഹൃത്തിനു വേണ്ടി എഴുതിയത്‌ - സംഭവം ഇതൊക്കെയാണെങ്കിലും അവന്‍ ആളൊരു പുലിയും, ഭയങ്കര ബുദ്ധിമാനും ആണു്‌ --- ഒരു ചെറിയ പ്രസ്ഥാനം എന്നൊക്കെ വേണമെങ്കില്‍ പറയാം.]

കരിങ്കല്ല്‌.